Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ ലൈവ് ന്യൂസ്‌ ഗൾഫ് വാർത്തകൾ

🇸🇦കൊവിഡ് ബാധിച്ച് സൗദി അറേബ്യയിൽ ഇന്ന് 14 മരണം.

🇴🇲ഒമാനില്‍ വിസ മാറ്റത്തിനുള്ള എൻ.ഒ.സി നിയമത്തിൽ വ്യക്തത വരുത്തി തൊഴിൽ മന്ത്രാലയം.

🇴🇲ഒമാനിൽ 12 വയസിന് മുകളിലുള്ളവർക്ക് കൊവിഡ് വാക്സിൻ നൽകിത്തുടങ്ങി.

🛫വന്ദേഭാരത് മിഷൻ; ഏറ്റവും കൂടുതൽ പ്രവാസികൾ മടങ്ങിയെത്തിയത് കേരളത്തിലേക്ക്.

🇦🇪ഹിജ്റ പുതുവര്‍ഷാരംഭം; യുഎഇയിലെ പൊതു-സ്വകാര്യ മേഖലകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

🇴🇲ഒമാനിൽ 797 പേർ കൂടി കൊവിഡ് മുക്തരായി; ഇന്ന് പുതിയ രോഗികൾ 238 പേര്‍ മാത്രം.

🇦🇪India UAE Flight News: യുഎഇ യാത്രാനുമതിക്ക് അപേക്ഷിക്കേണ്ടത് എങ്ങനെ? അറിയേണ്ടതെല്ലാം.

🇦🇪യു എ ഇ: ഇന്ത്യയിൽ നിന്നുള്ള വിമാനസർവീസുകൾ സംബന്ധിച്ച് എമിറേറ്റ്സ്, ഇത്തിഹാദ് എന്നിവർ അറിയിപ്പ് പുറത്തിറക്കി.

🇶🇦ഖത്തറില്‍ ഇന്ന് 164 പേര്‍ക്ക് കോവിഡ്; 110 സമ്പര്‍ക്കത്തിലൂടെ.

🇸🇦49 രാജ്യക്കാർക്ക് ഒരു വര്‍ഷത്തേക്കുള്ള മള്‍ട്ടി എന്‍ട്രി വിസയുമായി സൗദി.

🇧🇭ബഹ്‌റൈൻ: സ്പുട്നിക് V വാക്സിന്റെ രണ്ടാം ഡോസ് ഇടവേള നീട്ടി.

🇶🇦ഖത്തർ: ഓഗസ്റ്റ് 6 മുതൽ ഓഗസ്റ്റ് 10 വരെ കോർണിഷ് സ്ട്രീറ്റ് അടച്ചിടും.

🇧🇭ബഹ്‌റൈൻ: ഹിജ്‌റ പുതുവർഷ അവധി പ്രഖ്യാപിച്ചു.

🇦🇪യു എ ഇ: COVID-19 വാക്സിനെടുത്തവർക്ക് ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകുമെന്ന് NCEMA.

🇦🇪അബുദാബി: രാത്രികാല യാത്രാ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സമയങ്ങളിൽ പെർമിറ്റ് ഇല്ലാതെ പുറത്തിറങ്ങുന്നവർക്ക് 3000 ദിർഹം പിഴ.

🇸🇦സൗദിയില്‍ മാളുകളിലെ ജോലികള്‍ സ്വദേശികള്‍ക്ക്​ മാത്രം; തീരുമാനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍.


വാർത്തകൾ വിശദമായി

🇸🇦കൊവിഡ് ബാധിച്ച് സൗദി അറേബ്യയിൽ ഇന്ന് 14 മരണം.

✒️സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് 14 മരണങ്ങൾ റിപ്പോർട്ട് ചെയ്‍തതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയതായി 1,043 പേർക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ കൊവിഡ് മുക്തി നിരക്കിൽ വർധനവുണ്ട്. നിലവിലെ രോഗാവസ്ഥയിൽ നിന്ന് 1,211 പേരാണ് സുഖം പ്രാപിച്ചത്. 

രാജ്യമാകെ ഇന്ന് 106,517 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,29,995 ആയി. ഇതിൽ 5,11,318 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,284 ആണ്. ചികിത്സയിലുള്ളവരുടെ എണ്ണം 10,393 ആയി കുറഞ്ഞു. ഇതിൽ 1,396 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.4 ശതമാനമായും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. 

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 214, റിയാദ് 192, കിഴക്കൻ പ്രവിശ്യ 169, അസീർ 126, ജീസാൻ 92, മദീന 65, ഹായിൽ 43, അൽഖസീം 39, നജ്റാൻ 39, തബൂക്ക് 19, വടക്കൻ അതിർത്തി മേഖല 18, അൽബാഹ 16, അൽജൗഫ് 11. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് 28,324,144 ഡോസായി.

🇴🇲ഒമാനില്‍ വിസ മാറ്റത്തിനുള്ള എൻ.ഒ.സി നിയമത്തിൽ വ്യക്തത വരുത്തി തൊഴിൽ മന്ത്രാലയം.

✒️ഒമാനില്‍ വിസ മാറ്റത്തിനുള്ള എന്‍.ഒ.സി നിയമത്തില്‍ വ്യക്തത വരുത്തി തൊഴില്‍ മന്ത്രാലയം. അണ്ടര്‍ സെക്രട്ടി നാസര്‍ ആമിര്‍ ശുവൈന്‍ അല്‍ ഹുസ്‌നി മുഴുവന്‍ ഗവര്‍ണറേറ്റുകളിലെയും തൊഴില്‍ മന്ത്രാലയം ഡയറക്ടര്‍മാര്‍ക്ക് അയച്ച സര്‍ക്കുലറിലാണ് തൊഴില്‍ മാറുന്നതിനുള്ള വിസാ മാറ്റത്തിനായുള്ള എന്‍.ഒ.സിയുടെ കാര്യത്തില്‍ കൃത്യത വരുത്തിയത്. 2021 ജൂലൈ 29നാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.

അഞ്ച് കാരണങ്ങള്‍ കൊണ്ട് വിദേശികള്‍ക്ക് തൊഴിലുടമയുടെ അനുമുതി ഇല്ലാതെ പുതിയ വിസയിലേക്ക് മാറാന്‍ സാധിക്കുമെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

തൊഴിലാളിയുടെ വര്‍ക്ക് പെര്‍മിറ്റ് കാലഹരണപ്പെടുകയോ തൊഴില്‍ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത കരാര്‍ അവസാനിക്കുകയോ ചെയ്യുക.
തൊഴിലുടമ തൊഴിലാളിയെ പിരിച്ചുവിടുക (ഇതിന്റെ രേഖകള്‍ തൊഴിലാളി ഹാജരാക്കണം).
തൊഴിലാളിയുടെ സേവനം മാറുന്നതിനോ പിരിച്ചുവിടുന്നതിനോ കോടതി വിധി പുറപ്പെടുവിക്കുക.
കമ്പനിയുടെ പാപ്പരത്തത്തിലോ പിരിച്ചുവിടലിലോ ഉള്ള കോടതി വിധി.
തൊഴില്‍ കരാറിന്റെ കാലാവധി കഴിയുമ്പോള്‍ മുന്‍ തൊഴിലുടമയുടെ എന്‍.ഒ.സി ഇല്ലാതെ തന്നെ പുതിയ ജോലിയിലേക്ക് മാറാന്‍ ഒമാനിലെ പ്രവാസി തൊഴിലാളിക്ക് സാധിക്കുമെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

🇴🇲ഒമാനിൽ 12 വയസിന് മുകളിലുള്ളവർക്ക് കൊവിഡ് വാക്സിൻ നൽകിത്തുടങ്ങി.

✒️ഒമാനില്‍ കൊവിഡ് വാക്സിനേഷന്‍ ക്യാമ്പുകളില്‍ പുരോഗമിക്കുന്നു. 12 വയസും അതിനു മുകളിലും പ്രായമുള്ളവര്‍ക്കുമുള്ള വാക്സിനേഷന്‍ ക്യാമ്പുകള്‍ ഇന്ന് രാവിലെ മുതൽ സജീവമായിക്കഴിഞ്ഞു. ഒമാൻ കൺവെൻഷൻ സെന്ററിൽ രാവിലെ 07:30  മുതൽ  തന്നെ വാക്സിന്‍ നൽകിത്തുടങ്ങി .

രാജ്യത്ത് ഇതിനോടകം ഇരുപതു ലക്ഷത്തിലധികം പേർക്ക് കൊവിഡ് വാക്സിന്റെ ആദ്യ  ഡോസ് ലഭിച്ചു കഴിഞ്ഞു. നാല് ലക്ഷത്തോളം പേര്‍ക്കാണ് രണ്ടു ഡോസും ലഭിച്ചു കഴിഞ്ഞതെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

🛫വന്ദേഭാരത് മിഷൻ; ഏറ്റവും കൂടുതൽ പ്രവാസികൾ മടങ്ങിയെത്തിയത് കേരളത്തിലേക്ക്.

✒️കൊവിഡ് കാലത്ത് വിദേശത്ത് നിന്ന് മടങ്ങിയവരിൽ കൂടുതൽ പേർ കേരളത്തിലെന്ന് കേന്ദ്ര സർക്കാർ. വന്ദേഭാരത് പദ്ധതി വഴി  കേരളത്തിൽ എത്തിയവരുടെ എണ്ണം 14,10,275-ആണ്. ദില്ലിയിൽ എത്തിയവരുടെ എണ്ണം പതിമൂന്ന് ലക്ഷമാണ്. ആകെ അറുപത് ലക്ഷം  പേരാണ് വിദേശത്ത് നിന്ന്  ഈ വർഷം ഏപ്രിൽ വരെ ഈ പദ്ധതി പ്രകാരം രാജ്യത്ത് എത്തിയത്. വന്ദേഭാരത് മിഷൻ വഴി കൂടുതൽ പേർ എത്തിയത് യുഎഇയിൽ നിന്നാണ് . ഇരുപത്തിയഞ്ച് ലക്ഷം പേരാണ് യുഎഇയിൽ നിന്ന് കൊവിഡ് കാലത്ത് നാട്ടിലേക്ക് വന്നത്. വിദേകാര്യമന്ത്രി എസ് ജയശങ്കർ ലോക്സഭയിൽ ഹൈബി ഈഡനെ അറിയിച്ചതാണിത്.

🇦🇪ഹിജ്റ പുതുവര്‍ഷാരംഭം; യുഎഇയിലെ പൊതു-സ്വകാര്യ മേഖലകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

✒️യുഎഇയിലെ പൊതു - സ്വകാര്യ മേഖലകള്‍ക്ക് ഹിജ്റ വര്‍ഷാരംഭത്തിന് അവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 12 വ്യാഴാഴ്‍ചയായിരിക്കും ഈ വര്‍ഷത്തെ അവധി. ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസും യുഎഇ മാനവവിഭവ ശേഷി - സ്വദേശിവത്‍കരണ മന്ത്രാലയവുമാണ് അവധി ദിനം പ്രഖ്യാപിച്ചത്. 

ഹിജ്റ കലണ്ടര്‍ അനുസരിച്ച് വര്‍ഷത്തിലെ അവസാന മാസം ദുല്‍ഹജ്ജും തൊട്ടടുത്ത വര്‍ഷത്തെ ആദ്യ മാസം മുഹറവുമാണ്. ദുല്‍ഹജ്ജ് മാസത്തില്‍ 30 ദിവസവും പൂര്‍ത്തിയാവുകയാണെങ്കില്‍ ഈ വര്‍ഷം ഓഗസ്റ്റ് 10 ചൊവ്വാഴ്‍ചയായിരിക്കും മുഹറം ഒന്ന്. എന്നാല്‍ ദുല്‍ഹജ്ജ് മാസത്തില്‍ 29 ദിവസം മാത്രമേ ഉണ്ടാവുകയുള്ളൂവെങ്കില്‍ ഓഗസ്റ്റ് 9, തിങ്കളാഴ്‍ചയായിരിക്കും മുഹറം ഒന്ന്. മാസപ്പിറവി കാണുന്നത് അനുസരിച്ചാണ് ഇത് സ്ഥിരീകരിക്കുന്നത്.

🇴🇲ഒമാനിൽ 797 പേർ കൂടി കൊവിഡ് മുക്തരായി; ഇന്ന് പുതിയ രോഗികൾ 238 പേര്‍ മാത്രം.

✒️ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 797 പേർക്കുകൂടി കൊവിഡ് രോഗം ഭേദമായിയെന്നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിനോടകം രാജ്യത്ത്  2,81,724  പേരിലാണ് കൊവിഡ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതേസമയം ഇന്ന് 238 പേർക്ക് മാത്രമാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,97,724 ആയി.

കഴിഞ്ഞ 24  മണിക്കൂറിൽ 12 കോവിഡ് മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 3889  പേരാണ് കൊവിഡ്  മൂലം ഒമാനിൽ മരണപ്പെട്ടിട്ടുള്ളത്. രാജ്യത്തെ കൊവിഡ്  രോഗമുക്തി നിരക്ക്  ഇപ്പോള്‍ 94.6 ശതമാനമായി ഉയർന്നിട്ടുണ്ട്. നിലവിൽ 434 കൊവിഡ് രോഗികളാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇവരില്‍ തീവ്രപരിചരണ  വിഭാഗത്തിലുള്ളവര്‍ 194 പേരാണ്.

🇦🇪India UAE Flight News: യുഎഇ യാത്രാനുമതിക്ക് അപേക്ഷിക്കേണ്ടത് എങ്ങനെ? അറിയേണ്ടതെല്ലാം.

✒️പ്രവാസികൾക്ക് ആശ്വാസമായി യുഎയിലേക്കുള്ള യാത്രവിലക്ക് നീങ്ങിയിരിക്കുകയാണ്. ഇന്ത്യ ഉൾപ്പടെ ആറ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ വിലക്കാണ് യുഎഇ ഇന്നലെ നീക്കിയത്.

യുഎഇ റെസിഡൻസി പെർമിറ്റുള്ളവർക്ക് ഓഗസ്റ്റ് അഞ്ചു മുതൽ മടങ്ങാനാകും. യുഎഇയിൽനിന്നും കോവിഡ് വാക്സിന്റെ രണ്ടു ഡോസും എടുത്തവർക്കാണ് മടങ്ങാനാവുക. വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് യാത്രാനുമതിയ്ക്കായി സമർപ്പിക്കണം. ചില തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്ന വാക്സിൻ എടുക്കാത്തവർക്കും യാത്ര അനുമതിയുണ്ട്.

🔰ആർക്കൊക്കെയാണ് മടങ്ങാനാവുക?

ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ യാത്രാവിലക്ക് ആണ് നീങ്ങിയിരിക്കുന്നത്. ഈ രാജ്യങ്ങളിൽനിന്നുള്ള, യുഎഇയിൽനിന്ന് കോവിഡ് വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ച് പതിനാല് ദിവസം പൂർത്തിയായവർക്കാണ് യാത്രാനുമതി ലഭിക്കുക. ഇവർ യുഎഇയിൽ വാക്സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റ് നൽകണം.

ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ളവര്‍, യുഎഇയിലെ സ്‌കൂളുകളിലും യൂണിവേഴ്‌സിറ്റിയിലും ജോലി ചെയ്യുന്ന അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, യുഎഇയില്‍നിന്ന് ഏതെങ്കിലും തരത്തിലുള്ള ചികിത്സകള്‍ സ്വീകരിക്കേണ്ടവര്‍, സര്‍ക്കാര്‍ ഏജന്‍സികളിലോ ഫെഡറല്‍ ഏജന്‍സികളിലോ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്ക് വാക്‌സിന്‍ എടുത്തിട്ടില്ലെങ്കിലും യാത്ര ചെയ്യാം.

വാക്സിൻ എടുക്കാതെ യാത്ര ചെയ്യുന്നവർ 48 മണിക്കൂറിനുള്ളില്‍ നേടിയ പിസിആര്‍ നെഗറ്റീവ് പരിശോധന ഫലം കൈയിൽ കരുതണം. ഇതുകൂടാതെ വിമാനത്തില്‍ കയറുന്നതിനു മുന്‍പായി റാപ്പിഡ് ആന്റിജൻ ടെസ്റ്റ് എടുക്കുകയും നിര്‍ദേശിച്ചുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണം. യുഎഇയില്‍ എത്തിയശേഷം പിസിആര്‍ പരിശോധനയും ക്വാറന്റൈനും നിർബന്ധമാണ്.

അതേസമയം, ഇന്ത്യ അനുമതി നൽകിയിരിക്കുന്ന സ്പുട്നിക്, കോവിഷീൽഡ്‌ വാക്സിനുകൾ ഉൾപ്പടെ എട്ടോളം വാക്സിനുകൾക്ക് യുഎഇ അംഗീകാരം നൽകിയിട്ടുണ്ട്. എന്നാൽ ഇവ സ്വീകരിച്ചവർക്ക് ഇപ്പോള്‍ യാത്രാ അനുമതിയുണ്ടോ എന്നതിൽ വ്യക്തതയില്ല.

🔰എങ്ങനെയാണ് യാത്രാ അനുമതിക്ക് അപേക്ഷിക്കുക?

യാത്രാനുമതിയ്ക്കായി ഫെഡറല്‍ ഇമിഗ്രേഷന്‍ ഡിപ്പാർട്മെന്റ്, ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് എന്നിവയുടെ വെബ്‌സൈറ്റിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കുമ്പോൾ പാസ്പോർട്ട് വിവരങ്ങൾ, വാക്‌സിൻ വിവരങ്ങൾ, പിസിആർ പരിശോധന ഫലം എന്നിവ നൽകണം.

*സ്റ്റെപ് 1: അപേക്ഷകന്റെ വിവരങ്ങൾ പൂരിപ്പിക്കുക:*

അപേക്ഷകന്റെ വിവരങ്ങളായ പേര്, ജനന തിയതി, ജനന സ്ഥലം, ലിംഗം, എത്താൻ ഉദ്ദേശിക്കുന്ന തിയതി, സ്ഥലം, പുറപ്പെടുന്ന സ്ഥലം, ഇ-മെയിൽ എന്നിവ രേഖപ്പെടുത്തുക.


നിങ്ങളുടെ ഇ-മെയിലിൽ ഒരു ക്യൂആർ കോഡ് ലഭിക്കും.

🔰സ്റ്റെപ് 2: പാസ്പോർട്ട് വിവരങ്ങൾ നൽകുക.

ഏത് പാസ്പോർട്ട്, കാലാവധി തീരുന്ന തിയതി, പാസ്പോർട്ട് എടുത്ത തിയതി, നമ്പർ, പാസ്പോർട്ട് എടുത്ത രാജ്യം.

🔰സ്റ്റെപ് 3: യുഎഇയിലെ വിലാസം നൽകുക.

യുഎഇയിലെ മേൽവിലാസം ഫോൺ നമ്പർ സഹിതം നൽകുക.

🔰സ്റ്റെപ് 4: കോവിഡ് പരിശോധന നടത്തിയ വിവരങ്ങൾ നൽകുക.

യുഎഇ താമസക്കാർക്ക് തിരഞ്ഞെടുക്കാവുന്ന എട്ട് വാക്സിനുകളുടെ ഒരു പട്ടിക നൽകിയിട്ടുണ്ട്. സ്പുട്നിക്ക്, ജാൻസൻ (ജോൺസൺ ആൻഡ് ജോൺസൺ), മൊഡേണ, നോവാവാക്സ്, ഓക്സ്ഫോർഡ് യൂനി ആസ്ട്രസെനെക്ക, ഫൈസർ ബയോ എൻടെക്, സിനോഫാം, സിനോവാക് (കൊറോണവാക്) എന്നിവയാണ് അതിൽ നൽകിയിരിക്കുന്നത്.

അപേക്ഷകർ അവരുടെ ആദ്യത്തെയും രണ്ടാമത്തെയും ഡോസുകൾ സ്വീകരിച്ച തിയതികൾ പൂരിപ്പിക്കണം. പിസിആർ ടെസ്റ്റ് തിയതി, ടെസ്റ്റ് ഫലം ലഭിച്ച തീയതി എന്നിവയും സൂചിപ്പിക്കണം.

🔰സ്റ്റെപ്പ് 5: രേഖകൾ അപ്‌ലോഡ് ചെയ്യുക

പാസ്‌പോർട്ട് ഫൊട്ടോ, വ്യക്തിഗത ചിത്രം, പിസിആർ ടെസ്റ്റ് ഫലങ്ങൾ എന്നിവ അപ്‌ലോഡ് ചെയ്യണം. കോവിഡ് വാക്സിനേഷൻ കാർഡ് ഓപ്ഷണൽ ആണ്.

🔰സ്റ്റെപ്പ് 6: ഡിക്ലറേഷൻ

യുഎഇ ആരോഗ്യ നിയമങ്ങൾ പൂർണമായി പാലിക്കുന്നുവെന്നും അറ്റാച്ച് ചെയ്ത എല്ലാ രേഖകളും ശരിയാണെന്നും സ്ഥിരീകരിക്കുന്ന ഡിക്ലറേഷൻ ബട്ടണിൽ ക്ലിക്ക് ചെയ്യുക.

🔰സ്റ്റെപ് 7: ‘സെൻഡ്’ കൊടുക്കുക

*ടിക്കറ്റ് വിവരങ്ങൾ*

അബുദാബി ആസ്ഥാനമായ എത്തിഹാദ് എയര്‍വെയ്‌സ് ഓഗസ്റ്റ് 18 മുതലുള്ള ടിക്കറ്റുകളാണ് വെബ്‌സൈറ്റില്‍ കാണിക്കുന്നത്. കൊച്ചിയില്‍നിന്ന് അബുദാബിയിലേക്ക് ഇക്കണോമി ക്ലാസിനു 18,19 തിയതികളില്‍ 70,684 രൂപയും 20,21,22 തിയതികളില്‍ 71,860 രൂപയും 25 മുതല്‍ 30 വരെ 51,878 രൂപയുമാണ് നിലവില്‍ വെബ്‌സൈറ്റില്‍ കാണിക്കുന്ന നിരക്ക്. സെപ്റ്റംബര്‍ അവസാനം ആകുമ്പോഴേക്കും ടിക്കറ്റ് നിരക്ക് കോവിഡിനു മുന്പുളള നിരക്കിൽ എത്തുന്നതായാണു കാണിക്കുന്നത്.

എമിറേറ്റ്‌സ് ഓഗസ്റ്റ് ഒന്‍പതു മുതലാണു ടിക്കറ്റ് ബുക്കിങ് കാണിക്കുന്നത്. ഒന്‍പത്, 10,11 തിയതികളില്‍ കൊച്ചിയില്‍നിന്ന് ദുബായിലേക്ക് ഇക്കോണമി ക്ലാസിന് 1,31,120 രൂപയാണു നിലവിലെ നിരക്ക്. 15ന് 92,749 രൂപയും 16നു 89,837 രൂപയിലുമെത്തുന്ന നിരക്ക് 23 മുതല്‍ 25 വരെ വീണ്ടും ഒരു ലക്ഷം കടക്കും. 26നു 61,750 രൂപയിലെത്തി മാസാവസനാത്തോടെ മുപ്പതിനായിരത്തിനു താഴെയായും സെപ്റ്റംബര്‍ 20 മുതല്‍ പതിനായിരത്തിനു താഴെയായും ടിക്കറ്റ് വില കുറയുന്നുണ്ട്.

എയർ ഇന്ത്യ എക്‌സ്‌പ്രസ് അഞ്ചാം തിയതി മുതൽ യുഎഎയിലേക്ക് യാത്ര ചെയ്യാമെന്ന വിവരം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. വെബ്‌സൈറ്റിൽ ആറ് മുതൽ ബുക്കിങ് കാണിക്കുന്നുണ്ട്. അബുദാബിയിലേക്കുള്ള എക്‌സ്‌പ്രസ് വാല്യൂ ടിക്കറ്റിന് 27,040 രൂപ മുതലാണ് നിരക്ക് കാണിക്കുന്നത്. മാസാവസാനത്തോടെ കുറഞ്ഞ നിരക്ക് 23,000ത്തിലേക്ക് എത്തുന്നുണ്ട്. എന്നാൽ ആദ്യ ഒരാഴ്ചയിലെ ടിക്കറ്റ് വില്പന പൂർത്തിയായതായാണ് കാണിക്കുന്നത്.

🇦🇪യു എ ഇ: ഇന്ത്യയിൽ നിന്നുള്ള വിമാനസർവീസുകൾ സംബന്ധിച്ച് എമിറേറ്റ്സ്, ഇത്തിഹാദ് എന്നിവർ അറിയിപ്പ് പുറത്തിറക്കി.

✒️ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള, NCEMA മാനദണ്ഡങ്ങൾ പ്രകാരം സാധുതയുള്ള റെസിഡൻസി വിസക്കാർക്കായി യാത്രാസേവനങ്ങൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച നടപടികൾ പുരോഗമിക്കുന്നതായി ഇത്തിഹാദ് അറിയിച്ചു. യു എ ഇയിൽ നിന്ന് രണ്ട് ഡോസ് COVID-19 വാക്സിനെടുത്ത സാധുതയുള്ള റെസിഡൻസി വിസകളിലുള്ള പ്രവാസികൾക്കും, വാക്സിനെടുക്കാത്ത ഏതാനം വിഭാഗം പ്രവാസികൾക്കും 2021 ഓഗസ്റ്റ് 5 മുതൽ പ്രത്യേക മാനദണ്ഡങ്ങളോടെ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് യു എ ഇയിലേക്ക് തിരികെയെത്താൻ യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) ഓഗസ്റ്റ് 3-ന് അനുമതി നൽകിയ പശ്ചാത്തലത്തിലാണ് ഇത്തിഹാദ് ഈ അറിയിപ്പ് നൽകിയത്.

“നിലവിൽ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള സാധാരണ യാത്രാ വിമാനങ്ങൾക്കുള്ള വിലക്കുകൾ ഓഗസ്റ്റ് 15 വരെ തുടരുന്നതാണ്. എന്നാൽ, ഓഗസ്റ്റ് 5 മുതൽ അര്‍ഹതയുള്ള യാത്രികർക്കായി ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള വിമാനസർവീസുകൾ പുനരാരംഭിക്കാനാകുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.”, ഇന്ത്യയിലേക്കുള്ള യാത്രാ സംബന്ധിയായ ചോദ്യങ്ങൾക്ക് മറുപടിയായി ഓഗസ്റ്റ് 4, ബുധനാഴ്ച്ച രാവിലെ ഇത്തിഹാദ് കസ്റ്റമർ സർവീസ് ട്വിറ്ററിലൂടെ വ്യക്തമാക്കി.

https://www.etihad.com/en/travel-updates/all-destinations-travel-guides എന്ന വിലാസത്തിൽ നൽകിയിട്ടുള്ള യാത്രാ മാനദണ്ഡങ്ങൾ പ്രകാരം, അര്‍ഹതയുള്ള യാത്രികർക്ക് ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക മുതലായ രാജ്യങ്ങളിൽ നിന്ന് യു എ യിലേക്ക് എത്രയും പെട്ടന്ന് യാത്രാ സേവനങ്ങൾ നൽകുന്നതിനായുള്ള നടപടികൾ കൈക്കൊണ്ട് വരികയാണെന്നും ഇത്തിഹാദ് അറിയിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 5 മുതൽ അർഹതയുള്ള യാത്രികർക്ക് ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് യാത്രാ സേവനങ്ങൾ നൽകുമെന്ന് എമിറേറ്റ്സ്:

“2021 ഓഗസ്റ്റ് 5 മുതൽ, ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് യാത്ര ചെയ്യാൻ അർഹതയുള്ള വിഭാഗം യാത്രികർക്ക് ഞങ്ങൾ യാത്രാ സേവനങ്ങൾ നൽകുന്നതാണ്. യു എ ഇയിലൂടെ ട്രാൻസിറ്റ് യാത്രികരായി സഞ്ചരിക്കാൻ അർഹതയുള്ളവർക്കും യാത്രാ സേവനങ്ങൾ നൽകുന്നതാണ്. ഇത്തരം വിഭാഗങ്ങളുടെ യാത്രാ മാനദണ്ഡങ്ങൾ, നടപടിക്രമങ്ങൾ എന്നിവ സംബന്ധിച്ച്, അവ ലഭ്യമാകുന്ന ഉടനെ, ഞങ്ങളുടെ യാത്രാ നിബന്ധനകൾ പ്രസിദ്ധീകരിക്കുന്ന വെബ്‌പേജിലൂടെ പ്രത്യേക അറിയിപ്പ് നൽകുന്നതാണ്.”, ഇന്ത്യയിലേക്കുള്ള യാത്രാ സംബന്ധിയായ ചോദ്യങ്ങൾക്ക് മറുപടിയായി ഓഗസ്റ്റ് 4, ബുധനാഴ്ച്ച രാവിലെ എമിറേറ്റ്സ് കസ്റ്റമർ സർവീസ് ട്വിറ്ററിലൂടെ അറിയിച്ചു.

https://www.emirates.com/ae/english/help/travel-updates/#4466 എന്ന വിലാസത്തിൽ 2021 ഓഗസ്റ്റ് 3-ന് വൈകീട്ട് നൽകിയിട്ടുള്ള എമിറേറ്റ്സ് യാത്രാ നിബന്ധനകൾ പ്രകാരം, ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, നൈജീരിയ, ഉഗാണ്ട, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്ന് അർഹതയുള്ള വിഭാഗം യാത്രികർക്ക് 2021 ഓഗസ്റ്റ് 5 മുതൽ യു എ ഇയിലേക്ക് യാത്രാനുമതി നൽകിയിട്ടുണ്ട്.

യു എ ഇ: ഓഗസ്റ്റ് 5 മുതൽ ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള റെസിഡൻസി വിസകളിലുള്ളവർക്ക് പ്രത്യേക മാനദണ്ഡങ്ങളോടെ പ്രവേശനം അനുവദിക്കും.

ഓഗസ്റ്റ് 5 മുതൽ ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്ന സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവരും, യു എ ഇയിൽ നിന്ന് COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവരായവരുമായവർക്കും, വാക്സിനെടുത്തവരും, അല്ലാത്തവരുമായ ഏതാനം വിഭാഗം സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവർക്കും നിബന്ധനകളോടെ പ്രവേശനം അനുവദിക്കുമെന്ന് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) ഓഗസ്റ്റ് 3, ചൊവ്വാഴ്ച്ച വൈകീട്ട് അറിയിച്ചിരുന്നു.

ഇത്തരം യാത്രികർ രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് 14 ദിവസം പൂർത്തിയായിരിക്കണം. ഈ വിഭാഗങ്ങളിൽപ്പെടുന്നവരെല്ലാം ഫെഡറൽ അതോറിറ്റി ഫോർ ഐഡന്ററ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ വെബ്സൈറ്റിലൂടെ പ്രവേശനാനുമതി ലഭിക്കുന്നതിന് അപേക്ഷിക്കേണ്ടതാണ്.

യു എ ഇയിൽ നിന്ന് രണ്ട് ഡോസ് COVID-19 വാക്സിനെടുത്ത സാധുതയുള്ള റെസിഡൻസി വിസകളിലുള്ള പ്രവാസികൾക്കും, വാക്സിനെടുക്കാത്ത ഏതാനം വിഭാഗം പ്രവാസികൾക്കും 2021 ഓഗസ്റ്റ് 5 മുതൽ ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് തിരികെയെത്താൻ അനുവദിച്ച പ്രവേശന ഇളവുകളെ അബുദാബിയിലെ ഇന്ത്യൻ എംബസി സ്വാഗതം ചെയ്തിട്ടുണ്ട്.

🇦🇪യു എ ഇ: റെസിഡൻസി വിസകളിലുള്ളവർക്കനുവദിച്ച പ്രവേശന ഇളവുകൾ സ്വാഗതം ചെയ്ത് ഇന്ത്യൻ എംബസി.

✒️യു എ ഇയിൽ നിന്ന് രണ്ട് ഡോസ് COVID-19 വാക്സിനെടുത്ത സാധുതയുള്ള റെസിഡൻസി വിസകളിലുള്ള പ്രവാസികൾക്കും, വാക്സിനെടുക്കാത്ത ഏതാനം വിഭാഗം പ്രവാസികൾക്കും 2021 ഓഗസ്റ്റ് 5 മുതൽ ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് തിരികെയെത്താൻ അനുവദിച്ച പ്രവേശന ഇളവുകളെ അബുദാബിയിലെ ഇന്ത്യൻ എംബസി സ്വാഗതം ചെയ്തു.

🇶🇦ഖത്തറില്‍ ഇന്ന് 164 പേര്‍ക്ക് കോവിഡ്; 110 സമ്പര്‍ക്കത്തിലൂടെ.

✒️ഖത്തറില്‍ ഇന്ന് 164 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 54 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 110 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 156 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 2,24,285 ആയി.

അതേസമയം, രാജ്യത്ത് ഇന്ന് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തെ ആകെ മരണം 601 ആണ്. 1,988 പേരാണ് രാജ്യത്ത് നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. ഇന്ന് 3 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 71 പേരാണ് നിലവില്‍ ആശുപത്രിയിലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 13,605 ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് വാക്‌സിനേഷന്‍ കാംപയിന്‍ ആരംഭിച്ചതിനു ശേഷം 38,72,889 ഡോസ് വാക്‌സിനുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്.

🇸🇦49 രാജ്യക്കാർക്ക് ഒരു വര്‍ഷത്തേക്കുള്ള മള്‍ട്ടി എന്‍ട്രി വിസയുമായി സൗദി.

✒️റിയാദ്: ഒരു വര്‍ഷത്തേക്കുള്ള മള്‍ട്ടി എന്‍ട്രി വിസയുമായി സൗദി അറേബ്യ. 49 രാജ്യക്കാര്‍ക്കാണ് എളുപ്പത്തില്‍ സ്വന്താമാക്കാവുന്ന ഈ ടൂറിസ്റ്റ് വിസ ലഭ്യമാവുക. എന്നാല്‍ ഈ വിസയില്‍ വരുന്നവര്‍ തുടര്‍ച്ചയായി 90 ദിവസത്തില്‍ കൂടുതല്‍ രാജ്യത്ത് തങ്ങരുത് എന്ന് നിബന്ധനയുണ്ട്. ഇവയില്‍ അധികവും യുറോപ്യന്‍, നോര്‍ത്ത് അമേരിക്കന്‍ രാജ്യങ്ങളാണ്. ചൈന, ജപ്പാന്‍, സിംഗപ്പൂര്‍, മലേഷ്യ തുടങ്ങി ഏതാനും ഏഷ്യന്‍ രാജ്യങ്ങളും കൂട്ടത്തിലുണ്ട്. വലിയ നടപടിക്രമങ്ങളൊന്നുമില്ലാതെ എളുപ്പത്തില്‍ ലഭ്യമാവുമെന്നതാണ് ഈ ടൂറിസ്റ്റ് വിസയുടെ സവിശേഷത. ടൂറിസ്റ്റ് വിസയില്‍ രാജ്യത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ visitsaudi.com വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കണം. പൂര്‍ണമായി വാക്‌സിന്‍ എടുത്ത ടൂറിസ്റ്റുകള്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ ഇല്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാം. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സൗദിയില്‍ പ്രവേശിക്കുമ്പോള്‍ പ്രദര്‍ശിപ്പിക്കണം. അതോടൊപ്പം സൗദിയിലേക്ക് വിമാനം കയറുന്നതിന് 72 മണിക്കൂറിനകം നടത്തിയ ആര്‍.ടി.പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും വേണം.

https://muqeem.sa/#/vaccine-registration/home എന്ന ലിങ്കിലും തവക്കല്‍നാ ആപ്പിലും വാക്‌സിനേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ യാത്ര പുറപ്പെടുന്നതിന് മുമ്പായി അപ്ലോഡ് ചെയ്യണം. ഏതാനും ദിവസത്തേക്ക് സൗദിയില്‍ എത്തുന്നവര്‍ക്കും രജിസ്റ്റര്‍ ചെയ്യാനും വിവരങ്ങള്‍ അപ്ലോഡ് ചെയ്യാനും പാകത്തില്‍ തവക്കല്‍നാ ആപ്പ് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.

ഷോപ്പിംഗ് മാളുകള്‍, സിനിമാ തിയറ്ററുകള്‍, റെസ്റ്റൊറന്റുകള്‍, വിനോദ കേന്ദ്രങ്ങള്‍ തുടങ്ങിയ പൊതു ഇടങ്ങളിലെ പ്രവേശനത്തിന് വിനോദ സഞ്ചാരികള്‍ തവക്കല്‍നാ ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ് കാണിക്കണമെന്നും വ്യവസ്ഥയുണ്ട്. അതേസമയം, ടൂറിസ്റ്റ് വിസയില്‍ എത്തുന്നവര്‍ക്ക് ഉംറ തീര്‍ഥാടനം നിര്‍വഹിക്കാനും അവസരം നല്‍കും.

സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഫൈസര്‍, ഓക്‌സ്‌ഫോഡ് ആസ്ട്രസെനക്ക, മൊഡേണ എന്നിവയുടെ രണ്ട് ഡോസുകളോ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്‌സിന്റെ ഒരു ഡോസോ സ്വീകരിച്ചവരെയാണ് പൂര്‍ണമായി വാക്‌സിനേഷന്‍ ലഭിച്ചവരായി കണക്കാക്കപ്പെടുക.

സിനോഫാം വാക്‌സിന്റെ രണ്ടു ഡോസുകള്‍ ലഭിച്ചവരാണെങ്കില്‍ നേരത്തേ പറഞ്ഞ ഏതെങ്കിലും വാക്‌സിന്റെ ഒരു ഡോസ് കൂടി ബൂസ്റ്റര്‍ ഡോസായി സ്വീകരിച്ചവരാണെങ്കില്‍ മാത്രമേ പ്രവേശനം അനുവദിക്കൂ എന്നും ടൂറിസം മന്ത്രാലയം പ്രസ്താവനില്‍ വ്യക്തമാക്കി.

ഇനിപ്പറയുന്ന രാജ്യങ്ങളിലെ പൗരന്മാർക്ക് ടൂറിസ്റ്റ് വിസ ലഭിക്കാൻ അർഹതയുള്ളവരുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്
: യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക, കാനഡ, അൻഡോറ, ഓസ്ട്രിയ, ബെൽജിയം, ബൾഗേറിയ, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്, എസ്റ്റോണിയ, ഫിൻലാൻഡ്, ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, നെതർലാന്റ്സ്, ഹംഗറി . ബ്രൂണൈ, ചൈന (ഹോങ്കോങ്ങും മക്കാവുവും ഉൾപ്പെടെ), ജപ്പാൻ, കസാക്കിസ്ഥാൻ, മലേഷ്യ, സിംഗപ്പൂർ, ദക്ഷിണ കൊറിയ, ഓഷ്യാനിയ, ഓസ്ട്രേലിയ, ന്യൂസിലാന്റ്.

🇧🇭ബഹ്‌റൈൻ: സ്പുട്നിക് V വാക്സിന്റെ രണ്ടാം ഡോസ് ഇടവേള നീട്ടി.

✒️രാജ്യത്തെ കൊറോണ വൈറസ് വാക്സിനേഷൻ നടപടികളുടെ ഭാഗമായി സ്പുട്നിക് V COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചിട്ടുള്ളവരുടെ രണ്ടാം ഡോസ് ഇടവേള നീട്ടിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്പുട്നിക് V വാക്സിൻ വിതരണത്തിൽ നേരിടുന്ന കാലതാമസം മൂലമാണ് ഈ തീരുമാനമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.

സ്പുട്നിക് V വാക്സിൻ നിർമ്മാണം, വിതരണം എന്നിവയുമായി ബന്ധപ്പെട്ട കാലയളവ് പുനഃക്രമീകരിച്ചതായി വാക്സിൻ നിർമ്മാതാക്കൾ അറിയിച്ചതായി മന്ത്രാലയം വ്യക്തമാക്കി. രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കുന്നതിൽ നേരിടുന്ന കാലതാമസം വാക്സിനിന്റെ സഫലതയെ ബാധിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

കൂടുതൽ ഡോസ് സ്പുട്നിക് V വാക്സിൻ ബഹ്‌റൈനിലെത്തുന്നത് വരെയാണ് ഈ ഇടവേള നീട്ടിയിട്ടുള്ളതെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഈ വാക്സിൻ കൂടുതൽ ഡോസ് രാജ്യത്തെത്തുന്നതിനനുസരിച്ച് രണ്ടാം ഡോസ് ലഭിക്കേണ്ടവർക്ക് ‘BeAware’ ആപ്പിലൂടെ വാക്സിനെടുക്കുന്നതിനുള്ള പുതുക്കിയ തീയതി അറിയിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

🇶🇦ഖത്തർ: ഓഗസ്റ്റ് 6 മുതൽ ഓഗസ്റ്റ് 10 വരെ കോർണിഷ് സ്ട്രീറ്റ് അടച്ചിടും.

✒️നിർമ്മാണ പ്രവർത്തനങ്ങൾക്കായി 2021 ഓഗസ്റ്റ് 6, വെള്ളിയാഴ്ച്ച മുതൽ ഓഗസ്റ്റ് 10, ചൊവ്വാഴ്ച്ച വരെ കോർണിഷ് സ്ട്രീറ്റിൽ ഇരുവശത്തേക്കും ഗതാഗതം നിർത്തിവെക്കുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. 2021 ഓഗസ്റ്റ് 6-ന് 12:00am മുതൽ ഓഗസ്റ്റ് 10-ന് 5am വരെയാണ് കോർണിഷ് സ്ട്രീറ്റിൽ താത്കാലിക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.

ഓഗസ്റ്റ് 3-നാണ് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ചേർന്നാണ് ഈ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.

കോർണിഷ് സ്ട്രീറ്റ് വിപുലീകരണവുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനാണ് ഈ ഗതാഗത നിയന്ത്രണങ്ങൾ. ഇതിന്റ ഭാഗമായി കോർണിഷ് സ്ട്രീറ്റ് അടച്ചിടുന്നതിനൊപ്പം, സമീപപ്രദേശങ്ങളിലുള്ള അൽ ബിദ്‌ദാ പാർക്ക്, അൽ ദിവാൻ സ്ട്രീറ്റ്, അൽ റുമൈല, ഗ്രാൻഡ് ഹമദ് സ്ട്രീറ്റ് എന്നിവിടങ്ങളിലും ഭാഗിക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണ്.

ഈ റോഡുകളിൽ കാൽനടക്കാർക്ക് പ്രവേശനം അനുവദിക്കുന്നതാണ്. സ്വകാര്യ വാഹനങ്ങൾ അനുവദിക്കുന്നതല്ല. എന്നാൽ, ഈ മേഖലയിലെ സഞ്ചാരം സുഗമമാക്കുന്നതിനായി, ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്ന കാലയളവിൽ, മെട്രോ ഉൾപ്പടെയുള്ള പൊതു ഗതാഗത സംവിധാനങ്ങൾ പ്രവർത്തിക്കുന്നതാണ്.

കോർണിഷ് റോഡിലെ ഗതാഗത നിയന്ത്രണങ്ങൾ കണക്കിലെടുത്ത്, 2021 ഓഗസ്റ്റ് 6, വെള്ളിയാഴ്ച്ച ഉൾപ്പടെ കോർണിഷ് റോഡിലെ താത്‌കാലിക ഗതാഗത നിയന്ത്രണം നിലനിൽക്കുന്ന മുഴുവൻ ദിനങ്ങളിലും ദോഹ മെട്രോ പ്രവർത്തിക്കുമെന്ന് ഖത്തർ റെയിൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വൈകീട്ട് 2 മണി മുതൽ രാത്രി 11:59 വരെയാണ് ഓഗസ്റ്റ് 6-ന് ദോഹ മെട്രോ പ്രവർത്തിപ്പിക്കുന്നത്.

ഇതിന് പുറമെ, ദഫ്ന പാർക്ക്, സിറ്റി സെന്റർ, QNCC, ഹോട്ടൽ പാർക്ക്, ദോഹ ഫിഷിങ്ങ് പോർട്ട്, സൗഖ് വാഖിഫ് എന്നിവിടങ്ങളിലെ പൊതു ഗതാഗതത്തിനുള്ള ബസ് സ്റ്റേഷനുകളും പ്രവർത്തിക്കുന്നതാണ്. ഓരോ 10-15 മിനിറ്റ് ഇടവേളകളിലും ബസ് സർവീസ് ഉണ്ടായിരിക്കുന്നതാണ്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2 മുതൽ രാത്രി 11:59 വരെയും, ശനി, ഞായർ ദിനങ്ങളിൽ രാവിലെ 6 മുതൽ രാത്രി 11 വരെയും ബസുകൾ ഉണ്ടായിരിക്കുന്നതാണ്.

🇧🇭ബഹ്‌റൈൻ: ഹിജ്‌റ പുതുവർഷ അവധി പ്രഖ്യാപിച്ചു.

✒️രാജ്യത്തെ ഈ വർഷത്തെ ഹിജ്‌റ പുതുവർഷ അവധി സംബന്ധിച്ച് ബഹ്‌റൈൻ കിരീടാവകാശിയും, പ്രധാനമന്ത്രിയുമായ H.R.H. പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ വിജ്ഞാപനം പുറത്തിറക്കി. ഓഗസ്റ്റ് 3-നാണ് ബഹ്‌റൈൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, 2021 ഓഗസ്റ്റ് 9, തിങ്കളാഴ്ച്ച ബഹ്‌റൈനിലെ പൊതു മേഖലയിൽ അവധിയായിരിക്കും. ബഹ്‌റൈനിലെ സർക്കാർ സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഈ അവധി ബാധകമാണ്.

🇦🇪യു എ ഇ: COVID-19 വാക്സിനെടുത്തവർക്ക് ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകുമെന്ന് NCEMA.

✒️രാജ്യത്ത് COVID-19 വാക്സിൻ സ്വീകരിച്ചവർക്ക്, രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് സ്വീകരിക്കാമെന്ന് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു. ഓഗസ്റ്റ് 3-ന് രാത്രി നടന്ന പത്രസമ്മേളനത്തിലാണ് NCEMA ഇക്കാര്യം അറിയിച്ചത്.

വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുള്ളവർക്ക് രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് സ്വീകരിക്കാമെന്നും NCEMA വ്യക്തമാക്കി. പ്രായമായവർ, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുള്ളവർ തുടങ്ങിയ വിഭാഗങ്ങൾക്ക് ബൂസ്റ്റർ ഡോസിന് മുൻഗണന നൽകുമെന്ന് അബുദാബി ഹെൽത്ത് സർവീസസ് കമ്പനി പ്രതിനിധി ഡോ. നൗറ അൽ ഖൈത്തി വ്യക്തമാക്കി.

ഇത്തരം ബൂസ്റ്റർ കുത്തിവെപ്പുകൾ രോഗപ്രതിരോധ ശേഷി ഉയർത്തുന്നതിൽ ഏറെ പ്രയോജനകരമാണെന്ന് അവർ കൂട്ടിച്ചേർത്തു. ഈ നടപടി രാജ്യത്തെ വൈറസ് വ്യാപനം കുറയ്ക്കുന്നതിന് സഹായിക്കുമെന്നും അവർ അറിയിച്ചു. വിദേശയാത്രയ്ക്ക് മുൻപായി COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാൻ പൊതുജനങ്ങളോട് അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്.

🇦🇪അബുദാബി: രാത്രികാല യാത്രാ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സമയങ്ങളിൽ പെർമിറ്റ് ഇല്ലാതെ പുറത്തിറങ്ങുന്നവർക്ക് 3000 ദിർഹം പിഴ.

✒️എമിറേറ്റിൽ ദിനവും ദേശീയ അണുനശീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന സമയങ്ങളിൽ പ്രത്യേക മൂവേമെന്റ് പെർമിറ്റ് കൂടാതെ പുറത്തിറങ്ങുന്നവർക്ക് 3000 ദിർഹം പിഴ ചുമത്തുമെന്ന മുന്നറിയിപ്പ് അബുദാബി പോലീസ് ആവർത്തിച്ചു. അബുദാബിയിൽ 2021 ജൂലൈ 19 മുതൽ ദേശീയ അണുനശീകരണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചിരുന്നു.

ഇതിന്റെ ഭാഗമായി ദിനവും രാത്രി 12 മണിമുതൽ രാവിലെ 5 മണിവരെ അണുനശീകരണ പ്രവർത്തനങ്ങളും, ശുചീകരണ നടപടികളും നടപ്പിലാക്കി വരികയാണ്. ഈ നടപടികൾ തുടരുന്നതായും, അണുനശീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന രാത്രി 12 മണി മുതൽ രാവിലെ 5 മണിവരെ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തി. ദിനവും രാത്രി ഏർപ്പെടുത്തുന്ന ഈ അഞ്ച് മണിക്കൂർ കർഫ്യു സമയങ്ങളിൽ വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം, പൊതുഗതാഗതം എന്നിവ അനുവദിക്കുന്നതല്ലെന്നും, കർഫ്യു കാലയളവിൽ പൊതുജനങ്ങൾ തങ്ങളുടെ വീടുകളിൽ തുടരണമെന്നും അധികൃതർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

ദിനവും രാത്രി 12 മണി മുതൽ രാവിലെ 5 മണിവരെ യാത്രാ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന കാലയളവിൽ മരുന്ന്, ഭക്ഷണം മുതലായ അവശ്യസാധനങ്ങൾ വാങ്ങുന്നതിനും മറ്റും വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നതിന് അബുദാബി പൊലീസിൽ നിന്നുള്ള മൂവ്മെന്റ് പെർമിറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. https://www.adpolice.gov.ae/en/pages/home.aspx എന്ന വിലാസത്തിൽ നിന്ന് ഇത്തരം പെർമിറ്റ് ലഭിക്കുന്നതാണ്. അബുദാബി പോലീസ് ആപ്പിലൂടെയും ഈ പെർമിറ്റ് ലഭ്യമാണ്.

ഈ വെബ്‌സൈറ്റിൽ ‘Move Permit Request‘ എന്ന ബട്ടണിലാണ് ഈ സേവനം ലഭ്യമാക്കിയിട്ടുള്ളത്. മൊബൈൽ നമ്പർ നൽകിയശേഷം, OTP വെരിഫിക്കേഷൻ പൂർത്തിയാക്കി, അടിയന്തിര സാഹചര്യം സംബന്ധിച്ച വിവരങ്ങൾ നൽകിക്കൊണ്ട് ഇത്തരം പെർമിറ്റുകൾക്ക് അപേക്ഷിക്കാവുന്നതാണ്. ഇതിനായി പ്രത്യേക രേഖകൾ ഒന്നും ആവശ്യമില്ല. ഇത്തരം പെർമിറ്റുകൾക്ക് അപേക്ഷിക്കുന്നവർക്ക്, പെർമിറ്റ് അനുവദിക്കപ്പെട്ടോ എന്നത് സംബന്ധിച്ച് അബുദാബി പോലീസിൽ നിന്നുള്ള സ്ഥിരീകരണ സന്ദേശം ലഭിച്ച ശേഷം മാത്രമേ വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ അനുമതിയുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഈ പെർമിറ്റുകൾ കൂടാതെ യാത്ര ചെയ്യുന്നവർക്ക് 3000 ദിർഹം വരെ പിഴ ചുമത്തുന്നതാണ്. ഇത്തരം മൂവ്മെന്റ് പെർമിറ്റുകൾ ലഭിക്കുന്നവർക്ക് ടാക്സി ഉപയോഗിക്കാൻ അനുമതിയുണ്ട്. എന്നാൽ മറ്റ് പൊതുഗതാഗത സംവിധാനങ്ങൾ ഈ കാലയളവിൽ പ്രവർത്തിക്കുന്നതല്ല. എയർ പോർട്ട് ടാക്‌സികൾ ഉപയോഗിക്കുന്നവർക്ക് പെർമിറ്റ് ആവശ്യമില്ല. ഈ നിയന്ത്രണങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് 8003333 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

🇸🇦സൗദിയില്‍ മാളുകളിലെ ജോലികള്‍ സ്വദേശികള്‍ക്ക്​ മാത്രം; തീരുമാനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍.

✒️സൗദിയില്‍ കച്ചവട മാളുകളിലെ ജോലികള്‍ സ്വദേശികള്‍ക്ക്​ മാത്രം പരിമിതപ്പെടുത്തികൊണ്ടുള്ള തീരുമാനം പ്രാബല്യത്തിലായി. ഇതിനായി അനുവദിച്ച കാലയളവ്​ അവസാനിച്ചതിനാല്‍ ഇന്ന് മുതല്‍​ തീരുമാനം പ്രാബല്യത്തില്‍ വന്നതായി മാനവ വിഭവ ശേഷി, സമൂഹിക മന്ത്രാലയം വ്യക്തമാക്കി.

ഇതോടെ മാളുകളിലേയും അതി​ന്‍റെ മാനേജ്​മെന്‍റ്​ ഓഫീസുകളിലേയും പരിമിതമായ ചില ജോലികളൊഴികെ എല്ലാ ജോലികളും സ്വദേശികള്‍ക്ക്​ മാത്രമായിരിക്കും. സ്വദേശികളായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും തൊഴില്‍ വിപണിയില്‍ കൂടുതല്‍ അവസരങ്ങള്‍ ഒരുക്കാനുള്ള മന്ത്രാലയത്തിന്‍റെ പദ്ധതികളുടെ തുടര്‍ച്ചയായാണ്​ മാളുകളിലെ ജോലികള്‍ സ്വദേശിവത്​കരിക്കാനുള്ള തീരുമാനം.

മാനവ വിഭവശേഷി ഫണ്ടുമായി സഹകരിച്ച്‌​ സ്വദേശികള്‍ക്ക്​ തൊഴിലവസരങ്ങള്‍ ലഭിക്കാന്‍ നിരവധി പരിശീലന പരിപാടികള്‍ തൊഴില്‍ സഹായ പദ്ധതികളും ഇതിനകം നടപ്പിലാക്കിയിട്ടുണ്ടെന്നും മാനവ വി​ഭവശേഷി മന്ത്രാലയം പറഞ്ഞു.

2021 ഏപ്രിലിലാണ്​ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹ്​മ്മദ്​ ബിന്‍ സുലൈമാന്‍ അല്‍റാജിഹിയാണ് മാളുകളിലെ ജോലികള്‍ സ്വദേശിവത്​കരിക്കാനുള്ള തീരുമാനം പുറപ്പെടുവിച്ചത്​. നാല്​ മാസത്തിനു ശേഷം ആഗസ്​റ്റ്​ നാല്​ മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന്​ ഇതിനായുള്ള നടപടി​ക്രമങ്ങള്‍ക്ക്​ പുറത്തിറക്കിയ നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുകയും ചെയ്​തിരുന്നു.

51,000 തൊഴിലവസരങ്ങളാണ്​ ഇതിലൂടെ ലക്ഷ്യമിടുന്നത്​. തീരുമാനം നടപ്പിലാക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന്​ വ്യക്തമാക്കിയിട്ടുണ്ട്​. സ്വദേശികള്‍ക്ക്​ മാത്രമായ ​ജോലികളില്‍ വിദേശികളെ​ ജോലിക്ക്​ നിയമിക്കുക, സ്വദേശിവത്​കരണ അനുപാതം പാലിക്കാതിരിക്കുക എന്നി രണ്ട്​ തരത്തിലുള്ള പിഴകളാണുണ്ടായിരിക്കുക. മാളുകളില്‍ നിരവധി വിദേശികളാണ്​ ജോലി ചെയ്​തുവരുന്നത്​. സ്വദേശിവല്‍ക്കരണ തീരുമാനം നടപ്പില്‍ വന്നതോടെ അവര്‍ക്ക്​ മറ്റ്​ ജോലികളിലേക്ക്​ മാറേണ്ടിവരും.

Post a Comment

0 Comments