Ticker

6/recent/ticker-posts

Header Ads Widget

പിതാവിന്റേയും കൂടെ താമസിക്കുന്ന യുവതിയുടേയും പീഡനം; വീടുവിട്ട കുട്ടികള്‍ ഇന്ന് നാട്ടിലെത്തും

ദുബായ് : പിതാവിന്റെയും കൂടെത്താമസിക്കുന്ന യുവതിയുടെയും നിരന്തരപീഡനത്തിനിരയായ രണ്ട് മലയാളികുട്ടികൾ ബുധനാഴ്ച രാത്രി കേരളത്തിലേക്ക് മടങ്ങും. പീഡനം സഹിക്കാനാവാതെ ഷാർജയിലെ താമസസ്ഥലത്തുനിന്ന് ഇറങ്ങുകയും ഒടുവിൽ ഷാർജ ഇന്ത്യൻ അസോസിയേഷന്റെ സഹായത്തോടെ പോലീസിൽ അഭയംതേടുകയുമായിരുന്നു കുട്ടികൾ.

നാട്ടിലുള്ള മാതാവിന്റെ കൈകളിൽ ഇവരെ എത്തിക്കുന്നതുവരെ താത്കാലികസംരക്ഷണത്തിനായി ഷാർജ ഇന്ത്യൻ അസോസിയേഷൻ മുഖാന്തരം ചൈൽഡ് പ്രൊട്ടക്ട് ടീം (സി.പി.ടി.) കേരളയുടെ യു.എ.ഇ. ഭാരവാഹികൾക്ക് പിന്നീട് കൈമാറി. 17, 12 വയസ്സുള്ള കുട്ടികൾ ഇവിടെയാണ് ഒരുമാസമായി താമസിച്ചത്.

വിസയുടെ കാലാവധി തീർന്ന് വർഷങ്ങളായതിനാൽ രണ്ടുകുട്ടികൾക്കുമായി ഒടുക്കേണ്ടിയിരുന്ന 1,67,000 ദിർഹം (ഏകദേശം 34 ലക്ഷം രൂപ) പിഴത്തുക ദുബായ് ഇമിഗ്രേഷൻ ഒഴിവാക്കിക്കൊടുത്തു. നഷ്ടപ്പെട്ടതും അവധികഴിഞ്ഞതുമായ പാസ്പോർട്ടുകൾക്കുപകരം ദുബായ് ഇന്ത്യൻ കോൺസുലേറ്റ് അടിയന്തര പാസ്പോർട്ടും നൽകി.
കുട്ടികളെ തട്ടിക്കൊണ്ടുപോയി എന്ന രീതിയിൽ ചൈൽഡ് ലൈനിലും വിവിധ പോലീസ് സ്റ്റേഷനുകളിലും കുട്ടികളുടെ പിതാവ് പരാതിനൽകിയിരുന്നു.

ഇത് അടിസ്ഥാനരഹിതമാണെന്ന് ബോധ്യപ്പെട്ടതിനാൽ ഒഴിവാക്കിയതായി സി.പി.ടി. സംസ്ഥാന എക്സിക്യുട്ടീവ് അംഗം മഹമൂദ് പറക്കാട്ട്, യു.എ.ഇ. ഘടകം പ്രസിഡന്റ് നാസർ ഒളകര, സെക്രട്ടറി ഷഫീൽ കണ്ണൂർ എന്നിവർ അറിയിച്ചു. കുട്ടികളുടെ തുടർപഠനം സൗജന്യമായി കോഴിക്കോട് മർകസ് ഏറ്റെടുത്തിട്ടുണ്ട്.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ സി.പി.ടി. സംസ്ഥാന വൈസ് പ്രസിഡന്റ് ശാന്തകുമാറിെന്റ നേതൃത്വത്തിലുള്ള സന്നദ്ധപ്രവർത്തകർ കുട്ടികളെ സ്വീകരിച്ച് മാതാവിനരികിൽ എത്തിക്കും.
പത്തനംതിട്ട സ്വദേശിനിയായ മാതാവ് ഷാർജയിൽ കുടുംബമായി താമസിക്കുന്നതിനിടെ ഭർത്താവുമായി പിണങ്ങി ഒരു വർഷംമുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്.

പിതാവിന്റെ സംരക്ഷണയിലായിരുന്നു കുട്ടികൾ. എന്നാൽ, മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലായ പിതാവ് പിന്നീട് കുട്ടികളെ നിരന്തരം പീഡിപ്പിച്ചു. വിദ്യാഭ്യാസവും മുടങ്ങിയതോടെയാണ് കുട്ടികൾ വീടുവിട്ടിറങ്ങിയത്.

Post a Comment

0 Comments