ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകളില്‍ പൊതുഗതാഗതം നിയന്ത്രിക്കാന്‍ കളക്ടർ നിര്‍ദ്ദേശം.
കോഴിക്കോട് ജില്ലയിൽ തിങ്കളാഴ്ച മുതൽ കടകൾ തുറക്കുമെന്ന് വ്യാപാരികൾ. ജില്ലയിൽ കണ്ടെയിൻമെന്റ് സോണുകൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും സ്ഥാപനങ്ങൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീൻ പറഞ്ഞു.
സംസ്ഥാനത്ത് കൊവിഡ് വ്യാപനക്കണക്കിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ കണ്ടെയ്ൻമെൻറ് സോണുകൾ തീരുമാനിച്ചതോടെ ഭൂരിഭാഗം പ്രദേശങ്ങളിലും കടകൾ അടഞ്ഞുകിടക്കുന്ന സാഹചര്യമാണുള്ളത്.
കടകൾ തുറക്കാൻ അനുവദിക്കാത്തതിനാൽ കഴിഞ്ഞ മാസം കോഴിക്കോട് മിഠായിത്തെരുവിൽ വ്യാപാരികൾ പ്രതിഷേധിച്ചിരുന്നു. പിന്നീട് സർക്കാരുമായി നടത്തിയ ചർച്ചയിൽ ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ കടകൾ തുറക്കാൻ അനുമതി നൽകുകയായിരുന്നു.
അതേസമയം കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ പ്രദേശങ്ങളിലൂടെയും കണ്ടെയിന്‍മെന്റ് സോണുകളിലൂടെയുമുള്ള പൊതു ഗതാഗത സംവിധാനങ്ങള്‍ക്ക് നിശ്ചിത കാലയളവിലേക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ച് ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി ഉത്തരവിറക്കി.
നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളില്‍നിന്നും അകത്തേക്കോ പുറത്തേക്കോ ഉള്ള യാത്ര നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍, ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍, കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ എന്നിവരെ 2005 ലെ ദുരന്തനിവാരണ നിമയമം സെക്ഷന്‍ 26&34 പ്രകാരം ചുമതലപ്പെടുത്തിയാണ് ഉത്തരവിട്ടത്.
പ്രതിവാര രോഗവ്യാപന തോതിന്റെ (ഡബ്ല്യുഐപിആര്‍) അടിസ്ഥാനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള പ്രദേശങ്ങളിലെ ദേശീയ പാതകളിലൂടെയും സംസ്ഥാന പാതകളിലൂടെയും കടന്നുപോകുന്ന ബസ്സുകളും മറ്റു പൊതുവാഹനങ്ങളും ഈ പ്രദേശങ്ങളില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റാനോ ഇറക്കാനോ പാടില്ല. ഇക്കാര്യം കര്‍ശനമായി നടപ്പാക്കാനും ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കിക്കാനുമാണ് നിര്‍ദ്ദേശം.
ഡബ്ല്യുഐപിആര്‍ അടിസ്ഥാനത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ പ്രദേശങ്ങളില്‍നിന്നോ കണ്ടെയിന്‍മെന്റ് സോണുകളില്‍നിന്നോ യാത്ര ആരംഭിക്കുന്ന ബസ്സുകള്‍ ഈ പ്രദേശങ്ങളിലൂടെയുളള യാത്ര ഒഴിവാക്കി തൊട്ടടുത്ത പ്രദേശങ്ങളില്‍നിന്ന് യാത്ര ആരംഭിക്കുകയും അവിടെത്തന്നെ യാത്ര അവസാനിപ്പിക്കുകയും ചെയ്യണം.
0 Comments