Ticker

6/recent/ticker-posts

Header Ads Widget

മരിച്ച കുട്ടിയുടെ മാതാവിന് ചെറിയ പനി, സമ്പര്‍ക്കപ്പട്ടിക വിപുലപ്പെടാന്‍ സാധ്യത- ആരോഗ്യമന്ത്രി

കോഴിക്കോട്: ചാത്തമംഗലത്ത് നിപ ബാധിച്ച് മരിച്ച 12-കാരന്റെ മാതാവിന് ചെറിയ പനിയുള്ളതായാണ് അറിയുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രാഥമിക സമ്പർക്കമുള്ള ഇവർ ഹൈ റിസ്ക് വിഭാഗത്തിലാണ്. സർവൈലൻസ് ടീം ഇവരെ നിരീക്ഷിക്കുന്നുണ്ട്. അവർ ഉൾപ്പെടെയുള്ളവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയാണെന്നും കോഴിക്കോട് ചേർന്ന അവലോകന യോഗത്തിന് ശേഷം ആരോഗ്യമന്ത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടിക വിപുലപ്പെടാനുള്ള സാധ്യതയുണ്ടെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുമ്പോൾ ആരോഗ്യവകുപ്പ് തിരിച്ചറിയാത്ത ആളുകളുണ്ടാകാം. പ്രൈമറി കോൺടാക്റ്റാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. അവരുടെ സെക്കൻഡറി കോൺടാക്റ്റ് തിരിച്ചറിയേണ്ടതുണ്ട്. അപ്പോൾ സമ്പർക്കപ്പട്ടിക വിപുലപ്പെടാനുള്ള സാധ്യതയുണ്ട്. സമയബന്ധിതമായി കോൺടാക്റ്റുകൾ തിരിച്ചറിഞ്ഞിട്ടേ കാര്യമുള്ളൂ. ആ രീതിയിലുള്ള വളരെ ഏകോപനത്തോടെയുള്ള ശക്തമായ പ്രവർത്തനമാണ് നടക്കുന്നത്.

ഹൈ റിസ്ക് വിഭാഗത്തിലുള്ളവരുടെ സാമ്പിളുകൾ പരിശോധനക്കായി അയക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിപ ചികിത്സക്കായി പരിശീലനം ലഭിച്ച ആരോഗ്യപ്രവർത്തകർ തന്നെയാകും ചികിത്സക്കായി ഉണ്ടാകുക. അസാധാരണമായ പനി, മരണം എന്നിവ വരുംദിവസങ്ങളിൽ ശ്രദ്ധയിൽപ്പെട്ടാലോ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിട്ടുണ്ടെങ്കിലോ ആരോഗ്യവകുപ്പിനെ അറിയിക്കണം എന്ന് സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നിപ വൈറസ് ബാധിച്ച് മരിച്ച 12-കാരന്റെ വീട്ടിൽ കേന്ദ്രസംഘം സന്ദർശനം നടത്തി. കോഴിക്കോട് ചാത്തമംഗലം മുന്നൂരിലാണ് കേന്ദ്രസംഘം സന്ദർശനം നടത്തിയത്.

നിപ ബാധിച്ച് മരിച്ച 12-കാരൻ റമ്പൂട്ടാൻ പഴം കഴിച്ചിരുന്നതായാണ് ബന്ധുക്കൾ നൽകുന്ന വിവരം. ഇതിന്റെ പശ്ചാത്തലത്തിൽ റമ്പൂട്ടാൻ പഴത്തിന്റെ സാമ്പിളുകൾ കേന്ദ്രസംഘം ശേഖരിച്ചു. ഇത് വവ്വാലുകൾ എത്തിയ ഇടമാണോ എന്ന് പരിശോധിക്കും. വൈറസ് ബാധ വവ്വാലുകളിൽ നിന്ന് ഏറ്റതാണോ എന്ന് തിരിച്ചറിയുന്നതിനാണ് ഇത്.

കേന്ദ്രസംഘത്തിലെ നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ വിഭാഗത്തിലുള്ള ഡോക്ടർമാരാണ് പ്രദേശത്ത് സന്ദർശനം നടത്തിയത്. കുട്ടികളുടെ മാതാപിതാക്കളും അടുത്ത ബന്ധുക്കളും ഉൾപ്പെടെയുള്ളവരെ കണ്ട് സംസാരിച്ചു. കുട്ടി കഴിച്ച ഭക്ഷണം, ഇടപെട്ടിട്ടുള്ള മൃഗങ്ങൾ തുടങ്ങിയവക്കുറിച്ചൊക്കെ സംഘം ചോദിച്ചറിഞ്ഞു.

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു; ആദ്യം ആശുപത്രിയിൽ എത്തിച്ചത് ഞായറാഴ്ച.


എല്ലാവരോടും കർശനമായ ജാഗ്രത പുലർത്തണമെന്നും സമാനലക്ഷണം ഉണ്ടെങ്കിൽ എത്രയുംപെട്ടെന്ന് ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. വീടുകളിലും പരിസരങ്ങളിലും പാലിക്കേണ്ട പ്രോട്ടോക്കോൾ സംബന്ധിച്ചും തുടർന്ന് എടുക്കേണ്ട നടപടികൾ സംബന്ധിച്ചും കേന്ദ്രസംഘം നേരിട്ട് പ്രദേശവാസികൾക്ക് നിർദ്ദേശങ്ങൾ നൽകി.

മരിച്ച കുട്ടിയുടെ വീടിന്റെ മൂന്ന് കിലോമീറ്റർ പരിധിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ പ്രദേശങ്ങളെ ഉൾപ്പെടുത്തി ചാത്തമംഗലം പഞ്ചായത്തിലെ മൂന്ന് കിലോമീറ്റർ ചുറ്റളവ് കണ്ടെയിന്റ്മെന്റ് സോണാക്കി. സമീപ പ്രദേശങ്ങളിലും കോഴിക്കോട് ജില്ലയിലും മലപ്പുറം കണ്ണൂർ ജില്ലകളിലും ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Post a Comment

0 Comments