Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ ലൈവ് ന്യൂസ്‌ ഗൾഫ് വാർത്തകൾ

🇸🇦സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് അഞ്ച് മരണം.

🇦🇪അബുദാബിക്ക് ഇനി സ്വന്തം ഇന്റര്‍നെറ്റ് ഡൊമൈന്‍.

🇦🇪ദുബൈയില്‍ പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്ക് ഫൈസര്‍ വാക്സിന്റെ മൂന്നാം ഡോസ് നല്‍കും.

🇦🇪യുഎഇയില്‍ കൊവിഡ് വാക്സിനെടുക്കാന്‍ വിസമ്മതിക്കുന്ന അധ്യാപകര്‍ക്കെതിരെ നടപടിയെന്ന് അധികൃതര്‍.

🇦🇪യുഎഇയിലെ മികച്ച സര്‍ക്കാര്‍ സ്ഥാപനങ്ങളെയും മോശം സ്ഥാപനങ്ങളെയും പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്.

🇦🇪യുഎഇയില്‍ 978 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണം.

🇰🇼മകനെ കഴുതയെന്ന് വിളിച്ചു; പിതാവിന് 50,000ത്തോളം രൂപ പിഴ.

🇸🇦പ്രവാസികള്‍ക്ക് ആറ് തൊഴില്‍ മേഖലകളില്‍ കൂടി യോഗ്യതാ പരീക്ഷ; രണ്ടാംഘട്ടത്തിന് തുടക്കം.

🇧🇭ബഹ്‌റൈൻ: COVID-19 രോഗമുക്തരായവരുടെ ബൂസ്റ്റർ ഡോസ് വാക്സിൻ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചു.

🇰🇼കുവൈറ്റ്: വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ ഇലക്ട്രോണിക് സേവനങ്ങൾ ആരംഭിച്ചു.

🇴🇲ഒമാൻ: ഒരു ഡോസ് വാക്സിനെടുത്തവരുടെ പൊതു, സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം സംബന്ധിച്ച് അറിയിപ്പ്.

🇦🇪അബുദാബി: വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ വിനോദസഞ്ചാരികൾക്ക് ക്വാറന്റീൻ ആവശ്യമില്ല.

🇦🇪അബുദാബി: കാലാവധി അവസാനിച്ച ടയറുകൾ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് 500 ദിർഹം പിഴ.

🇦🇪ദുബായ്: 60000 ദിർഹത്തിനു മുകളിൽ മൂല്യമുള്ള പണം, ആഭരണങ്ങൾ എന്നിവയ്ക്ക് കസ്റ്റംസ് ഡിക്ലറേഷൻ നിർബന്ധം.

🇧🇭ബഹ്റൈനില്‍ കോവിഡ് പോസിറ്റീവ് കേസുകൾ കുറഞ്ഞു; ഇന്ന് മുതൽ ഗ്രീൻ ലെവലിലേക്ക്.

🇶🇦ഖത്തറില്‍ 193 പേര്‍ക്ക് കൊവിഡ്; 204 പേര്‍ക്ക് രോഗമുക്തി.

🇶🇦ഖത്തറില്‍ കൊവിഡ് നിയമ ലംഘനത്തിന് 508 പേര്‍ കൂടി അറസ്റ്റില്‍.

🇰🇼കുവൈറ്റില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ഏറെ നാളുകള്‍ക്ക് ശേഷം നൂറില്‍ താഴെ! ഇന്ന് രോഗം സ്ഥിരീകരിച്ചത് 95 പേര്‍ക്ക് മാത്രം; ടിപിആര്‍ 0.70 ശതമാനം


വാർത്തകൾ വിശദമായി

🇸🇦സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് അഞ്ച് മരണം.

✒️സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് അഞ്ചുപേർ കൂടി മരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. പുതിയതായി 174 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. നിലവിൽ രോഗബാധിതരായി നിരീക്ഷണത്തിലുള്ളവരിൽ 202 പേർ സുഖം പ്രാപിച്ചു. 

രാജ്യത്ത് ഇന്ന് 59,355 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,44,985 ആയി. ഇതിൽ 5,33,632 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,565 ആയി ഉയർന്നു. കൊവിഡ് ബാധിച്ച് രാജ്യത്ത് വിവിധ ഭാഗങ്ങളിലായി നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 2,788 ആയി കുറഞ്ഞു. ഇതിൽ 803 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. 

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.9 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 55, മക്ക 31, കിഴക്കൻ പ്രവിശ്യ 19, അൽഖസീം 12, മദീന 12, ജീസാൻ 11, അസീർ 11, നജ്റാൻ 7, തബൂക്ക് 4, അൽജൗഫ് 4, വടക്കൻ അതിർത്തി മേഖല 3, ഹായിൽ 3, അൽബാഹ 2. രാജ്യത്താകെ പ്രതിരോധ കുത്തിവെപ്പ് 37,593,318 ഡോസ് ആയി.

🇦🇪അബുദാബിക്ക് ഇനി സ്വന്തം ഇന്റര്‍നെറ്റ് ഡൊമൈന്‍.

✒️അബുദാബി എമിറേറ്റിന് ഇനി സ്വന്തം ഇന്റര്‍നെറ്റ് ഡൊമൈന്‍. ഇനി മുതല്‍ 'ഡോട്ട് അബുദാബി' (.abudhabi) എന്നായിരിക്കും ഇന്റര്‍നെറ്റിലെ അബുദാബിയുടെ മേല്‍വിലാസം. പ്രാദേശികമായും ഇന്താരാഷ്‍ട്ര തലത്തിലും അബുദാബിയെക്കുറിക്കുന്ന ഇന്റര്‍നെറ്റ് വിലാസങ്ങളില്‍ ഇനി പുതിയ ഡൊമൈന്‍ ഉപയോഗിക്കാം.

ടൂറിസം, സാംസ്‍കാരികം, സാമ്പത്തികം തുടങ്ങിയ രംഗങ്ങളിലെല്ലാം പുതിയ ഡൊമൈന്‍ ലഭ്യമാവും. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും തൊഴിലുടമകള്‍ക്കും പ്രാദേശിക ബിസിനസ് അവസരങ്ങളില്‍ താത്പര്യമുള്ള സ്ഥാപനങ്ങള്‍ക്കും അബുദാബിയില്‍ വര്‍ഷാവര്‍ഷം സംഘടിപ്പിക്കപ്പെടുന്ന പരിപാടികള്‍, ഫെസ്റ്റിവലുകള്‍, മേളകല്‍ തുടങ്ങിയവയ്‍ക്കെല്ലാം പുതിയ ഡൊമൈന്‍ ഉപയോഗിക്കാമെന്ന് അബുദാബി ഡിജിറ്റല്‍ അതോരിറ്റി അറിയിച്ചു. അബുദാബിയിലെ എല്ലാ കമ്പനികളോടും തങ്ങളുടെ വെബ്‍സൈറ്റുകള്‍ പുതിയ ഡൊമൈനില്‍ രജിസ്റ്റര്‍ ചെയ്യാനും ഡൊമൈന്‍ നെയിമുകള്‍ സ്വന്തമാക്കാനും അബുദാബി ഡിജിറ്റല്‍ അതോരിറ്റി ചെയര്‍മാന്‍ മുഹമ്മദ് അബ്‍ദുല്‍ഹമീദ് അല്‍ അസ്‍കര്‍ ആഹ്വാനം ചെയ്‍തു. www.nic.abudhabi എന്ന വെബ്‍സൈറ്റ് വഴി ഡൊമൈന്‍ നെയിമുകള്‍ രജിസ്റ്റര്‍ ചെയ്യാം.

🇦🇪ദുബൈയില്‍ പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്ക് ഫൈസര്‍ വാക്സിന്റെ മൂന്നാം ഡോസ് നല്‍കും.

✒️പ്രതിരോധ ശേഷി കുറഞ്ഞ വ്യക്തികള്‍ക്ക് ഫൈസര്‍ ബയോഎന്‍ടെക് വാക്സിന്റെ മൂന്നാം ഡോസ് നല്‍കുമെന്ന് ദുബൈ ഹെല്‍ത്ത് അതോരിറ്റി അറിയിച്ചു. പ്രത്യേക മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷമായിരിക്കും ഈ വിഭാഗത്തിലുള്ളവര്‍ക്ക് മൂന്നാം ഡോസ് വാക്സിന്‍ നല്‍കുകയെന്നും അറിയിച്ചിട്ടുണ്ട്.

പ്രതിരോധ ശേഷി കുറഞ്ഞവര്‍, ക്യാന്‍സര്‍ രോഗികള്‍, ക്യാന്‍സര്‍ രോഗത്തിന് അടുത്തിടെ ചികിത്സ ലഭിച്ചവര്‍, അവയവമാറ്റത്തിന് വിധേയമായവര്‍‍, മൂലകോശ ചികിത്സയ്ക്ക് വിധേയമായവര്‍, എച്ച്.ഐ.വി രോഗികള്‍, പ്രതിരോധ ശേഷി കുറയ്‍ക്കുന്ന തരത്തിലുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങളെയാണ് മൂന്നാം ഡോസിനായി പരിഗണിച്ചിരിക്കുന്നത്. 12 വയസിന് മുകളിലുള്ളവര്‍ക്ക് മൂന്നാം ഡോസ് ലഭ്യമാവും. മൂന്നാം ഡോസ് ആവശ്യമുണ്ടോ എന്നത് സംബന്ധിച്ച് ചികിത്സിക്കുന്ന ഡോക്ടര്‍മാരാണ് വിലയിരുത്തേണ്ടത്. ആവശ്യമെങ്കില്‍ ഡോക്ടര്‍മാര്‍ തന്നെ അതേ ആശുപത്രിയില്‍ വാക്സിനായി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യും.

ദുബൈയില്‍ ഇഷ്യൂ ചെയ്‍ത വിസയുള്ളവര്‍ മറ്റ് സ്ഥലങ്ങളിലാണ് രോഗത്തിന് ചികിത്സ തേടുന്നതെങ്കില്‍ അവരുടെ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യമാണ്. ഇവര്‍ വാക്സിന്‍ ലഭിക്കുന്നതിനായി ദുബൈ ഹെല്‍ത്ത് അതോരിറ്റിയിലെ ഫാമിലി മെഡിസിന്‍ ഡോക്ടറെ കാണുകയോ 800 342 നമ്പറില്‍ വിളിച്ച് അപ്പോയിന്റ്മെന്റ് എടുക്കുകയോ വേണം.

🇦🇪യുഎഇയില്‍ കൊവിഡ് വാക്സിനെടുക്കാന്‍ വിസമ്മതിക്കുന്ന അധ്യാപകര്‍ക്കെതിരെ നടപടിയെന്ന് അധികൃതര്‍.

✒️യുഎഇയില്‍ കൊവിഡ് വാക്സിനെടുക്കാന്‍ ബോധപൂര്‍വം വിസമ്മതിക്കുന്ന പബ്ലിക് സ്‍കൂള്‍ അധ്യാപകര്‍ക്കെതിരെ ആവശ്യമായ നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വാക്സിനെടുക്കാന്‍ പാടില്ലാത്ത തരത്തിലുള്ള ആരോഗ്യ പ്രശ്‍നങ്ങളുണ്ടെന്ന് കാണിച്ച് ആരോഗ്യ വകുപ്പ് അധികൃതരില്‍ നിന്ന് ലഭിക്കുന്ന പ്രത്യേക അനുമതിയില്ലാത്തവര്‍ക്കെല്ലാം വാക്സിനേഷന്‍ നിര്‍ബന്ധമാണ്.

രാജ്യത്ത് സ്‍കൂളുകളില്‍ നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിച്ച സാഹചര്യത്തില്‍ എല്ലാ അധ്യാപകരും സ്‍കൂള്‍ ജീവനക്കാരും കൊവിഡ് വാക്സിനെടുത്തിരിക്കണമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശം. 16 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കും വാക്സിനേഷന്‍ നിര്‍ബന്ധമാണ്. ഇവര്‍ക്ക് പുറമെ സ്‍കൂള്‍ പരിസരങ്ങളില്‍ പ്രവേശിക്കുന്ന മറ്റുള്ളവര്‍ക്കും വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. രക്ഷിതാക്കള്‍ക്കും സ്‍കൂള്‍ സന്ദര്‍ശിക്കണമെങ്കില്‍ വാക്സിനേഷന്‍ ആവശ്യമാണ്. വാക്സിനേഷനില്‍ ഇളവ് ലഭിച്ചവര്‍ക്ക് മാത്രമാണ് ഇതിലും ഇളവ് ലഭിക്കുക. ഇവര്‍ ഇളവ് തെളിയിക്കുന്ന ഔദ്യോഗിക രേഖകള്‍ ഹാജരാക്കണം. കൊവിഡ് സാഹചര്യത്തില്‍ സ്‍കൂളുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് വിശമായ മാര്‍ഗരേഖ അധികൃതര്‍ സ്‍കൂളുകള്‍ക്ക് കൈമാറിയിട്ടുണ്ട്. ഇതനുസരിച്ച് കര്‍ശന സുരക്ഷാ നിബന്ധനകള്‍ പാലിച്ചാണ് ക്ലാസുകള്‍ നടക്കുന്നത്.

🇦🇪യുഎഇയിലെ മികച്ച സര്‍ക്കാര്‍ സ്ഥാപനങ്ങളെയും മോശം സ്ഥാപനങ്ങളെയും പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്.

✒️യുഎഇയിലെ ഏറ്റവും മികച്ച അഞ്ച് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും മോശം നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെയും പേരുകള്‍ പുറത്തുവിട്ട് ശൈഖ് മുഹമ്മദിന്റെ ട്വീറ്റ്. ഈ വര്‍ഷം ആദ്യമാണ് രാജ്യത്തെ മന്ത്രാലയങ്ങളും ഫെഡറല്‍ സര്‍ക്കാര്‍ വകുപ്പുകളും നല്‍കുന്ന ഡിജിറ്റല്‍, സ്‍‌മാര്‍ട്ട് സേവനങ്ങള്‍ പരിശോധിക്കുന്ന പദ്ധതി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചത്. 30 സര്‍ക്കാര്‍ സ്ഥാപനങ്ങളെക്കുറിച്ചുള്ള 55,000 പ്രതികരണങ്ങള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

മികച്ച സര്‍ക്കാര്‍ സ്ഥാപനങ്ങള്‍

ആഭ്യന്തര മന്ത്രാലയം
ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് (ഐസിഎ)
വിദേശകാര്യ അന്താരാഷ്‍ട്ര സഹകരണ മന്ത്രാലയം
കാലാവസ്ഥാ വ്യതിയാന - പരിസ്ഥിതി മന്ത്രാലയം
സാമൂഹിക വികസന മന്ത്രാലയം
മോശം പ്രവര്‍ത്തനം കാഴ്‍ചവെയ്‍ക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍

വിദ്യാഭ്യാസ മന്ത്രാലയം
ഫെഡറല്‍ ടാക്സ് അതോരിറ്റി
സെക്യൂരിറ്റീസ് ആന്റ് കൊമ്മോഡിറ്റീസ് അതോരിറ്റി
ജനറല്‍ അതോരിറ്റി ഫോര്‍ പെന്‍ഷന്‍സ് ആന്റ് സോഷ്യല്‍ സെക്യൂരിറ്റി
എനര്‍ജി ആന്റ് ഇന്‍ഫ്രാസ്‍ട്രക്ചര്‍ മന്ത്രാലയം
മോശം പ്രവര്‍ത്തനം കാഴ്‍ചവെച്ച സ്ഥാപനങ്ങള്‍ക്ക് പരിഹാര നടപടികള്‍ സ്വീകരിക്കാനും പ്രവര്‍ത്തനം മെച്ചപ്പെടുത്താനും 90 ദിവസത്തെ സമയം അനുവദിക്കുമെന്നും അതിന് ശേഷം ഇവയുടെ പ്രവര്‍ത്തനം വീണ്ടും വിലയിരുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ശൈഖ് മുഹമ്മദ് ട്വിറ്ററിലൂടെ അറിയിച്ചു.

🇦🇪യുഎഇയില്‍ 978 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണം.

✒️യുഎഇയില്‍ 978 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,504 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 

പുതിയതായി നടത്തിയ 2,99,936 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,21,308 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,09,659 പേര്‍ രോഗമുക്തരാവുകയും 2,044 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 9,605 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

🇰🇼മകനെ കഴുതയെന്ന് വിളിച്ചു; പിതാവിന് 50,000ത്തോളം രൂപ പിഴ.

✒️മകനെ കഴുതയെന്ന് വിളിച്ച പിതാവ് 200 കുവൈത്തി ദിനാര്‍ (48,000ത്തിലധികം രൂപ) പിഴ നല്‍കണമെന്ന് കുവൈത്തി പബ്ലിക് പ്രോസിക്യൂഷന്‍. 'നീയൊരു കഴുതയാണെന്ന്' മകനോട് പിതാവ് പറഞ്ഞതിനെ തുടര്‍ന്ന് മകന്‍ ഇദ്ദേഹത്തിനെതിരെ കേസ് ഫയല്‍ ചെയ്യുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. 

പിതാവ് മോശമായി സംസാരിച്ചത് ചൂണ്ടിക്കാട്ടിയാണ് കുട്ടി പിതാവിനെതിരെ കേസ് ഫയല്‍ ചെയ്തത്. ചോദ്യം ചെയ്യലില്‍ പിതാവ് കുറ്റം സമ്മതിച്ചു. എന്നാല്‍ മകനെ കഴുതയെന്ന് വിളിക്കാനിടയായ സാഹചര്യം എന്താണെന്ന് വ്യക്തമല്ല. കേസ് പരിഗണിച്ച പബ്ലിക് പ്രോസിക്യൂഷന്‍ കുട്ടിയെ അപമാനിച്ച പിതാവ് 200 ദിനാര്‍ പിഴയായി നല്‍കണമെന്ന് ഉത്തരവിടുകയായിരുന്നു.

🇸🇦പ്രവാസികള്‍ക്ക് ആറ് തൊഴില്‍ മേഖലകളില്‍ കൂടി യോഗ്യതാ പരീക്ഷ; രണ്ടാംഘട്ടത്തിന് തുടക്കം.

✒️സൗദി അറേബ്യയിൽ ആറ് വിദഗ്ധ തൊഴിലുകളിൽ കൂടി വിദേശികൾക്ക് തൊഴിൽ നൈപുണ്യ പരീക്ഷ നിർബന്ധമാക്കി. നേരത്തെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയ 205 വിദഗ്ധ തൊഴിലുകളിൽ ആദ്യഘട്ടമായി പരീക്ഷ ആരംഭിച്ചിരുന്നു. അതിൽ ആറ് തസ്തികകളെ കൂടി ഉൾപ്പെടുത്തിയാണ് ബുധനാഴ്ച രണ്ടാം ഘട്ട പരീക്ഷ ആരംഭിച്ചത്. 

500 മുതൽ 2999 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങളിലാണ് രണ്ടാം ഘട്ട പരീക്ഷ. വിദഗ്ധ തൊഴിലാളികൾക്ക് യോഗ്യതയും പ്രായോഗിക പരിജ്ഞാനവും ഉണ്ടോ എന്ന് പരിശോധിക്കാനാണ് പരീക്ഷ. എ.സി ടെക്നീഷ്യൻ, വെൽഡിങ്, കാർപെൻറർ, കാർ മെക്കാനിക്ക്, കാർ ഇലക്ട്രീഷ്യൻ, പെയിൻറർ എന്നീ ആറ് വിദഗ്ധ തൊഴിലുകൾ കൂടിയാണ് പുതുതായി ഉൾപ്പെടുത്തിയത്. അവസാന ഘട്ട പരീക്ഷ അടുത്ത വർഷം ജനുവരിയിലാണ്. 

മൊത്തം 1099 വിദഗ്ധ ജോലികളിലാണ് പരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. രണ്ട് രീതിയിലാണ് പരീക്ഷ നടത്തുന്നത്. ആദ്യത്തേത് പുതുതായി വരുന്ന വിദഗ്ധ തൊഴിലാളികളെ അവരുടെ രാജ്യങ്ങളിൽ വെച്ച് അന്താരാഷ്ട്ര പരീക്ഷാ കേന്ദ്രങ്ങളുമായി സഹകരിച്ച് സൗദിയിലെത്തുന്നതിന് മുമ്പ് പരീക്ഷക്ക് വിധേയമാക്കുക എന്നതാണ്. രണ്ടാമത്തേത് നിലവിൽ സൗദിയിലുള്ള വിദഗ്ധ ജോലിക്കാരെ രാജ്യത്തുള്ള പ്രാദേശിക പരീക്ഷാ കേന്ദ്രങ്ങളുടെ സഹകരണത്തോടെ പരീക്ഷക്ക് വിധേയമാക്കും.

🇧🇭ബഹ്‌റൈൻ: COVID-19 രോഗമുക്തരായവരുടെ ബൂസ്റ്റർ ഡോസ് വാക്സിൻ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചു.

✒️രാജ്യത്ത് COVID-19 രോഗമുക്തരായവർക്ക് ബൂസ്റ്റർ ഡോസ് വാക്സിൻ കുത്തിവെപ്പ് നൽകുന്നതുമായി ബന്ധപ്പെട്ടുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 2-ന് രാത്രിയാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ചുള്ള അറിയിപ്പ് നൽകിയത്.

രാജ്യത്തെ COVID-19 സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് നാഷണൽ ടാസ്‌ക്‌ഫോഴ്‌സ്‌ ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടതെന്ന് മന്ത്രാലയം വ്യക്തമാക്കി. ബഹ്‌റൈൻ ഗവണ്മെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് ഈ തീരുമാനം പ്രഖ്യാപിച്ചിട്ടുള്ളത്.

ഈ തീരുമാന പ്രകാരം, ബഹ്‌റൈനിൽ COVID-19 രോഗമുക്തരായവർക്ക് രോഗം സ്ഥിരീകരിച്ച തീയതി മുതൽ 12 മാസത്തിനു ശേഷമായിരിക്കും ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകുന്നത്. മന്ത്രാലയത്തിന്റെ കീഴിലുള്ള വാക്സിനേഷൻ കമ്മിറ്റിയുടെ വിശകലനങ്ങൾക്ക് ശേഷമാണ് വാക്സിനുകൾ സംബന്ധിച്ചും, ബൂസ്റ്റർ ഡോസുകളെക്കുറിച്ചും തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്നും, ആഗോളതലത്തിലെ COVID-19 സാഹചര്യങ്ങളും, പുരോഗതികളും ഈ കമ്മിറ്റി സമഗ്രമായി വിലയിരുത്തുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ബൂസ്റ്റർ ഡോസ് വാക്സിൻ കുത്തിവെപ്പ് ലഭിക്കുന്നതിനുള്ള ബുക്കിംഗ് BeAware ആപ്പിലൂടെയോ, https://healthalert.gov.bh/en/ എന്ന വെബ്സൈറ്റിലൂടെയോ പൂർത്തിയാക്കാവുന്നതാണ്.

🇰🇼കുവൈറ്റ്: വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ ഇലക്ട്രോണിക് സേവനങ്ങൾ ആരംഭിച്ചു.

✒️തങ്ങളുടെ ഇലക്ട്രോണിക് ഫോംസ് പോർട്ടലിൽ ഏതാനം പുതിയ സേവനങ്ങൾ ആരംഭിച്ചതായി കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) അറിയിച്ചു. PAM പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം ഡയറക്ടർ അസീൽ അൽ മസ്യെദാണ് ഇക്കാര്യം അറിയിച്ചത്.

താഴെ പറയുന്ന പുതിയ ഇലക്ട്രോണിക് സേവനങ്ങളാണ് തങ്ങളുടെ പോർട്ടലിൽ PAM ആരംഭിച്ചിരിക്കുന്നത്:
വർക്ക് പെർമിറ്റ് അനുവദിക്കുന്ന സേവനവും, ഫാമിലി അല്ലെങ്കിൽ ആശ്രിത വിസ (ആർട്ടിക്കിൾ 22 വിസ) സ്വകാര്യ മേഖലയിലെ വർക്ക് വിസയിലേക്ക് (ആർട്ടിക്കിൾ 18 വിസ) മാറ്റുന്നതിനുള്ള സേവനവും.
വർക്ക് പെർമിറ്റ് അനുവദിക്കുന്ന സേവനവും, സ്വന്തം സ്പോൺസർഷിപ്പിലുള്ള വിസ (ആർട്ടിക്കിൾ 24 വിസ) സ്വകാര്യ മേഖലയിലെ വർക്ക് വിസയിലേക്ക് (ആർട്ടിക്കിൾ 18 വിസ) മാറ്റുന്നതിനുള്ള സേവനവും.
ആർട്ടിക്കിൾ 18 വിസകൾ ആർട്ടിക്കിൾ 24 വിസയിലേക്ക് മാറ്റുന്നതിനുള്ള സേവനം.

🇴🇲ഒമാൻ: ഒരു ഡോസ് വാക്സിനെടുത്തവരുടെ പൊതു, സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം സംബന്ധിച്ച് അറിയിപ്പ്.

✒️COVID-19 വാക്സിനെടുക്കാത്തവർക്ക് രാജ്യത്തെ പൊതു, സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പ്രവേശനം വിലക്കുന്നതുമായി ബന്ധപ്പെട്ട്, നിലവിൽ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ളവർക്ക് ഒരു നിശ്ചിത കാലയളവിലേക്ക് ഈ തീരുമാനത്തിൽ ഇളവ് അനുവദിക്കുമെന്ന് ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ (GC) അറിയിച്ചു. ഇത്തരം സ്ഥാപനങ്ങളിലെത്തുന്ന ഒരു ഡോസ് വാക്സിനെടുത്ത ജീവനക്കാർക്കും, സന്ദർശകർക്കും വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കുന്നതിന് അനുവദിച്ചിട്ടുള്ള അന്തിമ തീയതികൾ സംബന്ധിച്ച് ഈ അറിയിപ്പിൽ GC വ്യക്തമാക്കിയിട്ടുണ്ട്.

ഈ അറിയിപ്പ് പ്രകാരം ഒരു ഡോസ് വാക്സിനെടുത്തവരുടെ പൊതു, സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം സംബന്ധിച്ച് താഴെ പറയുന്ന കാര്യങ്ങളാണ് GC അറിയിച്ചിരിക്കുന്നത്:
രാജ്യത്തെ പൊതു, സ്വകാര്യ സ്ഥാപനങ്ങളിലെ ഒരു ഡോസ് വാക്സിനെടുത്തവരായ ജീവനക്കാർക്ക് 2021 സെപ്റ്റംബർ 30 വരെ പ്രവേശനം അനുവദിക്കുന്നതാണ്. ഇത്തരം ജീവനക്കാർക്ക് മുഴുവൻ ഡോസ് കുത്തിവെപ്പുകളും പൂർത്തിയാക്കാതെ സെപ്റ്റംബർ 30-ന് ശേഷം പ്രവേശനം നൽകുന്നതല്ല.
രാജ്യത്തെ പൊതു, സ്വകാര്യ സ്ഥാപനങ്ങളിലെത്തുന്ന ഒരു ഡോസ് വാക്സിനെടുത്തവരായ ഉപഭോക്താക്കൾ, സന്ദർശകർ എന്നീ വിഭാഗങ്ങൾക്ക് 2021 ഒക്ടോബർ 14 വരെ പ്രവേശനം അനുവദിക്കുന്നതാണ്. ഒരു ഡോസ് വാക്സിനെടുത്തവരായ ഉപഭോക്താക്കൾ, സന്ദർശകർ എന്നിവർക്ക് മുഴുവൻ ഡോസ് കുത്തിവെപ്പുകളും പൂർത്തിയാക്കാതെ ഒക്ടോബർ 14-ന് ശേഷം പ്രവേശനം നൽകുന്നതല്ല.

രാജ്യത്തെ പൊതു, സ്വകാര്യ സ്ഥാപനങ്ങൾ, മാളുകൾ തുടങ്ങിയ ഏതാനം ഇടങ്ങളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനെടുത്തവർക്ക് മാത്രമാക്കി നിയന്ത്രിക്കാനുള്ള ഒമാൻ സുപ്രീം കമ്മിറ്റിയുടെ തീരുമാനം 2021 സെപ്റ്റംബർ 1, ബുധനാഴ്ച്ച മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഈ അവസരത്തിലാണ് ഒരു ഡോസ് വാക്സിനെടുത്തവർക്ക് ഈ തീരുമാനത്തിൽ അധികൃതർ അധിക സമയം അനുവദിച്ചത്.

🇦🇪അബുദാബി: വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ വിനോദസഞ്ചാരികൾക്ക് ക്വാറന്റീൻ ആവശ്യമില്ല.

✒️വിദേശത്ത് നിന്ന് എമിറേറ്റിലേക്ക് യാത്രചെയ്യുന്ന, COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള, വിനോദസഞ്ചാരികൾക്ക് 2021 സെപ്റ്റംബർ 5, ഞായറാഴ്ച്ച മുതൽ ക്വാറന്റീൻ ഒഴിവാക്കാൻ തീരുമാനിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി വ്യക്തമാക്കി. സെപ്റ്റംബർ 2-നാണ് കമ്മിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

വാക്സിനെടുത്തിട്ടുള്ളവർക്ക് പുതിയ ടൂറിസ്റ്റ് വിസകൾ അനുവദിക്കാനുള്ള യു എ ഇ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ സ്വാഗതം ചെയ്തുകൊണ്ട് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി ഈ അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, സെപ്റ്റംബർ 5 മുതൽ താഴെ പറയുന്ന നിബന്ധനകൾ പാലിച്ച് കൊണ്ട് വിനോദസഞ്ചാരികൾക്ക് അബുദാബിയിലേക്ക് യാത്ര ചെയ്യാവുന്നതാണ്:
ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിന്റെ മുഴുവൻ ഡോസ് കുത്തിവെപ്പുകളും സ്വീകരിച്ചിട്ടുള്ള 16 വയസിന് മുകളിൽ പ്രായമുള്ള വിനോദസഞ്ചാരികൾക്കാണ് ഇത്തരം പ്രവേശനം അനുവദിക്കുന്നത്.
അബുദാബിയിലേക്കുള്ള യാത്രകൾക്ക് മുൻപായി, വിനോദസഞ്ചാരികൾ തങ്ങളുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് വെബ്സൈറ്റിലൂടെയോ, ആപ്പിലൂടെയോ ഉറപ്പ് വരുത്തേണ്ടതാണ്.
അബുദാബിയിലേക്ക് യാത്ര ചെയ്യുന്ന വിനോദസഞ്ചാരികൾ യാത്ര പുറപ്പെടുന്നതിന് മുൻപ്, 48 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്.
COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ള, ഗ്രീൻ പട്ടികയിൽ പെടുന്ന രാജ്യങ്ങളിൽ നിന്നെത്തുന്ന വിനോദസഞ്ചാരികൾക്ക് അബുദാബിയിലെത്തിയ ഉടൻ ഒരു COVID-19 PCR ടെസ്റ്റ് നിർബന്ധമാണ്. ഇവർ എമിറേറ്റിലെത്തിയ ശേഷം ആറാം ദിനം മറ്റൊരു COVID-19 PCR ടെസ്റ്റ് കൂടി നടത്തേണ്ടതാണ്. ഇവർക്ക് ക്വാറന്റീൻ ആവശ്യമില്ല.
COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ള, ഗ്രീൻ പട്ടികയിൽ പെടാത്ത രാജ്യങ്ങളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്ന വിനോദസഞ്ചാരികൾക്ക് അബുദാബിയിലെത്തിയ ഉടൻ ഒരു COVID-19 PCR ടെസ്റ്റ് നിർബന്ധമാണ്. ഇവർ എമിറേറ്റിലെത്തിയ ശേഷം നാല്, എട്ട് ദിനങ്ങളിൽ COVID-19 PCR ടെസ്റ്റ് നടത്തേണ്ടതാണ്. ഇവർക്ക് ക്വാറന്റീൻ ആവശ്യമില്ല.
COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ള വിനോദസഞ്ചാരികൾക്ക് അബുദാബിയിലെത്തിയ ശേഷം എമിറേറ്റിലെ നിലവിലുള്ള മാനദണ്ഡങ്ങൾ പ്രകാരം പൊതു ഇടങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ്. ഇതിനായി ഇവർക്ക് തങ്ങളുടെ ഫോണുകളിൽ Alhosn, അല്ലെങ്കിൽ അവരുടെ രാജ്യത്തെ അംഗീകൃത COVID-19 ആപ്പ് ഉപയോഗിച്ച് വാക്സിനേഷൻ സ്റ്റാറ്റസ് തെളിയിക്കാവുന്നതാണ്.

🇦🇪അബുദാബി: കാലാവധി അവസാനിച്ച ടയറുകൾ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് 500 ദിർഹം പിഴ.

✒️കാലാവധി അവസാനിച്ചതും, കേടുപാടുകളുള്ളതുമായ ടയറുകൾ ഉപയോഗിച്ച് എമിറേറ്റിൽ വാഹനങ്ങൾ ഓടിക്കുന്നവർക്ക് 500 ദിർഹം പിഴ ചുമത്തുമെന്നും, ഇത്തരം വാഹനങ്ങൾ 7 ദിവസം പിടിച്ച് വെക്കുമെന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. ഇത് കൂടാതെ, ഇത്തരം നിയമലംഘനങ്ങൾക്ക് പിടിക്കപെടുന്നവർക്ക് 4 ബ്ലാക്ക് പോയിന്റ് ചുമത്തുന്നതാണ്.

എമിറേറ്റിലെ റോഡുകൾ കൂടുതൽ സുരക്ഷിതമാക്കുന്നത് ലക്ഷ്യമിട്ടാണ് ടയറുകളുടെ സാധുത പരിശോധിച്ചുറപ്പിക്കുന്നതിന് അബുദാബി പോലീസ് ഊന്നൽ നൽകുന്നത്. വാഹനങ്ങളിൽ പഴകിയതും, തേയ്മാനം സംഭവിച്ചതുമായ ടയറുകൾ ഉപയോഗിക്കുന്നത് ഡ്രൈവർമാരുടെയും, റോഡിലെ മറ്റു യാത്രികരുടെയും സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നതായി അബുദാബി പോലീസ് പലപ്പോഴായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പുതിയ ടയറുകൾ വാങ്ങുന്നവർ അവയുടെ ഗുണനിലവാരം ഉറപ്പ് വരുത്തണമെന്ന് അബുദാബി പൊലീസിലെ ട്രാഫിക് ആൻഡ് പട്രോൾസ് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ദാഹി അൽ ഹമിരി നിർദ്ദേശിച്ചു. ഇത് പെട്ടെന്നുള്ള ടയർ പൊട്ടൽ പോലുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിന് സഹായകമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

തേയ്മാനം വന്നതും, കേടുപാടുകൾ ഉള്ളതുമായ ടയറുകൾ വേനൽ ചൂടിൽ അപകടങ്ങൾക്ക് വളരെയധികം കരണാമാകാറുണ്ടെന്ന് അബുദാബി പോലീസ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. യു എ ഇയിലെ വേനലിൽ, അന്തരീക്ഷ താപനില 45 ഡിഗ്രിയിൽ കൂടുതൽ ആകുമ്പോൾ ഇത്തരം ടയറുകളുടെ ഉപയോഗം സ്വാഭാവികമായും അപകടങ്ങൾ വിളിച്ച് വരുത്തുന്നതാണ്. സ്വന്തം സുരക്ഷയ്ക്കും, റോഡിലെ മറ്റു വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കും ഭീഷണിയാകുന്ന ഈ പ്രവർത്തി ഒഴിവാക്കാൻ ജനങ്ങളോട് അധികൃതർ ആഹ്വാനം ചെയ്തു.

🇦🇪ദുബായ്: 60000 ദിർഹത്തിനു മുകളിൽ മൂല്യമുള്ള പണം, ആഭരണങ്ങൾ എന്നിവയ്ക്ക് കസ്റ്റംസ് ഡിക്ലറേഷൻ നിർബന്ധം.

✒️60000 ദിർഹം, അല്ലെങ്കിൽ അതിനു മുകളിൽ മൂല്യമുള്ള കറൻസി, ആഭരണങ്ങൾ മുതലായവയുമായി ദുബായിലേക്കോ, ദുബായിൽ നിന്ന് വിദേശത്തേക്കോ സഞ്ചരിക്കുന്ന യാത്രികർ നിർബന്ധമായും, ഇവ സംബന്ധിച്ച് ഡിക്ലറേഷൻ നൽകണമെന്ന് ദുബായ് കസ്റ്റംസ് വ്യക്തമാക്കി. ദുബായ് കസ്റ്റംസ് പ്രസിദ്ധീകരിച്ചിട്ടുള്ള കസ്റ്റംസ് പാസഞ്ചർ ഗൈഡിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ദുബായ് കസ്റ്റംസിന്റെ കോർപ്പറേറ്റ് വെബ്‌സൈറ്റിൽ (https://www.dubaicustoms.gov.ae/ar/Pages/default.aspx) നിന്ന് യാത്രികർക്ക് ഈ കസ്റ്റംസ് പാസഞ്ചർ ഗൈഡ് ലഭ്യമാണ്. ദുബായിലേക്കോ, ദുബായിൽ നിന്ന് വിദേശത്തേക്കോ ഉള്ള യാത്രകളിൽ യാത്രികർക്ക് തങ്ങളുടെ കൈവശം വെക്കുന്നതിന് അനുവദിച്ചിട്ടുള്ള സാധനങ്ങൾ, നിയന്ത്രിത സാധനങ്ങൾ, കസ്റ്റംസ് തീരുവകളിൽ നിന്നും നികുതികളിൽ നിന്നും ഒഴിവാക്കപ്പെട്ട ബാഗേജ് എന്നിവയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഈ ഗൈഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എല്ലാ യാത്രക്കാർക്കും സുരക്ഷിതവും സുഖകരവുമായ യാത്രാ അനുഭവം ഉറപ്പുവരുത്തുന്നതിനായി നൂതന മോണിറ്റർ, പരിശോധനാ സംവിധാനങ്ങൾ എന്നിവയ്‌ക്കൊപ്പം യാത്രക്കാർക്ക് മികച്ച സൗകര്യങ്ങളും സേവനങ്ങളും നൽകാൻ ദുബായ് കസ്റ്റംസ് ശ്രമിക്കുന്നതായും അധികൃതർ വ്യക്തമാക്കി.

*ദുബായ് കസ്റ്റംസ് പാസഞ്ചർ ഗൈഡ് പ്രകാരം യാത്രികർ താഴെ പറയുന്ന വിവരങ്ങൾ ശ്രദ്ധിക്കേണ്ടതാണ്:*

🔰ദുബായിലേക്കോ, ദുബായിൽ നിന്ന് വിദേശത്തേക്കോ സഞ്ചരിക്കുന്ന 18 വയസും, അതിനു മുകളിൽ പ്രായമുള്ളവരുമായ എല്ലാ യാത്രികരും തങ്ങളുടെ കൈവശമുള്ള 60000 ദിർഹത്തിൽ കൂടുതൽ മൂല്യമുള്ള പണം, ചെക്ക്, വിലയേറിയ ആഭരണങ്ങൾ മുതലയായവ സംബന്ധിച്ച് നിർബന്ധമായും ഡിക്ലറേഷൻ നൽകേണ്ടതാണ്.

🔰18 വയസ്സിന് താഴെയുള്ള യാത്രക്കാരുടെ കൈവശമുള്ള പണം അവരുടെ രക്ഷിതാക്കൾ വഹിക്കുന്നതിനോട് ചേർക്കുന്നതാണ്.

🔰പരമാവധി 3000 ദിർഹം മൂല്യമുള്ള വ്യക്തിഗത സമ്മാനങ്ങൾക്ക് കസ്റ്റംസ് ഇളവ് അനുവദിച്ചിട്ടുണ്ട്.

🔰പരമാവധി 400 സിഗരറ്റുകൾ, 50 സിഗാറുകൾ, 500 ഗ്രാം പുകയില എന്നിവ കൈവശം വെക്കുന്നതിനും അനുമതി നൽകിയിട്ടുണ്ട്. ഇതിന് മുകളിൽ മൂല്യമുള്ള എല്ലാം കസ്റ്റംസ് തീരുവയ്ക്ക് വിധേയമാണ്.

🔰വ്യക്തിഗത ആവശ്യങ്ങൾക്കുള്ള സമ്മാനങ്ങൾക്ക് മാത്രമാണ് കസ്റ്റംസ് തീരുവയിൽ ഇളവ് അനുവദിക്കുന്നത്. 

🔰വാണിജ്യ ആവശ്യങ്ങൾക്കുള്ള വസ്തുക്കൾക്ക് ഈ ഇളവ് അനുവദിക്കുന്നതല്ല

🔰യാത്രികരുടെ കൈവശമുള്ള സാധനങ്ങളുടെ മൂല്യവും അളവും അടിസ്ഥാനമാക്കി ഇത് തീരുമാനിക്കുന്നതാണ്.

🔰വളർത്തുമൃഗങ്ങൾ, തൈകൾ, സിനിമാ ചിത്രീകരണത്തിനും മറ്റുമുള്ള ക്യാമറകൾ, ഉപകരണങ്ങൾ, പ്രിന്റുകൾ തുടങ്ങിയവ, മേക്കപ്പ് ഉൽപ്പന്നങ്ങൾ, ചിക്കൻ, ഫ്രോസൺ പക്ഷികൾ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ, വയർലെസ് ഉപകരണങ്ങൾ, ഡ്രോണുകൾ എന്നിവയ്ക്ക് മുൻകൂർ അനുമതി ആവശ്യമാണ്.

🔰3 മാസത്തിൽ കൂടുതൽ കഴിക്കുന്നതിനായി ഡോക്ടർ നിർദ്ദേശിച്ചിട്ടുള്ള മരുന്നുകൾ യാത്രികർക്ക് തങ്ങളുടെ കൈവശം കരുതുന്നതിനുള്ള അനുമതി കസ്റ്റംസ്, യു എ ഇ ആരോഗ്യ മന്ത്രാലയം എന്നിവർ സംയുക്തമായി നൽകിയിട്ടുണ്ട്.
എന്നാൽ ഇത്തരം മരുന്നുകൾ കൈവശം കരുതുന്നതിന് ഒരു ഔദ്യോഗിക ആശുപത്രിയുടെയോ, ഡോക്ടറുടെയോ കുറിപ്പടി (ഇതിൽ മരുന്നിനെക്കുറിച്ചും യാത്രക്കാരന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും വ്യക്തമായി പരാമർശിച്ചിരിക്കണം) നിർബന്ധമാണ്. ഇത്തരം മരുന്നുകൾ അവയുടെ യഥാർത്ഥ പാക്കുകളിൽ സൂക്ഷിച്ചിരിക്കണം. ഈ മരുന്നുകളുടെ കാലഹരണ തീയതികൾ പാക്കുകളിൽ വ്യക്തമായിരിക്കണം.

🔰നസ്വർ, പാൻ തുടങ്ങിയ മയക്കുമരുന്ന് വസ്തുക്കൾക്ക് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.

2021-2026 കാലയളവിൽ ദുബായ് കസ്റ്റംസ് 5 വർഷത്തെ പദ്ധതിയുടെ ഭാഗമായി യാത്രക്കാർക്ക് കസ്റ്റംസ് നടപടിക്രമങ്ങൾ സുഗമമാക്കുന്നതിൽ പാസഞ്ചർ ഓപ്പറേഷൻസ് ഡിപ്പാർട്ട്മെന്റ് ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് പാസഞ്ചർ ഓപ്പറേഷൻസ് വകുപ്പ് ഡയറക്ടർ ഇബ്രാഹിം കമാലി അറിയിച്ചു. “അവർ സന്തുഷ്ടരാണെന്നും അവർക്ക് മനോഹരമായ യാത്രാനുഭവമുണ്ടെന്നും ഉറപ്പുവരുത്താൻ ഞങ്ങൾ കഠിനമായി പരിശ്രമിക്കുന്നു, അത് യുഎഇയുടെ യഥാർത്ഥ ആതിഥ്യത്തെ പ്രതിഫലിപ്പിക്കുന്നു. അതേ സമയം, മയക്കുമരുന്നുകളുടെയും നിരോധിത വസ്തുക്കളുടെയും അപകടങ്ങളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനുള്ള ഏതെങ്കിലും ലംഘനങ്ങൾക്കെതിരെ ഞങ്ങൾ വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിക്കുന്നു.”

“നിലവിലെ സാഹചര്യങ്ങളിൽ ഐഡിക്ലെയർ സ്മാർട്ട് ആപ്ലിക്കേഷൻ കൂടുതൽ പ്രാധാന്യം നേടുന്നു. കാരണം ഇത് ഇൻകമിംഗ് യാത്രക്കാരെ അവരുടെ സാധനങ്ങൾ മുൻകൂട്ടി പ്രഖ്യാപിക്കാൻ സഹായിക്കുന്നു. കൂടാതെ ലോകമെമ്പാടുമുള്ള മുൻനിര വിമാനത്താവളങ്ങളിൽ ഒന്നായ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ എത്തുന്നതിന് മുമ്പ് അവർക്ക് അവരുടെ ഇടപാടുകൾ പൂർത്തിയാക്കാൻ അഭ്യർത്ഥിക്കാം. ഇത് അവരുടെ കാത്തിരിപ്പ് സമയം 4 മിനിറ്റിൽ താഴെയാക്കുന്നു. ആപ്പ് ഗൂഗിൾ പ്ലേയിലും ആപ്പിൾ സ്റ്റോറിലും ലഭ്യമാണ്. രാജ്യത്തേക്ക് വരുന്ന എല്ലാ യാത്രക്കാരോടും അവരുടെ സാധനങ്ങൾ വെളിവാക്കാൻ ഞങ്ങൾ നിർദ്ദേശിക്കുന്നു. കൂടാതെ നിയമപരമായ ഉത്തരവാദിത്തം ഒഴിവാക്കാൻ മറ്റ് ആളുകളുടെ പേരിൽ ലഗേജുകൾ കൊണ്ടുപോകരുത്”, അദ്ദേഹം കൂട്ടിച്ചേർത്തു.

🇧🇭ബഹ്റൈനില്‍ കോവിഡ് പോസിറ്റീവ് കേസുകൾ കുറഞ്ഞു; ഇന്ന് മുതൽ ഗ്രീൻ ലെവലിലേക്ക്.

✒️ബഹ്റൈനിൽ കോവിഡ് പ്രതിദിന കേസുകളിൽ ഗണ്യമായ കുറവ്. രാജ്യത്ത് പുതിയ പോസിറ്റീവ് കേസുകളുടെ തോത് ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ വെള്ളിയാഴ്ച മുതൽ നിയന്ത്രണങ്ങൾ കുറഞ്ഞ ഗ്രീൻ ലെവലിലേക്ക് മാറുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പുതിയ അധ്യയനവർഷം ആരംഭിക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിൽ പ്രത്യേക ജാഗ്രത വേണം.

കോവിഡ് പ്രതിരോധ മുൻകരുതൽ നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും അധിക്യതർ ആവശ്യപ്പെട്ടു. രാജ്യത്ത് 95 പുതിയ പോസിറ്റീവ് കേസുകളാണു പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇന്ന് മുതൽ നടപ്പിലാകുന്ന ഗ്രീൻ ലെവലിലെ ഇളവുകൾ പ്രകാരം വാക്സിൻ എടുത്തവർക്കും എടുക്കാത്തവർക്കും റീട്ടെയിൽ ഷോപ്പുകൾ ഷോപ്പിങ് മാളുകൾ റസ്റ്റൊറന്‍റുകൾ, കഫേകൾ, ബാർബർ ഷോപ്പുകൾ, സലൂണുകൾ, സ്പാകൾ എന്നിവിടങ്ങളിൽ പ്രവേശിക്കാം. വീടുകളിൽ സ്വകാര്യ ചടങ്ങുകളിൽ പങ്കെടുക്കാനും ഇവർക്ക് അനുമതിയുണ്ടാകും. ഔട്ട്ഡോർ ഇവന്‍റുകൾ, കോൺഫറൻസുകൾ ഒറ്റക്ക് പ്രവർത്തിക്കുന്ന സർക്കാർ ഓഫിസുകൾ, സ്പോർട്സ് സെന്‍ററുകൾ, നീന്തൽക്കുളങ്ങൾ, ജിംനേഷ്യങ്ങൾ എന്നിവിടങ്ങളിലും പ്രവേശനാനുമതി ഉണ്ട്. ഔട്ട്ഡോർ സ്പോർട്സ് പരിപാടികളിലെ പൊതുജനപങ്കാളിത്തവും അനുവദനീയമാണു. സിനിമ, ഇൻഡോർ സ്പോർട്സ്, ഇൻഡോർ ഇവന്‍റുകൾ, കോൺഫറൻസുകൾ എന്നിവയിൽ വാക്സിൻ എടുത്ത് ഗ്രീൻ ഷീൽഡ് ലഭിച്ചവർക്കും രോഗമുക്തി നേടിയവർക്കും ഈ രണ്ടു വിഭാഗങ്ങളിൽപെട്ടവർക്കൊപ്പം എത്തുന്ന 12 വയസ്സിൽ താഴെയുള്ളവർക്കും മാത്രമായിരിക്കും പ്രവേശനം.

🇶🇦ഖത്തറില്‍ 193 പേര്‍ക്ക് കൊവിഡ്; 204 പേര്‍ക്ക് രോഗമുക്തി.

✒️ഖത്തറില്‍ ഇന്ന് 193 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 71 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്.

122 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 204 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 230,168 ആയി. രാജ്യത്ത് ഇന്ന് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തെ ആകെ കൊവിഡ് മരണ നിരക്ക് 602 ആണ്. 2,510 പേരാണ് നിലവില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 24 പേര്‍ ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയുന്നു.

🇶🇦ഖത്തറില്‍ കൊവിഡ് നിയമ ലംഘനത്തിന് 508 പേര്‍ കൂടി അറസ്റ്റില്‍.

✒️ഖത്തറില്‍ 508 പേരെ കൂടി കൊവിഡ് നിയമ ലംഘനത്തിന് അറസ്റ്റ് ചെയ്തു. പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് 407 പേര്‍ക്കെതിരെയും സുരക്ഷിതമായ ശാരീരിക അകലം പാലിക്കാത്തതിന് 94 പേര്‍ക്കെതിരെയും കേസെടുത്തു.മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് ഏഴു പേര് അറസ്റ്റിലായി.

നിയമ ലംഘകരെ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

അതേസമയം ഖത്തറില്‍ ഇന്ന് 193 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 71 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 122 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 204 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 230,168 ആയി. രാജ്യത്ത് ഇന്ന് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

🇰🇼കുവൈറ്റില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ഏറെ നാളുകള്‍ക്ക് ശേഷം നൂറില്‍ താഴെ! ഇന്ന് രോഗം സ്ഥിരീകരിച്ചത് 95 പേര്‍ക്ക് മാത്രം; ടിപിആര്‍ 0.70 ശതമാനം.

✒️കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 410,167 ആയി. ഇന്ന്‌ 95 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

പുതിയതായി ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 2,422 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടെ 113 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി. ഇതുവരെ 405,583 പേരുടെ രോഗം ഭേദമായിട്ടുണ്ട്. ആകെ കൊവിഡ് ബാധിതരില്‍ 98.88 ശതമാനം പേരുടെയും രോഗം മാറി. 2,162 പേര്‍ നിലവില്‍ ചികിത്സയിലാണ്. 140 പേര്‍ കൊവിഡ് വാര്‍ഡുകളിലും, 64 പേര്‍ തീവ്രപരിചരണ വിഭാഗത്തിലും ചികിത്സയിലാണ്.

പുതിയതായി 13,578 പേര്‍ക്ക് കുവൈറ്റില്‍ കൊവിഡ് പരിശോധന നടത്തി. ഇതുവരെ ആകെ, 3,825,038 പരിശോധനകള്‍ നടത്തിയിട്ടുണ്ട്. 0.70 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Post a Comment

0 Comments