രാജ്യത്തെ വൈദ്യുത മീറ്ററുകളിൽ വൻ മാറ്റം വരുന്നു. പ്രീപെയ്ഡ് മൊബൈൽ കണക്‌ഷൻ പോലെ മുൻകൂറായി പണമടച്ച് വൈദ്യുതി ഉപയോഗിക്കാൻ കഴിയുന്ന പ്രീപെയ്ഡ് സ്മാർട് മീറ്റർ സംവിധാനമാണ് വരുന്നത്. ഇത് ഘട്ടം ഘട്ടമായി നടപ്പിലാക്കാനാണ് നീക്കം. നിലവിലുള്ള മീറ്ററുകൾ മാറ്റി പ്രീപെയ്ഡ് മീറ്ററുകൾ ഘടിപ്പിക്കാനുള്ള സമയക്രമം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കിയിട്ടുണ്ട്.
വൈദ്യുതി മന്ത്രാലയത്തിന്റെ വിജ്ഞാപനം അനുസരിച്ച്, കമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്കുകൾ ഉള്ള പ്രദേശങ്ങളിലെ എല്ലാ ഉപഭോക്താക്കൾക്കും (കാർഷിക ഉപഭോക്താക്കൾ ഒഴികെ) സ്മാർട് മീറ്ററുകൾ ഉപയോഗിച്ച് വൈദ്യുതി നൽകും. കൃഷി ഒഴികെയുള്ള എല്ലാ ഉപഭോക്താക്കൾക്കും, കമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്കുകൾ ഉള്ള പ്രദേശങ്ങളിൽ ഇത് ബാധകമായിരിക്കും.
2023 ഡിസംബർ – 2025 മാർച്ച് കാലയളവിൽ മീറ്ററുകൾ മാറ്റിസ്ഥാപിക്കൽ ജോലികൾ പൂർത്തിയാകും. എല്ലാ സർക്കാർ മന്ത്രാലയങ്ങളും വകുപ്പുകളും പ്രീപെയ്ഡ് സ്മാർട് വൈദ്യുതിയിലേക്ക് മാറാൻ വൈദ്യുതി മന്ത്രാലയം കഴിഞ്ഞയാഴ്ച നിർദേശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും പുറപ്പെടുവിക്കാനും മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രീപെയ്ഡ് മൊബൈൽ കണക്‌ഷൻ പോലെ മുൻകൂറായി പണമടച്ച് വൈദ്യുതി ഉപയോഗിക്കാം. നിലവിൽ ഇതിനുള്ള സാങ്കേതിക ശൃംഖല ഇല്ലാത്ത കേരളം പോലെയുള്ള സംസ്ഥാനങ്ങളിൽ പ്രീപെയ്ഡ് മീറ്റർ സംവിധാനം ഏർപ്പെടുത്താൻ സംസ്ഥാന റെഗുലേറ്ററി കമ്മിഷനുകൾ അനുമതി നൽകണമെന്നും ഉത്തരവിലുണ്ട്.
നിലവിലെ മീറ്ററുകളുടെ സ്ഥാനത്ത് അത്യാധുനിക ടെക്നോളജിയിൽ പ്രവർത്തിക്കുന്ന മീറ്ററുകള്‍ കൊണ്ടുവരും. വൈദ്യുതി ഉപയോഗം കുറയ്ക്കാനും മേഖലയിലെ തൊഴിൽ വെട്ടിച്ചുരുക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്. മൊബൈലുകളിൽ ഉപയോഗിക്കുന്ന പ്രീ-പെയ്ഡ് സിമ്മിന്റെ രൂപത്തിലാണ് വൈദ്യുത മീറ്ററുകളും റീചാർജ് ചെയ്യുക. ഇതു സംബന്ധിച്ചുള്ള കേന്ദ്രത്തിൽ നിന്നുള്ള നിർദ്ദേശം സംസ്ഥാനങ്ങൾക്ക് നൽകുമെന്നാണ് അറിയുന്നത്.
ഡിടിഎച്ച് സംവിധാനം പോലെ റീചാർജ് ചെയ്യാവുന്ന മീറ്ററുകളാണ് വരിക. ആവശ്യത്തിന് തുക നേരത്തെ അടച്ച് റീചാർജ് ചെയ്യാം. റീചാർജ് തുക കഴിഞ്ഞാൽ ഫ്യൂസ് ഊരാനൊന്നും അധികൃതർ വരില്ലെന്ന് ചുരുക്കം. വീണ്ടും വൈദ്യുതി ലഭിക്കണമെങ്കിൽ ഉപഭോക്താവിന് നല്‍കുന്ന കാർഡ് റീചാർജ് ചെയ്യേണ്ടിവരും.
മൊബൈൽ ഫോൺ പോലെ തന്നെ വൈദ്യുതിയും ഉപയോഗിക്കേണ്ടി വരും. റീചാർജ് ചെയ്ത തുക തീർന്നു പോകുമെന്ന ഭയത്താൽ മിക്കവരും കുറച്ച് ഉപയോഗിക്കാൻ തുടങ്ങും. ഇതിനു പുറമേ മീറ്റർ റീഡർമാരുടെ തൊഴിലും ഒഴിവാക്കാനാകും. രാജ്യത്ത് നിരവധി സംസ്ഥാനങ്ങളിൽ പരീക്ഷിച്ച് വിജയിച്ച പദ്ധതിയാണിത്.
ഓരോ ദിവസത്തെയും ഉപയോഗം സംബന്ധിച്ചുള്ള വ്യക്തമായ റിപ്പോർട്ടുകൾ ഉപഭോക്താവിന് നൽകും. ഇതിലൂടെ അനാവശ്യ ഉപയോഗങ്ങൾ കുറയ്ക്കാനും സാധിക്കും. അതേസമയം, 500 യൂണിറ്റിന് മുകളിൽ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് റീചാർജ് മീറ്റർ മതിയെന്ന നിർദേശവും നേരത്തെ വന്നിരുന്നു. വൈദ്യുത ബില്ലുകൾ കൃത്യമായി കണക്കാക്കുന്നതിലും വിതരണം ചെയ്യുന്നതിലുമുള്ള പ്രശ്നങ്ങളാണ് പുതിയ മീറ്ററുകൾ കൊണ്ടുവരാൻ കാരണം.
ഉപഭോക്താക്കൾക്ക് ഏറെ ഉപകാരപ്പെടുന്ന പദ്ധതിയാണിത്. ഇപ്പോൾ കേരളത്തിൽ രണ്ടു മാസത്തെ ബില്ലാണ് ഒന്നിച്ചു നൽകുന്നത്. ഇതിൽ രണ്ടു മാസത്തേക്ക് ഉപയോഗിച്ചാലും ഇല്ലെങ്കിലും നിശ്ചിത തുക നൽകണം. എന്നാൽ പുതിയ മീറ്റർ വരുമ്പോൾ ഉപയോഗിച്ച മണിക്കൂറുകൾക്ക് മാത്രം പണം നൽകിയാൽ മതിയാകും. അതേസമയം, നിലവിൽ ലഭിക്കുന്ന സബ്സിഡികൾ ഒഴിവാക്കിയേക്കില്ല. ഇക്കാര്യത്തിൽ അതാത് സംസ്ഥാനങ്ങളിലെ വൈദ്യുത വിതരണ കമ്പനികൾക്ക് തീരുമാനിക്കാമെന്ന് നേരത്തെ തന്നെ കേന്ദ്രം വ്യക്തമാക്കിയിരുന്നു.
0 Comments