Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ ലൈവ് ന്യൂസ്‌ ഗൾഫ് വാർത്തകൾ

🇸🇦സൗദിയിലേക്ക് ഓണ്‍ലൈനായി വീണ്ടും ടൂറിസ്റ്റ് വിസകള്‍ അനുവദിച്ച് തുടങ്ങി.

🇸🇦കൊവിഡ്: സൗദിയില്‍ രോഗം ഭേദമാകുന്നവരുടെ എണ്ണം കുത്തനെ ഉയര്‍ന്നു.

🇦🇪'ചുട്ടുപഴുത്ത്' യുഎഇ; ലേസര്‍ രശ്മികള്‍ ഉപയോഗിച്ച് കൃത്രിമ മഴ പെയ്യിച്ച് ദുബൈയുടെ പുതിയ മാതൃക.

🇦🇪യുഎഇയില്‍ 1,537 പേര്‍ക്ക് കൂടി കൊവിഡ്, അഞ്ച് മരണം.

🇴🇲ചൂതാട്ടം; 14 പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്‍തു.

🇴🇲ഒമാനില്‍ 287 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് 18 മരണം.

🇶🇦ഖത്തറില്‍ വൃത്തിഹീനമായ സ്ഥലത്തുവെച്ച് നിര്‍മിച്ച ഭക്ഷണ സാധനങ്ങള്‍‌ പിടിച്ചെടുത്തു.

🇦🇪യുഎഇയില്‍ മൂന്ന് വയസ് മുതലുള്ള കുട്ടികള്‍ക്കും കൊവിഡ് വാക്സിന്‍ നല്‍കാന്‍ അനുമതി.

🇴🇲ഒമാൻ: ചെറുകിട ഇടത്തരം സംരംഭങ്ങളിലെ പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീ സംബന്ധിച്ച് തൊഴിൽ മന്ത്രാലയത്തിന്റെ അറിയിപ്പ്.

🇴🇲ഒമാൻ: രാജ്യത്തേക്ക് പ്രവേശിക്കുന്ന അദ്ധ്യയനവിഭാഗം ജീവനക്കാർക്ക് ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ ഒഴിവാക്കുമെന്ന് CAA.

🇶🇦ഖത്തർ: റാപിഡ് COVID-19 ടെസ്റ്റുകൾ നടത്തുന്നതിന് അംഗീകാരം നൽകിയിട്ടുള്ള ആരോഗ്യകേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക.

🇴🇲ഒമാൻ: നെറ്റ്‌വർക്ക് മാർക്കറ്റിംഗ്, പിരമിഡ് മാർക്കറ്റിംഗ് രീതികൾക്ക് വിലക്കേർപ്പെടുത്തി; നിയമലംഘനങ്ങൾക്ക് 5000 റിയാൽ പിഴ ചുമത്തും.

🇧🇭ബഹ്‌റൈൻ: ചെറിയ വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി ഓൺലൈൻ സംവിധാനം ആരംഭിച്ചു.

🇶🇦ഫിഫ അറബ് കപ്പ് ടിക്കറ്റ് വില്‍പ്പന നാളെ മുതല്‍; ആദ്യമല്‍സരം ഖത്തറും ബഹ്‌റൈനും തമ്മില്‍.

🇶🇦ഖത്തറില്‍ ഇന്ന് 151 പേര്‍ക്ക് കോവിഡ്; ആക്ടീവ് കേസുകള്‍ വര്‍ധിക്കുന്നു.

🇸🇦ദിവസവും 20,000 പേര്‍ക്ക് ഉംറ ചെയ്യാന്‍ അനുമതി നല്‍കി സൗദി.

🇸🇦സൗദിയിൽ വാണിജ്യ കേന്ദ്രങ്ങളിലെ പരിശോധന കർശനമാക്കുന്നു; 67 കച്ചവട സ്ഥാപനങ്ങൾക്ക് പൂട്ട് വീണു.

🇰🇼കുവൈത്തിലേക്കുള്ള പ്രവേശന വിലക്ക് പിന്‍വലിച്ചു.


വാർത്തകൾ വിശദമായി

🇸🇦സൗദിയിലേക്ക് ഓണ്‍ലൈനായി വീണ്ടും ടൂറിസ്റ്റ് വിസകള്‍ അനുവദിച്ച് തുടങ്ങി.

✒️കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഓണ്‍ലൈനായി ടൂറിസ്റ്റ് വിസ അപേക്ഷ സ്വീകരിക്കല്‍ സൗദി അറേബ്യ വീണ്ടും ആരംഭിച്ചു. ഒന്നരവര്‍ഷത്തിന് ശേഷമാണ് വീണ്ടും പുതിയ ടൂറിസ്റ്റ് വിസ അനുവദിച്ച് തുടങ്ങിയത്. 49 രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക് വിമാനത്താവളങ്ങള്‍ വഴിയും കര, വ്യോമ മാര്‍ഗങ്ങളിലൂടെയും പ്രവേശനം അനുവദിച്ചു തുടങ്ങിയതായി സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. എന്നാല്‍ ഈ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇല്ല.

രാജ്യത്ത് അംഗീകരിച്ച വാക്‌സിന്‍ എടുത്ത വിനോദസഞ്ചാരികള്‍ക്കാണ് പ്രവേശനമനുവദിക്കുന്നത്. ടൂറിസം മന്ത്രാലയത്തിന് കീഴില്‍ പുതിയ വിസകള്‍ അനുവദിച്ചു തുടങ്ങിയതായി മന്ത്രാലയം വ്യക്തമാക്കി. വിനോദ സഞ്ചാരികളെ സ്വീകരിക്കുന്നതിന് രാജ്യത്തെ വിമാനത്താവളങ്ങളിലും കര, കടല്‍ അതിര്‍ത്തികളിലും വേണ്ട സജ്ജീകരണങ്ങള്‍ തയാറാക്കിയതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനും അറിയിച്ചു. കൊവിഡ് പ്രോട്ടോകോള്‍ നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് പ്രവേശന അനുമതി.

രാജ്യത്ത് അംഗീകരിച്ച ഫൈസര്‍, ഓക്‌സ്‌ഫോര്‍ഡ് ആസ്ട്രാസെനിക്ക, മൊഡേണ എന്നീ വാക്‌സിനുകളുടെ രണ്ട് ഡോസ് സ്വീകരിച്ചവര്‍, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ ഒരു ഡോസ് വാക്‌സിന്‍ എന്നിവ പൂര്‍ത്തിയാക്കിയവര്‍ക്കാണ് ടൂറിസ്റ്റ് വിസയും പ്രവേശനാനുമതിയും ലഭിക്കുക. ഹോട്ടല്‍ ക്വാറന്റൈന്‍ ഉള്‍പ്പെടെയുള്ള നിബന്ധനയില്‍ നിന്ന് ഇവര്‍ക്ക് ഇളവും ലഭ്യമാക്കിയിട്ടുണ്ട്. എന്നാല് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി ആര്‍ ടെസ്റ്റ് ഉള്‍പ്പെടെയുള്ളവ വിമാനത്താവളത്തില്‍ ഹാജരാക്കണം. അതേസമയം ഇന്ത്യയുള്‍പ്പെടെയുള്ള റെഡ് ലിസ്റ്റ് കാറ്റഗറിയിലുള്ള രാജ്യങ്ങളില് നിന്നുള്ളവര്‍ക്ക് പ്രവേശനം അനുവദിച്ചു തുടങ്ങിയിട്ടില്ല.

🇸🇦കൊവിഡ്: സൗദിയില്‍ രോഗം ഭേദമാകുന്നവരുടെ എണ്ണം കുത്തനെ ഉയര്‍ന്നു.

✒️സൗദി അറേബ്യയില്‍ കൊവിഡില്‍ നിന്ന് മുക്തി നേടുന്നവരുടെ പ്രതിദിന എണ്ണം കുത്തനെ ഉയര്‍ന്നു. ഇന്ന് 1,063 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോള്‍ 1,620 പേരാണ് രോഗമുക്തി നേടിയത്. ഏറെക്കാലത്തിന് ശേഷമാണ് ഒറ്റ ദിവസം ഇത്രയധികം പേര്‍ രോഗമുക്തി നേടുന്നത്. അതെസമയം മരണനിരക്കില്‍ കുറവുണ്ടാവുകയും ചെയ്തു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 10 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതെന്നും സൗദി ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

രാജ്യമാകെ ഇന്ന് 98,862 കൊവിഡ് പരിശോധനകളാണ് നടത്തിയത്. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,27,877 ആയി. ഇതില്‍ 5,08,994 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,259 ആണ്. ചികിത്സയിലുള്ളവരുടെ എണ്ണം 10,624 ആയി കുറഞ്ഞു. ഇതില്‍ 1,434 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 244, റിയാദ് 217, കിഴക്കന്‍ പ്രവിശ്യ 152, അസീര്‍ 108, ജീസാന്‍ 88, മദീന 70, നജ്‌റാന്‍ 45, ഹായില്‍ 44, അല്‍ഖസീം 35, വടക്കന്‍ അതിര്‍ത്തി മേഖല 20, തബൂക്ക് 18, അല്‍ബാഹ 17, അല്‍ജൗഫ് 5. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് 27,382,111 ഡോസായി.

🇦🇪'ചുട്ടുപഴുത്ത്' യുഎഇ; ലേസര്‍ രശ്മികള്‍ ഉപയോഗിച്ച് കൃത്രിമ മഴ പെയ്യിച്ച് ദുബൈയുടെ പുതിയ മാതൃക,.

✒️യുഎഇയില്‍ വേനല്‍ കനത്തതോടെ ചൂട് കുറയ്ക്കാനുള്ള പുതിയ മാര്‍ഗങ്ങള്‍ തേടി അധികൃതര്‍. അസഹ്യമായ ചൂടാണ് ദുബൈയില്‍ അനുഭവപ്പെടുന്നത്. 51.6 ഡിഗ്രി സെല്‍ഷ്യസാണ് ദുബൈയില്‍ ജൂണ്‍ ആറിന് രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില. ഓരോ വര്‍ഷവും നാല് ഇഞ്ച് മഴ മാത്രമാണ് ദുബൈയില്‍ ലഭിക്കാറുള്ളത്. ഇത്തവണ താപനില ഉയര്‍ന്നതോടെ ചൂട് നിയന്ത്രിക്കാന്‍ കൃത്രിമ മഴ എന്ന ആശയം പ്രാവര്‍ത്തികമാക്കുകയാണ് എമിറേറ്റ്.

ജൂണില്‍ താപനില 51.8 ഡിഗ്രി സെല്‍ഷ്യസിലെത്തിയതോടെയാണ് ചൂട് കുറയ്ക്കാനുള്ള കൃത്രിമ മാര്‍ഗങ്ങള്‍ എത്രയും വേഗം നടപ്പിലാക്കാന്‍ രാജ്യം ഒരുങ്ങിയത്. വര്‍ഷാവര്‍ഷം ദുബൈയില്‍ ലഭിക്കുന്ന നാല് ഇഞ്ച് മഴ കൃഷിക്ക് പോലും അപര്യാപ്തമാണെന്നും അതിനാല്‍ തന്നെ ആവശ്യമായ 80 ശതമാനം ഭക്ഷ്യവസ്തുക്കളും മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യേണ്ടി വരികയാണെന്നും 'ഫോബ്‌സ്' റിപ്പോര്‍ട്ട് ചെയ്യുന്നു. ഡ്രോണുകളുടെ സഹായത്തോടെ ലേസര്‍ രശ്മികള്‍ പുറപ്പെടുവിച്ച് അതുവഴി കൃത്രിമമായി മഴ പെയ്യിക്കുന്ന നൂതന രീതിയാണ് ദുബൈ അവലംബിച്ചിരിക്കുന്നത്.

ക്രമാതീതമായി ഉയരുന്ന ചൂട് നിയന്ത്രിക്കുന്നതിനായി ദേശീയ കാലാവസ്ഥാ കേന്ദ്രമാണ് ലേസര്‍ രശ്മികള്‍ ഉപയോഗിച്ച് മഴ പെയ്യിക്കുന്ന രീതി രാജ്യത്ത് അവതരിപ്പിച്ചത്. ക്ലൗഡ് സീഡിങ് എന്ന ശാസ്ത്രീയ രീതി വഴി കൃത്രിമ മഴ പെയ്യിക്കുന്ന മാര്‍ഗം വളരെക്കാലം മുമ്പേ വിവിധ രാജ്യങ്ങള്‍ പല വിധത്തില്‍ പ്രായോഗികമാക്കിയിട്ടുണ്ട്. സില്‍വര്‍ അയോഡൈഡ് പോലെയുള്ള രാസവസ്തുക്കള്‍ മേഘങ്ങളിലേക്ക് പുറപ്പെടുവിപ്പിച്ച് മഴ പെയ്യിക്കുന്ന രീതിയാണ് ക്ലൗഡ് സീഡിങ്. 

കൃത്രിമ മഴ പെയ്യിക്കാനുള്ള മാര്‍ഗങ്ങള്‍ക്കായി യുഎഇ ഇതുവരെ ഒമ്പത് പദ്ധതികളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും ഇതിന്‍റെ ആകെ ചെലവ് 1.5 കോടി ഡോളറാണെന്നും ഫോബ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യത്തെ എട്ട് പ്രൊജക്ടുകളിലും പരമ്പരാഗത ക്ലൗഡ് സീഡിങ് മാര്‍ഗമാണ് ഉപയോഗിച്ചത്. ഇതിന് ശേഷമാണ് രാജ്യം ഇപ്പോള്‍ പുതിയ രീതിയിലൂടെ മഴ പെയ്യിക്കാനുള്ള പദ്ധതി പ്രായോഗികമാക്കുന്നത്. സാധാരണ ക്ലൗഡ് സീഡിങ് രീതികളിലെ പോലെ ഡ്രോണ്‍ ഉപയോഗിച്ച് രാസവസ്തുക്കള്‍ പുറപ്പെടുവിക്കുന്നതിന് പകരം ചില മേഘങ്ങളെ ലക്ഷ്യമിട്ട്, ഡ്രോണുകള്‍ വഴി അവയിലേക്ക് ലേസര്‍ രശ്മികള്‍ ഉപയോഗിച്ച് ഇലക്ട്രിക്കല്‍ ചാര്‍ജ് നല്‍കുന്നതാണ് നൂതന രീതി. ഇത്തരത്തില്‍ ഇലക്ട്രിക്കല്‍ ഡിസ്ചാര്‍ജ് വഴി അന്തരീക്ഷത്തില്‍ ജലകണികകള്‍ സൃഷ്ടിക്കുകയും അവ കൂടിച്ചേര്‍ന്ന് മഴ പെയ്യിക്കുകയും ചെയ്യുന്നു. ഇങ്ങനെ ആവശ്യമായ അളവില്‍ ദുബൈയിലുള്‍പ്പെടെ കൃത്രിമ മഴ പെയ്യിച്ചതിന് തെളിവായി ദേശീയ കാലാവസ്ഥാ കേന്ദ്രം സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോകള്‍ പങ്കുവെച്ചിട്ടുമുണ്ട്.

പരമ്പരാഗത ക്ലൗഡ് സീഡിങ് രീതി വഴി കൃത്രിമ മഴ പെയ്യിക്കുന്ന മാര്‍ഗം അമേരിക്കയില്‍ നേരത്തെ തന്നെ പ്രായോഗികമാക്കിയിട്ടുണ്ട്. എന്നാല്‍ ലേസര്‍ രശ്മികള്‍ ഉപയോഗിച്ച് കൃത്രിമ മഴ പെയ്യിക്കുന്ന, യുഎഇ ആശ്രയിച്ച രീതി മറ്റ് രാജ്യങ്ങള്‍ പിന്തുടരുമോയെന്ന് അറിയാന്‍ കാത്തിരിക്കാം.

🇦🇪യുഎഇയില്‍ 1,537 പേര്‍ക്ക് കൂടി കൊവിഡ്, അഞ്ച് മരണം.

✒️യുഎഇയില്‍ 1,537 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,492 പേര്‍ സുഖം പ്രാപിക്കുകയും അഞ്ചു പേര്‍ മരണപ്പെടുകയും ചെയ്തു.

പുതിയതായി നടത്തിയ 2,66,834 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,83,914 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,61,156 പേര്‍ രോഗമുക്തരാവുകയും 1,956 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 20,802 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

🇴🇲ചൂതാട്ടം; 14 പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്‍തു.

✒️ഒമാനില്‍ ചൂതാട്ടത്തിന് 14 പ്രവാസികളെ അറസ്റ്റ് ചെയ്‍തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. സൗത്ത്‌ അല്‍ ബാത്തിനയിലാണ് സംഭവം. ബര്‍ക വിലായത്തില്‍ നിന്ന് 14 പ്രവാസികളെ സൗത്ത്‌ അല്‍ ബാത്തിന പൊലീസ് കമാന്‍ഡ് അറസ്റ്റ് ചെയ്‍തുവെന്നാണ് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവനയില്‍ വ്യക്തമാക്കുന്നത്. ഇവര്‍ക്കെതിരായ നിയമനടപടികള്‍ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. അറസ്റ്റിലായവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

🇴🇲ഒമാനില്‍ 287 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് 18 മരണം.

✒️ഒമാനില്‍ 287 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 18 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുപ്പെട്ടത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 2,97,122 ആയി. 3868 കൊവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

രാജ്യത്ത് 2,80,423 കൊവിഡ് രോഗികള്‍ ഇതുവരെ രോഗമുക്തരായിട്ടുണ്ട്. 94.4 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 38 പേരെ കൊവിഡ് ബാധിച്ച് രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ 505 പേര്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 215 പേരുടെ നില ഗുരുതരമാണ്. ഇവരെ തീവ്രപരിചരണ വിഭാഗങ്ങളില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിവരുന്നു.

🇶🇦ഖത്തറില്‍ വൃത്തിഹീനമായ സ്ഥലത്തുവെച്ച് നിര്‍മിച്ച ഭക്ഷണ സാധനങ്ങള്‍‌ പിടിച്ചെടുത്തു.

✒️ഖത്തറില്‍ തൊഴിലാളികളുടെ താമസ സ്ഥലത്ത് വൃത്തിഹീനമായ സാഹചര്യത്തില്‍ തയ്യാറാക്കിയ ഭക്ഷണ സാധനങ്ങള്‍ അധികൃതര്‍ പിടിച്ചെടുത്തു. അല്‍ താകിറ മുനിസിപ്പാലിറ്റിയാണ് അല്‍ ഖോറില്‍ നിയമ വിരുദ്ധമായി നിര്‍മിച്ച ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തത്.

അല്‍ ഖോറില്‍ല വില്‍പന നടത്തുന്നതിനായി തൊഴിലാളികളുടെ താമസ സ്ഥലത്ത് ചിലര്‍ ഭക്ഷണമുണ്ടാക്കുന്നെന്ന വിവരം ഹെല്‍ത്ത് കണ്‍ട്രോള്‍ വിഭാഗത്തിന് ലഭിക്കുകയായിരുന്നു. തുടര്‍ന്ന് ഹെല്‍ത്ത് കണ്‍ട്രോള്‍ ഇന്‍സ്‍പെക്ടര്‍മാരും വര്‍ക്കേഴ്‍സ് ഹൌസിങ് ഇന്‍സ്‍പെക്ടര്‍മാരും സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. താമസ സ്ഥലങ്ങള്‍ക്കുള്ളില്‍ വൃത്തിഹീനമായി തയ്യാറാക്കിയിരുന്ന ഭക്ഷണ വസ്‍തുക്കള്‍ ഉദ്യോഗസ്ഥ സംഘം പിടിച്ചെടുത്തു. അല്‍ ഖോര്‍ സിറ്റിയില്‍ തന്നെ ആളുകള്‍ക്കിടയില്‍ വിറ്റഴിക്കാനാണ് ഇവ തയ്യാറാക്കിരുന്നതെന്ന് ഇവിടെയുണ്ടായിരുന്നവരെ ചോദ്യം ചെയ്‍തതില്‍ നിന്ന് വ്യക്തമായി. സംഭവത്തില്‍ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.

🇦🇪യുഎഇയില്‍ മൂന്ന് വയസ് മുതലുള്ള കുട്ടികള്‍ക്കും കൊവിഡ് വാക്സിന്‍ നല്‍കാന്‍ അനുമതി.

✒️യുഎഇയില്‍ മൂന്ന് മുതല്‍ 17 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കും കൊവിഡ് വാക്സിന്‍ നല്‍കിത്തുടങ്ങുന്നു. ആരോഗ്യ - പ്രതിരോധ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് തിങ്കളാഴ്‍ച ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്.

സിനോഫാം വാക്സിന് കുട്ടികളില്‍ അടിയന്തര അനുമതി നല്‍കിയതായി മന്ത്രാലയം അറിയിച്ചു. നേരത്തെ നടന്നുവന്നിരുന്ന ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഫലം അവലോകനം ചെയ്‍ത ശേഷമാണ് നടപടി. പ്രാദേശികമായി നടത്തിയ വിലയിരുത്തലുകളുടെയും അംഗീകൃത നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതിന്റയും അടിസ്ഥാനത്തിലാണ് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കുന്നത്.

ഈ വര്‍ഷം ജൂണ്‍ മാസത്തിലാണ് സിനോഫാം വാക്സിന്‍ കുട്ടികളില്‍ ഉപയോഗിച്ചുകൊണ്ടുള്ള പരീക്ഷണം യുഎഇയില്‍ ആരംഭിച്ചത്. 900 കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഇമ്യൂണ്‍ 'ബ്രിഡ്‍ജ് സ്റ്റഡി'യിലെ വിവരങ്ങള്‍ വിലയിരുത്തിയാണ് ഇപ്പോള്‍ വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ആരോഗ്യ - പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയത്
മാതാപിതാക്കളുടെ പൂര്‍ണ അനുമതിയോടെയാണ് കുട്ടികളില്‍ വാക്സിന്‍ പഠനം നടത്തിയത്. വാക്സിന്‍ നല്‍കിയ ശേഷം കുട്ടികളെ ഓരോ ഘട്ടത്തിലും സൂക്ഷ്‍മമായി നിരീക്ഷിച്ചു. മിഡില്‍ഈസ്റ്റില്‍ കുട്ടികളില്‍ വാക്സിന്‍ പഠനം നടത്തിയ ആദ്യ രാജ്യമാണ് യുഎഇ.

🇴🇲ഒമാൻ: ചെറുകിട ഇടത്തരം സംരംഭങ്ങളിലെ പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീ സംബന്ധിച്ച് തൊഴിൽ മന്ത്രാലയത്തിന്റെ അറിയിപ്പ്.

✒️രാജ്യത്തെ ചെറുകിട ഇടത്തരം സംരംഭങ്ങളിലെ പ്രവാസി ജീവനക്കാരുടെ വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടും, പുതുക്കുന്നതുമായി ബന്ധപ്പെട്ടും ഈടാക്കുന്ന ഫീ സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി. ഇതുമായി ബന്ധപ്പെട്ട പുതിയ തീരുമാനപ്രകാരം, ഇത്തരം വർക്ക് പെർമിറ്റ് തുകകളിൽ വലിയ ഇളവ് അനുവദിച്ചതായി മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഒമാനിൽ ഔദ്യോഗിക സംരംഭകത്വ കാർഡ് (Riyada entrepreneurship card) കൈവശമുള്ള ഒരു തൊഴിലുടമയുടെ ഉടമസ്ഥതയിലുള്ളതും, ഒമാൻ സ്മാൾ ആൻഡ് മീഡിയം എന്റർപ്രൈസസ് ഡെവലപ്പമെന്റ് അതോറിറ്റിയുടെ കീഴിൽ രജിസ്റ്റർ ചെയ്തതുമായ സ്ഥാപനങ്ങൾക്കാണ് ഈ പുതിയ തീരുമാനത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നത്.

ഇത്തരം തെഴിലുടമകൾ പബ്ലിക് അതോറിറ്റി ഫോർ സോഷ്യൽ ഇൻഷുറൻസിനു (PASI) കീഴിൽ രജിസ്റ്റർ ചെയ്തിരിക്കണം. ഇത്തരം സ്ഥാപനങ്ങളിൽ ഒരു ഒമാൻ പൗരനെങ്കിലും ജീവനക്കാരനായി ഉണ്ടായിരിക്കണം. ഈ തീരുമാനവുമായി ബന്ധപ്പെട്ട് ഔദ്യോഗിക തീരുമാനം ‘340/2016’-ലെ ആർട്ടിക്കിൾ 2-ൽ ആവശ്യമായ ഭേദഗതികൾ വരുത്തുന്നതാണ്.

*ചെറുകിട ഇടത്തരം സംരംഭങ്ങളിലെ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീ താഴെ പറയുന്ന രീതിയിലാണ്:*

ഒരു പ്രവാസി തൊഴിലാളിയെ നിയമിക്കുന്നതിനായി വർക്ക് പെർമിറ്റ് അനുവദിക്കുന്നതിനും, പുതുക്കുന്നതിനും – 301 റിയാൽ.
ഒന്ന് മുതൽ മൂന്ന് വരെ സ്വദേശീയരായ ജീവനക്കാരെ നിയമിക്കുന്നതിന് – 141 റിയാൽ.
നാലോ അതിലധികമോ സ്വദേശീയരായ ജീവനക്കാരെ നിയമിക്കുന്നതിന് – 241 റിയാൽ.
ഒന്ന് മുതൽ മൂന്ന് വരെ കർഷകർ, കന്നുകാലി വളര്‍ത്തലുമായി ബന്ധപ്പെട്ട തൊഴിലാളികൾ എന്നിവരെ നിയമിക്കുന്നതിന് – 201 റിയാൽ.
നാലോ അതിലധികമോ കർഷകർ, കന്നുകാലി വളര്‍ത്തലുമായി ബന്ധപ്പെട്ട തൊഴിലാളികൾ എന്നിവരെ നിയമിക്കുന്നതിന് – 301 റിയാൽ.
തൊഴിലാളികളുടെ വിവരങ്ങൾ പുതുക്കുന്നതിനും, തൊഴിലാളികളെ മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റുന്നതിനുമായി 5 റിയാൽ ഈടാക്കുന്നതാണ്.

🇴🇲ഒമാൻ: രാജ്യത്തേക്ക് പ്രവേശിക്കുന്ന അദ്ധ്യയനവിഭാഗം ജീവനക്കാർക്ക് ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ ഒഴിവാക്കുമെന്ന് CAA.

✒️വിദേശത്ത് നിന്നെത്തുന്ന അദ്ധ്യയനവിഭാഗം ജീവനക്കാർക്കും, അവരുടെ കുടുംബാംഗങ്ങൾക്കും, രാജ്യത്തെത്തിയ ശേഷമുള്ള, നിർബന്ധിത ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ ഒഴിവാക്കാൻ തീരുമാനിച്ചതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു. ഒമാനിലെ സർക്കാർ, സ്വകാര്യ, അന്താരാഷ്ട്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യയനവിഭാഗം ജീവനക്കാർക്ക് ഈ ഇളവ് ലഭ്യമാണ്.

2021 ഓഗസ്റ്റ് 1-ന് രാത്രിയാണ് ഒമാൻ CAA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ തീരുമാനവുമായി ബന്ധപ്പെട്ട ഔദ്യോഗിക വിജ്ഞാപനം രാജ്യത്ത് പ്രവർത്തിക്കുന്ന വിമാനകമ്പനികൾക്ക് നൽകിയതായും CAA വ്യക്തമാക്കി. ഒമാൻ സുപ്രീം കമ്മിറ്റിയുടെ നിർദ്ദേശത്തെത്തുടർന്നാണ് ഈ തീരുമാനം.

ഓഗസ്റ്റ് 2 മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വന്നിട്ടുണ്ട്. വിദേശത്ത് നിന്നെത്തുന്ന അദ്ധ്യയനവിഭാഗം ജീവനക്കാർക്കും, അവരുടെ കുടുംബാംഗങ്ങൾക്കും ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ ഒഴിവാക്കിയിട്ടുണ്ടെങ്കിലും, ഇവർക്ക് ഹോം ക്വാറന്റീൻ നടപടികൾ നിർബന്ധമാണ്. ഇതിന് പുറമെ, ഇവർക്ക് ക്വാറന്റീൻ കാലാവധിയിൽ കൈകളിൽ ധരിക്കുന്ന ട്രാക്കിംഗ് ഉപകരണവും നിർബന്ധമാക്കിയിട്ടുണ്ട്.

🇶🇦ഖത്തർ: റാപിഡ് COVID-19 ടെസ്റ്റുകൾ നടത്തുന്നതിന് അംഗീകാരം നൽകിയിട്ടുള്ള ആരോഗ്യകേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക.

✒️രാജ്യത്ത് റാപിഡ് COVID-19 ടെസ്റ്റുകൾ നടത്തുന്നതിന് കൂടുതൽ സ്വകാര്യ ആരോഗ്യകേന്ദ്രങ്ങൾക്ക് ഔദ്യോഗിക അംഗീകാരം നൽകിയതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇത്തരത്തിൽ റാപിഡ് COVID-19 ടെസ്റ്റുകൾ നടത്തുന്നതിന് ഔദ്യോഗിക അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യപരിചരണ കേന്ദ്രങ്ങളുടെ പട്ടിക സംബന്ധിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്.

2021 ഓഗസ്റ്റ് 2-ന് രാവിലെയാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഈ പുതുക്കിയ പട്ടിക പ്രഖ്യാപിച്ചത്. ഈ പട്ടിക പ്രകാരം, രാജ്യത്തെ 90 സ്വകാര്യ ആരോഗ്യപരിചരണ കേന്ദ്രങ്ങളിൽ നിന്ന് റാപിഡ് COVID-19 ടെസ്റ്റുകൾ നടത്താവുന്നതാണ്.

ഖത്തറിൽ താഴെ പറയുന്ന അംഗീകൃത കേന്ദ്രങ്ങളിൽ നിന്ന് റാപിഡ് COVID-19 ടെസ്റ്റുകൾ നടത്താവുന്നതാണ് (2021 ഓഗസ്റ്റ് 2-ന് പ്രസിദ്ധീകരിച്ച പട്ടിക):

1 Turkish Hospital
2 Atlas Medical Center
3 Naseem Al Rabeeh Medical Center Doha
4 Naseem Al Rabeeh Medical Center
5 New Naseem Al Rabeeh Medical Center
6 Al Esraa Polyclinic
7 Dr. Maher Abbas Polyclinic
8 Syrian American Medical Center
9 Future Medical Center
10 Premium Naseem Al-Rabeeh Medical Center- Doha
11 Apollo Polyclinic- Qatar
12 Al Esraa Medical Center
13 SAC Polyclinic- Qatar Mall
14 Dr.Moopen’s Aster Hospital
15 Elite Medical Center
16 Aster Medical Center Plus- Almuntazah
17 Aster Medical Center- Al Khor
18 Aster Medical Center Plus
19 Wellcare Polyclinic
20 Aster Medical Center (Industrial Area)
21 Al Malakiya Clinics
22 Al Jameel Medical Center
23 Al Emadi Hospital Clinics-North W.L.L
24 Al Emadi Hospital
25 Al Kayyali Medical Center
26 Al tahrir medical center
27 Al fardan medical
28 Al abeer medical
29 Allevia medical center
30 Sama medical care
31 Dr Khaled al sheikh medical
32 Dr Mohammad amine zbeib
33 Gardenia medical center
34 Nova health care
35 Asian medical health
36 al ahli hospital
37 Al wakra clinics & Urgent care unit – Al Ahli Hospital
38 Al tai medical
39 Focus medical center
40 KIMS Qatar Medical Center – Barwa City
41 KIMS Qatar Medical Center – Al Wakra
42 Value Medical Center
43 Doha Clinic Hospital
44 Magrabi Center for Eye, ENT & Dental
45 Al Ahmadani Medical Center
46 Dr. Samia Al Namla Medical Center
47 Al Masa Medical Center
48 Al Hayat Medical Center
49 Imara Medical Center
50 Marble Medical Center
51 Al Shami Medical Center
52 Al Dimashqui Medical Center
53 United Care Medical Center
54 Al Salam Center – Ain Khalid
55 Al Salam Medical Center – Al Khaisa
56 Rayhan Medical Complex
57 Al Shorook Medical Center
58 Al Salam Medical Polyclinic Center – Muaither
59 Al Salam Medical Polyclinic Center – Al Sayliah
60 Dr. Kholood Al Mahmoud Specialized Center
61 Planet Medical Center
62 Dr. Sameer’s Clinic
63 Al Dafna Medical Center
64 Al Hekma Medical Complex
65 Marble Medical Center Plus
66 Al Siraj Medical Center
67 The International Medical Centre
68 Barzan Medical Center
69 Raha Medical Center
70 Al Safa Medical Polyclinic
71 Beauty Medical Center
72 Parco Healthcare
73 Al Wehda Medical Center
74 Al Awsa Medical Center
75 Millenium Medical Center
76 The International Medical Centre
77 Hilal Premium Naseem Al Rabeeh Medical Center W.L.L
78 Reem Medical Center
79 Tadawi Medical Center
80 Al Sultan Medical Center
81 Al Amal Medical Center
82 Al Shefa Polyclinic D Ring Road
83 Al Shefa Polyclinic – Al Kharaitiyat
84 West Bay Medicare
85 Family Medical Clinics
86 Queen Hospital
87 Al Zaeem Poly Clinic
88 Feto Maternal Centre
89 Al Jazeera Medical Center Al Rayyan Branch
90 Houston American Medical Center

ഖത്തറിൽ 2021 ജൂൺ 18 മുതൽ സർക്കാർ മേഖലയിലെയും, സ്വകാര്യ മേഖലയിലെയും മുഴുവൻ ജീവനക്കാർക്കും ആഴ്ച്ച തോറും റാപിഡ് ആന്റിജൻ ടെസ്റ്റ് നിർബന്ധമാക്കിയിട്ടുണ്ട്. COVID-19 വാക്സിനിന്റെ മുഴുവൻ ഡോസുകളും പൂർത്തിയാക്കിയവർ, രോഗമുക്തി നേടിയവർ, ആരോഗ്യ കാരണങ്ങളാൽ വാക്സിനെടുക്കാൻ സാധിക്കാത്തവർ (ഇത് തെളിയിക്കുന്ന അംഗീകൃത മെഡിക്കൽ റിപ്പോർട്ട് നിർബന്ധം) എന്നീ വിഭാഗങ്ങൾ ഒഴികെയുള്ള ജീവനക്കാർക്കാണ് ആഴ്ച്ച തോറും ഇത്തരം പരിശോധന നിർബന്ധമാക്കിയിട്ടുള്ളത്. ഇത്തരത്തിൽ റാപിഡ് ആന്റിജൻ പരിശോധന ആവശ്യമായി വരുന്നവർക്ക് സ്വകാര്യ ആരോഗ്യ പരിചരണകേന്ദ്രങ്ങളിൽ നിന്ന് ഇവ നേടാവുന്നതാണെന്ന് ജൂൺ 19-ന് മന്ത്രാലയം അറിയിച്ചിരുന്നു.

🇴🇲ഒമാൻ: നെറ്റ്‌വർക്ക് മാർക്കറ്റിംഗ്, പിരമിഡ് മാർക്കറ്റിംഗ് രീതികൾക്ക് വിലക്കേർപ്പെടുത്തി; നിയമലംഘനങ്ങൾക്ക് 5000 റിയാൽ പിഴ ചുമത്തും.

✒️രാജ്യത്ത് നെറ്റ്‌വർക്ക് മാർക്കറ്റിംഗ്, പിരമിഡ് സമ്പ്രദായത്തിലുള്ള മാർക്കറ്റിംഗ് മുതലായവയ്ക്ക് വിലക്കേർപ്പെടുത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അറിയിച്ചു. ഓഗസ്റ്റ് 1-നാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.


ഇത്തരം മാർക്കറ്റിംഗ് രീതികൾ വിലക്കിയതായും, ഇത്തരം പദ്ധതികളുമായി ബന്ധപ്പെട്ട് പിടിക്കപ്പെടുന്നവർക്ക് ഏറ്റവും ചുരുങ്ങിയത് 5000 റിയാൽ പിഴ ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഇത് സംബന്ധിച്ച ഔദ്യോഗികമായ ഉത്തരവ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ വകുപ്പ് മന്ത്രി H.E. ഖൈസ് ബിൻ മുഹമ്മദ് അൽ യൗസേഫ് ഞായറാഴ്ച്ച പുറത്തിറക്കി.

ഈ ഉത്തരവ് അനുസരിച്ച് നെറ്റ്‌വർക്ക് മാർക്കറ്റിംഗ് രീതികൾ ഉപയോഗിച്ചോ, പിരമിഡ് സമ്പ്രദായത്തിലുള്ള മാർക്കറ്റിംഗ് ഉപയോഗിച്ചോ വസ്തുക്കൾ, ഉത്പന്നങ്ങൾ, സേവനങ്ങൾ എന്നിവയുടെ വില്പന, പരസ്യം, പ്രചാരണം എന്നിവ ഒമാനിൽ നിരോധിച്ചിട്ടുണ്ട്. “ഒരു ഉപഭോക്താവ് തന്റെ കീഴിൽ കൂടുതൽ ഉപഭോക്താക്കളെ ചേർക്കുന്ന രീതിയിൽ, ഒരു പറ്റം ആളുകളിൽ നിന്ന് വലിയ തുക പിരിച്ചെടുക്കുന്നത് ലക്ഷ്യമിട്ട് കൊണ്ട്, ശൃംഖലകളായി സേവനങ്ങൾ, ഉത്പന്നങ്ങൾ എന്നിവ വിതരണക്കാർ, വിൽപനക്കാർ എന്നിവർ വിപണനം ചെയ്യുന്ന എല്ലാ തരം വിപണനതന്ത്രങ്ങളെയും പിരമിഡ് സമ്പ്രദായത്തിലുള്ള മാർക്കറ്റിംഗ് ഗണത്തിൽപ്പെടുത്തുന്നതാണ്.”, മന്ത്രാലയം വ്യക്തമാക്കി.

ഈ തീരുമാനം സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള ലംഘനങ്ങൾ നടത്തുന്നവർക്ക് ചുരുങ്ങിയത് 5000 റിയാൽ പിഴ ചുമത്തുമെന്നും, ഇത്തരം ലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക് ഇരട്ടി പിഴ ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.

🇧🇭ബഹ്‌റൈൻ: ചെറിയ വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി ഓൺലൈൻ സംവിധാനം ആരംഭിച്ചു.

✒️രാജ്യത്ത് ചെറിയ രീതിയിലുള്ള ട്രാഫിക് അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി ഒരു ഓൺലൈൻ സംവിധാനം പ്രവർത്തനമാരംഭിച്ചതായി ബഹ്‌റൈൻ ഇൻഫർമേഷൻ ആൻഡ് ഇ-ഗവണ്മെന്റ് അതോറിറ്റി (iGA) അറിയിച്ചു. ‘eTraffic’ ആപ്പ് ഉപയോഗിച്ച് കൊണ്ട് ഈ ഓൺലൈൻ സേവനം ഉപയോഗിക്കാവുന്നതാണ്.

ഈ സംവിധാനത്തിലൂടെ ചെറിയ വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഏറെ സുഗമമാകുന്നതാണ്. രണ്ടോ അതിലധികമോ വാഹനങ്ങൾ ഉൾപ്പെട്ടിട്ടുള്ള ചെറിയ അപകടങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഇൻഷുറൻസ് കമ്പനികൾക്ക് നേരിട്ട് കൈക്കൊള്ളുന്നതിന് ഈ സംവിധാനം അവസരമൊരുക്കുന്നു.

താഴെ പറയുന്ന സേവനങ്ങളാണ് ഈ സംവിധാനത്തിലൂടെ നൽകുന്നത്:

ബഹ്‌റൈൻ പൗരന്മാർ, പ്രവാസികൾ, ജി സി സി പൗരന്മാർ എന്നിവർക്ക് തങ്ങളുടെ വാഹനങ്ങളുമായി ബന്ധപ്പെട്ട ചെറിയ അപകടങ്ങളെക്കുറിച്ചുള്ള വിവരം ഇൻഷുറൻസ് കമ്പനികളെ അറിയിക്കാവുന്നതാണ്.
ഇത്തരം അപകടങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിക്കുന്നതിന്.
അപകടത്തിനിടയാക്കിയ ഡ്രൈവർക്ക് അതുമായി ബന്ധപ്പെട്ട തെറ്റ് സമ്മതിച്ച് കൊണ്ട് ട്രാഫിക്ക് ആക്സിഡന്റ് അക്‌നോളഡ്ജ്‌മെന്റ് ഫയൽ ചെയ്യുന്നതിന്.
ഇൻഷുറൻസ് കമ്പനികളുടെ വിവരങ്ങൾ ലഭിക്കുന്നതിന്.

ഈ സേവനം ഉപയോഗിച്ച് കൊണ്ട് ചെറിയ വാഹനാപകടങ്ങൾ അറിയിക്കുന്നതിനായി ‘eTraffic’ ആപ്പ്, അല്ലെങ്കിൽ ഇൻഷുറൻസ് ഇലക്ട്രോണിക് ഫോം ഉപയോഗിക്കാവുന്നതാണ്. എന്നാൽ യാത്രികർക്ക് പരിക്കേൽക്കാനിടയാകുന്ന തരത്തിലുള്ള അപകടങ്ങളുമായി ബന്ധപ്പെട്ട് ഈ സംവിധാനം ഉപയോഗിക്കാനാകില്ല. അപകടത്തിനിടയാക്കിയ ഡ്രൈവർക്ക് അതുമായി ബന്ധപ്പെട്ട തെറ്റ് സമ്മതിക്കുന്നതിനായി ആപ്പിലെ ‘Traffic Accident Acknowledgment’ സംവിധാനം ഉപയോഗിക്കാം (അല്ലെങ്കിൽ https://www.bahrain.bh/new/ar/home_ar എന്ന പോർട്ടൽ ഉപയോഗിക്കാവുന്നതാണ്.)

🇶🇦ഫിഫ അറബ് കപ്പ് ടിക്കറ്റ് വില്‍പ്പന നാളെ മുതല്‍; ആദ്യമല്‍സരം ഖത്തറും ബഹ്‌റൈനും തമ്മില്‍.

✒️ലോക കപ്പിന് മുന്നോടിയായി ഖത്തറില്‍ നടക്കുന്ന വമ്പന്‍ ഫുട്‌ബോള്‍ മമാങ്കമായ ഫിഫ അറബ് കപ്പിനുള്ള ടിക്കറ്റ് വില്‍പ്പനയ്ക്ക നാളെ തുടക്കമാവും. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 18വരെ നീളുന്ന മല്‍സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ക്ക് ഇന്ന് അര്‍ധരാത്രി 12 മണി മുതല്‍ FIFA.com വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.

വിസാ കാര്‍ഡ് കൈയിലുള്ളവര്‍ക്കാണ് ആദ്യഘട്ടത്തില്‍ ടിക്കറ്റുകള്‍ക്ക് അപേക്ഷിക്കാനുള്ള അവസരം. ആഗസ്ത് 3 മുതല്‍ ആഗസ്ത് 17 വരെയാണ് വിസാ പ്രീസെയില്‍. ഈ തിയ്യതിക്കുള്ളില്‍ ലഭിക്കുന്ന അപേക്ഷകള്‍ അനുവദിക്കപ്പെട്ട ടിക്കറ്റുകളേക്കാള്‍ കൂടുതലാണെങ്കില്‍ നറുക്കെടുപ്പിലൂടെയാണ് ടിക്കറ്റിന് അര്‍ഹരായവരെ തിരഞ്ഞെടുക്കുക. സപ്തംബര്‍ മധ്യത്തോടെ വിജയികള്‍ക്കും അല്ലാത്തവര്‍ക്കും വിവരം ലഭിക്കും.

സ്പ്തംബര്‍ 28 മുതല്‍ ഒക്ടോബര്‍ 12 വരെയാണ് ടിക്കറ്റ് വില്‍പ്പനയുടെ രണ്ടാം ഘട്ടം. ആദ്യമെത്തുന്നവര്‍ക്ക് ആദ്യം എന്ന നിലയിലാണ് ഈഘട്ടത്തില്‍ ടിക്കറ്റ് ലഭിക്കുക. അവസാന മിനിറ്റ് ടിക്കറ്റ് വില്‍പ്പന നവംബര്‍ 2ന് ആരംഭിച്ച് ടൂര്‍ണമെന്റ് അവസാനിക്കുന്നത് വരെ നീളും.

ഗ്രൂപ്പ് സ്റ്റേജിലെ കാറ്റഗറി നാലില്‍ 25 റിയാല്‍ മുതല്‍ ഫൈനല്‍ മല്‍സരത്തിന്റെ കാറ്റഗറി ഒന്നില്‍ 245 റിയാല്‍ വരെയാണ് ടിക്കറ്റ് നിരക്ക്. ഓരോ കളികള്‍ക്കുമുള്ളതോ തിരഞ്ഞെടുക്കപ്പെട്ട ടീമുകളുടെ ടിക്കറ്റ് സീരീസ് ആയോ ടിക്കറ്റ് വാങ്ങാനുള്ള സൗകര്യമുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ FIFA.com/tickest എന്ന ലിങ്കില്‍ ലഭ്യമാണ്.

ആറ് സ്റ്റേഡിയങ്ങള്‍ വേദിയാവും
ഖത്തറും ബഹ്‌റൈനും തമ്മില്‍ അല്‍ബൈത്ത് സ്റ്റേഡിയത്തിലാണ് അറബ് കപ്പിന്റെ ഉദ്ഘാടന മല്‍സരം. ലോക കപ്പിനായി ഒരുക്കിയ ആറ് സ്റ്റേഡിയങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റില്‍ ഒരു ദിവസം തന്നെ ഒന്നിലേറെ മല്‍സരങ്ങള്‍ കാണാന്‍ കാണികള്‍ക്ക് അവസരമൊരുങ്ങും. അല്‍ തുമാമ സ്റ്റേഡിയത്തിലാണ് ഫൈനല്‍. റാസ് അബൂ അബൂദ്, അഹ്‌മദ് ബിന്‍ അലി, എജുക്കേഷന്‍ സിറ്റി, അല്‍ ജനൂബ് എന്നിവയാണ് മറ്റ് മല്‍സര വേദികള്‍. 16 ടീമുകള്‍ തമ്മില്‍ 19 ദിവസങ്ങള്‍ക്കിടെ 32 മല്‍സരങ്ങളാണ് നടക്കുക.

ഫാന്‍ ഐഡി
കളിയാരാധകര്‍ക്ക് ഖത്തറിലേക്കും സ്റ്റേഡിയത്തിലേക്കും പ്രവേശിക്കുന്നതിന് അംഗീകരിക്കപ്പെട്ട ഫാന്‍ ഐഡി അപേക്ഷാ നമ്പര്‍ വേണം. ഫാന്‍ ഐഡി സ്മാര്‍ട്ട് കാര്‍ഡുകള്‍ ഫാന്‍ ഐഡി സര്‍വീസ് സെന്ററില്‍ നിന്ന് ശേഖരിക്കാവുന്നതാണ്. അപേക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കു. ഫാന്‍ ഐഡിയുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും നിയന്ത്രിക്കുന്നത് ഖത്തറാണ്. ഫിഫയ്ക്ക് ഇതുമായി ബന്ധമില്ല.

കോവിഡ് നിയന്ത്രണം
മല്‍സരത്തില്‍ പങ്കെടുക്കുന്നവരും കാണികളും കോവിഡുമായി ബന്ധപ്പെട്ട് ഖത്തര്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശിക്കുന്ന നിയന്ത്രണങ്ങള്‍ പാലിക്കേണ്ടി വരും. സ്റ്റേഡിയങ്ങളില്‍ പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങള്‍ ഫിഫ വെബ്‌സൈറ്റില്‍ ലഭിക്കും. നിലവില്‍ പൂര്‍ണമാവും വാക്‌സിനെടുത്തവര്‍ക്ക് മാത്രമാണ് പ്രവേശനം.

🇶🇦ഖത്തറില്‍ ഇന്ന് 151 പേര്‍ക്ക് കോവിഡ്; ആക്ടീവ് കേസുകള്‍ വര്‍ധിക്കുന്നു.

✒️ഖത്തറില്‍ ഇന്ന് 151 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 56 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 95 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 117 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 223,849 ആയി.

അതേസമയം, രാജ്യത്ത് ഇന്ന് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തെ ആകെ മരണം 601 ആണ്. 1,940 പേരാണ് രാജ്യത്ത് നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. ഇന്ന് 8 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 77 പേരാണ് നിലവില്‍ ആശുപത്രിയിലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 23,830 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് വാക്സിനേഷന്‍ കാംപയിന്‍ ആരംഭിച്ചതിനു ശേഷം 38,04,298 ഡോസ് വാക്സിനുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്.

🇸🇦ദിവസവും 20,000 പേര്‍ക്ക് ഉംറ ചെയ്യാന്‍ അനുമതി നല്‍കി സൗദി.

✒️ദിവസവും 20,000 പേര്‍ക്ക് ഉംറ ചെയ്യാന്‍ അനുമതി നല്‍കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. പുതിയ ഹിജ്‌റ വര്‍ഷ ആരംഭം മുതലാണ് കൂടുതല്‍ പേര്‍ക്കും തീര്‍ത്ഥാടനത്തിന് അവസരമുണ്ടാകുക. ആഭ്യന്തര തീര്‍ഥാടകര്‍ക്ക് പുറമേ വിദേശത്ത് നിന്നെത്തുന്നവര്‍ക്കും ഉംറ നിര്‍വഹിക്കാനും അവസരമൊരുക്കും.

രാജ്യത്തേക്ക് യാത്രാാവിലക്കില്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് അനുമതിയുണ്ടാകുക. ഇവര്‍ക്ക് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഉംറ നിര്‍വഹിക്കാമെന്ന് ഹജ്ജ് ഉംറ മന്ത്രാലയ വക്താവ് എന്‍ജിനിയര്‍ ഹിശാം സഈദ് പറഞ്ഞു. നിലവിലെ ഉംറ തീര്‍ഥാടനത്തിന്റെ വിജയത്തിനനുസരിച്ച് നിബന്ധനകള്‍ ലഘൂകരിക്കുവാനും ക്രമാനുഗതമായി കൂടുതല്‍ പേര്‍ക്ക് അവസരമൊരുക്കുവാനുമാണ് പദ്ധതി.

🇸🇦സൗദിയിൽ വാണിജ്യ കേന്ദ്രങ്ങളിലെ പരിശോധന കർശനമാക്കുന്നു; 67 കച്ചവട സ്ഥാപനങ്ങൾക്ക് പൂട്ട് വീണു.

✒️സൗദിയിൽ വാണിജ്യ കേന്ദ്രങ്ങളിലെ പരിശോധന കർശനമാക്കുന്നു. കോവിഡ് വ്യാപനം തടയുന്നതിനുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാനാണ് പരിശോധന. ഷോപ്പിംഗ് മാളുകളിലും കച്ചവട കേന്ദ്രങ്ങളിലും ചെറുകിട വ്യാപാര സ്ഥാപനങ്ങളിലുമൊക്കെയായി 36,395 പരിശോധനകളാണ് തബൂക്ക് മുനിസിപ്പാലിറ്റി നടത്തിയത്. ഈ പരിശോധനകളുടെ ഫലമായി മാനദണ്ഡങ്ങൾ പാലിക്കാത്ത 67 കച്ചവട സ്ഥാപനങ്ങൾക്ക് പൂട്ട് വീണു. 118 നിയമലംഘകർക്ക് പിഴ ഈടാക്കിയിട്ടുമുണ്ട്.

അസീർ നഗരസഭയുടെ പരിധിയിൽ രണ്ടാഴ്ചക്കിടെ മാത്രം 9,766 പരിശോധനകളാണ് നടത്തിയത്. നിയമലംഘനം കണ്ടെത്തിയ 19 സ്ഥാപനങ്ങൾ അടപ്പിക്കുകയും 125 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്തു. സാമൂഹിക അകലം പാലിക്കാതിരിക്കുക, മാസ്‌ക് ധരിക്കാതിരിക്കുക, ആൾക്കൂട്ടം സൃഷ്ടിക്കുക തുടങ്ങിയ ക്രമക്കേടുകൾക്കാണ് പ്രധാനമായും ശിക്ഷ നൽകിയത്. തവക്കൽനാ ആപ് ഉപയോഗിക്കാത്തതും നിയമലംഘനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

🇰🇼കുവൈത്തിലേക്കുള്ള പ്രവേശന വിലക്ക് പിന്‍വലിച്ചു.

✒️കോവിഡ് പശ്ചാത്തലത്തിൽ വിദേശികൾക്ക് ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് കുവൈത്ത് പിൻവലിച്ചു. ആദ്യദിനം അറബ്-യൂറോപ്യൻ പൗരന്മാരാണ് എത്തിയത്. എന്നാൽ ഇന്ത്യയിൽ നിന്നുള്ള പ്രവാസികളുടെ മടക്കം സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. തുർക്കിയിൽനിന്നും ഖത്തറിൽ നിന്നുമുള്ള വിമാനങ്ങളാണ് വിദേശി യാത്രക്കാരുമായി കുവൈത്തില്‍ ആദ്യമെത്തിയത് . ഈജിപ്ത് ലെബനൻ, ജോർദാൻ, മൊറോക്കോ , ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരാണ് ആദ്യദിനം വിമാനമിറങ്ങിയത്. യാത്രാനിബന്ധനകളിൽ വീഴ്ച വരുത്തിയ ഏതാനും യാത്രക്കാരെ തിരിച്ചയച്ചതായി വിമാനത്താവള വൃത്തങ്ങൾ അറിയിച്ചു.

ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്ന് വിമാന ഷെഡ്യൂളുകൾക്ക് ഡിജിസിഎ ഇതുവരെ അനുമതി നൽകിയിട്ടില്ല . എന്നാൽ ഇമ്മ്യൂൺ ആപ്പിൽ വാക്‌സിനേറ്റഡ് സ്റ്റാറ്റസ് ലഭിച്ച ഇന്ത്യക്കാർക്ക് ട്രാൻസിറ്റ് വഴി കുവൈത്തിലേക്ക് വരാമെന്നും മറ്റൊരു രാജ്യത്ത് ക്വാറന്‍റൈൻ ഇരിക്കേണ്ടെന്നും ഡിജിസിഎ മേധാവി എൻജിനീയർ യൂസഫ് അൽ ഫൗസാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു . എന്നാൽ റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട ഇന്ത്യ ഉൾപ്പെടെ അഞ്ചുരാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് മറ്റൊരു രാജ്യത്ത് 14 കഴിഞ്ഞ ശേഷം മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന് ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ആളുകളിൽ ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട് . വിഷയത്തിൽ അവ്യക്തത നിലനിൽക്കുന്നതിനാൽ എയർലൈൻ കമ്പനികൾ ഇന്ത്യക്കാരുടെ ടിക്കറ്റ് ബുക്കിങ്ങും നിർത്തിവെച്ചിരിക്കുകയാണ് . വാക്സിൻ സർട്ടിഫിക്കറ്റിന്‌ അംഗീകാരം ലഭിക്കാത്തതും മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളുടെ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

Post a Comment

0 Comments