🇸🇦സൗദിയില്‍ കൊവിഡ് ഭീഷണി അകലുന്നു; വിമാനങ്ങളില്‍ മുഴുവന്‍ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കും.
🇸🇦സൗദിയില്‍ കൊവിഡ് വാക്‌സിനേഷന്‍ മൂന്നര കോടി ഡോസ് കവിഞ്ഞു.
🇴🇲ഒമാനിലേക്കുള്ള പ്രവാസികളുടെ മടക്കയാത്ര പ്രതിസന്ധിയില്‍; ടിക്കറ്റ് നിരക്കില്‍ തീവെട്ടിക്കൊള്ള.
🇦🇪യുഎഇയില്‍ കൊവിഡ് കേസുകള്‍ വീണ്ടും ആയിരത്തില്‍ താഴെയെത്തി.
🇸🇦സൗദിയിൽ നിന്ന് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ളവർക്കാണ് മടങ്ങിയെത്തുന്നതിന് അനുമതി നൽകിയിട്ടുള്ളതെന്ന് ജവാസത്.
🇴🇲ഒമാനിൽ നിന്ന് ഒരു ഡോസ് വാക്സിനെടുത്ത ശേഷം വിദേശത്തേക്ക് യാത്ര ചെയ്തവർക്ക് തിരികെ പ്രവേശിക്കാൻ അനുമതി നൽകും.
🇧🇭ബഹ്‌റൈൻ: 12 വയസ് വരെ പ്രായമുള്ള യാത്രികരുടെ പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നു.
🇰🇼കുവൈറ്റ്: യാത്രികർ COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ഓൺലൈനിൽ രജിസ്റ്റർ ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.
🇴🇲ഒമാൻ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകൾ ഏതെല്ലാം?
🇴🇲ഒമാൻ: പുതിയ വിസകൾ അനുവദിക്കുന്നതിനുള്ള നടപടികൾ സെപ്റ്റംബർ 1 മുതൽ ആരംഭിക്കും.
🇶🇦ഖത്തറിൽ ഇന്ന് 212 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 145 പേര്‍ക്ക് സമ്പർക്കത്തിലൂടെ രോഗബാധ.
🇦🇪ഗര്‍ഭിണിയായ പൂച്ചയെ രക്ഷിച്ച് വൈറലായ പ്രവാസികള്‍ക്ക് 10 ലക്ഷം രൂപ വീതം സമ്മാനം നല്‍കി ദുബൈ ഭരണാധികാരി.
വാർത്തകൾ വിശദമായി
🇸🇦സൗദിയില്‍ കൊവിഡ് ഭീഷണി അകലുന്നു; വിമാനങ്ങളില്‍ മുഴുവന്‍ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കും.
✒️സൗദിയില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം മുന്നൂറിലും താഴെയാവുകയും വൈറസ് വ്യാപന ഭീഷണി കുറയുകയും ചെയ്തതോടെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ അയവ് വരുത്തുന്നു. സെപ്തംബര്‍ ഒന്ന് മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകളില്‍ മുഴുവന്‍ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കും. സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അനുവാദത്തോടെയാണ് ഇത്തരത്തില്‍ തീരുമാനമെടുത്തതെന്ന് സൗദി എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.
നിലവില്‍ 50 ശതമാനം സീറ്റുകളില്‍ മാത്രമാണ് യാത്രക്കാരെ അനുവദിക്കുന്നത്. അത് 100 ശതമാനമായി അടുത്തമാസം ഉയര്‍ത്തും. സൗദി എയര്‍ലൈന്‍സ് രാജ്യത്തിനുള്ളില്‍ വിവിധ ഭാഗങ്ങളിലേക്ക് നടത്തുന്ന സര്‍വീസുകളിലായി മൊത്തം രണ്ടര ലക്ഷം സീറ്റുകളാണ് നിലവിലുള്ളത്. ഇത്രയും യാത്രക്കാരെ ഇപ്പോള്‍ അനുവദിക്കുന്നത്. മുഴുവന്‍ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കുന്നതോടെ മൊത്തം സീറ്റിങ് കപ്പാസിറ്റി 3,72,000 ആയി ഉയരും. രണ്ട് ഡോസ് വാക്‌സിനെടുത്തുവരെ മാത്രമേ യാത്ര അനുവദിക്കൂ. മാസ്‌ക് ധരിക്കുക, സമൂഹ അകലം പാലിക്കുക തുടങ്ങിയ അടിസ്ഥാന കൊവിഡ് പ്രോേട്ടാക്കോള്‍ പാലിച്ചാണ് യാത്രക്ക് അനുമതി.
🇸🇦സൗദിയില്‍ കൊവിഡ് വാക്‌സിനേഷന്‍ മൂന്നര കോടി ഡോസ് കവിഞ്ഞു.
✒️സൗദി അറേബ്യയില്‍ കൊവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് മൂന്നര കോടി ഡോസ് കവിഞ്ഞു. വെള്ളിയാഴ്ചയോടെ രാജ്യത്താകെ 35,513,291 ഡോസ് വാക്‌സിന്‍ വിതരണം പൂര്‍ത്തിയായതായി സൗദി ആരോഗ്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അതെസമയം പുതുതായി കൊവിഡ് ബാധിക്കുന്നവരുടെ പ്രതിദിന എണ്ണം വീണ്ടും കുറഞ്ഞു. ഇന്ന് പുതുതായി 244 പേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിലുള്ള രോഗബാധിതരില്‍ 407 പേര്‍ സുഖം പ്രാപിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ എട്ട് മരണങ്ങള്‍ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് ഇന്ന് 63,288 ആര്‍.ടി പി.സി.ആര്‍ പരിശോധനകള്‍ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,43,562 ആയി. ഇതില്‍ 5,31,324 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,520 ആയി. നിലവില്‍ രോഗബാധിതരായി നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 3,718 ആയി കുറഞ്ഞു. ഇതില്‍ 1,020 പേര്‍ മാത്രമാണ് ആശുപത്രികളില്‍ തീവ്രപരിചരണത്തില്‍ കഴിയുന്നത്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.7 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 54, മക്ക 46, കിഴക്കന്‍ പ്രവിശ്യ 27, ജീസാന്‍ 23, അസീര്‍ 19, മദീന 17, അല്‍ഖസീം 16, നജ്‌റാന്‍ 13, അല്‍ജൗഫ് 8, വടക്കന്‍ അതിര്‍ത്തി മേഖല 8, ഹായില്‍ 7, തബൂക്ക് 4, അല്‍ബാഹ 2.
🇴🇲ഒമാനിലേക്കുള്ള പ്രവാസികളുടെ മടക്കയാത്ര പ്രതിസന്ധിയില്‍; ടിക്കറ്റ് നിരക്കില്‍ തീവെട്ടിക്കൊള്ള.
✒️കൊവിഡിന്റെ രണ്ടാം തരംഗത്തിന്റെ ഭാഗമായി ഒമാന്‍ നടപ്പിലാക്കിയിരുന്ന യാത്രാവിലക്ക് ഓഗസ്റ്റ് 31ന് അവസാനിക്കുകയാണ്. സെപ്തംബര്‍ ഒന്നുമുതല്‍ ഒമാന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്ന ഇന്ത്യ ഉള്‍പ്പെടെ 21 രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് നിബന്ധനകളോട് കൂടി രാജ്യത്തേക്ക് പ്രവേശിക്കുവാന്‍ സാധിക്കും. എന്നാല്‍ വിമാന ടിക്കറ്റ് നിരക്കിലെ വര്‍ധനവ് മൂലം ആശങ്കയിലായിരിക്കുകയാണ് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍.
2021 ഏപ്രില്‍ 24 മുതലാണ് ഒമാന്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. 129 ദിവസത്തിനു ശേഷം കേരളത്തില്‍ നിന്നും ഒമാനിലേക്ക് മടങ്ങുന്ന ഓരോ പ്രവാസിക്കും കൊവിഡ് ദുരന്തത്തെക്കാള്‍ നേരിടുന്ന പ്രതിസന്ധിയാണ് വിമാനകമ്പനികളില്‍ നിന്നും നേരിടേണ്ടി വരുന്നത്. 'യാത്രാ വിലക്ക് അവസാനിപ്പിച്ചുവെന്ന ഒമാന്‍ സര്‍ക്കാരിന്റെ വാര്‍ത്ത സന്തോഷം നല്‍കുന്നതാണ്, എന്നാല്‍ ഞങ്ങള്‍ക്ക് മസ്‌കറ്റിലേക്കു പോകുവാന്‍ ടിക്കറ്റ് എടുക്കുവാന്‍ കഴിയുമോ എന്നു തോന്നുന്നില്ല. ഞാനും ഭാര്യയും മകനും മസ്‌കറ്റിലേക്കു തിരികെ വരണമെങ്കില്‍ ആയിരം ഒമാനി റിയാലിനടുത്ത് ചിലവാകും'- കൊല്ലം കരുനാഗപ്പള്ളി സ്വദേശി സജി പറഞ്ഞു.
ഏകദേശം രണ്ടു ലക്ഷം രൂപയോളം ഉണ്ടെങ്കിലേ സജിക്കും കുടുംബത്തിനും മസ്‌കറ്റിലേക്കുള്ള മടക്കയാത്ര സാധ്യമാകൂ. സ്വന്തമായി തൊഴില്‍ ചെയ്തു ജീവിക്കുന്ന തനിക്ക് ഇത് ഒരു ഭാരിച്ച കടമ്പയാണെന്നും സജി പറഞ്ഞു. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് സെപ്തംബര്‍ മാസത്തെ കൊച്ചി മസ്‌കറ്റ് ടിക്കറ്റ് നിരക്ക് പരസ്യപ്പെടുത്തിയിരിക്കുന്നത് 340 ഒമാനി റിയാലും മറ്റ് അധിക ചാര്‍ജുകളും എന്നാണ്. എന്നാല്‍, മസ്‌കറ്റില്‍ നിന്നും കൊച്ചിയിലേക്കുള്ള സെപ്തംബര്‍ പതിനഞ്ചു വരെയുള്ള ടിക്കറ്റു നിരക്ക് നൂറു ഒമാനി റിയാല്‍ മുതല്‍ നൂറ്റി നാല്പതു റിയാല്‍ മാത്രമാണെന്നും മസ്‌കറ്റിലെ ഒരു സ്വകാര്യ ട്രാവല്‍കമ്പനി ഉടമ റെന്നി ജോണ്‍സണ്‍ പറഞ്ഞു.
ഈ നിരക്ക് ഇനിയും താഴേക്കു പോകുമെന്നും റെന്നി കൂട്ടിച്ചേര്‍ത്തു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല പതിനായിരകണക്കിന് പ്രവാസികളാണ് കേരളത്തില്‍ നിന്നും ഒമാനിലേക്ക് തിരിച്ചു വരുവാനായി കാത്തിരിക്കുന്നത്. ഇതുപോലുള്ള പകല്‍ തീവെട്ടി കൊള്ള മൂലം മടക്ക യാത്രക്ക് മുടക്കം നേരിട്ടിരിക്കുന്നതു ആയിരങ്ങള്‍ക്കാണ്. എയര്‍ ബബിള്‍ എന്ന സംവിധാനത്തിലൂടെ ഭാരത സര്‍ക്കാര്‍ എയര്‍ ഇന്ത്യക്കും എയര്‍ ഇന്ത്യ എക്‌സ് പ്രസ്സിനും മാത്രമേ വിദേശ രാജ്യങ്ങളിലേക്ക് സര്‍വീസുകള്‍ നടത്തുവാന്‍ അനുവാദം നല്കിയിട്ടുള്ളു.
കൊവിഡിന്റെ ആദ്യ ഘട്ടത്തില്‍ 2020 ഒക്ടോബര്‍ 1 മുതല്‍ വ്യവസ്ഥകള്‍ക്കനുസൃതമായി വിമാന സര്‍വീസുകള്‍ നടത്തുവാന്‍ ഇന്ത്യയും ഒമാനും 'എയര്‍ ബബിള്‍' എന്ന യാത്രാ ക്രമീകരണങ്ങള്‍ സംയുക്തമായി പ്രഖ്യാപിക്കുകയായിരുന്നു. കൊവിഡ് 19 മൂലം റദ്ദാക്കിയ പതിവ് വിമാന സര്‍വീസുകള്‍ പുനരാംഭിക്കുന്നതിനായി രണ്ടു രാജ്യങ്ങള്‍ തമ്മില്‍ ഏര്‍പ്പെടുന്ന താല്‍ക്കാലിക ഇടപാടാണ് എയര്‍ ബബിള്‍ സംവിധാനംഇരുരാജ്യങ്ങളിലെയും വ്യോമയാന മന്ത്രാലയങ്ങളുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് സര്‍വീസുകള്‍ നടത്തി വരുന്നതും.'എയര്‍ ബബിള്‍' കരാര്‍ അനുസരിച്ചു ഇന്ത്യയില്‍ നിന്ന് ഓമനിലേക്കും തിരിച്ചു ഒമാനില്‍ നിന്ന് ഇന്ത്യയിലേക്കും എയര്‍ ഇന്ത്യ, ഇന്ത്യന്‍ എക്‌സ്പ്രസ്സ്, ഒമാന്‍ എയര്‍, സലാം എയര്‍ എന്നീ കമ്പനികള്‍ക്ക് മാത്രമേ സര്‍വീസുകള്‍ നടത്തുവാന്‍ അനുവാദമുള്ളൂ.
എയര്‍ ഇന്ത്യ ,എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് സംയുക്തമായി 6000 സീറ്റുകളും , ഒമാന്‍ ഭാഗത്ത് നിന്നും 3500 സീറ്റുകള്‍ ഒമാന്‍ എയറും , 2500 സീറ്റുകള്‍ സലാം എയറും കൂടി പ്രതിവാരം 12000 സീറ്റുകളാണ് 'എയര്‍ ബബിള്‍' കരാര്‍ അനുസരിച്ചു അനുവദിച്ചിട്ടുള്ളത്. സെപ്തംബര്‍ ഒന്ന് മുതല്‍ യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഒന്നുകില്‍ സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയോ അല്ലെങ്കില്‍ മറ്റു വിമാന കമ്പനികള്‍ക്ക് കൂടി സര്‍വീസിന് അനുവാദം നല്‍കുകയോ ചെയ്‌തെങ്കില്‍ മാത്രമേ ടിക്കറ്റ് നിരക്കില്‍ കുറവ് ഉണ്ടാകുവാന്‍ സാധ്യതയുള്ളുവെന്ന് സ്വകാര്യ ട്രാവല്‍ കമ്പനി ഉടമ റെന്നി ജോണ്‍സന്‍ വ്യക്തമാക്കി.
കൊവിഡ് മൂലം സര്‍വ്വതും തകര്‍ന്ന പ്രവാസികള്‍ക്ക് വിമാനടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നത് മറ്റൊരു പ്രതിസന്ധിയാരിക്കുകയാണെന്നും ഈ മേഖലയിലേക്ക് അധിക വിമാന സര്‍വീസുകള്‍ അനുവദിച്ചു കൊണ്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്നും ഒപ്പം ജനപ്രതിനിധികള്‍ പ്രവാസികളോടൊപ്പം ചേരണമെന്നും ഒമാനിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. കൊവിഡ് കാലഘട്ടത്തിലെങ്കിലും വിമാന യാത്ര നിരക്കിലെ ഈ ദുരവസ്ഥക്ക് ഒരു പരിഹാരം കാണുമെന്നുള്ള പ്രതീക്ഷയിലാണ് ഗള്‍ഫിലെയും നാട്ടിലും കുടുങ്ങിയിരിക്കുന്ന പ്രവാസികളുടെ ആവശ്യം. നിലവില്‍ എയര്‍ ബബിള്‍ കരാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് ഭാരത സര്‍ക്കാരാണ്.
🇦🇪യുഎഇയില്‍ കൊവിഡ് കേസുകള്‍ വീണ്ടും ആയിരത്തില്‍ താഴെയെത്തി.
✒️യുഎഇയില്‍ പ്രതിദിന കൊവിഡ് കണക്ക് വീണ്ടും ആയിരത്തില്‍ താഴെയെത്തി. 994 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,570 പേര്‍ സുഖം പ്രാപിക്കുകയും നാലുപേര്‍ മരണപ്പെടുകയും ചെയ്തു.
പുതിയതായി നടത്തിയ 300,828 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,14,396 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,98,989 പേര്‍ രോഗമുക്തരാവുകയും 2,035 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 13,372 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
🇸🇦സൗദിയിൽ നിന്ന് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ളവർക്കാണ് മടങ്ങിയെത്തുന്നതിന് അനുമതി നൽകിയിട്ടുള്ളതെന്ന് ജവാസത്.
✒️സൗദിയിലേക്ക് പ്രവേശനവിലക്ക് നിലനിൽക്കുന്ന ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സ് (ജവാസത്) വ്യക്തത നൽകിയിട്ടുണ്ട്. സൗദിയിൽ നിന്ന് COVID-19 വാക്സിൻ രണ്ട് ഡോസുകളും സ്വീകരിച്ച ശേഷം എക്സിറ്റ് ആൻഡ് റീ-എൻട്രി വിസകളിൽ സ്വന്തം നാടുകളിലേക്ക് മടങ്ങിയിട്ടുള്ള റെസിഡൻസി പെർമിറ്റുകളുള്ള പ്രവാസികൾക്ക് മാത്രമാണ് യാത്രാവിലക്കുകൾ നിലനിൽക്കുന്ന ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് നേരിട്ട് മടങ്ങിയെത്തുന്നതിന് അനുമതി നൽകിയിരിക്കുന്നതെന്ന് ജവാസത് വ്യക്തമാക്കി.
പ്രവാസികളുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് ഓഗസ്റ്റ് 26-ന് രാത്രി ജവാസത് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് സൗദി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ തീരുമാനം കർശനമായി നടപ്പിലാക്കുമെന്നും ജവാസത് കൂട്ടിച്ചേർത്തു.
വിദേശരാജ്യങ്ങളിൽ നിന്ന് രണ്ട് ഡോസ് COVID-19 വാക്സിൻ സ്വീകരിച്ചിട്ടുള്ള, സൗദിയിൽ നിന്നുള്ള സാധുതയുള്ള റെസിഡൻസി വിസകളുള്ളവർക്ക് നിലവിൽ നേരിട്ട് പ്രവേശനം അനുവദിച്ചിട്ടില്ലെന്ന് ജവാസത് വ്യക്തമാക്കി. ഒരു ഡോസ് കുത്തിവെപ്പ് സൗദിയിൽ നിന്നും, രണ്ടാം ഡോസ് വിദേശത്ത് നിന്നും സ്വീകരിച്ചിട്ടുള്ള റെസിഡൻസി വിസകളുള്ളവർക്കും നിലവിൽ നേരിട്ട് പ്രവേശനം അനുവദിച്ചിട്ടില്ലെന്ന് ജവാസത് കൂട്ടിച്ചേർത്തു.
സൗദിയിൽ നിന്ന് COVID-19 വാക്സിൻ രണ്ട് ഡോസുകളും സ്വീകരിച്ച ശേഷം എക്സിറ്റ് ആൻഡ് റീ-എൻട്രി വിസകളിൽ സ്വന്തം നാടുകളിലേക്ക് മടങ്ങിയിട്ടുള്ള റെസിഡൻസി പെർമിറ്റുകളുള്ള പ്രവാസികൾ ഒഴികെയുള്ള യാത്രികർ യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്ന് തിരികെ മടങ്ങുന്ന അവസരത്തിൽ, സൗദിയിലേക്ക് പ്രവേശിക്കുന്നതിന് മുൻപായി മറ്റൊരു രാജ്യത്ത് 14 ദിവസം ക്വാറന്റീനിൽ തുടരേണ്ടതാണെന്നും ജവാസത് അറിയിച്ചിട്ടുണ്ട്.
ഇന്ത്യ, പാകിസ്ഥാൻ, ഇന്തോനേഷ്യ, ഈജിപ്ത്, തുർക്കി, അർജന്റീന, ബ്രസീൽ, സൗത്ത് ആഫ്രിക്ക, യു എ ഇ, എത്യോപ്യ, വിയറ്റ്നാം, അഫ്ഘാനിസ്ഥാൻ, ലെബനൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഏതാനം വിഭാഗം പ്രവാസികൾക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചതായി സൗദി GACA കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.
🇴🇲ഒമാനിൽ നിന്ന് ഒരു ഡോസ് വാക്സിനെടുത്ത ശേഷം വിദേശത്തേക്ക് യാത്ര ചെയ്തവർക്ക് തിരികെ പ്രവേശിക്കാൻ അനുമതി നൽകും.
✒️ഒമാനിൽ നിന്ന് ഒരു ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പെടുത്ത ശേഷം വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്ത റെസിഡൻസി വിസകളിലുള്ളവർക്ക് തിരികെ പ്രവേശിക്കുന്നതിന് അനുമതി നൽകുമെന്ന് ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ അഹ്‌മദ് അൽ സൈദി അറിയിച്ചു. എന്നാൽ ഇവർക്ക് ഏതാനം നിബന്ധനകളോടെയാണ് തിരികെ പ്രവേശിക്കുന്നതിന് അനുമതി നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒമാനിൽ നിന്ന് അംഗീകൃത COVID-19 വാക്സിന്റെ ഒരു ഡോസ് കുത്തിവെപ്പെടുത്ത ശേഷം സ്വദേശങ്ങളിലേക്ക് മടങ്ങിയ പ്രവാസികൾക്ക് താഴെ പറയുന്ന നിബന്ധനകളോടെയാണ് തിരികെ പ്രവേശനം അനുവദിക്കുന്നത്:
ഇവർക്ക് ഒമാനിലേക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ്, 72 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്.
ഇവർ ഒമാനിലെത്തിയ ശേഷം മറ്റൊരു PCR ടെസ്റ്റ് നടത്തേണ്ടതാണ്.
ഇവർക്ക് 7 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്.
ഇവർ എട്ടാം ദിനം മറ്റൊരു PCR ടെസ്റ്റ് നടത്തേണ്ടതാണ്.
ഇവർ ഒമാനിലെത്തിയ ശേഷം എത്രയും വേഗം രണ്ടാം ഡോസ് കുത്തിവെപ്പ് സ്വീകരിക്കേണ്ടതാണ്.
അതേസമയം, ഒമാനിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്ന റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക റദ്ദ് ചെയ്യാൻ തീരുമാനിച്ചതായി അധികൃതർ നേരത്തെ അറിയിച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് മുതലായ രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് പ്രത്യേക മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ഒമാനിലേക്ക് യാത്ര ചെയ്യാവുന്നതാണ്.
🇧🇭ബഹ്‌റൈൻ: 12 വയസ് വരെ പ്രായമുള്ള യാത്രികരുടെ പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നു.
✒️വിദേശരാജ്യങ്ങളിൽ നിന്നെത്തുന്ന 12 വയസ് വരെ പ്രായമുള്ള യാത്രികർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു. ഈ പ്രായവിഭാഗങ്ങളിലുള്ള യാത്രികരുടെ PCR ടെസ്റ്റ്, ക്വാറന്റീൻ എന്നിവ സംബന്ധിച്ചുള്ള മാനദണ്ഡങ്ങളിലാണ് മാറ്റം വരുത്തുന്നത്.
രാജ്യത്തെ COVID-19 പ്രതിരോധത്തിന്റെ ചുമതലയുള്ള നാഷണൽ ടാസ്‌ക്‌ഫോഴ്‌സിന്റെ നിർദ്ദേശങ്ങൾ പ്രകാരമുള്ള ഈ പുതുക്കിയ നിബന്ധനകൾ 2021 ഓഗസ്റ്റ് 29, ഞായറാഴ്ച്ച മുതൽ ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിലൂടെ പ്രവേശിക്കുന്ന 12 വയസ് വരെ പ്രായമുള്ള യാത്രികർക്ക് ബാധകമാകുന്നതാണ്.
ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിർദ്ദേശങ്ങളാണ് ബഹ്‌റൈൻ CAA അറിയിച്ചിരിക്കുന്നത്:
റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് ബഹ്റൈനിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികരും, ആറ് വയസിന് താഴെ പ്രായമുള്ളവരുൾപ്പടെ, 10 ദിവസം ക്വാറന്റീനിൽ തുടരേണ്ടതാണ്.
റെഡ് ലിസ്റ്റിൽ പെടാത്ത രാജ്യങ്ങളിൽ നിന്നെത്തുന്ന വാക്സിനെടുക്കാത്ത ആറ് വയസിന് താഴെ പ്രായമുള്ളവർക്ക് PCR ടെസ്റ്റ് ആവശ്യമില്ല.
റെഡ് ലിസ്റ്റിൽ പെടാത്ത രാജ്യങ്ങളിൽ നിന്നെത്തുന്ന വാക്സിനെടുക്കാത്ത ആറ് മുതൽ പന്ത്രണ്ട് വയസ് വരെ പ്രായമുള്ളവർക്ക് നിലവിലുള്ള PCR പരിശോധനാ നിബന്ധനകൾ തുടരും.
റെഡ് ലിസ്റ്റിൽ പെടാത്ത രാജ്യങ്ങളിൽ നിന്നെത്തുന്ന വാക്സിനെടുക്കാത്ത ആറ് വയസിന് താഴെ പ്രായമുള്ളവർക്കും, ആറ് മുതൽ പന്ത്രണ്ട് വയസ് വരെ പ്രായമുള്ളവർക്കും അഞ്ച് ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്.
വാക്സിനെടുക്കാതെ വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന മുഴുവൻ വിദ്യാർത്ഥികളും ബഹ്‌റൈനിലെത്തിയ ശേഷം 10 ദിവസം നിർബന്ധമായും വിദൂര വിദ്യാഭ്യാസ രീതിയിൽ അധ്യയനം നടത്തേണ്ടതാണ്. ഈ നിബന്ധന സ്‌കൂൾ, കിന്റർഗാർട്ടൻ, നഴ്സറി, ട്രെയിനിങ്ങ് സെന്റർ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് ബാധകമാണ്.
🇰🇼കുവൈറ്റ്: യാത്രികർ COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ഓൺലൈനിൽ രജിസ്റ്റർ ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.
✒️രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർ, വിദേശ രാജ്യങ്ങളിൽ നിന്ന് ലഭിച്ചിട്ടുള്ള തങ്ങളുടെ COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ഓൺലൈനിലൂടെ രജിസ്റ്റർ ചെയ്യണമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു. കുവൈറ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കുവൈറ്റിലേക്ക് യാത്ര ചെയ്യുന്ന ജി സി സി പൗരന്മാർ, പ്രവാസികൾ, മറ്റു സന്ദർശകർ എന്നിവർക്ക് ഈ നിർദ്ദേശം ബാധകമാണ്. ഇത്തരത്തിൽ COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ഓൺലൈനിൽ അപ്‌ലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യുന്നവർക്ക്, ഇവയുടെ ആധികാരികത പരിശോധിക്കുന്നതിനുള്ള അപേക്ഷ ‘Immune’ ആപ്പിലൂടെ പൂർത്തിയാക്കാമെന്ന് ഡാറ്റ സിസ്റ്റംസ് ഡയറക്ടർ അഹ്മദ് അൽ ഗരീബ് കുവൈറ്റ് ന്യൂസ് ഏജൻസിക്ക് നൽകിയ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
യാത്രികർക്ക് കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് തന്നെ Immune ആപ്പ് പ്രയോഗക്ഷമമാക്കുന്നതിന് ഈ രജിസ്‌ട്രേഷൻ സാഹായകമാകുമെന്ന് അദ്ദേഹം അറിയിച്ചു. പാസ്പോർട്ട് നമ്പർ, ഇമെയിൽ എന്നിവ ഇതിനായി ഉപയോഗിക്കാവുന്നതാണ്.
🇴🇲ഒമാൻ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകൾ ഏതെല്ലാം?.
✒️ഒമാൻ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകൾ സംബന്ധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ അഹ്‌മദ് ബിൻ മുഹമ്മദ് അൽ സൈദി ഓഗസ്റ്റ് 26-ലെ സുപ്രീം കമ്മിറ്റിയുടെ പത്രസമ്മേളനത്തിൽ വ്യക്തത നൽകി. ഒമാൻ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള വാക്സിനുകളും, ഒമാനിലെ വാക്സിനേഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് കുത്തിവെപ്പുകൾക്കുപയോഗിച്ചിട്ടുള്ള വാക്സിനുകളും അദ്ദേഹം പ്രത്യേകം ചൂണ്ടിക്കാട്ടി.
ഈ അറിയിപ്പ് പ്രകാരം ഒമാൻ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകൾ:
ഫൈസർ ബയോഎൻ ടെക് (Pfizer BioNTech).
ഓക്സ്ഫോർഡ് ആസ്ട്രസെനേക (Oxford AstraZeneca).
സ്പുട്നിക് (Sputnik).
സിനോവാക് (Sinovac).
മോഡർന (Moderna).
ജോൺസൻ ആൻഡ് ജോൺസൻ (Johnson & Johnson).
സിനോഫാം (Sinopharm).
കോവിഷീൽഡ് ആസ്ട്രസെനേക (Covishield AstraZeneca).
മേല്പറഞ്ഞ വാക്സിനുകൾ ഒമാനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, ഒമാൻ അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇവയെല്ലാം ഒമാനിലെ വാക്സിനേഷൻ പ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒമാനിൽ ഉപയോഗിക്കുന്ന COVID-19 വാക്സിനുകൾ:
ഫൈസർ ബയോഎൻ ടെക് (Pfizer BioNTech).
ഓക്സ്ഫോർഡ് ആസ്ട്രസെനേക (Oxford AstraZeneca).
കോവിഷീൽഡ് ആസ്ട്രസെനേക (Covishield AstraZeneca).
🇴🇲ഒമാൻ: പുതിയ വിസകൾ അനുവദിക്കുന്നതിനുള്ള നടപടികൾ സെപ്റ്റംബർ 1 മുതൽ ആരംഭിക്കും.
✒️2021 സെപ്റ്റംബർ 1 മുതൽ രാജ്യത്ത് പുതിയ വിസകൾ അനുവദിക്കുന്നതിനുള്ള നടപടികൾ പുനരാരംഭിക്കുമെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. COVID-19 വ്യാപനപശ്ചാത്തലത്തിലേർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലം പുതിയ വിസകൾ അനുവദിക്കുന്നതിനുള്ള നടപടികൾ ഒമാൻ താത്കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു.
സെപ്റ്റംബർ 1 മുതൽ എല്ലാ തരത്തിലുള്ള വിസകളും അനുവദിക്കുന്നത് പുനരാരംഭിക്കുമെന്ന് പോലീസ് ആൻഡ് കസ്റ്റംസ് വിഭാഗം അസിസ്റ്റന്റ് ഐജി മേജർ ജനറൽ അബ്ദുല്ല ബിൻ അലി അൽ ഹാർത്തിയാണ് അറിയിച്ചത്. 2021 ഓഗസ്റ്റ് 26-ന് ചേർന്ന സുപ്രീം കമ്മിറ്റിയുടെ യോഗത്തിനു ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
2021 ജനുവരി 1-ന് ശേഷം പ്രവാസികൾക്ക് അനുവദിച്ചിട്ടുള്ള മുഴുവൻ വിസകളുടെയും കാലാവധി നീട്ടി നൽകാൻ തീരുമാനിച്ചതായും അദ്ദേഹം ഇതേ യോഗത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
🇶🇦ഖത്തറിൽ ഇന്ന് 212 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 145 പേര്‍ക്ക് സമ്പർക്കത്തിലൂടെ രോഗബാധ.
✒️ഖത്തറില്‍ ഇന്ന് 212 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. 145 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 67 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 213 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 228,540 ആയി. രാജ്യത്ത് ഇന്ന് കൊവിഡ് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണ നിരക്ക് 602 ആയി. 2862 പേരാണ് രാജ്യത്ത് നിലവില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 22 പേര്‍ ഐ.സി.യുവില്‍ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് പേരെയാണ് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,231 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തു.
🇦🇪ഗര്‍ഭിണിയായ പൂച്ചയെ രക്ഷിച്ച് വൈറലായ പ്രവാസികള്‍ക്ക് 10 ലക്ഷം രൂപ വീതം സമ്മാനം നല്‍കി ദുബൈ ഭരണാധികാരി.
✒️ദുബൈയില്‍ ആളൊഴിഞ്ഞ കെട്ടിടത്തില്‍ കുടുങ്ങിയ ഗര്‍ഭിണിയായ പൂച്ചയെ സമയോചിതമായി രക്ഷപ്പെടുത്തിയ മലയാളികളടക്കം നാല് പ്രവാസികള്‍ക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സമ്മാനം. കോഴിക്കോട് വടകര സ്വദേശി അബ്ദുല്‍ റാഷിദ്, ആര്‍ടിഎ ഡ്രൈവറായ കോതമംഗലം സ്വദേശി നാസിര്‍ മുഹമ്മദ്, മൊറോക്കന്‍ സ്വദേശി അഷ്‌റഫ്, പാകിസ്ഥാനി ആതിഫ് മഹ്മൂദ് എന്നിവര്‍ക്കാണ് 50,000 ദിര്‍ഹം(10 ലക്ഷം രൂപ)വീതം സമ്മാനമായി നല്‍കിയത്.
ഇന്നലെ രാത്രി ഭരണാധികാരിയുടെ ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥന്‍ നേരിട്ടെത്തിയാണ് ഇവര്‍ക്ക് പാരിതോഷികം കൈമാറിയത്. ഈ മാസം 24ന് രാവിലെ ദേര അല്‍ മറാര്‍ പ്രദേശത്തായിരുന്നു സംഭവം. കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ കുടുങ്ങിയ ഗര്‍ഭിണിയായ പൂച്ചയെ ഇവര്‍ രക്ഷപ്പെടുത്തുകയായിരുന്നു. കെട്ടിടത്തിന് താഴെ ഇവര്‍ തുണി വിടര്‍ത്തിപ്പിടിച്ച് നിന്നു. കൃത്യമായി തുണിയിലേക്ക് ചാടിയ പൂച്ച പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപ്പെട്ടു. അബ്ദുല്‍ റാഷിദ് ആണ് സംഭവം ക്യാമറയില്‍ പകര്‍ത്തിയത്.
കെട്ടിടത്തിന് മുമ്പില്‍ കട നടത്തുന്ന അബ്ദുല്‍ റാഷിദ് പകര്‍ത്തിയ വീഡിയോ പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ദുബൈ ഭരണാധികാരി തന്നെ ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെക്കുകയും പൂച്ചയെ രക്ഷിച്ച പ്രവാസികളെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. മനോഹരമായ നമ്മുടെ നഗരത്തിലെ ഇത്തരം ദയാപരമായ പ്രവൃത്തിയില്‍ അഭിമാനവും സന്തോഷവും ഉണ്ടെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 'അറിയപ്പെടാത്ത ഈ ഹീറോകളെ തിരിച്ചറിയുന്നവര്‍ നന്ദി പറയാന്‍ സഹായിക്കൂ' എന്ന് അദ്ദേഹം ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.

0 Comments