ഏലത്തോട്ടത്തിലേക്ക് ജോലി ചെയ്യിക്കാനായി കൊണ്ടുവന്ന പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊണ്ടുപോയ വാഹനം കുമളിയിൽ പരിശോധനാസംഘം പിടികൂടി.
മൂന്ന് പെൺകുട്ടികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവരെ ചൈൽഡ് വെൽഫെയർ കേന്ദ്രത്തിലേക്ക് മാറ്റി.
ഇടുക്കിയിലെ തേയിലത്തോട്ടങ്ങളിൽ പണിയെടുപ്പിക്കുന്നതിനായി തമിഴ്നാട്ടിൽ നിന്ന് വ്യാപകമായി 12നും 14നും ഇടയിലുള്ള കുട്ടികളെ കൊണ്ടുവരുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ജില്ലാ ഭരണകൂടവും ജില്ലാ പൊലീസ് മേധാവിയും അതിർത്തിമേഖലകളിൽ പരിശോധന ശക്തമാക്കിയത്.
ഈ പരിശോധനയുടെ ഭാഗമായാണ് ഇന്ന് കുമളിയിൽ ചൈൽഡ് പ്രൊട്ടക്ഷൻ വിങും പൊലീസും മോട്ടോർ വാഹനാകുപ്പും ചേർന്ന് പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് കുട്ടികളെ കണ്ടെത്തിയത്. ഇവരെ കുമളിയിലെ ഏലത്തോട്ടത്തിലേക്ക് പണിയെടുക്കാനായി കൊണ്ടുവന്നതാണെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ ഉടുമ്പൻ ചോലയിൽ നടന്ന പരിശോധനയിൽ രണ്ട് എസ്റ്റേറ്റ് ഉടമകൾക്കെതിരെ കേസെടുത്തിരുന്നു. പ്രായപൂർത്തി ആവാത്ത കുട്ടികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നു എന്ന കുറ്റങ്ങൾ ആരോപിച്ചാണ് കേസ്.
തോട്ടം മേഖലയിൽ പണിയെടുക്കുന്ന പ്രാദേശിക തൊഴിലാളികൾക്കുള്ള കൂലി വർധിക്കുന്നുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് തമിഴ്നാട്ടിൽ നിന്ന് കുട്ടികളെ കൊണ്ടുവന്ന് പണിയെടുപ്പിക്കാൻ തോട്ടം ഉടമകൾ ശ്രമിക്കുന്നത്. ഇതിനായി പ്രത്യേക എജൻ്റുമാരുണ്ട്.
ഇവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. എല്ലാ ദിവസങ്ങളിലും സംയുക്ത പരിശോധന നടത്താൻ തീരുമാനം ആയിട്ടുണ്ട്.
0 Comments