🇸🇦സൗദി അറേബ്യയിൽ പുതിയ കൊവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധന.
💢വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് പ്രതികാരമായി വിദ്യാര്‍ത്ഥിനിക്ക് പൂജ്യം മാര്‍ക്ക് നല്‍കി; അധ്യാപകനെതിരെ വിചാരണ.
🚔അപകടമുണ്ടാക്കി നിര്‍ത്താതെ പോയ വാഹനം പിടികൂടിയപ്പോള്‍ കണ്ടെത്തിയത് 6.6 ലക്ഷത്തിന്റെ പിഴ.
🇦🇪യുഎഇയില്‍ 952 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് രണ്ട് മരണം.
🇦🇪മമ്മൂട്ടിയുടെ പിറന്നാള്‍ ആഘോഷം; 70 ആരാധകര്‍ക്ക് ദുബൈ വിസിറ്റ് വിസകള്‍ സൗജന്യമായി നല്‍കുമെന്ന് ട്രാവല്‍ ഏജന്‍സി.
🇴🇲ഒമാനില്‍ 67 പേര്‍ക്ക് കൂടി കൊവിഡ്, മൂന്ന് മരണം.
🇸🇦സൗദി ഭീകരന്റെ വധശിക്ഷ നടപ്പാക്കി.
🇦🇪41 അഫ്ഗാന്‍ അഭയാര്‍ത്ഥികളെ കൂടി സ്വാഗതം ചെയ്ത് യുഎഇ.
🇴🇲ഒമാനില്‍ പ്രവാസി ജനസംഖ്യ 37 ശതമാനമായി കുറഞ്ഞു.
🇧🇭കോവിഷീല്‍ഡ്-ആസ്ട്രസെനക്ക വാക്‌സിനെടുത്തവര്‍ക്കും ബൂസ്റ്റര്‍ ഡോസിന് ബഹ്‌റൈനില്‍ അനുമതി.
🇰🇼കുവൈത്തിലേക്ക് സന്ദര്‍ശക വിസകള്‍ ഒക്ടോബറില്‍.
🇶🇦ഖത്തർ: രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികരുടെ പാസ്പോർട്ട് നടപടിക്രമങ്ങൾ ലളിതമാണെന്ന് അധികൃതർ വ്യക്തമാക്കി.
🇧🇭സാധുതയുള്ള വിസകളിലുള്ള ഇന്ത്യക്കാർക്ക് ബഹ്‌റൈനിലേക്ക് യാത്ര ചെയ്യാമെന്ന് ഇന്ത്യൻ എംബസി.
🇰🇼കുവൈറ്റ്: ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള യാത്രാ വിമാനങ്ങൾ സെപ്റ്റംബർ 7 മുതൽ പുനരാരംഭിക്കുമെന്ന് DGCA.
🇸🇦സഊദിയിലേക്ക് എയർഇന്ത്യയും ബുക്കിംഗ് ആരംഭിച്ചു.
വാർത്തകൾ വിശദമായി
🇸🇦സൗദി അറേബ്യയിൽ പുതിയ കൊവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധന.
✒️സൗദി അറേബ്യയിൽ പുതിയ കൊവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധന. 138 പേർക്കാണ് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചതെന്ന് സൗദി ആരോഗ്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. നിലവിൽ രോഗബാധിതരായി നിരീക്ഷണത്തിലുള്ളവരിൽ 172 പേരാണ് സുഖം പ്രാപിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറുപേർ കൂടി മരിച്ചു.
രാജ്യത്ത് ഇന്ന് 52,467 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,45,505 ആയി. ഇതിൽ 5,34,451 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,591 ആയി ഉയർന്നു. കൊവിഡ് ബാധിച്ച് രാജ്യത്ത് വിവിധ ഭാഗങ്ങളിലായി നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 2,463 ആയി കുറഞ്ഞു. ഇതിൽ 636 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതിയതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 45, മക്ക 20, കിഴക്കൻ പ്രവിശ്യ 12, മദീന 11, ജീസാൻ 10, അൽഖസീം 7, അസീർ 7, നജ്റാൻ 6, വടക്കൻ അതിർത്തി മേഖല 6, തബൂക്ക് 4, അൽജൗഫ് 4, ഹായിൽ 3, അൽബാഹ 3. രാജ്യത്താകെ പ്രതിരോധ കുത്തിവെപ്പ് 38,269,862 ഡോസ് ആയി.
💢വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് പ്രതികാരമായി വിദ്യാര്‍ത്ഥിനിക്ക് പൂജ്യം മാര്‍ക്ക് നല്‍കി; അധ്യാപകനെതിരെ വിചാരണ.
✒️തന്റെ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ മാര്‍ക്ക് തിരുത്തിയെന്ന പരാതിയില്‍ യൂണിവേഴ്‍സിറ്റി അധ്യാപകനെതിരെ വിചാരണ. കുവൈത്തിലെ അല്‍ ജരീദ പത്രമാണ് ഇത്തരമൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചത്. കുവൈത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
സര്‍വകലാശാലാ അധ്യാപകന്‍ പെണ്‍കുട്ടിയുടെ വീട്ടുകാരുമായി വിവാഹാലോചന നടത്തിയിരുന്നു. എന്നാല്‍ ബന്ധുക്കള്‍ ഇതിന് വിസമ്മതിക്കുകയായിരുന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ മാര്‍ക്കുകളെല്ലാം തിരുത്തുകയായിരുന്നു എന്നാണ് പരാതി. അധ്യാപകന്‍ പഠിപ്പിക്കുന്ന വിഷയത്തിന് പൂജ്യം മാര്‍ക്കാണ് നല്‍കിയത്. എന്നാല്‍ വിദ്യാര്‍ത്ഥിനി എല്ലാ ക്ലാസുകളിലും പങ്കെടുത്തിരുന്നു.
ബോധപൂര്‍വം തന്റെ മാര്‍ക്കുകള്‍ കുറയ്‍ക്കുകയും തിരുത്തല്‍ വരുത്തുകയും ചെയ്‍തെന്നാരോപിച്ച് വിദ്യാര്‍ത്ഥിനി പരാതി നല്‍കുകയായിരുന്നു. എന്നാല്‍ പബ്ലിക് പ്രോസിക്യൂഷന് മുന്നില്‍ അധ്യാപകന്‍ കുറ്റങ്ങളെല്ലാം നിഷേധിച്ചു. ഇതേ തുടര്‍ന്ന് ഇയാളെ ജാമ്യത്തില്‍ വിട്ടു. എന്നാല്‍ ഔദ്യോഗിക രേഖകളില്‍ കൃത്രിമം കാണിച്ചതിന് ക്രിമിനല്‍ കോടതിയിലേക്ക് കേസ് കൈമാറിയിട്ടുണ്ട്.
🚔അപകടമുണ്ടാക്കി നിര്‍ത്താതെ പോയ വാഹനം പിടികൂടിയപ്പോള്‍ കണ്ടെത്തിയത് 6.6 ലക്ഷത്തിന്റെ പിഴ.
✒️ഗതാഗത നിയമങ്ങള്‍ തുടര്‍ച്ചയായി ലംഘിച്ചതുവഴി വന്‍തുകയുടെ ട്രാഫിക് ഫൈനുകള്‍ ലഭിച്ച യുവാവ് ദുബൈയില്‍ പൊലീസിന്റെ പിടിയിലായി. റോഡിലുണ്ടാക്കിയ ചെറിയൊരു അപകടത്തെ തുടര്‍ന്ന് വാഹനം നിര്‍ത്താതെ പോയതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 33,000 ദിര്‍ഹത്തിന്റെ (6.6 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പിഴ ഇയാളുടെ പേരിലുണ്ടെന്ന് കണ്ടെത്തിയത്. ഇതിന് പുറമെ ഇയാളുടെ വാഹനത്തിന് നിയമാനുസൃത രജിസ്‍ട്രേഷനോ ഇന്‍ഷുറന്‍സോ ഇല്ലെന്നും കണ്ടെത്തി.
അല്‍ ഇത്തിഹാദ് സ്‍ട്രീറ്റില്‍ വെച്ചുനടന്ന ഒരു അപകടമാണ് ഡ്രൈവറും വാഹനവും പിടിയിലാവുന്നതിലേക്ക് നയിച്ചത്. സഹോദരന്റെ കാറുമായി റോഡിലിറങ്ങിയ യുവാവ് മറ്റൊരു വാഹനത്തിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. പൊലീസ് വരുന്നത് വരെ കാത്തിരിക്കണമെന്ന് വാഹന ഉടമ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ വിസമ്മതിച്ചു. തനിക്ക് വൈദ്യസഹായം വേണമെന്ന് പറഞ്ഞ് ഇയാള്‍ ഉടനെ സ്ഥലംവിടുകയായിരുന്നു.
പൊലീസ് എത്തുന്നതിന് മുമ്പ് സ്ഥലത്തുനിന്ന് രക്ഷപ്പെടാനുള്ള ഇയാളുടെ വ്യഗ്രത കണ്ട് സംശയം തോന്നിയ വാഹനമുടമ, വാഹനത്തിന്റെ നമ്പറും മറ്റ് വിവരങ്ങളും പൊലീസിന് കൈമാറി. ഇത് ഉപയോഗിച്ച് വാഹനത്തിന്റെ വിവരങ്ങള്‍ ശേഖരിച്ച പൊലീസ്, ഉടമയോട് അല്‍ ഖുസൈസ് പൊലീസ് സ്റ്റേഷനിലെത്താന്‍ നിര്‍ദേശിച്ചു. ഉടമ സ്ഥലത്തെത്തിയപ്പോഴാണ് തന്റെ വാഹനം താന്‍ അറിയാതെ സഹോദരന്‍ കൊണ്ടുപോയി അപകടമുണ്ടാക്കിയത് അയാള്‍ അറിഞ്ഞത്.
അപകടമുണ്ടാക്കിയയാളെ വിളിച്ചുവരുത്തുകയും നിയമ ലംഘനങ്ങളുടെ നീണ്ട പട്ടിക കാരണം വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്‍തു. വാഹനമോടിച്ച യുവാവിനെ തുടര്‍ നടപടികള്‍ക്കായി ട്രാഫിക് കോടതിയിലേക്ക് അയച്ചു. വാഹനം പിടിച്ചെടുക്കുമെന്ന ഭയംകൊണ്ടാണ് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതെന്ന് ഇയാള്‍ സമ്മതിച്ചു. 7400 ദിര്‍ഹം പിഴയാണ് പ്രതിക്ക് വിധിച്ചത്.
🇦🇪യുഎഇയില്‍ 952 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് രണ്ട് മരണം.
✒️യുഎഇയില്‍ 952 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,269 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു.
പുതിയതായി നടത്തിയ 3,14,683 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,25,192 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,15,104 പേര്‍ രോഗമുക്തരാവുകയും 2,050 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 8,038 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
🇦🇪മമ്മൂട്ടിയുടെ പിറന്നാള്‍ ആഘോഷം; 70 ആരാധകര്‍ക്ക് ദുബൈ വിസിറ്റ് വിസകള്‍ സൗജന്യമായി നല്‍കുമെന്ന് ട്രാവല്‍ ഏജന്‍സി.
✒️മമ്മൂട്ടിയുടെ എഴുപതാം പിറന്നാള്‍ വ്യത്യസ്ഥമായൊരു രീതിയില്‍ ആഘോഷിക്കുകയാണ് ദുബൈയിലെ ഒരു ട്രാവല്‍ ഏജന്‍സി. ദുബൈയിലെ സ്‍മാര്‍ട്ട് ട്രാവല്‍സ് എല്‍എല്‍സിയാണ് മമ്മൂട്ടിയുടെ പിറന്നാള്‍ സന്തോഷങ്ങളുടെ ഭാഗമായി ഏഴുപത് ആരാധകര്‍ക്ക് സൗജന്യമായി ദുബൈയിലേക്കുള്ള സന്ദര്‍ശക വിസകള്‍ നല്‍കുന്നത്. ഈ വര്‍ഷം എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്നവര്‍ക്കാണ് ഇതിന് അര്‍ഹത.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു മാസത്തെ താമസത്തിനുള്ള വിസയും ട്രാവല്‍ ഇന്‍ഷുറന്‍സുമാണ് നല്‍കുന്നതെന്ന് മമ്മൂട്ടിയുടെ വലിയ ആരാധകന്‍ കൂടിയായ സ്‍മാര്‍ട്ട് ട്രാവല്‍സ് മാനേജിങ് ഡയറക്ടര്‍ അഫി അഹ്‍മദ് പറഞ്ഞു. പാസ്‍പോര്‍ട്ടില്‍ രേഖപ്പെടുത്തിയ ജനന തീയ്യതി പ്രകാരം ഈ വര്‍ഷം എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്നവ മലയാളികള്‍ക്കാണ് ഇതിന് അവസരം. 320 ദിര്‍ഹം വിലയുള്ള വിസയും ഇന്‍ഷുറന്‍സുമാണ് സൗജന്യമായി നല്‍കുന്നതെന്നും ട്രാവല്‍സ് അധികൃതര്‍ പറയുന്നു.
ആദ്യമെത്തുന്നവര്‍ക്ക് ആദ്യമെന്ന തരത്തിലായിരിക്കും പരിഗണന. ബുധനാഴ്‍ച വൈകുന്നേരം 5 മണി (ഗ്ലോബല്‍ ടൈം) വരെ അപേക്ഷിക്കാനാവും. ദുബൈയിലേക്കുള്ള വിമാന ടിക്കറ്റുള്‍പ്പെടെയുള്ള യാത്രാ ചെലവും ആര്‍ടി പിസിആര്‍ പരിശോധന, റാപ്പിഡ് പരിശോധന എന്നിങ്ങനെയുള്ള മറ്റ് ചെലവുകളെല്ലാം യാത്ര ചെയ്യുന്നവര്‍ തന്നെ വഹിക്കണം.
യാത്രാ വിലക്ക് നീക്കിയതിന് പിന്നാലെ ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്ക് വരുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധവാണുണ്ടാകുന്നത്. കുടുംബത്തോടൊപ്പം താമസിക്കാനും ദുബൈയില്‍ നടക്കാനിരിക്കുന്ന എക്സ്പോ 2020ന് സാക്ഷികളാവാനും എത്തുന്നവരുമുണ്ട്. മമ്മൂട്ടിയെ സംബന്ധിച്ച് ദുബൈ അദ്ദേഹത്തിന്റെ രണ്ടാം വീടുപോലെയാണെന്ന് അഫി അഹ്‍മദ് പറയുന്നു. ഇന്ത്യയിലെ ജനങ്ങളില്‍ എഴുപത് കഴിഞ്ഞവര്‍ പൊതുവെ ഇനി തനിക്കൊരു യാത്ര ചെയ്യാന്‍ സാധിക്കില്ലെന്ന് ധരിക്കുന്നവരാണ്. എന്നാല്‍ അത്തരക്കാര്‍ മമ്മൂട്ടിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളണമെന്നും ജീവിതം അതിന്റെ പൂര്‍ണതയിലെത്തുന്നത് വരെ ജീവിച്ചുതീര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
🇴🇲ഒമാനില്‍ 67 പേര്‍ക്ക് കൂടി കൊവിഡ്, മൂന്ന് മരണം.
✒️ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 67 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്ന് കൊവിഡ് മരണങ്ങളാണ് രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 94 പേര്‍ കൂടി രോഗമുക്തി നേടി.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 3,02,815 പേര്‍ക്കാണ്. ഇവരില്‍ 2,92,816 പേരും ഇതിനോടകം രോഗമുക്തരായി. 4,081 പേര്‍ക്കാണ് കൊവിഡ് കാരണം ഒമാനില്‍ ജീവന്‍ നഷ്ടമായത്. 96.7 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8 കൊവിഡ് രോഗികളെ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്. ഇവര്‍ ഉള്‍പ്പെടെ 85 പേര്‍ ഇപ്പോള്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 36 പേരാണ് തീവ്രപരിചരണ വിഭാഗങ്ങളിലുള്ളത്.
🇸🇦സൗദി ഭീകരന്റെ വധശിക്ഷ നടപ്പാക്കി.
✒️ഭീകരവാദം, ആയുധ കള്ളക്കടത്ത് എന്നീ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട സൗദി ഭീകരന്റെ വധശിക്ഷ ദമ്മാമില്‍ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അദ്‌നാന്‍ ബിന്‍ മുസ്തഫ അല്‍ശറഫ എന്ന ഭീകരന്റെ വധശിക്ഷയാണ് നടപ്പാക്കിയത്.
ഭീകരസംഘത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു, സുരക്ഷാ ഉദ്യോഗസ്ഥരെ വെടിവെച്ചു, സുരക്ഷാ അതോറിറ്റികളുടെ ആസ്ഥാനത്തിനെതിരെ പ്രവര്‍ത്തിച്ചു, കലാപം സൃഷ്ടിച്ചു, രാജ്യത്തിന് അകത്തേക്കും പുറത്തേക്കും ആയുധങ്ങള്‍ കടത്തി, രാജ്യ സുരക്ഷയെ തകര്‍ക്കാന്‍ ശ്രമിച്ചു എന്നിവയാണ് ഇയാള്‍ക്കെതിരെ എതിരെ ചാര്‍ജ് ചെയ്ത കുറ്റങ്ങളെന്ന് മന്ത്രാലയം വ്യക്തമാക്കി.
🇦🇪41 അഫ്ഗാന്‍ അഭയാര്‍ത്ഥികളെ കൂടി സ്വാഗതം ചെയ്ത് യുഎഇ.
✒️മാനുഷിക പരിഗണന നല്‍കി 41 അഫ്ഗാന്‍ അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്ത് യുഎഇ. അഫ്ഗാനിലെ ഗേള്‍സ് സൈക്ലിങ് ആന്‍ഡ് റോബോട്ടിക് സംഘത്തിലെ അംഗങ്ങളും ഇവരില്‍ ഉള്‍പ്പെടുന്നു. സെന്റര്‍ ഫോര്‍ ഇസ്രായേല്‍ ആന്‍ഡ് ജൂയിഷ് അഫയേഴ്‌സും ഇസ്ര എയ്ഡും ചേര്‍ന്നാണ് ഇവരെ കാബൂളില്‍ നിന്ന് താജികിസ്ഥാന്‍ വഴി ഒഴിപ്പിച്ചത്.
അബുദാബിയിലെ എമിറേറ്റ്‌സ് ഹ്യൂമാനിറ്റേറിയന്‍ സിറ്റിയിലാണ് ഇവരെ താമസിപ്പിക്കുക. നടപടികള്‍ പൂര്‍ത്തിയായി അനുവാദം ലഭിക്കുമ്പോള്‍ കാനഡയിലേക്ക് താമസം മാറ്റാന്‍ ഉദ്ദേശിക്കുന്നവരാണ് ഇവര്‍. മാനുഷിക പരിഗണന മുന്‍നിര്‍ത്തി അന്താരാഷ്ട്ര സംവിധാനങ്ങളുമായി സഹകരിച്ച് അഫ്ഗാനില്‍ നിന്നുള്ളവര്‍ക്ക് അഭയം നല്‍കാനായതില്‍ യുഎഇ അഭിമാനിക്കുന്നതായി യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സുരക്ഷാ സഹകരണ വിഭാഗം ഡയറക്ടര്‍ സാലം മുഹമ്മദ് അല്‍ സാബി പറഞ്ഞു.
വിവിധ രാജ്യങ്ങളിലേക്ക് പുറപ്പെട്ട 9,000ത്തോളം അഫ്ഗാന്‍ സ്വദേശികളെ മാനുഷിക പരിഗണന നല്‍കി യുഎഇ ഇതുവരെ സ്വീകരിച്ചിട്ടുണ്ട്. 40,000 പേരെ ഒഴിപ്പിക്കാന്‍ യുഎഇ സഹായം നല്‍കിയിട്ടുമുണ്ട്.
🇴🇲ഒമാനില്‍ പ്രവാസി ജനസംഖ്യ 37 ശതമാനമായി കുറഞ്ഞു.
✒️ഒമാനിലെ വിദേശി ജനസംഖ്യയില്‍ രണ്ടു വര്‍ഷത്തിനിടെ അഞ്ച് ശതമാനം കുറവ്. ദേശീയ സ്ഥിതിവിവര കേന്ദ്രമാണ് കഴിഞ്ഞ രണ്ടുവര്‍ഷത്തെ കണക്ക് പുറത്തുവിട്ടത്.
സെപ്തംബര്‍ നാലുവരെയുള്ള കണക്ക് അനുസരിച്ച് 44.16 ലക്ഷമാണ് ഒമാനിലെ ജനസംഖ്യ. ഇതില്‍ 16.37 ലക്ഷമാണ് വിദേശികള്‍. 2017 ഏപ്രില്‍ 22ന് ആകെ ജനസംഖ്യയുടെ 46 ശതമാനമായിരുന്നു വിദേശി ജനസംഖ്യ. കൊവിഡ് മഹാമാരി വിദേശികളുടെ കൊഴിഞ്ഞുപോക്കിന് കാരണമായി. ഓഗസ്റ്റ് 21 മുതല്‍ സെപ്തംബര്‍ നാലു വരെയുള്ള രണ്ടാഴ്ച മാത്രം 17,912 പ്രവാസികള്‍ ഒമാന്‍ വിട്ടതായി ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പുതിയ കണക്ക് അനുസരിച്ച് 11.02 ലക്ഷം പ്രവാസികള്‍ സ്വകാര്യ മേഖലയിലും 39,306 പേര്‍ സര്‍ക്കാര്‍ മേഖലയിലും ജോലി ചെയ്യുന്നുണ്ട്.
2021 ഓഗസ്റ്റ് അവസാനം വരെയുള്ള കണക്കുകളില്‍ പ്രവാസി തൊഴിലാളികളുടെ കുടുംബാംഗങ്ങളുള്‍പ്പെടെ 2.41 ലക്ഷം പേരും ഒമാനിലുണ്ട്. ഏറ്റവും കൂടുതല്‍ വിദേശ തൊഴിലാളികളുള്ളത് മസ്‌കറ്റ് ഗവര്‍ണറേറ്റിലാണ്. 5.28 ലക്ഷം ആളുകളാണ് ഇവിടെ താമസിക്കുന്നത്. പ്രവാസി ജനസംഖ്യയില്‍ നോര്‍ത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റ് രണ്ടാം സ്ഥാനത്തും ദോഫാര്‍ മൂന്നാം സ്ഥാനത്തുമാണ്.
🇧🇭കോവിഷീല്‍ഡ്-ആസ്ട്രസെനക്ക വാക്‌സിനെടുത്തവര്‍ക്കും ബൂസ്റ്റര്‍ ഡോസിന് ബഹ്‌റൈനില്‍ അനുമതി.
✒️കോവിഷീല്‍ഡ്, ആസ്ട്രസെനക്ക വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസം കഴിഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ ബഹ്‌റൈനില്‍ അനുമതി. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാനാണ് ദേശീയ കൊവിഡ് പ്രതിരോധ മെഡിക്കല്‍ സമിതിയുടെ തീരുമാനം.
60 വയസ്സും അതിന് മുകളിലും പ്രായമുള്ളവരും ആറുമാസം മുമ്പ് ആസ്ട്രസെനക്ക(കോവിഷീല്‍ഡ്) രണ്ടാം ഡോസ് സ്വീകരിച്ചിട്ടുണ്ടെങ്കില്‍ ബൂസ്റ്റര്‍ ഡോസിന് യോഗ്യരാണെന്നും ഇവര്‍ക്ക് ഫൈസര്‍ വാക്‌സിനോ, ആസ്ട്രസെനക്കയോ ബൂസ്റ്റര്‍ ഡോസായി സ്വീകരിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി. ബൂസ്റ്റര്‍ ഡോസിന് അര്‍ഹരായവര്‍ക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ healthalert.gov.bh എന്ന വെബ്‌സൈറ്റ് വഴിയോ ബിവെയര്‍ ബഹ്‌റൈന്‍ ആപ്ലിക്കേഷന്‍ വഴിയോ രജിസ്റ്റര്‍ ചെയ്യാം.
🇰🇼കുവൈത്തിലേക്ക് സന്ദര്‍ശക വിസകള്‍ ഒക്ടോബറില്‍.
✒️കുവൈത്തിലേക്ക് സന്ദര്‍ശക വിസകള്‍ ഒക്ടോബറില്‍ പുനരാരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ഫാമിലി, വാണിജ്യ, വിനോദസഞ്ചാര സന്ദര്‍ശക വിസകളൊന്നും അനുവദിക്കുന്നില്ല. എല്ലാ തരത്തിലുള്ള വിസിറ്റ് വിസകളും ഒക്ടോബറില്‍ മന്ത്രിസഭാ അനുമതി ലഭിച്ച ശേഷം നിബന്ധനകളോടെ അനുവദിക്കുമെന്ന് അധികൃതരെ ഉദ്ധരിച്ച് 'അറബ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്ത് ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്ന സാഹചര്യത്തില്‍ സന്ദര്‍ശക വിസകള്‍ക്കുള്ള നിയന്ത്രണവും ഒഴിവാക്കാമെന്ന നിലപാടാണ് അധികൃതര്‍ക്ക്. അതേസമയം നിലവില്‍ വളരെ പരിമിതമായ രീതിയിലാണ് സന്ദര്‍ശക വിസ നല്‍കിയിരുന്നത്. ഇതില്‍ ഏറെയും കൊറോണ എമര്‍ജന്‍സി കമ്മറ്റിയുടെ അനുമതിക്ക് വിധേയമായി ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ക്കും തൊഴില്‍ മേഖലയ്ക്ക് ആവശ്യമായ ഉപദേശകര്‍, എഞ്ചിനീയര്‍മാര്‍, സാങ്കേതിക വിദഗ്ധര്‍, അധ്യാപകര്‍ എന്നിങ്ങനെയുള്ള ചില പ്രഫഷണലുകള്‍ക്കും ആയിരുന്നു.
മന്ത്രിസഭയുടെ പ്രത്യേക അനുമതിയോടെയായിരുന്നു അത്. വിമാനത്താവളങ്ങള്‍ അടച്ചതിനെ തുടര്‍ന്ന് രാജ്യത്തേക്ക് മടങ്ങാനാകാത്ത 390,000 പ്രവാസികളുടെ റസിഡന്‍സ് പെര്‍മിറ്റുകള്‍ റദ്ദായതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
🇶🇦ഖത്തർ: രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികരുടെ പാസ്പോർട്ട് നടപടിക്രമങ്ങൾ ലളിതമാണെന്ന് അധികൃതർ വ്യക്തമാക്കി.
✒️രാജ്യത്തേക്ക് തിരികെ പ്രവേശിക്കുന്ന യാത്രികരുടെ പാസ്പോർട്ട് നടപടിക്രമങ്ങൾ ലളിതവും, വളരെക്കുറച്ച് സമയം മാത്രം ആവശ്യമായി വരുന്നതാണെന്നും ഖത്തർ എയർപോർട്ട് പാസ്പോർട്ട് വകുപ്പ് അറിയിച്ചു. വിദേശത്ത് നിന്ന് ഖത്തറിലെ എയർപോർട്ടിലെത്തുന്നവർക്ക് 20 മുതൽ 35 മിനിറ്റിനുള്ളിൽ പുറത്ത് കടക്കാവുന്ന രീതിയിലാണ് ഈ നടപടിക്രമങ്ങളെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഓരോ യാത്രികർക്കനുസരിച്ചും ഈ സമയത്തിൽ വ്യത്യാസം വരാമെന്ന് ഖത്തർ എയർപോർട്ട് പാസ്പോർട്ട് വകുപ്പ് ഉദ്യോഗസ്ഥൻ ക്യാപ്റ്റൻ മുഹമ്മദ് മുബാറക് അൽ ബുഐനൈൻ വ്യക്തമാക്കി. ഖത്തർ റേഡിയോയ്ക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഒരേ സമയം കൂടുതൽ യാത്രികർ ഒരുമിച്ച് രാജ്യത്തേക്ക് പ്രവേശിക്കുന്ന വളരെ തിരക്കേറിയ സമയങ്ങളിൽ ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് കൂടുതൽ സമയമെടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ തിരക്കേറിയ സമയങ്ങളിൽ നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനായി എയർപോർട്ട് പാസ്പോർട്ട് വകുപ്പ് കൂടുതൽ പാസ്പോർട്ട് കൗണ്ടറുകൾ, ഇ-ഗേറ്റുകൾ എന്നിവ പ്രവർത്തനസജ്ജമാക്കാറുണ്ടെന്നും, നിലവിലെ തിരക്ക് കണക്കിലെടുത്ത് എയർപോർട്ടിൽ ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
🇧🇭സാധുതയുള്ള വിസകളിലുള്ള ഇന്ത്യക്കാർക്ക് ബഹ്‌റൈനിലേക്ക് യാത്ര ചെയ്യാമെന്ന് ഇന്ത്യൻ എംബസി.
✒️റെസിഡൻസി വിസകളിലുള്ളവർക്ക് പുറമെ, ബഹ്‌റൈനിൽ നിന്നുള്ള സാധുതയുള്ള എല്ലാ വിസകളിലുള്ളവർക്കും രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് ബഹ്‌റൈനിലെ ഇന്ത്യൻ എംബസി അറിയിച്ചു. രാജ്യത്തേക്ക് നേരിട്ടുള്ള പ്രവേശനം അനുവദിക്കുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളുടെ പട്ടികയായ റെഡ് ലിസ്റ്റിൽ നിന്ന് 2021 സെപ്റ്റംബർ 3, വെള്ളിയാഴ്ച്ച മുതൽ ഇന്ത്യയെ ഒഴിവാക്കിയ സാഹചര്യത്തിലാണ് ഈ അറിയിപ്പ്.
സെപ്തംബർ 6-നാണ് ബഹ്‌റൈനിലെ ഇന്ത്യൻ എംബസി ഈ അറിയിപ്പ് പുറത്തിറക്കിയത്. ബഹ്‌റൈനിൽ നിന്നുള്ള സാധുതയുള്ള വിസകളിലുള്ളവർക്ക് താഴെ പറയുന്ന മാനദണ്ഡങ്ങൾ പ്രകാരം, പ്രവേശിക്കാമെന്നാണ് ഇന്ത്യൻ എംബസി അറിയിച്ചിരിക്കുന്നത്:
ഇന്ത്യയിൽ നിന്ന് യാത്ര പുറപ്പെടുന്നവർ ബഹ്റൈനിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്, 72 മണിക്കൂറിനിടയിൽ ലഭിച്ച PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. ഇതിൽ QR കോഡ് ഉണ്ടായിരിക്കണം.
രാജ്യത്തെത്തുന്ന മുഴുവൻ പേർക്കും ബഹ്‌റൈനിലെ വിമാനത്താവളത്തിൽ വെച്ചും, അഞ്ചാം ദിനത്തിലും, പത്താം ദിനത്തിലും PCR പരിശോധന നടത്തുന്നതാണ്. 6 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ഈ ഒഴിവാക്കിയിട്ടുണ്ട്.
യാത്രികർ 10 ദിവസത്തേക്ക് വീടുകളിലോ, NHRA ഒരുക്കിയിട്ടുള്ള കേന്ദ്രങ്ങളിലോ ക്വാറന്റീനിൽ തുടരേണ്ടതാണ്. 12 വയസിന് താഴെ പ്രായമുള്ളവർക്ക് 5 ദിവസത്തേക്കാണ് ക്വാറന്റീൻ ഏർപ്പെടുത്തുന്നത്.
https://bahrainairport.bh/covid-19-travel-information എന്ന വിലാസത്തിൽ ഇത് സംബന്ധിച്ചുള്ള വിശദമായ വിവരങ്ങൾ ലഭ്യമാണ്.
ബഹ്റൈനിലേക്ക് നേരിട്ടുള്ള പ്രവേശനം അനുവദിക്കുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളുടെ പട്ടികയായ റെഡ് ലിസ്റ്റിൽ 2021 സെപ്റ്റംബർ 3 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായും, ഇന്ത്യയെ ഈ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായും സിവിൽ ഏവിയേഷൻസ് അഫയേഴ്‌സ് ഓഗസ്റ്റ് 31-ന് അറിയിച്ചിരുന്നു. ബഹ്‌റൈൻ പൗരന്മാർ, ബഹ്‌റൈനിൽ റെസിഡൻസി വിസകളുള്ള പ്രവാസികൾ എന്നിവർക്ക് മാത്രമാണ് റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് ബഹ്റൈനിലേക്ക് പ്രവേശനം അനുവദിച്ചിരുന്നത്. എന്നാൽ സെപ്റ്റംബർ 3 മുതൽ ഇന്ത്യയെ ഈ പട്ടികയിൽ നിന്ന് ഒഴിവാക്കിയ സാഹചര്യത്തിൽ ബഹ്‌റൈനിൽ നിന്നുള്ള സാധുതയുള്ള എല്ലാ വിസകളിലുള്ളവർക്കും പ്രവേശനം അനുവദിക്കുന്നതാണ്.
🇰🇼കുവൈറ്റ്: ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള യാത്രാ വിമാനങ്ങൾ സെപ്റ്റംബർ 7 മുതൽ പുനരാരംഭിക്കുമെന്ന് DGCA.
✒️രാജ്യത്ത് നിന്ന് ഇന്ത്യയിലേക്കും, തിരികെയുമുള്ള നേരിട്ടുള്ള യാത്രാ വിമാനസർവീസുകൾ 2021 സെപ്റ്റംബർ 7, ചൊവ്വാഴ്ച്ച മുതൽ പുനരാരംഭിക്കുമെന്ന് കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു. സെപ്തംബർ 6-ന് രാത്രിയാണ് കുവൈറ്റ് DGCA ഇക്കാര്യം സ്ഥിരീകരിച്ചത്.
കുവൈറ്റിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് വിലക്കുകൾ നിലനിന്നിരുന്ന ഇന്ത്യ ഉൾപ്പടെയുള്ള ആറ് രാജ്യങ്ങളിലേക്കുള്ള യാത്രാ വിമാനസർവീസുകൾ പുനരാരംഭിക്കാൻ ക്യാബിനറ്റ് അനുമതി നൽകിയ പശ്ചാത്തലത്തിലാണ് DGCA ഇന്ത്യയിലേക്കുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. DGCA അറിയിപ്പ് പ്രകാരം, പ്രതിദിനം അഞ്ച് വിമാനസർവീസുകൾക്കാണ് അനുമതി നൽകിയിരിക്കുന്നത്.
ഇതിൽ ആദ്യ വിമാനം 2021 സെപ്റ്റംബർ 7-ന് രാവിലെ 6 മണിക്ക് ഇന്ത്യയിൽ നിന്ന് കുവൈറ്റിലെത്തുമെന്നും DGCA വ്യക്തമാക്കിയിട്ടുണ്ട്. കർശനമായ സുരക്ഷാ നിബന്ധനകളോടെയാണ് ഈ വിമാനസർവീസുകൾ അനുവദിക്കുന്നത്.
ഇന്ത്യ, ഈജിപ്ത്, നേപ്പാൾ ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളുമായുള്ള നേരിട്ടുള്ള യാത്രാ വിമാനസർവീസുകൾ പുനരാരംഭിക്കുന്നതിന് ക്യാബിനറ്റ് അനുമതി നൽകിയതായും, ഈ രാജ്യങ്ങളിൽ നിന്നുള്ള വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ റെസിഡൻസി വിസകളിലുള്ളവർക്ക് കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് അനുമതി നൽകാൻ തീരുമാനിച്ചതായും കുവൈറ്റ് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് 2021 ഓഗസ്റ്റ് 18-ന് അറിയിച്ചിരുന്നു. എന്നാൽ എന്ന് മുതലാണ് ഈ തീരുമാനം നടപ്പിലാക്കുന്നതെന്ന് കുവൈറ്റ് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസിൽ നിന്നോ, കുവൈറ്റ് DGCA-യിൽ നിന്നോ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിരുന്നില്ല.
ഈജിപ്തിലേക്കും, തിരികെയുമുള്ള നേരിട്ടുള്ള യാത്രാ വിമാനസർവീസുകൾ 2021 സെപ്റ്റംബർ 5, ഞായറാഴ്ച്ച മുതൽ പുനരാരംഭിച്ചിരുന്നു. ഇന്ത്യയിൽ നിന്ന് കുവൈറ്റിലേക്ക് നേരിട്ടുള്ള യാത്ര വിമാനസർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ചുള്ള അവസാന ഘട്ട നടപടികൾ പുരോഗമിക്കുന്നതായും, പ്രതിദിനം അനുവദിക്കുന്ന സർവീസുകളുമായി ബന്ധപ്പെട്ട് ഇന്ത്യൻ അധികൃതരിൽ നിന്നുള്ള അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും, വരും ദിവസങ്ങളിൽ തന്നെ ഇന്ത്യയിൽ നിന്നുള്ള സർവീസുകൾ പുനരാരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും DGCA എയർ ട്രാൻസ്‌പോർട്ട് വിഭാഗം ഡയറക്ടർ അബ്ദുല്ല അൽ രജ്‌ഹി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
🇸🇦സഊദിയിലേക്ക് എയർഇന്ത്യയും ബുക്കിംഗ് ആരംഭിച്ചു.
✒️സഊദിയിലേക്ക് ബുക്കിംഗ് ആരംഭിച്ചതായി എയർഇന്ത്യ അറിയിച്ചു. എയർഇന്ത്യ എക്സ്പ്രസ്സ് നേരത്തെ തന്നെ ബുക്കിംഗ് ആരംഭിക്കുകയും ഷെഡ്യുളുകൾ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പുറമെയാണ് എയർഇന്ത്യ സർവ്വീസുകൾ. എയർ ഇന്ത്യ വെബ്സൈറ്റ് വഴിയോ, ബുക്കിംഗ് ഓഫീസുകൾ വഴിയോ, കോൾ സെന്ററുകൾ വഴിയോ, അംഗീകൃത ഏജൻസികൾ വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകുമെന്ന് കമ്പനി അറിയിച്ചു. ഇതോടൊപ്പം, യാത്രക്കാർ സ്വീകരിക്കേണ്ട നിർദേശങ്ങളും നൽകിയിട്ടുണ്ട്...
0 Comments