Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ ലൈവ് ന്യൂസ്‌ ഗൾഫ് വാർത്തകൾ

🇸🇦സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ചവരിൽ 72 പേർ കൂടി സുഖം പ്രാപിച്ചു.

🇧🇭ബഹ്റൈനില്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസിന് അംഗീകാരം.

🇰🇼നിയമലംഘകര്‍ക്കായി വ്യാപക പരിശോധന; 36 പ്രവാസികള്‍ അറസ്റ്റില്‍.

🇦🇪ടിക് ടോകിലൂടെ യുവതിയെ അപമാനിച്ചു; യുഎഇയില്‍ 27കാരന്‍ അറസ്റ്റില്‍.

🇦🇪യുഎഇയില്‍ 329 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് മൂന്ന് മരണം.

🇴🇲ഒമാനില്‍ 39 പേര്‍ക്ക് കൂടി കൊവിഡ്, 426 രോഗമുക്തര്‍.

🚔ലൈസന്‍സില്ലാതെ സാമ്പത്തിക ഇടപാടും നിക്ഷേപവും; പ്രവാസി അറസ്റ്റില്‍, പണവും കാറുകളും പിടിച്ചെടുത്തു.

🇸🇦കാറില്‍ രഹസ്യ അറയുണ്ടാക്കി ലഹരിമരുന്ന് ഒളിപ്പിച്ചു; പിടിച്ചെടുത്തത് വന്‍ ഹാഷിഷ് ശേഖരം.

🇸🇦മൂന്ന് മിനിറ്റ് വെടിക്കെട്ട് ഉള്‍പ്പെടെ നിരവധി പരിപാടികള്‍; സൗദി ദേശീയ ദിനം ആഘോഷമാക്കാന്‍ യുഎഇയും.

🇦🇪യുഎഇയില്‍ ഈ ആറ് സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമില്ലെന്ന് അധികൃതര്‍.

🇶🇦കൊവിഡ് നിയമലംഘനം; ഖത്തറില്‍ 239 പേര്‍ക്കെതിരെ കൂടി നടപടി.

🇸🇦ഒരു വർഷത്തിനിടെ സൗദി അറേബ്യയിൽ മാത്രം തൊഴില്‍ നഷ്ടമായത് അഞ്ചര ലക്ഷം പ്രവാസികൾക്ക്.

🇸🇦സൗദിയിലേക്കുള്ള ടൂറിസ്റ്റ് വിസകളുടെ കാലാവധി നീട്ടാൻ രാജാവിന്റെ ഉത്തരവ്.

🇦🇪എക്സ്പോ 2020 ദുബായ്: സന്ദർശകരെ സ്വീകരിക്കാൻ ഇന്ത്യൻ പവലിയൻ ഔദ്യോഗികമായി ഒരുങ്ങി.

🇴🇲ഒമാൻ: വിദേശത്തുള്ള പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റുകൾ തൊഴിലുടമയ്ക്ക് പുതുക്കാമെന്ന് സുപ്രീം കമ്മിറ്റി.

🇴🇲ഒമാൻ: രാജ്യത്തെ പള്ളികളിൽ നാളെ മുതൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ പുനരാരംഭിക്കും.

🇸🇦ഭിക്ഷാടനം ഒരുലക്ഷം റിയാൽ പിഴയും, ഒരു വർഷത്തെ തടവും ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് സൗദി അധികൃതർ.


വാർത്തകൾ വിശദമായി

🇸🇦സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ചവരിൽ 72 പേർ കൂടി സുഖം പ്രാപിച്ചു.

✒️സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരിൽ 72 പേർ കൂടി സുഖം പ്രാപിച്ചു. 24 മണിക്കൂറിനിടെ പുതുതായി 57 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി അഞ്ചു പേർ മരിച്ചെന്നും സൗദി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. 

രാജ്യത്ത് ഇന്ന് 51,621 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. 5,46,792 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആകെ 5,35,783 പേർ രോഗമുക്തരായി. 8,684 ആണ് രാജ്യത്തെ ആകെ മരണസംഖ്യ. 2,325 പേർ രോഗബാധിതരായി ചികിത്സയിലുണ്ട്. 279 പേർ ഗുരുതരാവസ്ഥയിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. 

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനം. 1.6 ശതമാനമാണ് മരണനിരക്ക്. രാജ്യത്തെ വിവിധ മേഖലകളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട രോഗികളുടെ എണ്ണം: റിയാദ് 19, മക്ക 11, കിഴക്കൻ പ്രവിശ്യ 6, മദീന 6, ജീസാൻ 3, അസീർ 3, അൽഖസീം 2, നജ്റാൻ 2, തബൂക്ക് 2, ഹായിൽ 1, അൽജൗഫ് 1, വടക്കൻ അതിർത്തി മേഖല 1. രാജ്യത്ത് ഇതുവരെ കൊവിഡ് വാക്സിനേഷൻ 41,288,515 ഡോസ് കവിഞ്ഞു.

🇧🇭ബഹ്റൈനില്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസിന് അംഗീകാരം.

✒️ബഹ്റൈനില്‍ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് കൊവിഡ് വാക്സിന്റെ (Covid vaccine) ബൂസ്റ്റര്‍ ഡോസ് (Booster dose) നല്‍കാനുള്ള തീരുമാനത്തിന് നാഷണല്‍ മെഡിക്കല്‍ ടാസ്ക് ഫോഴ്‍സിന്റെ (Medical task force) അംഗീകാരം. നേരത്തെ ഗവണ്‍മെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയും ബൂസ്റ്റര്‍ ഡോസിന് അംഗീകാരം നല്‍കിയിരുന്നു.

ഫൈസര്‍ ബയോഎന്‍ടെക്, ആസ്‍ട്രസെനിക (കൊവിഷീല്‍ഡ്), സ്‍പുട്‍നിക് എന്നീ വാക്സിനുകളുടെ രണ്ടാം ഡോസ് എടുത്ത ശേഷം ആറ് മാസം പൂര്‍ത്തിയായവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുക. ബൂസ്റ്റര്‍ ഡോസായി ഫൈസര്‍ - ബയോഎന്‍ടെക് വാക്സിനോ അല്ലെങ്കില്‍ രണ്ടാം ഡോസായി സ്വീകരിച്ച അതേ വാക്സിനോ തെരഞ്ഞെടുക്കാം. ഇതിന് പുറമെ 18 മുതല്‍ 39 വയസ് വരെ പ്രായമുള്ളവരില്‍ സിനോഫാം വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചവര്‍ക്ക് മൂന്ന് മാസത്തിന് ശേഷം ബൂസ്റ്റര്‍ ഡോസ് നല്‍കാനും അനുമതി നല്‍കിയിട്ടുണ്ട്. നേരത്തെ ഇത് ആറ് മാസത്തിന് ശേഷമെന്നായിരുന്നു ശുപാര്‍ശ.

ഫൈസര്‍ വാക്സിന്റെ ഒന്നാം ഡോസ് സ്വീകരിച്ച ശേഷം കൊവിഡ് ബാധിച്ച് രോഗമുക്തരായവര്‍ക്ക് രണ്ടാം ഡോസ് നല്‍കാനും അനുമതി നല്‍കിയിട്ടുണ്ട്. കൊവിഡ് ബാധിച്ച് രോഗമുക്തരായവര്‍ക്ക് അസുഖം ബാധിച്ച തീയ്യതി മുതല്‍ മൂന്ന് മാസം കഴിയുമ്പോള്‍ വാക്സിനെടുക്കാമെന്നും 12 മാസങ്ങള്‍ക്ക് ശേഷം ബൂസ്റ്റര്‍ ഡോസെടുക്കാമെന്നും അറിയിച്ചിട്ടുണ്ട്. വാക്സിനെടുക്കാനും ബൂസ്റ്റര്‍ ഡോസ് എടുക്കാനും ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‍സൈറ്റായ healthalert.gov.bh വഴിയോ അല്ലെങ്കില്‍ BeAware ആപ്ലിക്കേഷന്‍ വഴിയോ രജിസ്റ്റര്‍ ചെയ്യാം.

🇰🇼നിയമലംഘകര്‍ക്കായി വ്യാപക പരിശോധന; 36 പ്രവാസികള്‍ അറസ്റ്റില്‍.

✒️താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്യുന്ന പ്രവാസികളെ കണ്ടെത്താന്‍ കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ അധികൃതര്‍ പരിശോധന തുടരുന്നു. ഹവല്ലിയില്‍ അപ്രീതിക്ഷിതമായി നടത്തിയ പരിശോധനയില്‍ 35 നിയമലംഘകരെ അറസ്റ്റ് ചെയ്‍തു. ഇവരില്‍ രണ്ട് പേരില്‍ നിന്ന് മയക്കുമരുന്ന് കണ്ടെടുക്കുകയും ചെയ്‍തു. ഇവര്‍ രണ്ട് പേരും നേരത്തെ നടന്ന മോഷണക്കേസുകളിലെ പ്രതികളുമാണ്.

പിടിയിലായവരില്‍ ഏഴ് പേര്‍ സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവരായിരുന്നു. മറ്റുള്ളവര്‍ താമസ നിയമങ്ങള്‍ ലംഘിച്ച് അനധികൃതമായി കുവൈത്തില്‍ തങ്ങിയിരുന്നവരും. മുനിസിപ്പാലിറ്റിയിലെയും പൊലീസിലെയും നിരവധി ഉദ്യോഗസ്ഥര്‍ പരിശോധനകളില്‍ പങ്കെടുത്തു. നിയമംലംഘിച്ച് രാജ്യത്ത് തുടരുന്നവര്‍ക്ക് രേഖകള്‍ ശരിയാക്കാനും അല്ലെങ്കില്‍ നിയമനടപടികള്‍ ഒഴിവാക്കി രാജ്യം വിടാനും നേരത്തെ അധികൃതര്‍ സമയം നല്‍കിയിരുന്നു. സമയപരിധി അവസാനിച്ചതിന് പിന്നാലെ കര്‍ശന പരിശോധനകളാണ് നടത്തുന്നത്. പിടിക്കപ്പെടുന്നവരെ നാടുകടത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

🇦🇪ടിക് ടോകിലൂടെ യുവതിയെ അപമാനിച്ചു; യുഎഇയില്‍ 27കാരന്‍ അറസ്റ്റില്‍.

✒️ടിക് ടോകിലൂടെ (Tik Tok) യുവതിയെ അപമാനിച്ച സംഭവത്തില്‍ പരാതിയെ തുടര്‍ന്ന് 27 വയസുകാരന്‍ അറസ്റ്റിലായി. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന പെണ്‍കുട്ടിക്ക് നേരെ ഇയാള്‍ ഭീഷണി മുഴക്കുകയായിരുന്നു. യുവതി ഷാര്‍ജ പബ്ലിക് പ്രോസിക്യൂഷനില്‍ (Sharjah Public Prosecution) പരാതി നല്‍കിയതോടെ ഇയാള്‍ക്തെിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ 24 മണിക്കൂറിനകം തന്നെ യുവാവ് അറസ്റ്റിലായി. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗം കടുത്ത നിയമനടപടികള്‍ ക്ഷണിച്ചുവരുത്തുമെന്ന് ഷാര്‍ജ പൊലീസ് മുന്നറിയിപ്പ് നല്‍കി. സാമൂഹിക മാധ്യമങ്ങിലൂടെയോ മറ്റേതെങ്കിലും ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെയോ ഒരു വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതും എന്തെങ്കിലുമൊരു പ്രവൃത്തി ചെയ്യാനോ ചെയ്യാതിരിക്കാനോ നിര്‍ബന്ധിക്കുന്നതും യുഎഇയിലെ നിയമ പ്രകാരം കുറ്റകരമാണ്. രണ്ട് വര്‍ഷം  ജയില്‍ ശിക്ഷയും രണ്ടര ലക്ഷം ദിര്‍ഹം മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. വലിയ കുറ്റകൃതങ്ങളാണെങ്കില്‍ ജയില്‍ ശിക്ഷ 10 വര്‍ഷമായി വര്‍ദ്ധിക്കുകയും ചെയ്യും.

🇦🇪യുഎഇയില്‍ 329 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് മൂന്ന് മരണം.

✒️യുഎഇയില്‍ (UAE) പുതിയതായി 329 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ (Covid-19) സ്ഥിരീകരിച്ചു. ഇന്ന് 401 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മൂന്ന് പേരാണ് മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,82,897 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ  7,33,972 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,26,035 പേര്‍ രോഗമുക്തരാവുകയും 2,083 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 5,854 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

🇴🇲ഒമാനില്‍ 39 പേര്‍ക്ക് കൂടി കൊവിഡ്, 426 രോഗമുക്തര്‍.

✒️ഒമാനില്‍ 39 പേര്‍ക്ക് കൂടി കൊവിഡ്(covid ) വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം(health ministry) അറിയിച്ചു. കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 426 പേര്‍ കൂടി രോഗമുക്തി(covid recoveries) നേടി.

രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,035,51 ആയി. ആകെ രോഗികളില്‍  2,95,168 പേരും രോഗമുക്തരായി. 97.2 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. ആകെ 4,093 പേര്‍ക്ക് ഒമാനില്‍ കൊവിഡ് കാരണം ജീവന്‍ നഷ്ടമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ ഏഴ് കൊവിഡ് രോഗികളെ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്. ഇവരുള്‍പ്പെടെ ആകെ 50 പേരാണ് ഒമാനിലെ ആശുപത്രികളില്‍ കഴിയുന്നത്. ഇവരില്‍ 23 പേരുടെ നില ഗുരുതരമാണ്.

🚔ലൈസന്‍സില്ലാതെ സാമ്പത്തിക ഇടപാടും നിക്ഷേപവും; പ്രവാസി അറസ്റ്റില്‍, പണവും കാറുകളും പിടിച്ചെടുത്തു.

✒️ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് ലൈസന്‍സ്( license) നേടാതെ സാമ്പത്തിക ഇടപാടുകളും(financial activities) നിക്ഷേപവും നടത്തിയ പ്രവാസി ഖത്തറില്‍ അറസ്റ്റില്‍. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ വിഭാഗത്തിലെ സാമ്പത്തിക-ഇലക്ട്രോണിക് കുറ്റകൃത്യ പ്രതിരോധ വകുപ്പാണ് ഏഷ്യക്കാരനായ പ്രതിയ അറസ്റ്റ് ചെയ്തത്.

പ്രതിയുടെ താമസസ്ഥലത്ത് പരിശോധന നടത്തിയ അധികൃതര്‍ ആഢംബര കാറുകള്‍, ബൈക്കുകള്‍, ഖത്തര്‍ റിയാല്‍, വിദേശ കറന്‍സികള്‍, മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവ പിടിച്ചെടുത്തു.

ചോദ്യം ചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തി. ലൈസന്‍സില്ലാതെയുള്ള സാമ്പത്തിക ഇടപാട്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചാര്‍ത്തി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

🇸🇦കാറില്‍ രഹസ്യ അറയുണ്ടാക്കി ലഹരിമരുന്ന് ഒളിപ്പിച്ചു; പിടിച്ചെടുത്തത് വന്‍ ഹാഷിഷ് ശേഖരം.

✒️സൗദി അറേബ്യയിലെ(Saudi Arabia) ജിസാനില്‍ വന്‍ ലഹരിമരുന്ന്(narcotics) വേട്ട. 196 കിലോഗ്രാം ഹാഷിഷുമായി( hashish) സ്വദേശി അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയ അധികൃതര്‍ അറിയിച്ചു. 

കാറിനുള്ളിലെ രഹസ്യ അറയിലാണ് 40കാരനായ പൗരന്‍ ലഹരിമരുന്ന് ഒളിപ്പിച്ചത്. ഇതിന് പുറമെ ലഹരിമരുന്നുണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഖാട്ട് എന്ന ചെടിയും ലൈസന്‍സില്ലാത്ത ഒരു തോക്കും ആറ് വെടിയുണ്ടകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തതായി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. പിടികൂടിയ പ്രതി കസ്റ്റഡിയിലാണ്. വിചാരണ നടപടികള്‍ക്കായി ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറും.

🇸🇦മൂന്ന് മിനിറ്റ് വെടിക്കെട്ട് ഉള്‍പ്പെടെ നിരവധി പരിപാടികള്‍; സൗദി ദേശീയ ദിനം ആഘോഷമാക്കാന്‍ യുഎഇയും.

✒️സൗദി അറേബ്യയുടെ 91-ാം ദേശീയ ദിനത്തില്‍(Saudi National Day) യുഎഇയിലും വിപുലമായ ആഘോഷ പരിപാടികള്‍. മൂന്ന് മിനിറ്റ് വെടിക്കെട്ട് ഉള്‍പ്പെടെ നിരവധി പരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായി യുഎഇയില്‍(UAE) ഒരുക്കിയിട്ടുണ്ട്. ബുര്‍ജ് ഖലീഫ(Burj Khalifa )യിലടക്കം രാജ്യത്തെ പ്രധാന കേന്ദ്രങ്ങള്‍ സൗദി ദേശീയ പതാകയുടെ നിറമണിയും.

രാത്രി എട്ടു മണിക്കാണ് ബുര്‍ജ് ഖലീഫയില്‍ സൗദി ദേശീയ പതാക പ്രദര്‍ശിപ്പിക്കുക. ദുബൈ ഫൗണ്ടനിലും പ്രത്യേക പരിപാടി ക്രമീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ പാം ഫൗണ്ടനില്‍ എട്ടു മണി മുതല്‍ ഓരോ മണിക്കൂറിലും പ്രത്യേക ഷോ ഉണ്ടാകും. മ്യൂസിയം ഓഫ് ദ ഫ്യൂച്ചര്‍, സ്‌കൈ ദുബൈ എന്നിവിടങ്ങള്‍ പച്ച നിറമണിയും.

സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് ദുബൈ ഡോള്‍ഫിനേറിയത്തില്‍ ഡോള്‍ഫിന്‍ ആന്‍ഡ് സീല്‍ ഷോ കാണുന്നതിനുള്ള ടിക്കറ്റ് നിരക്കില്‍ സെപ്തംബര്‍ 23 മുതല്‍ 25 വരെ 50 ശതമാനം ഇളവുണ്ട്. ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കാന്‍ ഉപഭോക്താക്കള്‍ DTCM50 എന്ന പ്രൊമോ കോഡ് ഉപയോഗിക്കുക.

യുഎഇ ഭരണാധികാരികള്‍ സൗദിക്ക് ദേശീയ ദിനാശംസകള്‍ നേര്‍ന്നു. സൗദി ദേശീയ ദിനം പ്രിയപ്പെട്ടതാണെന്നും സാഹോദര്യം പുതുക്കുന്ന അവസരമാണെന്നും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററില്‍ കുറിച്ചു.

🇦🇪യുഎഇയില്‍ ഈ ആറ് സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമില്ലെന്ന് അധികൃതര്‍.

✒️യുഎഇയില്‍ കൊവിഡ്(covid) കേസുകള്‍ കുറഞ്ഞതോടെ നിയന്ത്രണങ്ങളില്‍ ഇളവ്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക്(mask) നിര്‍ബന്ധമല്ലാത്ത സാഹചര്യങ്ങള്‍ ദേശീയ അടിയന്തര ദുരന്ത നിവാരണ അതോറിറ്റി ബുധനാഴ്ച പ്രഖ്യാപിച്ചു.

പൊതുസ്ഥലങ്ങളില്‍ വ്യായമം ചെയ്യുമ്പോള്‍, ഒരേ വീട്ടിലെ അംഗങ്ങള്‍ സ്വകാര്യവാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍, നീന്തല്‍ക്കുളങ്ങളിലും ബീച്ചുകളിലും അടച്ചിട്ട സ്ഥലങ്ങളില്‍ ഒറ്റയ്ക്കുള്ളപ്പോള്‍, സലൂണുകളിലും ബ്യൂട്ടി സെന്ററുകളിലും, മെഡിക്കല്‍ സെന്ററുകളില്‍ എന്നീ സാഹചര്യങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

🇶🇦കൊവിഡ് നിയമലംഘനം; ഖത്തറില്‍ 239 പേര്‍ക്കെതിരെ കൂടി നടപടി.

✒️ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കി. നിയമം ലംഘിച്ച 239 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 236 പേരും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിനാണ് നടപടി നേരിട്ടത്. 

മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് രണ്ടുപേരെയും ക്വാറന്റീന്‍ നിയമം പാലിക്കാതിരുന്നതിന് ഒരാളെയും പിടികൂടി. എല്ലാവരെയും തുടര്‍നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

രാജ്യത്ത് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരൊഴികെ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക.

🇸🇦ഒരു വർഷത്തിനിടെ സൗദി അറേബ്യയിൽ മാത്രം തൊഴില്‍ നഷ്ടമായത് അഞ്ചര ലക്ഷം പ്രവാസികൾക്ക്.

✒️സൗദി അറേബ്യിയിലെ (Saudi Arabia) സ്വകാര്യ മേഖലയില്‍ ഒരു വര്‍ഷത്തിനിടെ അഞ്ചര ലക്ഷത്തിലേറെ വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. വിദേശ തൊഴിലാളികളുടെ എണ്ണം 8.52 ശതമാനം തോതില്‍ ഒരു കൊല്ലത്തിനിടെ കുറഞ്ഞു.

കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തിനും ഈ വര്‍ഷം രണ്ടാം പാദത്തിനും ഇടയില്‍ 5,71,333 വിദേശികള്‍ക്കാണ് സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ ജോലി നഷ്ടപ്പെട്ടത്. ഇക്കഴിഞ്ഞ ജൂണ്‍ അവസാനത്തെ കണക്കുകള്‍ പ്രകാരം സ്വകാര്യ മേഖലകളില്‍ ആകെ വിദേശ തൊഴിലാളികള്‍ 61,35,126 ആണ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ അവസാനത്തില്‍ സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികള്‍ 67,06,459 ആയിരുന്നു. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് കണക്കുകള്‍ പ്രകാരം ഒരു വര്‍ഷത്തിനിടെ സ്വകാര്യ മേഖലയിലെ ആകെ ജീവനക്കാരുടെ എണ്ണത്തില്‍ 4,74,382 പേരുടെ കുറവുണ്ടായി. ആകെ ജീവനക്കാരുടെ എണ്ണം 5.46 ശതമാനം തോതിലാണ് കുറഞ്ഞത്.

🇸🇦സൗദിയിലേക്കുള്ള ടൂറിസ്റ്റ് വിസകളുടെ കാലാവധി നീട്ടാൻ രാജാവിന്റെ ഉത്തരവ്.

✒️സൗദി അറേബ്യയിലേക്ക് (audi Arabia) വരാനായി ടൂറിസ്റ്റ് വിസയെടുക്കുകയും (Tourist Visa) കൊവിഡ് പ്രതിസന്ധി കാരണം വരാന്‍ സാധിക്കാതെ വിസ കാലാവധി അവസാനിക്കുകയും ചെയ്തവര്‍ക്ക് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ കാരുണ്യം. 2021 മാര്‍ച്ച് 24 ന് മുമ്പ് വിവിധ രാജ്യങ്ങളില്‍ നിന്ന് ഇഷ്യു ചെയ്ത് ഉപയോഗിക്കാത്ത എല്ലാ വിസകളും നീട്ടി നല്‍കാനാണ് രാജാവ് നിര്‍ദേശിച്ചത്.

ഇതനുസരിച്ച് വിസകളുടെ കാലാവധി ദീര്‍ഘിപ്പിച്ചതായി സൗദി വിദേശകാര്യമന്ത്രാലയം അറിയിച്ചു. വിസ കാലാവധി ദീര്‍ഘിപ്പിച്ച വിവരം വിസ കോപ്പി സഹിതം എല്ലാവരെയും ഇമെയില്‍ വഴി അറിയിക്കും.

🇦🇪എക്സ്പോ 2020 ദുബായ്: സന്ദർശകരെ സ്വീകരിക്കാൻ ഇന്ത്യൻ പവലിയൻ ഔദ്യോഗികമായി ഒരുങ്ങി.

✒️എക്സ്പോ 2020 ദുബായ് വേദിയിലെ ഇന്ത്യൻ പവലിയൻ സന്ദർശകരെ സ്വീകരിക്കാൻ ഔദ്യോഗികമായി ഒരുങ്ങി. 2021 സെപ്റ്റംബർ 22, ബുധനാഴ്ച്ച നടന്ന പ്രത്യേക ചടങ്ങിൽ യു എ ഇയിലെ ഇന്ത്യൻ അംബാസഡർ H.E. പവൻ കപൂർ ഇന്ത്യൻ പവലിയൻ ഔദ്യോഗികമായി അനാവരണം ചെയ്തു.

ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം, സാങ്കേതിക രംഗത്തെ നേട്ടങ്ങൾ എന്നിവ എടുത്ത് കാട്ടുന്ന രീതിയിലാണ് എക്സ്പോ വേദിയിലെ ഇന്ത്യൻ പവലിയൻ നിർമ്മിച്ചിരിക്കുന്നത്. ലോക എക്സ്പോ വേദിയിലെത്തുന്ന ദശലക്ഷക്കണക്കിന് സന്ദർശകരെ സ്വീകരിക്കാൻ ഇന്ത്യൻ പവലിയൻ പൂർണ്ണസജ്ജമായതായി അംബാസഡർ പ്രത്യേക പത്രസമ്മേളനത്തിൽ വ്യക്തമാക്കി. നൂതനമായ രൂപകല്പന, നിരവധിയായ കലാപരിപാടികൾ, പ്രത്യേക ചടങ്ങുകൾ എന്നിവയാൽ സന്ദർശകർക്ക് മറക്കാനാകാത്ത ഒരു അനുഭവം സൃഷ്ടിക്കുന്നതിനായി ഇന്ത്യൻ പവലിയൻ ഒരുങ്ങിയതായി അദ്ദേഹം വ്യക്തമാക്കി.

വിവിധ വർണ്ണങ്ങളിലുള്ള 600 ബ്ലോക്കുകളാൽ നവീനമായ രീതിയിൽ നിർമ്മിച്ചിട്ടുള്ള ചലിക്കുന്ന മുഖപ്പ് ഇന്ത്യൻ പവലിയന്റെ പ്രത്യേകതയാണ്. ഒരു അച്ചുതണ്ടിൽ കറങ്ങുന്ന രീതിയിൽ തയ്യാറാക്കിയിട്ടുള്ള ഈ ബ്ലോക്കുകൾ ചിത്രവേല പോലെ വിവിധ പ്രമേയങ്ങൾ പ്രദർശിപ്പിക്കുന്നു. ഇന്ത്യ മുന്നോട്ട് കുതിക്കുന്നു എന്ന ആശയത്തിലൂന്നിയാണ് ഈ പവലിയനു രൂപം നൽകിയിരിക്കുന്നത്.

ഇന്ത്യയുടെ പ്രാചീന ചരിത്രം, പുരാതന നിർമ്മിതികൾ, സാംസ്‌കാരിക ചിഹ്നങ്ങൾ എന്നിവ എടുത്ത് കാട്ടുന്ന രീതിയിലാണ് ഇന്ത്യൻ പവലിയൻ രൂപകൽപന ചെയ്തിരിക്കുന്നത്. ഏതാണ്ട് 4614 സ്‌ക്വയർ മീറ്റർ വിസ്തൃതിയുള്ള ഇന്ത്യൻ പവലിയൻ ഇതുവരെയുള്ള അന്താരാഷ്ട്ര പ്രദർശനങ്ങളിൽ ഇന്ത്യയുടെ ഏറ്റവും വലിയ പവലിയനാണ്.

ഇന്ത്യൻ പവലിയനിലെ സ്റ്റാർട്ടപ്പുകളുടെ വിഭാഗം ഇന്ത്യയിലെ ഏതാണ്ട് അമ്പതിനായിരത്തിൽ പരം സ്റ്റാർട്ടപ്പ് സ്ഥാപനങ്ങൾക്ക് നിക്ഷേപകരെ കണ്ടെത്തുന്നതിനുള്ള അവസരമൊരുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ ഇന്നോവേഷൻ ഹബ് എന്ന പേരിൽ ഇന്ത്യൻ പവലിയനിൽ പ്രത്യേകം ഒരുക്കിയിട്ടുള്ള വേദി, രാജ്യത്തെ കുശാഗ്രബുദ്ധികളായവർക്ക് ആഗോളതലത്തിലുള്ള സമാനരീതിയിലുള്ളവരുമായി സംവദിക്കുന്നതിന് അവസരമൊരുക്കുന്നതാണ്.

എക്സ്പോ 2020 ദുബായ് നടക്കുന്ന കാലയളവിൽ ഇന്ത്യൻ പവലിയനിൽ ഒരുക്കിയിട്ടുള്ള വിവിധ പരിപാടികളുടെ വിവരങ്ങൾ https://indiaexpo2020.com/schedule എന്ന വിലാസത്തിൽ ലഭ്യമാണ്. https://indiaexpo2020.com/21st_September_India_Events_Calendar.pdf എന്ന വിലാസത്തിൽ നിന്ന് ഇത് പി ഡി എഫ് രൂപത്തിൽ ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്.

🇴🇲ഒമാൻ: വിദേശത്തുള്ള പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റുകൾ തൊഴിലുടമയ്ക്ക് പുതുക്കാമെന്ന് സുപ്രീം കമ്മിറ്റി.

✒️നിലവിൽ ഒമാനിന് പുറത്തുള്ള പ്രവാസി തൊഴിലാളികളുടെ കാലാവധി അവസാനിച്ച വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിന് തൊഴിലുടമയ്ക്ക് അനുമതി നൽകാൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി വ്യക്തമാക്കി. കൊറോണ വൈറസ് സാഹചര്യത്തിൽ ഉടലെടുത്തിട്ടുള്ള യാത്രാ വിലക്കുകളും, മറ്റു ബുദ്ധിമുട്ടുകളും മൂലം ഒമാനിന് പുറത്ത് കുടുങ്ങികിടക്കുന്ന പ്രവാസി തൊഴിലാളികൾക്ക് ഈ തീരുമാനം സഹായകമാകുന്നതാണ്.

2020 ജൂൺ 1 മുതൽ 2021 ഡിസംബർ 31 വരെയുള്ള കാലയളവിൽ ഇത്തരം തൊഴിലാളികളുടെ കാലാവധി അവസാനിച്ച വർക്ക് പെർമിറ്റുകളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴതുകകൾ ഒഴിവാക്കുന്നതിനും സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. സെപ്റ്റംബർ 22-ന് വൈകീട്ടാണ് സുപ്രീം കമ്മിറ്റി ഇക്കാര്യം അറിയിച്ചത്.

രാജ്യത്തെ സ്വകാര്യ മേഖലയിലെ ചെറുകിട ഇടത്തരം സംരംഭകർക്ക് നിലവിലെ പ്രതിസന്ധികൾ മറികടക്കുന്നതിനും, അവരുടെ പ്രവർത്തനങ്ങളിൽ കൂടുതൽ സുസ്ഥിരമായ പുരോഗതി ഉറപ്പാക്കുന്നതിനും സഹായിക്കുന്ന ഏതാനം തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് സുപ്രീം കമ്മിറ്റി ഇക്കാര്യം അറിയിച്ചത്. ഒമാനിലെ സ്വകാര്യ മേഖലയിൽ കൊറോണ വൈറസ് പശ്ചാത്തലത്തിൽ രൂപപ്പെട്ട പ്രതിസന്ധികൾ കൃത്യമായി വിലയിരുത്തിയ ശേഷമാണ് സുപ്രീം കമ്മിറ്റി ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

ഈ തീരുമാനത്തിന്റെ ഭാഗമായി ചെറുകിട ഇടത്തരം മേഖലയുമായി ബന്ധപ്പെട്ട് ഏതാനം ഇളവുകളും, പിഴതുകകൾ ഒഴിവാക്കുന്നതിനുള്ള തീരുമാനങ്ങളും സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്.

🇴🇲ഒമാൻ: രാജ്യത്തെ പള്ളികളിൽ നാളെ മുതൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ പുനരാരംഭിക്കും.

✒️രാജ്യത്തെ ഏതാണ്ട് മുന്നൂറ്റിയറുപത് പള്ളികളിൽ നാളെ (2021 സെപ്റ്റംബർ 24) മുതൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ പുനരാരംഭിക്കുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് റിലീജിയസ് ആൻഡ് എൻഡോവ്മെന്റ് അഫയേഴ്‌സ് അറിയിച്ചു. സെപ്റ്റംബർ 24 മുതൽ രാജ്യത്തെ പള്ളികൾ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്കായി തുറന്ന് കൊടുക്കാനുള്ള ഒമാൻ സുപ്രീം കമ്മിറ്റിയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

സെപ്റ്റംബർ 23-നാണ് മന്ത്രാലയം ഈ അറിയിപ്പ് നൽകിയത്. ഓൺലൈൻ പോർട്ടലിലൂടെ പെർമിറ്റുകൾ അപേക്ഷിക്കുന്നവർക്ക് പള്ളികളിലേക്ക് പ്രവേശനം അനുവദിക്കുന്ന രീതിയിലാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്. ഒമാനിൽ ഏതാണ്ട് 360 പള്ളികൾക്കാണ് വെള്ളിയാഴ്ച്ച പ്രാർത്ഥന പുനരാരംഭിക്കുന്നതിന് അനുമതി നൽകിയിട്ടുള്ളത്.

വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്കായുള്ള ഓൺലൈൻ പെർമിറ്റുകൾക്കായുള്ള അപേക്ഷകൾ https://www.mara.gov.om/arabic/jmah_form.aspx എന്ന വിലാസത്തിലൂടെ സമർപ്പിക്കാവുന്നതാണ്. 2020 മാർച്ച് പകുതി മുതൽ ഒമാനിൽ പള്ളികളിൽ നിന്നുള്ള വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്ക് അനുമതി നൽകിയിരുന്നില്ല.

സെപ്റ്റംബർ 24 മുതൽ രാജ്യത്തെ പള്ളികൾ നിന്നുള്ള വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ പുനരാരംഭിക്കുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് റിലീജിയസ് ആൻഡ് എൻഡോവ്മെന്റ് അഫയേഴ്‌സ് സെപ്റ്റംബർ 19-ന് അറിയിച്ചിരുന്നു. കർശനമായ COVID-19 മുൻകരുതൽ നിബന്ധനകളോടെയാണ് പള്ളികളിൽ പ്രാർത്ഥനകൾ അനുവദിക്കുന്നത്. COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമാണ് ഇത്തരത്തിൽ പ്രവേശനം അനുവദിക്കുന്നത്.

🇸🇦ഭിക്ഷാടനം ഒരുലക്ഷം റിയാൽ പിഴയും, ഒരു വർഷത്തെ തടവും ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് സൗദി അധികൃതർ.

✒️രാജ്യത്ത് ഭിക്ഷാടനം ഒരുലക്ഷം റിയാൽ പിഴയും, പരമാവധി ഒരു വർഷത്തെ തടവും ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് സൗദി അധികൃതർ മുന്നറിയിപ്പ് നൽകി. സൗദി മന്ത്രിസഭ അംഗീകരിച്ചിട്ടുള്ള ഭിക്ഷാടന നിരോധന നിയമപ്രകാരം രാജ്യത്ത് ഭിക്ഷാടനത്തിൽ ഏർപ്പെടുന്നവർക്ക് കനത്ത ശിക്ഷ നേരിടേണ്ടി വരുന്നതാണ്.

ഈ നിയമത്തിലെ അഞ്ചാമത്തെ ആർട്ടിക്കിളിൽ ഭിക്ഷാടനത്തിൽ ഏർപ്പെടുന്നവർക്കുള്ള ശിക്ഷാനടപടികൾ വ്യക്തമാക്കിയിട്ടുണ്ട്. ഈ നിയമ പ്രകാരം, ഭിക്ഷാടനത്തിൽ ഏർപ്പെടുന്നതും, യാചകവൃത്തിക്കായി ആളുകളെ ഏർപ്പെടുത്തുന്നതും, പ്രോത്സാഹിപ്പിക്കുന്നതും, യാചകരുടെ ഒരു സംഘത്തെ നിലനിർത്തുന്നതും ഇത്തരം ശിക്ഷാനടപടികൾ നേരിടേണ്ടി വരാവുന്ന കുറ്റകൃത്യമായി കണക്കാക്കുന്നതാണ്. ഇത്തരം പ്രവർത്തികൾക്ക് ഒരു വർഷത്തെ തടവും, ഒരു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണ്.

ഭിക്ഷാടനം പ്രോത്സാഹിപ്പിക്കുന്നവർക്കും, ഇത്തരം പ്രവർത്തികൾക്ക് ആവശ്യമായ സഹായങ്ങൾ ഒരുക്കുന്നവർക്കും ആറ് മാസം വരെ തടവും, 50000 റിയാൽ പിഴയും ലഭിക്കാവുന്നതാണ്. ഇത്തരത്തിൽ പിടിക്കപ്പെടുന്നവർ വിദേശികളാണെങ്കിൽ ഇവർക്ക് മറ്റു ശിക്ഷാ നടപടികൾ ചുമത്തിയ ശേഷം നാടുകടത്തൽ ഉൾപ്പടെയുള്ള നടപടികൾ നേരിടേണ്ടിവരാവുന്നതാണ്. ഇത്തരക്കാർക്ക് സൗദിയിലേക്ക് തിരികെ പ്രവേശിക്കുന്നതിന് അനുമതിയുണ്ടായിരിക്കില്ല.

സൗദി ആഭ്യന്തര മന്ത്രാലയമാണ് ഭിക്ഷാടനത്തിനെതിരായ നടപടികളുടെ ചുമതല നിർവഹിക്കുന്നത്.

Post a Comment

0 Comments