Ticker

6/recent/ticker-posts

Header Ads Widget

വലയിട്ട് പരിചരിച്ചിട്ടും നിപയിൽ കുരുങ്ങി റമ്പൂട്ടാൻ

കോഴിക്കോട്ട് വീണ്ടും നിപ മരണം സ്ഥിരീകരിച്ചതോടെ റമ്പൂട്ടാന് വിപണിയിൽ അയിത്തം. കഴിഞ്ഞദിവസം മരിച്ച കുട്ടിക്ക് നിപ ബാധയുണ്ടായത് വവ്വാലിന്റെ സ്രവംപുരണ്ട റമ്പൂട്ടാൻ കഴിച്ചതിലൂടെയാണെന്ന് സംശയമുയർന്നതോടെയാണ് റമ്പൂട്ടാൻ വിപണിയിൽനിന്ന് ഔട്ടായത്. വഴിവക്കിലും പഴക്കടകളിലുമെല്ലാം യഥേഷ്ടം വിൽപ്പന നടന്നിരുന്ന റമ്പൂട്ടാൻ ആർക്കും വേണ്ടാതായി.

ഒരാഴ്ചമുമ്പുവരെ വിപണിയിൽ സജീവമായിരുന്നു റമ്പൂട്ടാൻ. വിളവെടുപ്പുകാലം തുടങ്ങിയപ്പോൾമുതൽ കർഷകന് മികച്ച വിലയും കിട്ടിത്തുടങ്ങിയിരുന്നു. കിലോയ്ക്ക് 250-300 രൂപവരെ വിപണിയിൽ വിലയുണ്ടായിരുന്ന പഴമാണ് ഒറ്റയടിക്ക് അപ്രത്യക്ഷമായത്.

വിദേശത്തുനിന്നെത്തി ഇവിടെ വ്യാപകമായ പഴങ്ങളിൽ മാങ്കോസ്റ്റിൻ, ഫുലോസാൻ, ഡ്രാഗൺഫ്രൂട്ട് എന്നിവയ്ക്കും ഡിമാൻഡ്‌ കുറഞ്ഞു. കയറ്റുമതിക്ക് നല്ല സാധ്യതയുണ്ടായിരുന്ന വെണ്ണപ്പഴത്തിനും ഇതേസ്ഥിതിയായി. ഡൽഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലേക്കെല്ലാം കയറ്റി അയച്ചുകൊണ്ടിരുന്ന ഇവയിപ്പോൾ വിൽക്കാൻ പറ്റുന്നില്ല. കേരളത്തിൽ നിപ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മറ്റുള്ള പഴങ്ങൾപോലും വാങ്ങാൻ മടിക്കുന്നത്.

റമ്പൂട്ടാൻ മരത്തിലോ കായ്കളിലോ ഒരു കാരണവശാലും വവ്വാലിന്റെ സാന്നിധ്യമുണ്ടാകാറില്ലെന്ന് മൂന്നുപതിറ്റാണ്ടായി ഈരംഗത്തുളള മേപ്പാടി ഒന്നാംമൈലിലെ കർഷകൻ കുരുവിള ജോസഫ് പറയുന്നു. 60 റമ്പൂട്ടാൻ മരങ്ങളും 800 മാങ്കോസ്റ്റിൻ മരങ്ങളും പരിപാലിക്കുന്ന കർഷകനാണ് ഇദ്ദേഹം. റമ്പൂട്ടാന്റെ തൊലിയുടെ പുറത്ത് മുളളു പോലെയായതിനാൽ വവ്വാലുകൾ അടുത്തുവരില്ലെന്ന് ഇദ്ദേഹം പറയുന്നു. മുള്ളുപോലുളള ഭാഗത്ത് തട്ടി ചിറകുകൾ മുറിയുമെന്ന ഭയംകൊണ്ട് ഇവ വരില്ല. ഇത്തരത്തിലുളള ജീവികളെ നിരീക്ഷിക്കാൻ അർധരാത്രിവരെ കൃഷിയിടത്തിൽ കാത്തിരിക്കാറുണ്ട്. മറ്റു പഴവർഗങ്ങളിലെല്ലാം വവ്വാലിന്റെ ശല്യമുണ്ടാകും. എന്നാൽ, റമ്പൂട്ടാനിൽ വരില്ലെന്നും അദ്ദേഹം പറയുന്നു.

*സീസൺ തുടങ്ങി, കഷ്ടകാലവും.*

വയനാട്ടിൽ വിളയുന്ന പഴവർഗങ്ങൾക്ക് മെട്രോനഗരങ്ങളിൽ വലിയ ഡിമാൻഡുണ്ട്. മികച്ച ഗുണമേൻമയുള്ളത് എന്ന ലേബലിലാണ് ഇവ കയറ്റുമതി ചെയ്യപ്പെടുന്നത്. ഇപ്പോൾ വിളവെടുപ്പ് തുടങ്ങിയ സമയമാണ്.

നിപ സ്ഥിരീകരിച്ചതോടെ സ്ഥിരം ഉപഭോക്താക്കൾ വരെ രോഗംവരുമോ എന്ന ആശങ്ക പ്രകടിപ്പിക്കുകയാണെന്ന് കുരുവിള പറയുന്നു. മൂന്നുപതിറ്റാണ്ടായി ഈ രംഗത്തുള്ളതിനാൽ വയനാട്ടിലെ ഒട്ടേറെ കർഷകരെ കൃഷിചെയ്യാൻ പ്രോത്സാഹനം നൽകി. കാപ്പിക്കൊപ്പം ഇടവിളയായി കൃഷിചെയ്താൽ മികച്ചവരുമാനം കിട്ടുമെന്ന് കണ്ടതോടെ കുറേപ്പേർ പരീക്ഷിച്ചു. ഈ സീസണിൽ കിലോയ്ക്ക് 275 രൂപവരെ ഇവർക്ക് ലഭിച്ചിരുന്നു. എന്നാൽ, പഴം എന്നുകേട്ടാൽ നിപ സംശയം പ്രകടിപ്പിക്കാൻ തുടങ്ങിയതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഇവർ.

Post a Comment

0 Comments