മിനിലോറിയിൽ ഇടിക്കാതിരിക്കാൻ ബസ് ഇടത്തോട്ടു വെട്ടിച്ചപ്പോഴാണ് നിർത്തിയിട്ടിരുന്ന ടോറസിൽ ഇടിച്ചത്.
തുറവൂർ: മിനിലോറിയിലിടിക്കാതിരിക്കാൻ വെട്ടിച്ച കെ.എസ്.ആർ.ടി.സി.ബസ് ടോറസ് ലോറിയിലിടിച്ച് യാത്രക്കാരായ ഒൻപതുപേർക്കു പരിക്ക്. പുറത്താംകുളങ്ങര ഗോകുലത്തുങ്കൽ വീട്ടിൽ പ്രമീള (49), തത്തംപള്ളി തിരുവോണത്തിൽ അരുൺ (33), തമിഴ്നാട് മീനാക്ഷിപുരം ഭൈരവൻ (52), കായംകുളം മാലേപുരയ്ക്കൽ സ്വാതി (24), തലവടി വടക്കേക്കുറ്റ് ഗ്രീഷ്മ (22), കോഴിക്കോട് വലിയവീട്ടിൽ ഷൈമോൻ വർഗീസ് (21), അമ്പലപ്പുഴ കക്കായം ശിവശൈലത്തിൽ വീട്ടിൽ സ്വാതി (32), ചേർത്തല വെളിമ്പറമ്പിൽ മോഹൻദാസ് (59), ക്രിസ്റ്റി (45) എന്നിവർക്കാണു പരിക്കേറ്റത്.
തുറവൂർ ഗവ. ആശുപത്രിയിലെത്തിച്ചവർ പ്രാഥമികചികിത്സയ്ക്കുശേഷം വണ്ടാനം മെഡിക്കൽ കോളേജ്, എറണാകുളം ജനറൽ ആശുപത്രി എന്നിവിടങ്ങളിലേക്കു മാറ്റി.
ദേശീയപാതയിൽ പട്ടണക്കാട് മഹാദേവക്ഷേത്രത്തിനു സമീപം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നേകാലിനായിരുന്നു സംഭവം. തോപ്പുംപടിയിൽനിന്നു കായംകുളത്തേക്കു പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസാണ് അപകടത്തിൽപ്പെട്ടത്.
മുന്നിൽ പോകുകയായിരുന്ന മിനിലോറി പെട്ടെന്ന് മീഡയനിലെ യൂടേണിലൂടെ വലത്തോട്ടു തിരിയാൻ ബ്രേക്കുചെയ്തു. മിനിലോറിയിൽ ഇടിക്കാതിരിക്കാൻ ബസ് ഇടത്തോട്ടു വെട്ടിച്ചപ്പോഴാണ് നിർത്തിയിട്ടിരുന്ന ടോറസിൽ ഇടിച്ചത്.
പൊതുമരാമത്ത് കരാറുകാരന്റെ വാഹനമാണ് ടോറസ്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ ഇടതുഭാഗം തകർന്നു. പരിക്കേറ്റവരെ ഉടൻതന്നെ തുറവൂർ ഗവ. ആശുപത്രിയിൽ എത്തിച്ചു.
ചേർത്തലയിൽനിന്നെത്തിയ അഗ്നിശമനസേനയും പട്ടണക്കാട് പോലീസും ഹൈവേ പോലീസും നാട്ടുകാരും ചേർന്നാണ് ബസ് ഉയർത്തിമാറ്റിയത്.
0 Comments