🇸🇦സൗദി അറേബ്യയിലേക്ക് 24 മണിക്കൂറിനിടെ രണ്ടാമതും ആക്രമണ ശ്രമം; പ്രതിരോധിച്ച് അറബ് സഖ്യസേന.
🇦🇪യുഎഇയില്‍ കാമുകിക്ക് മയക്കുമരുന്ന് എത്തിച്ചുനല്‍കിയ പ്രവാസിക്ക് ശിക്ഷ വിധിച്ചു.
🇸🇦സൗദി അറേബ്യയില്‍ ആശ്വാസം; കൊവിഡ് വ്യാപനം കുത്തനെ കുറഞ്ഞു, ചികിത്സയിലുള്ളത് 2,359 പേര്‍ മാത്രം.
🇰🇼ആയിരത്തിലധികം നിരോധിത ഗുളികകള്‍ കൊണ്ടുവന്ന പ്രവാസി ഇന്ത്യക്കാരന്‍ വിമാനത്താവളത്തില്‍ പിടിയിലായി.
🇦🇪യുഎഇയില്‍ 322 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് ഒരു മരണം.
🇦🇪ആശ ശരത്തിന് യുഎഇ ഗോള്‍ഡന്‍ വിസ.
🇴🇲ഒമാനില്‍ ഇന്ന് 31 പുതിയ കൊവിഡ് കേസുകള്‍ മാത്രം.
🇦🇪ഇന്ത്യന്‍ സാമൂഹിക പ്രവര്‍ത്തകന് യുഎഇ ഗോള്‍ഡന്‍ വിസ.
🇶🇦കൊവിഡ് നിയമലംഘനം; ഖത്തറില്‍ 267 പേര്‍ക്കെതിരെ കൂടി നടപടി.
🇦🇪സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലം ബുര്‍ജ് ഖലീഫ; പിന്തള്ളിയത് താജ്മഹലിനെ.
🇸🇦കൊവിഡ് വാക്‌സിന്‍: സൗദിയില്‍ വിതരണം ചെയ്തത് നാല് കോടിയിലേറെ ഡോസുകള്‍.
🇧🇭ബഹ്‌റൈൻ: BIEC-യിൽ നിന്ന് നൽകി വന്നിരുന്ന എല്ലാ COVID-19 ആരോഗ്യ സേവനങ്ങളും മറ്റു കേന്ദ്രങ്ങളിലേക്ക് മാറ്റി.
🇰🇼കുവൈറ്റ്: പ്രവാസികൾക്ക് കൊമേർഷ്യൽ വിസിറ്റ് വിസകളിൽ നിന്ന് വർക്ക് വിസകളിലേക്ക് മാറാൻ അനുമതി നൽകുമെന്ന് PAM.
🇴🇲ഒമാൻ: വാക്സിൻ നൽകുന്നതിന് മുൻഗണന നിശ്ചയിച്ചിട്ടുള്ള വിഭാഗങ്ങളിൽ അമ്പത് ശതമാനത്തിലധികം പേർ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കി.
🇸🇦സൗദി: വിദേശത്ത് നിന്നെത്തുന്ന പ്രവാസികളുടെ COVID-19 വാക്സിനേഷൻ സ്റ്റാറ്റസ് പരിശോധിക്കുന്നത് സംബന്ധിച്ച് GACA അറിയിപ്പ് പുറത്തിറക്കി.
🇴🇲പ്രവാസികൾക്ക് ഒമാനിൽ നിന്ന് തിരികെ മടങ്ങിയ ശേഷവും തങ്ങളുടെ ഫ്ലാറ്റുകൾ നിലനിർത്താൻ അനുമതി നൽകുമെന്ന് മന്ത്രാലയം.
🇦🇪എക്സ്പോ 2020 ദുബായ്: ഔദ്യോഗിക ഗാനം പുറത്തിറക്കി.
🇶🇦ഖത്തറില്‍ 143 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
വാർത്തകൾ വിശദമായി
🇸🇦സൗദി അറേബ്യയിലേക്ക് 24 മണിക്കൂറിനിടെ രണ്ടാമതും ആക്രമണ ശ്രമം; പ്രതിരോധിച്ച് അറബ് സഖ്യസേന.
✒️സ്‌ഫോടക വസ്തുക്കൾ നിറച്ച റിമോട്ട് കോൺട്രോൾഡ് ബോട്ട് ഉപയോഗിച്ച് ആക്രമണ നീക്കം നടത്തി 24 മണിക്കൂറിനിടെ വീണ്ടും സൗദിക്ക് നേരെ യമൻ വിമത സായുധ സംഘമായ ഹൂതികളുടെ ഡ്രോൺ ആക്രമണം ശ്രമം. സ്‌ഫോടക വസ്‍തുക്കള്‍ നിറച്ച പൈലറ്റില്ലാ വിമാനങ്ങൾ (ഡ്രോൺ) ഉപയോഗിച്ച് ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്തിലാണ് ആക്രമണശ്രമം നടത്തിയത്. എന്നാൽ സൗദി സഖ്യസേന ആക്രമണത്തെ പരാജയപ്പെടുത്തി.
ഖമീസ് മുശൈത്തില്‍ സാധാരണക്കാരെയും സിവിലിയന്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ചൊവ്വാഴ്ച ഉച്ചയോടെയാണ് ഹൂതികള്‍ രണ്ടു ഡ്രോണുകള്‍ തൊടുത്തുവിട്ടത്. ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി ഡ്രോണുകള്‍ കണ്ടെത്തി വെടിവെച്ചിടുകയായിരുന്നെന്ന് സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് റിമോട്ട് കണ്‍ട്രോള്‍ ബോട്ടുകള്‍ ഉപയോഗിച്ച് ആക്രമണം നടത്താനുള്ള ശ്രമം അവസാന നിമിഷത്തില്‍ സഖ്യസേന പരാജയപ്പെടുത്തുകയായിരുന്നു.
ആക്രമണത്തിന് തയാറാക്കിയ സ്‌ഫോടക വസ്‍തുക്കള്‍ നിറച്ച രണ്ട് റിമോട്ട് കണ്‍ട്രോള്‍ ബോട്ടുകള്‍ യെമനിലെ അല്‍സലീഫില്‍ വെച്ച് സഖ്യസേന തകര്‍ക്കുകയായിരുന്നു. ബാബല്‍മന്ദബ് കടലിടുക്കിലും ചെങ്കടിന് തെക്കു ഭാഗത്തും സമുദ്ര ഗതാഗതത്തിനും ആഗോള വ്യാപാരത്തിനും ഭീഷണി സൃഷ്ടിക്കുന്നത് ഹൂതി വിമതര്‍ തുടരുകയാണ്. അല്‍ഹുദൈദ കേന്ദ്രീകരിച്ച് ആക്രമണങ്ങള്‍ നടത്തി സ്റ്റോക്ക്‌ഹോം സമാധാന കരാര്‍ ഹൂതികള്‍ ലംഘിക്കുകയാണെന്നും സഖ്യസേന പറഞ്ഞു.
🇦🇪യുഎഇയില്‍ കാമുകിക്ക് മയക്കുമരുന്ന് എത്തിച്ചുനല്‍കിയ പ്രവാസിക്ക് ശിക്ഷ വിധിച്ചു.
✒️കാമുകിക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കിയ വിദേശിക്ക് ദുബൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു. 43കാരനായ പ്രതിക്ക് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയും 20,000 ദിര്‍ഹം പിഴയുമാണ് ശിക്ഷ നല്‍കിയത്. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ യുഎഇയില്‍ നിന്ന് നാടുകടത്തും. മയക്കുമരുന്ന് ഉപയോഗത്തിന് കാമുകിക്കെതിരായ നിയമ നടപടികള്‍ തുടരുകയാണ്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്. പാം ഐലന്റ് ഏരിയയില്‍ യുവാവ് തന്റെ കാമുകിക്ക് ഒപ്പമാണ് ഒരു അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചിരുന്നത്. ഇവര്‍ ഇവിടെ ലഹരി വസ്‍തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്നും ലഹരി വസ്‍തുക്കള്‍ കൈവശം വെയ്‍ക്കുന്നുണ്ടെന്നും വിശ്വസനീയമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ദുബൈ പൊലീസിന്റെ നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ വിഭാഗം അന്വേഷണം തുടങ്ങി. വിവരങ്ങള്‍ സത്യമാണെന്ന് സ്ഥിരീകരിച്ച ശേഷം ഉദ്യോഗസ്ഥര്‍ ആദ്യം യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് പിടിയിലായ സമയത്തും യുവതി മയക്കുമരുന്നിന്റെ സ്വാധീനത്തിലായിരുന്നു. അപ്പാര്‍ട്ട്മെന്റില്‍ നിന്ന് മയക്കുമരുന്ന് കണ്ടെടുക്കുകയും ചെയ്‍തതായും കേസ് രേഖകള്‍ വ്യക്തമാക്കുന്നു.
🇸🇦സൗദി അറേബ്യയില്‍ ആശ്വാസം; കൊവിഡ് വ്യാപനം കുത്തനെ കുറഞ്ഞു, ചികിത്സയിലുള്ളത് 2,359 പേര്‍ മാത്രം.
✒️സൗദി അറേബ്യയിൽ കൊവിഡ് വ്യാപനം കുത്തനെ കുറഞ്ഞു. പുതിയ കേസുകളുടെ പ്രതിദിന എണ്ണം ഇന്ന് വെറും 63 ആണ്. ചികിത്സയിലുള്ളവരിൽ 48 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി അഞ്ചുപേരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതെന്ന് സൗദി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.
രാജ്യത്ത് ഇന്ന് 55,495 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. 5,46,681 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആകെ 5,35,650 പേർ രോഗമുക്തരായി. 8,671 ആണ് രാജ്യത്തെ ആകെ മരണസംഖ്യ. 2,359 പേർ രോഗബാധിതരായി ചികിത്സയിലുണ്ട്. 317 പേർ ഗുരുതരാവസ്ഥയിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനം. 1.6 ശതമാനമാണ് മരണനിരക്ക്.
രാജ്യത്തെ വിവിധ മേഖലകളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട രോഗികളുടെ എണ്ണം: മക്ക 19, റിയാദ് 15, കിഴക്കൻ പ്രവിശ്യ 6, മദീന 6, അൽഖസീം 6, ജീസാൻ 4, അസീർ 3, നജ്റാൻ 2, ഹായിൽ 2, തബൂക്ക് 2, അൽജൗഫ് 2, അൽബാഹ 1, വടക്കൻ അതിർത്തി മേഖല 1. രാജ്യത്ത് ഇതുവരെ കോവിഡ് വാക്സിനേഷൻ 41,033,322 ഡോസ് കവിഞ്ഞു.
🇰🇼ആയിരത്തിലധികം നിരോധിത ഗുളികകള്‍ കൊണ്ടുവന്ന പ്രവാസി ഇന്ത്യക്കാരന്‍ വിമാനത്താവളത്തില്‍ പിടിയിലായി.
✒️കുവൈത്തില്‍ നിരോധനമുള്ള മയക്കുമരുന്ന് ഗുളികകളുമായെത്തിയ പ്രവാസി പിടിയിലായി. കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ഇന്ത്യക്കാരന്‍ അറസ്റ്റിലായത്. ഇയാളുടെ പക്കല്‍ 1,004 ട്രമഡോള്‍ ഗുളികകളാണുണ്ടായിരുന്നത്. തിങ്കളാഴ്‍ചയായിരുന്നു സംഭവം. ഇന്ത്യയില്‍ നിന്നുള്ള വിമാനത്തില്‍ തന്നെയാണ് ഇയാള്‍ എത്തിയതെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പിടിയിലായ വ്യക്തിയുടെ മറ്റ് വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
🇦🇪യുഎഇയില്‍ 322 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് ഒരു മരണം.
✒️യുഎഇയില്‍ പുതിയതായി 322 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 399 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരാളാണ് മരിച്ചത്.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,33,325 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,25,254 പേര്‍ രോഗമുക്തരാവുകയും 2,078 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 5,993 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
🇦🇪ആശ ശരത്തിന് യുഎഇ ഗോള്‍ഡന്‍ വിസ.
✒️നടി ആശ ശരത് യുഎഇയിലെ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. ദുബൈ താമസ - കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍വെച്ച് ഉദ്യോഗസ്ഥരില്‍ നിന്ന് ആശ ശരത് 10 വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. 27 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന ആശ ശരത്തിന് ഇവിടെ നൃത്ത വിദ്യാലയവുമുണ്ട്. ഭര്‍ത്താവും യുഎഇയില്‍ എഞ്ചിനീയറായി ജോലി ചെയ്യുകയാണ്.
വിവിധ മേഖലകളില്‍ മികവ് തെളിയിക്കുന്നവര്‍ക്കാണ് യുഎഇ ഭരണകൂടം ഗോള്‍ഡന്‍ വിസ അനുവദിക്കുന്നത്. കഴിഞ്ഞയാഴ്‍ച നടി നൈല ഉഷയ്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. മലയാള സിനിമയില്‍ നിന്ന് മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, മിഥുന്‍, എന്നിവര്‍ക്കും ഇതിനോടകം ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്.
🇴🇲ഒമാനില്‍ ഇന്ന് 31 പുതിയ കൊവിഡ് കേസുകള്‍ മാത്രം.
✒️ഒമാനില്‍ 31 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 397 പേര്‍ കൂടി രോഗമുക്തി നേടി.
രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,03,490 ആയി. ആകെ രോഗികളില്‍ 2,94,354 പേരും രോഗമുക്തരായി. 97 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. ആകെ 4,093 പേര്‍ക്ക് ഒമാനില്‍ കൊവിഡ് കാരണം ജീവന്‍ നഷ്ടമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ അഞ്ച് കൊവിഡ് രോഗികളെ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്. ഇവരുള്‍പ്പെടെ ആകെ 49 പേരാണ് ഒമാനിലെ ആശുപത്രികളില്‍ കഴിയുന്നത്. ഇവരില്‍ 21 പേരുടെ നില ഗുരുതരമാണ്.
🇦🇪ഇന്ത്യന്‍ സാമൂഹിക പ്രവര്‍ത്തകന് യുഎഇ ഗോള്‍ഡന്‍ വിസ.
✒️ദുബൈ കൈന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സാമൂഹിക പ്രവര്‍ത്തകന് യുഎഇയുടെ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ. മനുഷ്യസ്‌നേഹിയും പെഹല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് (പിസിറ്റി)സ്ഥാപകനുമായ ജോഗീന്ദര്‍ സിങ് സലരിയയ്ക്കാണ് ഗോള്‍ഡന്‍ വിസ ലഭിച്ചത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് ഇദ്ദേഹത്തിന് ഗോള്‍ഡന്‍ വിസ അനുവദിച്ചത്.
ദുബൈയില്‍ ഹെവി എക്വിപ്‌മെന്റ് ട്രാന്‍സ്‌പോര്‍ട്ട് ബിനിനസ് മേധാവി കൂടിയാണ് സലരിയ. 2004ലാണ് അദ്ദേഹം കമ്പനി സ്ഥാപിച്ചത്. 2012 മുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. യുഎഇ നേതൃത്വത്തിനും പ്രത്യേകിച്ച് ദുബൈ ഭരണാധികാരിക്കും സലരിയ നന്ദി പറഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പിന്തുണ നല്‍കുന്ന ദുബൈ പൊലീസിനോടും അദ്ദേഹം നന്ദി അറിയിച്ചു.
1993ല്‍ പഞ്ചാബില്‍ നിന്നും 1,000 രൂപയുമായി യുഎഇയിലെത്തിയതാണ് താനെന്നും ഭൂമിയിലെ സ്വര്‍ഗമാണ് യുഎഇയെന്നും സലരിയ പ്രതികരിച്ചു. ഓഗസ്റ്റ് 18ന് ലോക ജീവകാരുണ്യ ദിനത്തോടനുബന്ധിച്ചാണ് ഗോള്‍ഡന്‍ വിസ ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്കും അനുവദിക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചത്.
🇶🇦കൊവിഡ് നിയമലംഘനം; ഖത്തറില്‍ 267 പേര്‍ക്കെതിരെ കൂടി നടപടി.
✒️ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കി. നിയമം ലംഘിച്ച 267 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 252 പേരും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിനാണ് നടപടി നേരിട്ടത്.
സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 11 പേരെയും ക്വാറന്റീന്‍ നിയമം പാലിക്കാതിരുന്നതിന് നാലുപേരെയും പിടികൂടി. എല്ലാവരെയും തുടര്‍നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
രാജ്യത്ത് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരൊഴികെ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക.
🇦🇪സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലം ബുര്‍ജ് ഖലീഫ; പിന്തള്ളിയത് താജ്മഹലിനെ.
✒️ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥലമായി ബുര്‍ജ് ഖലീഫ. ഗൂഗിളില്‍ നിന്നും ശേഖരിച്ച ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ആഢംബര യാത്രാ കമ്പനിയായ കുയോനി നടത്തിയ പഠനത്തിന്റെ വിവരങ്ങളാണ് പുറത്തുവിട്ടത്.
ലോകത്തിലെ 66 രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സെര്‍ച്ച് ചെയ്തത് ബുര്‍ജ് ഖലീഫയാണ്. യാത്ര സംബന്ധിച്ചുള്ള ആകെ സെര്‍ച്ചുകളുടെ 37.5 ശതമാനമാണിത്. ഇന്ത്യ, സ്വിറ്റ്‌സര്‍ലാന്‍ഡ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍, ഇന്തോനേഷ്യ, ഫിജി, തുര്‍ക്‌മെനിസ്ഥാന്‍ എന്നിവിടങ്ങളിലെല്ലാം ബുര്‍ജ് ഖലീഫയാണ് കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ടിട്ടുള്ളത്. നേരത്തെ ഇന്ത്യയുടെ താജ്മഹലായിരുന്നു സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിരുന്നത്. എന്നാല്‍ പുതിയ പഠനത്തില്‍ താജ്മഹലിന്റെ സ്ഥാനം നാലാമതാണ്. പാരീസിലെ ഈഫല്‍ ടവറാണ് പുതിയ പട്ടികയില്‍ രണ്ടാമതുള്ളത്. പെറുവിലെ മാച്ചുപിച്ചുവാണ് മൂന്നാം സ്ഥാനത്തുള്ളത്.
🇸🇦കൊവിഡ് വാക്‌സിന്‍: സൗദിയില്‍ വിതരണം ചെയ്തത് നാല് കോടിയിലേറെ ഡോസുകള്‍.
✒️കൊവിഡ് വാക്‌സിനേഷന്‍ പുരോഗമിക്കുന്ന സൗദി അറേബ്യയില്‍ ഇതുവരെ വിതരണം ചെയ്ത ഡോസുകള്‍ നാല് കോടി കടന്നു. രാജ്യത്തെ 587 കേന്ദ്രങ്ങള്‍ വഴി 4.1 കോടി ഡോസുകള്‍ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജനസംഖ്യയുടെ 70 ശതമാനം ആളുകള്‍ക്കെങ്കിലും അടുത്ത മാസം ആദ്യത്തോടെ വാക്‌സിന്‍ നല്‍കി പ്രതിരോധ ശേഷി കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്.
2.1 കോടിയിലേറെ ആളുകള്‍ ഇതുവരെ കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിട്ടുണ്ട്. ഇത് ജനസംഖ്യയുടെ 64 ശതമാനം വരും. 1.4 കോടി ആളുകള്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്. ജനസംഖ്യയുടെ 44 ശതമാനം പേരാണ് ഇതുവരെ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്. ഓഗസ്റ്റ് ഒന്നുമുതല്‍ രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവേശിക്കാന്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. പൊതുഗതാഗതം ഉപയോഗിക്കാനും വാക്‌സിനേഷന്‍ നിര്‍ബന്ധമാണ്. ഓഗസ്റ്റ് ഒമ്പത് മുതല്‍ സൗദി പൗരന്മാര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിക്കാതെ വിദേശത്തേക്ക് യാത്ര ചെയ്യരുതെന്നും സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി അറിയിച്ചിരുന്നു.
🇧🇭ബഹ്‌റൈൻ: BIEC-യിൽ നിന്ന് നൽകി വന്നിരുന്ന എല്ലാ COVID-19 ആരോഗ്യ സേവനങ്ങളും മറ്റു കേന്ദ്രങ്ങളിലേക്ക് മാറ്റി.
✒️ബഹ്‌റൈൻ ഇന്റർനാഷണൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (BIEC) നിന്ന് നൽകി വന്നിരുന്ന മുഴുവൻ COVID-19 ആരോഗ്യ സേവനങ്ങളും മറ്റു ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2021 സെപ്റ്റംബർ 20, തിങ്കളാഴ്ച്ച മുതൽ ഇത്തരം സേവനങ്ങൾ BIEC-യിൽ നിന്ന് ബഹ്‌റൈൻ ഇന്റർനാഷണൽ ഹോസ്പിറ്റൽ, സിത്ര മാൾ എന്നിവിടങ്ങളിലേക്ക് മാറ്റിയതായാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
BIEC-യിൽ നിന്നുള്ള COVID-19 ആരോഗ്യ സേവനങ്ങൾ മറ്റു കേന്ദ്രങ്ങളിലേക്ക് താഴെ പറയുന്ന രീതിയിലാണ് മാറ്റിയിട്ടുള്ളത്:
വാക്സിനേഷൻ സേവനം – BIEC-യിൽ നിന്ന് നൽകി വന്നിരുന്ന വാക്സിനേഷൻ സേവനം ഇനി മുതൽ സിത്ര മാളിലെ വാക്സിനേഷൻ കേന്ദ്രത്തിൽ നിന്ന് നൽകുന്നതാണ്.
COVID-19 രോഗബാധിതർക്കുള്ള ആരോഗ്യപരിചരണം ഉൾപ്പടെയുള്ള സേവനങ്ങൾ – ഐസൊലേഷനിൽ തുടരുന്ന തീവ്രതയില്ലാതെ COVID-19 രോഗബാധയുള്ള രോഗികൾക്കുള്ള ചികിത്സ, പരിചരണം എന്നീ സേവനങ്ങൾ BIEC-യിൽ നിന്ന് ബഹ്‌റൈൻ ഇന്റർനാഷണൽ ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്. ഇത്തരം രോഗികളുടെ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ബഹ്‌റൈൻ ഇന്റർനാഷണൽ ഹോസ്പിറ്റലിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് ചികിത്സ ആവശ്യമാകുന്ന തീവ്രതയില്ലാതെ COVID-19 രോഗബാധയുള്ള രോഗികൾക്ക് ബഹ്‌റൈൻ ഇന്റർനാഷണൽ ഹോസ്പിറ്റലിൽ നേരിട്ടെത്തി ചികിത്സ തേടാമെന്നും, ഇതിനായി 444 നമ്പറിൽ വിളിക്കേണ്ട ആവശ്യമില്ലെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. രാജ്യത്തെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നുള്ള വാക്സിൻ വിതരണം തുടരുന്നതായും മന്ത്രാലയം കൂട്ടിച്ചേർത്തു. ഇതുവരെ വാക്സിൻ സ്വീകരിക്കാത്തവർക്ക് BeAware ആപ്പ്, അല്ലെങ്കിൽ https://healthalert.gov.bh/en/ എന്ന വെബ്സൈറ്റ് എന്നിവ ഉപയോഗിച്ച് വാക്സിനെടുക്കുന്നതിനായുള്ള മുൻകൂർ രജിസ്‌ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്.
COVID-19 ആരോഗ്യ സേവനങ്ങൾ മറ്റു കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതോടെ ബഹ്‌റൈൻ ഇന്റർനാഷണൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ അതിവിപുലമായ അണുനശീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്നും, BIEC-യിലെ വെന്റിലേഷൻ സംവിധാനങ്ങളിൽ അറ്റകുറ്റപണികൾ നടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.
🇰🇼കുവൈറ്റ്: പ്രവാസികൾക്ക് കൊമേർഷ്യൽ വിസിറ്റ് വിസകളിൽ നിന്ന് വർക്ക് വിസകളിലേക്ക് മാറാൻ അനുമതി നൽകുമെന്ന് PAM.
✒️രാജ്യത്ത് കൊമേർഷ്യൽ വിസിറ്റ് വിസകളിലുള്ള പ്രവാസികൾക്ക് ഏതാനം നിബന്ധനകളോടെ വർക്ക് വിസകളിലേക്ക് മാറുന്നതിനുള്ള അനുമതി നൽകുമെന്ന് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഒരു ഔദ്യോഗിക തീരുമാനം PAM ഡയറക്ടർ ജനറൽ അഹ്മദ് അൽ മൗസ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
ഈ തീരുമാന പ്രകാരം, പ്രവാസികൾക്ക് ആർട്ടിക്കിൾ 14 പ്രകാരമുള്ള കൊമേർഷ്യൽ വിസിറ്റ് വിസകളിൽ നിന്ന് ആർട്ടിക്കിൾ 18 പ്രകാരമുള്ള വർക്ക് വിസയിലേക്ക് മാറുന്നതിനുള്ള അനുമതി PAM നൽകിയിട്ടുണ്ട്. കുവൈറ്റ് ആഭ്യന്തര മന്ത്രാലയവുമായി ചേർന്നാണ് PAM കൊമേർഷ്യൽ വിസിറ്റ് വിസകളിലുള്ള പ്രവാസികൾക്ക് വർക്ക് വിസകളിലേക്ക് മാറുന്നതിനുള്ള അനുമതി നൽകുന്നതിനുള്ള ഭേദഗതികൾ നടപ്പിലാക്കുന്നത്.
ഇത്തരത്തിൽ വിസ മാറുന്നതിനായി കുവൈറ്റ് കൊറോണാ എമർജൻസി കമ്മിറ്റിയുടെ അംഗീകാരം ആവശ്യമാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കുവൈറ്റിലെ തൊഴിൽ രംഗത്തെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഈ അനുമതി നൽകിയിരിക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
🇴🇲ഒമാൻ: വാക്സിൻ നൽകുന്നതിന് മുൻഗണന നിശ്ചയിച്ചിട്ടുള്ള വിഭാഗങ്ങളിൽ അമ്പത് ശതമാനത്തിലധികം പേർ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കി.
✒️രാജ്യത്ത് COVID-19 വാക്സിൻ നൽകുന്നതിന് മുൻഗണന നിശ്ചയിച്ചിട്ടുള്ള വിഭാഗങ്ങളിൽ അമ്പത് ശതമാനത്തിലധികം പേർ ഇതിനകം വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സെപ്റ്റംബർ 20-നാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഇതുവരെയുള്ള കണക്കുകൾ പ്രകാരം, ഒമാനിൽ 1826224 പേർ (മുൻഗണനാ വിഭാഗങ്ങളുടെ 52 ശതമാനം) COVID-19 വാക്സിന്റെ രണ്ട് ഡോസ് കുത്തിവെപ്പുകളും സ്വീകരിച്ചിട്ടുണ്ട്. 2810262 പേർ (മുൻഗണനാ വിഭാഗങ്ങളുടെ 80 ശതമാനം) ഒരു ഡോസ് കുത്തിവെപ്പ് സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
ഒരാഴ്ച്ചയ്ക്കിടയിൽ ഒമാനിൽ 299614 ഡോസ് വാക്സിൻ വിതരണം ചെയ്തതായും മന്ത്രാലയം കൂട്ടിച്ചേർത്തു.
🇸🇦സൗദി: വിദേശത്ത് നിന്നെത്തുന്ന പ്രവാസികളുടെ COVID-19 വാക്സിനേഷൻ സ്റ്റാറ്റസ് പരിശോധിക്കുന്നത് സംബന്ധിച്ച് GACA അറിയിപ്പ് പുറത്തിറക്കി.
✒️വിദേശത്ത് നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്ന പ്രവാസികളുടെ COVID-19 വാക്സിനേഷൻ സ്റ്റാറ്റസ് പരിശോധിക്കുന്നതിനായുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച് സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) ഒരു വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. സൗദിയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്ന മുഴുവൻ വിമാനക്കമ്പനികൾക്കും (സ്വകാര്യ വിമാനങ്ങളുൾപ്പടെ) ഈ വിജ്ഞാപനം ബാധകമാണെന്ന് GACA വ്യക്തമാക്കിയിട്ടുണ്ട്.
സൗദിയിലേക്ക് യാത്ര പുറപ്പെടുന്നതിനായി പ്രവാസികൾ വിമാനത്തിൽ കയറുന്നതിന് മുൻപ് ഇവരുടെ വാക്സിനേഷൻ സംബന്ധിച്ച് വിമാനക്കമ്പനികൾ ഉറപ്പ് വരുത്തേണ്ടതായ നടപടികളാണ് ഈ വിജ്ഞാപനത്തിലൂടെ GACA അറിയിച്ചിരിക്കുന്നത്. സെപ്റ്റംബർ 20-ന് വൈകീട്ടാണ് GACA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം, പ്രവാസികളുടെ COVID-19 വാക്സിനേഷൻ സ്റ്റാറ്റസ് ഉറപ്പാക്കുന്നതിനായി താഴെ പറയുന്ന രണ്ട് രീതികൾ ഉപയോഗിക്കാമെന്ന് GACA വ്യക്തമാക്കിയിട്ടുണ്ട്:
പ്രവാസികൾക്ക് തങ്ങളുടെ വാക്സിനേഷൻ സ്റ്റാറ്റസ് Tawakkalna ആപ്പ് ഉപയോഗിച്ച് തെളിയിക്കാവുന്നതാണ്.
അല്ലെങ്കിൽ, സൗദിയിൽ നിന്ന് വാക്സിനെടുത്തതായി തെളിയിക്കുന്ന രേഖകൾ സംബന്ധിച്ച റിപ്പോർട്ട് ‘Quddum’ ഓൺലൈൻ സംവിധാനത്തിൽ നൽകേണ്ടതാണ്.
ഈ അറിയിപ്പ് പ്രകാരമുള്ള നടപടികൾ കർശനമായി പാലിക്കാൻ GACA വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ വീഴ്ച്ച വരുത്തുന്നവർക്കെതിരെ നിയമനടപടികൾ ഉണ്ടാകുമെന്നും GACA കൂട്ടിച്ചേർത്തു.
🇴🇲പ്രവാസികൾക്ക് ഒമാനിൽ നിന്ന് തിരികെ മടങ്ങിയ ശേഷവും തങ്ങളുടെ ഫ്ലാറ്റുകൾ നിലനിർത്താൻ അനുമതി നൽകുമെന്ന് മന്ത്രാലയം.
✒️പ്രവാസികൾക്ക് പാർപ്പിടം സ്വന്തമാക്കുന്നതിന് അനുമതി നൽകുന്ന പദ്ധതിയുടെ കീഴിൽ ഒമാനിൽ ഫ്ലാറ്റുകൾ വാങ്ങുന്ന വിദേശികൾക്ക്, അവർ സ്വന്തം നാട്ടിലേക്ക് തിരികെ മടങ്ങിയ ശേഷവും ഇത്തരം പാർപ്പിടങ്ങൾ സ്വന്തം പേരിൽ നിലനിർത്താമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ഹൗസിങ്ങ് ആൻഡ് അർബൻ പ്ലാനിങ്ങ് (MOHUP) വ്യക്തമാക്കി. കൈവശപ്പണയാടിസ്ഥാനത്തിൽ മസ്‌കറ്റിലെ ബഹുനില പാർപ്പിടകെട്ടിടങ്ങളിലും, വാണിജ്യ കെട്ടിടങ്ങളിലും പാർപ്പിടാവശ്യത്തിനുള്ള ഇടങ്ങൾ വാങ്ങുന്ന പ്രവാസികൾക്കാണ് ഇത്തരത്തിൽ ഒമാനിൽ നിന്ന് തിരികെ മടങ്ങിയ ശേഷവും ഇത്തരം പാർപ്പിടങ്ങൾ നിലനിർത്താൻ അനുമതി നല്കിയിരിക്കുന്നത്.
“മന്ത്രാലയം അനുവദിച്ചിട്ടുള്ള മേഖലകളിൽ ബഹുനില വാണിജ്യ, പാർപ്പിട കെട്ടിടസമുച്ചയങ്ങളിൽ പാർപ്പിടാവശ്യത്തിനുള്ള ഇടങ്ങൾ വാങ്ങുന്ന പ്രവാസികൾക്ക് ഒമാനിലെ തങ്ങളുടെ തൊഴിൽ കരാർ അവസാനിച്ച ശേഷം നാട്ടിലേക്ക് തിരികെ മടങ്ങുന്ന അവസരത്തിലും, ഇത്തരം വസ്‌തുവകകളുടെ ഉടമസ്ഥാവകാശം ഉണ്ടായിരിക്കുന്നതാണ്.”, മന്ത്രാലയം വ്യക്തമാക്കി. ഇവർക്ക് ഇത്തരം പാർപ്പിടങ്ങൾ മറ്റുള്ളവർക്ക് വാടകയ്ക്ക് നൽകാൻ അനുമതിയുണ്ടെന്നും മന്ത്രാലയത്തിലെ സ്രോതസ്സുകൾ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തെ 23 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് വീട് വാങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച് MOHUP നേരത്തെ അറിയിപ്പ് നൽകിയിരുന്നു. മസ്‌കറ്റിലെ ബഹുനില പാർപ്പിടകെട്ടിടങ്ങളിലും, വാണിജ്യ കെട്ടിടങ്ങളിലും പാർപ്പിടാവശ്യത്തിനുള്ള ഇടങ്ങൾ 99 വർഷത്തേക്ക് കൈവശപ്പണയാടിസ്ഥാനത്തിൽ വാങ്ങുന്നതിനുള്ള നടപടിക്രമങ്ങളാണ് മന്ത്രാലയം പ്രഖ്യാപിച്ചിരുന്നത്.
മസ്കറ്റ് ഗവർണറേറ്റിൽ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള ഏതാനം ഇടങ്ങളിലാണ് പ്രവാസികൾക്ക് ഇത്തരം പാർപ്പിടങ്ങൾ സ്വന്തമാക്കുന്നതിന് അനുവദിച്ചിരിക്കുന്നത്. മസ്‌കറ്റിൽ ബൗഷർ, അമീറത്ത്, അൽ സീബ് എന്നീ വിലായത്തുകളിൽ പുതിയതായി പണിതീർക്കുന്ന കെട്ടിടങ്ങളിൽ ഫ്ലാറ്റുകൾ വാങ്ങുന്നതിന് പ്രവാസികൾക്ക് നിലവിൽ അനുമതി നൽകിയിട്ടുണ്ട്. അമീറത്തിൽ അൽ അമീറത്ത് അൽ ഹാഷിയാഹ് 1, അൽ നഹ്ദ സിറ്റി ഫേസ് 2, 3, 4, 5, അൽ അമീറത്ത് അൽ മുഹജ് ഫേസ് 1, 2 എന്നിവിടങ്ങളിലും, ബൗഷറിൽ ഫേസ് 1, 2, 3, മിസ്ഫാഹ് ഫേസ് 2, ഘാല ഹൈറ്റ്സ് ഫേസ് 1, 2, ബൗഷർ അൽ വാതിയ ഫേസ് 2, അൽ ഖുവൈർ ഫേസ് 2 എന്നിവിടങ്ങളിലും, അൽ സീബിൽ അൽ മവേല 5, അൽ ഖൗദ് 2, അൽ മബേല 7 എന്നിവിടങ്ങളിലും ഈ പദ്ധതിയുടെ കീഴിൽ പ്രവാസികൾക്ക് നിലവിൽ പാർപ്പിടങ്ങൾ സ്വന്തമാക്കാവുന്നതാണ്.
അപേക്ഷ നൽകുന്ന അവസരത്തിൽ ചുരുങ്ങിയത് രണ്ട് വർഷമെങ്കിലും ഒമാനിൽ റെസിഡൻസി പെർമിറ്റിൽ താമസിച്ചിട്ടുള്ള, 23 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. കൈവശപ്പണയാടിസ്ഥാനത്തിൽ 50 വർഷത്തേക്കാണ് (99 വർഷം വരെ നീട്ടാവുന്ന രീതിയിൽ) പ്രവാസികൾക്ക് ഇത്തരം പാർപ്പിടങ്ങൾ സ്വന്തമാക്കാൻ അനുമതി നൽകുന്നത്. മന്ത്രാലയം അനുവദിച്ചിട്ടുള്ള മേഖലകളിൽ മാത്രമാണ് ഒമാനിൽ ഇത്തരത്തിൽ പ്രവാസികൾക്ക് വസ്തു വാങ്ങുവാൻ അനുമതി നൽകിയിട്ടുള്ളത്.
ചുരുങ്ങിയത് നാല് നിലകളുള്ള കെട്ടിടങ്ങളിലാണ് ഈ നിയമപ്രകാരം പ്രവാസികൾക്ക് വസ്തു വാങ്ങാൻ സാധിക്കുക. ഇത്തരം ഓരോ യൂണിറ്റും ചുരുങ്ങിയത് രണ്ട് മുറികളും, അടുക്കള, ശുചിമുറി എന്നിവയോട് കൂടിയതും ആയിരിക്കണം.
🇦🇪എക്സ്പോ 2020 ദുബായ്: ഔദ്യോഗിക ഗാനം പുറത്തിറക്കി.
✒️വാണിജ്യപരമായും, സാംസ്കാരികപരമായും ഏറെ പ്രാധാന്യം കല്പിക്കപ്പെടുന്ന എക്സ്പോ 2020 ദുബായുടെ ഔദ്യോഗിക ഗാനം 2021 സെപ്റ്റംബർ 21, ചൊവ്വാഴ്ച്ച പുറത്തിറക്കി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ‘ദിസ് ഈസ് ഔർ ടൈം’ എന്ന ഈ ഗാനം യു എ ഇയുടെ സാംസ്കാരികത്തനിമയുടെയും, ഭാവി പ്രതീക്ഷകളുടെയും ആഘോഷത്തെക്കുറിക്കുന്നതാണ്.
ആഗോളതലത്തിലെ മുഴുവൻ രാജ്യങ്ങളെയും ഒരു വേദയിൽ ഒരുമിച്ച് അണിനിരത്തുന്നതിനും, ‘മനസുകളെ ഒന്നിപ്പിക്കാം, ഭാവികാലത്തിന് രൂപം നൽകാം’ എന്ന എക്സ്പോ 2020 ദുബായുടെ ആശയത്തെ സംഗീതത്തിന്റെ ഭാഷയിൽ കുറിക്കുന്നതിനും ഈ ഗാനം ലക്ഷ്യമിടുന്നു. യു എ ഇയിലെ പ്രമുഖ കലാകാരനും, എക്സ്പോ 2020 ബ്രാൻഡ് അംബാസഡറുമായ ഹുസൈൻ അൽ ജാസ്‍മി, ഗ്രാമി അവാർഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ലെബനീസ് അമേരിക്കൻ ഗായികയും, ഗാനരചയിതാവുമായ മയസ്സ കാരാ, എമിറാത്തി ഗായികയും, ഗാനരചയിതാവുമായ അൽമാസ് എന്നിവരാണ് എക്സ്പോ 2020 ദുബായുടെ ഔദ്യോഗിക ഗാനത്തിൽ അണിനിരക്കുന്നത്.
“ലോക എക്സ്പോ ലോക ജനതയെ ഒന്നിപ്പിക്കുന്നു. എക്സ്പോ 2020 ദുബായുടെ ഔദ്യോഗിക ഗാനത്തിനായി ശബ്ദം നൽകുന്നതിന് ഈ മികച്ച കലാകാരന്മാർ അണിനിരന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഈ ഗാനം ഭാവി, ഭൂതം, വർത്തമാനം എന്നീ കാലങ്ങളെ സംയോജിപ്പിക്കുന്നു. അതിലൂടെ എല്ലാവർക്കും ഒരു പ്രചോദനമായിത്തീരുന്നു. ലോകത്തിന്റെ എല്ലാ മൂലകളിൽ നിന്നുമെത്തുന്ന ദശലക്ഷക്കണക്കിന് സന്ദർശകരെ വരവേൽക്കുന്നതിനായും, അവർക്ക് ആയുഷ്കാലം ഓർക്കാവുന്ന അനുഭവങ്ങൾ ഒരുക്കുന്നതിനായും ഞങ്ങൾ ഒരുങ്ങിക്കഴിഞ്ഞു.”, എക്സ്പോ 2020 ചീഫ് എക്സ്പീരിയൻസ് ഓഫീസർ മാർജാൻ ഫറായിദൂനി അഭിപ്രായപ്പെട്ടു.
“കഴിഞ്ഞ കാലങ്ങളിലും, ഇപ്പോഴും, ഇനി വരാനിരിക്കുന്ന കാലത്തും യു എ ഇ പ്രതിനിധീകരിക്കുന്ന എല്ലാ ആശയങ്ങളോടും, നേട്ടങ്ങളോടുമുള്ള ബഹുമാനസൂചകമായാണ് ‘ദിസ് ഈസ് ഔർ ടൈം’ ഞങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്. പ്രതാപം, വിശ്വാസം, ഒത്തൊരുമ എന്നിവയെക്കുറിച്ചുള്ള ഒരു ഗാനമാണിത്. ലോകത്തെമ്പാടുമുള്ള ശ്രോതാക്കളുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിടർത്തുന്നതിന് ഈ ഗാനത്തിന് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു.”, ഹുസൈൻ അൽ ജാസ്‍മി പ്രതികരിച്ചു.
“എന്റെ രാജ്യത്തിന്റെ ചരിത്രത്തിൽ എക്കാലവും ഓർത്തിരിക്കുന്ന ഒരു നിമിഷത്തിന്റെ ഭാഗമായതിൽ അതിയായ അഭിമാനമുണ്ട്. ഈ ഗാനം പ്രതീക്ഷകളുടെയും, ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങൾ മികച്ച ഒരു ഭാവി നിർമ്മിക്കുന്നതിന് എല്ലാവരെയും സഹായിക്കുമെന്നുള്ള വിശ്വാസത്തിന്റെയും സാക്ഷാല്‍ക്കാരമാണ്.”, അൽമാസ് അറിയിച്ചു. “ഇത്രയും മികച്ച അറബ് പ്രതിഭകളോടൊപ്പം ഈ ഗാനത്തിന്റെ ഭാഗമായത് തീർത്തും അഭിമാനകരമായ ഒരു കാര്യമാണ്. ലോകമെമ്പാടുമുള്ള എല്ലാ പ്രായത്തിലുള്ളവർക്കും, ജീവിതത്തിന്റെ എല്ലാ തുറകളിലുള്ളവർക്കും അവരുടെ സ്വപ്‌നങ്ങൾ തേടി സഞ്ചരിക്കുന്നതിന് ഈ ഗാനം ഒരു പ്രചോദനമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”, മയസ്സ കാരാ പ്രതികരിച്ചു.
2021 ഒക്ടോബർ 1 മുതൽ 2022 മാർച്ച് 31 വരെയാണ് എക്സ്പോ 2020 ദുബായ് സംഘടിപ്പിക്കുന്നത്. ലോക എക്സ്പോയുടെ സുരക്ഷാ സംബന്ധമായ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ദുബായ് പോലീസ് കമാണ്ടർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മാരി ഏതാനം ദിവസങ്ങൾക്ക് മുൻപ് വ്യക്തമാക്കിയിരുന്നു.
🇶🇦ഖത്തറില്‍ 143 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
✒️ഖത്തറില്‍ ഇന്ന് 143 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 37 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്.
106 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 146 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 233,600 ആയി. അതേസമയം, രാജ്യത്ത് ഇന്ന് കൊവിഡ് മരണങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തെ ആകെ കൊവിഡ് മരണ നിരക്ക് 604 ആണ്. നിലവില്‍ 1565 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

0 Comments