🇸🇦സൗദിയിലേക്ക് വരുന്നവരുടെ ശ്രദ്ധക്ക്: 'തവക്കൽനാ' ആപ്പ് ഇൻസ്റ്റാൾ ചെയ്തില്ലെങ്കിൽ പണി പാളും.
🇸🇦സൗദിയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 70 പേർക്ക്; അഞ്ച് മരണം.
🇦🇪ഷാര്‍ജയില്‍ വിവാഹങ്ങള്‍ക്കും മറ്റ് സാമൂഹിക പരിപാടികള്‍ക്കുമുള്ള നിബന്ധനകളില്‍ മാറ്റം.
🇦🇪സ്‍പോണ്‍സറുടെ വീട്ടില്‍ നിന്ന് പണവും ഫോണുകളും മോഷ്‍ടിച്ചു; യുഎഇയില്‍ വീട്ടുജോലിക്കാരി അറസ്റ്റില്‍.
🇦🇪43-ാമത് മഹ്‌സൂസ് നറുക്കെടുപ്പില്‍ 1,000,000 ദിര്‍ഹം പങ്കിട്ടെടുത്ത് 10 ഭാഗ്യശാലികള്‍.
🇦🇪യുഎഇയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 391 പേര്‍ക്ക്; രണ്ട് മരണം.
🇴🇲ഒമാനില്‍ ജുമുഅ നമസ്‌കാരം പുനരാരംഭിക്കുന്നു.
🇶🇦കൊവിഡ് നിയമലംഘനം; ഖത്തറില്‍ 1,500ലധികം പേര്‍ക്കെതിരെ കൂടി നടപടി.
🇦🇪കുട്ടികള്‍ അടുത്തുള്ളപ്പോള്‍ പുകവലിച്ചാല്‍ 10,000 ദിര്‍ഹം പിഴ.
🇶🇦ഖത്തറില്‍ 80 ശതമാനം പേരും രണ്ട് ഡോസ് കൊവിഡ് വാക്‌സിനും സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം.
🇰🇼കുവൈത്തില്‍ നേരിയ ഭൂചലനം.
🇦🇪എക്സ്പോ 2020 ദുബായ്: സുരക്ഷാ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സെക്യൂരിറ്റി കമ്മിറ്റി.
🇸🇦സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനാറായിരത്തിലധികം പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം.
🇶🇦ഖത്തറില്‍ പുതിയ കോവിഡ് കേസുകള്‍ 100ല്‍ താഴെ; രോഗമുക്തി ഇരട്ടിയോളം.
🇰🇼കുവൈത്തിലെ ചീട്ടുകളി കേന്ദ്രത്തിൽ നടന്ന റെയ്ഡിൽ മലയാളികൾ ഉൾപ്പെടെ 18 പേർ പിടിയിൽ.
🇶🇦ഖത്തറില്‍ പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാല്‍ പിഴ ഇനി 10 ,000 റിയാൽ.
🇶🇦മെത്രാഷ് 2ല്‍ കൂടുതല്‍ സേവനങ്ങള്‍.
വാർത്തകൾ വിശദമായി
🇸🇦സൗദിയിലേക്ക് വരുന്നവരുടെ ശ്രദ്ധക്ക്: 'തവക്കൽനാ' ആപ്പ് ഇൻസ്റ്റാൾ ചെയ്തില്ലെങ്കിൽ പണി പാളും.
✒️സൗദിയിലേക്ക് വരാനൊരുങ്ങുന്നവർ ശ്രദ്ധിക്കുക, യാത്രക്ക് മുമ്പ് നിങ്ങളുടെ സ്‍മാർട്ട് ഫോണുകളിൽ 'താവക്കൽന' എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ മറക്കരുത്. തൊഴിൽ, സന്ദർശക വിസകളിൽ വരുന്ന മുഴുവനാളുകൾക്കും ഇത് ബാധകമാണ്. സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
യാത്രക്കാരെ കൊണ്ടു വരുന്ന വിമാനക്കമ്പനികൾ യാത്ര തിരിക്കും മുമ്പ് ഇത് ഉറപ്പു വരുത്തണം. മൊബൈൽ ഫോണിലേക്ക് ആപ്പിൾ സ്റ്റോറിൽ നിന്നോ പ്ലേസ്റ്റോറിൽ നിന്നോ ഡൗണ്‍ലോഡ് ചെയ്തു ഇൻസ്റ്റാൾ ചെയ്തിട്ടാൽ സൗദിയിലെത്തി എട്ടു മണിക്കൂറിനകം അത് ഓപ്പൺ ചെയ്തു രജിസ്റ്റർ ചെയ്യണം. രാജ്യത്തുള്ളവരുടെ ആരോഗ്യ സ്ഥിതി കാണിക്കുന്ന മൊബൈൽ ആപ്പാണ് താവക്കൽന. ഈ ആപ്പിൽ ഇമ്യൂൺ സ്റ്റാറ്റസ് കാണിക്കുന്നവർക്ക് മാത്രമേ സൗദിയിൽ കടകളിൽ കയറാനോ ജോലി സ്ഥലത്തു പ്രവേശിക്കാനോ ജോലി ചെയ്യാനോ പൊതുഗതാഗത സൗകര്യം ഉപയോഗിക്കാനോ കഴിയൂ. കൊവിഡ് വാക്‌സിൻ കുത്തിവെപ്പ് പൂർത്തീകരിച്ചവരുടേതാണ് ആപ്പിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് കാണിക്കുന്നത്. ഇതിന് പുറമെ മറ്റു പല സിവിലിയൻ സേവനങ്ങളും തവക്കൽനയിൽ ലഭിക്കും.
🇸🇦സൗദിയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 70 പേർക്ക്; അഞ്ച് മരണം.
✒️സൗദി അറേബ്യയിൽ ഇന്ന് പുതുതായി 70 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരിൽ 81 പേർ കൊവിഡ് മുക്തരായി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി അഞ്ചുപേർ കൂടി മരിച്ചതായും സൗദി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. രാജ്യത്ത് ഇന്ന് 44,013 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു.
5,46,549 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആകെ 5,35,531 പേർ രോഗമുക്തരായി. 8,661 ആണ് രാജ്യത്തെ ആകെ മരണസംഖ്യ. 2,357 പേർ രോഗബാധിതരായി ചികിത്സയിലുണ്ട്. 343 പേർ ഗുരുതരാവസ്ഥയിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണ നിരക്ക് 1.6 ശതമാനവുമാണ്.
രാജ്യത്തെ വിവിധ മേഖലകളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട രോഗികളുടെ എണ്ണം: റിയാദ് 21, മക്ക 19, കിഴക്കൻ പ്രവിശ്യ 7, മദീന 6, അൽഖസീം 5, അസീർ 3, നജ്റാൻ 3, ജീസാൻ 2, തബൂക്ക് 1, അൽജൗഫ് 1, ഹായിൽ 1, അൽബാഹ 1. രാജ്യത്ത് ഇതുവരെ കോവിഡ് വാക്സിനേഷൻ 40,694,512 ഡോസ് കവിഞ്ഞു.
🇦🇪ഷാര്‍ജയില്‍ വിവാഹങ്ങള്‍ക്കും മറ്റ് സാമൂഹിക പരിപാടികള്‍ക്കുമുള്ള നിബന്ധനകളില്‍ മാറ്റം.
✒️ഷാര്‍ജയില്‍ വീടുകളില്‍ വെച്ച് നടക്കുന്ന സാമൂഹിക ചടങ്ങുകള്‍ക്ക് അന്‍പത് പേരിലധികം പങ്കെടുക്കാന്‍ പാടില്ലെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഹാളുകളില്‍ നടക്കുന്ന ചടങ്ങുകളില്‍ പരമാവധി 100 പേര്‍ക്ക് വരെ പങ്കെടുക്കാം. എല്ലാവരും പരസ്‍പരം നാല് മീറ്റര്‍ സാമൂഹിക അകലം പാലിക്കണമെന്നും ഞായറാഴ്‍ച പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
പ്രത്യേകമായി തയ്യാറാക്കുന്ന വിവാഹ ടെന്റുകളില്‍ 200 പേര്‍ക്ക് പങ്കെടുക്കാം. സാമൂഹിക അകലം ഉറപ്പാക്കുകയും എല്ലാ കൊവിഡ് പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്നും സംഘാടകര്‍ ഉറപ്പുവരുത്തണം. പൂര്‍ണമായി വാക്സിനെടുത്തവരും അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷനില്‍ ഗ്രീന്‍ സ്റ്റാറ്റസുള്ളവരും മാത്രമേ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാവൂ.
ചടങ്ങുകളുടെ ദൈര്‍ഘ്യം നാല് മണിക്കൂറില്‍ കവിയരുതെന്നും ഷാര്‍ജ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഗുരുതര രോഗമുള്ളവര്‍, പ്രായമേറിയവര്‍, രോഗലക്ഷണങ്ങളുള്ളവര്‍ തുടങ്ങിയവരൊന്നും ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കരുതെന്നും പൊലീസ് അഭ്യര്‍ത്ഥിച്ച. എല്ലാവരും മാസ്‍ക് ധരിക്കുകയും മറ്റ് സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം. പരസ്‍പരം സ്‍പര്‍ശിച്ചുകൊണ്ടുള്ള ആശംസാ പ്രകടനങ്ങള്‍ ജനങ്ങള്‍ ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
🇦🇪സ്‍പോണ്‍സറുടെ വീട്ടില്‍ നിന്ന് പണവും ഫോണുകളും മോഷ്‍ടിച്ചു; യുഎഇയില്‍ വീട്ടുജോലിക്കാരി അറസ്റ്റില്‍.
✒️ജോലി ചെയ്‍തിരുന്ന വീട്ടില്‍ നിന്ന് പണവും മൊബൈല്‍ ഫോണുകളും അഭരണങ്ങളും മോഷണം പോയ സംഭവത്തില്‍ വീട്ടുജോലിക്കാരി അറസ്റ്റില്‍. 38കാരിയായ പ്രവാസി യുവതിയെ ദുബൈ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി. വീട്ടില്‍ നിന്ന് സാധനങ്ങള്‍ നഷ്‍ടമാകുന്നത് ശ്രദ്ധയില്‍പെട്ട വീട്ടുടമസ്ഥന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
സംഭവത്തില്‍ അന്വേഷണം തുടങ്ങിയ പൊലീസ് സംഘം, വീട്ടിലെ ജോലിക്കാരിയുടെ മുറി പരിശോധിച്ചപ്പോഴാണ് മോഷണം പോയ സാധനങ്ങള്‍ അവിടെ നിന്ന് കണ്ടെത്തിയത്. 2000 ദിര്‍ഹം പണമായും 7000 ദിര്‍ഹം വില വരുന്ന രണ്ട് മൊബൈല്‍ ഫോണുകളും 700 ദിര്‍ഹത്തിന്റെ ഒരു സ്വര്‍ണാഭരണവുമാണ് പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന് മോഷണക്കുറ്റം ചുമത്തി ഇവരെ പൊലീസ് അറസ്റ്റ് ചെയ്‍തു. പബ്ലിക് പ്രോസിക്യൂഷനിലെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
🇦🇪43-ാമത് മഹ്‌സൂസ് നറുക്കെടുപ്പില്‍ 1,000,000 ദിര്‍ഹം പങ്കിട്ടെടുത്ത് 10 ഭാഗ്യശാലികള്‍.
✒️യുഎഇയിലെ മഹ്‌സൂസ് സ്റ്റുഡിയോയില്‍ വെച്ച് ശനിയാഴ്‍ച രാത്രി നടന്ന 43-ാമത് പ്രതിവാര തത്സമയ നറുക്കെടുപ്പില്‍ 10 ഭാഗ്യശാലികള്‍ 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ടെടുത്തതായി മഹ്‌സൂസ് മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്‌സ് എല്‍എല്‍സി അറിയിച്ചു. നറുക്കെടുത്ത ആറ് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ചു വന്ന ഇവര്‍ ഓരോരുത്തരും 100,000 ദിര്‍ഹം വീതമാണ് നേടിയത്. ഇതിനുപുറമെ, 307 വിജയികള്‍ 1,000 ദിര്‍ഹം വീതവും 4,569 പേര്‍ 35 ദിര്‍ഹം വീതവും സമ്മാനം നേടി. ആകെ 1,466,915 ദിര്‍ഹമാണ് കഴിഞ്ഞ നറുക്കെടുപ്പില്‍ വിജയികള്‍ക്ക് ലഭിച്ചത്. 3, 6, 9, 11, 23, 43 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍.
50 മില്യന്‍ ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം ഇപ്പോഴും വിജയികളെ കാത്തിരിക്കുകയാണ്. 2021 സെപ്റ്റംബര്‍ 25 ശനിയാഴ്ച യുഎഇ സമയം രാത്രി ഒമ്പത് മണിക്ക് നടക്കാനിരിക്കുന്ന അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇത് സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുക.
ഈ ആഴ്ചയിലെ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് www.mahzooz.ae എന്ന വെബ്‍സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്യുന്നതിലൂടെ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കും. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും നറുക്കെടുപ്പിലേക്കുള്ള ഒരു എന്‍ട്രി വീതം ലഭിക്കുന്നു. മാത്രമല്ല ബോട്ടില്‍ഡ് വാട്ടര്‍ സംഭാവന നല്‍കുമ്പോള്‍ അത് മഹ്‍സൂസിന്റെ കമ്മ്യൂണിറ്റി പാര്‍ട്ണര്‍മാര്‍ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. യോഗ്യരായ എല്ലാവര്‍ക്കും മഹ്‌സൂസ് നറുക്കെടുപ്പില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയും.
🇦🇪യുഎഇയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 391 പേര്‍ക്ക്; രണ്ട് മരണം.
✒️യുഎഇയില്‍ പുതിയതായി 391 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 505 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് രണ്ട് പേരാണ് മരിച്ചത്.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,32,690 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,24,446 പേര്‍ രോഗമുക്തരാവുകയും 2,075 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 6,169 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
🇴🇲ഒമാനില്‍ ജുമുഅ നമസ്‌കാരം പുനരാരംഭിക്കുന്നു.
✒️കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച പള്ളികളിലെ ജുമുഅ നമസ്‌കാരം പുനരാരംഭിക്കാന്‍ ഒമാന്‍ ഔഖാഫ്-മതകാര്യ മന്ത്രാലയം തീരുമാനിച്ചു. സുപ്രീം കമ്മറ്റിയില്‍ നിന്ന് അനുമതി ലഭിച്ചതോടെ സെപ്തംബര്‍ 24 മുതല്‍ പള്ളികളില്‍ ജുമുഅ നമസ്‌കാരം പുനരാരംഭിക്കാനാണ് തീരുമാനം.
നമസ്കാരത്തില്‍ പങ്കെടുക്കാന്‍ പെര്‍മിറ്റ് ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ സെപ്തംബര്‍ 19 മുതല്‍ https://www.mara.gov.om/arabic/jmah_form.aspx എന്ന ലിങ്ക് വഴി സമര്‍പ്പിക്കാം. കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ പ്രവേശനം അനുവദിക്കുക. പള്ളികളില്‍ 50 ശതമാനം ശേഷിയില്‍ നമസ്‌കാരത്തിനായി പ്രവേശനം അനുവദിക്കും. എല്ലാ കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദ്ദേശങ്ങളും പാലിച്ചുവേണം നമസ്‌കാരത്തില്‍ പങ്കെടുക്കാനെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
🇶🇦കൊവിഡ് നിയമലംഘനം; ഖത്തറില്‍ 1,500ലധികം പേര്‍ക്കെതിരെ കൂടി നടപടി.
✒️ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കി. നിയമം ലംഘിച്ച 1,547 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 1,117 പേരും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിനാണ് നടപടി നേരിട്ടത്.
സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 413 പേരെയും മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് 13 പേരെയും പിടികൂടി. ക്വാറന്റീന്‍ നിയമം പാലിക്കാതിരുന്നതിന്നാലുപേരും പിടിയിലായി. എല്ലാവരെയും തുടര്‍നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
രാജ്യത്ത് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരൊഴികെ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക.
🇦🇪കുട്ടികള്‍ അടുത്തുള്ളപ്പോള്‍ പുകവലിച്ചാല്‍ 10,000 ദിര്‍ഹം പിഴ.
✒️വാഹനങ്ങളിലോ അടച്ചിട്ട മുറികളിലോ 12 വയസ്സില്‍ താഴെയുള്ള കുട്ടികളുള്ളപ്പോള്‍ പുകവലിച്ചാല്‍ 10,000 ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് യുഎഇ ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. കുട്ടികളുടെ സുരക്ഷ ലക്ഷ്യമിട്ടുള്ള വദീമ നിയമത്തിന്റെ ഭാഗമായാണിത്.
18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പുകയിലയോ പുകയില ഉല്‍പ്പന്നങ്ങളോ വില്‍ക്കാന്‍ പാടില്ല. പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുമ്പോള്‍ വാങ്ങുന്ന കുട്ടികളുടെ പ്രായം സംബന്ധിച്ച രേഖ ചോദിക്കാന്‍ വില്‍പ്പനക്കാര്‍ക്ക് അവകാശമുണ്ട്. 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ കൂടെയുള്ളപ്പോള്‍ വാഹനങ്ങളില്‍ പുകവലിക്കുന്നത് കണ്ടെത്തിയാല്‍ ട്രാഫിക് ആന്‍ഡ് പട്രോളിങ് ഉദ്യോഗസ്ഥര്‍ പിടികൂടും. ആദ്യ തവണ പിടികൂടുമ്പോള്‍ 500 ദിര്‍ഹമാണ് പിഴ ചുമത്തുക. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ 10,000 ദിര്‍ഹം ആകും.
🇶🇦ഖത്തറില്‍ 80 ശതമാനം പേരും രണ്ട് ഡോസ് കൊവിഡ് വാക്‌സിനും സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം.
✒️ഖത്തറില്‍ ജനസംഖ്യയുടെ 80 ശതമാനം പേരും കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 4,653,019 വാക്‌സിന്‍ ഡോസുകളാണ് വിതരണം ചെയ്തിട്ടുള്ളത്.
കഴിഞ്ഞ 24 മണിക്കൂറില്‍ 5,605 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 23നാണ് ഖത്തറില്‍ കൊവിഡ് വാക്‌സിനേഷന്‍ പദ്ധതി ആരംഭിച്ചത്. 2021 മെയ് 16 മുതല്‍ 12 വയസ്സ് മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കി തുടങ്ങി. ഇതിന് പുറമെ ബൂസ്റ്റര്‍ ഡോസും ഖത്തറില്‍ നല്‍കി തുടങ്ങിയിട്ടുണ്ട്. ഖത്തറില്‍ പുതിയതായി സ്ഥിരീകരിക്കുന്ന കൊവിഡ് കേസുകളിലും ക്രമാനുഗതമായ കുറവ് ഉണ്ടായിട്ടുണ്ട്.
ഖത്തറില്‍ ശനിയാഴ്ച 82 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 164 പേര്‍ കൂടി ഇന്നലെ രോഗമുക്തി നേടി. ആകെ 2,33,116 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയിട്ടുള്ളത്. 604 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 2,35,386 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. നിലവില്‍ 1,666 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. ഇതുവരെ 2,599,588 കൊവിഡ് പരിശോധനകളാണ് ഖത്തറില്‍ നടത്തിയിട്ടുള്ളത്.
🇰🇼കുവൈത്തില്‍ നേരിയ ഭൂചലനം.
✒️കുവൈത്തില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ച 3.18നാണ് റിക്ടര്‍ സ്‌കെയിലില്‍ 3.1 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതെന്ന് ശാസ്ത്ര ഗവേഷണ കേന്ദ്രത്തിലെ കുവൈത്ത് നാഷണല്‍ സീസ്‌മോളജിക്കല്‍ നെറ്റ് വര്‍ക്ക് അറിയിച്ചു. കുവൈത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തായാണ് ഭൂചലനം അനുഭവപ്പെട്ടത്.
🇦🇪എക്സ്പോ 2020 ദുബായ്: സുരക്ഷാ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സെക്യൂരിറ്റി കമ്മിറ്റി.
✒️2021 ഒക്ടോബറിൽ ആരംഭിക്കാനിരിക്കുന്ന ലോക എക്സ്പോയുടെ സുരക്ഷാ സംബന്ധമായ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ദുബായ് പോലീസ് കമാണ്ടർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മാരി വ്യക്തമാക്കി. എക്സ്പോ 2020 ദുബായ് സെക്യൂരിറ്റി കമ്മിറ്റിയുടെ യോഗത്തിന് നേതൃത്വം വഹിച്ച് കൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
വാണിജ്യപരമായും, സാംസ്കാരികപരമായും, വിനോദസഞ്ചാരവുമായി ബന്ധപ്പെട്ടും ഏറെ പ്രാധാന്യം കൽപ്പിക്കുന്ന എക്സ്പോ 2020 ദുബായ് സുരക്ഷിതമായി സംഘടിപ്പിക്കുന്നതിന് സുരക്ഷാ വിഭാഗം പൂർണ്ണ സജ്ജരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സെപ്റ്റംബർ 18-നാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
എക്സ്പോ 2020 ദുബായ് വേദിയിൽ നടക്കുന്ന മുഴുവൻ ചടങ്ങുകളുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ നടപടികളും അദ്ദേഹം വിശകലനം ചെയ്തു. എക്സ്പോ 2020 ദുബായ് വേദിയുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ദുബായ് പോലീസ് നിർമ്മിത ബുദ്ധി അടക്കമുള്ള സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വേദിയിലെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള നൂതന സാങ്കേതിക വിദ്യകൾ അദ്ദേഹം പരിശോധിച്ച് ഉറപ്പ് വരുത്തുകയും ചെയ്തു. സംരക്ഷണം, പ്രവർത്തനം, കുറ്റാന്വേഷണം എന്നീ മൂന്ന് മേഖലകളുമായി ബന്ധപ്പെട്ട ചുമതലകളുള്ള വിഭാഗങ്ങളുടെ പ്രവർത്തനപുരോഗതികളും അദ്ദേഹം വിലയിരുത്തി.
2021 ഒക്ടോബർ 1 മുതൽ 2022 മാർച്ച് 31 വരെയാണ് എക്സ്പോ 2020 ദുബായ് സംഘടിപ്പിക്കുന്നത്.
🇸🇦സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനാറായിരത്തിലധികം പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം.
✒️രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനാറായിരത്തിലധികം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി. 2021 സെപ്റ്റംബർ 9 മുതൽ സെപ്റ്റംബർ 15 വരെയുള്ള കാലയളവിൽ രാജ്യത്തെ മുഴുവൻ മേഖലകളിലും നടത്തിയ പ്രത്യേക പരിശോധനകളിലാണ് റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനും, അനധികൃത തൊഴിലാളികളായും, കുടിയേറ്റക്കാരായും രാജ്യത്ത് പ്രവേശിച്ചതിനും, രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനും 16466 പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇതിൽ 6470 പേർ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനാണ് അറസ്റ്റിലായത്. തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1814 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിർത്തി സുരക്ഷ സംബന്ധമായ ലംഘനങ്ങൾക്ക് 8182 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇത്തരം ലംഘനങ്ങളുമായി ബന്ധപ്പെട്ട് ഏതാണ്ട് 9144 പേർക്കെതിരെ നാടുകടത്തൽ നടപടികൾ സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി.
അനധികൃതമായി സൗദി അതിർത്തികളിലൂടെ നുഴഞ്ഞ് കയറാൻ ശ്രമിച്ച 304 പേരെയും ഈ കാലയളവിൽ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 64 ശതമാനം പേർ എത്യോപ്യൻ പൗരന്മാരും, 32 ശതമാനം പേർ യെമൻ പൗരന്മാരും, 4 ശതമാനം പേർ മറ്റു രാജ്യങ്ങളിൽ നിന്നുമുള്ളവരാണ്.
റെസിഡൻസി നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്ന വിദേശികൾ, അനധികൃത തൊഴിലാളികൾ, കുടിയേറ്റക്കാർ തുടങ്ങിയവരുടെ വിവരങ്ങൾ സെക്യൂരിറ്റി വിഭാഗങ്ങളുമായി പങ്ക് വെക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ആവശ്യപ്പെട്ടിരുന്നു. ഇത്തരക്കാരെ കണ്ടെത്തി നടപടികൾ കൈക്കൊള്ളുന്നതിനായി രാജ്യത്തെ വിവിധ സുരക്ഷാ വിഭാഗങ്ങളുമായി ചേർന്ന് ആഭ്യന്തര മന്ത്രാലയം പ്രത്യേക പരിശോധനാ പരിപാടികൾ അതിവിപുലമായി നടത്തിവരികയാണ്.
ഇത്തരം വിവരങ്ങൾ പൊതുജനങ്ങൾക്ക് അധികൃതരുമായി പങ്ക് വെക്കുന്നതിനുള്ള നമ്പറുകളും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മക്ക, റിയാദ് എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, സൗദിയുടെ മറ്റു മേഖലകളിൽ 999 എന്ന നമ്പറിലും ഇത്തരം നിയമലംഘനങ്ങൾ അധികൃതരുമായി പങ്ക് വെക്കാവുന്നതാണ്.
🇶🇦ഖത്തറില്‍ പുതിയ കോവിഡ് കേസുകള്‍ 100ല്‍ താഴെ; രോഗമുക്തി ഇരട്ടിയോളം.
✒️ഖത്തറില്‍ പുതിയ കോവിഡ് കേസുകള്‍ 100ല്‍ താഴെ എത്തി. ഇന്ന് 82 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 30 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. 52 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 24 മണിക്കൂറിനിടെ 164 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 233,116 ആയി. രാജ്യത്ത് ഇന്ന് കോവിഡ് മരണമില്ല. ആകെ കോവിഡ് മരണം 604.
1,666 പേരാണ് ഖത്തറില്‍ നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. 18 പേര്‍ ഐസിയുവില്‍ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി ആരെയും ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടില്ല. പുതുതായി 7 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 64 പേര്‍ നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 5,605 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് വാകസിനേഷന്‍ കാംപയിന്‍ ആരംഭിച്ചതിനു ശേഷം 46,53,019 ഡോസ് വാക്സിനുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. രാജ്യത്തെ മൊത്തം ജനങ്ങളില്‍ 80 ശതമാനം പേര്‍ പൂര്‍ണമായും വാക്‌സിനെടുത്തു.
🇰🇼കുവൈത്തിലെ ചീട്ടുകളി കേന്ദ്രത്തിൽ നടന്ന റെയ്ഡിൽ മലയാളികൾ ഉൾപ്പെടെ 18 പേർ പിടിയിൽ.
✒️കുവൈത്തിൽ ചീട്ടുകളി കേന്ദ്രത്തിൽ നടന്ന റെയ്ഡിൽ മലയാളികൾ ഉൾപ്പെടെ 18 പേർ പിടിയിലായി. വ്യാഴാഴ്ച രാത്രിയിലാണ് ചീട്ടുകളി കേന്ദ്രത്തില്‍ അറസ്റ്റ് നടന്നത്. പണവും വിദേശമദ്യവും ഇവരില്‍ നിന്ന് പിടികൂടി.
മലപ്പുറം സ്വദേശിയും കുവൈറ്റിലെ ഇന്ത്യന്‍ എംബസിയിലെ മുന്‍ വോളണ്ടിയറുമായിരുന്ന കുര്യന്‍ കെ. ചെറിയാന്‍ എന്ന മനോജ് കുര്യനാണ് അറസ്റ്റിലായത്. ഇയാളെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാടുകടത്തല്‍ കേന്ദ്രത്തിലേയ്ക്ക് മാറ്റി. ഇയാള്‍ക്കൊപ്പം ചീട്ടുകളി കേന്ദ്രത്തിലുണ്ടായിരുന്ന മറ്റ് 17 പേര്‍കൂടി പിടിയിലായിട്ടുണ്ട്. കുര്യൻ കൈനമ്പറമ്പിൽ ചെറിയാൻ എന്ന പേരിൽ ഇന്ത്യൻ എംബസിയിൽ നിന്ന് ഇഷ്യൂ ചെയ്ത വളണ്ടിയർ കാർഡും ഫ്ളാറ്റിന് മുന്നിൽ നിർത്തിയിട്ട വാഹനത്തിൽ നിന്നും കണ്ടെത്തി. 2020 ജനുവരി യിൽ കാലഹരണപ്പെട്ടതാണ് ഈ വളന്റിയർ കാർഡ്.ഇയാളുടെ നേതൃത്വത്തിലായിരുന്നു ശീട്ടു കളി കേന്ദ്രം നടത്തിയിരുന്നത്. നേരത്തെ ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ നിരവധി തട്ടിപ്പുകൾ നടത്തിയതായി ഇയാൾക്കെതിരെ ആരോപണം ഉയരുകയും ഇതുമായി ബന്ധപ്പെട്ട് തെളിവുകൾ സഹിതം വാർത്തകൾ പുറത്തു വരികയും ചെയ്തിരുന്നു.
വിസ തട്ടിപ്പിനിരയായും മറ്റും കുവൈറ്റില്‍ എത്തപ്പെട്ട് വഞ്ചിതരായി എംബസിയില്‍ അഭയംതേടുന്ന സ്ത്രീകളെ ഉപയോഗിച്ച് ഗാര്‍ഗഹിക തൊഴിലാളി റിക്രൂട്ടിംങ്ങ് നടത്തി അവരേപ്പോലും പറ്റിക്കുന്നത് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഇയാള്‍ക്കെതിരെ ഉയര്‍ന്നിരുന്നു. എംബസിയിലെ ചില മുന്‍ കളങ്കിത ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നു ഇത്തരം തട്ടിപ്പുകള്‍ എന്നാണ് സൂചനകൾ. എന്നാല്‍ മലയാളിയായ സിബി ജോര്‍ജ് പുതിയ കുവൈറ്റ് അംബാസിഡറായി ചുമതലയേറ്റതോടെ ഇത്തരം തട്ടിപ്പുകാരെ ഒന്നൊന്നായി എംബസിയില്‍നിന്നും കുടിയിറക്കിയിരുന്നു. ഇതോടെ ആ നിലയിലുള്ള വരുമാന മാര്‍ഗങ്ങള്‍ നടയുകയും പുതിയതായി ചീട്ടുകളി കേന്ദ്രം നടത്തുകയുമായിരുന്നു ഇയാള്‍.
രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ദിവസങ്ങളോളം നിരീക്ഷിച്ച ശേഷമാണ് ഫര്‍വാനിയ ഗവര്‍ണറേറ്റിലെ മുതിര്‍ന്ന ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുള്ള സഫായുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. കുവൈത്തിലെ ഒരു ജില്ലാ സംഘടനയുടെ രക്ഷാധികാരി കൂടിയായ ഇയാൾ പിടിയിലായത് അറിഞ്ഞതോടെ പ്രമുഖ സംഘടനയുടെ പരമോന്നത നേതാവ് ഉൾപ്പെടെയുള്ള ചിലർ ഇയാളെ പുറത്തിറക്കുന്നതിനു വേണ്ടി ഉന്നതങ്ങളിൽ സ്വാധീനം ചെലുത്തിയതായും ആരോപണം ഉയർന്നിട്ടുണ്ട്.
🇶🇦ഖത്തറില്‍ പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാല്‍ പിഴ ഇനി 10 ,000 റിയാൽ.
✒️ഖത്തറില്‍ പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാല്‍ കനത്ത പിഴ ശിക്ഷ. ലോക ശുചീകരണ ദിനത്തോടനുബന്ധിച്ച് മുനിസിപ്പാലിറ്റി ആന്‍ഡ് പരിസ്ഥിതി മന്ത്രാലയമാണ് ഉത്തരവിറക്കിയിരിക്കുന്നത്. റോഡ്, കടല്‍ത്തീരം, വീടിന്റെ മുന്‍ വശം, മറ്റു പൊതു ഇടങ്ങള്‍ എന്നിവിടങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ ഇനി 10,000 റിയാലാണ് പിഴ ഈടാക്കുക. ശുചീകരണ ദിനത്തോടനുബന്ധിച്ച് അല്‍ ഖോറിലെ ബിന്‍ ഗന്നം ദ്വീപില്‍ മന്ത്രാലയം ബീച്ച് ശുചീകരണ കാംപയിന്‍ സംഘടിപ്പിച്ചു. മാലിന്യ നിര്‍മാര്‍ജനത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്ന രാഷ്ട്രമാണ് ഖത്തര്‍.
🇶🇦മെത്രാഷ് 2ല്‍ കൂടുതല്‍ സേവനങ്ങള്‍.
✒️ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ മൊബൈല്‍ ആപ്പായ മെത്രാഷ് 2ല്‍ കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തി. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും നാഷനല്‍ അഡ്രസ് സര്‍ട്ടിഫിക്കറ്റ് ഇനി മുതല്‍ മെത്രാഷ് 2ല്‍ ലഭ്യമാവും. പെര്‍മനന്റ് റെസിഡന്‍സ് കാര്‍ഡ്, സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ കാര്‍ഡ് എന്നിവയുടെ ഡിജിറ്റല്‍ കോപ്പികളും ആപ്പിന്റെ ഇ-വാലറ്റില്‍ ലഭ്യമാണ്.
നിലവില്‍ 6 ഭാഷകളിലായി 220ലേറെ സേവനങ്ങള്‍ മെത്രാഷ് 2ല്‍ ലഭ്യമാണ്. മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളിലാണ് സേവനം ലഭിക്കുന്നത്.

0 Comments