സംസ്ഥാനത്ത് ആംബുലൻസുകളും അനധികൃതമായി രൂപമാറ്റം വരുത്തി സർവീസ് നടത്തുന്നുണ്ടെന്ന് മോട്ടോർ വാഹനവകുപ്പിന്റെ കണ്ടെത്തൽ. ഇവ ദുരുപയോഗം ചെയ്യുന്നതും വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതു പിടികൂടാൻ 'ഓപ്പറേഷൻ റസ്ക്യൂ' പദ്ധതിയുമായി ഇറങ്ങുകയാണു മോട്ടോർ വാഹനവകുപ്പ്.
ഓണക്കാലത്തിനു മുൻപുതന്നെ ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഓണത്തിനുശേഷം പരിശോധിക്കാനായിരുന്നു തീരുമാനം. രൂപമാറ്റംവരുത്തിയ ആംബുലൻസുകൾക്ക് അനുമതി നൽകിയിട്ടില്ല.
ചിലതു രോഗികളെ കൊണ്ടുപോകുന്നതിനുപകരം മറ്റാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഉത്തരവുപ്രകാരം ബുധനാഴ്ച മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന തുടങ്ങി.
രോഗികളെ കൊണ്ടുപോകുന്ന ആംബുലൻസുകൾ തടയാനോ ബുദ്ധിമുട്ടുണ്ടാക്കാനോ പാടില്ലെന്ന കർശനനിർദേശം ഉദ്യോഗസ്ഥർക്കു നൽകിയിട്ടുണ്ട്. ആശുപത്രിപരിസരങ്ങൾ കേന്ദ്രീകരിച്ചായിരിക്കണം കഴിയുന്നതും പരിശോധന നടത്തേണ്ടത്. പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ രൂപമാറ്റം വരുത്തിയതാണോയെന്നു പരിശോധിക്കണമെന്നും നിർദേശമുണ്ട്.
0 Comments