പെരിന്തൽമണ്ണ: മങ്കട രാമപുരത്ത് ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന കേസിൽ പേരക്കുട്ടിയുടെ ഭർത്താവ് അറസ്റ്റിൽ. രാമപുരം ബ്ലോക്ക് പടിയിൽ കൊല്ലപ്പെട്ട മുട്ടത്തിൽ ആയിഷ (72)യുടെ മകളുടെ മകളുടെ ഭർത്താവ് നിലമ്പൂർ മമ്പാട് മേപ്പാടം സ്വദേശി പാന്താർ വീട്ടിൽ നിഷാദ് അലി(34)യെയാണ് ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്.
മമ്പാട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പത്തുവർഷത്തോളമായി ഐ.ടി. ഗസ്റ്റ് അധ്യാപകനാണ് നിഷാദ് അലി. ജൂലായ് 16-ന് രാത്രി ഒൻപതരയോടെയാണ് ആയിഷയെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. അവർ ധരിച്ചിരുന്ന എട്ടേകാൽ പവൻ ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു.
പോലീസ് പറയുന്നത്
അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽതന്നെ ബന്ധുവോ പരിചയമുള്ളയാളോ ആണ് കൊല നടത്തിയതെന്ന നിഗമനത്തിലെത്തിയിരുന്നു. വീട്ടിൽ ചായയും ഓംലെറ്റും ഉണ്ടാക്കിയിരുന്നതിൽ നന്നായിരുന്നു.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽതന്നെ ബന്ധുവോ പരിചയമുള്ളയാളോ ആണ് കൊല നടത്തിയതെന്ന നിഗമനത്തിലെത്തിയിരുന്നു. വീട്ടിൽ ചായയും ഓംലെറ്റും ഉണ്ടാക്കിയിരുന്നതിൽ നിന്നായിരുന്നു ഈ സൂചന.
നാട്ടുകാരും ബന്ധുക്കളുമുൾപ്പെടെ ആയിരത്തോളം പേരെ നേരിട്ടും ഫോൺ വഴിയും ചോദ്യംചെയ്തു. ഇതിൽ നിന്ന് ബന്ധുവും സാമ്പത്തിക ബാധ്യതകളുമുള്ള നിഷാദ് അലിയെക്കുറിച്ച് വിവരം ലഭിച്ചു. ഇയാൾ നാട്ടിലില്ലെന്നറിഞ്ഞതോടെ ഓരോ നീക്കങ്ങളും നിരീക്ഷിച്ചു. അലിയുമായി പണമിടപാടുകൾ നടത്തിയവരെയും ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചും തെളിവുകൾ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്ടുനിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു.
50 ലക്ഷത്തിന്റെ ബാധ്യത
ഓൺലൈൻ പണമിടപാടുകളുമായി ബന്ധപ്പെട്ട് പ്രതിക്ക് 50 ലക്ഷത്തിലേറെ രൂപയുടെ ബാധ്യതകളുണ്ടായിരുന്നു. പണം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ആയിഷയുടെ ആഭരണങ്ങൾ ശ്രദ്ധിക്കുകയും ഇത് കൈക്കലാക്കാൻ ആസൂത്രണം നടത്തുകയുമായിരുന്നു. പലതവണ വീട്ടിലെത്തി ആയിഷയുമായി കൂടുതൽ അടുപ്പം സ്ഥാപിക്കാനും ശ്രമിച്ചു.
ഒരുമാസം മുൻപ് പദ്ധതിയിട്ട് രണ്ടുതവണ കൊല നടത്താനായി വൈകുന്നേരം രാമപുരത്തെത്തി. എന്നാൽ ദേശീയപാതയോരത്തെ വീടായതിനാലും കടയും ആളുകളുമുള്ളതിനാലും നടന്നില്ല. മൂന്നാംശ്രമത്തിൽ സമയം മാറ്റി രാവിലെ വീട്ടിലെത്തി കൃത്യം നടത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. കൃത്യത്തിനുശേഷം യാതൊരു സംശയത്തിനും ഇട നൽകാതെ സ്വന്തം വീട്ടിലെത്തി. രാത്രി ആയിഷുമ്മയുടെ മരണവിവരം ഭാര്യ പറഞ്ഞപ്പോൾ ഭാര്യയെയും കൂട്ടി രാമപുരത്തെത്തി. സംശയത്തിനിടയില്ലാതെ ബന്ധുക്കൾക്കൊപ്പം എല്ലാ കാര്യത്തിനും ഒപ്പംനിന്നു. പിറ്റേന്ന് ഖബറടക്കത്തിനുശേഷമാണ് മടങ്ങിയത്.
നിലമ്പൂർ പോലീസിൽ ഇയാൾക്കെതിരേ വഞ്ചനക്കേസുണ്ട്. ജോലിചെയ്യുന്ന സ്കൂളിലെ ക്യാമറയും പണവും നഷ്ടപ്പെട്ട കേസിലും ഇയാൾക്കെതിരേയുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും എസ്.പി. പറഞ്ഞു. പ്രതിയെ ഞായറാഴ്ച രാമപുരത്തെ വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.
പോലീസിന് അഭിമാനനേട്ടം
തെളിവില്ലാതെ അന്വേഷണം വഴിമുട്ടുന്ന അവസ്ഥയിൽനിന്ന് ചെറിയൊരു സൂചനയിലൂടെ കേസിന് തുമ്പുണ്ടാക്കി പ്രതിയെ പിടിച്ച് പ്രത്യേക അന്വേഷണസംഘം. തനിച്ചുതാമസിക്കുന്ന സ്ത്രീകളെ കൊലപ്പെടുത്തി കവർച്ച നടത്തുന്നത് തുടർച്ചയാവുന്നതിനിടയിലാണ് മങ്കട രാമപുരത്ത് സ്ത്രീ കൊല്ലപ്പെടുന്നത്. ജൂണിൽനടന്ന കുറ്റിപ്പുറത്തെ കേസിൽ പ്രതിയെ പിടിച്ചെങ്കിലും തവനൂർ കേസിൽ അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്. സമാനമായ മൂന്നാമത്തെ കേസായി ജൂലായിലാണ് രാമപുരം കേസുണ്ടാകുന്നത്. പ്രതിയെ പിടിക്കുകയെന്നത് ജില്ലാ പോലീസിന്റെ അഭിമാനപ്രശ്നമായി. അന്വേഷണമികവും സംഘത്തിന്റെ കഠിനപരിശ്രമവുമാണ് രണ്ടുമാസത്തോളമാകുന്ന കേസിൽ പ്രതിയെ പിടിക്കാൻ സഹായിച്ചത്.
ചായയും ഓംലെറ്റും സൂചനയായി
സിനിമാക്കഥകളെപ്പോലെ ക്രൈം സീനിൽനിന്നുകിട്ടിയ ഒരു സൂചനയുടെ പിന്നാലെ പോയാണ് പ്രതിയെ പോലീസ് പിടിച്ചത്. വീട്ടിൽ ചായയും ഓംലെറ്റുമുണ്ടാക്കി ആതിഥ്യമര്യാദ കാണിച്ചതുപോലെയുള്ള തുമ്പിൽ നിന്നാണ് അടുത്ത ബന്ധുക്കളോ പരിചയമുള്ളവരോ ആകാം കൊലയ്ക്കുപിന്നിലെന്ന സൂചന ലഭിച്ചത്. തുടർന്ന് ബന്ധുക്കളും നാട്ടുകാരുമായി ആയിരത്തോളം പേരെയാണ് നേരിട്ടും ഫോണിലൂടെയും ചോദ്യംചെയ്തത്. ഇത് എളുപ്പമായിരുന്നില്ല. ഞെട്ടിക്കുന്ന വിധത്തിൽ ഉറ്റബന്ധുവിലേക്ക് അന്വേഷണം നീണ്ടതോടെ കരുതലോടെയായിരുന്നു അന്വേഷണസംഘം നീങ്ങിയത്.
നിഷാദ് അലിക്കെതിരേ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് നിലമ്പൂർ പോലീസിലുള്ള വഞ്ചനക്കേസ് ശ്രദ്ധയിൽപ്പെട്ടു. ഇയാൾ ജോലിചെയ്യുന്ന സ്കൂളിൽനടന്ന മോഷണവും പഠിപ്പിക്കുന്ന കുട്ടികളിൽ നിന്നും മറ്റും സ്വർണാഭരണങ്ങൾ വാങ്ങി പണയംവെച്ച വിവരങ്ങളും ലഭിച്ചു. പോലീസ് അന്വേഷിച്ചപ്പോൾ പ്രതി നാട്ടിലില്ലെന്നുമറിഞ്ഞു. സ്കൂളിന്റെ പൂട്ട് തകർത്ത് 80,000 രൂപയും ലക്ഷത്തോളം രൂപയുടെ ക്യാമറയും മോഷ്ടിച്ചിരുന്നു. സ്കൂളിലെ മോഷണത്തിനുപിന്നിൽ ഐ.ടി. അധ്യാപകനായ ഇയാളാണെന്ന തെളിവുകളും ലഭിച്ചു. തിരിച്ചറിയാതിരിക്കാൻ സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിക്കുന്ന ഡി.വി.ആർ. ഉപകരണം വടപുറം പുഴയിൽ എറിഞ്ഞെന്ന് പ്രതി സമ്മതിച്ചതായി പോലീസ് പറയുന്നു.
ക്യാമറ കോഴിക്കോട് ബസ്സ്റ്റാൻഡിനടുത്തെ കടയിൽ വിറ്റു. നിലമ്പൂർ പോലീസ് അന്വേഷിക്കുന്ന ഈ കേസിനും തുമ്പായതായി പോലീസ് പറഞ്ഞു. ഈ കേസുകളിൽ നിന്നെല്ലാമാണ് പ്രതിയിലേക്ക് അന്വേഷണസംഘമെത്തുന്നത്.
പെരിന്തൽമണ്ണ ഡിവൈ.എസ്.പി. എം. സന്തോഷ്കുമാർ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. കെ.എം. ബിജു, മങ്കട പോലീസ് ഇൻസ്പെക്ടർ ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിൽ സി.പി. മുരളീധരൻ, സി.പി. സന്തോഷ്കുമാർ, ഷാഹുൽ ഹമീദ്, പി.എസ്. ഷിജു, പ്രശാന്ത് പയ്യനാട്, എം. മനോജ്കുമാർ, എൻ.ടി. കൃഷ്ണകുമാർ, അഷ്റഫ് കൂട്ടിൽ, ദിനേശ് കിഴക്കേക്കര, പ്രഭുൽ, ബിന്ദു, സൈബർ സെല്ലിലെ ഷൈലേഷ് എന്നിവരാണുണ്ടായിരുന്നത്.
രോഷത്തോടെ നാട്ടുകാർ
തെളിവെടുപ്പിനായി പ്രതിയെ രാമപുരത്തെ സംഭവം നടന്ന വീട്ടിലെത്തിച്ചപ്പോൾ നേരിട്ടത് നാട്ടുകാരുടെ രോഷം. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് പോലീസ് പ്രതിയുമായി എത്തിയത്. പ്രതിഷേധക്കാരെ അകറ്റാൻ പോലീസ് നന്നേ പാടുപെട്ടു. നിർവികാരനായി പ്രതി നിഷാദ് അലി പോലീസിന് നടന്ന സംഭവങ്ങൾ വിവരിച്ചുകൊടുത്തു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഒരുമണിയോടെ പ്രതിയുമായി പോലീസ് മടങ്ങി.

0 Comments