Ticker

6/recent/ticker-posts

Header Ads Widget

ജാഥകള്‍, പ്രചാരണ ബോര്‍ഡുകള്‍; ഇത് വാട്‌സ്ആപ്പ് കൂട്ടായ്മയുടെ അഡ്മിന്‍പാനല്‍ തിരഞ്ഞെടുപ്പ്

കണ്ണൂർ:  ദിവസങ്ങൾക്കുമുൻപ് പാനൂർ വഴി പെരിങ്ങത്തൂർ ഭാഗത്തേക്ക് യാത്രപോയ പലരും പരിസരങ്ങൾ കണ്ട് ഒന്നമ്പരന്നു. റോഡിലൂടെ മുദ്രാവാക്യം വിളിച്ച് കടന്നുപോകുന്ന ചെറുജാഥകൾ.

ചൂടുപിടിച്ച തിരഞ്ഞെടുപ്പ് പ്രചാരണത്തെ ഓർമിപ്പിക്കുന്ന തരത്തിൽ വഴിക്കിരുവശവും കൂറ്റൻ ബോർഡും തോരണങ്ങളും.. സ്ഥാനാർഥികളെന്ന് തോന്നിപ്പിക്കുന്നവരുടെ ചിരിക്കുന്ന മുഖങ്ങൾ സർവത്ര... പൂക്കോം എന്ന സ്ഥലം കേന്ദ്രീകരിച്ചായിരുന്നു കാഴ്ചകളെല്ലാം.

വല്ല ഉപതിരഞ്ഞെടുപ്പും നടക്കുന്നുണ്ടോ എന്നാണ് മിക്കവരും ആദ്യം ശങ്കിച്ചത്. പിന്നീടാണ് സത്യമറിയുന്നത്. സംഭവം തിരഞ്ഞെടുപ്പുതന്നെ. ‘പൂക്കോം ഓൺലൈൻ വാട്സാപ്പ്‌ കൂട്ടായ്മ’യുടെ അഡ്മിൻ പാനലിലേക്കുള്ളതാണെന്നുമാത്രം.

സ്കൂൾ തിരഞ്ഞെടുപ്പ് മുതൽ നിയമസഭ-പാർലമെന്റ് തിരഞ്ഞെടുപ്പും അമേരിക്കൻ തിരഞ്ഞെടുപ്പും വരെ കണ്ടിട്ടുള്ളവർക്ക് പുതിയ കാഴ്ച സമ്മാനിച്ചത് കൗതുകവും ആശ്ചര്യവും.256 പേരുള്ള വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ പാനലിലേക്ക് മത്സരിച്ചത് 28 പേർ (ഇതിൽനിന്ന്‌ 15 പേരെയാണ് ‘അഡ്മിൻസ്’ ആയി തിരഞ്ഞെടുക്കുക). തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ നിയന്ത്രിച്ചത് അഞ്ച് പേരടങ്ങുന്ന സംഘം.

256 അംഗങ്ങളിൽ 223 പേർ വോട്ട് രേഖപ്പെടുത്തി. കള്ളവോട്ടിന്റെ കളങ്കമില്ലാത്ത തിരഞ്ഞെടുപ്പിനായി പ്രത്യേകം സോഫ്റ്റ്‌വെയർ രൂപകല്പന ചെയ്യിച്ചത് ബെംഗളൂരുവിലെ െഎ.ടി. വിദഗ്ധനെക്കൊണ്ട്. സാമൂഹികമാധ്യമങ്ങൾ വഴിയായിരുന്നു വോട്ടഭ്യർഥന. പുതുമുഖങ്ങൾക്ക് അവസരം നൽകാനായി തിരഞ്ഞെടുപ്പ് രംഗത്തുനിന്ന്‌ വിട്ടുനിന്ന ‘സംശുദ്ധർ’ വരെയുണ്ട് കൂട്ടത്തിൽ. ഓൺലൈനായി വോട്ടിങ് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം ഞായറാഴ്ച രാത്രി പ്രഖ്യാപിക്കും. ഏറ്റവും കൂടുതൽ വോട്ട് കിട്ടുന്നയാളാണ് ‘സൂപ്പർ അഡ്മിൻ’.മൂന്നുവർഷം മുൻപ് നിലവിൽവന്ന ‘പൂക്കോം ഓൺലൈൻ കൂട്ടായ്മ’യിൽ പ്രവാസികളുൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുണ്ട്. സൗഹൃദത്തിനുപരി ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവം.

സമീപകാലത്ത് ‘ബിരിയാണി ചലഞ്ചി’ലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അരലക്ഷം രൂപ സമാഹരിച്ച സംഘം ചികിത്സാസഹായം, നിർധനർക്കുള്ള വിവാഹസഹായം, അനാഥാലയങ്ങളിലേക്കുള്ള സേവനങ്ങൾ എന്നിവയും നടത്തിവരുന്നു. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച്, ആഘോഷപരിപാടികളും ‘സത്യപ്രതിജ്ഞ’യും കഴിഞ്ഞശേഷം സംഘാംഗങ്ങൾ കൂടുതൽ സജീവമാകും; നാട്ടുകാരനായ ഒരാൾക്ക് 15 ലക്ഷം രൂപ ചെലവിൽ വീട് നിർമിച്ച് നൽകുന്നതിന്റെ തിരക്കുകളിലാകും ഇനിയുള്ള നാളുകൾ.

Post a Comment

0 Comments