ഡിലീറ്റ് ചെയ്ത ചിത്രങ്ങൾ ഗൂഗിൾ ഡ്രൈവിൽ നിന്നും എങ്ങനെ വീണ്ടെടുക്കാം? അറിയാം
ഡിലീറ്റ് ചെയ്തതിനു ശേഷം 30, 60 ദിവസം വരെയാണ് ഡ്രൈവിൽ നിന്നും ഡിലീറ്റ് ചെയ്ത ഫയലുകൾ വീണ്ടെടുക്കാൻ കഴിയുക
ഗൂഗിൾ ഡ്രൈവിൽ നിന്നോ ഗൂഗിൾ ഫോട്ടോസിൽ നിന്നോ ഡിലീറ്റ് ചെയ്ത ചിത്രങ്ങൾ വീണ്ടെടുക്കാനുണ്ടോ? പേടിക്കണ്ട, ഡിലീറ്റ് ചെയ്ത ഫയലുകൾ, ചിത്രങ്ങൾ, വീഡിയോകൾ എല്ലാം വീണ്ടെടുക്കാൻ ഗൂഗിൾ അവസരം നൽകുന്നുണ്ട്. ഡിലീറ്റ് ചെയ്തതിനു ശേഷം 30, 60 ദിവസം വരെയാണ് ഡ്രൈവിൽ നിന്നും ഡിലീറ്റ് ചെയ്ത ഫയലുകൾ വീണ്ടെടുക്കാൻ കഴിയുക. അതിനു ശേഷമാണ് നിങ്ങൾ ശ്രമിക്കുന്നതെങ്കിൽ അവ ലഭിക്കില്ല.
ഗൂഗിൾ ഡ്രൈവിന്റെ മൊബൈൽ ഡെസ്ക്ടോപ്പ് വേർഷനുകളിൽ നിന്നും ഡിലീറ്റ് ചെയ്ത ഫയലുകൾ സ്വയം വീണ്ടെടുക്കാൻ കഴിയും. നിങ്ങൾ ഡിലീറ്റ് ചെയ്യുമ്പോൾ തന്നെ ഇവ 30 ദിവസങ്ങൾക്ക് ശേഷം എന്നെന്നേക്കുമായി ഡിലീറ്റ് ആകുമെന്ന് ഗൂഗിൾ നിങ്ങളെ അറിയിക്കും. അതുകൊണ്ട് 30 ദിവസങ്ങൾക്ക് മുൻപ് ആണെങ്കിൽ ട്രാഷിൽ നിന്നും നിങ്ങൾക്ക് ചിത്രങ്ങൾ എടുക്കാം. 30 ദിവസങ്ങൾക്ക് മുൻപ് അത് പൂർണമായും ഡിലീറ്റ് ചെയ്യണമെങ്കിൽ നിങ്ങൾക്ക് അതും ചെയ്യാം. ട്രാഷിൽ നിന്നും ഡിലീറ്റ് ചെയ്താൽ മതി.
സ്റ്റെപ് 1: ഗൂഗിൾ ഡ്രൈവ് ആപ്പ് തുറന്ന് ‘ട്രാഷ്’ (trash) ഫോൾഡറിലേക്ക് പോവുക.
മൊബൈലിൽ ആണെങ്കിൽ നിങ്ങൾക്ക് ഇടത് വശത്ത് മുകളിലുള്ള ഹാംബർഗർ മെനുവിൽ ക്ലിക്ക് ചെയ്താൽ ‘ട്രാഷ്’ ഫോൾഡർ കാണാനാകും. കമ്പ്യൂട്ടറിൽ ആണെങ്കിൽ ഗൂഗിളിൽ “ഗൂഗിൾ ഡ്രൈവ് ട്രാഷ്” (Google Drive trash) എന്ന് ടൈപ്പു ചെയ്ത് ആദ്യം ലഭിക്കുന്ന ലിങ്കിൽ ക്ലിക്കു ചെയ്ത് കയറാം.
സ്റ്റെപ് 2: ട്രാഷ് ഫോൾഡറിൽ നിങ്ങൾ അടുത്തിടെ ഡിലീറ്റ് ചെയ്ത എല്ലാ ഫയലുകളും കാണാം. അവ പുനസ്ഥാപിക്കാൻ, ഫയലിൽ റൈറ്റ് ക്ലിക്ക് ചെയ്താൽ മതി. ഇതിനുശേഷം, രണ്ട് ഓപ്ഷനുകൾ വരും വീണ്ടെടുക്കുക (Restore), എന്നെന്നേക്കുമായി ഇല്ലാതാക്കുക (delete forever). മൊബൈൽ ഉപയോക്താക്കൾക്ക് വീണ്ടെടുക്കൽ ബട്ടൺ ലഭിക്കുന്നതിന് മൂന്ന് ഡോട്ടുകളുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യണം.
സ്റ്റെപ് 3: ഫയൽ വീണ്ടെടുക്കാൻ, നിങ്ങൾക്ക് വീണ്ടെടുക്കൽ ഓപ്ഷൻ തിരഞ്ഞെടുക്കാം. ഇതോടെ ഫയൽ തിരികെ പഴയ ഫോൾഡറിൽ എത്തും.
ഒന്നിലധികം ഫയലുകളോ ഫോൾഡറുകളോ നിങ്ങൾ ഒരേസമയം ഇല്ലാതാക്കുകയോ വീണ്ടെടുക്കുകയോ ശാശ്വതമായി ഇല്ലാതാക്കുകയോ ചെയ്താൽ, മാറ്റങ്ങൾ മനസിലാകാൻ നിങ്ങൾക്ക് സമയമെടുത്തേക്കാം എന്ന് ഗൂഗിൾ പറയുന്നു. ഗൂഗിൾ ഡ്രൈവ് ഉപയോക്താക്കൾക്ക് ഫയൽ വീണ്ടെടുക്കാൻ കഴിയുന്നില്ലെങ്കിൽ, അത് തിരികെ ലഭിക്കണമെങ്കിൽ അവർക്ക് ഒരു ഡ്രൈവ് സ്പെഷ്യലിസ്റ്റുമായി ബന്ധപ്പെടാം. ഉപയോക്താക്കൾക്ക് കമ്പനിയുമായി വിളിക്കാനോ ചാറ്റ് ചെയ്യാനോ കഴിയും. നിങ്ങൾ ഒരു ‘ഗൂഗിൾ വൺ’ അംഗമാണെങ്കിൽ, ഒരു ഗൂഗിൾ ഉത്പന്നം സംബന്ധിച്ച് സഹായം ആവശ്യമുള്ളപ്പോൾ കമ്പനിയിലെ വിദഗ്ധരുമായി സംസാരിക്കാനാകും.
ഗൂഗിൾ ഫോട്ടോസ് ചിത്രങ്ങൾ വീണ്ടെടുക്കാൻ 60 ദിവസത്തെ സമയം നൽകുന്നുണ്ട്, എന്നാൽ അതിന്റെ ഓപ്ഷൻ ഉടനടി ദൃശ്യമാകില്ല.
സ്റ്റെപ് 1: നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലോ ടാബ്‌ലെറ്റിലോ ഗൂഗിൾ ഫോട്ടോസ് ആപ്പ് തുറക്കുക.
സ്റ്റെപ് 2: സ്ക്രീനിന്റെ താഴെ ഒരു ‘ലൈബ്രറി’ (Library) ടാബ് കാണാം, അതിൽ ക്ലിക്ക് ചെയ്യുക.
സ്റ്റെപ് 3: അപ്പോൾ നിങ്ങൾക്ക് മുകളിൽ ‘ട്രാഷ്’ ഫോൾഡർ കാണാം. നിങ്ങൾ ഡിലീറ്റ് ചെയ്ത ചിത്രങ്ങൾ കാണാൻ അതിൽ ക്ലിക്ക് ചെയ്യുക.
സ്റ്റെപ് 4: നിങ്ങൾ വീണ്ടെടുക്കാൻ ആഗ്രഹിക്കുന്ന ഫയലിൽ കുറച്ചു നേരം ടച്ച് ചെയ്ത് പിടിക്കുക. അതിനുശേഷം വീണ്ടെടുക്കൽ (restore) ഓപ്ഷൻ എടുക്കുക, ആ ഫോട്ടോയോ വീഡിയോയോ തിരികെ ലഭിക്കും.
നിങ്ങൾ തിരയുന്ന ഫയൽ ട്രാഷിൽ കാണുന്നില്ലെങ്കിൽ, അതിനർത്ഥം നിങ്ങൾ അത് 60 ദിവസത്തിലധികം മുമ്പ് ട്രാഷിലേക്ക് നീക്കി അല്ലെങ്കിൽ നിങ്ങൾ ട്രാഷിൽ നിന്നും ഡിലീറ്റ് ആക്കി എന്നാണ്. നിങ്ങളുടെ ട്രാഷിൽ നിന്ന് നിങ്ങൾ അത് അറിയാതെ ഡിലീറ്റ് ചെയ്യുകയോ ഗാലറിയിൽ നിന്നും ബാക്കപ്പ് ചെയ്യാതെ ഡിലീറ്റ് ആക്കുകയോ ചെയ്തിട്ടുണ്ടാകാം.
0 Comments