Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ ലൈവ് ന്യൂസ്‌ ഗൾഫ് വാർത്തകൾ


വാർത്തകൾ വിശദമായി

🇦🇪യുഎഇയില്‍ വാഹനങ്ങളില്‍ അനുവദിക്കപ്പെട്ടതിലധികം ആളുകള്‍ യാത്ര ചെയ്‍താല്‍ 3000 ദിര്‍ഹം പിഴ.

✒️യുഎഇയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള പിഴ ശിക്ഷകള്‍ അധികൃതര്‍ പുതുക്കി നിശ്ചയിച്ചു. വാഹനങ്ങളില്‍ അനുവദനീയമായതിലധികം പേര്‍ യാത്ര ചെയ്യുന്നതിനുള്‍പ്പെടെയുള്ള നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ ശിക്ഷകള്‍ അധികൃതര്‍ പുറത്തിറക്കിയ പുതിയ അറിയിപ്പില്‍ വ്യക്തമാക്കുന്നു.

കാറുകളിലും പിക്ക് അപ്പ് ട്രക്കുകളിലും ബൈക്കുകളിലും മറ്റ് വാഹനങ്ങളിലും അനുവദിക്കപ്പെട്ടതിലധികം പേര്‍ യാത്ര ചെയ്‍താല്‍ 3000 ദിര്‍ഹം പിഴ അടയ്‍ക്കേണ്ടി വരുമെന്നാണ് അറ്റോര്‍ണി ജനറല്‍ അറിയിച്ചിരിക്കുന്നത്. ബൈക്കുകളില്‍ വാഹനം ഓടിക്കുന്നയാളിന് മാത്രമാണ് യാത്ര ചെയ്യാന്‍ അനുമതി. പിക്കപ്പ് ട്രക്കുകളില്‍ ഡ്രൈവര്‍ക്കൊപ്പം ഒരു യാത്രക്കാരന് കൂടി സഞ്ചരിക്കാം. മറ്റ് വാഹനങ്ങളില്‍ ഡ്രൈവര്‍ക്കും രണ്ട് യാത്രക്കാര്‍ക്കുമാണ് അനുമതിയുള്ളത്. 

ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്കും അവരുടെ വീട്ടുജോലിക്കാര്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും ഈ പരിധിയില്‍ ഇളവ് ലഭിക്കും. വാഹനത്തിനുള്ളില്‍ ഡ്രൈവര്‍ മാത്രമാണെങ്കില്‍ മാസ്‍ക് ധരിക്കേണ്ടതില്ല. അതുപോലെ തന്നെ ഒരു കുടുംബത്തിലെ അംഗങ്ങളും അവരുടെ വീട്ടുജോലിക്കാരും മാത്രമാണ് വാഹനത്തിലുള്ളതെങ്കിലും വാഹനത്തിനുള്ളില്‍ മാസ്‍ക് ധരിക്കേണ്ടതില്ല.

🇸🇦സൗദി അറേബ്യയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 409 പേർക്ക്.

✒️സൗദി അറേബ്യയിൽ ഇന്ന് 409 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു, 710 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 11 പേർ മരിച്ചു. രാജ്യത്തെ ഇതുവരെ സ്ഥിരീകരിച്ച ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5,41,610 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,27,899 ഉം ആയി. രാജ്യത്തെ ആകെ മരണം 8,469 ആയി. 

നിലവിൽ 5,242 പേർ ചികിത്സയിലുണ്ട്. ഇവരിൽ 1,162 പേർ ഗുരുതരാവസ്ഥയിലാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 97.5 ഉം മരണനിരക്ക് 1.6 ഉം ശതമാനമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 126, മക്ക 66, കിഴക്കൻ പ്രവിശ്യ 40, ജീസാൻ 39, അൽ ഖസീം 29, അസീർ 29, മദീന 20, നജ്റാൻ 16, ഹായിൽ 13, വടക്കൻ അതിർത്തി മേഖല 10, തബൂക്ക് 9, അൽബാഹ 7, അൽ ജൗഫ് 5. ഇതുവരെ രാജ്യത്ത് 3,34,81,710 ഡോസ് കൊവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

🇧🇭ബഹ്റൈനില്‍ മൂന്ന് മുതല്‍ 11 വയസ് വരെയുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്സിനേഷന്‍ രജിസ്‍ട്രേഷന്‍ തുടങ്ങി.

✒️ബഹ്റൈനില്‍ മൂന്ന് വയസ് മുതല്‍ 11 വയസ് വരെയുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്സിന്‍ ലഭിക്കുന്നതിനുള്ള രജിസ്‍ട്രേഷന്‍ തുടങ്ങി. ഈ പ്രായത്തിലുള്ള കുട്ടികളില്‍ മറ്റ് അസുഖങ്ങള്‍ കൂടി ഉള്ളവര്‍ക്കാണ് ഇപ്പോള്‍ വാക്സിന്‍ നല്‍കുന്നത്.

സിനോഫാം വാക്സിന്റെ രണ്ട് ഡോസുകളായിരിക്കും മൂന്ന് മുതല്‍ 11 വയസ് വരെയുള്ള കുട്ടികള്‍ക്ക് നല്‍കുക. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, ഹൃദയ സംബന്ധമായ രോഗങ്ങള്‍, പ്രമേഹം, അമിതവണ്ണം, ക്യാന്‍സര്‍, ഡൌണ്‍ സിന്‍ഡ്രോം, മറ്റ് ജനിതക വൈകല്യങ്ങള്‍ എന്നിവ ഉള്ള കുട്ടികള്‍ക്ക് വാക്സിനെടുക്കാനായി രജിസ്റ്റര്‍ ചെയ്യാം. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‍സൈറ്റായ healthalert.gov.bh വഴിയാണ് രജിസ്‍ട്രേഷന്‍.

12 മുതല്‍ 17 വയസ്‍ വരെയുള്ള എല്ലാ കുട്ടികള്‍ക്കും വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യാം. ഫൈസര്‍ ബയോഎന്‍ടെക് വാക്സിനോ സിനോഫാം വാക്സിനോ ഇവര്‍ക്ക് എടുക്കാം. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‍സൈറ്റ് വഴിയോ BeAware മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ രജിസ്റ്റര്‍ ചെയ്യാം. വാക്സിനെടുക്കാന്‍ കുട്ടിയുടെ നിയമാനുസൃത രക്ഷിതാവിന്റെ അനുമതി വേണം. ഒപ്പം വാക്സിനെടുക്കാനെത്തുമ്പോള്‍ കുട്ടികള്‍ക്കൊപ്പം മുതിര്‍ന്ന ഒരാളും ഉണ്ടായിരിക്കണമെന്നും അധികൃതര്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

🇰🇼കുവൈത്തില്‍ വാഹനാപകടം; അഞ്ച് പേര്‍ മരിച്ചു, 15 പേര്‍ക്ക് പരിക്ക്.

✒️കുവൈത്തില്‍ രണ്ട് ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. പരിക്കേറ്റ 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു ലോജിസ്‍റ്റിക്സ് കമ്പനിയിലെ തൊഴിലാളികളായിരുന്ന വിദേശികള്‍ സഞ്ചരിച്ചിരുന്ന ബസാണ് അല്‍ ലിയാഹ്‍ റോഡില്‍ അപകടത്തില്‍പെട്ടത്.

ഇടയുടെ ആഘാതത്തില്‍ ബസുകള്‍ക്ക് തീപ്പിടിച്ചത് അപകടത്തിന്റെ വ്യാപ്‍തി കൂട്ടി. വിവരം ലഭിച്ചയുടന്‍ തന്നെ അഗ്‍നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റ 13 പേരെ ആംബുലന്‍സുകളിലും രണ്ട് പേരെ എയര്‍ ആംബുലന്‍സിലുമാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

🇴🇲യുഎഇയില്‍ 1066 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് നാല് മരണം.

✒️യുഎഇയില്‍ 1,066  പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,633 പേര്‍ സുഖം പ്രാപിക്കുകയും നാല് പേര്‍ മരണപ്പെടുകയും ചെയ്തു.

പുതിയതായി നടത്തിയ 3,01,430 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,08,302  പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,89,277 പേര്‍ രോഗമുക്തരാവുകയും 2,018 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 17,007 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

🇴🇲ഒമാനിൽ ഇന്നു മുതൽ രാത്രി ലോക്ക്ഡൗണ്‍ ഇല്ല; രാജ്യത്തേക്ക് പ്രവേശനം വാക്സിനെടുത്തവര്‍ക്ക് മാത്രം.

✒️കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒമാനിൽ നിലനിന്നിരുന്ന രാത്രി ലോക്ക്ഡൗണ്‍ ഇന്നു മുതൽ ഇല്ലാതാകും. ഇതോടെ രാത്രി സമയങ്ങളിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിനും ജനങ്ങളുടെ സഞ്ചാരത്തിനും നിലനിന്നിരുന്ന  നിയന്ത്രണം അവസാനിക്കും. 

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തിലുള്ള കുറവും മഹാവ്യാധിയെ പ്രതിരോധിക്കാൻ ഒമാൻ സർക്കാർ കൈക്കൊണ്ട നടപടികള്‍ പ്രയോജനം നൽകിത്തുടങ്ങുകയും ചെയ്‍ത പശ്ചാത്തലത്തിലാണ് സുപ്രീം കമ്മറ്റിയുടെ ഈ തീരുമാനം. അതേസമയം  രാജ്യത്ത് വാക്സിനേഷൻ ക്യാംപെയിൻ വളരെ വേഗത്തിൽ പുരോഗമിക്കുകയുമാണ്.

സെപ്‍തംബര്‍ ഒന്നു മുതൽ രാജ്യത്തെ സർക്കാർ ഓഫീസുകളിലും, സ്വകാര്യ സ്ഥാപനങ്ങളിലും, വാണിജ്യ കോംപ്ലക്സുകളിലും, റസ്റ്റോറന്റുകളിലും  ഷോപ്പിങ് മാളുകളിലും പ്രവേശിക്കുന്നതിന് വാക്സിനേഷൻ  നിർബന്ധമാക്കിയിട്ടുണ്ട്. സാംസ്‍കാരിക, കായിക പരിപാടികളില്‍ പങ്കെടുക്കുന്നതിനും കൊവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയിരിക്കേണ്ടത് നിര്‍ബന്ധമാണ്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമേ കര, വ്യോമ, സമുദ്ര മാര്‍ഗങ്ങളിലൂടെ ഒമാനിലേക്ക് പ്രവേശിക്കാനും സാധിക്കുകയുള്ളൂ. 18 വയസിന് മുകളിലുള്ളവര്‍ക്കാണ് ഈ നിബന്ധന ബാധകം.

🇶🇦ഖത്തറിന് ആശ്വാസം; രോഗമുക്തി നിരക്ക് വര്‍ധിച്ചു.

✒️ഖത്തറില്‍ ഇന്ന് 190 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 69 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 121 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 24 മണിക്കൂറിനിടെ 201 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 2,27,197 ആയി. രാജ്യത്ത് ഇന്നും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ കോവിഡ് മരണം 601 ആണ്.

2,834 പേരാണ് ഖത്തറില്‍ നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. 22 പേര്‍ ഐസിയുവില്‍ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടുപേരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. പുതുതായി 8 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 76 പേര്‍ നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,844 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് വാകസിനേഷന്‍ കാംപയിന്‍ ആരംഭിച്ചതിനു ശേഷം 42,31,970 ഡോസ് വാക്സിനുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. രാജ്യത്തെ മൊത്തം ജനങ്ങളില്‍ 79.8 ശതമാനം പേര്‍ ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിനെടുത്തു

🇦🇪ഇന്ത്യക്കാര്‍ക്ക് യുഎഇയിലേക്ക് മടങ്ങാന്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കും.

✒️ഇന്ത്യക്കാര്‍ക്ക് യുഎഇയിലേക്ക് തിരിച്ചുവരാന്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്ന് ദുബയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരി. ഈ മാസം അവസാനത്തോടെ ഇത് സംബന്ധിമായ പ്രഖ്യാപനമുണ്ടായേക്കും. വിസാ കാലാവധി തീര്‍ന്നവരുടെ കാര്യത്തില്‍ ഉദാരസമീപനം സ്വീകരിക്കുമെന്നും അദ്ദേഹം അജ്മാനില്‍ പറഞ്ഞു.

ഇന്ത്യയില്‍ കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കാന്‍ യുഎഇ സര്‍ക്കാറുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. നിലവിലെ ഇളവിനു പുറമേ ഈ മാസം അവസാനം കൂടുതല്‍ ഇളവുകള്‍ പ്രതീക്ഷിക്കുന്നുവെന്ന് കോണ്‍സുല്‍ ജനറല്‍ വ്യക്തമാക്കി. വിസാ കാലാവധി പിന്നിട്ടവര്‍ക്ക് ദുബൈ ഇളവ് നല്‍കിയിട്ടുണ്ടെങ്കിലും മറ്റു എമിറേറ്റുകള്‍ കാലാവധി നീട്ടി നല്‍കിയിട്ടില്ല. മറ്റു എമിറേറ്റുകളും സമാനമായ സൗകര്യം ഒരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കോണ്‍സുല്‍ ജനറല്‍ പറഞ്ഞു.

🇴🇲ഒമാൻ: ഓഗസ്റ്റ് 21 മുതൽ ബസ്, ഫെറി സേവനങ്ങൾ സാധാരണ സമയക്രമം പാലിച്ച് കൊണ്ട് പുനരാരംഭിക്കുമെന്ന് മുവാസലാത്ത്.

✒️ഒമാനിലെ പൊതുഗതാഗത ബസ്, ഫെറി സേവനങ്ങൾ 2021 ഓഗസ്റ്റ് 21, ശനിയാഴ്ച്ച മുതൽ സാധാരണ പ്രവർത്തിസമയങ്ങൾ പാലിക്കുന്ന രീതിയിൽ സർവീസുകൾ പുനരാരംഭിക്കുമെന്ന് മുവാസലാത്ത് അറിയിച്ചു. ഓഗസ്റ്റ് 21 മുതൽ ഒമാനിലെ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ പിൻവലിക്കുന്ന സാഹചര്യത്തിലാണ് പൊതുഗതാഗത സേവന സ്ഥാപനമായ മുവാസലാത്ത് ഈ തീരുമാനം അറിയിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 20-നാണ് മുവാസലാത്ത് ഇക്കാര്യം അറിയിച്ചത്. “സുപ്രീം കമ്മിറ്റിയുടെ ഏറ്റവും പുതിയ തീരുമാനങ്ങൾ പ്രകാരം, ഓഗസ്റ്റ് 21, ശനിയാഴ്ച്ച മുതൽ ഞങ്ങളുടെ ബസ്, ഫെറി സർവീസുകൾ സാധാരണ സമയക്രമം പാലിച്ച് കൊണ്ട് സേവനങ്ങൾ പുനരാരംഭിക്കുന്നതാണ്.”, മുവാസലാത്ത് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.

രാത്രികാല യാത്രാ നിയന്ത്രണങ്ങൾ കണക്കിലെടുത്ത് 2021 ജൂൺ 20 മുതൽ വിവിധ പൊതുഗതാഗത ബസ് സർവീസുകളുടെ പ്രവർത്തന സമയം മുവാസലാത്ത് വെട്ടിച്ചുരുക്കിയിരുന്നു.

Post a Comment

0 Comments