Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ ലൈവ് ന്യൂസ്‌ ഗൾഫ് വാർത്തകൾ

🇸🇦സൗദിയില്‍ 44 പേര്‍ക്ക് കൊവിഡ്, മൂന്ന് മരണം.

🇰🇼കുവൈത്തിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റിന് പ്രോസസിങ് ഫീസ് മാത്രം: അംബാസഡര്‍.

🇴🇲ഒമാനില്‍ ഇന്ധന വില വര്‍ധിക്കും.

🇦🇪ബിഗ് ടിക്കറ്റിലൂടെ പ്രവാസി ഇന്ത്യക്കാരന് ഒരു കോടി രൂപയുടെ സമ്മാനം.

🇴🇲ഒമാനില്‍ കൊവിഡ് മരണങ്ങളില്ലാത്ത ദിനം; ഇന്ന് 31 പുതിയ രോഗികള്‍.

🇦🇪യുഎഇയില്‍ 265 പേര്‍ക്ക് കൂടി കൊവിഡ്, രണ്ടു മരണം.

🛫നോര്‍ക്ക തിരുവനന്തപുരം സെന്ററിൽ സർട്ടിഫിക്കറ്റ് അറ്റ്‌സ്‌റ്റേഷന്‍ ഇല്ല.

🇦🇪യുഎഇയില്‍ അഞ്ച് വര്‍ഷം കാലാവധിയുള്ള സന്ദര്‍ശക വിസകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം; നിബന്ധനകള്‍ ഇങ്ങനെ:

🇦🇪എക്‌സ്‌പോ 2020: സ്വിസ് പവലിയനിൽ വൈകാരിക 'പ്രതിഫലനങ്ങൾ'.

🇦🇪യുഎഇയില്‍ ചില ഉപഭോക്താക്കള്‍ക്ക് വാട്സ്ആപ് കോളുകള്‍ ലഭ്യമായിത്തുടങ്ങിയെന്ന് റിപ്പോര്‍ട്ട്.

🇦🇪എക്സ്പോ 2020: ഉദ്‌ഘാടന ചടങ്ങ് യു എ ഇയിലുടനീളം തത്സമയം ലഭ്യമാക്കും; കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്നുപ്രയോഗം ഉൾപ്പടെയുള്ള കാഴ്ചകൾ.

🇴🇲ഒമാൻ: പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ലൈസൻസുകളുടെ കാലാവധി ഡിസംബർ 31 വരെ നീട്ടി.

🇶🇦ഖത്തർ: ഒക്ടോബർ 3 മുതൽ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; ചില പൊതു ഇടങ്ങളിൽ മാസ്കുകൾ ഒഴിവാക്കാൻ അനുമതി.

🇶🇦ഖത്തറില്‍ മൂന്ന് വയസ്സുകാരന്‍ കോവിഡ് ബാധിച്ചു മരിച്ചു; 85 പേര്‍ക്ക് കൂടി രോഗ ബാധ.

🇸🇦മക്കയിൽ കോഴിക്കോട് സ്വദേശി കുഴഞ്ഞു വീണ് മരിച്ചു.

വാർത്തകൾ വിശദമായി

🇸🇦സൗദിയില്‍ 44 പേര്‍ക്ക് കൊവിഡ്, മൂന്ന് മരണം.

✒️മൂന്നര കോടി ജനസംഖ്യയുള്ള സൗദി അറേബ്യയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് വെറും 44 പേര്‍ക്ക്. രാജ്യത്താകെ റിപ്പോര്‍ട്ട് ചെയ്തത് മൂന്ന് മരണം മാത്രം. അതേസമയം ചികിത്സയിലുള്ളവരില്‍ 53 പേര്‍ രോഗമുക്തരായി. 24 മണിക്കൂറിനിടെ രാജ്യവ്യാപകമായി 50,644 പി.സി.ആര്‍ പരിശോധനകള്‍ നടന്നു. 5,47,134 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. 

അതില്‍ 5,36,178 പേരും സുഖം പ്രാപിച്ചു. കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് 8,716 പേരാണ്. രോഗബാധിതരില്‍ 212 പേരുടെ ആരോഗ്യനില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. 98 ശതമാനമാണ് രാജ്യത്തെ കൊവിഡ് മുക്തി നിരക്ക്. മരണനിരക്ക് 1.6 ശതമാനവും. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 12, ജിദ്ദ 7, ഖോബാര്‍ 2, മക്ക 2, മറ്റ് 21 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍. രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ 42,051,074 ഡോസ് കവിഞ്ഞു.

🇰🇼കുവൈത്തിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റിന് പ്രോസസിങ് ഫീസ് മാത്രം: അംബാസഡര്‍.

✒️കുവൈത്തിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റിന് പ്രോസസിങ് ഫീസ് അല്ലാതെ ഒരു രൂപ പോലും അധികം നല്‍കരുതെന്ന് ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്. ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റിനായി കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ പ്രത്യേക ഡെസ്‌ക് സ്ഥാപിച്ചതായും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച വൈകിട്ട് എംബസിയില്‍ നടന്ന ഓപ്പണ്‍ ഹൗസില്‍ സംസാരിക്കുകയായിരുന്നു അംബാസഡര്‍. 

റിക്രൂട്ട്‌മെന്റ് ചെയ്യുന്ന സ്ഥാപനത്തെ കുറിച്ച് പഠിച്ച ശേഷം മാത്രമെ എംബസി അനുമതി നല്‍കൂ. കുവൈത്ത് സര്‍ക്കാര്‍ ഏജന്‍സികള്‍ റിക്രൂട്ട്‌മെന്റിന് പണം വാങ്ങുന്നില്ല. പ്രോസസിങ് ഫീസ് ആയി ഇന്ത്യന്‍ സര്‍ക്കാര്‍ നിശ്ചയിച്ചതിനേക്കാള്‍ അധികം പണം ഏജന്‍സികള്‍ക്കോ മറ്റോ കൊടുക്കരുത്. ഏകദേശം 30,000 രൂപയാണ് പ്രോസസിങ് ഫീസായി ഇന്ത്യന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്. അധിക പണം ആരെങ്കിലും വാങ്ങിയാല്‍ അത് തട്ടിപ്പാണ്. അത്തരം കാര്യങ്ങള്‍ എംബസിയെ അറിയിക്കണമെന്നും അംബാസഡര്‍ പറഞ്ഞു. എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ എംബസിയെ നേരിട്ട് അറിയിക്കാം. ഇടനിലക്കാരുടെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമമാണ് എംബസിയുടെ പ്രധാന പരിഗണന. പ്രശ്‌നങ്ങള്‍ അറിയിക്കാനായി 12 വാട്‌സാപ്പ് നമ്പറുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.

🇴🇲ഒമാനില്‍ ഇന്ധന വില വര്‍ധിക്കും.

✒️ഒമാനില്‍ 2021 ഒക്ടോബര്‍ മാസത്തേക്കുള്ള ഇന്ധനവില ദേശീയ സബ്സിഡി കാര്യാലയം പ്രഖ്യാപിച്ചു. എം 91 പെട്രോളിന് 229  ബൈസയും എം 95 പെട്രോളിന് 239  ബൈസയുമാണ്  ലിറ്ററിന് വില.

ഡീസല്‍ വില ലിറ്ററിന് 258 ബൈസയുമായിരിക്കും ഒക്ടോബര്‍ മാസത്തെ വില. സെപ്റ്റംബര്‍ മാസത്തെ വിലയെ അപേക്ഷിച്ച് എം 91 പെട്രോളിന് മൂന്ന്  ബൈസയുടെയും എം 95 പെട്രോളിനു രണ്ട് ബൈസയുടെ വര്‍ധനവുമാണ് ഉണ്ടായിരിക്കുന്നത്. ഡീസലിന് ഒരു ലിറ്ററിന് മുകളില്‍ പതിനൊന്നു ഒമാനി ബൈസയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

🇦🇪ബിഗ് ടിക്കറ്റിലൂടെ പ്രവാസി ഇന്ത്യക്കാരന് ഒരു കോടി രൂപയുടെ സമ്മാനം.

✒️ബിഗ് ടിക്കറ്റ് ലിവ് ഫോര്‍ ഫ്രീ ബൊണാന്‍സ ക്യാമ്പയിന്‍ വഴി വാര്‍ഷിക ബില്ലുകള്‍ അടയ്ക്കുന്നതിനായി 500,000 ദിര്‍ഹം (ഒരു കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരനായ ഷബീര്‍ നസീമ. കഴിഞ്ഞ ആഴ്ചയാണ് അബുദാബി ബിഗ് ടിക്കറ്റ് ഉപഭോക്താക്കള്‍ക്കായി ഏറ്റവും വലിയ ഓഫര്‍ പ്രഖ്യാപിച്ചത്. തെരഞ്ഞെടുക്കപ്പെടുന്ന ഒരു ഭാഗ്യശാലിക്ക് വാര്‍ഷിക ബില്ലുകള്‍ അടയ്ക്കുന്നിതനായി അഞ്ച് ലക്ഷം ദിര്‍ഹം സമ്മാനമായി നല്‍കുന്നതായിരുന്നു ഓഫര്‍.

വിജയിയായ വിവരം അറിയിക്കാന്‍ ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ ഷബീറിനെ വിളിച്ചപ്പോള്‍ ആദ്യം അദ്ദേഹത്തിന് വിശ്വസിക്കാനായില്ല. ഇത് സത്യമാണോയെന്ന് അറിയാനായി ഷബീര്‍ സുഹൃത്തിനെ വിളിച്ചു. വിജയിച്ച വിവരം സുഹൃത്ത് പറഞ്ഞപ്പോള്‍ ഷബീറിന് സന്തോഷം അടക്കാനായില്ല. 

ഇന്ത്യക്കാരനായ ഷബീര്‍ സൗദി അറേബ്യയില്‍ താമസിച്ചുവരികയാണ്. നാട്ടില്‍ അവധിക്ക് പോയിരിക്കുകയാണ് ഇപ്പോള്‍ അദ്ദേഹം. ഇതിനിടെയാണ് സന്തോഷ വാര്‍ത്ത തേടിയെത്തിത്. ഏകദേശം രണ്ടുവര്‍ഷമായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന ഷബീര്‍ സമ്മാനാര്‍ഹമായ ഈ ടിക്കറ്റ് സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് വാങ്ങിയത്.

ഷബീറിനൊപ്പം ടിക്കറ്റ് വാങ്ങിയ സഹപ്രവര്‍ത്തകരില്‍ ചിലരെയും ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ വിളിച്ചിരുന്നു. കൊവിഡ് മൂലം കഴിഞ്ഞ വര്‍ഷം നിരവധി സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും ഈ പണം അതൊക്കെ പരിഹരിക്കാന്‍ ഉപയോഗിക്കുമെന്നും വിജയിയായ ഒരാള്‍ പറഞ്ഞു. മക്കളുടെ വിദ്യാഭ്യാസത്തിനായി സമ്മാനത്തുക മാറ്റിവെക്കുമെന്നാണ് മറ്റൊരാള്‍ പ്രതികരിച്ചത്. ബിഗ് ടിക്കറ്റിന്റെ സുതാര്യത ഇഷ്ടമാണെന്നും ഇതില്‍ പങ്കെടുക്കുന്ന ആര്‍ക്കും വിജയിക്കാനുള്ള അവസരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു കോടി ദിര്‍ഹം ഒന്നാം സമ്മാനവും മറ്റ് ക്യാഷ് പ്രൈസുകളും ലഭിക്കുന്ന ബിഗ് ടിക്കറ്റിന്റെ ഒക്ടോബര്‍ മൂന്നിന് നടക്കുന്ന തത്സമയ നറുക്കെടുപ്പ് കാണുമെന്നും അദ്ദേഹം പറഞ്ഞു.

ബിഗ് ടിക്കറ്റിലൂടെ ഇനി ഷബീറിനും സഹപ്രവര്‍ത്തകര്‍ക്കും കുറേ നാളത്തേക്ക് ബില്ലുകളെപ്പറ്റി ഓര്‍ത്ത് വിഷമിക്കേണ്ടി വരില്ല. നിരവധി സര്‍പ്രൈസ് സമ്മാനങ്ങള്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്ന ബിഗ് ടിക്കറ്റിന്റെ ബിഗ് 10 മില്യന്‍ നറുക്കെടുപ്പിലേക്ക് നിങ്ങള്‍ ടിക്കറ്റുകള്‍ വാങ്ങിയില്ലേ? ഇനി എന്തിന് കാത്തിരിക്കണം? നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ബിഗ് ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങിയാല്‍ മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കും. അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലും അല്‍ഐന്‍ വിമാനത്താവളത്തിലുമുള്ള ബിഗ് ടിക്കറ്റ് സ്റ്റോറുകള്‍ വഴിയോ അല്ലെങ്കില്‍ www.bigticket.ae എന്ന വെബ്‍സൈറ്റ് വഴി ഓണ്‍ലൈനായോ ടിക്കറ്റുകള്‍ സ്വന്തമാക്കാം.  ബിഗ് 10 മില്യന്‍ 232-ാം സീരിസിലെ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ വാങ്ങാനുള്ള അവസാന ദിവസം സെപ്തംബര്‍ 30 ആണ്.

🇴🇲ഒമാനില്‍ കൊവിഡ് മരണങ്ങളില്ലാത്ത ദിനം; ഇന്ന് 31 പുതിയ രോഗികള്‍.

✒️ഒമാനില്‍ 31 പേര്‍ക്ക് പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍പറയുന്നു. അതേസമയം രാജ്യത്ത് പുതിയ കൊവിഡ് മരണങ്ങളൊന്നും രേഖപ്പെടുത്താത്തത് ആശ്വാസകരമായി.

രാജ്യത്ത് ഇതുവരെ 3,03,769 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 2,97,832 പേര്‍ ഇതിനോടകം രോഗമുക്തരായി. ആകെ 4096 പേര്‍ക്കാണ് ഒമാനില്‍ കൊവിഡ് കാരണം ജീവന്‍ നഷ്‍ടമായത്. നിലവിലെ കണക്കുകള്‍ പ്രകാരം 98 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മൂന്ന് പേരെ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്. ഇവര്‍ ഉള്‍പ്പെടെ 30 പേര്‍ മാത്രമാണ് ഇപ്പോള്‍ രാജ്യത്തെ ആശുപത്രികളില്‍ കൊവിഡ് ബാധിതരായി ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 17 പേരുടെ നില ഗുരുതരമാണ്. ഇവരെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി വരികയാണിപ്പോള്‍.

🇦🇪യുഎഇയില്‍ 265 പേര്‍ക്ക് കൂടി കൊവിഡ്, രണ്ടു മരണം.

✒️യുഎഇയില്‍ (United Arab Emirates)പുതിയതായി 265  പേര്‍ക്ക് കൂടി കൊവിഡ് വൈറസ് (Covid - 19) ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 351 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രണ്ടുപേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പുതിയതായി നടത്തിയ 2,91,055 പരിശോധനകളില്‍ നിന്നാണ് പുതിയ കൊവിഡ് രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ  7,35,992 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,28,546 പേര്‍ രോഗമുക്തരായി. 2,097 പേരാണ് രാജ്യത്ത് ആകെമരണപ്പെട്ടത്. നിലവില്‍ 5,349 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്.

🛫നോര്‍ക്ക തിരുവനന്തപുരം സെന്ററിൽ സർട്ടിഫിക്കറ്റ് അറ്റ്‌സ്‌റ്റേഷന്‍ ഇല്ല.

✒️ചില സാങ്കേതിക കാരണങ്ങളാല്‍ നോര്‍ക്ക റൂട്ട്‌സ് (Norka roots) തിരുവനന്തപുരം ഓഫീസിൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ (certificate attestation) ഉണ്ടായിരിക്കില്ല. നോര്‍ക്ക സി.ഇ.ഒയാണ് ഇക്കാര്യം അറിയിച്ചത്.

പ്രവാസി ചിട്ടി നിക്ഷേപം 500 കോടി കവിഞ്ഞു; തുക ഇരട്ടിയായത് 10 മാസം കൊണ്ട്
തിരുവനന്തപുരം: കെ എസ് എഫ് ഇയുടെ  പ്രവാസിചിട്ടിയിലൂടെ കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് സമാഹരിച്ച തുക 500 കോടിയിലെത്തി. കെ എസ് എഫ് ഇ പ്രവാസി ചിട്ടികള്‍ തുടങ്ങി ആദ്യ 250 കോടി രൂപ നിക്ഷേപിക്കാന്‍ 24 മാസം വേണ്ടി വന്നിരുന്നു എന്നാല്‍  അത് 500 കോടിയിലെത്താന്‍ വെറും 10 മാസം മാത്രമേ  വേണ്ടിവന്നുള്ളൂ. നിലവില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ പ്രവാസികളുടെ എണ്ണം 1,13,000 കടന്നു. നിലവില്‍ വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന 1,02,812 പ്രവാസി മലയാളികളും ഇന്ത്യയില്‍ കേരളത്തിന് പുറത്ത് താമസിക്കുന്ന 10,250 പ്രവാസി മലയാളികളും അടക്കം 1,13,062 പേരാണ് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചത്.

🇦🇪യുഎഇയില്‍ അഞ്ച് വര്‍ഷം കാലാവധിയുള്ള സന്ദര്‍ശക വിസകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം; നിബന്ധനകള്‍ ഇങ്ങനെ.

✒️യുഎഇയില്‍ (UAE) അഞ്ച് വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസകള്‍ക്ക് (Multiple entry tourist visa) ഇപ്പോള്‍ അപേക്ഷ നല്‍കാം. എല്ലാ രാജ്യക്കാര്‍ക്കും ഇത്തരം വിസകള്‍ അനുവദിക്കുമെന്ന് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചിട്ടുണ്ട്.

ഒന്നിലധികം തവണ രാജ്യത്ത് പ്രവേശിക്കാനും സ്വന്തം സ്‍പോണ്‍സര്‍ഷിപ്പില്‍ തന്നെ താമസിക്കാനും സാധിക്കുന്നതാണ് പുതിയ ദീര്‍ഘകാല സന്ദര്‍ശക വിസകള്‍. ഓരോ സന്ദര്‍ശനത്തിലും 90 ദിവസം വരെ രാജ്യത്ത് കഴിയാം. ആവശ്യമെങ്കില്‍ ഇത് 90 ദിവസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കുകയും ചെയ്യാം. 560 ദിര്‍ഹമാണ് വിസയ്‍ക്ക് അപേക്ഷിക്കാനായി നല്‍കേണ്ടത്. ഐ.സി.എ വെബ്‍സൈറ്റില്‍ നിന്ന് നേരിട്ട് വിസയ്‍ക്ക് അപേക്ഷിക്കാം. ആവശ്യമായ രേഖകളും നേരിട്ട് വെബ്‍സൈറ്റില്‍ അപ്‍ലോഡ് ചെയ്യുകയും ചെയ്യാം. ദുബൈയില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെഡിസന്‍സി ആന്റ് ഫോറിനേഴ്‍സ് അഫയേഴ്‍സാണ് അംഗീകാരം നല്‍കേണ്ടത്. 

വെബ്‍സൈറ്റില്‍ പ്രവേശിച്ച് പേരും സ്വന്തം രാജ്യത്തെ വിലാസവും അടക്കമുള്ള വിവരങ്ങളാണ് ആദ്യം നല്‍കേണ്ടത്. പിന്നീട് കളര്‍ ഫോട്ടോ, പാസ്‍പോര്‍ട്ട് കോപ്പി, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, കഴിഞ്ഞ ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് എന്നിവ അപ്‍ലോഡ് ചെയ്യണം. കഴിഞ്ഞ ആറ് മാസത്തില്‍ 4000 ഡോളറോ അതിന് തുല്യമായ വിദേശ കറന്‍സിയോ ബാങ്ക് ബാലന്‍സായി ഉണ്ടായിരിക്കണം. അപേക്ഷ വീണ്ടും പരിശോധിച്ച ശേഷം അപേക്ഷാ ഫീസ് അടയ്‍ക്കാം. വിസ ഇ-മെയിലായി ലഭിക്കും.

🇦🇪എക്‌സ്‌പോ 2020: സ്വിസ് പവലിയനിൽ വൈകാരിക 'പ്രതിഫലനങ്ങൾ'.

✒️എക്‌സ്‌പോ 2020യിലെ ഓപ്പര്‍ച്യുനിറ്റി ഡിസ്ട്രിക്ടില്‍ സ്ഥിതി ചെയ്യുന്ന സ്വിസ് പവലിയന്‍ ലോകമെങ്ങുമുള്ള സന്ദര്‍ശകരെ സ്വാഗതം ചെയ്യാനും സ്വിറ്റ്‌സര്‍ലന്റിലൂടെയുള്ള വൈകാരിക യാത്രാനുഭവത്തിലേക്ക് കൊണ്ടുപോകാനും സജ്ജമായിരിക്കുന്നു. എക്‌സ്‌പോ 2020യിലെ നിത്യേനയുള്ള സന്ദര്‍ശകരില്‍ പത്ത് ശതമാനം പേരെ പവലിയന്‍ പ്രതീക്ഷിക്കുന്നു.

എക്‌സ്‌പോക്കായി സ്വിറ്റ്‌സര്‍ലന്റ് ഒരുക്കിയ കൂറ്റന്‍ റെഡ് കാര്‍പെറ്റില്‍ യാത്ര ആരംഭിക്കുന്നു. 2021ലെ ഗ്‌ളോബല്‍ ഇന്നൊവേഷന്‍ ഇന്‍ഡെക്‌സില്‍ (ഡബ്‌ള്യു.ഐ.പി.ഒ) ലോകത്തിലെ ഏറ്റവും നൂതനത്വമുള്ള രാജ്യമായി 11-ാമത്തെ വര്‍ഷവും എത്തിയ സ്വിറ്റ്‌സര്‍ലന്റിന്റെ പഴമയില്‍ നിന്നും പുതുമയിലേക്ക് സന്ദര്‍ശകരെ കൂട്ടിക്കൊണ്ടു പോകുന്ന പ്രയാണമായിരിക്കും ഇത്. ഒരു സ്വിസ് ദിനത്തിലൂടെ സീ ഓഫ് ഫോഗില്‍ ആരംഭിക്കുന്ന സന്ദര്‍ശനം ഏറ്റവും വിശേഷപ്പെട്ടതും ആഴത്തില്‍ അനുഭവിപ്പിക്കുന്നതുമായിരിക്കും. മോബിലിറ്റിയുടെ ഭാവിയെ സംബന്ധിക്കുന്ന ഷിന്‍ഡ്‌ലേഴ്‌സ് എക്‌സിബിഷനോടൊപ്പമുള്ള യാത്ര പുതുമകളുടെഫൗണ്ടനുകളോടൊപ്പം അവസാനിക്കുകയും വ്യത്യസ്ത മേഖലകളിലെ മുന്തിയ ഇന്നൊവേഷനുകളെ എടുത്തുകാട്ടുകയും ചെയ്യുന്നതാകും.

'എക്‌സ്‌പോ 2020 ദുബൈയിലെ ഞങ്ങളുടെ പങ്കാളിത്തം 1970കള്‍ മുതല്‍ സ്വിറ്റ്‌സര്‍ലാന്റും യുഎഇയും പങ്കു വെയ്ക്കുന്ന ഏറ്റവും മികച്ചബന്ധം നന്നായി ശക്തിപ്പെടുത്തും. ഈ ആഗോള പ്രദര്‍ശനം മുഴുവന്‍ പങ്കാളികള്‍ക്കും സുപ്രധാനമായ ഒരു വിജയമാകുമെന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെടുകയും പ്രതിസന്ധി നിറഞ്ഞ ഇയൊരു വേളക്ക് ശേഷം ലോകത്തെ മുഴുവന്‍ ഒന്നാക്കുന്ന യുഎഇയെ പ്രശംസിക്കുകയും ചെയ്യുന്നു.' - യുഎഇയിലെയും ബഹ്‌റൈനിലെയും സ്വിറ്റ്‌സര്‍ലന്റ് അംബാസഡര്‍ മാസ്സിമോ ബാഗ്ഗി പറഞ്ഞു.

'കണക്ടിങ് മൈന്‍ഡ്‌സ് ആന്റ് ക്രിയേറ്റിംഗ് ഫ്യൂചര്‍' എന്ന എക്‌സ്‌പോ പ്രമേയമുള്‍ക്കൊണ്ട് വിവിധ മേഖലകളില്‍ നിന്നുള്ള സ്വിസ് വിദഗ്ധരെ ഒരുമിപ്പിച്ച് സ്വിസ്സ്‌നെക്‌സുമായി സഹകരിച്ച് കൊണ്ട് നിലവിലെ പ്രതിസന്ധികളില്‍ ഭാവിക്കായുള്ള ഫലപ്രദമായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ തങ്ങളുടെ പങ്കാളികളുമായി ചര്‍ച്ച ചെയ്യുന്നതിന് സ്വിസ്സ് പവലിയന്‍ 10 പ്രമേയ വാരങ്ങള്‍ സംഘടിപ്പിക്കുന്നു. ഏറ്റവും പുതിയ ഇന്നൊവേഷനുകള്‍ എടുത്തുകാട്ടാന്‍ താത്കാലിക പ്രദര്‍ശനങ്ങളും ഒരുക്കുന്നതാണ്. 

'ഞങ്ങളുടെ സ്വിസ്സ് പവലിയന്‍ ഏറ്റവും മനോഹരമാക്കി സജീവതയിലേക്ക് എത്തുന്നത് കാണാന്‍ വളരെയധികം അഭിമാനമുണ്ട്. വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിനും തയാറെടുപ്പുകള്‍ക്കും ശേഷം നൂതനത്വം, സാങ്കേതികത, വിദ്യാഭ്യാസം, സുസ്ഥിരത, മാസ്‍മരികമായ ഭൂപ്രദേശങ്ങള്‍ എന്നിവ കൊണ്ട് സമ്പന്നമായ സ്വിറ്റ്‌സര്‍ലന്റ് എന്ന രാഷ്ട്രത്തെ കണ്ടെടുക്കാന്‍ ലോകത്തെ ആവേശപൂര്‍വം ഞങ്ങള്‍ ക്ഷണിക്കുകയാണ്. ഏറ്റവും വലിയ സഹകരണത്തിന് യുഎഇ ഭരണകൂടത്തിനും എക്‌സ്‌പോ ടീമിനും നന്ദിരേഖപ്പെടുത്താന്‍ ഞാന്‍ ഈ അവസരം വിനിയോഗിക്കുന്നു. നമ്മുടെ ഈ വിജയം നമുക്കൊന്നായി ആഘോഷിക്കാനും ഞാന്‍ കാത്തിരിക്കുകയാണ്' -സ്വിസ്സ് കമ്മീഷണര്‍ ജനറലും എക്‌സ്‌പോ 2020 ദുബായ് സ്റ്റിയറിംഗ് കമ്മിറ്റി ചെയര്‍മാനുമായ മാനുവല്‍ സല്‍ച്‌ലി പറഞ്ഞു.

തെരഞ്ഞെടുക്കപ്പെട്ട പ്രൊജക്ടായ 'റിഫ്‌ളക്ഷന്‍സ്' പ്രൊഡ്യൂസര്‍ സ്വിസ്സ് വിദേശ മന്ത്രാലയത്തിലെ പൊതുജന നയതന്ത്ര ഏജന്‍സിയായ പ്രെസെന്‍സ് സ്വിറ്റ്‌സര്‍ലന്റും ഡിസൈന്‍ നിര്‍വഹണം പൂര്‍ത്തിയാക്കിയത് ഒ.ഒ.എസ് എ.ജി (ആര്‍കിടെക്ചര്‍, ജനറല്‍ പ്ലാളാനിങ്), ബെല്‍പാര്‍ട് പാര്‍ട്ണര്‍ എ.ജി (സീനോഗ്രഫി), ലോറന്‍സ് യൂഗ്‌സ്റ്റാര്‍ ലാന്‍ഡ്‌സ്‌കേപിംഗ് ജി.എം.ബി.എച്ച് (ലാന്റസ്‌കേപ്ആര്‍കിടെക്ചര്‍) എന്നിവയുടെ സഹകരണത്തിലുമാണ്. എക്‌സ്‌പോമോബിലിയ ആണ് നിര്‍മാണം നടത്തിയത്.

ഷിന്‍ഡ്‌ലര്‍, റോളക്‌സ് എസ്.എ, സ്വിറ്റ്‌സര്‍ലാന്റ് ടൂറിസം, ക്‌ളാരിയന്റ്, നൊവാര്‍ട്ടിസ്, നെസ്‌ലെ മിഡില്‍ ഈസ്റ്റ് ആന്റ്‌ നോര്‍ത്ത് ആഫ്രിക്ക, കെ.ജി.എസ് ഡയമണ്ട് ഗ്രൂപ് ലിമിറ്റഡ് എന്നിവരും വിതരണക്കാരുമടക്കം പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് സ്വിസ് പവലിയന്‍ നിലകൊള്ളുന്നത്.

🇦🇪യുഎഇയില്‍ ചില ഉപഭോക്താക്കള്‍ക്ക് വാട്സ്ആപ് കോളുകള്‍ ലഭ്യമായിത്തുടങ്ങിയെന്ന് റിപ്പോര്‍ട്ട്.

✒️യുഎഇയിലെ (UAE) സ്‍മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളില്‍ ചിലര്‍ക്ക് വാട്സ്ആപ്, സ്‍കൈപ്പ് ഉള്‍പ്പെടെയുള്ള ആപുകളിലൂടെയുള്ള വോയിസ് കോള്‍ (Whatsapp voice call) സൗകര്യം  ലഭ്യമായിത്തുടങ്ങി. വാര്‍‌ത്താ ഏജന്‍സിയായ റോയിട്ടേഴ്‍സാണ് ബുധനാഴ്‍ച ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തത്. വാര്‍ത്തകള്‍ കണ്ട് സ്വന്തം ഫോണുകളില്‍ പരിശോധിച്ച ചിലരും തങ്ങള്‍ക്ക് വാട്‍സ്ആപ് കോളുകള്‍ ചെയ്യാന്‍ സാധിക്കുന്നുണ്ടെന്ന് വ്യക്തമാക്കി. ശബ്‍ദ നിലവാരം മികച്ചതായിരുന്നെന്നും ഇവര്‍ പറഞ്ഞു.

വാട്സ്ആപ് ഉള്‍പ്പെടെ വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന സേവനങ്ങള്‍ക്ക് യുഎഇയില്‍ നിയന്ത്രണമുണ്ട്. പകരം പണം നല്‍കി ഉപയോഗിക്കാവുന്ന മറ്റ് ആപുകളാണ് ഉപഭോക്താക്കള്‍ ആശ്രയിക്കുന്നത്. അതേസമയം ഓണ്‍ലൈന്‍ പഠനത്തിനും ജോലികള്‍ക്കുമായി മൈക്രോസോഫ്റ്റ് ടീംസ്, സൂം, സ്‍കൈപ്പ് ഫോര്‍ ബിസിനസ് എന്നിവ രാജ്യത്ത് ലഭ്യമാക്കിയിരുന്നു. വാട്സ്ആപ്, ഫേസ്‍ടൈം എന്നിവ ഉള്‍പ്പെടെയുള്ള ചില വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങളുടെ വിലക്ക് നീക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നുവെന്ന് യുഎഇ സര്‍ക്കാറിന്റെ സൈബര്‍ സെക്യൂരിറ്റി വിഭാഗം തലവന്‍ നേരത്തെ അറിയിച്ചിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ പരിമിതമായ സമയത്തേക്ക് നേരത്തെ വാട്സ്ആപ് കോളുകളുടെ വിലക്ക് നീക്കിയിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട ചില നടപടികള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ടെന്നും അദ്ദേഹം കഴിഞ്ഞ ഡിസംബറില്‍ നടന്ന ജി.സി.സി സൈബര്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സ് വേദിയില്‍ വെച്ച് വ്യക്തമാക്കിയിരുന്നു.  ഇത് സംബന്ധിച്ച മറ്റ് വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

🇦🇪എക്സ്പോ 2020: ഉദ്‌ഘാടന ചടങ്ങ് യു എ ഇയിലുടനീളം തത്സമയം ലഭ്യമാക്കും; കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്നുപ്രയോഗം ഉൾപ്പടെയുള്ള കാഴ്ചകൾ.

✒️എക്സ്പോ 2020 ദുബായിയുടെ ഔദ്യോഗിക ഉദ്‌ഘാടന ചടങ്ങ് ലൈവ് സ്ട്രീമിങ്ങ് സാങ്കേതിക വിദ്യയിലൂടെ യു എ ഇയിലെ 430-ൽ പരം ഇടങ്ങളിൽ തത്സമയം ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. യു എ ഇയിലുടനീളമുള്ള ജനങ്ങൾക്ക് എക്സ്പോ ഉദ്‌ഘാടനാനുഭവം തത്സമയം നൽകുന്നതിനായാണ് ഈ നടപടി.

സെപ്റ്റംബർ 30-ന് വൈകീട്ട് യു എ ഇ സമയം 7.30 മുതൽ എക്സ്പോ 2020 ദുബായിയുടെ ഔദ്യോഗിക ഉദ്‌ഘാടന ചടങ്ങ് ആരംഭിക്കുന്നതാണ്. ഇതോടനുബന്ധിച്ച് കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്നുപ്രയോഗം ഉൾപ്പടെയുള്ള കാഴ്ചകളും എക്സ്പോ അധികൃതർ ഒരുക്കിയിട്ടുണ്ട്.

ഔദ്യോഗിക ഉദ്‌ഘാടന ചടങ്ങ് നേരിട്ട് കാണുന്നതിനായി സെപ്റ്റംബർ 30-ന് വൈകീട്ട് രാജ്യത്തുടനീളം പ്രത്യേക വ്യൂയിങ്ങ് പാർട്ടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനായി രാജ്യത്തുടനീളമുള്ള എയർപോർട്ട്, ഷോപ്പിംഗ് മാളുകൾ, ഹോട്ടലുകൾ, പ്രധാന കെട്ടിടങ്ങൾ മുതലായ ഇടങ്ങളിൽ പ്രത്യേക സ്ക്രീനുകൾ ഒരുക്കിയിട്ടുണ്ട്.

ആഗോളതലത്തിലെ പ്രേക്ഷകർക്കായി https://virtualexpo.world/ അല്ലെങ്കിൽ http://www.expo2020.com/tv എന്നീ ലൈവ് സ്ട്രീമിംഗ് ചാനലുകളിലൂടെ ഔദ്യോഗിക ഉദ്‌ഘാടന ചടങ്ങിന്റെ സംപ്രേക്ഷണം സെപ്റ്റംബർ 30-ന് വൈകീട്ട് 7.30 മുതൽ ലഭ്യമാണ്.

ഒക്ടോബർ 1-ന് വൈകീട്ട് ദുബായ് ഫെസ്റ്റിവൽ സിറ്റി, പാം ജുമൈറ, ദി പോയിന്റ്, ദി ഫ്രെയിം എന്നിവിടങ്ങളിലാണ് അതിഗംഭീരമായ കരിമരുന്ന് പ്രയോഗം ഒരുക്കിയിരിക്കുന്നത്. ദുബായ് ഫെസ്റ്റിവൽ സിറ്റി, ദി പോയിന്റ്, ദി ഫ്രെയിം എന്നിവിടങ്ങളിൽ പ്രത്യേക വർണ്ണകാഴ്ച്ചകളും ഒരുക്കുന്നതാണ്.

🇴🇲ഒമാൻ: പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ലൈസൻസുകളുടെ കാലാവധി ഡിസംബർ 31 വരെ നീട്ടി.

✒️രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനായി അനുവദിച്ചിട്ടുള്ള ലൈസൻസുകളുടെ കാലാവധി 2021 ഡിസംബർ 31 വരെ നീട്ടി നൽകിയതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. നേരത്തെ ഇത്തരം ലൈസൻസുകളുടെ കാലാവധി മന്ത്രാലയം 2021 സെപ്റ്റംബർ 30 വരെ നീട്ടി നൽകിയിരുന്നു.

2021 സെപ്റ്റംബർ 29-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. COVID-19 മഹാമാരി മൂലം ഉടലെടുത്ത ബുദ്ധിമുട്ടുകളിൽ നിന്ന് കരകയറുന്നതിന് രാജ്യത്തെ സ്വകാര്യ മേഖലയ്ക്ക് കൂടുതൽ ഇളവുകൾ നൽകുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

🇶🇦ഖത്തർ: ഒക്ടോബർ 3 മുതൽ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; ചില പൊതു ഇടങ്ങളിൽ മാസ്കുകൾ ഒഴിവാക്കാൻ അനുമതി.

✒️രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാനുള്ള തീരുമാനത്തിന് ക്യാബിനറ്റ് അംഗീകാരം നൽകിയതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഖത്തർ പ്രധാന മന്ത്രി H.E. ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽഅസീസ് അൽ താനിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 29-ന് ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുള്ളത്. ഈ തീരുമാനങ്ങൾ 2021 ഒക്ടോബർ 3, ഞായറാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.

ഈ യോഗത്തിൽ രാജ്യത്ത് കൂടുതൽ ഇളവുകൾ അനുവദിക്കുന്നത് സംബന്ധിച്ച് ഖത്തർ സുപ്രീം കമ്മിറ്റി മുന്നോട്ട് വെച്ച ശുപാർശകൾ ക്യാബിനറ്റ് ചർച്ച ചെയ്തു. തുടർന്ന് ക്യാബിനറ്റ് ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന തീരുമാനങ്ങൾ അറിയിച്ചിട്ടുണ്ട്:

മാസ്കുകളുടെ ഉപയോഗം സംബന്ധിച്ചുള്ള പുതിയ നിബന്ധനകൾ:

അടച്ചിട്ടിട്ടുള്ള രീതിയിലുള്ള പൊതു ഇടങ്ങളിൽ മുഴുവൻ പൗരന്മാർക്കും, പ്രവാസികൾക്കും മാസ്കുകളുടെ ഉപയോഗം നിർബന്ധമാണ്. എന്നാൽ തുറന്ന രീതിയിലുള്ള പൊതു ഇടങ്ങളിൽ താഴെ പറയുന്ന ഇടങ്ങളിലൊഴികെ മാസ്കുകളുടെ ഉപയോഗത്തിൽ ഇളവ് നൽകിയിട്ടുണ്ട്:

ആളുകൾ ഒത്ത് ചേരുന്ന മാർക്കറ്റുകൾ, പ്രദർശനങ്ങൾ, മറ്റു ചടങ്ങുകൾ, പരിപാടികൾ എന്നിവ നടക്കുന്ന പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ മാസ്കുകൾ നിർബന്ധമാണ്.
പള്ളികൾ, സ്‌കൂൾ , യൂണിവേഴ്സിറ്റികൾ, ഹോസ്പിറ്റലുകൾ മുതലായവയുടെ പരിസരങ്ങളിൽ മാസ്കുകളുടെ ഉപയോഗം നിർബന്ധമാണ്.
ആളുകളുമായി അടുത്തിടപഴകാനിടയുള്ള രീതിയിൽ പൊതു ഇടങ്ങളിൽ തൊഴിലെടുക്കേണ്ടി വരുന്ന ജീവനക്കാർക്ക് മാസ്കുകളുടെ ഉപയോഗം നിർബന്ധമാണ്.

പൊതുവായ നിർദേശങ്ങൾ, സാമൂഹിക ഒത്ത്ചേരലുകൾക്കുള്ള ഇളവുകൾ എന്നിവ:

വീടിനു പുറത്തിറങ്ങുന്ന മുഴുവൻ പൗരന്മാരും, പ്രവാസികളും തങ്ങളുടെ സ്മാർട്ട് ഫോണുകളിൽ നിർബന്ധമായും ‘EHTERAZ’ ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതും, ഈ ആപ്പ് പ്രയോഗക്ഷമമാക്കേണ്ടതുമാണ്.
പള്ളികളിൽ ദിവസ പ്രാർത്ഥനകളും, വെള്ളിയാഴ്ച്ച പ്രാർത്ഥനകളും തുടരും. എല്ലാ പ്രായവിഭാഗക്കാർക്കും പ്രവേശനം അനുവദിക്കും.
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ള പരമാവധി 30 പേർക്ക് വീടുകൾ, ഇൻഡോർ ഇടങ്ങൾ എന്നിവയിൽ ഒത്ത്ചേരാം. രണ്ട് ഡോസ് കുത്തിവെപ്പ് സ്വീകരിക്കാത്തവർ ഈ ഒത്ത് ചേരലുകളിൽ പങ്കെടുക്കുന്ന സാഹചര്യത്തിൽ പരമാവധി 5 പേർക്കാണ് ഇൻഡോറിൽ അനുമതി.
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ള പരമാവധി 50 പേർക്ക് ഔട്ട്ഡോറിൽ ഒത്ത്ചേരാം. വാക്സിൻ സ്വീകരിക്കാത്തവരും, രണ്ട് ഡോസ് പൂർത്തിയാകാത്തവരുമായ പരമാവധി 10 പേർക്കാണ് വീടുകളുടെയും മറ്റും ഔട്ട്ഡോറിൽ ഒത്ത്ചേരാൻ അനുമതി.
വിവാഹ ചടങ്ങുകൾക്ക് അനുമതി നൽകിയിട്ടുള്ളത് തുടരും. ഇൻഡോർ ഹാളുകളിൽ പരമാവധി ശേഷിയുടെ 30 ശതമാനം പേർക്ക് (പരമാവധി 250 പേർ എന്ന രീതിയിൽ) ഇത്തരം ചടങ്ങിൽ പങ്കെടുക്കാം. ഇത്തരത്തിൽ പങ്കെടുക്കുന്നവരിൽ വാക്സിനെടുക്കാത്തവരായി പരമാവധി 20 പേർക്കാണ് അനുമതി. ഔട്ട്ഡോർ വേദികളിൽ പരമാവധി ശേഷിയുടെ 50 ശതമാനം പേർക്ക് (പരമാവധി 400 പേർ എന്ന രീതിയിൽ) ഇത്തരം ചടങ്ങിൽ പങ്കെടുക്കാം. ഇത്തരം ഇടങ്ങളിലെ ചടങ്ങുകളിൽ പങ്കെടുക്കുന്നവരിൽ വാക്സിനെടുക്കാത്തവരായി പരമാവധി 50 പേർക്കാണ് അനുമതി. വാക്സിനെടുക്കാത്തവർക്ക് ഇൻഡോർ, ഔട്ഡോർ വേദികളിലെ ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് റാപിഡ് ആന്റിജൻ പരിശോധന നിർബന്ധമാണ് (6 വയസിനു മുകളിൽ പ്രായമുള്ള മുഴുവൻ പേർക്കും).
ഒരേ കുടുംബങ്ങളിൽ നിന്നുള്ള പരമാവധി 30 പേരടങ്ങുന്ന സംഘങ്ങൾക്ക് പാർക്ക്, ബീച്ച്, കോർണിഷ് എന്നിവിടങ്ങളിലേക്ക് പ്രവേശനം അനുവദിക്കും. നേരത്തെ ഈ പരിധി 20 ആയിരുന്നു. കളിയിടങ്ങൾ, പാർക്കുകളിലെ സ്പോർട്സ് ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കാൻ അനുമതി നൽകും.
വാഹനങ്ങളിൽ പരമാവധി നാല് പേർക്ക് (ഡ്രൈവർ ഉൾപ്പടെ) മാത്രം അനുമതി എന്നത് തുടരും. ഒരേ കുടുംബത്തിൽ നിന്നുള്ളവർക്ക് മാത്രമാണ് ഇതിൽ ഇളവ് അനുവദിച്ചിട്ടുള്ളത്.

തൊഴിൽ മേഖലയിലെ ഇളവുകൾ:

സർക്കാർ മേഖലയിലെ തൊഴിലിടങ്ങളിൽ മുഴുവൻ ജീവനക്കാർക്കും നേരിട്ട് പ്രവേശനം അനുവദിക്കും.
സ്വകാര്യ മേഖലയിലെ തൊഴിലിടങ്ങളിൽ മുഴുവൻ ജീവനക്കാർക്കും നേരിട്ട് പ്രവേശനം അനുവദിക്കും.
സർക്കാർ, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളിൽ ബിസിനസ് മീറ്റിംഗുകളിൽ, പരമാവധി 30 പേർക്ക് വരെ പങ്കെടുക്കാമെന്ന തീരുമാനം തുടരും. ഇതിൽ കൂടുതൽ പേർ പങ്കെടുക്കേണ്ടതായ മീറ്റിംഗുകൾക്ക് ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തേണ്ടതാണ്.
സർക്കാർ മേഖലയിലെയും, സ്വകാര്യ മേഖലയിലെയും മുഴുവൻ ജീവനക്കാർക്കും ആഴ്ച്ച തോറും റാപിഡ് ആന്റിജൻ ടെസ്റ്റ് നിർബന്ധമാക്കിയിട്ടുള്ളത് തുടരും. COVID-19 വാക്സിനിന്റെ മുഴുവൻ ഡോസുകളും പൂർത്തിയാക്കിയവർ, രോഗമുക്തി നേടിയവർ, ആരോഗ്യ കാരണങ്ങളാൽ വാക്സിനെടുക്കാൻ സാധിക്കാത്തവർ (ഇത് തെളിയിക്കുന്ന അംഗീകൃത മെഡിക്കൽ റിപ്പോർട്ട് നിർബന്ധം) എന്നീ വിഭാഗങ്ങൾക്ക് ഈ പരിശോധന ഒഴിവാക്കിയിട്ടുണ്ട്.

വാണിജ്യ, വിനോദ മേഖലകളിലെ ഇളവുകൾ:

സിനിമാഹാളുകൾ, തീയറ്റർ എന്നിവ അമ്പത് ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം. 75 ശതമാനം ഉപഭോക്താക്കളും COVID-19 വാക്സിനേഷൻ പൂർത്തിയാക്കിയിരിക്കണം എന്ന നിബന്ധനയിലാണ് ഈ അനുമതി.
ലൈബ്രറി, മ്യൂസിയം എന്നിവ പ്രവർത്തിക്കും.
പ്രാദേശികവും, അന്താരാഷ്ട്ര തലത്തിലുള്ളതുമായ കായിക മത്സരങ്ങൾ തുറന്ന ഇടങ്ങളിൽ 75 ശതമാനം കാണികളെ പങ്കെടുപ്പിച്ച് കൊണ്ടും, അടച്ചിട്ട ഇടങ്ങളിൽ 50 ശതമാനം കാണികളെ പങ്കെടുപ്പിച്ച് കൊണ്ടും സംഘടിപ്പിക്കാൻ അനുമതി. കാണികളിൽ 90% പേർ വാക്സിൻ സ്വീകരിച്ചവരായിരിക്കണം.
കോൺഫറൻസുകൾ, എക്സിബിഷനുകൾ മുതലായവയ്ക്ക് അനുമതി നൽകുന്നത് തുടരും. തുറന്ന ഇടങ്ങളിൽ 75 ശതമാനം സന്ദർശകരെ പങ്കെടുപ്പിച്ച് കൊണ്ടും, അടച്ചിട്ട ഇടങ്ങളിൽ 50 ശതമാനം സന്ദർശകരെ പങ്കെടുപ്പിച്ച് കൊണ്ടും സംഘടിപ്പിക്കാൻ അനുമതി. സന്ദർശകരിൽ 90% പേർ വാക്സിൻ സ്വീകരിച്ചവരായിരിക്കണം. വാക്സിനെടുക്കാത്തവർക്ക് റാപിഡ് ആന്റിജൻ പരിശോധന നിർബന്ധം.
ഷോപ്പിംഗ് മാളുകൾക്ക് പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കാം. ഇവയിലെ ഫുഡ് കോർട്ടുകൾ 50 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം.എല്ലാ പ്രായത്തിലുള്ളവർക്കും മാളുകളിൽ പ്രവേശനം അനുവദിക്കും.
ക്ലീൻ ഖത്തർ’ പദ്ധതിയുടെ കീഴിൽ രെജിസ്റ്റർ ചെയ്തിട്ടുള്ള ഭക്ഷണശാലകൾക്ക് തുറന്ന ഇടങ്ങളിൽ പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കാൻ അനുമതി. ഇത്തരം സ്ഥാപനങ്ങൾക്ക് ഇൻഡോറിൽ 75 ശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ അനുമതി. മറ്റു ഭക്ഷണശാലകൾക്ക് തുറന്ന ഇടങ്ങളിൽ പരമാവധി 50 ശതമാനം ശേഷിയിലും, ഇൻഡോറിൽ 40 ശതമാനം ശേഷിയിലും പ്രവർത്തിക്കാം. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ളവർക്ക് മാത്രമാണ് ഈ സേവനം നൽകുന്നത്.
പരമ്പരാഗത മാർക്കറ്റുകൾ പൂർണ്ണ ശേഷിയിൽ പ്രവർത്തിപ്പിക്കാം. എല്ലാ പ്രായത്തിലുള്ളവർക്കും പ്രവേശനം അനുവദിക്കും.
മൊത്തവ്യാപാര മാർക്കറ്റുകൾ 75 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം. എല്ലാ പ്രായത്തിലുള്ളവർക്കും പ്രവേശനം അനുവദിക്കും.
ബാർബർ ഷോപ്പ്, ബ്യൂട്ടി പാർലർ എന്നിവിടങ്ങളിൽ നിന്ന്, വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായി, 75 ശതമാനം ശേഷിയിൽ സേവനങ്ങൾ നൽകാവുന്നതാണ്. മുഴുവൻ ജീവനക്കാരും, ഉപഭോക്താക്കളും വാക്സിൻ സ്വീകരിച്ചിരിക്കണം.
തീം പാർക്കുകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ഔട്ട്ഡോർ മേഖലകൾ 75 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം. ഇൻഡോർ ഇടങ്ങളിൽ, 50 ശതമാനം ശേഷിയിൽ പ്രവേശനം അനുവദിക്കാം. ഇതിൽ 75 ശതമാനം സന്ദർശകർ വാക്സിനെടുത്തവരായിരിക്കണം. കുട്ടികൾക്ക് പ്രവേശനം അനുവദിക്കും. ഇവരെ വാക്സിനെടുക്കാത്ത 25 ശതമാനത്തിൽ ഉൾപ്പെടുത്തുന്നതാണ്.
ഹെൽത്ത് ക്ലബ്, ജിം, ഫിറ്റ്നസ് ക്ലബ്, സ്പാ തുടങ്ങിയ സേവനങ്ങൾ നൽകുന്ന ഇടങ്ങളിൽ നിന്ന്, വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായി, 75 ശതമാനം ശേഷിയിൽ സേവനങ്ങൾ നൽകാം. മുഴുവൻ ജീവനക്കാരും വാക്സിൻ സ്വീകരിച്ചിരിക്കണം.
ഔട്ട്ഡോർ സിമിങ്ങ് പൂളുകൾ, വാട്ടർ പാർക്ക് എന്നിവ 75 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം. ഇൻഡോർ സിമിങ്ങ് പൂളുകൾ 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. 75 ശതമാനം സന്ദർശകർ വാക്സിനേഷൻ പൂർത്തിയാക്കിയിരിക്കണം. കുട്ടികൾക്ക് പ്രവേശനം അനുവദിക്കും. ഇവരെ വാക്സിനെടുക്കാത്ത 25 ശതമാനത്തിൽ ഉൾപ്പെടുത്തുന്നതാണ്.
സ്വകാര്യ മെഡിക്കൽ പരിചരണ കേന്ദ്രങ്ങൾ പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കും. മുഴുവൻ ജീവനക്കാരും വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിരിക്കണം.

പൊതുഗതാഗത മേഖലയിലെ ഇളവുകൾ:

മെട്രോ, മറ്റു പൊതുഗതാഗത സംവിധാനങ്ങൾ എന്നിവ 75 ശതമാനം ശേഷിയിൽ പ്രവർത്തിക്കും.
ബസുകളിൽ പരമാവധി ശേഷിയുടെ 75 ശതമാനം പേർക്ക് അനുമതി.
ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവർത്തനശേഷി 75 ശതമാനത്തിലേക്ക് ഉയർത്തും. ജീവനക്കാർക്ക് വാക്സിനേഷൻ നിർബന്ധമാണ്.

വിദ്യാഭ്യാസ മേഖലയിലെ ഇളവുകൾ:

ട്രെയിനിങ്ങ് കേന്ദ്രങ്ങൾ, സ്വകാര്യ വിദ്യാഭ്യാസ കേന്ദ്രങ്ങൾ എന്നിവ 75 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാവുന്നതാണ്. അധ്യാപകർക്ക് വാക്സിനേഷൻ നിർബന്ധമാണ്. വിദ്യാർത്ഥികളിൽ 75 ശതമാനം പേർക്ക് വാക്സിൻ നിർബന്ധമാണ്. വാക്സിനെടുക്കാത്തവർക്ക് റാപിഡ് ആന്റിജൻ ടെസ്റ്റ് നിർബന്ധം.
നഴ്സറികൾ 75 ശതമാനം ശേഷിയിൽ പ്രവർത്തിക്കും. അധ്യാപകർക്ക് വാക്സിനേഷൻ നിർബന്ധമാണ്.

🇶🇦ഖത്തറില്‍ മൂന്ന് വയസ്സുകാരന്‍ കോവിഡ് ബാധിച്ചു മരിച്ചു; 85 പേര്‍ക്ക് കൂടി രോഗ ബാധ.

✒️ഖത്തറില്‍ (Qatar) ഇന്ന് 85 പേര്‍ക്ക് കോവിഡ്(Covid19) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 47 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. 38 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 24 മണിക്കൂറിനിടെ 91 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 234,762 ആയി. ഇന്ന് മൂന്ന് വയസ്സുകാരന്‍ കോവിഡ് ബാധിച്ച് മരിച്ചു. ജന്മനാ ഉള്ള രോഗം ബാധിച്ച കുട്ടി ചികില്‍സയില്‍ കഴിയവേയാണ് മരിച്ചത്. ആകെ കോവിഡ് മരണം 606.

1,275 പേരാണ് ഖത്തറില്‍ നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. 15 പേര്‍ ഐസിയുവില്‍ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആരെയും ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടില്ല. പുതുതായി 5 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 63 പേര്‍ നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 4,040 ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് വാകസിനേഷന്‍ കാംപയിന്‍ ആരംഭിച്ചതിനു ശേഷം 47,12,907 ഡോസ് വാക്‌സിനുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. രാജ്യത്തെ മൊത്തം ജനങ്ങളില്‍ 81.8 ശതമാനം പേര്‍ പൂര്‍ണമായും വാക്സിനെടുത്തു.

🇸🇦മക്കയിൽ കോഴിക്കോട് സ്വദേശി കുഴഞ്ഞു വീണ് മരിച്ചു.

✒️മക്കയിൽ കോഴിക്കോട് സ്വദേശിയായ യുവാവ് കുഴഞ്ഞു വീണു മരിച്ചു. ഒരേ സ്ഥാപനത്തിലെ ജീവനക്കാരനുമായുണ്ടായ കയ്യാങ്കളിക്ക് ശേഷമായിരുന്നു സംഭവം. കുറ്റ്യാടി സ്വദേശി അജ്മലാണ് മരിച്ചത്. മരണകാരണം സ്ഥിരീകരിക്കാൻ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തും.. ഇന്ന് രാവിലെ മക്കയിലെ നവാരിയയിലാണ് സംഭവം. കഫ്റ്റീരിയ ജീവനക്കാരായ അജ്മലും സുഹൃത്തും തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയുമുണ്ടായി. ഇതിന് പിന്നാലെ ഇരുവരും പിരിഞ്ഞ ശേഷമാണ് അജ്മൽ കടയിൽ കുഴഞ്ഞുവീണത്. മുപ്പതുകാരനായ അജ്മലിന്‍റെ മരണത്തിൽ അസ്വാഭാവികതയുള്ളതിനാൽ പൊലീസ് കേസെടുത്തു. കയ്യാങ്കളിയുണ്ടായ മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ സഹജീവനക്കാരൻ പൊലീസ് കസ്റ്റഡിയിലാണ്. പോസ്റ്റ്മോർട്ടം പൂർത്തിയായാൽ മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാകൂ. മരണത്തിന് മുന്നേ ഇരുവരും തമ്മിലുണ്ടായ കയ്യാങ്കളിയുടെ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടത്തിനും നടപടിക്രമങ്ങൾക്കും സമയമെടുക്കും. പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ. കടയിലെ കണക്കിനെ ചൊല്ലിയായിരുന്നു കയ്യാങ്കളി. മരണപ്പെട്ട അജ്മലിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. മക്കയിലെ ഹിറാ ആശുപത്രിയിലാണ് മയ്യിത്ത് സൂക്ഷിച്ചിട്ടുള്ളത്.

Post a Comment

0 Comments