Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ ലൈവ് ന്യൂസ്‌ ഗൾഫ് വാർത്തകൾ

🇸🇦കൊവിഡ് ബാധിച്ച് സൗദിയില്‍ 224 പേര്‍ ഗുരുതരാവസ്ഥയില്‍.

🇴🇲എം എ യൂസഫലിക്ക് ആദ്യത്തെ ഒമാന്‍ ദീര്‍ഘകാല റെസിഡന്‍സ് വിസ.

🇴🇲ഒമാനില്‍ 33 പുതിയ കൊവിഡ് കേസുകള്‍ കൂടി, ഒരു മരണം.

🇸🇦സൗദിയില്‍ ഉപയോഗശൂന്യമായ വാഹനങ്ങളുടെ ഉടമകള്‍ക്ക് അവ സ്വന്തം പേരില്‍ നിന്ന് ഒഴിവാക്കാന്‍ അവസരം.

🇦🇪യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കൂട്ടി.

🛫ഇന്ത്യ: അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് 2021 ഒക്ടോബർ 31 വരെ നീട്ടി.

🇦🇪യു എ ഇ: COVID-19 സംബന്ധമായ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ NCEMA മുന്നറിയിപ്പ് നൽകി.

🇧🇭ബഹ്‌റൈൻ: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി LMRA പ്രത്യേക പരിശോധനകൾ നടത്തി.

🇶🇦ഖത്തറില്‍ ഇനി പുറത്തിറങ്ങുമ്പോള്‍ മാസ്‌ക്ക് വേണ്ട; കൂടുതല്‍ ഇളവുകള്‍.

🇶🇦ഖത്തറില്‍ ഇന്ന് 76 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെ 51 പേര്‍.

🇦🇪അഞ്ച് വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ അനുവദിച്ചു തുടങ്ങി; എങ്ങിനെ അപേക്ഷിക്കാം.


വാർത്തകൾ വിശദമായി

🇸🇦കൊവിഡ് ബാധിച്ച് സൗദിയില്‍ 224 പേര്‍ ഗുരുതരാവസ്ഥയില്‍.

✒️സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് 224 പേരാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ഇതിനിടെ ഇന്ന് 55 പുതിയ കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. രോഗം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞവരില്‍ 46 പേര്‍ സുഖം പ്രാപിച്ചു.

രാജ്യത്ത് വിവിധ ഭാഗങ്ങളിലായി നാല് മരണവും റിപ്പോര്‍ട്ട് ചെയ്തു. 49,026 കൊവിഡ് ടെസ്റ്റുകളാണ് 24 മണിക്കൂറിനിടെ നടത്തിയത്. രാജ്യമാകെ 5,47,090 പേര്‍ക്ക് രോഗം ബാധിച്ചു. അതില്‍ 5,36,125 പേര്‍ കൊവിഡ് മുക്തരായി. ഇതുവരെ 8,713 പേര്‍ മരിച്ചു. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനമാണ്. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കേസുകള്‍: ജിദ്ദ 10, റിയാദ് 10, ഖോബാര്‍ 3, അല്‍രിദ 2, തബൂക്ക് 2, ബുറൈദ 2, മദീന 2, മക്ക 2, മറ്റ് 22 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍. രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ 41,937,145 ഡോസ് കവിഞ്ഞു.

🇴🇲എം എ യൂസഫലിക്ക് ആദ്യത്തെ ഒമാന്‍ ദീര്‍ഘകാല റെസിഡന്‍സ് വിസ.

✒️ഒമാനില്‍ വിദേശികളായ നിക്ഷേപകര്‍ക്ക് ആദ്യമായി ഏര്‍പ്പെടുത്തിയ ദീര്‍ഘകാല റെസിഡന്‍സ് സംവിധാനത്തില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാനും അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനുമായ എം എ യൂസഫലിക്ക് അംഗീകാരം. യൂസഫലിയടക്കം വിവിധ രാജ്യക്കാരായ  22 പ്രമുഖ പ്രവാസി നിക്ഷേപകര്‍ക്കാണ് ഒന്നാം ഘട്ടത്തില്‍ ഒമാന്‍ ദീര്‍ഘകാല റെസിഡന്‍സ് പെര്‍മിറ്റ് നല്‍കിയിരിക്കുന്നത്.

ഇന്ന്  മസ്‌കറ്റില്‍ ഈ സംവിധാനത്തിന്റെ ലോഞ്ചിങ് ചടങ്ങില്‍ ഒമാന്‍ വാണിജ്യ വ്യവസായ മന്ത്രി ഖൈസ് ബിന്‍ മുഹമ്മദ് അല്‍ യൂസഫില്‍ നിന്നും ആദ്യത്തെ റസിഡന്‍സി എം എ യൂസഫലി ഏറ്റുവാങ്ങി. ഒമാനില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക, തദ്ദേശ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ സാധ്യത നല്‍കുക , ഒമാന്‍റെ സാമ്പത്തിക ഘടനയെ ശക്തിപ്പെടുത്തുക, നിക്ഷേപത്തില്‍ ഗുണപരത ഉറപ്പുവരുത്തുക തുടങ്ങിയവയിലൂടെ നിര്‍ണായക നീക്കങ്ങള്‍ നടത്തുന്ന പ്രമുഖ നിക്ഷേപകര്‍ക്കാണ് ഒമാന്‍ ഇങ്ങനെ ദീര്‍ഘ കാല റെസിഡന്‍സ് പരിഗണന നല്‍കുന്നത്.

ഒമാന്‍ 2040 എന്ന വീക്ഷണത്തിന്റെ ഭാഗമായാണ് ഈ ആദരവെന്ന് ഒമാന്‍ വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ ഉപദേഷ്ടാവ്  ഖാലിദ് ബിന്‍ സഈദ് അല്‍ ശുഐബി വ്യക്തമാക്കി. ദീര്‍ഘകാല റസിഡന്‍സ് സംവിധാനത്തെ അംഗീകാരവും ആദരവുമായി കണ്ട് വിനയത്തോടെ സ്വീകരിക്കുന്നതായി എം എ യൂസഫലി  പ്രതികരിച്ചു. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സയിദിനോടും ഒമാന്‍ സര്‍ക്കാരിനോടും  നന്ദി പ്രകാശിപ്പിക്കുന്നതായും യൂസഫലി പറഞ്ഞു.

ഒമാന്‍ 2040 വിഷന്റെ ഭാഗമായി രാജ്യത്തെ ഏറ്റവും മുന്‍നിര റീട്ടെയില്‍ ഗ്രൂപ്പ് ആയ ലുലു ഒമാനില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാമ്പത്തിക ഘടനയെ മെച്ചപ്പെടുത്താനും ഈ ദീര്‍ഘ കാല റെസിഡന്‍സ് എന്ന അംഗീകാരം ഉപകാരപ്രദമാകും. ദീര്‍ഘവീക്ഷണത്തോടെയുള്ള ഇത്തരം നടപടികള്‍ കൂടുതല്‍ വിദേശ നിക്ഷേപം ഒമാനിലേക്ക് വരുവാന്‍ സഹായിക്കുമെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.

യുഎഇയുടെ ഗോള്‍ഡന്‍ വിസ, സൗദി അറേബ്യയുടെ പ്രീമിയം റസിഡന്‍സി എന്നിവയും ഇതിനുമുമ്പ് യൂസഫലിക്ക് ലഭിച്ചിരുന്നു. ജിസിസി രാജ്യങ്ങള്‍, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലായി   215 ഹൈപ്പര്‍മാര്‍ക്കറ്റുകളുള്ള  ലുലുവിന് ഒമാനില്‍ മാത്രം 27 ഹൈപ്പര്‍മാര്‍ക്കറ്റുകളുണ്ട്.

🇴🇲ഒമാനില്‍ 33 പുതിയ കൊവിഡ് കേസുകള്‍ കൂടി, ഒരു മരണം.

✒️ഒമാനില്‍ 33 പേര്‍ക്ക് കൂടി കൊവിഡ്(covid ) വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം(health ministry) അറിയിച്ചു. കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരാള്‍ കൂടി മരിച്ചു. 294 പേര്‍ കൂടി രോഗമുക്തി(covid recoveries) നേടി. 

രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,03,738 ആയി. ആകെ രോഗികളില്‍ 2,97,546 പേരും രോഗമുക്തരായി. 98 ശതമാനമാണ് രാജ്യത്ത് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. ആകെ 4,096 പേര്‍ക്ക് ഒമാനില്‍ കൊവിഡ് കാരണം ജീവന്‍ നഷ്ടമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ രണ്ട് കൊവിഡ് രോഗികളെ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്. ഇവരുള്‍പ്പെടെ ആകെ 33 പേരാണ് ഒമാനിലെ ആശുപത്രികളില്‍ കഴിയുന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇവരില്‍ 20 പേരുടെ നില ഗുരുതരമാണ്. ഇവര്‍ക്ക് ചികിത്സ നല്‍കി വരികയാണ്.

🇸🇦സൗദിയില്‍ ഉപയോഗശൂന്യമായ വാഹനങ്ങളുടെ ഉടമകള്‍ക്ക് അവ സ്വന്തം പേരില്‍ നിന്ന് ഒഴിവാക്കാന്‍ അവസരം.

✒️സൗദിയില്‍ ഉപയോഗിക്കാതെ കിടക്കുന്ന വാഹനങ്ങള്‍ സ്വന്തം പേരില്‍ നിന്നും ഒഴിവാക്കാന്‍ അവസരം വരുന്നു. സൗദി മന്ത്രിസഭ അംഗീകാരം നല്‍കിയ തീരുമാനം അടുത്ത മാര്‍ച്ചോടെ പ്രാബല്യത്തിലാകും. വ്യക്തികളുടെ പേരിലുള്ള സ്വകാര്യ വാഹനങ്ങള്‍ ഉപയോഗ ശൂന്യമായാല്‍ റോഡരികില്‍ ഉപേക്ഷിക്കാറുണ്ട്. ഇവയില്‍ ഉടമകളില്ലാത്തവ പ്രാദേശിക ഭരണകൂടം തന്നെ നീക്കം ചെയ്യും. എന്നാല്‍ നമ്പര്‍ പ്ലേറ്റടക്കം രേഖകളുളള വാഹനങ്ങള്‍ ഒഴിവാക്കാന്‍ വ്യക്തികള്‍ക്ക് ചെലവ് വരാറുണ്ട്. 

താമസ സ്ഥലത്ത് നിന്നും വാഹനങ്ങള്‍ പൊളിക്കുന്നിടത്തേക്ക് എത്തിക്കാനും പണച്ചെലവുണ്ടാകും. ഇതിന് പുറമെ വാഹനങ്ങളുടെ രേഖ സ്വന്തം ഇഖാമ (റെസിഡന്റ് പെര്‍മിറ്റി)ല്‍ നിന്നും നീക്കം ചെയ്യാനും ഫീസുണ്ടാകും. എന്നാല്‍ ഇത്തരത്തിലുള്ള ഫീസൊന്നുമില്ലാതെ തികച്ചും സൗജന്യമായി പഴയ വാഹനങ്ങള്‍ സ്വന്തം പേരില്‍ നിന്നും ഒഴിവാക്കാനാണ് അവസരം വരുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച് ഒന്ന് മുതല്‍ ഒരു വര്‍ഷത്തേക്കാണ് ഇത്തരത്തില്‍ അവസരം. ഈ കാലാവധിക്കുള്ളില്‍ വ്യക്തികള്‍ക്ക് രേഖകള്‍ സമര്‍പ്പിച്ച് വാഹനം സ്വന്തം പേരില്‍ നിന്നും ഒഴിവാക്കാം. ഈ വാഹനങ്ങള്‍ നീക്കം ചെയ്യേണ്ടതുണ്ടെങ്കില്‍ അതിന്റെ ചെലവും ഭരണകൂടം വഹിക്കും.

🇦🇪യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കൂട്ടി.

✒️യുഎഇയില്‍ (UAE) 2021 ഒക്ടോബര്‍ മാസത്തേക്കുള്ള ഇന്ധന വില, ദേശീയ ഇന്ധന വില നിര്‍ണയ കമ്മിറ്റി (UAE fuel price committee) പ്രഖ്യാപിച്ചു. സെപ്‍റ്റംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ബുധനാഴ്‍ചയാണ് പുതുക്കിയ ഇന്ധനവില സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. ഒക്ടോബര്‍ ഒന്നു മുതല്‍ പുതിയ വില നിലവില്‍ വരും.

സൂപ്പര്‍ 98 പെട്രോളിന് അടുത്ത മാസം 2.60 ദിര്‍ഹമാണ് വില. നിലവില്‍ ഇത് 2.55 ദിര്‍ഹമാണ്. സ്‍പെഷ്യല്‍ 95 പെട്രോളിന് ഇപ്പോഴുള്ള വിലയായ 2.44 ദിര്‍ഹത്തില്‍ നിന്ന് 2.49 ദിര്‍ഹമാക്കി വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇ-പ്ലസ് 91 പെട്രോളിന് സെപ്‍റ്റംബറില്‍ 2.36 ദിര്‍ഹമായിരുന്നെങ്കില്‍ ഒക്ടോബറില്‍ 2.42 ദിര്‍ഹം നല്‍കേണ്ടി വരും. ഡീസല്‍ വിലയിലും വര്‍ദ്ധനവുണ്ട്. അടുത്ത മാസം ഒന്നാം തീയ്യതി മുതല്‍ ഡീസലിന് 2.51 ദിര്‍ഹം നല്‍കണം. സെപ്റ്റംബറില്‍ 2.38 ദിര്‍ഹമാണ് ഒരു ലിറ്റര്‍ ഡീസലിന്റെ വില.

🛫ഇന്ത്യ: അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് 2021 ഒക്ടോബർ 31 വരെ നീട്ടി.

✒️അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ 2021 ഒക്ടോബർ 31 വരെ തുടരാൻ തീരുമാനിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു. സെപ്റ്റംബർ 28-നാണ് ഇന്ത്യൻ അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

“ഇന്ത്യയിലേക്കും, ഇന്ത്യയിൽ നിന്നുമുള്ള അന്താരാഷ്ട്ര യാത്രാ വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്കുകൾ 2021 ഒക്ടോബർ 31, 11:59pm വരെ തുടരാൻ തീരുമാനിച്ചിരിക്കുന്നു.”, DGCA പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു. ഈ വിലക്കുകൾ ചരക്ക് വിമാനങ്ങൾക്കും, DGCA പ്രത്യേക അനുമതി നൽകിയിട്ടുള്ള വിമാനങ്ങൾക്കും ബാധകമല്ല.

വിദേശരാജ്യങ്ങളിലേക്കും, തിരികെയും സർവീസ് നടത്തുന്ന പ്രത്യേക വിമാനങ്ങൾക്ക് ഓരോ സർവീസിന്റെയും അടിസ്ഥാനത്തിൽ അനുമതി നൽകുന്നത് തുടരുമെന്നും DGCA അറിയിച്ചു.

🇦🇪യു എ ഇ: COVID-19 സംബന്ധമായ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ NCEMA മുന്നറിയിപ്പ് നൽകി.

✒️രാജ്യത്തെ COVID-19 സാഹചര്യങ്ങളുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളും, തെറ്റായ വാർത്തകളും പ്രചരിപ്പിക്കുന്നവർക്ക് യു എ ഇ നാഷണൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) മുന്നറിയിപ്പ് നൽകി. സെപ്റ്റംബർ 28-ന് NCEMA ഔദ്യോഗിക വക്താവ് ഡോ. താഹിർ അൽ അമീരിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കൊറോണാ വൈറസ് മഹാമാരിയുടെ പ്രതിസന്ധിയിൽ നിന്ന് യു എ ഇയുടെ വിവിധ മേഖലകൾ കരകയറുന്നതിനായി നടപ്പിലാക്കുന്ന നടപടികൾ തടസപ്പെടുത്തുന്നതിന് തുല്യമാണെന്ന് അദ്ദേഹം പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തി. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ലഭിക്കുന്ന വാർത്തകളുടെ സത്യാവസ്ഥ ഉറപ്പ് വരുത്താനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.

തെറ്റായ വാർത്തകൾ വിശ്വസിക്കുന്നത് ഒഴിവാക്കുന്നതിനും, ഇത്തരം വാർത്തകൾ പങ്ക് വെക്കുന്നത് മൂലമുണ്ടാകുന്ന നിയമ നടപടികൾ ഒഴിവാക്കുന്നതിനും ആധികാരികമായ സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ മാത്രം പിന്തുടരാനും അദ്ദേഹം നിർദ്ദേശിച്ചു. രാജ്യത്തെ COVID-19 സാഹചര്യവുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും യു എ ഇ തീർത്തും സുതാര്യമായ രീതിയിൽ ഔദ്യോഗിക സംവിധാനങ്ങളിലൂടെ കൃത്യമായി പൊതുസമൂഹത്തോട് പങ്ക് വെക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

🇧🇭ബഹ്‌റൈൻ: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി LMRA പ്രത്യേക പരിശോധനകൾ നടത്തി.

✒️രാജ്യത്തെ തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്ന അനധികൃത പ്രവാസി തൊഴിലാളികളെ കണ്ടെത്തുന്നതിനായി ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) പ്രത്യേക പരിശോധനകൾ നടത്തി. നോർത്തേൺ ഗവർണറേറ്റിലാണ് LMRA ഈ പരിശോധനകൾ നടത്തിയത്.

LMRA-യുടെ കീഴിലുള്ള ലേബർ ഇൻസ്‌പെക്ഷൻ ഡയറക്ടറേറ്റ്, നാഷണാലിറ്റി പാസ്സ്പോർട്ട്സ് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് (NPRA), നോർത്തേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് എന്നിവർ സംയുക്തമായാണ് ഈ പരിശോധനകൾ നടത്തിയത്. ഈ പരിശോധനകളുടെ ഭാഗമായി ഏതാനം അനധികൃത പ്രവാസി തൊഴിലാളികളെ അറസ്റ്റ് ചെയ്തതായും LMRA വ്യക്തമാക്കിയിട്ടുണ്ട്.

അറസ്റ്റ് ചെയ്യപ്പെട്ടവരെ രാജ്യത്തെ നിയമങ്ങൾ അനുശാസിക്കുന്ന പ്രകാരം നാടുകടത്തുമെന്നും LMRA അറിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി LMRA രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ പരിശോധനകൾ നടത്തിവരുന്നുണ്ട്. ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് ഇത്തരം പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും LMRA വ്യക്തമാക്കിയിട്ടുണ്ട്.

🇶🇦ഖത്തറില്‍ ഇനി പുറത്തിറങ്ങുമ്പോള്‍ മാസ്‌ക്ക് വേണ്ട; കൂടുതല്‍ ഇളവുകള്‍.

✒️ഒക്ടോബര്‍ 3 മുതല്‍ ഖത്തറില്‍ ഔട്ട്‌ഡോറില്‍ മാസ്‌ക്ക് വേണ്ട. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് കോവിഡ് നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ നാലാംഘട്ടമാണ് ഒക്ടോബര്‍ 3ന് ആരംഭിക്കുന്നത്.

എക്‌സിബിഷന്‍ നടക്കുന്ന ഇടം, മാര്‍ക്കറ്റ് തുടങ്ങി ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ ഒഴികെ ഒക്ടോബര്‍ 3 മുതല്‍ മാസ്‌ക്ക് ധരിക്കേണ്ടതില്ലെന്ന് പുതിയ തീരുമാനത്തില്‍ പറയുന്നു. എന്നാല്‍, ഇന്‍ഡോര്‍, മസ്ജിദ് പരിസരം, സ്‌കൂളുകള്‍, യൂനിവേഴ്‌സിറ്റികള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം മാസ്‌ക്ക് വേണം. തുറന്ന സ്ഥലങ്ങളില്‍ ഉപഭോക്താക്കളുമായി നിരന്തരം ബന്ധപ്പെടുന്ന ജോലിക്കാരും തൊഴില്‍ സമയത്ത് മാസ്‌ക്ക് ധരിക്കണം.

മറ്റ് ഇളവുകള്‍ ഇപ്രകാരം

ഓഫിസുകള്‍
ഓഫിസുകളില്‍ നടക്കുന്ന മീറ്റിങുകളില്‍ പരമാവധി 30 പേര്‍ക്ക് വരെ പങ്കെടുക്കാം. വാക്‌സിനെടുക്കാത്ത ജീവനക്കാര്‍ ആഴ്ച്ചതോറും റാപിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തുന്നത് തുടരണം.

ഒത്തകൂടലുകള്‍
വീടുകളിലും മജ്‌ലിസുകളിലും വാക്‌സിനെടുത്ത 30 പേര്‍ക്കും വാക്‌സിനെടുക്കാത്ത അഞ്ചുപേര്‍ക്കും ഒത്തുചേരാം. ഔട്ട്‌ഡോറില്‍ വാക്‌സിനെടുത്ത 50 പേര്‍ക്കും വാക്‌സിനെടുക്കാത്ത 10 പേര്‍ക്കും അനുമതി. ഒരേകുടുംബത്തില്‍പ്പെട്ട 30 പേര്‍ക്ക് ബീച്ചിലും കോര്‍ണിഷിലും ഒരുമിക്കാം.

യാത്ര
വാഹനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ നാലുപേരില്‍ കൂടുതല്‍ പാടില്ല. ബസ്സുകളിലും വാനുകളിലും 75 ശതമാനം പേര്‍.

ഗതാഗതം
മെട്രോ, പൊതുഗതാഗതം 75 ശതമാനം ശേഷിയില്‍.

പള്ളികള്‍
പ്രായഭേദമന്യേ എല്ലാവര്‍ക്കും പ്രവേശനം. ടോയിലറ്റുകളും അംഗശുദ്ധി വരുത്തുന്ന സ്ഥലവും തുറക്കും

തിയേറ്ററുകള്‍
തിയേറ്ററുകളില്‍ 50 ശതമാനം പേര്‍. 75 ശതമാനം പേര്‍ വാക്‌സിനെടുത്തവര്‍ ആയിരിക്കണം. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും പ്രവേശനം.

ഡ്രൈവിങ് സ്‌കൂള്‍
ഡ്രൈവിങ് സ്‌കൂളുകള്‍ പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിക്കാം. ചുരുങ്ങിയത് 75 ശതമാനം ട്രെയ്‌നികള്‍ പൂര്‍ണമായും വാക്‌സിനെടുത്തിരിക്കണം. അത് അല്ലെങ്കില്‍ 75 ശതമാനം പേര്‍മാത്രം. വാക്‌സിനെടുക്കാത്ത ട്രെയിനികള്‍ ആന്റിജന്‍ ടെസ്റ്റ് നടത്തണം.

🇶🇦ഖത്തറില്‍ ഇന്ന് 76 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെ 51 പേര്‍.

✒️ഖത്തറില്‍ (Qatar) ഇന്ന് 76 പേര്‍ക്ക് കോവിഡ്(Covid19) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 25 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. 51 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 24 മണിക്കൂറിനിടെ 126 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 2,34,671 ആയി. രാജ്യത്ത് ഇന്ന് കോവിഡ് മരണമില്ല. ആകെ കോവിഡ് മരണം 605.

1,282 പേരാണ് ഖത്തറില്‍ നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. 15 പേര്‍ ഐസിയുവില്‍ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരാളെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. പുതുതായി 5 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 58 പേര്‍ നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 6,350 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് വാകസിനേഷന്‍ കാംപയിന്‍ ആരംഭിച്ചതിനു ശേഷം 47,08,867 ഡോസ് വാക്സിനുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. രാജ്യത്തെ മൊത്തം ജനങ്ങളില്‍ 81.7 ശതമാനം പേര്‍ പൂര്‍ണമായും വാക്‌സിനെടുത്തു.

🇦🇪അഞ്ച് വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ അനുവദിച്ചു തുടങ്ങി; എങ്ങിനെ അപേക്ഷിക്കാം.

✒️അഞ്ച് വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ (multiple-entry tourist visa) യ്ക്ക് യുഎഇ(UAE) ഇമിഗ്രേഷന്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങി. സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ പല തവണ രാജ്യത്ത് പ്രവേശിക്കാനും ഓരോ തവണയും പരമാവധി 90 ദിവസം വരെ രാജ്യത്ത് തങ്ങാനും അനുവദിക്കുന്നതാണ് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ. 90 ദിവസം എന്നത് മറ്റൊരു 90 ദിവസത്തേക്ക് നീട്ടുകയും ചെയ്യാം.

650 ദിര്‍ഹമാണ് വിസാ ഫീസ്. ഐസിഎ വെബ്‌സൈറ്റ്(www.ica.gov.ae) വഴി നേരിട്ട് അപേക്ഷിക്കാം. ട്രാവല്‍ ഏജന്‍സികള്‍ക്ക് പ്രത്യേകം ക്വാട്ട നിശ്ചയിച്ചിട്ടില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപോര്‍ട്ട് ചെയ്തു. അപേക്ഷകന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വെബ്‌സൈറ്റിലേക്ക് നേരിട്ട് അപ്ലോഡ് ചെയ്യാം. ദുബയില്‍ ഇഷ്യു ചെയ്യുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ജിഡിആര്‍എഫ്എ അംഗീകാരത്തിന് വിധേയമാണ്.

എങ്ങിനെയാണ് അപേക്ഷിക്കേണ്ടത്

1. പേര്, സേവനം പ്രയോജനപ്പെടുത്തുന്നയാളുടെ വിവരങ്ങള്‍, യുഎഇയിലെ അഡ്രസ്, പുറത്തെ അഡ്രസ് തുടങ്ങി അപേക്ഷകന്റെ വിവരങ്ങള്‍ അപ്ലോഡ് ചെയ്യുക

2. കളര്‍ ഫോട്ടോ, പാസ്‌പോര്‍ട്ട് കോപ്പി, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, കഴിഞ്ഞ 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് തുടങ്ങിയ രേഖകള്‍ അപ്ലോഡ് ചെയ്യുക. കഴിഞ്ഞ ആറ് മാസം 4,000 ഡോളറോ തത്തുല്യ വിദേശ കറന്‍സിയോ ബാങ്ക് ബാലന്‍സ് ഉണ്ടായിരിക്കണം

3. അപേക്ഷ പരിശോധിച്ച് ഉറപ്പ് വരുത്തുക

4. അപേക്ഷയ്ക്കുള്ള പണം അടക്കുക

5. ഇമെയില്‍ വഴി വിസ സ്വീകരിക്കുക

Post a Comment

0 Comments