Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ ലൈവ് ന്യൂസ്‌ ഗൾഫ് വാർത്തകൾ

🇸🇦സൗദി അറേബ്യയിൽ ഇന്ന് 80 പേർക്ക് കൊവിഡ്; ആറ് മരണം.

🇦🇪42-ാമത് മഹ്‌സൂസ് നറുക്കെടുപ്പില്‍ 1,000,000 ദിര്‍ഹം പങ്കിട്ടെടുത്ത് മൂന്ന് ഭാഗ്യശാലികള്‍.

🇴🇲ഒമാനില്‍ മൂന്ന് ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 181 പേര്‍ക്ക്.

🇰🇼മാര്‍ക്കറ്റുകളില്‍ വ്യാപക പരിശോധന; 49 പ്രവാസികളെ അറസ്റ്റ് ചെയ്‍തു.

🇸🇦സൗദി അറേബ്യയിലെ ഇന്ത്യൻ സ്‍കൂളുകളിൽ നാളെ മുതൽ നേരിട്ടുള്ള ക്ലാസുകൾക്ക് തുടക്കം.

🇦🇪യുഎഇയില്‍ ഇന്ന് ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും കുറവ് കൊവിഡ് കേസുകള്‍.

🇸🇦സൗദിയില്‍ ഹൗസ് ഡ്രൈവറുടെ തൊഴില്‍ ഉടമമാറ്റം ഓണ്‍ലൈനില്‍ ചെയ്യാം.

🇦🇪ദുബൈ എക്‌സ്‌പോയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് 'സ്‌പെഷ്യല്‍ പാസ്‌പോര്‍ട്ട്'.

🇦🇪യുഎഇയില്‍ തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം ബുധനാഴ്ച അവസാനിക്കും.

🇰🇼കുവൈത്തില്‍ രണ്ട് കെട്ടിടങ്ങളില്‍ തീപിടിത്തം; രണ്ടുപേര്‍ക്ക് പരിക്ക്.

🇰🇼ഒരു കിലോ ലഹരിമരുന്നുമായി യുവാവ് കുവൈത്തില്‍ പിടിയില്‍.

🇸🇦സൗദി: വാക്സിനെടുക്കാത്ത വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 12 മുതൽ ഹാജർ അനുവദിക്കില്ല.

🇶🇦ഖത്തർ: ഉയർന്ന രോഗസാധ്യതയുള്ള വിഭാഗങ്ങൾക്ക് ബൂസ്റ്റർ ഡോസ് വാക്സിൻ നൽകുന്ന നടപടികൾ സെപ്റ്റംബർ 15 മുതൽ ആരംഭിക്കും.

🇴🇲ഒമാനിലെ 2021-2022 അധ്യയന വർഷം: അധ്യാപകർ, മറ്റു ജീവനക്കാർ തുടങ്ങിയവർ ഇന്ന് മുതൽ വിദ്യാലയങ്ങളിലെത്തും.

🇸🇦സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനെണ്ണായിരത്തോളം പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം.

🇸🇦സൗദി: യാത്രാ വിലക്കുകൾ തുടരുന്ന രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുടെ റെസിഡൻസി വിസ കാലാവധി നവംബർ 30 വരെ നീട്ടി.

🇶🇦ഫെയ്സ് ഷീൽഡ് നിർബന്ധമല്ല, മാസ്ക് നിർബന്ധമെന്ന് ഖത്തർ എയർവേയ്സ്.

🇦🇪ട്വൻറി 20 ലോകകപ്പ്: ഗ്രൂപ് തല മത്സരങ്ങൾക്ക് കാണികളെ അനുവദിച്ചേക്കും.

🇰🇼ഇന്ത്യക്ക് പുറത്തു നടക്കുന്ന നീറ്റ് പരീക്ഷ നാളെ കുവൈത്തിൽ.

വാർത്തകൾ വിശദമായി

🇸🇦സൗദി അറേബ്യയിൽ ഇന്ന് 80 പേർക്ക് കൊവിഡ്; ആറ് മരണം.

✒️സൗദി അറേബ്യയിൽ പുതുതായി 80 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ച് നിരീക്ഷണത്തിലുള്ളവരിൽ 95 പേർ സുഖം പ്രാപിച്ചെന്നും കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ആറുപേർ കൂടി മരിച്ചെന്നും സൗദി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. രാജ്യത്ത് ഇന്ന് 44,227 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. 

ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,45,992 ആയി. ഇതിൽ 5,35,078 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,623 ആയി ഉയർന്നു. കൊവിഡ് ബാധിച്ച് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2,291 ആയി കുറഞ്ഞു. ഇതിൽ 508 പേരുടെ സ്ഥിതി മാത്രമാണ് ഗുരുതരം. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 31, മക്ക 15, കിഴക്കൻ പ്രവിശ്യ 7, ജീസാൻ 5, മദീന 5, അൽഖസീം 4, അസീർ 4, നജ്റാൻ 4, ഹായിൽ 2, തബൂക്ക് 1, അൽജൗഫ് 1, അൽബാഹ 1. രാജ്യത്താകെ പ്രതിരോധ കുത്തിവെപ്പ് 39,3488,410 ഡോസ് ആയി.

🇦🇪42-ാമത് മഹ്‌സൂസ് നറുക്കെടുപ്പില്‍ 1,000,000 ദിര്‍ഹം പങ്കിട്ടെടുത്ത് മൂന്ന് ഭാഗ്യശാലികള്‍.

✒️യുഎഇയിലെ മഹ്‍സൂസ് സ്റ്റുഡിയോയില്‍ വെച്ച് ശനിയാഴ്ച രാത്രി നടന്ന 42-ാമത് പ്രതിവാര തത്സമയ നറുക്കെടുപ്പില്‍ മൂന്ന് ഭാഗ്യശാലികള്‍ 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ടെടുത്തതായി മഹ്‍സൂസ് മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്സ് എല്‍എല്‍സി അറിയിച്ചു. നറുക്കെടുത്ത ആറ് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ചു വന്ന ഇവര്‍ ഓരോരുത്തരും 333,333 ദിര്‍ഹം വീതമാണ് നേടിയത്. ഇതിനുപുറമെ, 133 വിജയികള്‍ 1,000 ദിര്‍ഹം വീതവും 2,692 പേര്‍ 35 ദിര്‍ഹം വീതവും സമ്മാനം നേടി. ആകെ 1,227,220 ദിര്‍ഹമാണ് കഴിഞ്ഞ നറുക്കെടുപ്പില്‍ വിജയികള്‍ക്ക് ലഭിച്ചത്.  10, 21, 31, 35, 37, 46 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍.

50 മില്യന്‍ ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം ഇപ്പോഴും വിജയികളെ കാത്തിരിക്കുകയാണ്. 2021 സെപ്റ്റംബര്‍ 18 ശനിയാഴ്ച യുഎഇ സമയം രാത്രി ഒമ്പത് മണിക്ക് നടക്കാനിരിക്കുന്ന അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇത് സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുക.

ഈ ആഴ്ചയിലെ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്യുന്നതിലൂടെ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കും. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും നറുക്കെടുപ്പിലേക്കുള്ള ഒരു എന്‍ട്രി വീതം ലഭിക്കുന്നു. മാത്രമല്ല ബോട്ടില്‍ഡ് വാട്ടര്‍ സംഭാവന നല്‍കുമ്പോള്‍ അത് മഹ്‌സൂസിന്റെ കമ്മ്യൂണിറ്റി പാര്‍ട്ണര്‍മാര്‍ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. യോഗ്യരായ എല്ലാവര്‍ക്കും മഹ്‍സൂസ് നറുക്കെടുപ്പില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയും.

🇴🇲ഒമാനില്‍ മൂന്ന് ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 181 പേര്‍ക്ക്.

✒️ഒമാനില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 181 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അവധി ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളിലെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഇന്നത്തെ കണക്കുകള്‍ പുറത്തുവിട്ടത്. വ്യാഴാഴ്‍ച 61 പേര്‍ക്കും വെള്ളിയാഴ്‍ച 51 പേര്‍ക്കും ശനിയാഴ്‍ച 69 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 3,03,105 ആയി. ഇവരില്‍ 2,93,254 പേരാണ് ഇതിനോടകം രോഗമുക്തരായത്. 96.7 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. വ്യാഴാഴ്‍ച രണ്ട് പേരും വെള്ളിയാഴ്‍ച ഒരാളും ശനിയാഴ്‍ച രണ്ടുപേരും ഒമാനില്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 4089 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ട് പേരെ മാത്രമാണ് കൊവിഡ് ബാധിച്ച് രാജ്യത്തെ ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്. ഇവര്‍ ഉള്‍പ്പെടെ ആകെ 64 കൊവിഡ് രോഗികള്‍ ഇപ്പോള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 26 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.

🇰🇼മാര്‍ക്കറ്റുകളില്‍ വ്യാപക പരിശോധന; 49 പ്രവാസികളെ അറസ്റ്റ് ചെയ്‍തു.

✒️കുവൈത്തിലെ മാര്‍ക്കറ്റുകളില്‍ പൊലീസും മാന്‍പവര്‍ അതോരോറ്റിയും കുവൈത്ത് മുനിസിപ്പാലിറ്റിയും സംയുക്തമായി നടത്തിയ പരിശോധനകളില്‍ 49 പ്രവാസികള്‍ അറസ്റ്റില്‍. ഫര്‍വാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റ് തലവന്‍ മേജര്‍ ജനറല്‍ ഫറാജ് അല്‍ സൌബിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

പിടിയിലായ പ്രവാസികളില്‍ അധികപേരും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് ഇവരെ നാടുകടത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. മാര്‍ക്കറ്റില്‍ വില്‍പനയ്‍ക്ക് കൊണ്ടുവന്നിരുന്ന പല സാധനങ്ങളും ഉപയോഗയോഗ്യമല്ലായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്.

അറുപതിലധികം ഉദ്യോഗസ്ഥര്‍ ഒരേ സമയത്ത് എത്തി കര്‍ശന പരിശോധനയാണ് നടത്തിയത്. നിയമലംഘകരെ രക്ഷപ്പെടാന്‍ അനുവദിക്കാതെ അവിടെവെച്ചുതന്നെ പിടികൂടുകയായിരുന്നു ലക്ഷ്യം. മുഹമ്മദ് ബിന്‍ ഖാസിം സ്‍ട്രീറ്റിലെ ചെക്പോയിന്റില്‍ വെച്ച് ഗതാഗത നിയമലംഘനങ്ങള്‍ക്ക് 36 വാഹനങ്ങള്‍ക്ക് പിഴ ചുമത്തുകയും ചെയ്‍തു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തത് ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങളാണ് വാഹനങ്ങളില്‍ കണ്ടെത്തിയത്.

🇸🇦സൗദി അറേബ്യയിലെ ഇന്ത്യൻ സ്‍കൂളുകളിൽ നാളെ മുതൽ നേരിട്ടുള്ള ക്ലാസുകൾക്ക് തുടക്കം.

✒️കൊവിഡിനെ തുടർന്ന് അടച്ചിട്ട സൗദി അറേബ്യയിലെ ഇന്ത്യൻ സ്‌കൂളുകളിൽ തിങ്കളാഴ്ച നേരിട്ടുള്ള ക്ലാസുകൾ പുനഃരാരംഭിക്കും. 18 മാസത്തിന് ശേഷമാണ് ക്ലാസുകള്‍ തുടങ്ങുന്നത്. കൊവിഡ് വാക്‌സിൻ രണ്ട് ഡോസും കുത്തിവെപ്പെടുത്ത വിദ്യാർഥികൾക്കും അധ്യാപകർക്കും മാത്രമാണ് പ്രവേശനം. മറ്റുള്ള കുട്ടികൾക്ക് നിലവിലെ ഓൺലൈൻ ക്ലാസിൽ തുടരാവുന്നതാണ്. 

വാക്‌സിനേഷൻ പൂർത്തീകരിച്ച വിദ്യാർഥികൾക്ക് നേരിട്ടുള്ള ക്ലാസിൽ വരാം. എന്നാൽ രക്ഷിതാക്കളുടെ സമ്മതപത്രവും രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റിന്റെ കോപ്പിയും ഹാജരാക്കണം. രാവിലെ എട്ട് മുതൽ ഉച്ചക്ക് 1.20 വരെയാണ് ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിന്റെ അധ്യയന സമയം ക്രമീകരിച്ചിട്ടുള്ളത്. ജിദ്ദയിൽ 10, 12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് തിങ്കളാഴ്ച മുതലും 9, 11 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഈ മാസം 20 മുതലുമാണ് ക്ലാസുകൾ ആരംഭിക്കുക. 

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സ്‌കൂളിലെ ഗതാഗത സൗകര്യവും കാന്റീൻ സൗകര്യവും ഉണ്ടായിരിക്കില്ലെന്ന് ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു. ജൂബൈൽ ഇൻറർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ പ്ലസ് വൺ, പ്ലസ് ടു ക്ലാസുകൾ തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഈ മാസം 26 മുതലാണ് ജുബൈലിൽ 9, 10 ക്ലാസുകൾ ആരംഭിക്കുക. 

ദമ്മാമിലെ ഇൻറർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ 12-ാം ക്ലാസ് തിങ്കളാഴ്ച തുടങ്ങും. 11-ാം ക്ലാസ് ചൊവ്വാഴ്ചയും ആരംഭിക്കും. 10ാം ക്ലാസ് ഈ മാസം 20നും, ഒമ്പതാം ക്ലാസ് 21നുമാണ് പ്രവർത്തിച്ച് തുടങ്ങുക. രാവിലെ 7.45 മുതൽ ഉച്ചക്ക് 12.45 വരെയാണ് ദമ്മാം സ്‌കൂളിലെ സമയം ക്രമീകരിച്ചിട്ടുള്ളത്. മറ്റുള്ള ക്ലാസുകൾ നിലവിലെ രീതിയിൽ ഓൺലൈനായി തുടരും.

🇦🇪യുഎഇയില്‍ ഇന്ന് ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും കുറവ് കൊവിഡ് കേസുകള്‍.

✒️യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ക്രമാനുഗതമായ കുറവ്. ഞായറാഴ്‍ച 620 പേര്‍ക്ക് മാത്രമാണ് രാജ്യത്ത് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന രോഗ നിരക്കാണിത്. 2020 സെപ്‍റ്റംബര്‍ ഏഴിനായിരുന്നു ഇതിനേക്കാള്‍ കുറഞ്ഞ രോഗബാധ രേഖപ്പെടുത്തിയത്.

ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ന് 620 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 785 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് ആരും മരണപ്പെട്ടിട്ടില്ല. പുതിയതായി നടത്തിയ 377,394 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.  ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,28,886 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,19,948 പേര്‍ രോഗമുക്തരാവുകയും 2,062 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 6,876 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. നിലവില്‍ 0.2 ശതമാനമാണ് യുഎഇയിലെ കൊവിഡ് മരണ നിരക്ക്.

🇸🇦സൗദിയില്‍ ഹൗസ് ഡ്രൈവറുടെ തൊഴില്‍ ഉടമമാറ്റം ഓണ്‍ലൈനില്‍ ചെയ്യാം.

✒️സൗദി അറേബ്യയില്‍ ഹൗസ് ഡ്രൈവര്‍മാരുള്‍പ്പെടെയുള്ള ഗാര്‍ഹിക ജോലിക്കാരുടെ തൊഴിലുടമ മാറ്റം ഓണ്‍ലൈനിലൂടെ ചെയ്യാന്‍ സംവിധാനം. സ്പോണ്‍സര്‍ഷിപ് മാറ്റം സൗദി ആഭ്യന്തര വകുപ്പിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍/ആപ്ലിക്കേഷന്‍ ആയ 'അബ്ശിര്‍' വഴി ചെയ്യാമെന്ന് ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ അറിയിച്ചു. 

നിലവിലെ സ്പോണ്‍സറുടെ അബ്ശിര്‍ വഴി പുതിയ സ്പോണ്‍സറുടെ പേരിലേക്ക് മാറുന്ന രീതിയാണിത്. നിലവിലെ സ്പോണ്‍സര്‍ തൊഴിലാളിയെ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പുതിയ സ്പോണ്‍സര്‍ക്ക് അബ്ശിര്‍ ഓണ്‍ലൈന്‍ സര്‍വീസ് വഴി അപേക്ഷയയക്കും. അദ്ദേഹത്തിന് അത് സ്വീകരിക്കുകയും തള്ളുകയും ചെയ്യാം. സ്വീകരിച്ചു എന്നറിയിക്കുന്ന ഭാഗം ക്ലിക്ക് ചെയ്താല്‍ തൊഴിലാളിയുടെ സ്പോണ്‍സര്‍ഷിപ് മാറും. എന്നാല്‍ ഒന്നിലധികം ഹൗസ് ഡ്രൈവര്‍മാരോ ഒരേ പ്രൊഫഷനില്‍ കൂടുതല്‍ തൊഴിലാളികളോ കഉണ്ടെങ്കില്‍ ഇ സ്പോണ്‍സര്‍ഷിപ് മാറ്റം സാധ്യമാകില്ല.

🇦🇪ദുബൈ എക്‌സ്‌പോയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് 'സ്‌പെഷ്യല്‍ പാസ്‌പോര്‍ട്ട്'.

✒️ദുബൈ എക്‌സ്‌പോ 2020ല്‍ പങ്കെടുക്കാനെത്തി മടങ്ങുന്നവര്‍ക്ക് 'സ്‌പെഷ്യല്‍ പാസ്‌പോര്‍ട്ട്'. പാസ്‌പോര്‍ട്ടിന്റെ മാതൃകയിലുള്ള 50 പേജ് ബുക്ക്‌ലെറ്റാണ് എക്‌സ്‌പോയുടെ സംഘാടകര്‍ വ്യാഴാഴ്ച പുറത്തിറക്കിയത്. സന്ദര്‍ശിക്കുന്ന പവലിയനുകളുടെ സീലുകള്‍ ഈ ബുക്ക്‌ലെറ്റില്‍ പതിക്കും.

20 ദിര്‍ഹം വിലവരുന്ന പാസ്‌പോര്‍ട്ട് എക്‌സ്‌പോ വേദിക്ക് ചുറ്റുമുള്ള സ്‌റ്റോറുകളിലും ലഭ്യമാണ്. 1967ലെ വേള്‍ഡ് എക്‌സ്‌പോ മുതലാണ് പാസ്‌പോര്‍ട്ട് നല്‍കാന്‍ തുടങ്ങിയത്. ആറു മാസത്തെ എക്‌സ്‌പോയില്‍ ഏതൊക്കെ പവലിയനുകള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് പാസ്‌പോര്‍ട്ട് നോക്കി മനസ്സിലാക്കാം. മഞ്ഞനിറത്തില്‍ ആകര്‍ഷകമായ രീതിയില്‍ പുറത്തിറക്കിയ ഈ പാസ്‌പോര്‍ട്ടില്‍ ഏകീകൃത നമ്പര്‍, വ്യക്തിയുടെ ഫോട്ടോ, വിവരങ്ങള്‍ എന്നിവ ഉണ്ടാകും. യുഎഇയുടെ 50-ാം വാര്‍ഷികം പ്രമാണിച്ച് രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന് പാസ്‌പോര്‍ട്ടില്‍ ആദരമര്‍പ്പിക്കുന്നുണ്ട്.

🇦🇪യുഎഇയില്‍ തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം ബുധനാഴ്ച അവസാനിക്കും.

✒️യുഎഇയില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കുള്ള ഉച്ചവിശ്രമം ബുധനാഴ്ച അവസാനിക്കും. ജൂണ്‍ 15 മുതല്‍ സെപ്‍തംബര്‍ 15 വരെയാണ് ഉച്ചവിശ്രമ നിയമം പ്രാബല്യത്തിലുള്ളത്.

ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്നു മണി വരെയാണ് തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമ സമയം. വേനല്‍ കടുത്തതോടെ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാതിരിക്കാനാണ് ഈ തീരുമാനം. ഏതെങ്കിലും സ്ഥാപനം ഈ നിയന്ത്രണം ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ ജോലി ചെയ്യുന്ന ഓരോ തൊഴിലാളിക്കും 5000 ദിര്‍ഹം വീതം പിഴ ഈടാക്കും. ഇങ്ങനെ പരമാവധി 50,000 ദിര്‍ഹം വരെ ഒരു സ്ഥാപനത്തില്‍ നിന്ന് ഈടാക്കുമെന്നും അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. ഉച്ചവിശ്രമ നിയമം 17-ാം വര്‍ഷവും വിജയകരമായി നടപ്പിലാക്കിയതായി അധികൃതര്‍ വ്യക്തമാക്കി.

🇰🇼കുവൈത്തില്‍ രണ്ട് കെട്ടിടങ്ങളില്‍ തീപിടിത്തം; രണ്ടുപേര്‍ക്ക് പരിക്ക്.

✒️കുവൈത്തിലെ സാല്‍മിയയില്‍ ഒമ്പത് നിലകളുള്ള കെട്ടിടത്തില്‍ തീപിടിത്തം. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം ഉണ്ടായത്. വിവരമറിഞ്ഞ ഉടന്‍ സാല്‍മിയ, അല്‍ ബിദാ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമനസേനാ അംഗങ്ങളെത്തി താമസക്കാരെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചു. പിന്നീട് തീ നിയന്ത്രണവിധേയമാക്കി.  

തീപിടിത്തത്തെ തുടര്‍ന്ന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട ഒരു സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌പോഞ്ചും തടികളും സൂക്ഷിച്ചിരുന്ന സ്‌റ്റോറില്‍ നിന്നാണ് കെട്ടിടത്തിലെ രണ്ട് അപ്പാര്‍ട്ട്‌മെന്റുകളിലേക്ക് തീ പടര്‍ന്നു പിടിച്ചത്. വെള്ളിയാഴ്ച രാവിലെ ഖൈത്താനിലെ ഒരു കെട്ടിടത്തിന്റെ ബേസ്‌മെന്റിലും അഗ്നിബാധയുണ്ടായി. താമസക്കാരെ ഒഴിപ്പിച്ച് തീയണച്ചു. പരിക്കേറ്റ ഒരാളെ ആശുപത്രിയിലെത്തിച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണ്.

🇰🇼ഒരു കിലോ ലഹരിമരുന്നുമായി യുവാവ് കുവൈത്തില്‍ പിടിയില്‍.

✒️കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ച ഒരു കിലോ ലഹരിമരുന്ന് എയര്‍ കസ്റ്റംസ് പിടിച്ചെടുത്തു. യൂറോപ്യന്‍ രാജ്യത്ത് നിന്ന് പാര്‍സലായാണ് ലഹരിമരുന്ന് കുവൈത്തിലെത്തിയത്. അധികൃതര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് അവര്‍ ഇക്കാര്യം ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ വിഭാഗത്തിലെ ക്രിമിനല്‍ സെക്യൂരിറ്റി സെക്ടര്‍ ഉദ്യോഗസ്ഥരെ അറിയിച്ചു. പാര്‍സല്‍ തുറന്നപ്പോള്‍ ലഹരിമരുന്ന് കണ്ടെത്തി. തുടര്‍ന്ന് ഈ പാര്‍സല്‍ കൈപ്പറ്റാനെത്തിയ അറബ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ നിയമനടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

🇸🇦സൗദി: വാക്സിനെടുക്കാത്ത വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 12 മുതൽ ഹാജർ അനുവദിക്കില്ല.

✒️രാജ്യത്തെ വിദ്യാലയങ്ങളിലെയും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും 12 വയസിന് മുകളിൽ പ്രായമുള്ള, COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാകാത്തവരായ, വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 12, ഞായറാഴ്ച്ച മുതൽ ഹാജർ അനുവദിക്കില്ലെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. ഇവർക്ക് COVID-19 വാക്സിന്റെ 2 ഡോസ് കുത്തിവെപ്പുകൾ എടുക്കുന്നത് വരെ വരെ വിദ്യാലയങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ലെന്നും, ഇവർ അവധി എടുത്തതായി കണക്കാക്കുമെന്നും മന്ത്രലായം അറിയിച്ചിട്ടുണ്ട്.

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത 12 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക്, പുതിയ അധ്യയന വർഷത്തിൽ, വിദ്യാലയങ്ങളിൽ ഹാജർ അനുവദിക്കില്ലെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഈ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് വാക്സിനെടുക്കുന്നതിനായി രണ്ടാഴ്ച്ചത്തെ അധിക സമയം അനുവദിക്കുമെന്നും, ഇത്തരം വിദ്യാർത്ഥികളെ ഈ കാലയളവിൽ ഹാജരല്ലാത്തവരായി കണക്കാക്കില്ലെന്നും സൗദി വിദ്യാഭ്യാസ മന്ത്രാലയം ഓഗസ്റ്റ് 29-ന് അറിയിച്ചിരുന്നു.

രാജ്യത്തെ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവർക്ക് മന്ത്രാലയം ഈ ഇളവ് നൽകിയിരുന്നു. ഈ ഇളവ് കാലാവധിയാണ് സെപ്റ്റംബർ 12-ന് അവസാനിക്കുന്നത്. മുഴുവൻ വിദ്യാർത്ഥികളോടും എത്രയും വേഗം വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

🇶🇦ഖത്തർ: ഉയർന്ന രോഗസാധ്യതയുള്ള വിഭാഗങ്ങൾക്ക് ബൂസ്റ്റർ ഡോസ് വാക്സിൻ നൽകുന്ന നടപടികൾ സെപ്റ്റംബർ 15 മുതൽ ആരംഭിക്കും.

✒️രാജ്യത്തെ ഉയർന്ന രോഗസാധ്യതയുള്ള വിഭാഗങ്ങൾക്ക് COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകുന്ന നടപടികൾ 2021 സെപ്റ്റംബർ 15, ബുധനാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഫൈസർ ബയോഎൻടെക്, മോഡർന എന്നീ വാക്സിൻ കുത്തിവെപ്പുകളെടുത്തിട്ടുള്ള ഈ വിഭാഗത്തിൽപ്പെടുന്നവർക്ക് രണ്ടാം ഡോസ് എടുത്ത് എട്ട് മാസം പൂർത്തിയാക്കുന്നതോടെയാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്.

സെപ്റ്റംബർ 11-ന് രാത്രിയാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ രോഗപ്രതിരോധ ശേഷി കുറവുള്ള ഏതാനം വിഭാഗങ്ങൾക്ക് മൂന്നാമതൊരു ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്നതിന് ഖത്തർ ആരോഗ്യ മന്ത്രാലയം നേരത്തെ അനുമതി നൽകിയിരുന്നു.

ബൂസ്റ്റർ ഡോസ് നൽകുന്നതിന്റെ ആദ്യ ഘട്ടത്തിൽ താഴെ പറയുന്നവർക്കാണ് കുത്തിവെപ്പ് നൽകുന്നത്:
65 വയസിന് മുകളിൽ പ്രായമുള്ളവർ.
വിട്ടുമാറാത്ത അസുഖങ്ങളുള്ളവർ.
COVID-19 പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിരയിലുള്ളവർ.
രോഗപ്രതിരോധ ശേഷി ഉയർത്തുന്നതിൽ ബൂസ്റ്റർ ഡോസുകൾ ഏറെ ഫലപ്രദമാണെന്ന പഠന റിപ്പോർട്ടുകളെത്തുടർന്നാണ് ഈ തീരുമാനം. നിലവിൽ ഫൈസർ ബയോഎൻടെക്, മോഡർന എന്നീ വാക്സിനുകൾ സ്വീകരിച്ചവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. ആദ്യ ഘട്ടത്തിൽ സ്വീകരിച്ച അതേ വാക്സിൻ തന്നെയാണ് ബൂസ്റ്റർ ഡോസായി നൽകുന്നത്.

ബൂസ്റ്റർ ഡോസ് വാക്സിൻ ലഭിക്കുന്നതിന് അർഹതയുള്ളവരെ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷനിൽ (PHCC) നിന്ന് നേരിട്ട് ബന്ധപ്പെടുന്നതാണ്. രണ്ടാം ഡോസ് വാക്സിനെടുത്ത് എട്ട് മാസം പൂർത്തിയാക്കിയവർക്ക് PHCC-യിൽ നിന്ന് ബന്ധപ്പെടുന്നില്ലെങ്കിൽ 4027 7077 എന്ന നമ്പറിൽ ബുക്കിങ്ങിനായി വിളിക്കാവുന്നതാണ്

🇴🇲ഒമാനിലെ 2021-2022 അധ്യയന വർഷം: അധ്യാപകർ, മറ്റു ജീവനക്കാർ തുടങ്ങിയവർ ഇന്ന് മുതൽ വിദ്യാലയങ്ങളിലെത്തും.

✒️രാജ്യത്തെ വിദ്യാലയങ്ങളിലെ 2021-2022 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ, മറ്റു ജീവനക്കാർ തുടങ്ങിയവർ ഇന്ന് (2021 സെപ്റ്റംബർ 12, ഞായറാഴ്ച്ച) മുതൽ ജോലിയിൽ തിരികെ പ്രവേശിക്കുന്നതാണ്. ഒമാനിലെ വിദ്യാലയങ്ങളിൽ ഏതാണ്ട് 60000 അധ്യാപകരം, പതിനായിരത്തിൽ പരം മറ്റു ജീവനക്കാരും പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച്ച മുതൽ വിദ്യാലയങ്ങളിലെത്തുന്നതാണ്.

ഒമാനിലെ വിദ്യാലയങ്ങളിലെത്തുന്നവരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് നൽകിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ 2021 സെപ്റ്റംബർ 19 മുതലായിരിക്കും ആരംഭിക്കുന്നത്.

12 മുതൽ 17 വയസ് വരെ പ്രായമുള്ള മുപ്പത്തിനായിരത്തിൽ പരം വിദ്യാർത്ഥികൾ ഇതുവരെ ഒരു ഡോസ് COVID-19 വാക്സിൻ സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പുതിയ അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള പഠനവും, ഓൺലൈൻ വിദ്യാഭ്യാസവും സംയോജിപ്പിച്ചിട്ടുള്ള രീതിയായിരിക്കും നടപ്പിലാക്കുന്നത്. കുട്ടികളുടെ എണ്ണം വളരെക്കുറവുള്ള വിദ്യാലയങ്ങളിൽ മുഴുവൻ വിദ്യാർത്ഥികൾക്കും നേരിട്ട് സ്‌കൂളിൽ ഹാജരാകുന്ന രീതി നടപ്പിലാക്കുന്നതാണ്. സ്‌കൂൾ ബസുകൾ പകുതി ശേഷിയിൽ യാത്ര സേവനങ്ങൾ നൽകുന്നതാണ്.

🇸🇦സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനെണ്ണായിരത്തോളം പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം.

✒️രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനെണ്ണായിരത്തോളം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി. 2021 സെപ്റ്റംബർ 2 മുതൽ സെപ്റ്റംബർ 8 വരെയുള്ള കാലയളവിൽ രാജ്യത്തെ മുഴുവൻ മേഖലകളിലും നടത്തിയ പ്രത്യേക പരിശോധനകളിലാണ് റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനും, അനധികൃത തൊഴിലാളികളായും, കുടിയേറ്റക്കാരായും രാജ്യത്ത് പ്രവേശിച്ചതിനും, രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനും 17598 പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇതിൽ 6594 പേർ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനാണ് അറസ്റ്റിലായത്. തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1775 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിർത്തി സുരക്ഷ സംബന്ധമായ ലംഘനങ്ങൾക്ക് 9229 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇത്തരം ലംഘനങ്ങളുമായി ബന്ധപ്പെട്ട് ഏതാണ്ട് 9421 പേർക്കെതിരെ നാടുകടത്തൽ നടപടികൾ സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി.

അനധികൃതമായി സൗദി അതിർത്തികളിലൂടെ നുഴഞ്ഞ് കയറാൻ ശ്രമിച്ച 202 പേരെയും ഈ കാലയളവിൽ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 49 ശതമാനം പേർ എത്യോപ്യൻ പൗരന്മാരും, 48 ശതമാനം പേർ യെമൻ പൗരന്മാരും, 3 ശതമാനം പേർ മറ്റു രാജ്യങ്ങളിൽ നിന്നുമുള്ളവരാണ്.

റെസിഡൻസി നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്ന വിദേശികൾ, അനധികൃത തൊഴിലാളികൾ, കുടിയേറ്റക്കാർ തുടങ്ങിയവരുടെ വിവരങ്ങൾ സെക്യൂരിറ്റി വിഭാഗങ്ങളുമായി പങ്ക് വെക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ആവശ്യപ്പെട്ടിരുന്നു. ഇത്തരക്കാരെ കണ്ടെത്തി നടപടികൾ കൈക്കൊള്ളുന്നതിനായി രാജ്യത്തെ വിവിധ സുരക്ഷാ വിഭാഗങ്ങളുമായി ചേർന്ന് ആഭ്യന്തര മന്ത്രാലയം പ്രത്യേക പരിശോധനാ പരിപാടികൾ അതിവിപുലമായി നടത്തിവരികയാണ്.

ഇത്തരം വിവരങ്ങൾ പൊതുജനങ്ങൾക്ക് അധികൃതരുമായി പങ്ക് വെക്കുന്നതിനുള്ള നമ്പറുകളും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മക്ക, റിയാദ് എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, സൗദിയുടെ മറ്റു മേഖലകളിൽ 999 എന്ന നമ്പറിലും ഇത്തരം നിയമലംഘനങ്ങൾ അധികൃതരുമായി പങ്ക് വെക്കാവുന്നതാണ്.

🇸🇦സൗദി: യാത്രാ വിലക്കുകൾ തുടരുന്ന രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുടെ റെസിഡൻസി വിസ കാലാവധി നവംബർ 30 വരെ നീട്ടി.

✒️രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ റെസിഡൻസി പെർമിറ്റ് കാലാവധി 2021 നവംബർ 30 വരെ നീട്ടി നൽകാൻ തീരുമാനിച്ചതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസത്ത്) അറിയിച്ചു. സെപ്റ്റംബർ 10-ന് രാത്രിയാണ് ജവാസത്ത് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.സൗദിയിലേക്ക് യാത്രാവിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ളവരുടെ ഇഖാമ (റെസിഡൻസി പെർമിറ്റുകൾ), എക്സിറ്റ് വിസ, റീ-എൻട്രി വിസ മുതലായവയുടെ കാലാവധി നവംബർ 30 വരെ സൗജന്യമായി നീട്ടിയതായാണ് ജവാസത്ത് അറിയിച്ചിട്ടുള്ളത്. ഇതിനു പുറമെ നിലവിൽ സൗദിയ്ക്ക് പുറത്തുള്ള വിസിറ്റ് വിസകളുടെ കാലാവധിയും നവംബർ 30 വരെ നീട്ടിയിട്ടുണ്ട്.

ഇത്തരം വിസകൾ പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ജവാസത്ത് സ്വയമേവ ആരംഭിച്ചതായും ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം വിസകളുടെ കാലാവധി നീട്ടുന്നതിനുള്ള നടപടികൾ നാഷണൽ ഇൻഫർമേഷൻ സെന്ററുമായി ചേർന്ന് ജവാസത്ത് സ്വയമേവ നടപ്പിലാക്കുന്നതാണ്.

രാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും നിലവിലെ സാഹചര്യങ്ങളിൽ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളിൽ സഹായം നൽകുന്നതിനായാണ് സൗദി രാജാവ് കിംഗ് സൽമാൻ ബിൻ അബ്ദുൽ അസീസ് ഇത്തരം ഒരു ഉത്തരവ് പുറത്തിറക്കിയത്. നേരത്തെ ഇത്തരം വിസകളുടെ കാലാവധി 2021 സെപ്റ്റംബർ 30 വരെ ജവാസത്ത് സൗജന്യമായി നീട്ടി നൽകിയിരുന്നു.

🇶🇦ഫെയ്സ് ഷീൽഡ് നിർബന്ധമല്ല, മാസ്ക് നിർബന്ധമെന്ന് ഖത്തർ എയർവേയ്സ്.

✒️ഫേസ് മാസ്ക് നിർബന്ധമെന്ന് യാത്രക്കാരെ ഓർമപ്പെടുത്തി ഖത്തർ എയർവേസിന്റെ ട്വീറ്റ്. യാത്രാവേളയിൽ ഫേസ് ഷീൽഡ് ധരിക്കുന്നത് നിര്ബന്ധമല്ലെന്നും എന്നാൽ മാസ്ക് നിർബന്ധമാണെന്നും ട്വീറ്റിൽ പറയുന്നു. അനുയോജ്യമായ മുഖാവരണം യാത്രക്കാർക്ക് തന്നെ കരുതാമെന്നും നിർദേശമുണ്ട്.

🇦🇪ട്വൻറി 20 ലോകകപ്പ്: ഗ്രൂപ് തല മത്സരങ്ങൾക്ക് കാണികളെ അനുവദിച്ചേക്കും.

✒️ഒക്ടോബർ 17 മുതൽ ഒമാനിൽ ആരംഭിക്കുന്ന ട്വൻറി 20 ലോകകപ്പ് ഗ്രൂപ്പുതല മത്സരങ്ങൾക്ക് കാണികളെ അനുവദിച്ചേക്കും. മൂവായിരം കാണികൾക്ക് പ്രവേശനാനുമതി നൽകാനാണ് ആലോചനയുള്ളത്.രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കാണ് അനുമതി ലഭിക്കുക.

ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന അമിറാത്ത് ക്രിക്കറ്റ് മൈതാനിയിൽ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.സ്റ്റേഡിയത്തിെൻറ വടക്കുവശത്ത് 20 മുതൽ 30 പേർക്ക് വരെ ഇരിക്കാവുന്ന വി.ഐ.പി ബോക്സ് ഉണ്ടായിരിക്കും എന്നും ഒമാൻ ക്രിക്കറ്റ് അസോസിയേഷെൻറ ചീഫ് ഡെവലപ്മെൻറ് ഓഫീസർ ദുലീപ് മെൻഡിസ് പറഞ്ഞു. മീഡിയാ ബോക്സ് അടക്കമുള്ളവയും ഇവിടെയായിരിക്കും. ടൂർണമെൻറിൽ പങ്കെടുക്കുന്ന ടീമംഗങ്ങൾ രണ്ടാഴ്ച നിർബന്ധിത ഐസൊലേഷനിൽ കഴിയേണ്ടി വരും. പ്രാഥമിക റൗണ്ട് മത്സരങ്ങളിൽ ഒമാൻ അടക്കം എട്ട് ടീമുകളാണ് പങ്കെടുക്കുന്നത്. ഒമാന് പുറമെ ബംഗ്ലാദേശ്, പാപ്പുവ ന്യൂ ഗിനിയ, സ്കോട്ട്ലൻറ് എന്നീ രാജ്യങ്ങളാണ് ഗ്രൂപ്പ് ബിയിലുള്ളത്. ശ്രീലങ്ക, നെതർലൻറ്സ്, നമീബിയ, അയർലൻറ് എന്നീ രാജ്യങ്ങളടങ്ങിയതാണ് ഗ്രൂപ്പ് എ. രണ്ട് ഗ്രൂപ്പുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന രണ്ട് ടീമുകൾ വീതം യു.എ.ഇയിൽ നടക്കുന്ന സൂപ്പർ 12 റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെടും.

🇰🇼ഇന്ത്യക്ക് പുറത്തു നടക്കുന്ന നീറ്റ് പരീക്ഷ നാളെ കുവൈത്തിൽ.

✒️ഇന്ത്യക്ക് പുറത്തു നടക്കുന്ന നീറ്റ് പരീക്ഷക്ക് നാളെ കുവൈത്തിലെ ഇന്ത്യൻ എംബസ്സി വേദിയാകും . രാവിലെ 11.30 മുതൽ 2.30 വരെയാണ് പരീക്ഷ. കുവൈത്തിൽ മുന്നൂറിലേറെ വിദ്യാർഥികൾ പരീക്ഷ എഴുതുമെന്നാണ് വിവരം. വിദ്യാർഥികൾ അഡ്മിറ്റ് കാർഡിൽ സൂചിപ്പിച്ച സമയം അനുസരിച്ച് എത്തണമെന്നും . കാർഡിലെ ഇന്ത്യൻ സമയത്തിനു അനുശ്രുതമായി കുവൈത്ത്ന് സമയം കണക്കാക്കിയാണ് എത്തേണ്ടതെന്നും എംബസ്സി നിർദേശിച്ചു. എംബസ്സിയുടെ പ്രധാന കവാടത്തിലൂടെ രാവിലെ 8.30 മുതൽ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചു തുടങ്ങും. 11 മണിവരെ മാത്രമാണ് പ്രവേശനം . വിദ്യാർഥികൾ ഹാളിൽ പ്രവേശിക്കുന്നതിന് മുമ്പ് കൗണ്ടറിൽ നിന്ന് നൽകുന്ന എൻ95 മാസ്ക് ധരിക്കണം.

സഹായങ്ങൾക്കായി എംബസി പരിസരത്ത് രാവിലെ 8.30 മുതൽ ഹെൽപ് ഡെസ്ക് ഉണ്ടാകും .നാഷണൽ ടെസ്റ്റിങ് അതോറിറ്റി നൽകുന്ന ബ്ലാക്ക് ബാൾ പോയൻറ് പെൻ ഉപയോഗിച്ച് ഒ.എം.ആർ ഷീറ്റിലാണ് ഉത്തരം അടയാളപ്പെടുത്തേണ്ടത്. ഇംഗ്ലീഷ് ഭാഷയിലാണ് പരീക്ഷ രജിസ്ട്രേഷൻ ഏരിയയിലേക്ക് അഡ്മിറ്റ് കാർഡും തിരിച്ചറിയൽ രേഖയും ഉള്ള വിദ്യാർഥികൾക്ക് മാത്രമേ പ്രവേശനമുണ്ടാകൂ. എൻ.ടി.എ നിർദേശിക്കുന്ന ഡ്രസ് കോഡ് പിന്തുടരണം. പരീക്ഷ അവസാനിപ്പിക്കുന്നതിന് മുമ്പ് പരീക്ഷാർഥികളെ ഹാളിൽനിന്ന് പുറത്തുപോകാൻ അനുവദിക്കില്ല. മുഴുവൻ വിദ്യാർത്ഥികളും കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൻറെ കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

Post a Comment

0 Comments