തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസിന് കൂടുതല്‍ തലവേദന സൃഷ്ടിച്ചിരിക്കുകയാണ് ഡാര്‍ക്ക് വെബ്ബിലെ ആയുധ വില്‍പന. കേരളത്തില്‍ പലരും നിയമവിരുദ്ധമായി തോക്കുകള്‍ കൈവശപ്പെടുത്തിയിട്ടുണ്ടെന്ന സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്.
സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ പക്കല്‍ നിന്ന് വ്യാജ ലൈസന്‍സ് ഉള്ള തോക്കുകള്‍ പിടിച്ചെടുത്തതോടെയാണ് സംസ്ഥാനത്തേക്ക് അനധികൃതമായി തോക്കുകള്‍ എത്തുന്നുവെന്ന വിവരം പുറത്തായത്. തിരുവനന്തപുരത്തിന് പുറമെ കൊച്ചിയില്‍ നിന്നും സമാനമായ രീതിയില്‍ തോക്കുകള്‍ പിടികൂടി.
രണ്ടിടത്തുനിന്നും പിടികൂടിയ തോക്കുകള്‍ക്ക് ലൈസന്‍സ് നല്‍കിയതായി കാണിക്കുന്നത് ജമ്മു കശ്മീരിലെ രജൗരി ജില്ലാ കലക്ടറാണ്. തിരുവനന്തപുരത്ത് പിടികൂടിയ തോക്കുകള്‍ക്ക് ലൈസന്‍സിന് നിയമസാധുത ഇല്ലായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ കൊച്ചിയിലേതും ഇതേപോലെയാകാനാണ് സാധ്യത.
മുംബൈ ആസ്ഥാനമായ സ്വകാര്യ ഏജന്‍സി 'സിസ്‌കോ'യുടെ ജീവനക്കാരില്‍ നിന്നാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്. എടിഎമ്മില്‍ പണം നിറയ്ക്കാന്‍ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ സുരക്ഷയ്ക്ക് വേണ്ടിയാണ് ഇവരെ നിയോഗിച്ചിരുന്നത്. ഒരു സംസ്ഥാനത്ത് ലൈസന്‍സുള്ള തോക്ക് മറ്റൊരിടത്തേക്ക് കൊണ്ടുപോകുമ്പോള്‍ അത് ഉപയോഗിക്കുന്ന സ്ഥലത്തെ എഡിഎമ്മില്‍ നിന്ന് അനുമതി തേടേണ്ടതുണ്ട്. ഇവിടെ അത് നടന്നിട്ടില്ല.
മൊട്ടുസൂചി മുതല്‍ വിമാനവേധ തോക്കുകള്‍ വരെ
സംസ്ഥാനത്തേക്ക് മുമ്പും ആയുധങ്ങള്‍ എത്തുന്നുവെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നതാണ്. ഡാര്‍ക്ക് വെബ്ബ് എല്ലാവിധ അനധികൃത ഇടപാടുകളുടെയും കേന്ദ്രമാണ്. ഭരണകൂടങ്ങളുടെ നിയന്ത്രണമില്ലാത്ത ഡാര്‍ക്ക് വെബ്ബില്‍ നിന്ന് ഇത്തരം ഇടപാടുകള്‍ കണ്ടെത്തുക ദുഷ്‌കരമാണ്. മൊട്ടുസൂചി മുതല്‍ വിമാനവേധ തോക്കുകള്‍ വരെ ഡാര്‍ക്ക് വെബ്ബില്‍ വാങ്ങാന്‍ കിട്ടുമെന്നതാണ് പ്രത്യേകത.
കേരളത്തിന് പുറത്ത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആയുധങ്ങള്‍ കരിഞ്ചന്തയില്‍ വാങ്ങാന്‍ കിട്ടും. ഡാര്‍ക്ക് വെബ്ബില്‍ അതിന് ഇടനിലക്കാരുണ്ടെന്നതാണ് ഭീഷണിയാകുന്നത്. ഇത്തരത്തില്‍ നേരിട്ട് പോകാതെ ആയുധങ്ങള്‍ വാങ്ങാന്‍ സാധിക്കും. എന്നാല്‍ സര്‍ക്കാരുകള്‍ക്ക് നിയന്ത്രണമൊന്നുമില്ലെങ്കിലും ഇവിടെ ഒട്ടുമിക്ക അന്വേഷണ ഏജന്‍സികളുടെയും ചാരക്കണ്ണുകളുണ്ട്.
അവരുടെ കണ്ണുവെട്ടിച്ച് ആയുധങ്ങള്‍ കേരളത്തില്‍ വില്‍ക്കുക അത്ര എളുപ്പമല്ല. എന്നാല്‍ അത് അസാധ്യമായ കാര്യവുമല്ല. ഇതിനായി കേരളത്തിന്റെ സ്വന്തം സൈബര്‍ സുരക്ഷാ സംവിധാനമായ സൈബര്‍ ഡോം സ്വന്തമായി വികസിപ്പിച്ചെടുത്ത ഗ്രാപ്നെല്‍ സോഫ്റ്റ്വെയറുപയോഗിച്ച് ഇവിടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ ആയുധ ഇടപാടുകള്‍ കണ്ടെത്തുക അത്ര എളുപ്പമല്ല. അതേസമയം കള്ളത്തോക്കുകള്‍ ആവശ്യക്കാരിലേക്ക് എത്തുന്ന സമയത്തോ അല്ലെങ്കില്‍ എന്തെങ്കിലും സാഹചര്യത്തില്‍ പിടിക്കപ്പെടുകയോ ചെയ്യാതെ ഇവ കണ്ടെത്തുക സാധ്യമല്ല. ഈ പരിമിതി മറികടക്കാനാണ് ഗ്രാപ്നെല്‍ സോഫ്റ്റ്വെയര്‍ ഉപയോഗിക്കാന്‍ സൈബര്‍ ഡോം ശ്രമിക്കുന്നത്.
60,000 മുതല്‍ ഒരുലക്ഷം വരെ വില വരുന്ന തോക്കുകള്‍ ഡാര്‍ക്ക് വെബ്ബില്‍ വാങ്ങുന്നുവെന്നാണ് സൂചന. ആയുധങ്ങള്‍ കൈവശം വെക്കാന്‍ താത്പര്യപ്പെടുന്നവര്‍ ധാരാളമുണ്ട്. സംസ്ഥാനത്ത് തോക്ക് ലൈസന്‍സ് ആവശ്യപ്പെട്ട് എത്തുന്ന അപേക്ഷകള്‍ വര്‍ധിക്കുന്നത് ഇതിന്റെ സൂചനയാണ്.
തോക്ക് വെക്കാന്‍ സ്ട്രോങ് റൂം വേണം,
വെടിവെക്കാന്‍ പോലീസ് പരിശീലിപ്പിക്കും
തോക്ക് ലൈസന്‍സിനായി ജില്ലാ കളക്ടര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. പോലീസ്, ഫോറസ്റ്റ്, ആര്‍ഡിഒ തുടങ്ങിയവരുടെ അന്വേഷണത്തിന് ശേഷം മാത്രമാണ് ലൈസന്‍സ് അനുവദിക്കുക. മിക്ക അപേക്ഷകളും തള്ളുകയാണ് പതിവ്. ചെറിയ കാരണങ്ങള്‍ കൊണ്ടുപോലും അപേക്ഷ തള്ളപ്പെടാം. തോക്ക് സൂക്ഷിക്കാന്‍ അപേക്ഷിക്കുന്ന ആളിന് സംവിധാനമുണ്ടായിരിക്കണം. ഇതില്ലെങ്കില്‍ പോലും അപേക്ഷ തള്ളപ്പെടും. മാസം തോറും 200 മുകളില്‍ അപേക്ഷയാണ് തോക്കു ലൈസന്‍സിനായി വരുന്നതെന്നാണ് വിവരങ്ങള്‍. സ്ട്രോങ് റൂം സംവിധാനം തോക്ക് സൂക്ഷിക്കാനായി വേണമെന്നത് നിര്‍ബന്ധമാണ്.
എന്തെങ്കിലും കുറ്റകൃത്യത്തില്‍ ശിക്ഷിക്കപ്പെട്ടവര്‍, മാനസിക വൈകല്യമുള്ളവര്‍, പോലീസ് സംരക്ഷണയിലുള്ളവര്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമങ്ങള്‍ നടത്തുന്നവര്‍ എന്നിവര്‍ക്ക് ലൈസന്‍സ് നിഷേധിക്കപ്പെടും.
ഇനി ലൈസന്‍സ് ലഭിച്ചാല്‍ വെറുതെ പോയി തോക്ക് വാങ്ങി സൂക്ഷിക്കാനാകില്ല. സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള ഡീലറില്‍ നിന്ന് തോക്ക് വാങ്ങി തിരകള്‍ സഹിതം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യണം. തോക്ക് ഉപയോഗിക്കാനുള്ള പരിശീലനവും പോലീസ് നല്‍കും. എന്നാല്‍ ആത്മരക്ഷയ്ക്കല്ലാതെ വെറുതെ തോക്ക് ഉപയോഗിച്ചാല്‍ അകത്താകും.
ആത്മരക്ഷയ്ക്കാണെങ്കില്‍ പോലും മുട്ടിന് താഴേക്ക് മാത്രമേ നിറയൊഴിക്കാവു. അല്ലെങ്കില്‍ ക്രിമിനല്‍ കുറ്റമാണ്. അഞ്ചുവര്‍ഷത്തേക്കാണ് ലൈസന്‍സ് നല്‍കുകയെങ്കിലും എല്ലാവര്‍ഷവും ലൈസന്‍സ് ഇനത്തില്‍ 500 രൂപ ഫീസടക്കണം. അല്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കപ്പെടും. റിവോള്‍വര്‍, പിസ്റ്റള്‍, ഡബിള്‍ ബാരല്‍ റൈഫിള്‍ എന്നിവയിലേതെങ്കിലുമൊന്നിനാകും ലൈസന്‍സ് നല്‍കുക. തോക്ക് ലഭിച്ചാലും ഒരു വര്‍ഷം 200 ബുള്ളറ്റുകള്‍ മാത്രമേ ഉപയോഗിക്കാനായി അനുവദിക്കു. ഒരുസമയം കൈവശം ആകെ 100 ബുള്ളറ്റുകള്‍ മാത്രമേ സൂക്ഷിക്കാനുമാകു.
അനധികൃത തോക്കുകള്‍; പിടിച്ചാല്‍ 10 കൊല്ലം തടവ് ശിക്ഷ
അനധികൃതമായി തോക്കുകള്‍ കൈവശം വെക്കുന്നത് നിയമവിരുദ്ധമാണ്. ഇങ്ങനെ ലൈസന്‍സ് ഇല്ലാതെ തോക്കുകള്‍ കൈവശം വെക്കുന്നത് 10 കൊല്ലം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണ്. ഇത്തരം തോക്കുകള്‍ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ചതായി തെളിഞ്ഞാല്‍ ശിക്ഷ കടുക്കും.
സംസ്ഥാനത്താകെ 8193 തോക്ക് ലൈസന്‍സുകള്‍ ആകെ അനുവദിച്ചിട്ടുണ്ട്. ഇതില്‍ കൂടുതലും എറണാകുളം, കോട്ടയം ജില്ലകളിലാണ്. തോക്ക് ലൈസന്‍സ് ഉള്ളവര്‍ പോലീസ് എപ്പോള്‍ ആവശ്യപ്പെട്ടാലും അത് ഹാജരാക്കാന്‍ നിര്‍ബന്ധിതരാണ്. തിരഞ്ഞെടുപ്പ് പോലുള്ള സമയങ്ങളില്‍ പോലീസ് സ്റ്റേഷനുകളില്‍ തോക്കുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടാറുണ്ട്.
ഇത്തരം കാര്യങ്ങളൊന്നും വേണ്ട എന്നണ് അനധികൃതമായി തോക്കുകള്‍ വാങ്ങി സൂക്ഷിക്കാന്‍ ആവശ്യക്കാരേ പ്രേരിപ്പിക്കുന്നത്. അതിനാല്‍ തന്നെ ഭീഷണി മുന്നില്‍ കണ്ടാണ് സൈബര്‍ ഡോമിന്റെ പ്രവര്‍ത്തനം. കള്ളത്തോക്ക് വില്‍പ്പന കൂടാതെ മയക്കുമരുന്ന് വ്യാപാരവും, ബാങ്ക് തട്ടിപ്പ്, ഓണ്‍ലൈന്‍ തട്ടിപ്പ്, തീവ്രവാദം എന്നിവ തടയാന്‍ ഗ്രാപ്നെല്‍ സോഫ്റ്റ്വെയറിന് സാധിക്കുമെന്നാണ് സൈബര്‍ ഡോം പ്രതീക്ഷിക്കുന്നത്.
0 Comments