Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ ലൈവ് ന്യൂസ്‌ ഗൾഫ് വാർത്തകൾ

🇸🇦സൗദിയില്‍ പ്രതിദിന കൊവിഡ് മുക്തി നിരക്ക് ഉയര്‍ന്നു.

🇴🇲ഒമാനില്‍ 978 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 72 മണിക്കൂറിനിടെ 36 മരണം.

🇦🇪മഹ്സൂസിന്റെ അടുത്ത നറുക്കെടുപ്പില്‍ രണ്ടാം സമ്മാനം രണ്ട് മില്യന്‍ ദിര്‍ഹം.

🇶🇦ഖത്തറില്‍ പെട്രോളിനും ഡീസലിനും വില കൂട്ടി.

🛫ഇന്ത്യ - ഖത്തര്‍ എയര്‍ ബബ്ള്‍ കരാര്‍ ഒരു മാസത്തേക്ക് കൂടി നീട്ടി.

🇸🇦സൗദി: ഒരാഴ്ച്ചയ്ക്കിടയിൽ പതിമൂവായിരത്തോളം പേർ റെസിഡൻസി, തൊഴിൽ നിയമലംഘനങ്ങൾക്ക് പിടിയിലായാതായി ആഭ്യന്തര മന്ത്രാലയം.

🇸🇦സൗദി: പൊതു ഇടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് വാക്സിനേഷൻ നിർബന്ധമാക്കുന്നതിനുള്ള തീരുമാനം പ്രാബല്യത്തിൽ വന്നു.

🇸🇦സൗദി: വിദേശ തീർത്ഥാടകരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ഉംറ തീർത്ഥാടനം; ആദ്യ സംഘത്തിൽ 20000 തീർത്ഥാടകർക്ക് അനുമതി നൽകും.

🇶🇦പുതിയ കോവിഡ് വകഭേദങ്ങള്‍ മാരകം; എല്ലാവരും വാക്‌സിനെടുക്കണമെന്ന് ഖത്തര്‍.

🇶🇦ഖത്തറില്‍ ഇന്ന് 151 പേര്‍ക്ക് കോവിഡ്; ആക്ടീവ് കേസുകള്‍ വര്‍ധിക്കുന്നു.

🇦🇪യുഎഇയിലേക്കുള്ള വിമാനവിലക്ക് ഇനിയും നീളും.

🇶🇦ടോക്യോ ഒളിമ്പിക്സ്: ഖത്തറിന് രണ്ടാം സ്വര്‍ണം, നേട്ടം ഹൈജംപില്‍ മുതാസ് ബര്‍ഷിമിലൂടെ.

🇦🇪യുഎഇയില്‍ 1519 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു.


🇴🇲ഒമാൻ: രണ്ടാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്ന നടപടികൾ ഓഗസ്റ്റ് 1 മുതൽ ആരംഭിക്കും.

വാർത്തകൾ വിശദമായി


🇸🇦സൗദിയില്‍ പ്രതിദിന കൊവിഡ് മുക്തി നിരക്ക് ഉയര്‍ന്നു.

✒️സൗദി അറേബ്യയില്‍ കൊവിഡില്‍ നിന്ന് മുക്തി നേടുന്നതിന്റെ പ്രതിദിന നിരക്ക് ഉയര്‍ന്നു. ഇന്ന് 1,084 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോള്‍ 1,285 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 12 മരണങ്ങള്‍ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചെന്നും സൗദി ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാജ്യമാകെ ഇന്ന് 98,642 കൊവിഡ് പരിശോധനകളാണ് നടത്തിയത്. 

ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,26,814 ആയി. ഇതില്‍ 5,07,374 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,249 ആണ്. ചികിത്സയിലുള്ളവരുടെ എണ്ണം 11,191 ആയി കുറഞ്ഞു. ഇതില്‍ 1,403 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 235, മക്ക 207, കിഴക്കന്‍ പ്രവിശ്യ 154, അല്‍ഖസീം 107, അസീര്‍ 94, മദീന 69, ജീസാന്‍ 64, ഹായില്‍ 58, നജ്‌റാന്‍ 40, തബൂക്ക് 23, വടക്കന്‍ അതിര്‍ത്തി മേഖല 17, അല്‍ബാഹ 13, അല്‍ജൗഫ് 3. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് 26,925,604 ഡോസായി.

🇴🇲ഒമാനില്‍ 978 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 72 മണിക്കൂറിനിടെ 36 മരണം.

✒️ഒമാനില്‍ 978 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 72 മണിക്കൂറിനിടെ രാജ്യത്ത് 36 കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്‍തു. അവധി ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളിലെ കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഇന്നത്തെ വിവരങ്ങള്‍ ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചത്.

വ്യാഴാഴ്‍ച 392 പേര്‍ക്കും വെള്ളിയാഴ്‍ച 321 പേര്‍ക്കും ശനിയാഴ്‍ച 265 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. വ്യാഴാഴ്‍ച പത്ത് പേരും വെള്ളിയാഴ്‍ച 12 പേരും ശനിയാഴ്‍ച 14 പേരും കൊവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്‍തു. രാജ്യത്ത് ഇതുവരെ 2,96,835 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 2,79,892 പേര്‍ ഇതിനോടകം രോഗമുക്തരായി. ആകെ 3850 പേര്‍ക്കാണ് ഒമാനില്‍ കൊവിഡ് കാരണം ജീവന്‍ നഷ്‍ടമായത്.

94.3 ശതമാനമാണ് ഒമാനിലെ ഇപ്പോഴത്തെ കൊവിഡ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 39 കൊവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ 550 പേര്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ ഗുരുതരാവസ്ഥയിലുള്ളത് 232 പേരാണ്. ഇവരെ തീവ്രപരിചരണ വിഭാഗങ്ങളില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുന്നു.

🇦🇪മഹ്സൂസിന്റെ അടുത്ത നറുക്കെടുപ്പില്‍ രണ്ടാം സമ്മാനം രണ്ട് മില്യന്‍ ദിര്‍ഹം.

✒️യുഎഇയിലെ മഹ്സൂസ് സ്റ്റുഡിയോയില്‍ വെച്ച് കഴിഞ്ഞ ശനിയാഴ്ച രാത്രി നടന്ന 36-ാമത് തത്സമയ പ്രതിവാര നറുക്കെടുപ്പില്‍ 2,297 വിജയികള്‍ ആകെ 163,385 ദിര്‍ഹത്തിന്‍റെ സമ്മാനങ്ങള്‍ സ്വന്തമാക്കിയതായി മഹ്സൂസ് മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്സ് എല്‍എല്‍സി അറിയിച്ചു. 86 പേര്‍ 1,000 ദിര്‍ഹം വീതം നേടി. 2,211 പേരാണ് 35 ദിര്‍ഹം വീതം സമ്മാനമായി സ്വന്തമാക്കിയത്. 20, 23, 28, 35, 43, 44 എന്നിവയായിരുന്നു കഴിഞ്ഞയാഴ്ച നറുക്കെടുത്ത സംഖ്യകള്‍. 

നറുക്കെടുത്ത ആറ് സംഖ്യകളില്‍ ആറെണ്ണവും യോജിച്ചുവരുന്നവര്‍ക്കുള്ള ഒന്നാം സമ്മാനമായ 50,000,000 ദിര്‍ഹം ഇപ്പോഴും വിജയികളെ കാത്തിരിക്കുകയാണ്. നറുക്കെടുത്ത ആറ് സംഖ്യകളില്‍  അഞ്ചെണ്ണം  യോജിച്ച് വരുന്നവര്‍ക്കുള്ള രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹത്തിനും കഴിഞ്ഞയാഴ്ച ആരും അര്‍ഹത നേടിയില്ല. ഈ സാഹചര്യത്തില്‍ മഹ്‌സൂസിന്റെ നിയമപ്രകാരം, 2021 ഓഗസ്റ്റ് ഏഴ് ശനിയാഴ്ച യുഎഇ സമയം രാത്രി ഒന്‍പത് മണിക്ക് നടക്കാനിരിക്കുന്ന അടുത്ത നറുക്കെടുപ്പില്‍ രണ്ടാം സമ്മാനത്തുക 20,00,000 ദിര്‍ഹമാക്കി വര്‍ധിപ്പിക്കും.

ഈ ആഴ്ചയിലെ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് www.mahzooz.ae എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്യുന്നതിലൂടെ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കും. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും നറുക്കെടുപ്പിലേക്കുള്ള ഒരു എന്‍ട്രി വീതം ലഭിക്കുന്നു. മാത്രമല്ല ബോട്ടില്‍ഡ് വാട്ടര്‍ സംഭാവന നല്‍കുമ്പോള്‍ അത് മഹ്സൂസിന്റെ കമ്മ്യൂണിറ്റി പാര്‍ട്ണര്‍മാര്‍ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. യോഗ്യരായ എല്ലാവര്‍ക്കും മഹ്‌സൂസ് നറുക്കെടുപ്പില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയും.

'മഹ്‌സൂസ്' എന്നാല്‍ അറബിയില്‍ 'ഭാഗ്യം' എന്നാണ് അര്‍ത്ഥം. ജിസിസിയിലെ ഒരേയൊരു പ്രതിവാര തത്സമയ നറുക്കെടുപ്പായ മഹ്സൂസ്, ആഴ്ചതോറും നല്‍കുന്ന ലക്ഷക്കണക്കിന് ദിര്‍ഹത്തിന്റെ സമ്മാനങ്ങളിലൂടെ ജീവിതം മാറ്റിമറിക്കാനുള്ള അവസരമാണൊരുക്കുന്നത്. ജനങ്ങളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് മഹ്സൂസ്. ഒപ്പം സേവനമായി അത് സമൂഹത്തിന് തിരികെ നല്‍കുകയും ചെയ്യുന്നു. നറുക്കെടുപ്പ് മഹ്സൂസ് സ്റ്റുഡിയോയില്‍ നിന്ന് എല്ലാ ശനിയാഴ്ചയും www.mahzooz.ae എന്ന വെബ്സൈറ്റ് വഴിയും @MyMahzooz ഫേസ്ബുക്ക്, യുട്യൂബ് പേജുകള്‍ വഴിയും തത്സമയം സംപ്രേക്ഷണം ചെയ്യും. ലെബനീസ് ടെലിവിഷന്‍ അവതാരകന്‍ വിസാം ബ്രെയ്ഡിയും മലയാളി മോഡലും അവതാരകയും സംരംഭകയുമായ ഐശ്വര്യ അജിതുമാണ് ലൈവ് നറുക്കെടുപ്പിന്റെ അവതാരകര്‍.

🇶🇦ഖത്തറില്‍ പെട്രോളിനും ഡീസലിനും വില കൂട്ടി.

✒️ഖത്തറില്‍ ഓഗസ്റ്റ് മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു. ദേശീയ എണ്ണക്കമ്പനിയായ ഖത്തര്‍ പെട്രോളിയം പുറത്തുവിട്ട അറിയിപ്പ് പ്രകാരം പ്രീമിയം ഗ്രേഡ് പെട്രോളിന് 2.05 റിയാലാണ് പുതിയ വില. കഴിഞ്ഞ മാസത്തേക്കാള്‍ 10 ദിര്‍ഹംസ് അധികമാണിത്. സൂപ്പര്‍ ഗ്രേഡ് പെട്രോളിന് ഓഗസ്റ്റില്‍ 2.10 റിയാലായിരിക്കും. ഇതിനും 10 ദിര്‍ഹംസിന്റെ വര്‍ദ്ധനവുണ്ട്. ഡീസല്‍ വിലയില്‍ അഞ്ച് ദിര്‍ഹംസാണ് കൂടിയിട്ടുള്ളത്. ഓഗസ്റ്റില്‍ 1.95 റിയാലായിരിക്കും ഡീസലിന് നല്‍കേണ്ടത്.

🛫ഇന്ത്യ - ഖത്തര്‍ എയര്‍ ബബ്ള്‍ കരാര്‍ ഒരു മാസത്തേക്ക് കൂടി നീട്ടി.

✒️ഇന്ത്യയ്ക്കും ഖത്തറിനും ഇടയില്‍ നിലവിലുള്ള എയര്‍ ബബ്‍ള്‍ കരാര്‍ ഒരു മാസത്തേക്ക് കൂടി നീട്ടി. ഖത്തറിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ കരാര്‍ ഓഗസ്റ്റ് അവസാനം വരെ പ്രാബല്യത്തിലുണ്ടാവും.

കൊവിഡ് പശ്ചാത്തലത്തില്‍ വിദേശത്തേക്കുള്ള വിമാന സര്‍വീസിന് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയ ശേഷം വിവിധ രാജ്യങ്ങളുമായുള്ള എയര്‍ ബബ്ള്‍ കരാറുകളാണ് ഇപ്പോള്‍ നിലവിലുള്ളത്. നേരത്തെ തുടര്‍ന്നു വന്നിരുന്ന അന്താരാഷ്‍ട്ര വിമാന വിലക്ക്  ഓഗസ്റ്റ് 31 വരെ നീട്ടിക്കൊണ്ട് വെള്ളിയാഴ്‍ച സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ പുതിയ ഉത്തരവ് പുറത്തിറക്കിയിരുന്നു. കാര്‍ഗോ വിമാനങ്ങള്‍ക്കും എയര്‍ ബബ്ള്‍ കരാറുകള്‍ പ്രകാരമുള്ള സര്‍വീസുകള്‍ക്കുമാണ് അനുമതി നല്‍കിയിട്ടുള്ളത്.

🇸🇦സൗദി: ഒരാഴ്ച്ചയ്ക്കിടയിൽ പതിമൂവായിരത്തോളം പേർ റെസിഡൻസി, തൊഴിൽ നിയമലംഘനങ്ങൾക്ക് പിടിയിലായാതായി ആഭ്യന്തര മന്ത്രാലയം.

✒️രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച ഏതാണ്ട് പതിമൂവായിരത്തോളം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി. 2021 ജൂലൈ 22 മുതൽ 28 വരെയുള്ള കാലയളവിൽ രാജ്യത്തെ മുഴുവൻ മേഖലകളിലും നടത്തിയ പ്രത്യേക പരിശോധനകളിലാണ് റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനും, അനധികൃത തൊഴിലാളികളായും, കുടിയേറ്റക്കാരായും രാജ്യത്ത് പ്രവേശിച്ചതിനും, രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനും 12642 പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇതിൽ 4180 പേർ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനാണ് അറസ്റ്റിലായത്. തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 991 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിർത്തി സുരക്ഷ സംബന്ധമായ ലംഘനങ്ങൾക്ക് 7471 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇത്തരം ലംഘനങ്ങളുമായി ബന്ധപ്പെട്ട് ഏതാണ്ട് 5308 പേരെ നാടുകടത്തിയതായും അധികൃതർ വ്യക്തമാക്കി.

അനധികൃതമായി സൗദി അതിർത്തികളിലൂടെ നുഴഞ്ഞ് കയറാൻ ശ്രമിച്ച 266 പേരെയും ഈ കാലയളവിൽ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 44 ശതമാനം പേർ എത്യോപ്യൻ പൗരന്മാരും, 52 ശതമാനം പേർ യെമൻ പൗരന്മാരും, 4 ശതമാനം പേർ മറ്റു രാജ്യങ്ങളിൽ നിന്നുമുള്ളവരാണ്.

റെസിഡൻസി നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്ന വിദേശികൾ, അനധികൃത തൊഴിലാളികൾ, കുടിയേറ്റക്കാർ തുടങ്ങിയവരുടെ വിവരങ്ങൾ സെക്യൂരിറ്റി വിഭാഗങ്ങളുമായി പങ്ക് വെക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം ഏതാനം ദിവസങ്ങൾക്ക് മുൻപ് രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ആവശ്യപ്പെട്ടിരുന്നു. ഇത്തരക്കാരെ കണ്ടെത്തി നടപടികൾ കൈക്കൊള്ളുന്നതിനായി രാജ്യത്തെ വിവിധ സുരക്ഷാ വിഭാഗങ്ങളുമായി ചേർന്ന് ആഭ്യന്തര മന്ത്രാലയം പ്രത്യേക പരിശോധനാ പരിപാടികൾ അതിവിപുലമായി നടത്തിവരികയാണ്.

ഇത്തരം വിവരങ്ങൾ പൊതുജനങ്ങൾക്ക് അധികൃതരുമായി പങ്ക് വെക്കുന്നതിനുള്ള നമ്പറുകളും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മക്ക, റിയാദ് എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, സൗദിയുടെ മറ്റു മേഖലകളിൽ 999 എന്ന നമ്പറിലും ഇത്തരം നിയമലംഘനങ്ങൾ അധികൃതരുമായി പങ്ക് വെക്കാവുന്നതാണ്.

2021 ജൂലൈ 15 മുതൽ 21 വരെയുള്ള കാലയളവിൽ രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 14648 പേരെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ രാജ്യത്ത് അഞ്ച് ദശലക്ഷത്തിൽ പരം അനധികൃത കുടിയേറ്റക്കാർക്കെതിരെയും, റെസിഡൻസി നിയമങ്ങൾ ലംഘിച്ചവർക്കെതിരെയും നിയമനടപടികൾ സ്വീകരിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

രാജ്യത്ത് നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നത് വലിയ കുറ്റകൃത്യമാണെന്ന് സൗദി ആഭ്യന്തര വകുപ്പ് മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നൈഫ് 2021 ജൂലൈ 3-ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരക്കാർക്ക് വിവിധ സഹായങ്ങൾ നൽകുന്നതും, ഇവർക്ക് യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നതും, വിവിധ സേവനങ്ങൾ നൽകുന്നതും ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കുമെന്നും, ഇത്തരം പ്രവർത്തനങ്ങൾക്ക് പിടിക്കപ്പെടുന്നവർക്ക് 15 വർഷം വരെ തടവും, ഒരു മില്യൺ റിയാൽ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണെന്നും സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിട്ടുണ്ട്.

🇸🇦സൗദി: പൊതു ഇടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് വാക്സിനേഷൻ നിർബന്ധമാക്കുന്നതിനുള്ള തീരുമാനം പ്രാബല്യത്തിൽ വന്നു.

✒️COVID-19 വാക്സിൻ കുത്തിവെപ്പെടുക്കാത്തവർക്ക് രാജ്യത്തെ പൊതു ഇടങ്ങളിലേക്ക് പ്രവേശനം നിയന്ത്രിക്കുന്നതിനുള്ള തീരുമാനം 2021 ഓഗസ്റ്റ് 1, ഞായറാഴ്ച്ച മുതൽ പ്രാബല്യത്തിൽ വന്നതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതോടെ സൗദിയിലെ സർക്കാർ, സ്വകാര്യ ഓഫീസുകൾ, വാണിജ്യ കേന്ദ്രങ്ങൾ തുടങ്ങിയ പൊതു ഇടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കേണ്ടത് നിർബന്ധമാകുന്നതാണ്.

ഓഗസ്റ്റ് 1-ന് പുലർച്ചെയാണ് സൗദി ആഭ്യന്തര മന്ത്രാലയം രാജ്യവ്യാപകമായി ഈ നിയമം പ്രാബല്യത്തിൽ വന്നതായി ജനങ്ങളെ ഓർമ്മപ്പെടുത്തിയത്. വാക്സിനെടുക്കാത്തവർക്ക് ഓഗസ്റ്റ് 1 മുതൽ സർക്കാർ ഓഫീസുകളിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സൗദിയുടെ എല്ലാ മേഖലകളിലെയും പൊതുഇടങ്ങളിൽ ഈ നിയമം ബാധകമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഓഗസ്റ്റ് 1 മുതൽ രാജ്യത്തെ സർക്കാർ കെട്ടിടങ്ങളിലേക്കും, പൊതുഗതാഗത സംവിധാനങ്ങളിലേക്കും, രാജ്യത്ത് നടക്കുന്ന സാമൂഹിക ചടങ്ങുകളിലേക്കും, വാണിജ്യ പ്രവർത്തനങ്ങൾ, സാംസ്‌കാരിക പരിപാടികൾ, വിനോദപരിപാടികൾ, കായികവിനോദ വേദികൾ മുതലായ ഇടങ്ങളിലേക്കുമെല്ലാം വാക്സിനെടുത്തവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്.

സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിലെത്തുന്ന സന്ദർശകർക്കും, ജീവനക്കാർക്കും വാക്സിനേഷൻ നിർബന്ധമാണ്. വാക്സിനെടുക്കാത്തവർക്ക് ഇത്തരം ഇടങ്ങളിലേക്കും, ചടങ്ങുകളിലേക്കും പ്രവേശനം നൽകിഅനുവദിക്കില്ല. രാജ്യത്തെ ജനങ്ങളിൽ ഈ നിയമം സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിനായി കഴിഞ്ഞ ഏതാനം ദിവസങ്ങളായി സൗദി ആഭ്യന്തര മന്ത്രാലയം സമൂഹ മാധ്യമങ്ങളിലൂടെ വലിയ പ്രചാരണ പരിപാടികൾ നടത്തിയിരുന്നു.

രാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും ഇത്തരം ഇടങ്ങളിലേക്ക് പ്രവേശനം ലഭിക്കുന്നതിനായി തങ്ങളുടെ വാക്സിനേഷൻ സ്റ്റാറ്റസ് പരിശോധനകൾക്ക് നൽകുന്നതിന് ‘Tawakkalna’ ആപ്പ് ഉപയോഗപ്പെടുത്താവുന്നതാണ്. സൗദി അറേബ്യ അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിൻ മുഴുവൻ ഡോസ് കുത്തിവെപ്പുകളും പൂർത്തിയാക്കിയവർക്കും, ഒരു ഡോസ് കുത്തിവെപ്പെടുത്തവർക്കും, COVID-19 രോഗമുക്തി നേടിയവർക്കുമാണ് ഓഗസ്റ്റ് 1 മുതൽ പൊതു ഇടങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നത്. വാണിജ്യ കേന്ദ്രങ്ങൾ, ഷോപ്പിംഗ് മാളുകൾ, ചില്ലറ വില്പനശാലകൾ, പൊതു മാർക്കറ്റുകൾ, റെസ്റ്ററന്റുകൾ, കഫേ, ബാർബർ ഷോപ്പ്, ബ്യൂട്ടി സലൂൺ മുതലായവ ഇടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് ഓഗസ്റ്റ് 1 മുതൽ വാക്സിനേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. ഈ നിയമം പ്രാബല്യത്തിൽ വന്നതോടെ, വാക്സിനെടുക്കുന്നതിനായി കഴിഞ്ഞ ഏതാനം ദിവസങ്ങളിൽ സൗദിയിൽ അനുഭവപ്പെട്ടിരുന്ന തിരക്ക് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

🇸🇦സൗദി: വിദേശ തീർത്ഥാടകരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ഉംറ തീർത്ഥാടനം; ആദ്യ സംഘത്തിൽ 20000 തീർത്ഥാടകർക്ക് അനുമതി നൽകും.

✒️വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ഉംറ തീർത്ഥാടനം 2021 ഓഗസ്റ്റ് 10 മുതൽ ആരംഭിക്കുന്ന അവസരത്തിൽ, ആദ്യ സംഘത്തിൽ 20000 തീർത്ഥാടകർക്ക് അനുമതി നൽകുമെന്ന് സൗദി ഹജ്ജ് വകുപ്പ് അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിദേശത്ത് നിന്നുള്ള തീർത്ഥാടകരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ഉംറ തീർത്ഥാടനം 2021 ഓഗസ്റ്റ് 10 മുതൽ പുനരാരംഭിക്കുമെന്ന് ജൂലൈ 25-ന് സൗദി അധികൃതർ അറിയിച്ചിരുന്നു.

ആദ്യ ഘട്ടത്തിൽ, സൗദിയിലേക്ക് പ്രവേശന വിലക്കുകളില്ലാത്തതും, COVID-19 സുരക്ഷിത രാജ്യങ്ങളായി കരുതുന്നതുമായ ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്കാണ് ഇത്തരത്തിൽ ഉംറ അനുഷ്ഠിക്കുന്നതിനായി സൗദിയിലേക്ക് പ്രവേശനം അനുവദിക്കുന്നതെന്ന് ഹജ്ജ് വകുപ്പ് വക്താവ് ഹിഷാം സയീദ് അറിയിച്ചതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സൗദി ആരോഗ്യ മന്ത്രാലയം, വ്യോമയാന വകുപ്പ് എന്നിവർ മുന്നോട്ട് വെക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരമാണ് ഇത്തരം തീർത്ഥാടകർക്ക് അനുമതി നൽകുന്നത്. നിലവിൽ സൗദിയിലേക്ക് യാത്രാവിലക്കുകൾ നിലനിൽക്കുന്ന ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് നേരിട്ട് പ്രവേശനം അനുവദിക്കില്ല.

ഉംറ അനുഷ്ഠിക്കുന്നതിനായി വിദേശത്ത് നിന്ന് പ്രവേശനാനുമതി നൽകുന്ന തീർത്ഥാടകരുടെ എണ്ണം പടിപടിയായി ഉയർത്തുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 2021 ജൂലൈ 25 മുതൽ നിലവിൽ സൗദിയിലുള്ള പൗരന്മാരും, പ്രവാസികളുമായ ഉംറ തീർത്ഥാടകർക്ക് മക്കയിലെ ഗ്രാൻഡ് മോസ്കിലേക്ക് പ്രവേശനം നൽകി തുടങ്ങിയിരുന്നു. ഇത്തരത്തിൽ ഉംറ തീർത്ഥാടകരുടെ ആദ്യ സംഘം ജൂലൈ 25, ഞായറാഴ്ച്ച പുലർച്ചെ ഗ്രാൻഡ് മോസ്കിലെത്തിയിരുന്നു.

വിദേശത്ത് നിന്നെത്തുന്ന തീർത്ഥാടകർക്ക് സേവനങ്ങൾ നൽകുന്നതിനായി അഞ്ഞൂറോളം ഉംറ സേവന കമ്പനികളും, ആറായിരത്തിലധികം ഉംറ ഏജന്റുമാരും ആഗോളതലത്തിൽ തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി അധികൃതർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം സ്‌ഥാപനങ്ങൾ, വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള വിദേശ തീർത്ഥാടകർക്ക്, ഓഗസ്റ്റ് 9 മുതൽ സൗദിയിലേക്ക് പ്രവേശിക്കുന്നതിന് ആവശ്യമായ സേവനങ്ങൾ നൽകിത്തുടങ്ങുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.

🇶🇦പുതിയ കോവിഡ് വകഭേദങ്ങള്‍ മാരകം; എല്ലാവരും വാക്‌സിനെടുക്കണമെന്ന് ഖത്തര്‍.

✒️രാജ്യത്തെ മുഴുവന്‍ ജനങ്ങളും വാക്‌സിനെടുക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉഗ്യോഗസ്ഥര്‍. എത്രയധികം പേര്‍ വാക്‌സിനെടുക്കുന്നുവോ കോവിഡിനെതിരായ പോരാട്ടം അത്രയും വിജയിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ അതിവേഗം പടരുന്നതും കൂടുതല്‍ അപകടകരവുമാണെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സോഷ്യല്‍ മീഡിയ സന്ദേശത്തില്‍ അറിയിച്ചു.

കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ അതീവ അപകടകരമാണ്. അതുകൊണ്ട് തന്നെ വാക്‌സിനേഷന് പ്രാധാന്യം വര്‍ധിക്കുകയാണ്. കഴിഞ്ഞ ഒന്നര വര്‍ഷം വൈറസ് എങ്ങിനെയാണ് നമ്മുടെ ജീവിതത്തെ ദോഷകരമായി ബാധിച്ചതെന്ന് ചിന്തിക്കണം. മഹാമാരിയില്‍ നിന്ന് പുറത്തു കടക്കാനുള്ള വഴി വാക്‌സിന്‍ ആണെന്ന കാര്യം മനസ്സിലാക്കണം- നാഷനല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷന്‍ അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ വ്യക്തമാക്കി.

12 വയസ്സിനു മുകളില്‍ പ്രായമുള്ള 10 പേരില്‍ ഏഴ് പേരും ഇപ്പോള്‍ പൂര്‍ണമായി വാക്‌സിനെടുത്തു. പത്തില്‍ എട്ട്‌പേര്‍ക്ക് ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചു. എന്നാല്‍, യോഗ്യരായ പലരും ഇപ്പോഴും വാക്‌സിനെടുക്കാന്‍ തയ്യാറായി മുന്നോട്ട് വരാതെ നില്‍ക്കുന്നുണ്ടെന്നത് നിര്‍ഭാഗ്യകരമാണെന്ന് അല്‍ഖാല്‍ കൂട്ടിച്ചേര്‍ത്തു.

പുതിയ വകഭേദങ്ങള്‍ കൂടുതല്‍ വ്യാപിക്കുന്നത് തടയാന്‍ വാക്‌സിനേഷന്‍ കാര്യത്തില്‍ ഒന്നുകൂടി ഊര്‍ജിതമായി മുന്നോട്ട് വരേണ്ടതുണ്ടെന്ന് ആരോഗ്യ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരായ ഡോ. ഹമദ് അല്‍ റുമൈഹി, ഡോ. മറിയം അബ്ദുല്‍ മാലിക്, ഡോ. മുന അല്‍ മസ്ലമാനി എന്നിവര്‍ പറഞ്ഞു.

🇶🇦ഖത്തറില്‍ ഇന്ന് 151 പേര്‍ക്ക് കോവിഡ്; ആക്ടീവ് കേസുകള്‍ വര്‍ധിക്കുന്നു.

✒️ഖത്തറില്‍ ഇന്ന് 151 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 56 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 95 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 117 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 223,849 ആയി.

അതേസമയം, രാജ്യത്ത് ഇന്ന് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തെ ആകെ മരണം 601 ആണ്. 1,940 പേരാണ് രാജ്യത്ത് നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. ഇന്ന് 8 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 77 പേരാണ് നിലവില്‍ ആശുപത്രിയിലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 23,830 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് വാക്സിനേഷന്‍ കാംപയിന്‍ ആരംഭിച്ചതിനു ശേഷം 38,04,298 ഡോസ് വാക്സിനുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്.

🇦🇪യുഎഇയിലേക്കുള്ള വിമാനവിലക്ക് ഇനിയും നീളും.

✒️ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന വിലക്ക് ഇനിയും നീളുമെന്ന് സൂചന. വിലക്ക് ആഗസ്ത് 7ന് ശേഷവും പിന്‍വലിക്കില്ലെന്നാണ് പുതിയ റിപോര്‍ട്ട്.

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ആഗസ്ത് 7 വരെ സര്‍വീസ് ഉണ്ടാവില്ലെന്ന് ഇത്തിഹാദ് അറിയിച്ചിരുന്നു. സര്‍ക്കാര്‍ നിലപാട് അനുസരിച്ച് ഇത് നീണ്ടേക്കാമെന്നും അറിയിപ്പില്‍ പറയുന്നു.

വിലക്ക് ആഗസ്ത് 31 വരെ നീളാനിടയുണ്ടെന്നാണ് ട്രാവലിങ് രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ആഗസ്ത് 7നും 12നും ഷെഡ്യൂള്‍ ചെയ്ത ചില വിമാനങ്ങള്‍ റദ്ദാക്കിയ സാഹചര്യത്തിലാണ് ഈ നിഗമനം.

ഏപ്രില്‍ 22നാണ് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വിലക്കേര്‍പ്പെടുത്തിയത്. അതിന് ശേഷം പല തവണയായി ഇത് ദീര്‍ഘിപ്പിക്കുകയായിരുന്നു.

🇶🇦ടോക്യോ ഒളിമ്പിക്സ്: ഖത്തറിന് രണ്ടാം സ്വര്‍ണം, നേട്ടം ഹൈജംപില്‍ മുതാസ് ബര്‍ഷിമിലൂടെ.

✒️ടോക്യോ ഒളിമ്പിക്സില്‍ ഖത്തറിന് രണ്ടാം സ്വര്‍ണം. ഹൈജംപില്‍ മെഡല്‍ പ്രതീക്ഷയായിരുന്ന മുതാസ് ബര്‍ഷിമാണ് 2.37 മീറ്റര്‍ ചാടി സ്വര്‍ണം സ്വന്തമാക്കിയത്. ഇതേ ഉയരം ചാടിയ ഇറ്റലിയുടെ ജിയാന്‍ മാര്‍കോ താംബെരിയും ബര്‍ഷിമും സ്വര്‍ണമെഡല്‍ പങ്കിടുകയായിരുന്നു. ഇരുവരും ഒരേ ഉയരത്തിലെത്തിയതിനാല്‍ ഒന്നാം സ്ഥാനത്തിനായി ജംപ് ഓഫ് റൌണ്ടിലേക്ക് പോകുക, അല്ലെങ്കില്‍ സ്വര്‍ണം പങ്കിടുക എന്ന രണ്ട് ഓപ്ഷനുകള്‍ ഇരുവര്‍ക്കും നല്‍കി. ഇതോടെ ജംപ് ഓഫിലേക്ക് പോകാതെ സ്വര്‍ണം പങ്കിടാന്‍ ഇരുവരും സമ്മതിക്കുകയായിരുന്നു. ബെലറൂസ് താരം മാക്സിം നെടേസെകൌവും ഇതെ ഉയരം ചാടിയെങ്കിലും തൊട്ടുമുമ്പുള്ള റൌണ്ടില്‍ വരുത്തിയ പിഴവ് കാരണം മൂന്നാം സ്ഥാനത്തേക്ക് പോയി. പങ്കെടുത്ത മൂന്ന് ഒളിമ്പിക്സിലും മെഡല്‍ നേട്ടമെന്ന അപൂര്‍വ നേട്ടം കൂടി സ്വന്തമാക്കിയാണ് ബര്‍ഷിം ഖത്തറിന്‍റെ അഭിമാനമായത്.

2012 ലണ്ടന്‍ ഒളിമ്പിക്സില്‍ വെങ്കലവും 2016 റിയോയില്‍ വെള്ളിയും ടോക്യോയില്‍ സ്വര്‍ണവും നേടിയാണ് ബര്‍ഷിം കരുത്ത് കാട്ടിയത്.

🇦🇪യുഎഇയില്‍ 1519 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു.

✒️യുഎഇയില്‍ 1519 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു .കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടു പേര്‍ മരിച്ചതോടെ ആകെ മരണം 1951 ആയി. 1519 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും 1466 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. വിവിധ രാജ്യക്കാരാണ് രോഗബാധിതരെന്നും ഇവര്‍ക്ക് മികച്ച ചികിത്സയാണ് നല്‍കുന്നതെന്നും അധികൃതര്‍ പറഞ്ഞു.

യുഎഇയില്‍ 2,84,403 പേര്‍ക്ക് കൂടി കോവിഡ് പരിശോധന നടത്തിയതോടെ ആകെ 66.2 ദശലക്ഷം പരിശോധന ആയതായി അധികൃതര്‍ പറഞ്ഞു.എല്ലാവരും സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

🇴🇲ഒമാൻ: രണ്ടാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്ന നടപടികൾ ഓഗസ്റ്റ് 1 മുതൽ ആരംഭിക്കും

✒️രാജ്യത്തെ ദേശീയ വാക്സിനേഷൻ പ്രചാരണ പരിപാടികളുടെ ഭാഗമായി രണ്ടാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്ന നടപടികൾ 2021 ഓഗസ്റ്റ് 1 മുതൽ ഒമാനിൽ ആരംഭിക്കും. ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച് 10 ആഴ്ച്ച ഇടവേള പൂർത്തിയാക്കിയവർക്ക് രണ്ടാം ഡോസ് കുത്തിവെപ്പ് നൽകുന്ന നടപടികൾ ഓഗസ്റ്റ് 1 മുതൽ ആരംഭിക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം ജൂലൈ 28-ന് അറിയിച്ചിരുന്നു.

മുൻഗണനാ പ്രകാരം രണ്ടാം ഡോസിന് അർഹതയുള്ളവർക്ക്, http://covid19.moh.gov.om എന്ന വെബ്സൈറ്റിലൂടെയും, ‘Tarassud+’ ആപ്പിലൂടെയും രണ്ടാം ഡോസ് കുത്തിവെപ്പിനുള്ള ബുക്കിംഗ് പൂർത്തിയാക്കാവുന്നതാണ്. ഈ ബുക്കിംഗ് ജൂലൈ 29, വ്യാഴാഴ്ച്ച മുതൽ ആരംഭിച്ചിട്ടുണ്ട്.

ഈ മുൻഗണനാ വിഭാഗത്തിൽപ്പെടുന്നവരോട് രണ്ടാം ഡോസ് കുത്തിവെപ്പിനുള്ള ബുക്കിംഗ് നടപടികൾ വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തുന്നതിന് മുൻപ് പൂർത്തിയാക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കാനും, വാക്സിനേഷൻ നടപടികൾ സുഗമമാക്കുന്നതിനും ഈ മുൻ‌കൂർ ബുക്കിംഗ് സഹായകമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

അതേസമയം, COVID-19 വാക്സിൻ സംബന്ധിച്ച് പ്രചരിക്കുന്ന വ്യാജവാർത്തകളെ തള്ളിക്കളയാൻ ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹ്‌മദ്‌ ബിൻ മുഹമ്മദ് അൽ സഈദി ജനങ്ങളോട് ആവശ്യപ്പെട്ടു. ഇത്തരം തെറ്റായ വാർത്തകൾ ശ്രദ്ധിക്കരുതെന്നും, എത്രയും വേഗം വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാനും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.

Post a Comment

0 Comments