🇸🇦സൗദിയില്‍ കൊവിഡ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2,387 ആയി കുറഞ്ഞു.
🇴🇲ഒമാനില്‍ 52 പുതിയ കൊവിഡ് കേസുകള്‍ കൂടി.
🇦🇪യുഎഇയില്‍ 833 പേര്‍ക്ക് കൂടി കൊവിഡ്, മൂന്ന് മരണം.
🛫ഗൾഫിലേക്കുള്ള ടിക്കറ്റിന് പൊളളും വില, പ്രവാസികൾ ദുരിതത്തിൽ, സർക്കാർ ഇടപെടൽ തേടി.
🇦🇪🇸🇦യുഎഇ ഉള്‍പ്പെടെ മൂന്ന് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യാത്രാവിലക്ക് സൗദി അറേബ്യ പിൻവലിച്ചു.
🇦🇪യുഎഇയിലെ പള്ളികളില്‍ കൂടുതല്‍ പേര്‍ക്ക് പ്രവേശനാനുമതി നല്‍കി.
🇦🇪ജി.സി.സി രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് അതത് രാജ്യങ്ങളുടെ ഔദ്യോഗിക കൊവിഡ് ആപ്പുകള്‍ യുഎഇയില്‍ ഉപയോഗിക്കാം.
🇦🇪യു എ ഇ: പൊതു ഇടങ്ങളിൽ Al Hosn ആപ്പ് ഉപയോഗിക്കുന്നതിന് ഡാറ്റ ചാർജ് ഈടാക്കില്ലെന്ന് എത്തിസലാത്.
🇸🇦സൗദി: COVID-19 വാക്സിനുകൾ ഇടകലർത്തി നൽകുന്നത് സുരക്ഷിതമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം ആവർത്തിച്ചു.
🇧🇭ബഹ്‌റൈൻ: കോവിഷീൽഡ് COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകുന്നതിന് ഔദ്യോഗിക അനുമതി.
🇰🇼18 വയസ്സില്‍ താഴെയുള്ള വാക്‌സിനെടുക്കാത്തവര്‍ക്കും കുവൈത്തിലേക്ക് വരാം.
🇶🇦ഖത്തറില്‍ പുതിയ കോവിഡ് കേസുകള്‍ കുറഞ്ഞു; കൂടുതല്‍ പേര്‍ക്ക് രോഗമുക്തി.
🇰🇼കുവൈറ്റ്: 2021-2022 സ്പോർട്സ് സീസൺ മുതൽ സ്റ്റേഡിയങ്ങളിലേക്ക് കാണികളെ പ്രവേശിപ്പിക്കാൻ തീരുമാനം.
🇶🇦ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനം.
🇸🇦സൗദി: യു എ ഇയിലേക്കും തിരികെയുമുള്ള യാത്രാ വിമാന സർവീസുകൾ സെപ്റ്റംബർ 8 മുതൽ പുനരാരംഭിക്കും.
വാർത്തകൾ വിശദമായി
🇸🇦സൗദിയില്‍ കൊവിഡ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2,387 ആയി കുറഞ്ഞു.
✒️സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2,387 ആയി കുറഞ്ഞു. ഇതില്‍ 589 പേരുടെ സ്ഥിതി മാത്രമാണ് ഗുരുതരം. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം 119 ആയി കുറഞ്ഞെന്നും സൗദി ആരോഗ്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
നിലവില്‍ രോഗബാധിതരായി നിരീക്ഷണത്തിലുള്ളവരില്‍ 188 പേരാണ് സുഖം പ്രാപിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ഏഴുപേര്‍ കൂടി മരിച്ചു. രാജ്യത്ത് ഇന്ന് 49,348 ആര്‍.ടി പി.സി.ആര്‍ പരിശോധനകള്‍ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,45,624 ആയി. ഇതില്‍ 5,34,639 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,598 ആയി ഉയര്‍ന്നു. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 38, മക്ക 20, കിഴക്കന്‍ പ്രവിശ്യ 9, മദീന 8, ജീസാന്‍ 8, അല്‍ഖസീം 6, അസീര്‍ 6, നജ്‌റാന്‍ 6, തബൂക്ക് 5, വടക്കന്‍ അതിര്‍ത്തി മേഖല 4, അല്‍ജൗഫ് 4, ഹായില്‍ 4, അല്‍ബാഹ 1. രാജ്യത്താകെ പ്രതിരോധ കുത്തിവെപ്പ് 38,490,013 ഡോസ് ആയി.
🇴🇲ഒമാനില്‍ 52 പുതിയ കൊവിഡ് കേസുകള്‍ കൂടി.
✒️ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 52 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ട് കൊവിഡ് മരണങ്ങളാണ് രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 94 പേര്‍ കൂടി രോഗമുക്തി നേടി.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 3,02,867 പേര്‍ക്കാണ്. ഇവരില്‍ 2,92,910 പേരും ഇതിനോടകം രോഗമുക്തരായി. 4,083 പേര്‍ക്കാണ് കൊവിഡ് കാരണം ഒമാനില്‍ ജീവന്‍ നഷ്ടമായത്. 96.7 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11 കൊവിഡ് രോഗികളെ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്. ഇവര്‍ ഉള്‍പ്പെടെ 84 പേര്‍ ഇപ്പോള്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 31 പേരാണ് തീവ്രപരിചരണ വിഭാഗങ്ങളിലുള്ളത്.
🇦🇪യുഎഇയില്‍ 833 പേര്‍ക്ക് കൂടി കൊവിഡ്, മൂന്ന് മരണം.
✒️യുഎഇയില്‍ 833 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,127 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് മൂന്ന് പേര്‍ കൂടി മരിച്ചു.
പുതിയതായി നടത്തിയ 2,82,015 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,26,025 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,16,231 പേര്‍ രോഗമുക്തരാവുകയും 2,053 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 7,741 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
🛫ഗൾഫിലേക്കുള്ള ടിക്കറ്റിന് പൊളളും വില, പ്രവാസികൾ ദുരിതത്തിൽ, സർക്കാർ ഇടപെടൽ തേടി.
✒️ഗൾഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ ഇളവ് വരുത്താതെ വിമാനക്കമ്പനികൾ. കൊച്ചിയിൽ നിന്ന് കുവൈറ്റിലേക്ക് ഒന്നര ലക്ഷം രൂപയ്ക്ക് മുകളിലാണ് നിരക്ക്. ഇതിനിടെ അവസരം മുതലെടുത്ത് ട്രാവൽ ഏജൻസികൾ ടിക്കറ്റുകൾ കൂട്ടത്തോടെ ബുക്ക് ചെയ്ത് കരിഞ്ചന്തയിൽ വിൽക്കുന്നതായും ആക്ഷേപമുണ്ട്.
ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച് ആഴ്ചകൾ പിന്നിടുമ്പോഴും ടിക്കറ്റ് നിരക്കിൽ കുറവില്ലെന്നതാണ് യാഥാർത്ഥ്യം. കുവൈറ്റിൽ നിന്ന് കൊച്ചിയിലേക്ക് വരാൻ അരലക്ഷത്തിനടുത്താണ് നിരക്ക്. സൗദി അറേബ്യയിലേക്ക് പോകാൻ 35,000 രൂപയും ബഹറൈനിലേക്ക് അമ്പതിനായിരത്തിന് മുകളിലും പ്രവാസികൾ ടിക്കറ്റിനായി മുടക്കണം. രണ്ട് ദിവസം മുമ്പ് വരെ കുവൈത്തിലേക്ക് മൂന്ന് ലക്ഷത്തിന് മുകളിലായിരുന്നു നിരക്ക്. ഇതോടെ കൊവിഡിൽ പ്രതിസന്ധിയിലായ പ്രവാസികളുടെ നാട്ടിലേക്കും തിരിച്ചുമുള്ള യാത്ര അനിശ്ചിതത്വത്തിലായി
നിരക്ക് കുത്തനെ കൂടിയെങ്കിലും പലയിടത്തേക്കുമുള്ള ടിക്കറ്റുകൾ ഇതിനകം വിറ്റുതീർന്നു. അവസരം മുതലെടുത്ത് ട്രാവൽ ഏജൻസികൾ കൂട്ടത്തോടെ ടിക്കറ്റുകൾ ബുക്ക് ചെയ്തതാണ് ഇതിന് പിന്നിലെന്നാണ് ആക്ഷേപം. ഇങ്ങനെയുള്ള ടിക്കറ്റുകൾ കൂടുതൽ വിലയ്ക്ക് ഏജൻസികൾ കരിഞ്ചന്തയിൽ വിൽക്കുന്നുവെന്നും ആരോപണമുണ്ട്. ഈ സാഹചര്യത്തിൽ കേന്ദ്ര_സംസ്ഥാന സർക്കാരുകൾ അടിയന്തരമായി നിരക്ക് നിയന്ത്രിക്കാൻ ഇടപെടണമെന്നാണ് പ്രവാസികളുടെ ആവശ്യം.
🇦🇪🇸🇦യുഎഇ ഉള്‍പ്പെടെ മൂന്ന് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യാത്രാവിലക്ക് സൗദി അറേബ്യ പിൻവലിച്ചു.
✒️കൊവിഡ് മൂലം സൗദി യാത്രാ നിരോധനം ഏർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് മൂന്ന് രാജ്യങ്ങളെ ഒഴിവാക്കി. യുഎഇ, അർജന്റീന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ സൗദിയിൽ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് പൂർണമായി നീക്കാൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഈ മൂന്നു രാജ്യങ്ങളിൽ നിന്നുമുള്ളവർക്ക് ബുധനാഴ്ച്ച രാവിലെ 11 മണി മുതൽ കര അതിർത്തി പോസ്റ്റുകളും തുറമുഖങ്ങളും എയർപോർട്ടുകളും വഴി സൗദിയിൽ പ്രവേശിക്കാവുന്നതാണ്. ഈ മൂന്നു രാജ്യങ്ങളിലേക്കും യാത്ര പോകുന്നതിന് സൗദി പൗരന്മാർക്ക് അനുമതി നൽകിയിട്ടുമുണ്ട്.
യു.എ.ഇയിലും അർജന്റീനയിലും ദക്ഷിണാഫ്രിക്കയിലും കൊറോണ വ്യാപനം നിയന്ത്രണ വിധേയമായതായി അറിയിച്ച് ആരോഗ്യ വകുപ്പ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ മൂന്നു രാജ്യങ്ങളിൽ നിന്നമുള്ളവർക്ക് നേരത്തെ ഏർപ്പെടുത്തിയ പ്രവേശന വിലക്ക് എടുത്തുകളയാൻ തീരുമാനിച്ചതെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.
🇦🇪യുഎഇയിലെ പള്ളികളില്‍ കൂടുതല്‍ പേര്‍ക്ക് പ്രവേശനാനുമതി നല്‍കി.
✒️യുഎഇയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കുടുതല്‍ ലംഘൂകരിക്കുന്നതിന്റെ ഭാഗമായി പള്ളികളില്‍ കൂടുതല്‍ വിശ്വാസികള്‍ക്ക് പ്രവേശനാനുമതി നല്‍കി. ചൊവ്വാഴ്‍ചയാണ് ഇത് സംബന്ധിച്ച പുതിയ പ്രഖ്യാപനമുണ്ടായത്. നമസ്‍കാരങ്ങളില്‍ വിശ്വാസികള്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലം പാലിക്കണമെന്നായിരുന്നു നേരത്തെ നല്‍കിയിരുന്ന നിര്‍ദേശം. ഇത് ഒന്നര മീറ്ററായി കുറച്ചിട്ടുണ്ട്. അതേസമയം പള്ളികളിലെ അംഗശുദ്ധി വരുത്തുന്നതിനുള്ള സ്ഥലങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് നാഷണല്‍ ക്രൈസിസ് ആന്റ് എമര്‍ജന്‍സി മാനേജ്‍മെന്റ് അതോരിറ്റി അറിയിച്ചു. മരണാനന്തര പ്രാര്‍ത്ഥനകളില്‍ ഇനി മുതല്‍ 50 പേര്‍ക്ക് പങ്കെടുക്കാം. കൊവിഡ് ബാധിച്ചല്ലാത്ത മരണങ്ങള്‍ക്കാണ് ഈ ഇളവ്.
🇦🇪ജി.സി.സി രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് അതത് രാജ്യങ്ങളുടെ ഔദ്യോഗിക കൊവിഡ് ആപ്പുകള്‍ യുഎഇയില്‍ ഉപയോഗിക്കാം.
✒️ജിസിസി രാജ്യങ്ങളില്‍ നിന്ന് യുഎഇയിലേക്ക് വരുന്നവര്‍ക്ക് അതത് രാജ്യങ്ങളുടെ ഔദ്യോഗിക കൊവിഡ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ യുഎഇയില്‍ ഉപയോഗിക്കാം. യുഎഇ നാഷണല്‍ ക്രൈസിസ് ആന്റ് എമര്‍ജന്‍സി മാനേജ്‍മെന്റ് അതോരിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് വാക്സിനേഷന്‍ വിവരങ്ങളും പിസിആര്‍ പരിശോധനയുടെ വിശദാംശങ്ങളും ഈ ആപ്ലിക്കേഷനുകളിലൂടെ യുഎഇയില്‍ പരിശോധനയ്‍ക്ക് വിധേയമാക്കിയാല്‍ മതിയാവും.
ജി.സി.സി രാജ്യങ്ങള്‍ക്കിടയിലെ യാത്രകള്‍ കൂടുതല്‍ എളുപ്പമാക്കാന്‍ ലക്ഷ്യമിട്ടാണ് യുഎഇ അധികൃതരുടെ പുതിയ നീക്കം. യുഎഇയില്‍ ഗ്രീന്‍ പാസ് സംവിധാനം ഉപയോഗിക്കുന്ന ഏത് സ്ഥലങ്ങളിലും പ്രവേശിക്കാന്‍ മറ്റ് ജി.സി.സി രാജ്യങ്ങളിലെ സമാനമായ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാം. അബുദാബിയില്‍ പൊതുസ്ഥലങ്ങളിലെ പ്രവേശനം വാക്സിനെടുത്തവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ടൂറിസ്റ്റുകള്‍ക്കും ഇത് ബാധകമാണ്. അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷനിലെ ഗ്രീന്‍ സ്റ്റാറ്റസാണ് ഇതിനായി പരിഗണിക്കുന്നത്. വാക്സിന്‍ സ്വീകരിച്ചവര്‍ ഒരു തവണ പിസിആര്‍ പരിശോധന നടത്തിയാല്‍ 30 ദിവസത്തേക്കാണ് ഗ്രീന്‍ സ്റ്റാറ്റ്സ് ലഭിക്കുക.
🇦🇪യു എ ഇ: പൊതു ഇടങ്ങളിൽ Al Hosn ആപ്പ് ഉപയോഗിക്കുന്നതിന് ഡാറ്റ ചാർജ് ഈടാക്കില്ലെന്ന് എത്തിസലാത്.
✒️തങ്ങളുടെ ഉപഭോക്താക്കൾക്ക് രാജ്യത്തെ പൊതുഇടങ്ങളിൽ Al Hosn ആപ്പ് ഉപയോഗിക്കുന്നതിന് ഡാറ്റ ചാർജ് ഈടാക്കില്ലെന്ന് മൊബൈൽ സേവനദാതാവായ എത്തിസലാത് വ്യക്തമാക്കി. പ്രത്യേക മൊബൈൽ ഇന്റർനെറ്റ് പാക്കേജുകൾ വാങ്ങുകയോ, പ്രവർത്തനക്ഷമാക്കുകയോ ചെയ്യാത്ത എത്തിസലാത് പോസ്റ്റ്പെയ്ഡ്, പ്രീപെയ്ഡ് ഉപഭോക്താക്കൾക്കും രാജ്യത്തെ പൊതുഇടങ്ങളിൽ Al Hosn ആപ്പ് ഉപയോഗിക്കാനാകുമെന്ന് എത്തിസലാത് അറിയിച്ചിട്ടുണ്ട്.
തങ്ങളുടെ നെറ്റ്‌വർക്കുകളിൽ Al Hosn ആപ്പിനെ വൈറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയതായും, ഇതിനാൽ എത്തിസലാത് ഉപഭോക്താക്കൾ ഈ ആപ്പ് ഉപയോഗിക്കുന്ന അവസരത്തിൽ അവരുടെ മൊബൈൽ ഇന്റർനെറ്റ് പാക്കേജുകളിൽ നിന്ന് ഡാറ്റ കുറയ്ക്കില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു. “Al Hosn ആപ്പിന്റെ ഡാറ്റ ഉപയോഗം തീർത്തും സൗജന്യമായി നൽകുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്.”, എത്തിസലാത് ചീഫ് കൺസ്യൂമർ ഓഫീസർ ഖാലിദ് എൽഖൗലി അറിയിച്ചു.
“ഉപഭോക്താക്കൾക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനും, COVID-19 വ്യാപനം തടയുന്നതിനായി യു എ ഇ സർക്കാർ മുന്നോട്ട് വെക്കുന്ന പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ തീരുമാനം.”, അദ്ദേഹം കൂട്ടിച്ചേർത്തു.
അബുദാബിയിലെ പൊതുഇടങ്ങളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്കും, വാക്സിനെടുക്കുന്നതിൽ ഔദ്യോഗികമായി ഇളവ് ലഭിച്ചവർക്കും മാത്രമാക്കി പരിമിതപ്പെടുത്തിയിട്ടുള്ള സാഹചര്യത്തിൽ വ്യക്തികൾ തങ്ങൾ വാക്സിനെടുത്തതായി തെളിയിക്കുന്നതിന് Alhosn ആപ്പ് ഉപയോഗിക്കേണ്ടതാണ്. 2021 ഓഗസ്റ്റ് 20 മുതലാണ് ഈ തീരുമാനം നടപ്പിലാക്കിയത്. എമിറേറ്റിലെ പൗരന്മാർ, പ്രവാസികൾ, വിനോദസഞ്ചാരികൾ തുടങ്ങിയ എല്ലാ വിഭാഗങ്ങൾക്കും ഈ നിയന്ത്രണം ബാധകമാക്കിയിട്ടുണ്ട്.
🇸🇦സൗദി: COVID-19 വാക്സിനുകൾ ഇടകലർത്തി നൽകുന്നത് സുരക്ഷിതമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം ആവർത്തിച്ചു.
✒️രാജ്യത്ത് ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള വിവിധ കമ്പനികളുടെ COVID-19 വാക്സിനുകൾ ഇടകലർത്തി നൽകുന്നത് സുരക്ഷിതമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം ആവർത്തിച്ചു. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദാലിയാണ് ഇക്കാര്യം അറിയിച്ചത്.
വിവിധ ബ്രാൻഡുകളുടെ വാക്സിനുകൾ ഇടകലർത്തി ഉപയോഗിക്കുന്നത് സുരക്ഷിതവും, ഫലപ്രദവുമാണെന്ന് അദ്ദേഹം അറിയിച്ചു. ആദ്യ ഡോസ് കുത്തിവെപ്പെടുത്ത ശേഷം രണ്ടാം ഡോസായി മറ്റൊരു കമ്പനിയുടെ COVID-19 വാക്സിൻ നൽകുന്നത് രോഗപ്രതിരോധ ശേഷി ഉയർത്തുന്നതിനും, ശരീരത്തിന് വൈറസിനെതിരെ ദീർഘനാളത്തേക്ക് പ്രതിരോധം തീർക്കുന്നതിനും സഹായകമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഓക്സ്ഫോർഡ് ആസ്ട്രസെനെക, ഫൈസർ ബയോഎൻടെക്, ജോൺസൻ ആൻഡ് ജോൺസൻ, മോഡർന, സിനോഫാം, സിനോവാക് എന്നീ വാക്സിനുകൾക്കാണ് സൗദിയിൽ ഔദ്യോഗിക അനുമതി നൽകിയിരിക്കുന്നത്.
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ഫൈസർ, ആസ്ട്രസെനെകാ എന്നീ വാക്സിനുകൾ ഇടകലർത്തി ഉപയോഗിക്കുന്നതിന്റെ ഫലപ്രാപ്തി സംബന്ധിച്ച് പഠനങ്ങൾ നടത്തിയിരുന്നു. യു കെ, ജർമ്മനി, കാനഡ മുതലായ രാജ്യങ്ങളിൽ ഈ രീതിയിൽ വാക്സിനുകൾ ഇടകലർത്തി ഉപയോഗിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്.
രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി, ഒന്നാമത്തെയും, രണ്ടാമത്തെയും ഡോസ് കുത്തിവെപ്പുകൾക്കായി വ്യത്യസ്ത കമ്പനികളുടെ വാക്സിൻ ഉപയോഗിക്കുന്നതിന് ജൂൺ 23-ന് സൗദി നാഷണൽ സയന്റിഫിക് കമ്മിറ്റി ഫോർ ഇൻഫെക്ഷ്യസ് ഡിസീസസ് അംഗീകാരം നൽകിയിരുന്നു. ഇതോടെ ആദ്യ ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പെടുത്തവർക്ക് സൗദി അംഗീകരിച്ചിട്ടുള്ള മറ്റൊരു കമ്പനിയുടെ വാക്സിൻ രണ്ടാം ഡോസായി സ്വീകരിക്കുന്നതിന് ഔദ്യോഗിക അനുമതി ലഭിച്ചിരുന്നു.
🇧🇭ബഹ്‌റൈൻ: കോവിഷീൽഡ് COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകുന്നതിന് ഔദ്യോഗിക അനുമതി.
✒️രാജ്യത്ത് ആസ്ട്രസെനെക (കോവിഷീൽഡ്) COVID-19 വാക്സിൻ സ്വീകരിച്ച 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകുന്നതിന് ഔദ്യോഗിക അനുമതി നൽകിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 7-നാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് ആസ്ട്രസെനെക COVID-19 വാക്സിൻ സ്വീകരിച്ചിട്ടുള്ള പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവർക്ക്, രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് ആറ് മാസത്തിന് ശേഷം ബൂസ്റ്റർ ഡോസ് നൽകുന്ന രീതിയാണ് മന്ത്രാലയം അംഗീകരിച്ചിട്ടുള്ളത്. ആസ്ട്രസെനെക വാക്സിൻ തന്നെയാണ് ബൂസ്റ്റർ ഡോസായി നൽകുന്നത്.
60 വയസിന് മുകളിൽ പ്രായമുള്ളവർക്കും, രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്കും ആസ്ട്രസെനെക അല്ലെങ്കിൽ ഫൈസർ ബയോഎൻടെക് എന്നീ വാക്സിനുകൾ ബൂസ്റ്റർ ഡോസിനായി തിരഞ്ഞെടുക്കാവുന്നതാണെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ബൂസ്റ്റർ ഡോസ് വാക്സിൻ കുത്തിവെപ്പ് ലഭിക്കുന്നതിനുള്ള ബുക്കിംഗ് BeAware ആപ്പിലൂടെയോ, https://healthalert.gov.bh/en/ എന്ന വെബ്സൈറ്റിലൂടെയോ പൂർത്തിയാക്കാവുന്നതാണ്.
ഫൈസർ ബയോഎൻടെക്, സ്പുട്നിക് V തുടങ്ങിയ COVID-19 വാക്സിനുകളുടെ ബൂസ്റ്റർ ഡോസിനും ബഹ്‌റൈൻ നേരത്തെ അനുമതി നൽകിയിരുന്നു.
🇰🇼18 വയസ്സില്‍ താഴെയുള്ള വാക്‌സിനെടുക്കാത്തവര്‍ക്കും കുവൈത്തിലേക്ക് വരാം.
✒️വാക്‌സിന്‍ എടുക്കാത്ത 18 വയസ്സിന് താഴെയുള്ളവര്‍ക്കും കുവൈത്തില്‍ പ്രവേശനം. കുവൈത്തില്‍ എത്തിയാല്‍ വാക്‌സിന്‍ എടുക്കുമെന്ന സത്യവാങ്മൂലം നല്‍കണം.
വാക്‌സിന്‍ ലഭിക്കാതെ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ കുട്ടികള്‍ക്ക് ഇത് പ്രയോജനപ്പെടും. ഇന്ത്യയില്‍ 18 വയസ്സിന് മീതെയുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. കുവൈത്തില്‍ 16ന് മീതെയുള്ളവര്‍ വാക്‌സിന്‍ സ്വീകരിക്കണം. 16നും 18നുമിടയില്‍ പ്രായമുള്ള കുട്ടികളുടെ യാത്രയാണ് ഇതുമൂലം അനിശ്ചിതത്വത്തിലായത്. അവര്‍ക്ക് ആശ്വാസമാണ് പുതിയ തീരുമാനം.
വാക്‌സിനെടുക്കാത്തവര്‍ കുവൈത്തില്‍ എത്തിയ ശേഷം ആരോഗ്യമന്ത്രാലയത്തിന്റെ മാനദണ്ഡം അനുസരിച്ച് ക്വാറന്റീനില്‍ കഴിയണം. 2 ഡോസ് വാക്‌സിന്‍ എടുക്കാത്ത മറ്റുള്ളവര്‍ക്ക് പ്രവേശനമില്ല. ചൈനയുടെയോ റഷ്യയുടെയോ 2 ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാണെങ്കില്‍ കുവൈത്ത് അംഗീകരിച്ച ഏതെങ്കിലും വാക്‌സിന്‍ 1 ഡോസ് കൂടി സ്വീകരിച്ചാല്‍ മാത്രമേ പ്രവേശനം അനുവദിക്കൂ.
🇶🇦ഖത്തറില്‍ പുതിയ കോവിഡ് കേസുകള്‍ കുറഞ്ഞു; കൂടുതല്‍ പേര്‍ക്ക് രോഗമുക്തി.
✒️ഖത്തറില്‍ ഇന്ന് 165 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 62 വിദേശത്ത് നിന്ന് എത്തിയവരാണ്. 103 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 24 മണിക്കൂറിനിടെ 222 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 2,31,349 ആയി. രാജ്യത്ത് ഇന്ന് കോവിഡ് മരണമില്ല. ആകെ കോവിഡ് മരണം 604.
2,140 പേരാണ് ഖത്തറില്‍ നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. 22 പേര്‍ ഐസിയുവില്‍ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടുപേരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. പുതുതായി 9 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 84 പേര്‍ നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 14,869 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് വാകസിനേഷന്‍ കാംപയിന്‍ ആരംഭിച്ചതിനു ശേഷം 45,50,682 ഡോസ് വാക്സിനുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. രാജ്യത്തെ മൊത്തം ജനങ്ങളില്‍ 82.9 ശതമാനം പേര്‍ ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിനെടുത്തു.
🇰🇼കുവൈറ്റ്: 2021-2022 സ്പോർട്സ് സീസൺ മുതൽ സ്റ്റേഡിയങ്ങളിലേക്ക് കാണികളെ പ്രവേശിപ്പിക്കാൻ തീരുമാനം.
✒️2021-2022 സ്പോർട്സ് സീസണിന്റെ ആരംഭം മുതൽ രാജ്യത്തെ സ്റ്റേഡിയങ്ങളിലേക്ക് കാണികളെ പ്രവേശിപ്പിക്കാൻ കുവൈറ്റ് സർക്കാർ തീരുമാനിച്ചതായി ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ അറിയിച്ചു. സെപ്റ്റംബർ 6-ന് നടന്ന ക്യാബിനറ്റ് യോഗത്തിന് ശേഷമാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്.
ഈ തീരുമാനം നടപ്പിലാക്കുന്നതിനായി ജനറൽ സ്പോർട്സ് അതോറിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ COVID-19 രോഗവ്യാപനത്തിൽ കുറവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. മഹാമാരി ആരംഭിച്ചത് മുതൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ രോഗനിരക്കാണ് നിലവിൽ കുവൈറ്റിൽ റിപ്പോർട്ട് ചെയ്യുന്നത്.
COVID-19 വാക്സിനെടുത്തവർക്ക് മാത്രം സ്റ്റേഡിയങ്ങളിലേക്ക് പ്രവേശനം നൽകുന്ന രീതിയിലാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്. സ്റ്റേഡിയങ്ങളുടെ പരമാവധി ശേഷിയുടെ 30 ശതമാനം കാണികൾക്ക് മാത്രമാണ് ഈ രീതിയിൽ പ്രവേശനം അനുവദിക്കുന്നത്.
രാജ്യത്തെ കായിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന് കുവൈറ്റ് ഒളിമ്പിക് കമ്മിറ്റി 2021 ജൂൺ മാസത്തിൽ അനുമതി നൽകിയിരുന്നു. കർശനമായ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമായി രാജ്യത്ത് പ്രാദേശിക ക്ലബ് തലത്തിൽ ഉൾപ്പടെയുള്ള എല്ലാ പ്രായവിഭാഗങ്ങളുടെയും സ്പോർട്സ് പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനാണ് കുവൈറ്റ് ഒളിമ്പിക് കമ്മിറ്റി അനുമതി നൽകിയത്.
🇶🇦ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനം.
✒️ഖത്തറില്‍ നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര യോഗത്തിലാണ് തീരുമാനം. പൊതുജനാരോഗ്യ മന്ത്രി നിലവിലുള്ള കോവിഡ് സാഹചര്യങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു. തുടര്‍ന്നാണ് മുന്‍കരുതല്‍ നടപടികളുമായി മുന്നോട്ട് പോവാന്‍ തീരുമാനിച്ചത്.
ജോര്‍ദാനും ഖത്തറിനുമിടയില്‍, നയതന്ത്ര പാസ്‌പോര്‍ട്ടും സ്‌പെഷ്യല്‍ പാസ്‌പോര്‍ട്ടും ഉള്ളവര്‍ക്ക് വിസ ഒഴിവാക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി.
🇸🇦സൗദി: യു എ ഇയിലേക്കും തിരികെയുമുള്ള യാത്രാ വിമാന സർവീസുകൾ സെപ്റ്റംബർ 8 മുതൽ പുനരാരംഭിക്കും.
✒️രാജ്യത്ത് നിന്ന് യു എ ഇയിലേക്കും തിരികെയുമുള്ള യാത്രാ വിമാന സർവീസുകൾ 2021 സെപ്റ്റംബർ 8, ബുധനാഴ്ച്ച മുതൽ പുനരാരംഭിക്കാൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 7-ന് രാത്രിയാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
സെപ്റ്റംബർ 8 മുതൽ യു എ ഇ, സൗത്ത് ആഫ്രിക്ക, അർജന്റീന എന്നീ രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്കുകൾ ഒഴിവാക്കാൻ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇതോടെ സെപ്റ്റംബർ 8, ബുധനാഴ്ച്ച രാവിലെ 11 മണിമുതൽ ഈ രാജ്യങ്ങളിൽ നിന്ന് സൗദി അറേബ്യയിലേക്ക് കര, കടൽ, വ്യോമ അതിർത്തികളിലൂടെ പ്രവേശിക്കാമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
സൗദി പൗരന്മാർക്ക് ഈ രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്കുകളും ഒഴിവാക്കിയിട്ടുണ്ട്. COVID-19 വൈറസിന്റെ വകഭേദങ്ങളുടെ വ്യാപനം മൂലം ജൂലൈ 3 മുതൽ സൗദി ഏതാനം രാജ്യങ്ങൾക്ക് പ്രവേശന വിലക്കേർപ്പെടുത്തുകയായിരുന്നു.
0 Comments