ഗുരുവായൂര്‍: ക്ഷേത്രസന്നിധിയിലെ കല്യാണമണ്ഡപത്തിലേക്ക് വരനും വധുവും കയറാനിരിക്കുമ്പോഴാണ് താലിമാല നഷ്ടപ്പെട്ട കാര്യം അറിഞ്ഞത്. എന്നാല്‍, കളഞ്ഞുകിട്ടിയ അഞ്ചരപ്പവന്റെ താലിമാലയുമായി യുവാവ് എത്തിയപ്പോള്‍ കല്യാണം മുഹൂര്‍ത്തം മാറാതെ നടന്നു.
കളഞ്ഞുകിട്ടിയ താലിമാല സുജിത് വരന്റെ ബന്ധുക്കളെ ഏല്‍പ്പിക്കുന്നു
കാസര്‍കോട് വള്ളിയാലുങ്കല്‍ ശ്രീനാഥിന്റെയും പത്തനംതിട്ട കോന്നിയിലെ ശ്രുതിയുടെയും കല്യാണമായിരുന്നു വ്യാഴാഴ്ച. പാലക്കാട് സ്വദേശി സുജിത്താണ് കളഞ്ഞുകിട്ടിയ താലിമാല ബന്ധുക്കളെ ഏല്പിച്ചത്.
വരന്റെ അമ്മയുടെ ബാഗില്‍ താലിമാല കാണാതായപ്പോള്‍ വരന്റെയും വധുവിന്റെയും കുടുംബം സങ്കടത്തിലായി. വിവരം പോലീസ് കണ്‍ട്രോള്‍ മുറിയില്‍ അറിയിച്ചു.
ക്ഷേത്രത്തില്‍നിന്ന് മൈക്കില്‍ അറിയിപ്പും ഉയര്‍ന്നു. കല്യാണം മുടങ്ങാതിരിക്കാന്‍ വരന്റെ അച്ഛന്‍ ഉടന്‍ ജൂവലറിയില്‍ പോയി ചെറിയൊരു താലി വാങ്ങിവന്നു. അത് മഞ്ഞച്ചരടില്‍ കോര്‍ത്ത് കെട്ടാന്‍ വധൂവരന്മാര്‍ മണ്ഡപത്തിലേക്ക് കയറുമ്പോഴാണ്, കളഞ്ഞുപോയ താലിമാല തിരിച്ചുകിട്ടിയിരിക്കുന്നുവെന്ന അനൗണ്‍സ്മെന്റ് ഉയര്‍ന്നത്. ബന്ധുക്കള്‍ പോലീസ് കണ്‍ട്രോള്‍ മുറിയില്‍ ചെന്ന് താലിമാല വാങ്ങി. തത്കാലത്തേക്ക് വാങ്ങിയ താലി ഗുരുവായൂരപ്പന് സമര്‍പ്പിച്ചു.
പാലക്കാട് കമ്പ സ്വദേശി അറുമുഖന്റെ മകനാണ് മാല കണ്ടെത്തി തിരിച്ചേല്‍പ്പിച്ച സുജിത് (42). മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയത്തിനടുത്ത് വഴിയില്‍ കണ്ട പൗച്ചിലാണ് സ്വര്‍ണമാല കണ്ടത്. നേരെ പൗച്ച് പോലീസില്‍ ഏല്പിക്കുകയായിരുന്നു. ബന്ധുക്കള്‍ പാരിതോഷികം നല്‍കാന്‍ ശ്രമിച്ചെങ്കിലും ഗുരുവായൂരപ്പന്റെ നടയില്‍ നല്ലൊരുകാര്യം ചെയ്യാന്‍ കഴിഞ്ഞതിലുള്ള സന്തോഷം മാത്രം മതിയെന്നു പറഞ്ഞ് സുജിത് തിരിച്ചുപോയി.
0 Comments