ഇന്ത്യയുടെ ആരോഗ്യ സൗകര്യങ്ങളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ ശേഷിയുള്ള ഏകീകൃത ഡിജിറ്റൽ ആരോഗ്യസംവിധാനത്തിന് തുടക്കം കുറിച്ച് ഇന്ത്യ.
പദ്ധതി പ്രകാരം ഓരോ ഇന്ത്യൻ പൗരനും ഹെൽത്ത് ഐഡി കാർഡ് ലഭിക്കും. ആ വ്യക്തിയുമായി ബന്ധപ്പെട്ട എല്ലാ ആരോഗ്യ വിവരങ്ങളും ഹെൽത്ത് ഐഡി കാർഡിൽ ലഭ്യമായിരിക്കും.
എന്താണ് ദേശീയ ഡിജിറ്റൽ ആരോഗ്യ സംവിധാനം?
14 അക്ക തിരിച്ചറിയൽ നമ്പറിലൂടെ വ്യക്തികളുടെ ആരോഗ്യവിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിച്ചുവെക്കുകയാണ് ഈ പദ്ധതി പ്രകാരം ചെയ്യുന്നത്. എല്ലാ പൗരന്മാർക്കും 14 അക്ക ആരോഗ്യ തിരിച്ചറിയൽ നമ്പറും, പിഎച്ച്ആർ അഡ്രസ്സും ലഭ്യമാകും. ഓരോ പൗരന്റെയും ആരോഗ്യവുമായി ബന്ധപ്പെട്ട സമ്പൂർണ വിവരങ്ങൾ ഇതിൽ അടങ്ങിയിരിക്കും. ഇതുവഴി സാർവത്രിക ആരോഗ്യപരിരക്ഷ, ചികിത്സാസഹായങ്ങൾ എന്നിവ കുറ്റമറ്റ രീതിയിൽ നടപ്പാക്കാൻ കഴിയും. കൺസെന്റ് മാനേജ്മെന്റിന് വേണ്ടിയാണ് പിഎച്ച്ആർ അഡ്രസ്സ്.
എങ്ങനെ രജിസ്റ്റർ ചെയ്യാം?
ഹെൽത്ത് ഐഡി വെബ് പോർട്ടലിൽ പോയി സ്വയം രജിസ്റ്റർ ചെയ്യുകയോ, ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് എബിഡിഎം ഹെൽത്ത് റെക്കോഡ്സ് ആപ്പ് ഡൗൺലോഡ് ചെയ്തോ ഐഡി രജിസ്റ്റർ ചെയ്യാം.
മൊബൈൽ നമ്പർ, ആധാർ നമ്പർ തുടങ്ങിയവ ഉപയോഗിച്ച് ഗുണഭോക്താവിന്റെ ആരോഗ്യവിവരങ്ങൾ https://healthid.ndhm.gov.in/എന്ന വെബ് സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം.
https://healthid.ndhm.gov.in/ വെബ്സൈറ്റ് സന്ദർശിക്കുക.
Health ID സെക്ഷനിലെ Create Health ID Nowവിൽ ക്ലിക്ക് ചെയ്യുക
നിങ്ങൾക്ക് മുന്നിൽ തുറന്നുവരുന്ന പുതിയ പേജിൽ മൂന്ന് ഓപ്ഷനുകൾ കാണാം.
🔰ആധാർകാർഡ് ഉപയോഗിച്ച ഹെൽത്ത് ഐഡി ജനറേറ്റ് ചെയ്യുക (Create via Aadhaar)
🔰എനിക്ക് ആധാറില്ല, ആധാർ ഉപയോഗിച്ച് ഹെൽത്ത് ഐഡി ഉണ്ടാക്കാൻ താല്പര്യപ്പെടുന്നില്ല. ഇവിടെ ക്ലിക്ക് ചെയ്യുക(I don't have Aadhaar/ I don't want to use my Aadhaar for creating Health ID. Click Here)
നിലവിൽ ഹെൽത്ത് ഐഡി ഉണ്ടോ?ലോഗിൻ ചെയ്യൂ (Already have a Health ID ? Login)
ആധാർ കാർഡ് ഉപയോഗിച്ചാണ് ഡിജിറ്റൽ ഹെൽത്ത് ഐഡി ക്രിയേറ്റ് ചെയ്യുന്നതെങ്കിൽ ആദ്യ ഒപ്ഷനിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ 12 അക്ക ആധാർ നമ്പർ നൽകാം. അല്ലെങ്കിൽ രണ്ടാമത്തെ ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് മൊബൈൽ നമ്പർ ഉപയോഗിച്ച് ഹെൽത്ത് ഐഡി ക്രിയേറ്റ് ചെയ്യാം.
ആധാർ ഉപയോഗിച്ച് ഹെൽത്ത് ഐഡി ക്രിയേറ്റ് ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ആധാർ മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ഒടിപി വെരിഫിക്കേഷൻ ഉളളതാണ്.
പേര്, ജനനത്തീയതി, ലിംഗം, വിലാസം, മൊബൈൽ നമ്പർ, ചിത്രം തുടങ്ങി വ്യക്തിയുടെ അടിസ്ഥാന വിവരങ്ങളാണ് രജിസ്ട്രേഷനായി ചോദിക്കുന്നത്. രജിസ്ട്രേഷൻ പൂർത്തിയാകുന്നതോടെ വെർച്വൽ ഹെൽത്ത് ഐഡി ഡൗൺലോഡ് ചെയ്തെടുക്കാം.
ആധാറല്ലാതെ മറ്റു തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാനാകുമോ?
നിലവിൽ ആധാർ അടിസ്ഥാനമാക്കിയുളള രജിസ്ട്രേഷൻ ആണ് ഉളളത്. താമസിയാതെ പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയ രേഖകൾ ഉപയോഗിച്ച് ഐഡി ക്രിയേറ്റ് ചെയ്യാനുളള സംവിധാനം ആരംഭിക്കും.
പാസ്വേഡ് മറന്നാൽ
മൊബൈൽ ഒടിപി, ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപി എന്നിവ ഉപയോഗിച്ച് നിങ്ങൾക്ക് ലോഗിൻ ചെയ്യാം. തുടർന്ന് പുതിയ പാസ് വേഡ് പുനഃക്രമീകരിക്കാം.
പരാതികൾക്ക് ബന്ധപ്പെടാം
ലഭ്യമാകുന്ന വിവരങ്ങൾ
രോഗി ഏതുഡോക്ടറെയാണ് കണ്ടത്, ഏതുമരുന്നാണ് കഴിക്കുന്നത്, ഏതെല്ലാം പരിശോധനകൾ നടത്തി, രോഗനിർണയം തുടങ്ങി ഒരു വ്യക്തിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇലക്ട്രോണിക് രൂപത്തിൽ സൂക്ഷിച്ചുവെക്കുന്നു. രോഗിയുടെ ചികിത്സാചരിത്രത്തിന്റെ ഡിജിറ്റൽ പതിപ്പും സൂക്ഷിക്കുന്നു. രോഗി താമസം മാറുകയാണെങ്കിലും പുതിയ ഡോക്ടറെ കാണുകയാണെങ്കിലും ആ വ്യക്തിയുടെ ആരോഗ്യ ചരിത്രം പൂർണമായും ഹെൽത്ത് ഐഡിയിലൂടെ ലഭ്യമാകും. രാജ്യത്തെ ആശുപത്രികൾ, ക്ലിനിക്കുകൾ, ലബോറട്ടറികൾ, ഫാർമസികൾ തുടങ്ങിയവ ഉൾപ്പെടുത്തി ഡേറ്റാബാങ്ക് പോലയാണ് ഇതിന്റെ പ്രവർത്തനം.
ഈ സംവിധാനത്തിലൂടെ ഓരോ പൗരനും ഡിജിറ്റൽ ഹെൽത്ത് ഐ.ഡി. ലഭിക്കും. ആരോഗ്യ വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ സംരക്ഷിക്കപ്പെടും. ദൗത്യം രാജ്യത്തെ ആശുപത്രികളുടെ ഡിജിറ്റൽ ആരോഗ്യസംവിധാനങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യും.130 കോടി ആധാർ നമ്പറുകൾ, 118 കോടി മൊബൈൽ നമ്പറുകൾ, 80 കോടി ഇന്റർനെറ്റ് കണക്ഷൻ, 43 കോടി ജൻധൻ ബാങ്ക് അക്കൗണ്ടുകൾ എന്നിവ ഉപയോഗിക്കുന്ന രാജ്യം ലോകത്ത് വേറെയില്ല.
കോവിഡ് വ്യാപനം തടയുന്നതിന് ആരോഗ്യ സേതു ആപ്ലിക്കേഷൻ ഏറെ സഹായിച്ചു. 90 കോടി വാക്സിൻ ഡോസുകൾ എന്ന റെക്കോഡ് നേട്ടത്തിൽ എത്തുന്നതിന് 'കോ-വിൻ' വലിയ പങ്കുവഹിച്ചു. ടെലിമെഡിസിനും മുമ്പെങ്ങുമില്ലാത്തവിധം വികസിച്ചു. ഇ-സഞ്ജീവനി വഴി ഇതുവരെ വിദൂരമേഖലകളിൽനിന്നുള്ള 125 കോടിയോളം പരിശോധനകൾ പൂർത്തിയാക്കി. ആയുഷ്മാൻ ഭാരത്-പി.എം.ജെ.എ.വൈ. വഴി രണ്ടുകോടിയിലധികം പേർ സൗജന്യ ചികിത്സാസൗകര്യം പ്രയോജനപ്പെടുത്തി. അതിൽ പകുതിയും സ്ത്രീകളാണ്. കുടുംബങ്ങളെ ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്കു തള്ളിവിടുന്ന പ്രധാന കാരണമാണ് രോഗം. കുടുംബങ്ങളിലെ സ്ത്രീകളാണ് ഏറ്റവും കൂടുതൽ കഷ്ടതയനുഭവിക്കുന്നത്. സാമ്പത്തികപ്രശ്നം കാരണം അവർ അവരുടെ ആരോഗ്യപ്രശ്നങ്ങൾ മാറ്റിവെക്കുകയാണ്. - പ്രധാനമന്ത്രി പറഞ്ഞു.
രോഗിയുടെ അനുവാദമില്ലാതെ വിവരങ്ങൾ കൈമാറില്ല.
രോഗിയുടെ സമ്മതത്തോടെ മാത്രമേ രേഖാകൈമാറ്റം നടത്താനാകൂ. രോഗിയുടെ അനുവാദം ലഭിക്കുകയാണെങ്കിൽ രേഖകൾ വേഗത്തിൽ ലഭ്യമാക്കാൻ സാധിക്കും. എത്ര സമയം ഇത് ലഭ്യമാകണമെന്നുളളതും രോഗിക്ക് തീരുമാനിക്കാം. ഇക്കാരണങ്ങളാൽ എല്ലാ രേഖകളും സുരക്ഷിതമായിരിക്കും.
നിലവിൽ രജിസ്റ്റർ ചെയ്തതിന് ശേഷം ഐഡി നീക്കം ചെയ്യണമെന്ന് ഒരു വ്യക്തിക്ക് തോന്നുണ്ടെങ്കിൽ ഉപയോക്താവിന് ഐഡി പൂർണമായും നീക്കം ചെയ്യുന്നതിന് സാധിക്കും.
ഗുണങ്ങൾ
ഗുണഭോക്താവിന് സർക്കാർ അംഗീകൃത വിശ്വാസ്യതയുള്ള സ്ഥാപനങ്ങൾ തിരഞ്ഞെടുക്കാം ,മൊബൈൽ ലൊക്കേഷൻ അനുസരിച്ച് സ്ഥാപനങ്ങൾ എളുപ്പത്തിൽ കണ്ടെത്താം, പേപ്പർ രഹിത ഡിജിറ്റൽ ആരോഗ്യരേഖകളുടെ ലഭ്യത, ആരോഗ്യ ഇൻഷുറൻസ് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാകും തുടങ്ങി നിരവധി ഗുണങ്ങളാണ് ഇതുമൂലം ലഭ്യമാകുക.
എല്ലാവർക്കും ഹെൽത്ത് ഐഡി ലഭ്യമാകുമോ?
എൻഡിഎച്ച്എമ്മിന് കീഴിലുളള ഹെൽത്ത് ഐഡി തികച്ചും സൗജന്യമാണ്. ഒരു വ്യക്തിയുടെ താല്പര്യപ്രകാരം മാത്രം ചെയ്താൽ മതിയാകും.
ഇത്തരത്തിലുളള ലോകത്തെ ആദ്യ സംരംഭമോ?
2005-ൽ യുകെയിലെ നാഷണൽ ഹെൽത്ത് സർവീസ് 'ഇലക്ട്രോണിക് ഹെൽത്ത് റെക്കോർഡ്'സംവിധാനത്തിന് തുടക്കിമിട്ടിരുന്നു. 2010 ആകുന്നതോടെ എല്ലാ വരെയും ഈ കേന്ദ്രീകൃത ഇലക്ട്രോണിക് റെക്കോർഡ്സിൽ ഉൾപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഇതിന്റെ ഭാഗമായി നിരവധി ആശുപത്രികൾക്ക് ഇലക്ട്രോണിക് പേഷ്യന്റ് റെക്കോർഡ്സ് ലഭിക്കുകയും ചെയ്തു. എന്നാൽ 12 ബില്യൺ യൂറോയിൽ കൂടുതൽ നികുതിദായകന് ബാധ്യത സൃഷ്ടിച്ചതോടെ പദ്ധതി തകർന്നു. ഏറ്റവും ചെലവേറിയ ഹെൽത്ത്കെയർ ഐടി പരാജയമായാണ് ഇതിനെ വിലയിരുത്തുന്നത്.
സ്വാതന്ത്ര്യ ദിനത്തിലെ പ്രഖ്യാപനം
2020 ഓഗസ്റ്റ് 15ന് ചെങ്കോട്ടയിൽ വെച്ച് നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഡിജിറ്റൽ ആരോഗ്യ പദ്ധതി പ്രഖ്യാപിക്കുന്നത്. പൂർണമായും സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുളള സംരംഭം ആരോഗ്യ മേഖലയിൽ വിപ്ലവം സൃഷ്ടിക്കുന്നതാണെന്നാണ് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്. പദ്ധതി രാജ്യത്തെ ആരോഗ്യ സേവനങ്ങളുടെ കാര്യക്ഷമത, ഫലപ്രാപ്തി, സുതാര്യത എന്നിവ മെച്ചപ്പെടുത്തുമെന്നാണ് സർക്കാർ പ്രതീക്ഷ. ചുരുക്കത്തിൽ ആരോഗ്യമേഖലയിലെ സേവനങ്ങൾ ഒരു കുടക്കീഴിൽ അണിനിരത്തുകയാണ് ലക്ഷ്യം. 2018-ലാണ് നിതി ആയോഗ് ഇതുസംബന്ധിച്ച പ്രൊപ്പോസൽ മുന്നോട്ടുവെയ്ക്കുന്നത്.
പൈലറ്റ് ലോഞ്ച് 6 സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിൽ
ഓഗസ്റ്റ് 25ന് 6 സംസ്ഥാന-കേന്ദ്ര ഭരണപ്രദേശങ്ങളിൽ പൈലറ്റ് അടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കിയിരുന്നു.
0 Comments