🇸🇦സൗദി അറേബ്യയിൽ പുതിയ കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തിൽ താഴെയായി.
🇦🇪യുഎഇയില്‍ 1508 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് രണ്ട് മരണം.
🇴🇲ഒമാനിൽ 1036 പേർ കൂടി കൊവിഡ് മുക്തരായി; ഇന്ന് പുതിയ രോഗികള്‍ 296 പേര്‍ മാത്രം.
🇦🇪യുഎഇയിലേക്ക് മടങ്ങുന്ന യാത്രക്കാര്‍ക്ക് പ്രത്യേക അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്.
🇰🇼കുവൈറ്റ്: യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് നിലവിൽ പ്രവേശനാനുമതി നൽകിയിട്ടില്ലെന്ന് അധികൃതർ.
🇸🇦സൗദി: മാളുകളിലെ ഏതാനം വിഭാഗങ്ങളൊഴികെയുള്ള തൊഴിലുകളിൽ 100 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കി.
🇶🇦ഖത്തർ: COVID-19 നിയന്ത്രണങ്ങളുടെ മൂന്നാം ഘട്ടത്തിൽ ഓഗസ്റ്റ് 6 മുതൽ ഏതാനം ഇളവുകൾ അനുവദിക്കാൻ തീരുമാനം.
🇶🇦ഖത്തറില്‍ കോവിഡ് ആക്ടീവ് കേസുകള്‍ 2000ന് മുകളിലെത്തി; സമ്പര്‍ക്ക കേസുകള്‍ വര്‍ധിക്കുന്നു.
🇸🇦സൗദി: വാക്സിനെടുക്കുന്നതിൽ ഇളവുകളുള്ളവരുടെ സ്റ്റാറ്റസ് സംബന്ധിച്ച് തവക്കൽന അറിയിപ്പ് പുറത്തിറക്കി.
വാർത്തകൾ വിശദമായി
🇸🇦സൗദി അറേബ്യയിൽ പുതിയ കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തിൽ താഴെയായി.
✒️സൗദി അറേബ്യയിൽ കൊവിഡ് വ്യാപനം ആശ്വാസ്യമായ രീതിയിൽ കുറയുന്നു. പുതിയ രോഗികളുടെ പ്രതിദിന എണ്ണം ആയിരത്തിൽ താഴെയായി. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ വാർത്താക്കുറിപ്പ് പ്രകാരം ഇന്ന് 986 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. എന്നാൽ നിലവിലെ രോഗികളിൽ 1,055 പേർ സുഖം പ്രാപിച്ചു. രാജ്യവ്യാപകമായി 13 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
രാജ്യമാകെ ഇന്ന് 1,05,537 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,30,981 ആയി. ഇതിൽ 5,12,373 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,297 ആണ്. ചികിത്സയിലുള്ളവരുടെ എണ്ണം 10,311 ആയി കുറഞ്ഞു. ഇതിൽ 1,424 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.4 ശതമാനമായും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.
വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 189, റിയാദ് 177, കിഴക്കൻ പ്രവിശ്യ 162, ജീസാൻ 101, അസീർ 98, മദീന 55, അൽഖസീം 48, ഹായിൽ 41, തബൂക്ക് 35, നജ്റാൻ 29, വടക്കൻ അതിർത്തി മേഖല 24, അൽബാഹ 17, അൽജൗഫ് 10. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് 28,708,405 ഡോസായി.
🇦🇪യുഎഇയില്‍ 1508 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് രണ്ട് മരണം.
✒️യുഎഇയില്‍ 1,508 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,463 പേര്‍ സുഖം പ്രാപിക്കുകയും രണ്ട് പേര്‍ മരണപ്പെടുകയും ചെയ്തു.
പുതിയതായി നടത്തിയ 1,67,804 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,88,489 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,65,593 പേര്‍ രോഗമുക്തരാവുകയും 1,967 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 20,929 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
🇴🇲ഒമാനിൽ 1036 പേർ കൂടി കൊവിഡ് മുക്തരായി; ഇന്ന് പുതിയ രോഗികള്‍ 296 പേര്‍ മാത്രം.
✒️ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1036 പേർക്കുകൂടി കൊവിഡ് രോഗം ഭേദമായെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിനോടകം രാജ്യത്ത് 2,82,763 പേർക്ക് രോഗം ഭേദമായിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 94.9 ശതമാനമായി ഉയര്‍ന്നു.
296 പേർക്കാണ് പുതിയതായി രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,98,020 ആയി. നിലവിൽ 401 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇവരില്‍ 189 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 17 കൊവിഡ് മരണങ്ങള്‍ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു. 3906 പേരാണ് കൊവിഡ് മൂലം ഒമാനിൽ മരണപ്പെട്ടിട്ടുള്ളത്.
🇦🇪യുഎഇയിലേക്ക് മടങ്ങുന്ന യാത്രക്കാര്‍ക്ക് പ്രത്യേക അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്.
✒️യുഎഇയില്‍ നിന്ന് കൊവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ച യാത്രക്കാര്‍ക്ക് മടങ്ങിവരാന്‍ അനുമതി നല്‍കിയ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ക്കുള്ള അറിയിപ്പുകള്‍ പുറത്തിറക്കി എയര്‍ഇന്ത്യ. യുഎഇയില്‍ നിന്നു തന്നെ കൊവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയാക്കിയര്‍ക്ക് മാത്രമാണ് അനുമതിയെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു. യുഎഇ അധികൃതര്‍ അംഗീകരിച്ച വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ടായിരിക്കണം.
ദുബൈ വിസയുള്ളവര്‍ https://smart.gdrfad.gov.ae/Smart_OTCServicesPortal/ReturnPermitService.aspx എന്ന വെബ്‍സൈറ്റ് വഴിയും മറ്റ് എമിറേറ്റുകളിലെ വിസയുള്ളവര്‍ https://smartservices.ica.gov.ae/echannels/web/client/guest/index.html#/registerArrivals എന്ന വെബ്‍സൈറ്റ് വഴിയും വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് യാത്രയ്‍ക്ക് അനുമതി വാങ്ങണം.
*വാക്സിനെടുക്കാതെ യാത്രാ അനുമതിയുള്ളവര്‍*
യുഎഇ സ്വദേശികളും അവരുടെ അടുത്ത ബന്ധുക്കളും
ഗോള്‍ഡന്‍, സില്‍വര്‍ വിസയുള്ളവര്‍
ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരും യുഎഇയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളിലെ അഡ്‍മിനിസ്‍ട്രേറ്റീവ് ജീവനക്കാരും
ആരോഗ്യപ്രവര്‍ത്തകര്‍ - ഡോക്ടര്‍മാര്‍, നഴ്‍സുമാര്‍, മെഡിക്കല്‍ ടെക്നീഷ്യന്മാര്‍
വിദ്യാഭ്യാസ രംഗത്ത് ജോലി ചെയ്യുന്നര്‍ - പ്രൊഫസര്‍മാര്‍, അധ്യാപകര്‍, യുഎഇയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍
യുഎഇിലെ സര്‍ക്കാര്‍ ജീവനക്കാര്‍
കുടുംബാംഗങ്ങളുടെ അടുത്തെത്തുന്നതിന് മാനുഷിക പരിഗണനയുടെ പേരില്‍ അനുമതി ലഭിക്കുന്ന താമസ വിസയുള്ളവര്‍
യുഎഇയില്‍ ചികിത്സക്കായി പോകുന്ന രോഗികള്‍
എക്സ്പോ 2020 എക്സിബിറ്റര്‍മാര്‍, മറ്റ് പങ്കാളികള്‍
*യാത്രയ്‍ക്ക് മുമ്പ്*
ദുബൈ വിസയുള്ളവര്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‍സ് അഫയേഴ്‍സിന്റെ അനുമതിക്കായി https://smart.gdrfad.gov.ae/Smart_OTCServicesPortal/ReturnPermitService.aspx എന്ന വെബ്‍സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യണം. ഓഗസ്റ്റ് അഞ്ചിന് മുമ്പ് ലഭിച്ച യാത്രാ അനുമതികള്‍ അംഗീകരിക്കില്ല. ഓഗസ്റ്റ് അഞ്ചിനോ അതിന് ശേഷമോ ഉള്ളത് അനുമതിയാണ് ആവശ്യം.
മറ്റ് എമിറേറ്റുകളിലെ വിസയുള്ളവര്‍ ഐ.സി.എ അനുമതിക്കായി smartservices.ica.gov.ae/echannels/web/client/guest/index.html#/registerArrivals എന്ന വെബ്‍സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യണം.
*യാത്രാ നിബന്ധനകള്‍*
ക്യൂ.ആര്‍ കോഡ് ഉള്ള കൊവിഡ് ആര്‍.ടി പി.സി.ആര്‍ പരിശോധനാ ഫലം - അംഗീകൃത ലാബുകളില്‍ നിന്ന് യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനിടെ സാമ്പിള്‍ കൊടുത്ത് പരിശോധിച്ചതായിരിക്കണം.
വിമാനത്താവളത്തില്‍ വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂറിനിടെ നടത്തിയ റാപ്പിഡ് പി.സി.ആര്‍ പരിശോധനാ ഫലം
യുഎഇയിലെത്തിയ ശേഷം ആര്‍.ടി. പി.സി.ആര്‍ പരിശോധന നടത്തണം
യുഎഇ സ്വദേശികള്‍ക്ക് ഈ നിബന്ധനകളില്‍ ഇളവ് ലഭിക്കും
യാത്ര പുറപ്പെടുന്നതിന് ആറ് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തിച്ചേരണം
*അബുദാബി, റാസല്‍ഖൈമ വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കുള്ള നിര്‍ദേശങ്ങള്‍*
10 ദിവസത്തെ ഹോം ക്വാറന്റീന്‍ പൂര്‍ത്തീകരിക്കണം
യുഎഇയില്‍ പ്രവേശിച്ചതിന്റെ നാലാം ദിവസും എട്ടാം ദിവസും പി.സി.ആര്‍ പരിശോധന നടത്തണം
പ്രത്യേക ട്രാക്കിങ് ഉപകരണം ധരിക്കണം.
🇰🇼കുവൈറ്റ്: യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് നിലവിൽ പ്രവേശനാനുമതി നൽകിയിട്ടില്ലെന്ന് അധികൃതർ.
✒️COVID-19 വ്യാപനം രൂക്ഷമായി തുടരുന്ന രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് കുവൈറ്റിലേക്ക് നിലവിൽ നേരിട്ടുള്ള പ്രവേശനം അനുവദിച്ചിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ വിദേശികൾക്ക് 2021 ഓഗസ്റ്റ് 1 മുതൽ കുവൈറ്റിലേക്ക് പ്രവേശനം അനുവദിച്ച ക്യാബിനറ്റ് തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ്, യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് നിലവിൽ നേരിട്ട് പ്രവേശനാനുമതിയില്ലെന്നുള്ള ഈ സ്ഥിരീകരണം.
കുവൈറ്റ് അധികൃതരിൽ നിന്ന് പ്രത്യേക എൻട്രി പെർമിറ്റുകൾ നേടിയിട്ടുള്ള ഡോക്ടർമാർ, നയതന്ത്ര ഉദ്യോഗസ്ഥർ തുടങ്ങിയ ഏതാനം വിഭാഗങ്ങൾക്ക് മാത്രമാണ് ഇത്തരം രാജ്യങ്ങളിൽ നിന്ന് പ്രത്യേക സാഹചര്യങ്ങളിൽ നേരിട്ട് പ്രവേശനം അനുവദിക്കുന്നതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യ, നേപ്പാൾ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളെയാണ് കുവൈറ്റ് നിലവിൽ COVID-19 വ്യാപനം രൂക്ഷമായി തുടരുന്ന രാജ്യങ്ങളുടെ പട്ടികയിൽപ്പെടുത്തിയിട്ടുള്ളതെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
ഈ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുടെ നേരിട്ടുള്ള പ്രവേശനം സംബന്ധിച്ച് ക്യാബിനറ്റ് പിന്നീട് അറിയിക്കുമെന്നും സ്രോതസുകൾ വ്യക്തമാക്കിയിട്ടുണ്ട്.
നിലവിൽ കുവൈറ്റിലേക്ക് നേരിട്ടുള്ള യാത്രകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിൽ നിന്നുള്ള വിമാനസർവീസുകൾ അനുവദിക്കുന്നതിന്റെ സാധ്യതകൾ പരിശോധിച്ച് വരുന്നതായി കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ഡയറക്ടർ യൗസേഫ് ഫവാസാൻ ഏതാനം ദിവസങ്ങൾക്ക് മുൻപ് അറിയിച്ചിരുന്നു. ഓഗസ്റ്റ് 1 മുതൽ യാത്രാ വിലക്കുകൾ നിലനിൽക്കുന്ന ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള വിമാനസർവീസുകൾ അനുവദിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും, ഈ രാജ്യങ്ങളിൽ നിന്നുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് കുവൈറ്റ് പഠിച്ച് വരികയാണെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി.
ഇന്ത്യയിൽ നിന്ന് മറ്റു രാജ്യങ്ങളിലൂടെ കുവൈറ്റിലേക്ക് യാത്രാ ചെയ്യാൻ ഉദ്ദേശിക്കുന്നവർ, യാത്രാ നിബന്ധനകൾ സംബന്ധിച്ച വ്യക്തത ലഭിക്കുന്നത് വരെ വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത് ഒഴിവാക്കാൻ കുവൈറ്റിലെ ഇന്ത്യൻ എംബസി നിർദ്ദേശം നൽകിയിരുന്നു.
🇸🇦സൗദി: മാളുകളിലെ ഏതാനം വിഭാഗങ്ങളൊഴികെയുള്ള തൊഴിലുകളിൽ 100 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കി.
✒️രാജ്യത്തെ ഷോപ്പിംഗ് മാളുകളിലെ ഏതാനം വിഭാഗങ്ങളൊഴികെയുള്ള തൊഴിലുകളിൽ 100 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കാനുള്ള തീരുമാനം 2021 ഓഗസ്റ്റ് 4, ബുധനാഴ്ച്ച മുതൽ രാജ്യവ്യാപകമായി പ്രാബല്യത്തിൽ വന്നതായി സൗദി അധികൃതർ അറിയിച്ചു. മാളുകളിലെ ഏതാനം തൊഴിലുകൾ ഒഴികെ, മാൾ മാനേജ്‌മന്റ് ഓഫീസുകളിലെ പദവികൾ ഉൾപ്പടെ ഭൂരിഭാഗം തൊഴിലുകളിലും സ്വദേശിവത്കരണം നടപ്പിലാക്കാനുള്ള സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റിന്റെ ഔദ്യോഗിക തീരുമാനമാണ് ഓഗസ്റ്റ് 4 മുതൽ പ്രാബല്യത്തിൽ വന്നത്.
ഇതോടെ രാജ്യത്തെ ഷോപ്പിംഗ് മാളുകളിലെ ഭൂരിഭാഗം തൊഴിലുകളും സൗദി പൗരന്മാർക്ക് മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്. മാളുകളിലെ ജീവനക്കാർക്ക് ഒരേപോലുള്ള യൂണിഫോം ഏർപ്പെടുത്തുന്നതിനും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.
മാളുകളിലെ ശുചീകരണ തൊഴിലുകൾ, സാധനങ്ങളുടെ കയറ്റിറക്ക് തൊഴിലുകൾ, വിനോദത്തിനും, ഉല്ലാസത്തിനുമുള്ള സേവനങ്ങളുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾ, ബാർബർഷോപ്പുകളിലെ തൊഴിലുകൾ എന്നിവയിൽ മാത്രമാണ് ഈ 100 ശതമാനം സ്വദേശിവത്കരണ തീരുമാനത്തിൽ ഇളവ് അനുവദിച്ചിരിക്കുന്നത്. എന്നാൽ മാളുകളിലെ ആകെ ജീവനക്കാരുടെ എണ്ണത്തിന്റെ 20 ശതമാനത്തിൽ താഴെ വിദേശി തൊഴിലാളികളെ മാത്രമാണ് ഇത്തരം ഇളവുകളുള്ള തൊഴിലുകളിൽ നിയമിക്കാൻ അനുമതി നൽകിയിരിക്കുന്നത്.
ഈ തീരുമാനങ്ങൾ സംബന്ധിച്ച വീഴ്ച്ചകൾ വരുത്തുന്ന സ്ഥാപനങ്ങൾക്ക് നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
രാജ്യത്തെ മാളുകൾ ഉൾപ്പടെയുള്ള വാണിജ്യ കേന്ദ്രങ്ങളിലെ ഭൂരിഭാഗം തൊഴിലുകളിലും സ്വദേശിവത്കരണം നടപ്പിലാക്കാനുള്ള തീരുമാനം സൗദി ഹ്യൂമൻ റിസോഴ്സസ് ആൻഡ് സോഷ്യൽ ഡെവലപ്പ്മെന്റ് വകുപ്പ് മന്ത്രി എഞ്ചിനീയർ ആഹ്മെദ് അൽ രജ്‌ഹി 2021 ഏപ്രിൽ 7-നാണ് പ്രഖ്യാപിച്ചത്. തുടർന്ന് ഈ തീരുമാനം നടപ്പിലാക്കുന്നതിന് 2021 ഓഗസ്റ്റ് 4 വരെ മന്ത്രാലയം സമയം അനുവദിക്കുകയായിരുന്നു.
സൗദി പൗരന്മാർക്ക് 51000 പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ടാണ് മന്ത്രാലയം ഈ തീരുമാനം കൈക്കൊണ്ടത്. റെസ്റ്ററന്റുകൾ, കഫേകൾ, ഹൈപ്പർമാർക്കറ്റുകൾ ഉൾപ്പടെയുള്ള പ്രധാനപ്പെട്ട മൊത്ത വിതരണ മാർക്കറ്റുകളിലെ വില്പനകേന്ദ്രങ്ങൾ എന്നിവയിലെ സ്വദേശിവത്കരണത്തിന്റെ തോത് ഉയർത്താനും ഇതോടൊപ്പം മന്ത്രാലയം തീരുമാനിച്ചിരുന്നു.
🇶🇦ഖത്തർ: COVID-19 നിയന്ത്രണങ്ങളുടെ മൂന്നാം ഘട്ടത്തിൽ ഓഗസ്റ്റ് 6 മുതൽ ഏതാനം ഇളവുകൾ അനുവദിക്കാൻ തീരുമാനം.
✒️രാജ്യത്ത് നിലവിൽ തുടർന്ന് വരുന്ന COVID-19 നിയന്ത്രണങ്ങളുടെ മൂന്നാം ഘട്ടത്തിൽ, 2021 ഓഗസ്റ്റ് 6, വെള്ളിയാഴ്ച്ച മുതൽ ഏതാനം ഇളവുകൾ അനുവദിക്കാൻ ഖത്തർ ക്യാബിനറ്റ് തീരുമാനിച്ചു. ഈ തീരുമാനത്തിന്റെ ഭാഗമായി രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ ഓഗസ്റ്റ് 6 മുതൽ ഏതാനം ഇളവുകൾ അനുവദിക്കുമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 4-ന് രാത്രിയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഈ ഇളവുകൾ ബാധകമായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി 2021 ഓഗസ്റ്റ് 6 മുതൽ ഖത്തറിൽ താഴെ പറയുന്ന ഇളവുകൾ അനുവദിച്ചിട്ടുണ്ട്:
രാജ്യത്തെ പള്ളികളിൽ എല്ലാ പ്രായവിഭാഗക്കാർക്കും പ്രവേശനം അനുവദിക്കും. നേരത്തെ 7 വയസിന് താഴെയുളള കുട്ടികളെ പള്ളികളിൽ പ്രവേശിപ്പിച്ചിരുന്നില്ല.
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ള പരമാവധി 35 പേർക്ക് ഔട്ട്ഡോറിൽ ഒത്ത്ചേരാം. നേരത്തെ ഈ പരിധി 30 ആയിരുന്നു.
മാളുകളിലെ ട്രയൽ റൂമുകൾ തുറക്കാം.
അനുമതി നേടിയിട്ടുള്ള റെസ്റ്ററന്റുകളിൽ 20 ശതമാനം (നേരത്തെ 15 ശതമാനം ആയിരുന്നു) ഉപഭോക്താക്കൾക്ക് ഇൻഡോറിൽ സേവനങ്ങൾ നൽകാം. വാക്സിനെടുത്ത ഉപഭോക്താക്കൾ, ഇവരോടോപ്പമെത്തുന്ന കുട്ടികൾ എന്നിവർക്ക് മാത്രമാണ് ഈ സേവനം.
പ്രത്യേക അനുമതി നേടിയ കോൺഫറൻസുകൾ, എക്സിബിഷനുകൾ എന്നിവയിൽ പരമാവധി 50 ശതമാനം പങ്കാളിത്തം അനുവദിക്കും. നേരത്തെ ഈ പരിധി 30 ശതമാനമായിരുന്നു.
പരമാവധി 20 പേരടങ്ങുന്ന സംഘങ്ങൾക്ക് പാർക്ക്, ബീച്ച്, കോർണിഷ് എന്നിവിടങ്ങളിലേക്ക് പ്രവേശനം അനുവദിക്കും. നേരത്തെ ഈ പരിധി 15 ആയിരുന്നു.
ബോട്ടുകളിൽ പരമാവധി അനുവദനീയമായ യാത്രികരുടെ എണ്ണം 20-ൽ നിന്ന് 25-ലേക്ക് ഉയർത്തും.
ഔട്ട്ഡോറിലെ കായിക മത്സര പരിശീലനങ്ങളിൽ പങ്കെടുക്കാവുന്ന വാക്സിനെടുത്ത അംഗങ്ങളുടെ എണ്ണം മുപ്പതിൽ നിന്ന് മുപ്പത്തഞ്ചാക്കി ഉയർത്തും.
തൊഴിലിടങ്ങളിലെ പ്രവർത്തന സമയങ്ങളിൽ പരമാവധി 80% ശേഷിയിൽ ശുചീകരണ സേവനങ്ങൾ നൽകാമെന്നത്, 100 ശതമാനത്തിലേക്ക് ഉയർത്തും. വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ തൊഴിലാളികൾക്കാണ് ഈ അനുമതി.
രാജ്യത്ത് 2021 ജൂലൈ 9 മുതൽ നടപ്പിലാക്കിയിട്ടുള്ള COVID-19 നിയന്ത്രണങ്ങളിലെ ഇളവുകളുടെ മൂന്നാം ഘട്ടത്തിലെ തീരുമാനങ്ങൾ ഓഗസ്റ്റ് മാസത്തിലും തുടരുമെന്ന് ജൂലൈ 29-ന് ഖത്തർ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം 2021 ജൂലൈ 30 മുതൽ നടപ്പിലാക്കാനിരുന്ന COVID-19 നിയന്ത്രണങ്ങളിലെ ഇളവുകളുടെ നാലാം ഘട്ടം താത്കാലികമായി നീട്ടിവെക്കാനും, നിലവിലെ മൂന്നാം ഘട്ട നിയന്ത്രണങ്ങൾ ഓഗസ്റ്റ് മാസത്തിലും തുടരാനും മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.
രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിലെ ഇളവുകൽ പടിപടിയായി ഒഴിവാക്കുന്നതിന്റെ ആദ്യ ഘട്ടം 2021 മെയ് 28 മുതലും, രണ്ടാം ഘട്ടം ജൂൺ 18 മുതലും, മൂന്നാം ഘട്ടം 2021 ജൂലൈ 9 മുതലും ഖത്തർ നടപ്പിലാക്കിയിരുന്നു. മൂന്നാം ഘട്ട ഇളവുകളുടെ ഭാഗമായി ഖത്തറിൽ നിലവിൽ നടപ്പിലാക്കിയിട്ടുള്ള തീരുമാനങ്ങൾ സംബന്ധിച്ച വിവരങ്ങൾ https://pravasidaily.com/qatar-cabinet-approves-3rd-phase-easing-of-covid-19-restrictions-from-july-9-2021/ എന്ന വിലാസത്തിൽ ലഭ്യമാണ്.
🇶🇦ഖത്തറില്‍ കോവിഡ് ആക്ടീവ് കേസുകള്‍ 2000ന് മുകളിലെത്തി; സമ്പര്‍ക്ക കേസുകള്‍ വര്‍ധിക്കുന്നു.
✒️ഖത്തറില്‍ ഇന്ന് 181 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 64 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. 117 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 99 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 2,24,384 ആയി.
അതേസമയം, രാജ്യത്ത് ഇന്ന് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തെ ആകെ മരണം 601 ആണ്. 2,070 പേരാണ് രാജ്യത്ത് നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. ഇന്ന് ഒരാളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 64 പേരാണ് നിലവില്‍ ആശുപത്രിയിലുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 43,974 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് വാക്സിനേഷന്‍ കാംപയിന്‍ ആരംഭിച്ചതിനു ശേഷം 39,16,863 ഡോസ് വാക്സിനുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്.
🇸🇦സൗദി: വാക്സിനെടുക്കുന്നതിൽ ഇളവുകളുള്ളവരുടെ സ്റ്റാറ്റസ് സംബന്ധിച്ച് തവക്കൽന അറിയിപ്പ് പുറത്തിറക്കി.
✒️രാജ്യത്ത് COVID-19 വാക്സിനെടുക്കുന്നതിൽ ഇളവുകളുള്ളവർക്ക്, പൊതു ഇടങ്ങൾ സന്ദർശിക്കുന്നതിനും, വിദേശയാത്രകൾക്കും, ഇത് സംബന്ധിച്ച സ്റ്റാറ്റസ് തെളിയിക്കുന്നതിനായി തവക്കൽന (Tawakkalna) ആപ്പ് ഉപയോഗിക്കാമെന്ന് സൗദി അധികൃതർ വ്യക്തമാക്കി. വാക്സിനെടുക്കുന്നതിൽ ഇളവുകളുള്ള സൗദി പൗരന്മാർക്കും, പ്രവാസികൾക്കും തവക്കൽന ആപ്പിലെ ‘vaccine-exempt’ എന്ന പ്രത്യേക സ്റ്റാറ്റസ് ഇത്തരം ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്നതാണെന്നും, വാക്സിനെടുത്തവർക്ക് ലഭിക്കുന്ന ഇളവുകൾ ഇവർക്കും ലഭിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ആരോഗ്യ കാരണങ്ങളാൽ COVID-19 വാക്സിൻ കുത്തിവെപ്പ് എടുക്കുന്നതിൽ സൗദി ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് മുൻകൂർ ഇളവുകൾ നേടിയിട്ടുള്ളവർക്ക് മാത്രമാണ് തവക്കൽന ആപ്പിൽ ‘vaccine-exempt’ എന്ന പ്രത്യേക സ്റ്റാറ്റസ് രേഖപ്പെടുത്തുന്നത്. ആൻഡ്രോയിഡ് ഫോണുകളിൽ ഈ സ്റ്റാറ്റസ് തവക്കൽന ആപ്പിലൂടെ ലഭ്യമാണെന്നും, ആപ്പിൾ iOS ഫോണുകൾ ഉപയോഗിക്കുന്നവർക്ക് Tawakkalna ഔദ്യോഗിക വെബ്സൈറ്റിലൂടെ ഈ സ്റ്റാറ്റസ് പരിശോധിക്കാവുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.
COVID-19 വാക്സിൻ, അതിലെ ഘടകങ്ങൾ എന്നിവയോട് ആരോഗ്യ കാരണങ്ങളാൽ പ്രതികരിക്കുന്ന ശരീരസ്വഭാവമുള്ളവർക്കാണ് പ്രത്യേക പരിശോധനകൾക്ക് ശേഷം ആരോഗ്യ മന്ത്രാലയം വാക്സിനെടുക്കുന്നതിൽ ഇളവ് അനുവദിക്കുന്നത്. കൃത്യമായ മെഡിക്കൽ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് ഇത്തരം ഇളവുകൾ അനുവദിക്കുന്നത്.
0 Comments