Ticker

6/recent/ticker-posts

Header Ads Widget

പോലീസ് ബോർഡ് വെച്ച് വാഹനത്തിൽ കറങ്ങിയ വ്യാജ ‘അസി. കമ്മിഷണർ’ അറസ്റ്റിൽ

ചെന്നൈ: നാട്ടുകാരെയും വീട്ടുകാരെയും പറ്റിച്ച് പോലീസായി വിലസിയ വ്യാജനെ അറസ്റ്റ് ചെയ്തു. ദിണ്ടിക്കലിലാണ് വാഹനപരിശോധനയ്ക്കിടെ ‘വ്യാജ അസിസ്റ്റന്റ് കമ്മിഷണർ’ പിടിയിലായത്. ചെന്നൈ കൊളത്തൂർ സ്വദേശി സി. വിജയനാണ് (41) തട്ടിപ്പ് നടത്തിയത്. ഭാര്യയുടെ മുന്നിൽ ആളാകാനാണ് പോലീസാണെന്ന പേരിൽ നടന്നതെന്ന് ഇയാൾ കുറ്റസമ്മതം നടത്തി. പോലീസ് സ്റ്റിക്കർ പതിപ്പിച്ച വാഹനവും വ്യാജ ഐ.ഡി. കാർഡ്, പോലീസ് യൂണിഫോം, കളിത്തോക്ക് എന്നിവയും പിടിച്ചെടുത്തു.

ദിണ്ടിക്കൽ-തേനി ദേശീയ പാതയിൽ വത്തലഗുണ്ടിന് സമീപത്തെ ടോൾ ഗേറ്റിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം. സൈറൺ ഘടിപ്പിച്ച കാറിൽ സംശയിക്കാവുന്ന തരത്തിൽ ദിണ്ടിക്കലിൽനിന്ന് ഒരാൾ വരുന്നെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പട്ടിവീരൻപട്ടി പോലീസ് നടത്തിയ വാഹനപരിശോധനയിലാണ് പ്രതി പിടിയിലായത്. ടോൾ ഗേറ്റിൽ പോലീസുകാർ വാഹനം തടഞ്ഞപ്പോൾ ചെന്നൈയിലെ അസിസ്റ്റന്റ് കമ്മിഷണർ എന്നാണ് പ്രതി പരിചയപ്പെടുത്തിയത്. വാഹനം തടഞ്ഞ പോലീസുദ്യോഗസ്ഥരെ പോലീസ് ശൈലിയിൽ അഭിവാദ്യം ചെയ്ത് സ്ഥലംവിടാൻ ശ്രമിച്ചെങ്കിലും ഇൻസ്പെക്ടർ സമ്മതിച്ചില്ല. ഐ.ഡി. കാർഡ് കണ്ട് വ്യാജനാണെന്ന് സംശയം തോന്നിയ ഇൻസ്പെക്ടർ ചോദിച്ചപ്പോൾ കേന്ദ്ര പോലീസ് സേനയിൽനിന്നുള്ള നിയമനമാണെന്നും പറഞ്ഞു. ഇതോടെ ഉദ്യോഗസ്ഥർ വിജയനെ പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വ്യാജനാണെന്ന കാര്യം പ്രതി സമ്മതിച്ചത്. ചെറുപ്പം മുതൽ പോലീസാകാൻ ആഗ്രഹമുണ്ടായിരുന്നെന്നും ഭാര്യയുടെയും ബന്ധുക്കളുടെയും മുന്നിൽ ആളാകാനാണ് പോലീസ് ചമഞ്ഞതെന്നും വിജയൻ സമ്മതിച്ചു. രഹസ്യാന്വേഷണ വിഭാഗത്തിലാണെന്നാണ് പരിചയക്കാരോട് പറഞ്ഞിരുന്നത്. പത്ത്‌ മാസത്തോളമായി തട്ടിപ്പ് തുടർന്നുവരികയായിരുന്നെന്നും ചോദ്യം ചെയ്യലിൽ വ്യക്തമായി. പോലീസാണെന്ന വ്യാജേന അയൽസംസ്ഥാനങ്ങളിലും ഇയാൾ യാത്ര ചെയ്തിരുന്നു. തമിഴ്‌നാട്ടിലെ ഉയർന്ന പോലീസുദ്യോഗസ്ഥനെന്ന വ്യാജേന ആനുകൂല്യങ്ങൾ നേടി ഇയാൾ കേരളത്തിൽ ക്ഷേത്രദർശനം നടത്തിയിരുന്നെന്നും അന്വേഷണത്തിൽ കണ്ടെത്തി. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു

Post a Comment

0 Comments