Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ ലൈവ് ന്യൂസ്‌ ഗൾഫ് വാർത്തകൾ

🇸🇦സൗദി അറേബ്യയിൽ ഇന്ന് 68 പേർക്ക് കൊവിഡ്; അഞ്ച് മരണം.

🇸🇦വൈറലാവാന്‍‌ വേണ്ടി ബന്ദി നാടകം; സൗദി അറേബ്യയില്‍ നാല് യുവാക്കള്‍ അറസ്റ്റില്‍.

🇴🇲ഒമാന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ലോകാരോഗ്യ സംഘടനയുടെ പ്രശംസ.

🇴🇲കൊവിഡ് കണക്കുകളില്‍ ആശ്വാസത്തോടെ ഒമാൻ; ജനങ്ങള്‍ക്ക് നന്ദിയറിയിച്ച് ആരോഗ്യമന്ത്രി.

🇦🇪യുഎഇയില്‍ ഇന്ന് 500ല്‍ താഴെ പുതിയ കൊവിഡ് കേസുകള്‍ മാത്രം.

🇦🇪അബുദാബിയില്‍ പ്രവേശിക്കാന്‍ കൊവിഡ് പരിശോധനാ ഫലം ആവശ്യമില്ല.

🇦🇪കൊവിഡ് വാക്‌സിന്‍; യുഎഇയില്‍ 80 ശതമാനത്തിലേറെ പേര്‍ രണ്ട് ഡോസും സ്വീകരിച്ചു.

🇦🇪കുടുംബത്തെയും കൂട്ടുകാരെയും സൗജന്യമായി അബുദാബി ചുറ്റിക്കാണിക്കണോ? അവസരമൊരുക്കി അധികൃതര്‍.

🇶🇦മാസ്‌ക് ധരിച്ചില്ല; ഖത്തറില്‍ 113 പേര്‍ക്കെതിരെ കൂടി നടപടി.

🛫പ്രതിസന്ധിയെ അതീജീവിച്ച് എമിറേറ്റ്സ്; ക്യാബിന്‍ ക്രൂ, എയര്‍പോര്‍ട്ട് സര്‍വീസസ് വിഭാഗങ്ങളില്‍ തൊഴിലവസരങ്ങള്‍.

🇰🇼ഇഖാമ നിയമലംഘകരെ കണ്ടെത്താന്‍ വ്യാപക പരിശോധന; 248 പ്രവാസികള്‍ അറസ്റ്റില്‍.

🇸🇦സൗദി: 2020 ഒക്ടോബർ മുതൽ പത്ത് ദശലക്ഷം തീർത്ഥാടകർ സുരക്ഷിതമായി ഉംറ അനുഷ്ഠിച്ചതായി ഹജ്ജ് മന്ത്രാലയം.

🇦🇪അബുദാബി: അൽഹൊസൻ ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്തുന്നതിനായി സെപ്റ്റംബർ 20-ന് മുൻപായി ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ നിർദ്ദേശം.

🇦🇪എക്സ്പോ 2020 ദുബായ് സന്ദർശിക്കുന്നതിനായി ധാരാളം ഇന്ത്യൻ യാത്രികരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യയിലെ യു എ ഇ അംബാസഡർ.

🇦🇪അബുദാബി: ഹോം ക്വാറന്റീനിലുള്ളവർക്ക് സെപ്റ്റംബർ 19 മുതൽ റിസ്റ്റ് ബാൻഡ് ഒഴിവാക്കുന്നു.

🇶🇦ഖത്തറില്‍ പുതിയ കോവിഡ് കേസുകള്‍ 100ല്‍ താഴെ; രോഗമുക്തി ഇരട്ടിയോളം.

🇸🇦ഏഷ്യയിലെ ഏറ്റവും മികച്ച കാര്‍ഗോ സര്‍വീസിനുള്ള ഈ വര്‍ഷത്തെ പുരസ്‌കാരം സൗദി എയര്‍ലൈന്‍സിന്.


വാർത്തകൾ വിശദമായി

🇸🇦സൗദി അറേബ്യയിൽ ഇന്ന് 68 പേർക്ക് കൊവിഡ്; അഞ്ച് മരണം.

✒️സൗദി അറേബ്യയിൽ കൊവിഡ് വ്യാപനത്തിലുള്ള ഗണ്യമായ കുറവ് തുടരുന്നു. ഇന്ന് വെറും 68 പേർക്ക് മാത്രമാണ് കൊവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിൽ കഴിയുന്നവരിൽ 77 പേർ സുഖം പ്രാപിച്ചു. 24 മണിക്കൂറിനിടയിൽ കൊവിഡ് മൂലം അഞ്ചു മരണം കൂടി സ്ഥിരീകരിച്ചതായി സൗദി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. 

രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 5,46,479 ആയി. അതിൽ 5,35,450 പേർ കൊവിഡ് മുക്തരായി. ആകെ മരണസംഖ്യ 8,656 ആയി. രാജ്യത്ത് ഇന്ന് 42,429 ആർ.ടി.പി.സി.ആർ പരിശോധനകളാണ് നടന്നത്. കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2,373 ആണ്. ഇതിൽ 361 പേരുടെ സ്ഥിതി മാത്രമാണ് ഗുരുതരം. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. 

98 ശതമാനമാണ് രാജ്യത്തെ കൊവിഡ് മുക്തി നിരക്ക്. മരണനിരക്ക് 1.6 ശതമാനവും. രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട രോഗികളുടെ എണ്ണം: മക്ക 20, റിയാദ് 17, കിഴക്കൻ പ്രവിശ്യ 7, മദീന 5, അസീർ 4, ജീസാൻ 3, അൽഖസീം 3, തബൂക്ക് 3, വടക്കൻ അതിർത്തി മേഖല 2, അൽജൗഫ് 2, നജ്‌റാൻ 1, ഹായിൽ 1. കോവിഡ് വാക്സിനേഷൻ 40,570,440 ഡോസ് കവിഞ്ഞു.

🇸🇦വൈറലാവാന്‍‌ വേണ്ടി ബന്ദി നാടകം; സൗദി അറേബ്യയില്‍ നാല് യുവാക്കള്‍ അറസ്റ്റില്‍.

✒️സമൂഹ മാധ്യമങ്ങളില്‍ വൈറലാവാന്‍ വേണ്ടി വീഡിയോ ചിത്രീകരിച്ച നാല് യുവാക്കള്‍ സൗദി അറേബ്യയില്‍ അറസ്റ്റിലായി. വിജനമായ പ്രദേശത്ത് ഒരു യുവാവിനെ ബന്ദിയാക്കി നിര്‍ത്തുകയും ശരീരത്തിലൂടെ ഇന്ധനം ഒഴിക്കുകയും ചെയ്യുന്ന വീഡിയോയാണ് ഇവര്‍ പുറത്തുവിട്ടത്. ഇത് പിന്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവാക്കള്‍ കുടുങ്ങുകയായിരുന്നു.

ഇരുപതിനും മുപ്പതിനുമിടയില്‍ പ്രായമുള്ള സ്വദേശി യുവാക്കളാണ് പിടിയിലായതെന്ന് പൊലീസ് വക്താവ് അറിയിച്ചു. കൂട്ടത്തിലുള്ള ഒരു യുവാവിനെത്തന്നെയാണ് ഇവര്‍ ബന്ദിയാക്കി ചിത്രീകരിച്ചത്. സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവാന്‍ വേണ്ടിയായിരുന്നു നാടകം ആസൂത്രണം ചെയ്‍തതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം തുടര്‍ നടപടികള്‍ക്കായി യുവാക്കളെ പ്രോസിക്യൂഷന് കൈമാറി.

🇴🇲ഒമാന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ലോകാരോഗ്യ സംഘടനയുടെ പ്രശംസ.

✒️കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഒമാന് ലോകാരോഗ്യ സംഘടനയുടെ പ്രശംസ. ലോകാരോഗ്യ സംഘടനയുടെ  ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസാണ്, കൊവിഡ് വ്യാപനം തടയുന്നതിനുള്ള ഒമാന്റെ  പ്രതിരോധ  പ്രവർത്തനങ്ങളെ പ്രശംസിച്ചത്. ഒരു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഓമനിലെത്തിയതായിരുന്നു അദ്ദേഹം.

ഒമാനിലെ ഏറ്റവും വലിയ വാക്സിനേഷൻ കേന്ദ്രമായ ഒമാൻ കൺവെൻഷൻ സെന്ററിലെ  പ്രവർത്തനങ്ങൾ അദ്ദേഹം നേരിട്ട് സന്ദർശിച്ച്  വിലയിരുത്തി. ഒമാൻ ആരോഗ്യ  മന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സൈദിയുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

🇴🇲കൊവിഡ് കണക്കുകളില്‍ ആശ്വാസത്തോടെ ഒമാൻ; ജനങ്ങള്‍ക്ക് നന്ദിയറിയിച്ച് ആരോഗ്യമന്ത്രി.

✒️ഒമാനിൽ കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നു. വ്യാഴാഴ്‍ച റിപ്പോർട്ട് ചെയ്യപ്പെട്ട കണക്കുകൾ പ്രകാരം 41  പേർക്ക് മാത്രമാണ് രാജ്യത്ത് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്. മഹാവ്യാധിയുടെ കാര്യത്തില്‍ ആശ്വസിക്കാവുന്ന നിലയിലെത്തിയെന്നാണ് തുടർച്ചയായുള്ള ഈ കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് ഒമാൻ സരോഗ്യ മന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ-സൈദി അഭിപ്രായപ്പെട്ടു.

തീവ്രപരിചരണ വിഭാഗങ്ങളിൽ നിലവിൽ കൊവിഡ് ചികിത്സക്കായി 20 രോഗികൾ മാത്രമേ ഓമനിലുള്ളൂവെന്ന കണക്കും വളരെ ആശ്വാസം നൽകുന്നതാണെന്നും മന്ത്രി അഹമ്മദ് സൈദി വ്യക്തമാക്കി. കൊവിഡ് മഹാവ്യാധിയെ പ്രതിരോധിക്കാൻ നടത്തിയ പരിശ്രമങ്ങളോട്  സഹകരിച്ചതിന് എല്ലാവരോടും മന്ത്രി നന്ദി  അറിയിച്ചതായും ഒമാൻ ന്യൂസ് ഏജൻസി പുറത്ത് വിട്ട വാര്‍ത്താക്കുറിപ്പിൽ പറയുന്നു.

🇦🇪യുഎഇയില്‍ ഇന്ന് 500ല്‍ താഴെ പുതിയ കൊവിഡ് കേസുകള്‍ മാത്രം.

✒️യുഎഇയില്‍ പുതിയതായി 471 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 604 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് രണ്ട് പേരാണ് മരിച്ചത്. 

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,32,299 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,23,941 പേര്‍ രോഗമുക്തരാവുകയും 2,073 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 6,285 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

🇦🇪അബുദാബിയില്‍ പ്രവേശിക്കാന്‍ കൊവിഡ് പരിശോധനാ ഫലം ആവശ്യമില്ല.

✒️രാജ്യത്തെ മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കാന്‍ നാളെ മുതല്‍ കൊവിഡ് നെഗറ്റീവ് പരിശോധനാ ഫലം ആവശ്യമില്ല. യുഎഇയിലുള്ളവര്‍ക്ക് അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനുള്ള പുതിയ നിബന്ധന അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് കമ്മറ്റിയാണ് പുറത്തുവിട്ടത്.  

സെപ്തംബര്‍ 19, ഞായറാഴ്ച മുതല്‍ കൊവിഡ് പരിശോധനാ ഫലം ഹാജരാക്കാതെ തന്നെ മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയില്‍ പ്രവേശിക്കാം. എമിറേറ്റിലെ കൊവിഡ് വ്യാപന നിരക്ക്  0.2  ശതമാനമായി കുറഞ്ഞ സാഹചര്യത്തിലാണ് പുതിയ തീരുമാനം. എന്നാല്‍ യുഎഇയ്ക്ക് പുറത്തുനിന്ന് അബുദാബി വിമാനത്താവളത്തിലെത്തുന്നവര്‍ക്ക് പിസിആര്‍ നെഗറ്റീവ് ഫലം നിര്‍ബന്ധമാണ്.

🇦🇪കൊവിഡ് വാക്‌സിന്‍; യുഎഇയില്‍ 80 ശതമാനത്തിലേറെ പേര്‍ രണ്ട് ഡോസും സ്വീകരിച്ചു.

✒️യുഎഇയില്‍ കൊവിഡ് വാക്‌സിനേഷന്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. സെപ്തംബര്‍ 16 വരെയുള്ള കണക്കുകള്‍ പ്രകാരം ജനസംഖ്യയിലെ 80.29 ശതമാനം പേരും രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച് കഴിഞ്ഞതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 

ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചവര്‍ 91.32  ശതമാനമാണ്. ഫൈസര്‍, സിനോഫാം എന്നിവയുടെ ബൂസ്റ്റര്‍ ഡോസും നല്‍കുന്നുണ്ട്. 60 വയസ്സ് കഴിഞ്ഞവര്‍ക്കും രോഗികള്‍ക്കും ബുക്കിങ് ഇല്ലാതെ വിവിധ വാക്‌സിനേഷന്‍ കേന്ദ്രങ്ങളെത്തി വാക്‌സിന്‍ സ്വീകരിക്കാനുള്ള അവസരവുമുണ്ട്. നിലവില്‍ 12 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഫൈസര്‍ വാക്‌സിന്‍ നല്‍കുന്നത്. അതേസമയം ദുബൈ എക്‌സ്‌പോ 2020 വേദി സന്ദര്‍ശിക്കുന്ന 18 വയസ്സിനും അതിന് മുകളിലും പ്രായമുള്ളവര്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ കൊവിഡ് നെഗറ്റീവ് ഫലമോ ഹാജരാക്കണം.

🇦🇪കുടുംബത്തെയും കൂട്ടുകാരെയും സൗജന്യമായി അബുദാബി ചുറ്റിക്കാണിക്കണോ? അവസരമൊരുക്കി അധികൃതര്‍.

✒️അബുദാബിയിലെ താമസക്കാര്‍ക്ക് സുവര്‍ണാവസരം. കുടുംബത്തെയും സുഹൃത്തുക്കളെയും തലസ്ഥാന നഗരി സൗജന്യമായി ചുറ്റിക്കാണിക്കാം. അബുദാബി സാംസ്‌കാരിക-വിനോദസഞ്ചാര വകുപ്പിന്റെ 'ടൈം ഈസ് നൗ' എന്ന പുതിയ ക്യാമ്പയിനിലൂടെയാണ് ഇതിന് അവസരമൊരുങ്ങുന്നത്.

അബുദാബിയിലെ മനോഹര കാഴ്ചകള്‍ കാണാന്‍ സഞ്ചാരികളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി ആരംഭിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കുന്നതിനായി അബുദാബിയിലെ താമസക്കാര്‍, എമിറേറ്റിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചതില്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങള്‍ ഫേസ്ബുക്കിലോ ഇന്‍സ്റ്റാഗ്രാമിലോ #InAbuDhabi #TimeIsNow ഹാഷ്ടാഗുകള്‍ ഉപയോഗിച്ച് @VisitAbuDhabi എന്നതില്‍ ടാഗ് ചെയ്ത് പോസ്റ്റ് ചെയ്യുക. 

ഒക്ടോബര്‍ ഒന്നു വരെയാണ് മത്സരം സംഘടിപ്പിക്കുന്നത്. അബുദാബിയിലേക്ക് നിങ്ങള്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന രണ്ട് സുഹൃത്തുക്കളുടെയോ കുടുംബാംഗങ്ങളുടെയോ പേരും നല്‍കുക. നാല് ദിവസം കൂടുമ്പോഴും ഓരോ വിജയികളെ വീതം @VisitAbuDhabi എന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ സെപ്തംബര്‍ 20 മുതല്‍ ഒക്ടോബര്‍ രണ്ട് വരെയുള്ള കാലയളവില്‍ പ്രഖ്യാപിക്കും. നാല് വിജയികള്‍ക്ക് സൗജന്യ വിമാന ടിക്കറ്റുകള്‍ക്ക് പുറമെ എമിറേറ്റിലെ മനോഹരമായ ഹോട്ടലുകളില്‍ അഞ്ചു ദിവസത്തെ താമസസൗകര്യവും ഒരുക്കും.

🇶🇦മാസ്‌ക് ധരിച്ചില്ല; ഖത്തറില്‍ 113 പേര്‍ക്കെതിരെ കൂടി നടപടി.

✒️ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കി. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിന് 113 പേരാണ് നടപടി നേരിട്ടത്. പിടിയിലായ എല്ലാവരെയും തുടര്‍നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

രാജ്യത്ത് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരൊഴികെ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക.

🛫പ്രതിസന്ധിയെ അതീജീവിച്ച് എമിറേറ്റ്സ്; ക്യാബിന്‍ ക്രൂ, എയര്‍പോര്‍ട്ട് സര്‍വീസസ് വിഭാഗങ്ങളില്‍ തൊഴിലവസരങ്ങള്‍.

✒️കൊവിഡ് പ്രതിസന്ധിക്ക് അയവ് വന്നതോടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം കൂട്ടാനൊരുങ്ങി എമിറേറ്റ്സ് എയര്‍ലൈന്‍സ്. 3000 ക്യാബിന്‍ ക്രൂ, 500 എയര്‍പോര്‍ട്ട് സര്‍വീസസ് ജീവനക്കാര്‍ എന്നിവരുടെ നിയമനത്തിനായി ആഗോള തലത്തില്‍ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് കമ്പനി ഇപ്പോള്‍. അടുത്ത ആറ് മാസത്തിനിടെ ദുബൈയില്‍ ജോലിയില്‍ പ്രവേശിക്കാന്‍ സന്നദ്ധരായവരോടാണ് അപേക്ഷ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുന്നത്.

എമിറേറ്റ്സില്‍ ക്യാബിന്‍ ക്രൂ വിഭാഗത്തിലോ എയര്‍പോര്‍ട്ട് സര്‍വീസസ് വിഭാഗത്തിലോ ജോലി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് www.emiratesgroupcareers.com എന്ന വെബ്‍സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാനാവും. വിവിധ രാജ്യങ്ങളില്‍ യാത്രാ വിലക്കുകള്‍ നീക്കാന്‍ തുടങ്ങിയതോടെ സര്‍വീസുകള്‍ വിപുലമാക്കിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ എമിറേറ്റ്സ്. കൊവിഡ് പ്രതിസന്ധി കാരണം താത്കാലികമായി മാറ്റി നിര്‍ത്തിയിരുന്ന പൈലറ്റുമാര്‍, ക്യാബിന്‍ ക്രൂ, മറ്റ് ജീവനക്കാര്‍ തുടങ്ങിയവരെയൊക്കെ കമ്പനി തിരിച്ചുവിളിച്ചു‍. കഴിഞ്ഞ വര്‍ഷം നിരവധി ജീവനക്കാരെയാണ് വിവിധ വിഭാഗങ്ങളില്‍ നിന്ന് ഒഴിവാക്കിയിരുന്നത്. നിലവില്‍ 120ല്‍ അധികം നഗരങ്ങളിലേക്ക് എമിറേറ്റ്സ് സര്‍വീസ് നടത്തുന്നുണ്ട്. കൊവിഡ് പ്രതിസന്ധിക്ക് മുമ്പുണ്ടായിരുന്ന 90 ശതമാനം സെക്ടറുകളിലും ഇപ്പോള്‍ സര്‍വീസുകള്‍ പുനഃരാരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ നേരത്തെയുണ്ടായിരുന്ന യാത്രക്കാരുടെ 70 ശതമാനമെങ്കിലും ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് കമ്പനി.

🇰🇼ഇഖാമ നിയമലംഘകരെ കണ്ടെത്താന്‍ വ്യാപക പരിശോധന; 248 പ്രവാസികള്‍ അറസ്റ്റില്‍.

✒️താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്ന പ്രവാസികളെ കണ്ടെത്താനായി കുവൈത്തില്‍ വ്യാപക പരിശോധന. അഹ്‍മദി, മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റുകളില്‍ നിന്നുമാത്രം 248 പ്രവാസികളെ അറസ്റ്റ് ചെയ്‍തു. ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് സെക്യൂരിറ്റി അഫയേഴ്‍സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ഫറാജ് അല്‍ സൌബിയുടെ മേല്‍നോട്ടത്തിലായിരുന്നു പരിശോധന നടത്തിയത്.

അഹ്‍മദി ഗവര്‍ണറേറ്റില്‍ നടന്ന പരിശോധനയില്‍ ഫഹാഹീല്‍ ഇന്‍ഡസ്‍ട്രിയല്‍ ഏരിയയില്‍ നിന്ന് 74 പ്രവാസികളെ അറസ്റ്റ് ചെയ്‍തു. ഇവരില്‍ പലരും സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവരും നിയമ നടപടികള്‍ നേരിടുന്നവരുമായിരുന്നു. മുബാറക് അല്‍ കബീറില്‍ അല്‍ ഖുറൈനിലെ കടകളില്‍ ജോലി ചെയ്‍തിരുന്ന 174 പ്രവാസികളാണ് പിടിയിലായത്. നിയമ ലംഘകരെ കണ്ടെത്താന്‍ എല്ലാ ഗവര്‍ണറേറ്റുകളിലും വ്യാപക പരിശോധനയാണ് നടത്തിവരുന്നത്. പിടിയിലാവുന്നവരെ നാടുകടത്താനും അതിനുള്ള ചെലവ് അവരവരില്‍ നിന്ന് തന്നെ ഈടാക്കാനുമാണ് തീരുമാനം.

🇸🇦സൗദി: 2020 ഒക്ടോബർ മുതൽ പത്ത് ദശലക്ഷം തീർത്ഥാടകർ സുരക്ഷിതമായി ഉംറ അനുഷ്ഠിച്ചതായി ഹജ്ജ് മന്ത്രാലയം.

✒️2020 ഒക്ടോബർ മുതൽ പത്ത് ദശലക്ഷം തീർത്ഥാടകർ സുരക്ഷിതമായി ഉംറ അനുഷ്ഠിച്ചതായി സൗദി ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി. തീർത്ഥാടനം പുനരാരംഭിക്കുന്നതിന് മുൻപ്, 2020 ഒക്ടോബർ 4 മുതൽ നടപ്പിലാക്കിയ ‘സുരക്ഷിത ഉംറ’ നടപടികൾ തീർത്ഥാടകരുടെയും, പൊതുസമൂഹത്തിന്റെയും സംരക്ഷണം ഉറപ്പ് വരുത്തുന്നതിന് ഏറെ സഹായകരമായതായി മന്ത്രാലയം കൂട്ടിച്ചേർത്തു.

വിദേശത്ത് നിന്നെത്തുന്നവർക്കായി ഇതുവരെ പന്തീരായിരത്തിലധികം ഉംറ വിസകൾ അനുവദിച്ചതായും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 2021 ഓഗസ്റ്റ് 10 മുതൽ ഉംറ അനുഷ്ഠിക്കുന്നതിനായി വിദേശത്ത് നിന്നെത്തുന്ന തീർത്ഥാടകർക്ക് സൗദിയിലേക്ക് പ്രവേശനം അനുവദിച്ചിരുന്നു. പ്രതിദിനം ഉംറ അനുഷ്ഠിക്കുന്നതിന് അനുമതി നൽകിയിരിക്കുന്ന തീർത്ഥാടകരുടെ എണ്ണം സെപ്റ്റംബർ 9 മുതൽ എഴുപതിനായിരമാക്കി ഉയർത്തിയിട്ടുണ്ട്.

തീർത്ഥാടകരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി എല്ലാ നടപടികളും ഉറപ്പാക്കുന്നതായി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഗ്രാൻഡ് മോസ്‌ക്, പ്രവാചകന്റെ പള്ളി എന്നിവിടങ്ങളിലേക്ക് തീർത്ഥാടകരുൾപ്പടെ പ്രതിമാസം 3.5 വിശ്വാസികൾക്ക് പ്രവേശനം നൽകുന്നതിനായാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ഉംറ തീർത്ഥാടകരും, ഗ്രാൻഡ് മോസ്‌ക്, പ്രവാചകന്റെ പള്ളി എന്നിവിടങ്ങളിലെത്തുന്ന സന്ദർശകരും രണ്ട് ഡോസ് COVID-19 വാക്സിനെടുത്തിരിക്കിണം എന്ന വ്യവസ്ഥ നിർബന്ധമാണെന്ന് മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

🇦🇪അബുദാബി: അൽഹൊസൻ ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്തുന്നതിനായി സെപ്റ്റംബർ 20-ന് മുൻപായി ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ നിർദ്ദേശം.

✒️എമിറേറ്റിൽ COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസ് കുത്തിവെപ്പിനർഹരായവർ, അൽഹൊസൻ ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്തുന്നതിനായി 2021 സെപ്റ്റംബർ 20-ന് മുൻപായി ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് കമ്മിറ്റി അറിയിച്ചു. സെപ്റ്റംബർ 17-നാണ് അധികൃതർ ഇക്കാര്യം പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തിയത്.

സിനോഫാം COVID-19 വാക്സിന്റെ രണ്ട് ഡോസ് കുത്തിവെപ്പെടുത്ത് 6 മാസം പൂർത്തിയാക്കിയ വ്യക്തികൾക്കാണ് ഇത്തരത്തിൽ ഒരു അധിക ഡോസ് ബൂസ്റ്റർ കുത്തിവെപ്പ് നൽകുന്നത്. എമിറേറ്റിൽ നൽകിവരുന്ന COVID-19 വാക്സിനുകളുടെ അംഗീകൃത ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും, രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച ശേഷം ആറ് മാസം പൂർത്തിയാക്കിയവരിൽ രോഗപ്രതിരോധ ശേഷി ഉയർത്തുന്നതിനും ഈ നടപടി നിർബന്ധമാണെന്ന് കമ്മിറ്റി നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സിനോഫാം COVID-19 വാക്സിന്റെ രണ്ട് ഡോസ് കുത്തിവെപ്പെടുത്ത് 6 മാസം പൂർത്തിയാക്കിയ മുഴുവൻ പേർക്കും, Alhosn ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്തുന്നതിനായി കമ്മിറ്റി 2021 സെപ്റ്റംബർ 20 വരെ അധിക സമയം അനുവദിച്ചിരുന്നു. ഇത്തരം വ്യക്തികൾക്ക് സെപ്റ്റംബർ 20-ന് ശേഷം ഇവർ ബൂസ്റ്റർ ഡോസ് എടുക്കുന്നത് വരെ Alhosn ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ഉണ്ടായിരിക്കുന്നതല്ല. അബുദാബിയിലെ പൊതു ഇടങ്ങളിൽ പ്രവേശിക്കുന്നതിന് Alhosn ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് നിർബന്ധമാണ്.

ബൂസ്റ്റർ ഡോസ് ലഭിക്കുന്നതിനായി https://www.seha.ae/covid-19-landing എന്ന വിലാസത്തിൽ SEHA-യുടെ കീഴിലുള്ള വാക്സിനേഷൻ കേന്ദ്രങ്ങളുടെ വിവരങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ഇവർക്ക് ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതോടെ Alhosn ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് തിരികെ ലഭിക്കുന്നതാണ്. ഓരോ 30 ദിവസം തോറും PCR ടെസ്റ്റ് നടത്തിക്കൊണ്ട് ഈ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്താവുന്നതാണ്.

🇦🇪എക്സ്പോ 2020 ദുബായ് സന്ദർശിക്കുന്നതിനായി ധാരാളം ഇന്ത്യൻ യാത്രികരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യയിലെ യു എ ഇ അംബാസഡർ.

✒️എക്സ്പോ 2020 ദുബായ് സന്ദർശിക്കുന്നതിനായി ഇന്ത്യയിൽ നിന്ന് ധാരാളം യാത്രികർ യു എ ഇയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യയിലെ യു എ ഇ അംബാസഡർ H.E. ഡോ. അഹമ്മദ് അൽ ബന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

രണ്ടാഴ്ചയ്ക്കുള്ളിൽ ദുബായിൽ ആരംഭിക്കുന്ന എക്സ്പോ 2020 ദുബായ് ലോക പ്രദർശനത്തെക്കുറിച്ച് ബോധവത്കരണം നൽകുന്നതിനായുള്ള പ്രചാരണപരിപാടിയുടെ ഭാഗമായി ഒരു മാധ്യമ സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എക്സ്പോ 2020 ദുബായിയുടെ വിജയത്തിനായി ഇന്ത്യയിലെ നേതൃത്വത്തിൽ നിന്ന് ശക്തമായ പ്രതിബദ്ധതയാണ് അനുഭവപ്പെടുന്നതെന്ന് ഡോ.അഹമ്മദ് അൽ ബന്ന വ്യക്തമാക്കി.

യു എ ഇയും ഇന്ത്യയും തമ്മിൽ പങ്കിടുന്ന ഭൂമിശാസ്ത്രപരമായ സാമീപ്യം, അടുപ്പം, ഊഷ്മളമായ പ്രത്യേക ബന്ധം എന്നിവയാണ് ഇതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറും മറ്റ് പ്രമുഖ ഇന്ത്യക്കാരും യു എ ഇയിലെ നേതാക്കളുമായും ഉദ്യോഗസ്ഥരുമായും നടത്തിയ സമീപകാല സംഭാഷണങ്ങളിലെ പ്രധാന വിഷയങ്ങളിലൊന്ന് ദുബായ് എക്സ്പോ 2020-യാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആറുമാസം നീണ്ടുനിൽക്കുന്ന ദുബായ് എക്സ്പോ 2020 കാലയളവിൽ ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള സന്ദർശനങ്ങളുടെ എണ്ണത്തിൽ വളരെ വലിയ കുതിച്ചുച്ചാട്ടമാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. യു എ ഇയിലേക്ക് പ്രവേശിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ചതും, COVID-19 നിബന്ധനകളിൽ മാറ്റം വരുത്തിയതും കൂടുതൽ യാത്രികരെ എക്സ്പോ 2020 വേദിയിലേക്ക് ആകർഷിക്കുന്നതിന് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇരു രാജ്യങ്ങളിലെയും യുവതലമുറയുടെ ഭാവി രൂപപ്പെടുത്തുന്നതിനായി വിവരസാങ്കേതികവിദ്യ, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ വളർന്നുവരുന്ന മേഖലകളിൽ യു എ ഇയും ഇന്ത്യയും തമ്മിൽ ഒത്ത്ചേർന്ന് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം ഡോ. ​​അൽ ബന്ന ഊന്നിപ്പറഞ്ഞു. മഹാമാരിയുടെ നാളുകൾക്ക് ശേഷം ശരിയായ രീതിയിലുള്ള തൊഴിൽ ശക്തി സൃഷ്ടിക്കുന്നതിൽ ഇത്തരം സഹകരണം നിർണ്ണായകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

🇦🇪അബുദാബി: ഹോം ക്വാറന്റീനിലുള്ളവർക്ക് സെപ്റ്റംബർ 19 മുതൽ റിസ്റ്റ് ബാൻഡ് ഒഴിവാക്കുന്നു.

✒️എമിറേറ്റിൽ ഹോം ക്വാറന്റീനിലുള്ളവർക്ക് 2021 സെപ്റ്റംബർ 19, ഞായറാഴ്ച്ച മുതൽ റിസ്റ്റ് ബാൻഡ് ആവശ്യമില്ലെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു. എമിറേറ്റിലെത്തുന്ന ഹോം ക്വാറന്റീൻ ആവശ്യമാകുന്ന അന്താരാഷ്ട്ര യാത്രികർ, COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയായവർ എന്നീ വിഭാഗങ്ങൾക്കാണ് റിസ്റ്റ് ബാൻഡ് ഒഴിവാക്കിക്കൊണ്ടുള്ള ഹോം ക്വാറന്റീൻ നടപ്പിലാക്കുന്നത്.

എന്നാൽ COVID-19 പോസിറ്റീവ് ആയവർക്ക് ഈ തീരുമാനം ബാധകമല്ലെന്നും, ഇവർ ഐസൊലേഷൻ കാലയളവിൽ കൈകളിൽ റിസ്റ്റ് ബാൻഡ് ധരിക്കണമെന്നും കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. സെപ്റ്റംബർ 18, ശനിയാഴ്ച്ചയാണ് കമ്മിറ്റി ഇക്കാര്യം അറിയിച്ചത്.

എമിറേറ്റിലെ COVID-19 രോഗവ്യാപനത്തിന്റെ നിരക്കിൽ കുറവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിലും, പൊതു ഇടങ്ങളിലേക്കുള്ള പ്രവേശനം ഗ്രീൻ പാസ് ഉപയോഗിച്ച് നിയന്ത്രിച്ചിട്ടുള്ളതുമായ സാഹചര്യത്തിലാണ് ഈ തീരുമാനം. ക്വാറന്റീനിലുള്ളവർ എല്ലാ സുരക്ഷാ നിബന്ധനകളും, ടെസ്റ്റിംഗ് നിർദ്ദേശങ്ങളും കൃത്യമായി പാലിക്കണമെന്ന് കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ വീഴ്ച്ച വരുത്തുന്നവർക്കെതിരെ അറ്റോർണി ജനറൽ തലത്തിൽ നടപടികൾക്ക് ശുപാർശ ചെയ്യുമെന്നും കമ്മിറ്റി അറിയിച്ചിട്ടുണ്ട്.

🇶🇦ഖത്തറില്‍ പുതിയ കോവിഡ് കേസുകള്‍ 100ല്‍ താഴെ; രോഗമുക്തി ഇരട്ടിയോളം.

✒️ഖത്തറില്‍ പുതിയ കോവിഡ് കേസുകള്‍ 100ല്‍ താഴെ എത്തി. ഇന്ന് 82 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 30 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. 52 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 24 മണിക്കൂറിനിടെ 164 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 233,116 ആയി. രാജ്യത്ത് ഇന്ന് കോവിഡ് മരണമില്ല. ആകെ കോവിഡ് മരണം 604.

1,666 പേരാണ് ഖത്തറില്‍ നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. 18 പേര്‍ ഐസിയുവില്‍ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി ആരെയും ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടില്ല. പുതുതായി 7 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 64 പേര്‍ നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 5,605 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് വാകസിനേഷന്‍ കാംപയിന്‍ ആരംഭിച്ചതിനു ശേഷം 46,53,019 ഡോസ് വാക്സിനുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. രാജ്യത്തെ മൊത്തം ജനങ്ങളില്‍ 80 ശതമാനം പേര്‍ പൂര്‍ണമായും വാക്‌സിനെടുത്തു.

🇸🇦ഏഷ്യയിലെ ഏറ്റവും മികച്ച കാര്‍ഗോ സര്‍വീസിനുള്ള ഈ വര്‍ഷത്തെ പുരസ്‌കാരം സൗദി എയര്‍ലൈന്‍സിന്.

✒️ഏഷ്യയിലെ ഏറ്റവും മികച്ച കാര്‍ഗോ സര്‍വീസിനുള്ള ഈ വര്‍ഷത്തെ പുരസ്‌കാരം സൗദി എയല്‍ലൈന്‍സിന്. ചരക്ക് ഗതാഗത മേഖലയിലെ മികച്ച സേവനം മുന്‍നിര്‍ത്തിയാണ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്. ലണ്ടനില്‍ വെച്ച് നടന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്തു. എയര്‍ലൈന്‍ കാര്‍ഗോ രംഗത്തെ മികച്ച സേവനങ്ങള്‍ക്കുള്ള പുരസ്‌കാരമാണ് സൗദി എയര്‍ലൈന്‍സ് കാര്‍ഗോ കമ്പനിക്ക് ലഭിച്ചത്. ഏഷ്യയിലെ ഏറ്റവും മികച്ച കാര്‍ഗോ കമ്പനി എന്ന പദവിയാണ് പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. അന്താരാഷ്ട്ര എയര്‍ ഷിപ്പിങ് കമ്പനികളുടെ പ്രാദേശിക അന്താരാഷ്ട്ര വ്യാപാര രംഗത്തെ ചരക്ക് നീക്കത്തിന് കമ്പനി നല്‍കിയ സേവനങ്ങള്‍ വിലയിരുത്തിയാണ് പുരസ്‌കാരം. കമ്പനിയുടെ സേവനങ്ങള്‍ സൗദിയുടെ ചരക്ക് നീക്കത്തെ ശക്തിപ്പെടുത്തുന്നതിനും അത് വഴി സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും ഇടയാക്കി. കയറ്റുമതി മേഖലയില്‍ ആഗോള ഹബ്ബായി സൗദിയെ മാറ്റുന്നതിനും കമ്പനിയുടെ സേവനങ്ങള്‍ സഹായകമായി. കഴിഞ്ഞ വര്‍ഷം മിഡില്‍ ഈസ്റ്റിലെ ട്രാന്‍സ്പോര്‍ട്ട് ആന്റ് ലോജിസ്റ്റിക്സ് അവാര്‍ഡിനും സൗദി എയല്‍ലൈന്‍സ് അര്‍ഹമായിട്ടുണ്ട്. കോവിഡ് കാലത്തെ മികച്ച കാര്‍ഗോ സേവനങ്ങളുടെ പേരിലായിരുന്നു പുരസ്‌കാരം.

Post a Comment

0 Comments