🇸🇦സൗദി അറേബ്യ ലക്ഷ്യമിട്ട് ഇന്ന് വീണ്ടും വ്യോമാക്രമണ ശ്രമം
വാർത്തകൾ വിശദമായി
🇸🇦സൗദി അറേബ്യ ലക്ഷ്യമിട്ട് ഇന്ന് വീണ്ടും വ്യോമാക്രമണ ശ്രമം.
✒️സൗദി അറേബ്യ (Saudi Arabia) ലക്ഷ്യമിട്ട് യെമനിലെ ഹൂതി വിമത സേന ശനിയാഴ്‍ചയും വ്യോമാക്രമണം നടത്തി. പൈലറ്റില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് അബഹയില്‍ ആക്രമണം നടത്താനായിരുന്നു പദ്ധതിയെങ്കിലും ഇവ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് അറബ് സഖ്യസേന (Arab coalition forces) തകര്‍ക്കുകയായിരുന്നു.
സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച രണ്ട് ഡ്രോണുകള്‍ തകര്‍ത്ത് ആക്രമണ ശ്രമം പരാജയപ്പെടുത്തിയതായി അറബ് സഖ്യസേന പുറത്തിറക്കിയ പ്രസ്‍താവനയില്‍ വ്യക്തമാക്കി. സൗദി അറേബ്യയിലെ സാധാരണ ജനങ്ങളെയും സിവിലിയന്‍ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഹൂതികള്‍ ബോധപൂര്‍വമായ ആക്രമണം തുടരുകയാണെന്ന് അറബ് സേന ആരോപിച്ചു.
ഒരാഴ്‍ചയ്‍ക്കിടെ പല തവണ സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് ഹൂതികളുടെ ആക്രമണ ശ്രമമുണ്ടായിരുന്നു. സ്‌ഫോടക വസ്തുക്കൾ നിറച്ച റിമോട്ട് കൺട്രോൾ ബോട്ടുകൾ ഉപയോഗിച്ച് ചെങ്കടലിലൂടെ നടത്തിയ ആക്രമണ ശ്രമവും സൗദി സഖ്യസേന പരാജയപ്പെടുത്തിയിരുന്നു. യെമനിലെ അൽസലീഫിൽ വെച്ചാണ് സഖ്യസേന ഈ ബോട്ടുകള്‍ തകർത്തത്. ഇതിന് ശേഷം ചൊവ്വാഴ്‍ച ഉച്ചയോടെ രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ച് വീണ്ടും ആക്രമണശ്രമമുണ്ടായിരുന്നു. വ്യാഴാഴ്‍ചയും സൗദി അറേബ്യയിലെ ജിസാന്‍ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈല്‍ ആക്രമണമുണ്ടായി.
🇦🇪മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് യുഎഇ ഉപപ്രധാനമന്ത്രി; ക്യാബിനറ്റ് പുനഃസംഘടിപ്പിച്ചു.
✒️ശൈഖ് മക്തൂം ബിന്‍ മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ യുഎഇ ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായി നിയമിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
പുതിയ യുഎഇ ക്യാബിനറ്റിന്റെ രൂപീകരണവും ശൈഖ് മുഹമ്മദ് ശനിയാഴ്‍ച പ്രഖ്യാപിച്ചു. അടുത്ത 50 വര്‍ഷത്തേക്ക് ഫെഡറല്‍ ഭരണകൂടത്തിന്റെ പ്രവര്‍ത്തനത്തിന് പുതിയ രീതി സ്വീകരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ധനകാര്യ സഹമന്ത്രിയായി മുഹമ്മദ് ബിന്‍ ഹാദി അല്‍ ഹുസൈനിയെ നിയമിച്ചു. നിലവില്‍ ഉബൈദ് അല്‍ തായറാണ് ഈ സ്ഥാനം വഹിക്കുന്നത്. പുതിയ നീതിന്യായ മന്ത്രിയായി അബ്‍ദുല്ല ബിന്‍ സുല്‍ത്താന്‍ ബിന്‍ അവാദ് അല്‍ നുഐമിയാണ് നിയമിച്ചിരിക്കുന്നത്. ഡോ. അബ്‍ദുല്‍ റഹ്‍മാന്‍ അല്‍ അവാര്‍ പുതിയ മാനവ വിഭവ ശേഷി സ്വദേശിവത്കരണ മന്ത്രിയായി ചുമതലയേല്‍ക്കും.
മറിയം അല്‍മഹീരിയെ കാലാവസ്ഥാ വ്യതിയാന - പരിസ്ഥിതി വകുപ്പ് മന്ത്രിയായും അബ്‍ദുല്ല ബിന്‍ മുഹൈര്‍ അല്‍ കെത്‍ബിയെ ഫെഡറല്‍സുപ്രീം കൌണ്‍സില്‍കാര്യ മന്ത്രിയായും നിയമിച്ചു. ഉപപ്രധാനമന്ത്രിയായി നിയമിക്കപ്പെട്ട ശൈഖ് മക്തൂമിനെ സഹോദരന്‍ കൂടിയായ ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററിലൂടെ അഭിനന്ദിച്ചു.
🛫പ്രവാസി ചിട്ടി നിക്ഷേപം 500 കോടി കവിഞ്ഞു; തുക ഇരട്ടിയായത് 10 മാസം കൊണ്ട്.
✒️കെഎസ്എഫ്ഇയുടെ (KSFE) പ്രവാസിചിട്ടിയിലൂടെ കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് സമാഹരിച്ച തുക 500 കോടിയിലെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രവാസികളെ സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തില്‍ പങ്കാളികളാക്കി അതുവഴി അവര്‍ക്ക് സാമ്പത്തിക സുരക്ഷിതത്വവും നാടിന് വികസനവും കൈവരുത്തുക എന്ന ആശയത്തിന്‍റെ ഫലപ്രാപ്തിയായിരുന്നു കെഎസ്എഫ്ഇയുടെ പ്രവാസി ചിട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചിട്ടികള്‍ തുടങ്ങി ആദ്യ 250 കോടി രൂപ നിക്ഷേപിക്കാന്‍ 24 മാസം വേണ്ടിവന്നെങ്കില്‍ അത് 500 കോടിയിലെത്താന്‍ വെറും 10 മാസം മാത്രമേ വേണ്ടിവന്നുള്ളൂ. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ പ്രവാസികളുടെ എണ്ണം 1,13,000 കടന്നു. നിലവില്‍ വിദേശത്ത് താമസിക്കുന്ന 1,02,812 പ്രവാസി മലയാളികളും ഇന്ത്യയില്‍ കേരളത്തിന് പുറത്ത് താമസിക്കുന്ന 10,250 പ്രവാസി മലയാളികളും അടക്കം 1,13,062 പേരാണ് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചത്. സ്വന്തം ഭാവി സുരക്ഷിതമാക്കുന്നതിനൊപ്പം നാടിന്‍റെ വികസനത്തില്‍ പങ്കാളികളാകാനുള്ള ഈ അവസരം എല്ലാ പ്രവാസികളും വിനിയോഗിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
🇦🇪എട്ട് വയസുകാരനെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് പ്രവാസികള്‍ക്ക് ശിക്ഷ വിധിച്ചു.
✒️യുഎഇയില്‍ (United Arab Emirates) എട്ട് വയസുകാരനായ ആണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് പ്രവാസികള്‍ക്ക് ശിക്ഷ വിധിച്ചു. 20ഉം 31ഉം വയസുള്ള രണ്ട് ഏഷ്യക്കാര്‍ക്ക് ആറ് മാസം ജയില്‍ ശിക്ഷയും അത് പൂര്‍ത്തിയായ ശേഷം നാടുകടത്താനുമാണ് കോടതി വിധിച്ചത്. എട്ട് വയസുകാരനായ അറബ് ബാലനെ ഒരു ഗ്രോസറി സ്റ്റോറില്‍ വെച്ചാണ് പ്രതികള്‍ പീഡിപ്പിച്ചത്.
പീഡനത്തിനിരയായ കുട്ടിയുടെ പിതാവ് മേയ് ഇരുപതിനാണ് പൊലീസില്‍ പരാതി നല്‍കിയത്. വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. കുട്ടിയുടെ കുടുംബം താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ഗ്രോസറി സ്റ്റോറില്‍വെച്ചാണ് പ്രതികള്‍ ലൈംഗിക പീഡനത്തിനിരയാക്കിയത്. ബ്രഡ് വാങ്ങാനായി കടയിലേക്ക് പോയ കുട്ടി തിരിച്ചുവരാന്‍ വൈകുന്ന കാര്യം കുട്ടിയുടെ അമ്മയാണ് അച്ഛനോട് പറഞ്ഞത്. ഇതോടെ കുട്ടിയെ അന്വേഷിക്കാനായി ജ്യേഷ്‍ഠനെ താഴേക്ക് പറഞ്ഞയച്ചു. ഗ്രോസറി സ്റ്റോറിലെ മാനേജരും മറ്റൊരാളും ചേര്‍ന്ന് തന്നെ പിടിച്ചുവെച്ചുവെന്നുവെന്നും പീഡിപ്പിച്ചുവെന്നും കുട്ടി സഹോദരനോട് പറഞ്ഞു. കുട്ടിയെ പീഡിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ഇവര്‍ തങ്ങളുടെ ഫോണുകളില്‍ പകര്‍ത്തി. പരാതി ലഭിച്ചതിന് പിന്നാലെ സംഭവത്തില്‍ അന്വേഷണം നടത്തിയ പൊലീസ്, രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
🇰🇼തീവ്രവാദ സംഘടനയില്‍ ചേര്‍ന്ന യുവാവിന് കുവൈത്തില്‍ അഞ്ച് വര്‍ഷം തടവ്.
✒️തീവ്രവാദ സംഘടനയായ ഹിസ്‍ബുല്ലയില്‍ (Hezbollah) ചേര്‍ന്ന യുവാവിന് കുവൈത്ത് ക്രിമിനല്‍ കോടതി (Kuwait Criminal Court) അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ലബനോനില്‍ ആക്രമണം നടത്താനായി ഇയാള്‍ ആയുധ പരിശീലനം നടത്തിയതായും ദേശീയ സുരക്ഷാ നിയമ പ്രകാരം പബ്ലിക് പ്രോസിക്യൂഷന്‍ രജിസ്റ്റര്‍ ചെയ്‍ത കേസിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ അടിസ്ഥാന സംവിധാനങ്ങള്‍ നശിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്ന സംഘടനയില്‍ ചേരുകയും അവയുമായി ആശയവിനിമയം നടത്തുകയും ചെയ്‍തതായും കോടതി രേഖകള്‍ സൂചിപ്പിക്കുന്നു.
🇦🇪യുഎഇയില്‍ 321 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് മൂന്ന് മരണം.
✒️യുഎഇയില്‍ (United Arab Emirates) പുതിയതായി 321 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് (Covid - 19) ബാധ സ്ഥിരീകരിച്ചു. ഇന്ന് 393 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മൂന്ന് പേരാണ് മരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 3,27,300 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,34,596 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,26,806 പേര്‍ രോഗമുക്തരായി. 2,089 പേരാണ് രാജ്യത്ത് ആകെ മരണപ്പെട്ടത്. നിലവില്‍ 5,781 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്. 19.7 ദശലക്ഷം കൊവിഡ് പരിശോധനകള്‍ ഇതുവരെ യുഎഇയില്‍ നടത്തിയിട്ടുണ്ടെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.
കൊവിഡ് രോഗവ്യാപനം കാര്യമായി കുറയുന്ന സാഹചര്യത്തില്‍ രാജ്യത്ത് നിലവിലുണ്ടായിരുന്ന കൊവിഡ് നിയന്ത്രണങ്ങളില്‍ ഭാഗികമായ ഇളവുകള്‍ അനുവദിച്ചിരുന്നു. ബീച്ചുകളിലും ആരോഗ്യ കേന്ദ്രങ്ങളിലും ഒരു കുടുംബത്തിലെ അംഗങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്യുന്ന വാഹനങ്ങളിലും മാസ്‍ക് ധരിക്കേണ്ടതില്ലെന്ന് ഈയാഴ്‍ച അധികൃതര്‍ അറിയിച്ചിരുന്നു. തുറസായ സ്ഥലങ്ങളില്‍ വ്യായാമം ചെയ്യുമ്പോഴും അടച്ചിട്ട സ്ഥലങ്ങളില്‍ ഒരു വ്യക്തി ഒറ്റയ്‍ക്കായിരിക്കുമ്പോഴും മാസ്‍ക് ധരിക്കേണ്ടതില്ല.
🇸🇦സൗദി: റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിലെത്തുന്നവർക്ക് പ്രവേശനം സൗജന്യം.
✒️2021 റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിലേക്ക് സന്ദർശകർക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് സൗദി ലിറ്ററേച്ചർ, പബ്ലിഷിങ്ങ് ആൻഡ് ട്രാൻസ്‌ലേഷൻ കമ്മീഷൻ അറിയിച്ചു. എന്നാൽ മുഴുവൻ സന്ദർശകർക്കും ഓൺലൈനിലൂടെയുള്ള രജിസ്‌ട്രേഷൻ നിർബന്ധമാണെന്ന് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.
സന്ദർശകരുടെ ആരോഗ്യ സ്റ്റാറ്റസ് ഉറപ്പ് വരുത്തുന്നതിനായി ഈ ഓൺലൈൻ രജിസ്‌ട്രേഷൻ Tawakkalna ആപ്പുമായി ബന്ധപ്പെടുത്തിയാണ് നടപ്പിലാക്കുന്നത്. മേളയിലെത്തുന്നവരുടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും, COVID-19 മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് സന്ദർശകരെ അനുവദിക്കുന്നതിനും ഈ നടപടി സഹായകരമാണ്.
മേളയിൽ നേരിട്ട് പങ്കെടുക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നവർക്ക് ഓൺലൈനിലൂടെ പുസ്തകങ്ങൾ ഓർഡർ ചെയ്യുന്നതിന് അവസരമൊരുക്കുന്ന ഒരു വിർച്യുൽ എക്സിബിഷൻ ഈ വർഷത്തെ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി ഒരുക്കുന്നുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി. പുസ്തകമേള ആരംഭിക്കുന്നതിനൊപ്പം തന്നെയാണ് ഈ വിർച്യുൽ എക്സിബിഷൻ ആരംഭിക്കുന്നത്.
ഈ വർഷത്തെ റിയാദ് അന്താരാഷ്ട്ര പുസ്തകമേള 2021 ഒക്ടോബർ 1 മുതൽ ആരംഭിക്കുമെന്ന് സൗദി പ്രസ് ഏജൻസി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഒക്ടോബർ 1-ന് ആരംഭിക്കുന്ന റിയാദ് ഇന്റർനാഷണൽ ബുക്ക് ഫെയർ ഒക്ടോബർ 10 വരെ നീണ്ട് നിൽക്കുന്നതാണ്.
28 രാജ്യങ്ങളിൽ നിന്നായി ആയിരത്തോളം പുസ്തക പ്രസാധകർ ഈ മേളയിൽ പങ്കെടുക്കുന്നതാണ്. റിയാദ് ഫ്രണ്ടിൽ വെച്ച് സംഘടിപ്പിക്കുന്ന ഈ പുസ്തക മേള, മേഖലയിലെ തന്നെ ഏറ്റവും വലിയ സാംസ്‌കാരിക പ്രദർശനങ്ങളിലൊന്നാണ്.
🇧🇭ബഹ്‌റൈനിൽ നിന്ന് ഉംറ അനുഷ്ഠിക്കുന്നതിനായി പോകുന്ന തീർത്ഥാടകർക്കുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച അറിയിപ്പ്.
✒️രാജ്യത്ത് നിന്ന് ഉംറ അനുഷ്ഠിക്കുന്നതിനായി പോകുന്ന തീർത്ഥാടകർക്ക് ഇതിനായുള്ള പെർമിറ്റുകൾ നേടുന്നതിനുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച് ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ജസ്റ്റിസ്, ഇസ്ലാമിക അഫയേഴ്‌സ് ആൻഡ് എൻഡോവ്മെന്റ്സ് അറിയിപ്പ് നൽകി. ഉംറ പെർമിറ്റുകൾ, മക്കയിലെ ഗ്രാൻഡ് മോസ്‌ക്, പ്രവാചകന്റെ പള്ളി എന്നിവിടങ്ങളിൽ സന്ദർശിക്കുന്നതിനുള്ള പെർമിറ്റ് എന്നിവ നേടുന്നതിനായി സൗദി അറേബ്യ പ്രഖ്യാപിച്ചിട്ടുള്ള നടപടിക്രമങ്ങളാണ് മന്ത്രാലയം ആവർത്തിച്ചത്.
ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിബന്ധനകളും, നടപടിക്രമങ്ങളുമാണ് ബഹ്‌റൈൻ അറിയിച്ചിരിക്കുന്നത്:
COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമാണ് ഉംറ വിസകൾ അനുവദിക്കുന്നത്. രോഗമുക്തി നേടി 14 ദിവസം പൂർത്തിയാക്കിയവർ, വാക്സിൻ സ്വീകരിച്ച ശേഷം 14 ദിവസം പൂർത്തിയാക്കിയവർ എന്നീ വിഭാഗങ്ങൾക്കാണ് ഇത്തരത്തിൽ അപേക്ഷിക്കാൻ അനുമതി.
മുഖീം ആപ്പിൽ രജിസ്‌ട്രേഷൻ നിർബന്ധമാണ്.
ഉംറ പെർമിറ്റ് ലഭിക്കുന്നതിന് മുൻപായി വാക്സിനേഷൻ സ്റ്റാറ്റസ് തെളിയിക്കുന്നതിന് ‘Tawakkalna’, ‘Eatmarna’ എന്നീ ആപ്പുകൾ ഉപയോഗിക്കേണ്ടതാണ്.
ഉംറ പെർമിറ്റ് പ്രകാരം തീർത്ഥാടനത്തിന് അനുവദിച്ചിട്ടുള്ള സമയക്രമം കൃത്യമായി പാലിക്കേണ്ടതാണ്.
ഫൈസർ ബയോഎൻടെക്, ഓക്സ്ഫോർഡ് ആസ്ട്രസെനേക, മോഡർന, ജോൺസൺ ആൻഡ് ജോൺസൺ എന്നീ COVID-19 വാക്സിനുകൾ ഉപയോഗിച്ച് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ വിദേശ തീർത്ഥാടകർക്കാണ് സൗദി ഉംറ അനുഷ്ഠിക്കുന്നതിനായി പ്രവേശനം അനുവദിക്കുന്നത്.
സിനോഫാം, സിനോവാക് എന്നീ വാക്സിനുകൾ സ്വീകരിച്ചിട്ടുള്ളവർക്ക് ഫൈസർ, ആസ്ട്രസെനേക, മോഡർന, ജോൺസൺ ആൻഡ് ജോൺസൺ എന്നീ വാക്സിനുകളുടെ ബൂസ്റ്റർ ഡോസ് എടുത്ത ശേഷം പ്രവേശനം അനുവദിക്കുന്നതാണ്.
ഉംറ പെർമിറ്റുകൾ ഇല്ലാതെ തീർത്ഥാടനത്തിന് ശ്രമിക്കുന്നവർക്ക് കനത്ത പിഴ ഉൾപ്പടെയുള്ള നടപടികൾ നേരിടേണ്ടി വരുന്നതാണ്.
🇰🇼COVID-19: ജി സി സി രാജ്യങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന രോഗമുക്തി നിരക്ക് കുവൈറ്റിൽ രേഖപ്പെടുത്തി.
✒️ഗൾഫ് രാജ്യങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന COVID-19 രോഗമുക്തി നിരക്ക് കുവൈറ്റിൽ രേഖപ്പെടുത്തിയതായി ജി സി സി സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ ചൂണ്ടിക്കാട്ടി. കുവൈറ്റിലെ രോഗമുക്തി നിരക്ക് 99.2 ശതമാനമാണ്.
കുവൈറ്റിലെ നിലവിലെ COVID-19 സാഹചര്യം വളരെയധികം മെച്ചപ്പെട്ടതായും, രോഗവ്യാപനം വളരെയധികം കുറഞ്ഞതായും ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ കൊറോണ വൈറസ് കമ്മിറ്റി തലവൻ ഡോ. ഖാലിദ് അൽ ജറല്ലാ വ്യക്തമാക്കി. ഇത് മൂലം രാജ്യത്തെ വിവിധ മേഖലകളുടെ പ്രവർത്തനം പടിപടിയായി പഴയ രീതിയിലേക്ക് മടക്കികൊണ്ടുവരാനാകുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
രജിസ്റ്റർ ചെയ്ത മുഴുവൻ പേർക്കും വാക്സിൻ നൽകുന്നത് മുൻകൂർ ബുക്കിങ്ങ് കൂടാതെ എല്ലാവരിലേക്കും വാക്സിനേഷൻ നടപടികൾ വിപുലീകരിക്കുന്നതിന് സഹായകമാകുമെന്നും അദ്ദേഹം അറിയിച്ചു.
🛫സൗദിയില്‍ നിന്നുള്ള വിമാനം അടിയന്തരമായി കരിപ്പൂരില്‍ ഇറക്കി.
✒️സൗദി അറേബ്യയിലെ ദമ്മാമില്‍ നിന്ന് മംഗളൂരുവിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി കരിപ്പൂരില്‍ ഇറക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്നായിരുന്നു എമര്‍ജന്‍സി ലാന്റിങ്. കോഴിക്കോട് ഇറക്കിയ യാത്രക്കാര്‍ക്ക് ആവശ്യത്തിന് ഭക്ഷണം നല്‍കിയില്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്.
ഇന്നലെ രാത്രി 11.30ന് ദമ്മാമില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് കരിപ്പൂരില്‍ ഇറക്കിയത്. ഇന്ന് രാവിലെ 6 മണിക്കായിരുന്നു കരിപ്പൂരില്‍ വിമാനം ലാന്റ് ചെയ്തത്. ഏഴ് മണിക്കൂറിന് ശേഷവും തകരാര്‍ പരിഹരിച്ച് വിമാനം പുറപ്പെടാനായില്ല.
സാങ്കേതിക തകരാര്‍ എന്നതിന് അപ്പുറം മറ്റ് വിശദീകരണമൊന്നും അധികൃതര്‍ നല്‍കുന്നില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു. ഇത്രയും സമയം കഴിഞ്ഞിട്ടും ലഘുഭക്ഷണം മാത്രമാണ് യാത്രക്കാര്‍ക്ക് നല്‍കിയത്.
🇶🇦ഖത്തറില്‍ ഇന്ത്യന്‍ എംബസി പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.
✒️ഖത്തറില്‍ ഇന്ത്യന്‍ എംബസി പ്രവാസികൾക്കായി ഒക്ടോബര്‍ ഒന്നിന് പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറവുമായി സഹകരിച്ചാണ് കാംപ് സംഘടിപ്പിക്കുന്നത്. പാസ്പോര്‍ട്ട് പുതുക്കല്‍, അറ്റസ്റ്റേഷന്‍ സേവനങ്ങള്‍, തൊഴില്‍ സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് പരിഹാരം കാണുന്നതിനാണ് ക്യാമ്പ് . ഒക്ടോബര്‍ ഒന്നിന് വെള്ളിയാഴ്ച 10 മണി മുതല്‍ ഉച്ചയക്ക് 12 മണി വരെയാണ് കാംപ്. സാല്‍വ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഗേറ്റ് 151 സ്ട്രീറ്റ് 24-ലെ വെഞ്ച്വര്‍ ഗള്‍ഫ് ട്രെയിനിംഗ് സെന്ററില്‍ വെച്ചാണ് കാംപ് നടക്കുന്നത്.
🇰🇼കുവൈത്തിൽ സ്കൂൾ ഫീസിലെ കോവിഡ്കാല ഇളവ് പിൻവലിച്ചു.
✒️കുവൈത്തിൽ സ്വകാര്യ സ്കൂളുകളിലെ വിദ്യാർഥികൾക്ക് കോവിഡ് കാലത്ത് അനുവദിച്ചിരുന്ന ഫീസ് ഇളവ് പിൻവലിച്ചു. വിദേശ സ്കൂളുകൾക്ക് സെപ്റ്റംബർ 26 മുതൽ നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കാൻ അനുമതി നൽകിയ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസവകുപ്പ് ഇളവ് പിൻവലിച്ചത്വിദേശ സ്കൂളുകൾക്ക് സെപ്റ്റംബർ 26 മുതൽ നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കാൻ അനുമതി നൽകിയ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസവകുപ്പ് ഇളവ് പിൻവലിച്ചത്.
കോവിഡ് പശ്ചാത്തലത്തിൽ ക്ലാസുകൾ ഓൺലൈനാക്കിയതിനെ തുടന്ന് ഏർപ്പെടുത്തിയ ഫീസിളവാണ് പിൻവലിച്ചത്. കോവിഡിന് മുമ്പ് നിലവിലുണ്ടായിരുന്ന ഫീസ് നിരക്കിലേക്ക് മാറാനാണ് സ്കൂളുകൾക്ക് അനുമതി നൽകിയത്. അതേസമയം, മന്ത്രാലയത്തിന് കീഴിലെ സ്വകാര്യ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച നിരക്കിൽ മാത്രമേ ട്യൂഷൻ ഫീസ് ഈടാക്കാവൂ എന്നും നിർദേശം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതർ മുന്നറിപ്പ് നൽകി.
മന്ത്രാലയം അംഗീകരിച്ച ഫീസിന് പുറമേ ഏതെങ്കിലും പേരില്‍ സ്‌കൂള്‍ അധികൃതര്‍ പണം സ്വീകരിക്കാന്‍ പാടില്ല. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന അറബ് സ്‌കൂളുകൾക്കും ദ്വിഭാഷാ സ്‌കൂളുകൾക്കും ഇന്ത്യൻ, പാകിസ്ഥാനി, ബ്രിട്ടീഷ്, ജർമ്മൻ, ഫ്രഞ്ച് വിദ്യാലയങ്ങൾക്കും നിർദേശം ബാധകമാണ്. ഇത്തരം സ്‌കൂളുകൾ ഫീസ് വർധിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സ്വകാര്യ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സാമ്പത്തിക കാര്യ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. ഫീസ് വർധന സംബന്ധിച്ചുള്ള പരാതികള്‍ മന്ത്രാലയത്തിന് ലഭിച്ചാല്‍ സ്‌കൂളിന്റെ അംഗീകാരം തന്നെ റദ്ദാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

0 Comments