🇸🇦മൂന്നര കോടി ജനസംഖ്യയുള്ള സൗദിയില്‍ ഇന്ന് 48 പേര്‍ക്ക് മാത്രം കൊവിഡ്.
🇸🇦സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനയ്യായിരത്തിലധികം പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം.
🔴ഇന്ത്യ, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് പക്ഷികളെ ഇറക്കുമതി ചെയ്യുന്നത് ഒമാന്‍ നിരോധിച്ചു.
🇦🇪എക്‌സ്‌പോ 2020 ഓപ്പറേഷന്‍സ് റൂം സന്ദര്‍ശിച്ച് ദുബൈ ഭരണാധികാരി.
🇦🇪യുഎഇയില്‍ 298 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണം.
🇦🇪പ്രവാസി ഇന്ത്യക്കാരന് യുഎഇയില്‍ രണ്ടു കോടിയുടെ സമ്മാനം.
🇦🇪യു എ ഇ: ഇലക്ട്രോണിക് സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടുന്നവർക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ.
🇸🇦സൗദി: വാക്സിനെടുക്കുന്നതിൽ ഇളവ് ലഭിച്ചിട്ടുള്ള വിദ്യാർത്ഥികളെ രോഗപ്രതിരോധശക്തി നേടിയവരായി കണക്കാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം.
🇰🇼കുവൈറ്റ്: മൂന്ന് വിഭാഗങ്ങൾക്ക് COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകാൻ തീരുമാനം.
🇰🇼കുവൈറ്റ്: PCR ടെസ്റ്റുകളുടെ നിരക്ക് 14 ദിനാറാക്കി കുറച്ചു.
🇴🇲ഒമാൻ: അൽ ശബാബ് റൗണ്ട്എബൗട്ട് എക്സിറ്റ് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി.
🇴🇲അനധികൃത മൽസ്യബന്ധനം; ഒമാനിൽ 18 വിദേശികളെ പിടികൂടി.
🇶🇦ഖത്തറില്‍ ഇന്ന് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചത് 40 പേര്‍ക്ക് മാത്രം; വീണ്ടും കോവിഡ് മരണം.
🇶🇦ഖത്തര്‍ ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് 30ന്.
🇶🇦ഡ്രൈവിങ് പഠിക്കാന്‍ എളുപ്പമുള്ള രണ്ടാമത്തെ രാജ്യമെന്ന പ്രശസ്തി സ്വന്തമാക്കി ഖത്തർ.
🇶🇦ഖത്തറിലെ യാത്രാ മാര്‍ഗങ്ങളെല്ലാം ഒറ്റ ഫ്രെയിമില്‍, 'സില'യുമായി ഗതാഗത മന്ത്രാലയം.
വാർത്തകൾ വിശദമായി
🇸🇦മൂന്നര കോടി ജനസംഖ്യയുള്ള സൗദിയില്‍ ഇന്ന് 48 പേര്‍ക്ക് മാത്രം കൊവിഡ്.
✒️സൗദി അറേബ്യ ഏതാണ്ട് കൊവിഡ് മുക്തമാകുന്ന സ്ഥിതിയിലേക്ക് പുരോഗമിക്കുന്നു. മൂന്നര കോടി ജനസംഖ്യയുള്ള രാജ്യത്ത് 24 മണിക്കൂറിനിടെ വെറും 44 പേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചികിത്സയില്‍ കഴിയുന്നവരില്‍ 58 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി അഞ്ചു പേര്‍ കൊവിഡ് ബാധിച്ച് മരിച്ചെന്നും സൗദി ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
രാജ്യത്ത് ഇന്ന് 37,910 ആര്‍.ടി പി.സി.ആര്‍ പരിശോധനകള്‍ നടന്നു. 5,46,926 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആകെ 5,35,950 പേര്‍ രോഗമുക്തരായി. 8,699 ആണ് രാജ്യത്തെ ആകെ മരണസംഖ്യ. രോഗബാധിതരില്‍ 244 പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയില്‍. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനം. 1.6 ശതമാനമാണ് മരണനിരക്ക്. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 11, ജിദ്ദ 7, മദീന 3, മക്ക 2, നജ്‌റാന്‍ 2, അലൈത്ത് 2, മറ്റ് 17 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍. രാജ്യത്ത് ഇതുവരെ കൊവിഡ് വാക്‌സിനേഷന്‍ 41,566,683 ഡോസ് കവിഞ്ഞു.
🇸🇦സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനയ്യായിരത്തിലധികം പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം.
✒️രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനയ്യായിരത്തിലധികം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി. 2021 സെപ്റ്റംബർ 16 മുതൽ സെപ്റ്റംബർ 22 വരെയുള്ള കാലയളവിൽ രാജ്യത്തെ മുഴുവൻ മേഖലകളിലും നടത്തിയ പ്രത്യേക പരിശോധനകളിലാണ് റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനും, അനധികൃത തൊഴിലാളികളായും, കുടിയേറ്റക്കാരായും രാജ്യത്ത് പ്രവേശിച്ചതിനും, രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനും 15693 പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇതിൽ 6336 പേർ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനാണ് അറസ്റ്റിലായത്. തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1905 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിർത്തി സുരക്ഷ സംബന്ധമായ ലംഘനങ്ങൾക്ക് 7452 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇത്തരം ലംഘനങ്ങളുമായി ബന്ധപ്പെട്ട് ഏതാണ്ട് 67641 പേർക്കെതിരെ നാടുകടത്തൽ നടപടികൾ സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി.
അനധികൃതമായി സൗദി അതിർത്തികളിലൂടെ നുഴഞ്ഞ് കയറാൻ ശ്രമിച്ച 311 പേരെയും ഈ കാലയളവിൽ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 43 ശതമാനം പേർ എത്യോപ്യൻ പൗരന്മാരും, 54 ശതമാനം പേർ യെമൻ പൗരന്മാരും, 3 ശതമാനം പേർ മറ്റു രാജ്യങ്ങളിൽ നിന്നുമുള്ളവരാണ്.
റെസിഡൻസി നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്ന വിദേശികൾ, അനധികൃത തൊഴിലാളികൾ, കുടിയേറ്റക്കാർ തുടങ്ങിയവരുടെ വിവരങ്ങൾ സെക്യൂരിറ്റി വിഭാഗങ്ങളുമായി പങ്ക് വെക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ആവശ്യപ്പെട്ടിരുന്നു. ഇത്തരക്കാരെ കണ്ടെത്തി നടപടികൾ കൈക്കൊള്ളുന്നതിനായി രാജ്യത്തെ വിവിധ സുരക്ഷാ വിഭാഗങ്ങളുമായി ചേർന്ന് ആഭ്യന്തര മന്ത്രാലയം പ്രത്യേക പരിശോധനാ പരിപാടികൾ അതിവിപുലമായി നടത്തിവരികയാണ്.
ഇത്തരം വിവരങ്ങൾ പൊതുജനങ്ങൾക്ക് അധികൃതരുമായി പങ്ക് വെക്കുന്നതിനുള്ള നമ്പറുകളും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മക്ക, റിയാദ് എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, സൗദിയുടെ മറ്റു മേഖലകളിൽ 999 എന്ന നമ്പറിലും ഇത്തരം നിയമലംഘനങ്ങൾ അധികൃതരുമായി പങ്ക് വെക്കാവുന്നതാണ്.
🔴ഇന്ത്യ, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് പക്ഷികളെ ഇറക്കുമതി ചെയ്യുന്നത് ഒമാന്‍ നിരോധിച്ചു.
✒️ഇന്ത്യ(India), പാക്കിസ്ഥാന്‍(Pakistan) എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള പക്ഷികളെ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചു കൊണ്ട് ഒമാന്‍(Oman) കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ഇന്ത്യയിലെ ഉത്തര്‍പ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളില്‍ നിന്നും പാകിസ്ഥാനിലെ പഞ്ചാബ് മേഖലയില്‍ നിന്നും ജീവനുള്ള പക്ഷികളെ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവാണ് മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്.
രാജ്യത്തെ അംഗീകൃത വളര്‍ത്തുമൃഗ സംരക്ഷണ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് ഈ തീരുമാനമെന്ന് മന്ത്രാലയത്തിന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും പക്ഷികളെ ഒമാനിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് നിരോധനം നിലനില്‍ക്കുമെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
🇦🇪എക്‌സ്‌പോ 2020 ഓപ്പറേഷന്‍സ് റൂം സന്ദര്‍ശിച്ച് ദുബൈ ഭരണാധികാരി.
✒️ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുബൈ എക്‌സ്‌പോ(Dubai Expo 2020) 2020 തുടങ്ങാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കെ എക്‌സ്‌പോയുടെ ഓപ്പറേഷന്‍സ് റൂം സന്ദര്‍ശിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം(Dubai ruler).
സന്ദര്‍ശനത്തിനെത്തിയ ശൈഖ് മുഹമ്മദ് ഓപ്പറേഷന്‍സ് റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചു. 95 രാജ്യങ്ങളില്‍ നിന്നുള്ള 134 യൂണിറ്റുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഓപ്പറേഷന്‍സ് റൂം സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന്റെ ചിത്രങ്ങള്‍ ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ആറുമാസം നീളുന്ന ഈ പരിപാടി, മനുഷ്യര്‍ക്ക് ഗുണകരമാകുന്ന ആശയങ്ങളും കണ്ടുപിടിത്തങ്ങളും കൊണ്ട് ചരിത്രത്തില്‍ ഇടംപിടിക്കുമെന്ന് ശൈഖ് മുഹമ്മദ് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ദുബൈ പൊലീസിന്റെയും ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെയും പ്രവര്‍ത്തനങ്ങളും അദ്ദേഹം വിലയിരുത്തി. ഒക്ടോബര്‍ ഒന്നു മുതലാണ് ആറു മാസം നീണ്ടു നില്‍ക്കുന്ന എക്സ്പോ 2020 ആരംഭിക്കുന്നത്.
🇦🇪യുഎഇയില്‍ 298 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണം.
✒️യുഎഇയില്‍ (United Arab Emirates)പുതിയതായി 298 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് (Covid - 19) ബാധ സ്ഥിരീകരിച്ചു. ഇന്ന് 360 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരാളാണ് മരിച്ചത്.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,34,894 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,27,166 പേര്‍ രോഗമുക്തരായി. 2,090 പേരാണ് രാജ്യത്ത് ആകെമരണപ്പെട്ടത്. നിലവില്‍ 5,638 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,929 പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കി. ആകെ 19,856,161 വാക്‌സിന്‍ ഡോസുകളാണ് രാജ്യത്ത് വിതരണം ചെയ്തത്.
കൊവിഡ് രോഗവ്യാപനം കാര്യമായി കുറയുന്ന സാഹചര്യത്തില്‍ രാജ്യത്ത് നിലവിലുണ്ടായിരുന്ന കൊവിഡ് നിയന്ത്രണങ്ങളില്‍ ഭാഗികമായ ഇളവുകള്‍ അനുവദിച്ചിരുന്നു. ബീച്ചുകളിലും ആരോഗ്യ കേന്ദ്രങ്ങളിലും ഒരു കുടുംബത്തിലെ അംഗങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്യുന്ന വാഹനങ്ങളിലും മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് ഈയാഴ്ച അധികൃതര്‍ അറിയിച്ചിരുന്നു. തുറസായ സ്ഥലങ്ങളില്‍ വ്യായാമം ചെയ്യുമ്പോഴും അടച്ചിട്ട സ്ഥലങ്ങളില്‍ ഒരു വ്യക്തി ഒറ്റയ്ക്കായിരിക്കുമ്പോഴും മാസ്‌ക് ധരിക്കേണ്ടതില്ല.
🇦🇪പ്രവാസി ഇന്ത്യക്കാരന് യുഎഇയില്‍ രണ്ടു കോടിയുടെ സമ്മാനം.
✒️യുഎഇയിലെ മഹ്‌സൂസ് സ്റ്റുഡിയോയില്‍ വെച്ച് കഴിഞ്ഞ ശനിയാഴ്ച രാത്രി നടന്ന 44-ാമത് പ്രതിവാര തത്സമയ നറുക്കെടുപ്പില്‍ ഒരു പ്രവാസി ഇന്ത്യക്കാരന്‍ 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം നേടിയതായി മഹ്‌സൂസ് മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്‌സ് എല്‍എല്‍സി അറിയിച്ചു. നറുക്കെടുത്ത ആറ് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ചു വന്ന ഇദ്ദേഹം മഹ്സൂസിന്റെ 2021ലെ 15-ാമത്തെ മില്യനയറായി. ഇതിനുപുറമെ, 167 വിജയികള്‍ 1,000 ദിര്‍ഹം വീതവും 3,277 പേര്‍ 35 ദിര്‍ഹം വീതവും സമ്മാനം നേടി. ആകെ 1,281,695 ദിര്‍ഹമാണ് കഴിഞ്ഞ നറുക്കെടുപ്പില്‍ വിജയികള്‍ക്ക് ലഭിച്ചത്. 9, 11, 21, 31, 32, 34. എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍.
50 മില്യന്‍ ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം ഇപ്പോഴും വിജയികളെ കാത്തിരിക്കുകയാണ്. 2021 ഒക്ടോബര്‍ രണ്ട് ശനിയാഴ്ച യുഎഇ സമയം രാത്രി ഒമ്പത് മണിക്ക് നടക്കാനിരിക്കുന്ന അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇത് സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുക.
ഈ ആഴ്ചയിലെ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് www.mahzooz.ae എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്യുന്നതിലൂടെ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കും. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും നറുക്കെടുപ്പിലേക്കുള്ള ഒരു എന്‍ട്രി വീതം ലഭിക്കുന്നു. മാത്രമല്ല ബോട്ടില്‍ഡ് വാട്ടര്‍ സംഭാവന നല്‍കുമ്പോള്‍ അത് മഹ്സൂസിന്റെ കമ്മ്യൂണിറ്റി പാര്‍ട്ണര്‍മാര്‍ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. യോഗ്യരായ എല്ലാവര്‍ക്കും മഹ്‌സൂസ് നറുക്കെടുപ്പില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയും.
🇦🇪യു എ ഇ: ഇലക്ട്രോണിക് സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടുന്നവർക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ.
✒️രാജ്യത്ത് ഇലക്ട്രോണിക് സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് കൊണ്ട് മറ്റുള്ളവരെ ഭീഷണിപ്പെടുത്തി പണം തട്ടുന്നവർക്ക് കനത്ത പിഴയും, തടവും ശിക്ഷയായി ലഭിക്കുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പു നൽകി. സെപ്റ്റംബർ 25-നാണ് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഈ അറിയിപ്പ് നൽകിയത്.
രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായുള്ള 2021-ലെ ഫെഡറൽ തീരുമാനം നമ്പർ 5-ലെ ആർട്ടിക്കിൾ 16 പ്രകാരം, വ്യക്തികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതിനും, മറ്റുള്ളവരെ ഭീഷണിപ്പെടുത്തി തെറ്റായ കാര്യങ്ങൾ ചെയ്യുന്നതിന് പ്രേരിപ്പിക്കുന്നതിനും, ഭീഷണിയിലൂടെ വ്യക്തികളുടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ ഇടപ്പെടുന്നതിനുമായി ഇന്റർനെറ്റ്, മറ്റു സാങ്കേതികവിദ്യകൾ എന്നിവ ഉപയോഗിക്കുന്നത് കുറ്റകൃത്യമായി കണക്കാക്കുന്നതാണ്. ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നവർക്ക് രണ്ട് വർഷം വരെ തടവ്, ചുരുങ്ങിയത് രണ്ടര ലക്ഷം ദിർഹം പിഴ എന്നിവ ശിക്ഷയായി ലഭിക്കുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.
ഇത്തരം പ്രവർത്തികൾക്ക് പരമാവധി അഞ്ച് ലക്ഷം ദിർഹം വരെ പിഴ ചുമത്താമെന്നും പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു. ഇത്തരം ഭീഷണികളിലൂടെ ഒരു വ്യക്തിയെ ഒരു കുറ്റകൃത്യം ചെയ്യുന്നതിന് പ്രേരിപ്പിക്കുന്നതും, വ്യക്തികളുടെ അഭിമാനം, പദവി എന്നിവ ഹനിക്കുന്ന രീതിയിലുള്ള കാര്യങ്ങൾ ചെയ്യുന്നതിന് അവരെ നിർബന്ധിക്കുന്നതുമായ പ്രവർത്തികൾക്ക് പിടിക്കപ്പെടുന്നവർക്ക് യു എ ഇയിൽ പരമാവധി പത്ത് വർഷത്തെ തടവ് ശിക്ഷ ലഭിക്കാമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്.
🇸🇦സൗദി: വാക്സിനെടുക്കുന്നതിൽ ഇളവ് ലഭിച്ചിട്ടുള്ള വിദ്യാർത്ഥികളെ രോഗപ്രതിരോധശക്തി നേടിയവരായി കണക്കാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം.
✒️COVID-19 വാക്സിനെടുക്കുന്നതിൽ നിന്ന് ഔദ്യോഗികമായി ഇളവ് നേടിയിട്ടുള്ള വിദ്യാർത്ഥികളെ രോഗപ്രതിരോധശക്തി നേടിയ വിഭാഗം വിദ്യാർത്ഥികൾക്കൊപ്പം കണക്കാക്കുമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇവരെ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ വിദ്യാർത്ഥികളായി കണക്കാക്കുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് മാത്രമാണ് സൗദിയിൽ സ്‌കൂളുകളിൽ നേരിട്ടെത്തുന്നതിന് അനുമതി നൽകിയിരിക്കുന്നത്. വ്യക്തമായ ആരോഗ്യ കാരണങ്ങളാൽ മാത്രമാണ് സൗദിയിൽ വാക്സിനെടുക്കുന്നതിൽ ഇളവ് അനുവദിക്കുന്നത്. കൃത്യമായ മെഡിക്കൽ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് ഇത്തരം ഇളവുകൾ അനുവദിക്കുന്നത്.
ഇതിനായി ഇത്തരക്കാർക്ക് COVID-19 വാക്സിനിലടങ്ങിയിട്ടുള്ള വിവിധ ഘടകങ്ങൾ പെട്ടന്നുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ക്ലിനിക്കൽ പരിശോധനകളിൽ തെളിയിക്കേണ്ടതാണ്. വാക്സിനെടുക്കുന്നതിൽ ഇളവ് ലഭിക്കുന്നതിനുള്ള മെഡിക്കൽ രേഖകൾ, അപേക്ഷകൾ എന്നിവ exempt@moh.gov.sa എന്ന വിലാസത്തിൽ ആരോഗ്യ മന്ത്രാലയത്തിൽ സമർപ്പിക്കാവുന്നതാണ്.
🇰🇼കുവൈറ്റ്: മൂന്ന് വിഭാഗങ്ങൾക്ക് COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകാൻ തീരുമാനം.
✒️രാജ്യത്തെ രോഗബാധയേൽക്കാൻ സാധ്യതയുള്ള മൂന്ന് വിഭാഗങ്ങൾക്ക് COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകുന്ന തീരുമാനത്തിന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഔദ്യോഗിക അംഗീകാരം നൽകി. സെപ്റ്റംബർ 25-ന് രാത്രിയാണ് കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
പൊതുസമൂഹത്തിൽ എളുപ്പത്തിൽ രോഗബാധയേൽക്കാൻ സാധ്യതയുള്ള ജനങ്ങൾക്കിടയിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ഈ അറിയിപ്പ് പ്രകാരം, താഴെ പറയുന്ന വിഭാഗങ്ങൾക്ക് COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകുന്നതിനാണ് കുവൈറ്റ് തീരുമാനിച്ചിരിക്കുന്നത്:
60 വയസിന് മുകളിൽ പ്രായമുള്ളവർ.
ആരോഗ്യ പരിചരണ മേഖലയിലെ ജീവനക്കാർ.
രോഗപ്രതിരോധ ശേഷി കുറവുള്ളവർ.
ഇവർക്ക് COVID-19 വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസത്തിന് ശേഷം ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകുന്നതിനാണ് ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകിയിട്ടുള്ളത്. ഇത്തരത്തിൽ ബൂസ്റ്റർ ഡോസ് കുത്തിവെപ്പിന് അർഹതയുള്ളവർക്ക് കുത്തിവെപ്പ് എടുക്കുന്നത് സംബന്ധിച്ചുള്ള മുൻകൂർ ബുക്കിംഗ് വിവരങ്ങൾ മന്ത്രാലയത്തിൽ നിന്ന് SMS മുഖേനെ ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
മറ്റു വിഭാഗങ്ങൾക്ക് ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകുന്നത് സംബന്ധിച്ച് മന്ത്രാലയം പിന്നീട് തീരുമാനിക്കുന്നതാണ്.
🇰🇼കുവൈറ്റ്: PCR ടെസ്റ്റുകളുടെ നിരക്ക് 14 ദിനാറാക്കി കുറച്ചു.
✒️രാജ്യത്ത് COVID-19 PCR പരിശോധനകളുടെ നിരക്ക് 14 ദിനാറാക്കി കുറച്ചതായി കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2021 സെപ്റ്റംബർ 26, ഞായറാഴ്ച്ച മുതൽ ഈ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരുന്നതാണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇതോടൊപ്പം ആന്റിബോഡി ടെസ്റ്റുകളുടെ നിരക്ക് 3 ദിനാറാക്കുന്നതിനും കുവൈറ്റ് അധികൃതർ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ COVID-19 രോഗവ്യാപനത്തിൽ കുറവ് നേരിടുന്നതും, പുതിയ അധ്യയന വർഷം ആരംഭിച്ചതും കണക്കിലെടുത്താണ് പരിശോധനാ നിരക്കുകൾ കുറയ്ക്കാനുള്ള തീരുമാനമെന്നാണ് മാധ്യമങ്ങൾ സൂചിപ്പിച്ചിരിക്കുന്നത്.
നേരത്തെ കുവൈറ്റിൽ PCR ടെസ്റ്റുകൾക്ക് 17 ദിനാറാണ് ഈടാക്കിയിരുന്നത്. ആന്റിബോഡി പരിശോധനകൾക്ക് 12 ദിനാറാണ് ഈടാക്കിയിരുന്നത്.
🇴🇲ഒമാൻ: അൽ ശബാബ് റൗണ്ട്എബൗട്ട് എക്സിറ്റ് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി.
✒️അൽ ഖൗദിലെ അൽ ശബാബ് റൗണ്ട്എബൗട്ട് എക്സിറ്റ് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു. സെപ്റ്റംബർ 25-ന് വൈകീട്ടാണ് മസ്കറ്റ് മുൻസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.
അൽ ഖൗദിൽ അൽ ശബാബ് സ്ട്രീറ്റിൽ നിന്ന് അൽ ബറാകത്ത് സ്ട്രീറ്റിലേക്ക് യാത്ര ചെയ്യുന്നതിനുള്ള എക്സിറ്റാണ് ഇത്തരത്തിൽ അടച്ചിടുന്നത്. സെപ്റ്റംബർ 25 മുതൽ ഈ തീരുമാനം നടപ്പിലാക്കിയതായും, ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഈ തീരുമാനം തുടരുമെന്നും മുൻസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്.
ഈ മേഖലയിലെ ട്രാഫിക് തിരക്ക് ഒഴിവാക്കുന്നത് സംബന്ധിച്ച പഠനങ്ങൾക്കായാണ് ഈ റൗണ്ട്എബൗട്ട് എക്സിറ്റ് അടച്ചിടുന്നത്.
🇴🇲അനധികൃത മൽസ്യബന്ധനം; ഒമാനിൽ 18 വിദേശികളെ പിടികൂടി.
✒️ഒമാനിൽ അനധികൃത മൽസ്യബന്ധനം നടത്തിയ 18 വിദേശികളെ പിടികൂടി. ബോട്ടും ഒരു ചാക്ക് കൊഞ്ചും അധികൃതർ പിടിച്ചെടുത്തു. ഗുരുതരനിയമലംഘനമാണ് നടത്തിയതെന്ന് അധികൃതർ അറിയിച്ചു.
🇶🇦ഖത്തറില്‍ ഇന്ന് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചത് 40 പേര്‍ക്ക് മാത്രം; വീണ്ടും കോവിഡ് മരണം.
✒️ഖത്തറില്‍ ഇന്ന് 67 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 27 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. 40 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 24 മണിക്കൂറിനിടെ 125 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 2,34,259 ആയി. രാജ്യത്ത് ഇന്ന് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 81 വയസ്സുകാരനാണ് മരിച്ചത്. ആകെ കോവിഡ് മരണം 605.
1,434 പേരാണ് ഖത്തറില്‍ നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. 18 പേര്‍ ഐസിയുവില്‍ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആരെയും ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടില്ല. പുതുതായി 4 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 61 പേര്‍ നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,454 ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് വാകസിനേഷന്‍ കാംപയിന്‍ ആരംഭിച്ചതിനു ശേഷം 46,92,503 ഡോസ് വാക്‌സിനുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. രാജ്യത്തെ മൊത്തം ജനങ്ങളില്‍ 81.3 ശതമാനം പേര്‍ പൂര്‍ണമായും വാക്സിനെടുത്തു.
🇶🇦ഖത്തര്‍ ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് 30ന്.
✒️ദോഹ: ഖത്തറിലെ ഇന്ത്യന്‍ പ്രവാസികളുടെ അടിയന്തര ലേബര്‍, കോണ്‍സുലാര്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന ഓപ്പണ്‍ ഹൗസ് സപ്തംബര്‍ 30ന് നടക്കും. ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തലും മറ്റു എംബസി ഉദ്യോഗസ്ഥരും പങ്കെടുക്കും.
ഓണ്‍ലൈനായും ഓഫ്‌ലൈനായും ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാം. വൈകുന്നേരം 3 മണി മുതല്‍ 4 മണി വരെ നേരിട്ടും 4 മണി മുതല്‍ 5 മണി വരെ ഫോണിലൂടെയോ സൂമിലൂടെയോ പങ്കെടുക്കാവുന്നതാണ്. സൂമില്‍ 830 1392 4063 എന്ന മീറ്റിംഗ് ഐഡിയും 121800 എന്ന പാസ്വേഡും ഉപയോഗിച്ചാണ് ലോഗിന്‍ ചെയ്യേണ്ടത്.
ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് : 30952526 എന്ന നമ്പറിലോ labour.doha@mea.gov.in എന്ന ഈ മെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
🇶🇦ഡ്രൈവിങ് പഠിക്കാന്‍ എളുപ്പമുള്ള രണ്ടാമത്തെ രാജ്യമെന്ന പ്രശസ്തി സ്വന്തമാക്കി ഖത്തർ.
✒️ഡ്രൈവിങ് പഠിക്കാന്‍ എളുപ്പമുള്ള രണ്ടാമത്തെ രാജ്യമെന്ന പ്രശസ്തി സ്വന്തമാക്കി ഖത്തർ. 10 ല്‍ 7.39 പോയിന്റ് നേടിയാണ് ഖത്തർ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. അതേസമയം ഈ രംഗത്ത് ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ആറാമത്തെ രാജ്യമായി കുവൈത്ത് പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ‘സോട്ടോബിയുടെ’ ഗവേഷണ ഏജന്‍സി പുറത്തിറക്കിയ കണക്കുകള്‍ പ്രകാരമാണ് സ്ഥാനനിർണ്ണയം.
മെക്‌സിക്കോയാണ് ഒന്നാം സ്ഥാനത്ത്. ഒമാന്‍ സുല്‍ത്താനേറ്റ് 22-ാം സ്ഥാനത്തും ലാത്വിയ ഡ്രൈവിംഗ് വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മൂന്നാം സ്ഥാനത്തും അമേരിക്ക നാലാം സ്ഥാനത്തും കാനഡ അഞ്ചാം സ്ഥാനത്തും ആണ്. ഡ്രൈവിംഗ് പഠന മേഖലയിലെ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ക്രൊയേഷ്യയാണ് ഒന്നാം സ്ഥാനത്ത്. ഡ്രൈവിംഗ് വിദ്യാഭ്യാസത്തിനായി ലോകത്തിലെ ഏറ്റവും ആക്‌സസ് ചെയ്യാവുന്ന രാജ്യങ്ങളുടെ വര്‍ഗ്ഗീകരണത്തില്‍ തുര്‍ക്കി 17-ാം സ്ഥാനത്തും ചൈന ഏറ്റവും എളുപ്പമുള്ള രാഷ്ട്രങ്ങളുടെ പട്ടികയില്‍ 21-ാം സ്ഥാനത്തും ഉൾപ്പെട്ടിട്ടുണ്ട്.
🇶🇦ഖത്തറിലെ യാത്രാ മാര്‍ഗങ്ങളെല്ലാം ഒറ്റ ഫ്രെയിമില്‍, 'സില'യുമായി ഗതാഗത മന്ത്രാലയം.
✒️ഖത്തറിനകത്തെ മുഴുവന്‍ യാത്രാ മാര്‍ഗങ്ങളും ഒറ്റ നെറ്റ്വര്‍ക്കിലേക്ക് ബന്ധിപ്പിച്ച് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ പുതിയ ഡിജിറ്റല്‍ സംവിധാനമാണ് 'സില'. മൊബൈല്‍ ആപ്പും വെബ്സൈറ്റുമെല്ലാം കൂടിയതാണ് സില നെറ്റ്വര്‍ക്ക്. ദോഹ മെട്രോ, മുവാസലാത്ത് ബസ്, കര്‍വ ടാക്സി, ട്രാം തുടങ്ങി സര്‍വീസുകളെല്ലാം സില വഴി ആളുകള്‍ക്ക് ഉപയോഗിക്കാം. ഖത്തര്‍ റെയില്‍വെയ്സ്, മുവാസലാത്ത്, ഖത്തര്‍ ഫൌണ്ടേഷന്‍, മുഷൈരിബ് പ്രോപ്പര്‍ട്ടീസ് തുടങ്ങി വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് പുതിയ നെറ്റ്വര്‍ക്ക് ആവിഷ്കരിച്ചിരിക്കുന്നത്. അടുത്തയാഴ്ച്ചയോടെ സിലയുടെ ആപ്പ് പുറത്തിറങ്ങും. ഖത്തറില്‍ യാത്രക്കാരന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഏറ്റവും വേഗത്തിലും എളുപ്പത്തിലും എത്താനുതകുന്ന മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കാന്‍ സില ആപ്പ് നിങ്ങളെ സഹായിക്കും. യാത്രക്കാരന് ഏറ്റവുമടുത്ത് ലഭ്യമാകുന്ന പൊതുയാത്രാ സംവിധാനങ്ങള്‍ അതായത് ഏറ്റവുമടുത്തുള്ള മെട്രോ സ്റ്റേഷന്‍, ബസ് സ്റ്റോപ്പ്, മെട്രോ ട്രെയിന്‍ ടൈം ടേബിള്‍, ബസ് സമയം, എളുപ്പത്തിലുള്ള റൂട്ടുകള്‍ തുടങ്ങിയവയെല്ലാം ആപ്പ് വഴി കണ്ടെത്താം.
സില എന്ന അറബി പദത്തിന്‍റെ അര്‍ത്ഥം ബന്ധിപ്പിക്കുന്നത് എന്നാണ്. ജനങ്ങളുടെ ജോലി, കുടുംബം, സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ തമ്മില്‍ ബന്ധിപ്പിക്കാന്‍ സ്മാര്‍ട്ടും സ്ഥിരതയോടെയുമുള്ള യാത്രാ മാര്‍ഗങ്ങളൊരുക്കുകയാണ് സിലയുടെ ലക്ഷ്യമെന്ന് MOTC സാങ്കേതിക വിഭാഗം ഡയറക്ടര്‍ ശൈഖ് മുഹമ്മദ് ബിന്‍ ഖാലിദ് അല്‍ത്താനി പറഞ്ഞു. പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ മുഴുവന്‍ സര്‍വീസുകള്‍ക്കുമുള്ള പണമടച്ച് ടിക്കറ്റെടുക്കാന്‍ കഴിയുന്ന സേവനവും സില വഴി ലഭ്യമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.


0 Comments