Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ ലൈവ് ന്യൂസ്‌ ഗൾഫ് വാർത്തകൾ

🇦🇪അബുദാബിയിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് 12 ദിവസം ക്വാറന്‍റീന്‍.

🇦🇪ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് ഏഴു കോടി.

🇶🇦കൊവിഡ് വാക്‌സിനേഷന്‍: 40 ലക്ഷം ഡോസ് പിന്നിട്ട് ഖത്തര്‍.

🇸🇦കൊവിഡ്: സൗദിയില്‍ ഇന്നും രോഗമുക്തരുടെ എണ്ണം കുത്തനെ ഉയര്‍ന്നു.

🛫യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് പുതിയ അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്.

🇴🇲ഒമാനില്‍ 224 പേര്‍ക്ക് കൂടി കൊവിഡ്, ആറ് മരണം.

🇦🇪യുഎഇയില്‍ 1260 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് നാല് മരണം.

🇸🇦സൗദി: ആഭ്യന്തര വിമാനസർവീസുകളിൽ മുഴുവൻ സീറ്റുകളും ഉപയോഗിക്കുന്നതിന് അനുമതി നൽകാൻ ആലോചിക്കുന്നതായി GACA.

🇸🇦സൗദി: രോഗബാധിതർക്ക് രോഗം സ്ഥിരീകരിച്ച് പത്ത് ദിവസത്തിന് ശേഷം രണ്ടാം ഡോസ് കുത്തിവെപ്പെടുക്കാമെന്ന് ആരോഗ്യ മന്ത്രാലയം.

🇸🇦സൗദി: വാക്സിനെടുക്കാത്ത 12 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് തുറന്ന ഇടങ്ങളിലെ വിനോദകേന്ദ്രങ്ങളിലേക്ക് പ്രവേശനം അനുവദിച്ചു.

🇴🇲ഒമാൻ: 18 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് ഓഗസ്റ്റ് 13 മുതൽ ആദ്യ ഡോസ് വാക്സിൻ നൽകും.

🇦🇪ദുബായ് വിസകളിലുള്ള ഏതാനം പ്രവാസികളുടെ വിസ കാലാവധി ഡിസംബർ 9 വരെ നീട്ടി നൽകി.

🇶🇦ഖത്തറില്‍ പുതിയ കോവിഡ് കേസുകള്‍ 200ല്‍ താഴെ; ഇന്നും മരണമില്ല.

വാർത്തകൾ വിശദമായി

🇦🇪അബുദാബിയിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് 12 ദിവസം ക്വാറന്‍റീന്‍.

✒️ഇന്ത്യയില്‍ നിന്ന് അബുദാബിയിലേക്ക് യാത്ര ചെയ്യുന്ന താമസ വിസക്കാര്‍ അബുദാബിയിലെത്തിയാല്‍ 12 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീനില്‍ കഴിയണം. ഇത്തിഹാദ് എയര്‍വേയ്‌സിന്റെ പുതിയ മാര്‍ഗനിര്‍ദ്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. നേരത്തെ 10 ദിവസമായിരുന്നു ഹോം ക്വാറന്റീന്‍ കാലയളവ്. 

അബുദാബിയിലെത്തുന്നവര്‍ ഹോം ക്വാറന്റീന്‍ കാലയളവില്‍ മെഡിക്കല്‍ അംഗീകാരമുള്ള റിസ്റ്റ്ബാന്‍ഡ്(ട്രാക്കിങ് വാച്ച്) ധരിക്കണമെന്നും ഇത്തിഹാദിന്റെ പുതിയ പ്രോട്ടോക്കോളില്‍ വ്യക്തമാക്കുന്നു. അബുദാബി വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി കഴിയുമ്പോള്‍ അധികൃതര്‍ റിസ്റ്റ്ബാന്‍ഡ് നല്‍കും. അബുദാബിയിലെത്തുമ്പോള്‍ പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണം. പിന്നീട് ആറാമത്തെയും 11-ാമത്തെയും ദിവസവും പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും ഇത്തിഹാദ് വെബ്‌സൈറ്റില്‍ അറിയിച്ചു. ഇന്‍ഡിഗോയും ട്രാവല്‍ ഏജന്റുമാര്‍ക്ക് നല്‍കിയ നോട്ടീസില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

🇦🇪ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് ഏഴു കോടി.

✒️ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളറിന്റെ (ഏഴ് കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി മലയാളി.  ദുബൈ വിമാനത്താവളത്തില്‍ എയര്‍ ട്രാഫിക് എഞ്ചിനീയറായി ജോലി ചെയ്യുന്ന  സാബു ആലമിറ്റത്താണ്  365-ാമത് സീരിസില്‍ വിജയിയായത്. ജൂലൈ 25ന് ഇദ്ദേഹം വാങ്ങിയ 4465 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. 

ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പിലാണ് 57കാരനായ സാബുവിന് ഒന്നാം സമ്മാനം ലഭിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ദുബൈ ഡ്യൂട്ടി ഫ്രീയിലൂടെ ഭാഗ്യം പരീക്ഷിക്കുകയാണ് അദ്ദേഹം. തിരുവനന്തപുരം സ്വദേശിയായ സാബു ബെംഗളൂരുവിലാണ് സ്ഥിരതാമസം. പ്രവീണയാണ് ഭാര്യ. ഏകമകള്‍ നൂപുര്‍. 

'ഇതൊരു വലിയ അത്ഭുതമാണെന്നായിരുന്നു' സമ്മാനം ലഭിച്ച വിവരം അറിയിച്ചപ്പോള്‍ സാബുവിന്റെ പ്രതികരണം. തനിക്ക് സമ്മാനം ലഭിക്കുമെന്ന് വിചാരിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഭാവി പരിപാടികളെക്കുറിച്ച് ചോദിച്ചപ്പോള്‍, ബുദ്ധിമുട്ടുകള്‍ ഏറെയുണ്ടായിരുന്ന വര്‍ഷമാണിതെന്നും അതുകൊണ്ടുതന്നെ സമ്മാനം ലഭിക്കുന്ന പണം കൊണ്ട് ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായും ഒരു പങ്ക് മാറ്റിവെയ്ക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പ് ആരംഭിച്ച ശേഷം വിജയിയാവുന്ന 182-ാമത്തെ ഇന്ത്യക്കാരനാണ് സാബു. ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിനുള്ള ടിക്കറ്റുകള്‍ എടുക്കുന്നവരിലും ഏറ്റവുമധികം പേര്‍ ഇന്ത്യക്കാര്‍ തന്നെയാണ്.

🇶🇦കൊവിഡ് വാക്‌സിനേഷന്‍: 40 ലക്ഷം ഡോസ് പിന്നിട്ട് ഖത്തര്‍.

✒️കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പയിനില്‍ 40 ലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ട് ഖത്തര്‍. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 4,012,536 ഡോസ് വാക്‌സിനാണ് രാജ്യത്താകെ വിതരണം ചെയ്തത്.

രാജ്യത്ത് യോഗ്യരായവരില്‍ 88.8 ശതമാനം പേരും ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചു. രാജ്യത്തെ ആകെ ജനസംഖ്യയുടെ 76.6 ശതമാനമാണിത്. ജനസംഖ്യയുടെ  74.9 ശതമാനം ആളുകള്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു. ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്തതോടെ വാക്‌സിനേഷന്‍ ക്യാമ്പയിന്‍ അതിവേഗത്തില്‍ മുമ്പോട്ടു പോകുകയാണ്.

🇸🇦കൊവിഡ്: സൗദിയില്‍ ഇന്നും രോഗമുക്തരുടെ എണ്ണം കുത്തനെ ഉയര്‍ന്നു.

✒️സൗദി അറേബ്യയില്‍ കൊവിഡ് ആശങ്കക്ക് ശമനം വരുന്നു. വലിയ ആശ്വാസം പകര്‍ന്ന് രോഗമുക്തരുടെ പ്രതിദിന എണ്ണം കുത്തനെ ഉയരുകയാണ്. ഇന്ന് 1,532 പേരാണ് സുഖം പ്രാപിച്ചത്. എന്നാല്‍ പുതുതായി 766 പേര്‍ക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യവ്യാപകമായി 12 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.  

രാജ്യമാകെ ഇന്ന് 85,106 ആര്‍.ടി പി.സി.ആര്‍ പരിശോധനകള്‍ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,36,693 ആയി. ഇതില്‍ 5,18,911 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,378 ആണ്. ചികിത്സയിലുള്ളവരുടെ എണ്ണം 9,404 ആയി കുറഞ്ഞു. ഇതില്‍ 1,387 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരം. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.5 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 133, മക്ക 127, കിഴക്കന്‍ പ്രവിശ്യ 113, അസീര്‍ 80, അല്‍ഖസീം 73, ജീസാന്‍ 72, മദീന 41, നജ്‌റാന്‍ 41, ഹായില്‍ 26, അല്‍ബാഹ 18, തബൂക്ക് 17, വടക്കന്‍ അതിര്‍ത്തി മേഖല 14, അല്‍ജൗഫ് 11. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെയ്പ്പ് 31,003,249 ഡോസ് ആയി ഉയര്‍ന്നു.

🛫യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് പുതിയ അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്.

✒️ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പ്രധാന അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. യുഎഇയിലേക്ക് ഇന്ത്യയിൽ നിന്ന് യാത്ര ചെയ്യുന്നവർ ആറ് മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.

യാത്രക്കാർക്ക് വിമാനത്താവളത്തില്‍ റാപ്പിഡ് പരിശോധന നടത്തും. യാത്രാ സമയത്തിന് നാല് മണിക്കൂർ മുമ്പ് പരിശോധ കൗണ്ടർ പ്രവർത്തിക്കും. യാത്രസമയത്തിന് 2 മണിക്കൂർ മുമ്പ് ഡിപ്പാർചർ കൗണ്ടർ അടക്കുമെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കി. ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങൾക്കടക്കം നിരവധി മേഖലകളിൽ പ്രവര്‍ത്തിക്കുന്നവര്‍ക്ക് യുഎഇ ഇളവ് നൽകിയ സാഹചര്യത്തിലാണ് യാത്രക്കാര്‍ക്കായി ഏയര്‍ ഇന്ത്യ എക്സ്പ്രസ് മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കിയത്.

ദുബൈയിലേക്ക് മടങ്ങുന്ന താമസ വിസയുള്ളവര്‍ക്ക് കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ലെന്ന് വിവിധ വിമാന കമ്പനികള്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ അബുദാബി, ഷാര്‍ജ ഉള്‍പ്പെടെയുള്ള എമിറേറ്റിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാണ്.  ദുബൈയിലേക്ക് മടങ്ങുന്ന താമസവിസക്കാര്‍ ജി.ഡി.ആര്‍.എഫ്.എ അനുമതി ഹാജരാക്കണം. അംഗീകൃത ലബോറട്ടറികളില്‍ നിന്ന് 48 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് പി.സി.ആര്‍ പരിശോധനയില്‍ നെഗറ്റീവാണെന്ന് തെളിയിക്കുന്ന പരിശോധനാ ഫലവും കൈവശം ഉണ്ടാകണം. പരിശോധനാ ഫലത്തില്‍ ക്യൂ ആര്‍ കോഡ് നിര്‍ബന്ധമാണ്. വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂറിനിടെ എടുത്ത റാപ്പിഡ് പരിശോധനാ ഫലവും ഹാജരാക്കേണ്ടതുണ്ട്.

🇴🇲ഒമാനില്‍ 224 പേര്‍ക്ക് കൂടി കൊവിഡ്, ആറ് മരണം.

✒️ഒമാനില്‍ 224 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്താകമാനം ആറു മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട്ചെയ്തു. 

ഇതുവരെ രാജ്യത്ത് ആകെ 2,99,642 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2,87,244 പേര്‍ക്ക് ആകെ രോഗം ഭേദമായി.രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 96 ശതമാനമായി ഉയര്‍ന്നു. 3,974 പേരാണ് കൊവിഡ് മൂലം ഒമാനില്‍ ഇതുവരെ മരണപ്പെട്ടിട്ടുള്ളത്. നിലവില്‍ 281 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 124 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

🇦🇪യുഎഇയില്‍ 1260 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് നാല് മരണം.

✒️യുഎഇയില്‍ 1,260 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,404 പേര്‍ സുഖം പ്രാപിക്കുകയും നാല് പേര്‍ മരണപ്പെടുകയും ചെയ്തു. 

പുതിയതായി നടത്തിയ 3,21,439 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,98,166 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,75,566 പേര്‍ രോഗമുക്തരാവുകയും 1,992 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 20,608 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

🇸🇦സൗദി: ആഭ്യന്തര വിമാനസർവീസുകളിൽ മുഴുവൻ സീറ്റുകളും ഉപയോഗിക്കുന്നതിന് അനുമതി നൽകാൻ ആലോചിക്കുന്നതായി GACA.

✒️രാജ്യത്തെ ആഭ്യന്തര വിമാനസർവീസുകളിൽ, മുഴുവൻ സീറ്റുകളും ഉപയോഗപ്പെടുത്തുന്ന രീതിയിൽ യാത്രികർക്ക് സേവനം നൽകുന്നതിനെക്കുറിച്ച് ആലോചിച്ച് വരുന്നതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിച്ചു. ഇതിന്റെ വിവിധ വശങ്ങളെക്കുറിച്ചും, സാധ്യതകളെക്കുറിച്ചും GACA വിശകലനം ചെയ്തതായി അധികൃതർ സ്ഥിരീകരണം നൽകിയിട്ടുണ്ട്.

ഓഗസ്റ്റ് 11-ന് രാത്രിയാണ് GACA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. സൗദി ആരോഗ്യ മന്ത്രാലയവുമായി ചേർന്നാണ് GACA ഇക്കാര്യം പരിശോധിക്കുന്നത്. ഇത്തരത്തിൽ സേവനങ്ങൾ നൽകുന്നതിന് അനുമതി ലഭിക്കുന്നത് സംബന്ധിച്ച് രാജ്യത്തെ വിവിധ വിമാനകമ്പനികൾ അതോറിറ്റിയോട് അഭ്യർത്ഥിച്ചിരുന്നു.

ഇതുമതി ബന്ധപ്പെട്ട നടപടികൾ 2021 സെപ്റ്റംബർ 1-ന് പ്രാബല്യത്തിൽ വരുമെന്നും GACA വ്യക്തമാക്കിയിട്ടുണ്ട്. ഏതാനം സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരമാണ്, ആഭ്യന്തര വിമാനങ്ങളിൽ ഇത്തരത്തിൽ മുഴുവൻ സീറ്റുകളിലും യാത്രികരെ ഉൾപ്പെടുത്തുന്നതിന് അനുമതി നൽകുക എന്നും GACA കൂട്ടിച്ചേർത്തു.

രണ്ട് ഡോസ് വാക്സിനെടുത്ത യാത്രികർക്ക് മാത്രം സേവനങ്ങൾ നൽകുന്ന രീതിയിലായിരിക്കും ഇത് നടപ്പിലാക്കുന്നതെന്നും GACA സൂചിപ്പിച്ചു. വാക്സിനെടുക്കുന്നതിൽ ഔദ്യോഗിക ഇളവുകളുള്ളവർ, 12 വയസിന് താഴെ പ്രായമുള്ളവർ തുടങ്ങിയവർക്ക് മാത്രമായിരിക്കും ഈ നിബന്ധന ഒഴിവാക്കി നൽകുന്നത്.

🇸🇦സൗദി: രോഗബാധിതർക്ക് രോഗം സ്ഥിരീകരിച്ച് പത്ത് ദിവസത്തിന് ശേഷം രണ്ടാം ഡോസ് കുത്തിവെപ്പെടുക്കാമെന്ന് ആരോഗ്യ മന്ത്രാലയം.

✒️ആദ്യ ഡോസ് COVID-19 വാക്സിനെടുത്ത ശേഷം രോഗബാധിതരായവർക്ക്, രോഗബാധ സ്ഥിരീകരിച്ച് ചുരുങ്ങിയത് പത്ത് ദിവസം പൂർത്തിയാക്കിയ ശേഷം രണ്ടാം ഡോസ് കുത്തിവെപ്പെടുക്കാമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇത്തരം സാഹചര്യങ്ങളിൽ രണ്ടാം ഡോസ് വാക്സിനെടുക്കുന്നതിൽ ഇളവുകളുണ്ടോ എന്ന സംശയത്തിന് മറുപടിയായാണ് സൗദി ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള 937 സേവനകേന്ദ്രമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. “നിലവിലെ സാഹചര്യങ്ങൾ പ്രകാരം, ആദ്യ ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പെടുത്ത ശേഷം രോഗബാധ സ്ഥിരീകരിക്കുന്നവർക്ക്, രോഗബാധയേറ്റ് ചുരുങ്ങിയത് പത്ത് ദിവസം പൂർത്തിയാക്കിയ ശേഷം രണ്ടാം ഡോസ് ലഭിക്കുന്നതാണ്.”, അധികൃതർ ട്വിറ്ററിൽ അറിയിച്ചു.

🇸🇦സൗദി: വാക്സിനെടുക്കാത്ത 12 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് തുറന്ന ഇടങ്ങളിലെ വിനോദകേന്ദ്രങ്ങളിലേക്ക് പ്രവേശനം അനുവദിച്ചു.

✒️COVID-19 വാക്സിനെടുക്കാത്ത 12 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് രാജ്യത്തെ തുറന്ന ഇടങ്ങളിലെ വിനോദകേന്ദ്രങ്ങളിലേക്കും, വിനോദ പരിപാടികളിലേക്കും പ്രവേശനാനുമതി നൽകിയതായി സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (GEA) വ്യക്തമാക്കി. ഈ പ്രായവിഭാഗങ്ങൾക്ക് COVID-19 വാക്സിൻ കുത്തിവെപ്പെടുക്കുന്നതിൽ ഇളവുകളുള്ളതിനാലാണ് ഈ തീരുമാനം.

സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റിയുമായി സംയുക്തമായാണ് GEA ഇക്കാര്യം അറിയിച്ചിട്ടുള്ളത്. COVID-19 സുരക്ഷാ മുന്നൊരുക്കങ്ങളോടെ രാജ്യത്തെ വിനോദ പരിപാടികൾ സംഘടിപ്പിക്കുന്നതിനായുള്ള GEA-യുടെ നയത്തിന്റെ ഭാഗമായാണ് ഈ തീരുമാനം.

ഈ പ്രായവിഭാഗങ്ങളിൽപ്പെടുന്ന കുട്ടികൾക്ക് ഏതാനം നിബന്ധനകളോടെയാണ് ഇത്തരം ഇടങ്ങളിലേക്ക് പ്രവേശനം നൽകുന്നതെന്ന് GEA വ്യക്തമാക്കിയിട്ടുണ്ട്:
വാക്സിനെടുത്തവരായ മുതിർന്നവരോടൊപ്പം എത്തുന്ന കുട്ടികൾക്കാണ് ഈ തീരുമാനപ്രകാരം പ്രവേശനം അനുവദിച്ചിരിക്കുന്നത്.
ഇത്തരം കുട്ടികളിൽ പനി, ജലദോഷം, ചുമ മുതലായ രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവർക്ക് പ്രവേശനം നൽകുന്നതല്ല.
കുട്ടികളുടെ Tawakkalna ആപ്പിലെ സ്റ്റാറ്റസ് ‘രോഗബാധിതർ’ എന്നോ, ‘രോഗബാധിതരുമായി സമ്പർക്കത്തിലുള്ളവർ’ എന്നോ ആകരുത്.
എന്നാൽ ഇൻഡോറിലുള്ള വിനോദ പ്രദർശനങ്ങൾ, ചടങ്ങുകൾ എന്നിവയിലേക്ക് കുട്ടികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ തുടരുമെന്നും GEA അറിയിച്ചിട്ടുണ്ട്. ഇത്തരം ഇടങ്ങളിലേക്ക് രോഗമുക്തരായവർ, ഒരു ഡോസെങ്കിലും വാക്സിനെടുത്തവർ എന്നീ വിഭാഗങ്ങൾക്ക് മാത്രമാണ് പ്രവേശനം നൽകുന്നത്.

🇴🇲ഒമാൻ: 18 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് ഓഗസ്റ്റ് 13 മുതൽ ആദ്യ ഡോസ് വാക്സിൻ നൽകും.

✒️2021 ഓഗസ്റ്റ് 13, വെള്ളിയാഴ്ച്ച മുതൽ 18 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് ആദ്യ ഡോസ് COVID-19 വാക്സിൻ നൽകുമെന്ന് സൗത്ത് ശർഖിയ ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് അറിയിച്ചു. ഈ പ്രായവിഭാഗങ്ങളിൽപ്പെടുന്ന പ്രവാസികൾക്ക് ഓക്സ്ഫോർഡ് ആസ്ട്രസെനേക വാക്സിന്റെ ആദ്യ ഡോസ് കുത്തിവെപ്പാണ് നൽകുന്നത്.

ഓഗസ്റ്റ് 12-ന് രാവിലെയാണ് ആരോഗ്യ വിഭാഗം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. മസീറ സ്പോർട്സ് ക്ലബിലെ വാക്സിനേഷൻ കേന്ദ്രത്തിൽ നിന്നാണ് വാക്സിൻ കുത്തിവെപ്പ് നൽകുന്നത്.

“പ്രവാസികൾക്ക് ഓക്സ്ഫോർഡ് ആസ്ട്രസെനേക COVID-19 വാക്സിന്റെ ആദ്യ ഡോസ് കുത്തിവെപ്പ് ലഭ്യമാണെന്ന് മസീറ ഹോസ്പിറ്റൽ അറിയിച്ചിട്ടുണ്ട്. 2021 ഓഗസ്റ്റ് 13, വെള്ളിയാഴ്ച്ച മുതൽ മസീറ സ്പോർട്സ് ക്ലബിലെ വാക്സിനേഷൻ കേന്ദ്രത്തിൽ നിന്നാണ് ഈ കുത്തിവെപ്പ് നൽകുന്നത്. വെള്ളിയാഴ്ച്ച മുതൽ രണ്ടാഴ്ച്ച കാലയളവിലാണ് ഈ കേന്ദ്രത്തിൽ നിന്ന് പ്രവാസികൾക്ക് കുത്തിവെപ്പ് നൽകുന്നത്.”, സൗത്ത് ശർഖിയ ഗവർണറേറ്റിലെ ആരോഗ്യ വിഭാഗം അറിയിച്ചു.

“റസിഡന്റ് കാർഡുമായി എത്തുന്ന 18 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് ഈ കുത്തിവെപ്പെടുക്കാവുന്നതാണ്. എല്ലാവരുടെയും സുരക്ഷ മുൻനിർത്തി COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.”, അധികൃതർ കൂട്ടിച്ചേർത്തു.

🇦🇪ദുബായ് വിസകളിലുള്ള ഏതാനം പ്രവാസികളുടെ വിസ കാലാവധി ഡിസംബർ 9 വരെ നീട്ടി നൽകി.

✒️നിലവിൽ യു എ ഇയ്ക്ക് പുറത്തുള്ള ദുബായ് വിസകളിലുള്ള ഏതാനം പ്രവാസികളുടെ വിസ കാലാവധി 2021 ഡിസംബർ 9 വരെ നീട്ടി നൽകിയിട്ടുണ്ട്. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് (GDRFA) വൃത്തങ്ങൾ ഇക്കാര്യം സൂചിപ്പിച്ചതായാണ് ഏതാനം പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

COVID-19 യാത്രാവിലക്കുകൾ മൂലം യു എ ഇയിലേക്കുള്ള യാത്രകൾ തടസ്സപ്പെട്ട ഏതാനം ദുബായ് വിസകളിലുള്ള പ്രവാസികളുടെ വിസ കാലാവധിയാണ് ഈ രീതിയിൽ 2021 ഡിസംബർ 9 വരെ നീട്ടിനൽകിയിരിക്കുന്നത്. ഒരു മാസത്തെ അധിക സമയം ഉൾപ്പടെയാണ് ഇത്തരം വിസകൾ ഡിസംബർ 9 വരെ GDRFA സ്വയമേവ നീട്ടിനൽകിയിരിക്കുന്നത്. ഇത്തരത്തിൽ യു എ ഇയ്ക്ക് പുറത്തുള്ള ദുബായ് വിസക്കാർക്ക് തങ്ങളുടെ വിസ കാലാവധി https://amer.gdrfad.gov.ae/visa-inquiry എന്ന വിലാസത്തിലൂടെ പരിശോധിക്കാവുന്നതാണ്.

ദുബായിലേക്ക് യാത്രചെയ്യുന്നവർക്ക് GDRFA-യിൽ നിന്നുള്ള മുൻ‌കൂർ അനുമതി നിർബന്ധമാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

🇶🇦ഖത്തറില്‍ പുതിയ കോവിഡ് കേസുകള്‍ 200ല്‍ താഴെ; ഇന്നും മരണമില്ല.

✒️ഖത്തറില്‍ ഇന്ന് 197 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം. ഇതില്‍ 80 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 117 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 24 മണിക്കൂറിനിടെ 146 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 2,25,566 ആയി. രാജ്യത്ത് ഇന്നും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ കോവിഡ് മരണം 601 ആണ്.

2,376 പേരാണ് ഖത്തറില്‍ നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. 23 പേര്‍ ഐ.സി.യുവില്‍ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3 പേരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. പുതുതായി 11 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 85 പേര്‍ നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 26,019 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് വാകസിനേഷന്‍ കാംപയിന്‍ ആരംഭിച്ചതിനു ശേഷം 40,38,555 ഡോസ് വാക്സിനുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. രാജ്യത്തെ മൊത്തം ജനങ്ങളില്‍ 77.5 ശതമാനം പേര്‍ ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിനെടുത്തു

Post a Comment

0 Comments