ടോക്യോ ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമംഗമായ പിആർ ശ്രീജേഷിന് രണ്ടു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ. ഒളിമ്പിക്സിൽ പങ്കെടുത്ത മറ്റു മലയാളി താരങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വീതം നൽകും.
രണ്ടു കോടി രൂപയ്ക്കൊപ്പം ശ്രീജേഷിന് ജോലിയിൽ സ്ഥാനക്കയറ്റവും നൽകും. വിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്ടറായാണ് സ്ഥാനക്കയറ്റം. നിലവിൽ ഡപ്യൂട്ടി ഡയറക്ടറാണ്.
ശ്രീജേഷ് ഉൾപ്പെടെ ഒമ്പത് മലയാളികളാണ് ടോക്യോ ഒളിമ്പിക്സിൽ പങ്കെടുത്തത്. ലോങ് ജമ്പിൽ എം ശ്രീശങ്കർ, 400 മീറ്റർ ഹർഡിൽസിൽ എംപി ജാബിർ, 20 കിലോമീറ്റർ നടത്തത്തിൽ കെ.ടി ഇർഫാൻ, 4x400 മീറ്റർ പുരുഷ റിലേയിൽ മുഹമ്മദ് അനസ് യഹിയ, നോഹ നിർമ്മൽ ടോം, അമോജ് ജേക്കബ്, 4x400 മീറ്റർ മിക്സഡ് റിലേയിൽ അലക്സ് ആന്റണി, നീന്തലിൽ സജൻ പ്രകാശ് എന്നിവരാണ് ടോക്യോയിൽ മത്സരിച്ച മലയാളികൾ.
നേരത്തെ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാത്തതിനെ തുടർന്ന് സംസ്ഥാന സർക്കാരിനെതിരേ വിമർശനമുയർന്നിരുന്നു. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ ശ്രീജേഷും ഇതേ ചോദ്യം നേരിട്ടിരുന്നു. പാരിതോഷികം പ്രഖ്യാപിക്കാത്ത വിഷയത്തിൽ പ്രതികരിക്കുന്നില്ല എന്നായിരുന്നു ശ്രീജേഷിന്റെ മറുപടി.
നാലു പതിറ്റാണ്ടു പിന്നിട്ട കാത്തിരിപ്പിന് വിരാമമിട്ട് ഹോക്കിയില്‍ ഇന്ത്യയ്ക്ക് ഒളിപിക് മെഡല്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മലയാളി ഗോള്‍കീപ്പറാണ് പി.ആര്‍. ശ്രീജേഷ്. ടോക്കിയോയില്‍ ജര്‍മനിക്കെതിരായ വെങ്കല മെഡല്‍ വിജയത്തില്‍ ഇന്ത്യയുടെ വന്മതിലായ ശ്രീജേഷിന്‍റെ മിന്നും പ്രകടനമായിരുന്നു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലത്തെ കഠിനപ്രയത്‌നത്തിലൂടെയാണ് ശ്രീജേഷ് ഹോക്കിയില്‍ തന്റേതായ ഇടം നേടിയത്. 2000ല്‍ ജൂനിയര്‍ നാഷണല്‍ ഹോക്കി ടീമിലെത്തിയ ശ്രീജേഷ് മികച്ച പ്രകടനത്തിലൂടെ ദേശീയ ടീമിലേക്കുള്ള തന്റെ വഴി കണ്ടെത്തി.
പത്മശ്രീ പുരസ്‌കാര ജേതാവായ ശ്രീജേഷ് 2016ല്‍ ദേശീയ ടീമിന്റെ ക്യാപ്റ്റനായി റിയോ ഒളിംപിക്സിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് ഇന്ത്യയെ നയിച്ചു. കളിക്കളത്തിലെ പെട്ടെന്നുള്ള ഇടപെടലുകളും സ്ഥിരതയാര്‍ന്ന പ്രകടനവും ടീമിന്റെ കോട്ടകാക്കുന്ന വിശ്വസ്തനാക്കി ശ്രീജേഷിനെ മാറ്റി. ടോക്കിയോയില്‍ ജര്‍മനിക്കെതിരായ മത്സരത്തില്‍ ഇന്ത്യയുടെ വിജയം നിശ്ചയിച്ച നിര്‍ണായ സേവുകളാണ് ശ്രീജേഷ് നടത്തിയത്.
ഇതിന് മുമ്പ് വി.പി.എസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലില്‍ ഒളിമ്പ്യന്‍ പി.ആര്‍ ശ്രീജേഷിന് ഒരുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ചരിത്ര മെഡൽ നേട്ടത്തിന് ശേഷം ശ്രീജേഷിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത ക്യാഷ് പ്രൈസായാരുന്നു ഡോ. ഷംഷീർ പ്രഖ്യാപിച്ചത്.
0 Comments