🇸🇦സൗദി: വിദേശത്തുള്ള പ്രവാസികൾക്ക് റീ-എൻട്രി വിസകൾ ഫൈനൽ എക്സിറ്റ് വിസയിലേക്ക് മാറ്റാനാകില്ലെന്ന് ജവാസാത്.
🇸🇦സൗദി ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് ജിദ്ദയിൽ അതിഗംഭീരമായ വ്യോമാഭ്യാസ പ്രകടനങ്ങൾ അവതരിപ്പിച്ചു.
🇦🇪യു എ ഇ: ഏതാനം പൊതു ഇടങ്ങളിൽ മാസ്കുകൾ നിർബന്ധമല്ലെന്ന് NCEMA.
🇴🇲ഒമാൻ: സമൂഹ മാധ്യമങ്ങളിലൂടെ മറ്റുള്ളവരെ അധിക്ഷേപിക്കുന്നവർക്ക് തടവ് ശിക്ഷയും, പിഴയും ചുമത്തുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ.
🇸🇦മലയാളി യുവാവിനെ വെടിവച്ച സൗദി പൗരന് 7 വർഷം തടവും പിഴയും.
🇸🇦സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് ഏഴ് മരണം.
🇴🇲അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നാല് പ്രവാസി വനിതകളെ അറസ്റ്റ് ചെയ്‍തു.
🇦🇪യുഎഇയില്‍ 318 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് രണ്ട് മരണം.
🇦🇪ഭാര്യയുടെ പേരിലെടുത്ത ടിക്കറ്റിലൂടെ പ്രവാസിക്ക് ഏഴ് കോടിയുടെ സമ്മാനം.
🇸🇦വ്യാജ കൊവിഡ് പരിശോധനാ ഫലവുമായി സൗദിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചയാള്‍ക്ക് ശിക്ഷ.
🇦🇪ഇനി 'ഫ്രീയായി' ജീവിക്കാം; ബില്ലുകള്‍ ബിഗ് ടിക്കറ്റ് അടയ്‍ക്കും, പുതിയ ആനൂകൂല്യം ഒരാഴ്‍ച മാത്രം.
🇰🇼ബിരുദമില്ലാത്തവര്‍ക്ക് വിസ പുതുക്കുന്നതിന് പ്രായപരിധി; കുവൈത്ത് വിട്ടത് 42,000 വിദേശികള്‍.
🇸🇦സൗദി തവക്കല്‍ലാ ആപ് ഒരേസമയം രണ്ടു ഫോണില്‍ പ്രവര്‍ത്തിക്കില്ല.
വാർത്തകൾ വിശദമായി
🇸🇦സൗദി: വിദേശത്തുള്ള പ്രവാസികൾക്ക് റീ-എൻട്രി വിസകൾ ഫൈനൽ എക്സിറ്റ് വിസയിലേക്ക് മാറ്റാനാകില്ലെന്ന് ജവാസാത്.
✒️വിദേശത്തുള്ള പ്രവാസികൾക്ക് എക്സിറ്റ് റീ-എൻട്രി വിസകൾ ഫൈനൽ എക്സിറ്റ് വിസയിലേക്ക് മാറ്റാനാകില്ലെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസാത്) അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം പ്രവാസികൾ സൗദിക്ക് പുറത്തുള്ള അവസരത്തിൽ എക്സിറ്റ് റീ-എൻട്രി വിസകൾ ഫൈനൽ എക്സിറ്റ് വിസയിലേക്ക് മാറ്റാനാകില്ലെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സൗദിയിൽ നിന്ന് എക്സിറ്റ് റീ-എൻട്രി വിസകളിൽ വിദേശത്തേക്ക് യാത്ര ചെയ്തിട്ടുള്ള പ്രവാസികൾ, അവർ വിസ കാലാവധി അവസാനിക്കുന്നതിന് മുൻപ് തിരികെ മടങ്ങിയിട്ടില്ലെങ്കിൽ, സൗദിയിലേക്ക് മൂന്ന് വർഷത്തെ പ്രവേശന വിലക്കേർപ്പെടുത്തുമെന്നും ജവാസാത് വൃത്തങ്ങൾ സൂചിപ്പിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആശ്രിത വിസകളിലുള്ളവർ, തൊഴിലുടമയിൽ നിന്ന് പുതിയ വിസ നേടിയിട്ടുള്ളവർ തുടങ്ങിയ വിഭാഗങ്ങൾക്ക് ഇതിൽ ഇളവ് ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.
സൗദിയിൽ നിന്ന് മടങ്ങുന്ന തീയതി മുതലാണ് എക്സിറ്റ് റീ-എൻട്രി വിസയുടെ കാലാവധി കണക്കാക്കുന്നത്. നാട്ടിലേക്ക് മടങ്ങിയ ശേഷം തിരികെയെത്താത്ത ഗാർഹിക ജീവനക്കാരുടെ വിവരങ്ങൾ, എക്സിറ്റ് റീ-എൻട്രി വിസയുടെ കാലാവധി അവസാനിച്ച് ആറ് മാസത്തിന് ശേഷം, ജവാസത്തിന് കീഴിലുള്ള അബ്ഷേർ സംവിധാനത്തിൽ നിന്ന് ഒഴിവാക്കുമെന്നും സ്രോതസ്സുകൾ സൂചിപ്പിച്ചിട്ടുണ്ട്.
🇸🇦സൗദി ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് ജിദ്ദയിൽ അതിഗംഭീരമായ വ്യോമാഭ്യാസ പ്രകടനങ്ങൾ അവതരിപ്പിച്ചു.
✒️91-മത്തെ സൗദി ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് റോയൽ സൗദി എയർഫോഴ്സിനു കീഴിലുള്ള യുദ്ധവിമാനങ്ങൾ ജിദ്ദ, തായിഫ് എന്നിവിടങ്ങളിൽ അതിഗംഭീരമായ വ്യോമാഭ്യാസ പ്രകടനങ്ങൾ അവതരിപ്പിച്ചു. 2021 സെപ്റ്റംബർ 23-നാണ് സൗദി ദേശീയ ദിനമായി ആഘോഷിക്കുന്നത്.
2021 സെപ്റ്റംബർ 21, ചൊവ്വാഴ്ച്ചയാണ് റോയൽ സൗദി എയർഫോഴ്സ് പ്രത്യേക വ്യോമാഭ്യാസ പ്രകടനങ്ങൾ അവതരിപ്പിച്ചത്. സൗദി എയർഫോഴ്സിലെ ഹ്വാക്സ് ടീം, K3-MRTT വിഭാഗം, പെയിന്റഡ് കോംബാറ്റ് എയർക്രാഫ്റ്റ് വിഭാഗം എന്നിവർ ഈ വ്യോമാഭ്യാസ പ്രകടനങ്ങളിൽ പങ്കെടുത്തു.
ജിദ്ദ, തായിഫ് എന്നിവിടങ്ങളിലെ പ്രകടനങ്ങൾക്ക് പുറമെ സൗദി നാഷണൽ ഡേയുടെ ഭാഗമായി സെപ്റ്റംബർ 23, വ്യാഴാഴ്ച്ച റിയാദിൽ അതിവിപുലമായ എയർ ഷോ, സൈനിക പരേഡ് എന്നിവ സംഘടിപ്പിക്കുന്നതാണ്. വ്യാഴാഴ്ച്ച നടക്കുന്ന ഈ വ്യോമപ്രദർശനത്തിന്റെ ഭാഗമായി റിയാദിന്റെ ആകാശത്തുടനീളം സൗദി ഹ്വാക്സ് ടീം, റോയൽ എയർഫോഴ്‌സ് യുദ്ധവിമാനങ്ങൾ, സിവിൽ ഏവിയേഷനു കീഴിലുള്ള വിമാനങ്ങൾ എന്നിവ വ്യോമാഭ്യാസങ്ങൾ അവതരിപ്പിക്കുന്നതാണ്.
സെപ്റ്റംബർ 23-ന് വൈകീട്ട് നാല് മണിക്ക് റിയാദിലെ നോർത്ത് ഇൻഡസ്ട്രിയൽ ബിൽഡിംഗിന് സമീപം ഒരു മണിക്കൂർ നീണ്ട് നിൽക്കുന്ന ഹെലികോപ്ടറുകളുടെ പ്രത്യേക പ്രദർശനവും ഉണ്ടായിരിക്കുന്നതാണ്. സൗദി ആഭ്യന്തര മന്ത്രാലയം, GEA എന്നിവർ സംഘടിപ്പിക്കുന്ന ഒരു മണിക്കൂർ നീണ്ട് നിൽക്കുന്ന സൈനിക പരേഡിൽ ഇതാദ്യമായി ഈ വർഷം വനിതകൾ പങ്കെടുക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. സൗദി റോയൽ ഗാർഡുകളുടെ പ്രത്യേക പരേഡും ഉണ്ടായിരിക്കുന്നതാണ്. വൈകീട്ട് നാല് മുതൽ രാത്രി എട്ട് മണിവരെയാണ് ഈ പരേഡുകൾ അവതരിപ്പിക്കുന്നത്.
സൗദിയിലെ എല്ലാ നഗരങ്ങളും, മുഴുവൻ ഗവർണറേറ്റുകളും ദേശീയ ദിനാഘോഷങ്ങൾക്കായി പൂർണ്ണമായും ഒരുങ്ങിക്കഴിഞ്ഞതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സൗദിയുടെ വിവിധ ഭാഗങ്ങളിലായുള്ള 13 നഗരങ്ങളിൽ സെപ്റ്റംബർ 23-ന് രാത്രി 9 മണിക്ക് പ്രത്യേക കരിമരുന്ന് പ്രയോഗം ഉണ്ടായിരിക്കുന്നതാണ്. രാജ്യത്തുടനീളമുള്ള എല്ലാ പ്രധാന റോഡുകളും കൊടികളാലും, ദീപാലങ്കാരങ്ങളാലും മോടിപിടിപ്പിച്ചിട്ടുണ്ട്. പൊതു ഇടങ്ങൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ, ചരിത്ര സ്മാരകങ്ങൾ, പൊതു കെട്ടിടങ്ങൾ തുടങ്ങിയവയും നാഷണൽ ഡേയുടെ ഭാഗമായി അലങ്കരിച്ചിട്ടുണ്ട്.
സൗദി വിഷൻ 2030-യുടെ ആശയങ്ങൾക്കനുസൃതമായാണ് 91-മത് ദേശീയ ദിനത്തിന്റെ ഭാഗമായുള്ള വർണ്ണാലങ്കാരങ്ങൾക്ക് ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (GEA) രൂപം നൽകിയിരിക്കുന്നത്. ഈ വർഷത്തെ സൗദി നാഷണൽ ഡേ മുന്നോട്ട് വെക്കുന്ന ആശയമായ ‘സൗദി നമ്മളുടെ വീടാണ്’ എന്നതിനെ അടിസ്ഥാനമാക്കിയുള്ള പ്രത്യേക അലങ്കാരങ്ങൾ, പൊതു പരിപാടികൾ എന്നിവ രാജ്യത്തുടനീളമുള്ള വിവിധ മുൻസിപ്പാലിറ്റികളുമായി ചേർന്ന് GEA ഒരുക്കിയിട്ടുണ്ട്.
🇦🇪യു എ ഇ: ഏതാനം പൊതു ഇടങ്ങളിൽ മാസ്കുകൾ നിർബന്ധമല്ലെന്ന് NCEMA.
✒️രാജ്യത്തെ ഏതാനം പൊതു ഇടങ്ങളിൽ മാസ്കുകളുടെ ഉപയോഗം നിർബന്ധമാക്കാതിരിക്കാൻ തീരുമാനിച്ചതായി യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു. അധികൃതർ പ്രത്യേകമായി നിശ്ചയിച്ചിട്ടുള്ള പൊതു ഇടങ്ങളിൽ മാത്രമാണ് മാസ്കുകളുടെ ഉപയോഗം ഒഴിവാക്കുന്നത്.
യു എ ഇ ആരോഗ്യ വകുപ്പുമായി ചേർന്നാണ് NCEMA ഇക്കാര്യം തീരുമാനിച്ചിരിക്കുന്നത്. മാസ്കുകൾ ഒഴിവാക്കാൻ അനുവദിക്കുന്ന ഇത്തരത്തിലുള്ള പ്രത്യേക പൊതു ഇടങ്ങളിൽ വ്യക്തികൾ തമ്മിൽ മുഴുവൻ സമയവും നിർബന്ധമായും 2 മീറ്ററെങ്കിലും സമൂഹ അകലം ഉറപ്പാക്കേണ്ടതാണ്. സെപ്റ്റംബർ 22, ബുധനാഴ്ച്ച ഉച്ചയ്ക്കാണ് NCEMA ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം യു എ ഇയിൽ താഴെ പറയുന്ന പൊതു ഇടങ്ങളിലാണ് മാസ്കുകളുടെ ഉപയോഗം ഒഴിവാക്കിയിരിക്കുന്നത്:
പൊതു ഇടങ്ങളിൽ വ്യായാമം ചെയ്യുന്നവർക്ക് മാസ്ക് ഒഴിവാക്കിയിട്ടുണ്ട്.
ഒരു കുടുംബത്തിൽ നിന്നുള്ളവർ തങ്ങളുടെ സ്വകാര്യ വാഹനങ്ങളിൽ ഒരുമിച്ച് യാത്ര ചെയ്യുന്ന അവസരത്തിൽ മാസ്ക് ഒഴിവാക്കാവുന്നതാണ്.
സിമ്മിങ്ങ് പൂൾ, ബീച്ച് എന്നിവിടങ്ങൾ സന്ദർശിക്കുന്നവർക്ക് മാസ്ക് ഒഴിവാക്കാവുന്നതാണ്.
ഒരു വ്യക്തി മാത്രമായി അടച്ചിട്ട ഇടങ്ങളിൽ ഇരിക്കുന്ന അവസരത്തിൽ മാസ്ക് ഒഴിവാക്കാവുന്നതാണ്.
സലൂൺ, ബ്യൂട്ടി സെന്ററുകൾ എന്നിവിടങ്ങളിൽ സേവനങ്ങൾ നേടുന്ന സമയം മാസ്കുകൾ ഒഴിവാക്കാൻ അനുമതി നൽകിയിട്ടുണ്ട്.
മെഡിക്കൽ സെന്ററുകളിലെത്തുന്ന രോഗികളെ പരിശോധിക്കുന്ന അവസരത്തിലും, അവർക്ക് ചികിത്സ നൽകുന്ന അവസരത്തിലും ആവശ്യമെങ്കിൽ മാസ്ക് ഒഴിവാക്കാൻ അനുമതിയുണ്ട്.
ഇത്തരത്തിൽ മാസ്കുകൾ ഒഴിവാക്കാവുന്ന ഇടങ്ങളിൽ അധികൃതർ ഇത് സംബന്ധിച്ച് പ്രത്യേക അടയാളങ്ങൾ പതിപ്പിക്കുന്നതാണ്. യു എ ഇയിലെ മറ്റെല്ലാ ഇടങ്ങളിലും മാസ്കുകളുടെ ഉപയോഗം നിർബന്ധമാണ്. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ മാസ്കുകൾ വളരെവലിയ പങ്ക് വഹിക്കുന്നതായി NCEMA ചൂണ്ടിക്കാട്ടി.
രാജ്യത്തെ ദിനംപ്രതിയുള്ള COVID-19 രോഗബാധിതരുടെ എണ്ണം കുറഞ്ഞതും, ഏതാണ്ട് 92 ശതമാനം പേർക്കും ഒരുഡോസ് വാക്സിൻ നൽകിയതും കണക്കിലെടുത്താണ് രാജ്യത്തെ ഏതാനം ഇടങ്ങളിൽ മാസ്കുകൾ ഒഴിവാക്കാൻ അധികൃതർ അനുമതി നൽകിയത്.
🇴🇲ഒമാൻ: സമൂഹ മാധ്യമങ്ങളിലൂടെ മറ്റുള്ളവരെ അധിക്ഷേപിക്കുന്നവർക്ക് തടവ് ശിക്ഷയും, പിഴയും ചുമത്തുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ.
✒️രാജ്യത്ത് സമൂഹ മാധ്യമങ്ങളിലൂടെ മറ്റുള്ളവരെ അധിക്ഷേപിക്കുന്നതും, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതുമായ പ്രവർത്തികൾ ഗുരുതരമായ കുറ്റകൃത്യമാണെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ പൊതുസമൂഹത്തിന് മുന്നറിയിപ്പ് നൽകി. സമൂഹ മാധ്യമങ്ങളിലൂടെ മറ്റുള്ളവരെക്കുറിച്ച് അധിക്ഷേകരമായ കാര്യങ്ങൾ എഴുതുന്നതും, വ്യക്തികളെക്കുറിച്ച് തെറ്റായ വാർത്തകൾ, കിംവദന്തികൾ എന്നിവ പ്രചരിപ്പിക്കുന്നതും, മറ്റുള്ളവരെക്കുറിച്ചോ, സ്ഥാപനങ്ങളെക്കുറിച്ചോ കുറ്റമാരോപിച്ച് കൊണ്ട് വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നതും ഉൾപ്പടെയുള്ള പ്രവർത്തങ്ങൾക്കുള്ള ശിക്ഷാ നടപടികൾ പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്.
സെപ്റ്റംബർ 21-ന് വൈകീട്ടാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇത്തരം പ്രവർത്തനങ്ങൾ ഒമാനിൽ ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കുമെന്നും, ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് പരമാവധി മൂന്ന് വർഷം വരെ തടവും, 3000 റിയാൽ പിഴയും ചുമത്താവുന്നതാണെന്നും പ്രോസിക്യൂഷൻ അറിയിച്ചിട്ടുണ്ട്.
രാജ്യത്ത് സമൂഹ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപകരമായ പ്രവർത്തികളും, അത്തരം സന്ദേശങ്ങളും വർധിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. മറ്റുള്ളവർക്കെതിരെയോ, സ്ഥാപനങ്ങൾക്കെതിരെയോ ഉള്ള പരാതികൾ ചൂണ്ടിക്കാട്ടുന്നതിനുള്ള ഔദ്യോഗിക ഇടമായി സമൂഹമാധ്യമങ്ങളെ കണക്കാക്കാനാകില്ലെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം പ്രവർത്തികൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും, ശരിയായ പരാതികളുടെ സാഹചര്യങ്ങളിൽ പോലും ഔദ്യോഗിക അന്വേഷങ്ങളെ പ്രതികൂലമായി ബാധിക്കാമെന്നും പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.
അതിനാൽ ഇത്തരം പ്രവണതകളിൽ നിന്ന് വിട്ട് നിൽക്കാൻ പ്രോസിക്യൂഷൻ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവർത്തികളിലേർപ്പെടുന്നവർക്കെതിരെ ശക്തമായ നിയമനടപടികളുണ്ടാകുമെന്നും പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
🇸🇦മലയാളി യുവാവിനെ വെടിവച്ച സൗദി പൗരന് 7 വർഷം തടവും പിഴയും.
✒️സൗദിയിൽ മലയാളി യുവാവിന് നേർക്ക് വെടിവച്ച പൗരന് 7 കൊല്ലം തടവും പിഴയും. സൗദി പ്രത്യേക കോടതിയുടേതാണ് ഈ വിധി. കൊല്ലം കുളപ്പാടം കളീക്കൽ മേലേതിൽ ജിലാനി മൻസിലിൽ മുഹമ്മദായിരുന്നു സൗദി പൗരന്റെ ആക്രമണത്തിന് ഇരയായത് . റിയാദിലെ വാദി ദവാസിറിൽ ഓഗസ്റ്റ് 12നായിരുന്നു സംഭവം. പെട്രോൾ നിറച്ച ശേഷം പണം നൽകാതെ പോയത് ചോദ്യം ചെയ്തതിൽ പ്രകോപിതനായ 30 വയസ്സുകാരൻ തിരിച്ചെത്തി വെടിവയ്ക്കുകയായിരുന്നു. തുടയിൽ വെടിയേറ്റ മുഹമ്മദ് ശസ്ത്രക്രിയയ്ക്കു ശേഷം തുടർ ചികിത്സയിലാണ്.
🇸🇦സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് ഏഴ് മരണം.
✒️സൗദി അറേബ്യയിൽ (Saudi Arabia) കൊവിഡ് മൂലമുള്ള മരണസംഖ്യയിൽ നേരിയ വർധന. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏഴുപേരാണ് കോവിഡ് മൂലം മരിച്ചതെന്ന് (Covid death) സൗദി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. പുതിയതായി 54 പേർക്ക് രോഗം സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരിൽ 61 പേർ സുഖം പ്രാപിച്ചു.
രാജ്യത്ത് ഇന്ന് 55,051 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. 5,46,735 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആകെ 5,35,711 പേർ രോഗമുക്തരായി. 8,679 ആണ് രാജ്യത്തെ ആകെ മരണസംഖ്യ. 2,345 പേർ രോഗബാധിതരായി ചികിത്സയിലുണ്ട്. 303 പേർ ഗുരുതരാവസ്ഥയിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനം. 1.6 ശതമാനമാണ് മരണനിരക്ക്.
രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട രോഗികളുടെ എണ്ണം: റിയാദ് 13, മക്ക 11, കിഴക്കൻ പ്രവിശ്യ 7, മദീന 4, അൽഖസീം 4, ജീസാൻ 3, അസീർ 3, നജ്റാൻ 2, ഹാഇൽ 2, അൽജൗഫ് 2, തബൂക്ക് 1, അൽബാഹ 1, വടക്കൻ അതിർത്തി മേഖല 1. രാജ്യത്ത് ഇതുവരെ കൊവിഡ് വാക്സിനേഷൻ 41,174,227 ഡോസ് കവിഞ്ഞു.
🇴🇲അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നാല് പ്രവാസി വനിതകളെ അറസ്റ്റ് ചെയ്‍തു.
✒️ഒമാനില്‍ (Oman) അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നാല് വിദേശ വനിതകളെ അറസ്റ്റ് ചെയ്‍തതായി റോയല്‍ ഒമാന്‍ പൊലീസ് (Royal Oman Police) അറിയിച്ചു. ബൌഷര്‍ വിലായത്തിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ വെച്ച് പൊതുമര്യാദകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നാരോപിച്ചാണ് അറസ്റ്റ്. രാജ്യത്തെ താമസ, തൊഴില്‍ നിയമങ്ങളും ഇവര്‍ ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പിടിയിലായവര്‍ക്കെതിരെ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചതായും റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
🇦🇪യുഎഇയില്‍ 318 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് രണ്ട് മരണം.
✒️യുഎഇയില്‍ പുതിയതായി 318 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 380 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് രണ്ട് പേരാണ് മരിച്ചത്.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,33,643 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,25,634 പേര്‍ രോഗമുക്തരാവുകയും 2,080 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 5,929 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
🇦🇪ഭാര്യയുടെ പേരിലെടുത്ത ടിക്കറ്റിലൂടെ പ്രവാസിക്ക് ഏഴ് കോടിയുടെ സമ്മാനം.
✒️ഭാര്യയുടെ പേരിലെടുത്ത ടിക്കറ്റിലൂടെ യുഎഇയില്‍ ഇന്ത്യക്കാരന് ഏഴ് കോടിയുടെ ഭാഗ്യം. ഷാര്‍ജയില്‍ താമസിക്കുന്ന മുംബൈ സ്വദേശി മഹേഷിനാണ് ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ Dubai duty free) 10 ലക്ഷം ഡോളര്‍ (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്. ഭാര്യ സുഗന്ധിയുടെ പേരിലെടുത്ത 1750-ാം നമ്പര്‍ ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയത്.
സെപ്‍റ്റംബര്‍ ഒന്നിന് 12 സുഹൃത്തുക്കളുമായി ചേര്‍ന്നാണ് മഹേഷ് ടിക്കറ്റെടുത്തത്. സുഹൃത്തുക്കളില്‍ 10 പേര്‍ ഇന്ത്യക്കാരും ഒരു ലെബനാന്‍ സ്വദേശിയും ഒരു ഫിലിപ്പൈനിയുമാണുള്ളത്. സമ്മാനത്തുക എല്ലാവരും തുല്യമായി പങ്കുവെയ്‍ക്കും. സുഹൃത്തുക്കളുമായി ചേര്‍ന്ന് കഴിഞ്ഞ 15 വര്‍ഷമായി ഭാഗ്യം പരീക്ഷിക്കുന്ന മഹേഷ്‍, ഇത്തവണ തന്റെ ഭാര്യയുടെ പേരില്‍ ടിക്കറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. താന്‍ ഏറെ സന്തോവതിയാണെന്ന് അഭിപ്രായപ്പെട്ട സുഗന്ധി, ദുബൈ ഡ്യൂട്ടി ഫ്രീക്ക് നന്ദി അറിയിക്കുകയും ചെയ്‍തു. ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പ് ആരംഭിച്ചതു മുതല്‍ 10 ലക്ഷം ഡോളര്‍ നേടുന്ന 183-ാമത്തെ ഇന്ത്യക്കാരനാണ് മഹേഷ്. ടിക്കറ്റുകളെടുക്കുന്നവരിലും ഏറ്റവുമധികം പേര്‍ ഇന്ത്യക്കാര്‍ തന്നെയാണ്.
ഇന്ന് നടന്ന നറുക്കെടുപ്പില്‍ ഇന്ത്യക്കാരനായ ധനശേഖരന്‍ ബാലസുന്ദരം ഹാര്‍ലി ഡേവിഡ്സണ്‍ സ്‍പോര്‍ട്ട്‍സ്റ്റര്‍ ഫോര്‍ട്ടി എയ്റ്റ് XL 1200X ബൈക്ക് സ്വന്തമാക്കി. 49കാരനായ അദ്ദേഹം അബുദാബിയില്‍ താമസിക്കുകയാണ്. 0146 നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് അദ്ദേഹം ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പില്‍ വിജയിയാണ്. 35 വയസുകാരനായ ബ്രിട്ടീഷ് പൗരനാണ് മെര്‍സിഡസ് ബെന്‍സ് ജിഎല്‍ഇ 53 4M AMG കാര്‍ സ്വന്തമാക്കിയത്. ഒരു പാകിസ്ഥാന്‍ സ്വദേശിക്കും ആഡംബര ബൈക്ക് സമ്മാനം ലഭിച്ചു.
🇸🇦വ്യാജ കൊവിഡ് പരിശോധനാ ഫലവുമായി സൗദിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചയാള്‍ക്ക് ശിക്ഷ.
✒️വ്യാജ കൊവിഡ് പരിശോധനാ ഫലവുമായി (Fake Covid 19 Result) ബഹ്റൈനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാന്‍ ശ്രമിച്ച വ്യവസായിക്ക് 12 മാസം ജയില്‍ ശിക്ഷ വിധിച്ചു. നേരത്തെ നടത്തിയ ഒരു പി.സി.ആര്‍ പരിശോധനാ ഫലത്തില്‍ കംപ്യൂട്ടര്‍ സഹായത്തോടെ തീയ്യതി മാറ്റിയാണ് ഇയാള്‍ യാത്രചെയ്യാന്‍ ശ്രമിച്ചത്. കിങ് ഫഹദ് കോസ്‍വേയില്‍ വെച്ച് ജൂണ്‍ മൂന്നിനായിരുന്നു അറസ്റ്റ്.
ഏപ്രില്‍ 14ന് നടത്തിയ കൊവിഡ് പരിശോധനാ ഫലത്തില്‍ ജൂണ്‍ 3 എന്ന് തിരുത്തുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഹൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. സൗദി അറേബ്യയില്‍ താമസിക്കുന്ന തന്റെ മകന്‍ രോഗിയായിരുന്നുവെന്നും എത്രയും പെട്ടെന്ന് മകന്റെ അടുത്ത് എത്താനുള്ള നല്ല ഉദ്ദേശത്തോടെയാണ് പി.സി.ആര്‍ പരിശോധനാ ഫലം തിരുത്തിയതെന്നും ഇയാള്‍ കോടതിയില്‍ വാദിച്ചു.
കോസ്‍വേയില്‍ സൗദി അധികൃതര്‍ പരിശോധന നടത്തിയപ്പോള്‍ കൊവിഡ് റിസള്‍ട്ടില്‍ ക്യൂ.ആര്‍ കോഡ് കാണാത്തതിനെ തുടര്‍ന്നാണ് സംശയം തോന്നിയത്. ഇതോടെ ബഹ്റൈനിലെ 'BeAware' ആപ് കാണിക്കാന്‍ ആവശ്യപ്പെട്ടു. അപ്പോഴാണ് അവസാനം പരിശോധന നടത്തിയത് ഏപ്രില്‍ മാസത്തിലാണെന്ന് കണ്ടെത്തിയത്. അറസ്റ്റ് ചെയ്‍ത് ചോദ്യം ചെയ്‍തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.
മകന്‍ ആശുപത്രിയിലാണെന്ന് ഭാര്യ വിളിച്ച് പറഞ്ഞപ്പോള്‍ എത്രയും വേഗം തനിക്ക് അവിടെ എത്തണമെന്നുണ്ടായിരുന്നുവെന്നും പരിശോധനാ ഫലം കിട്ടാന്‍ 12 മണിക്കൂര്‍ വൈകുമെന്നുള്ളതിനാലാണ് പഴയ പരിശോധനാ ഫലത്തില്‍ കൃത്രിമം കാണിച്ചതെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ കോസ്‍വേയില്‍ വെച്ച് അറസ്റ്റിലായ തനിക്ക് മകനെ ആശുപത്രിയില്‍ പോയി സന്ദര്‍ശിക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.
🇦🇪ഇനി 'ഫ്രീയായി' ജീവിക്കാം; ബില്ലുകള്‍ ബിഗ് ടിക്കറ്റ് അടയ്‍ക്കും, പുതിയ ആനൂകൂല്യം ഒരാഴ്‍ച മാത്രം.
✒️മാസാമാസം വാടക കൊടുക്കാന്‍ ബുദ്ധിമുട്ടുന്നവരാണോ നിങ്ങള്‍? വൈദ്യുതിയും വെള്ളവും ഫോണും അടക്കമുള്ളവയുടെ ബില്ലുകള്‍ ഭാരമാവുന്നുണ്ടോ? സാധനങ്ങള്‍ വാങ്ങാന്‍ ഒട്ടേറെ പണം ചെലവഴിക്കേണ്ടി വരുന്നുവെന്ന് സങ്കടപ്പെടാറുണ്ടോ? നാട്ടില്‍ പോകാനുള്ള വിമാന ടിക്കറ്റിന് പണം കണ്ടെത്താന്‍ ബുദ്ധിമുട്ടിയിട്ടുണ്ടോ? എന്നാല്‍ ഈ ടെന്‍ഷനുകളില്‍ നിന്നെല്ലാം ഒഴിവായി 'ഫ്രീയായി' ജീവിക്കാന്‍ ഒരു വഴിയൊരുക്കുകയാണ് അബുദാബി ബിഗ് ടിക്കറ്റ്. സ്ഥിരം സമ്മാനങ്ങള്‍ക്ക് പുറമെ 'ലിവ് ഫോര്‍ ഫ്രീ' (Live for free Bonanza) എന്ന പേരില്‍ തകര്‍പ്പന്‍ ഓഫറാണ് ബിഗ് ടിക്കറ്റ് ഉപഭോക്താക്കള്‍ക്കായി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
മലയാളികളടക്കം നിരവധിപ്പേരെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയൊരു ഓഫറാണ് ഇപ്പോഴത്തേത്. അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാനായി ടിക്കറ്റെടുക്കുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് തങ്ങളുടെ ബില്ലുകളടയ്‍ക്കാന്‍ അഞ്ച് ലക്ഷം ദിര്‍ഹമാണ് ബിഗ് ടിക്കറ്റ് നല്‍കുക. 2+1 ഓഫറില്‍ നറുക്കെടുപ്പിലേക്കുള്ള രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്കാണ് ഈ സമ്മാനത്തിന് അര്‍ഹത. സെപ്‍റ്റംബര്‍ 22 മുതല്‍ 28 വരെ ടിക്കറ്റെടുക്കുന്നവരെ മാത്രം ഉള്‍പ്പെടുത്തി പ്രത്യേക ഇലക്ട്രോണിക് നറുക്കെടുപ്പ് നടത്തും. ഇതില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്കായിരിക്കും അഞ്ച് ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനം ലഭിക്കുക.
ഇപ്പോള്‍ ബിഗ് ടിക്കറ്റ് എടുക്കുന്നതു വഴി ഈ വര്‍ഷം ഇനി ബില്ലുകളൊന്നും അടയ്‍ക്കാന്‍ സ്വന്തം വരുമാനത്തില്‍ നിന്ന് പണം ചെലവഴിക്കേണ്ടതില്ലാത്ത ഭാഗ്യവാനായി ഒരുപക്ഷേ നിങ്ങള്‍ക്ക് മാറാനാവുമെന്നും എല്ലാ ഉപഭോക്താക്കള്‍ക്കും വിജയം ആശംസിക്കുന്നുവെന്നും ബിഗ് ടിക്കറ്റ് അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
അടുത്ത മാസം മൂന്നാം തീയ്യതി നടക്കാനിരിക്കുന്ന ബിഗ് 10 മില്യന്‍ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ ഇതുവരെ വാങ്ങാത്തവര്‍ക്കുള്ള സുവര്‍ണാവസരാണിത്. നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് ഫ്രീയായി ലഭിക്കും. അൂബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലെയും അല്‍ഐന്‍ വിമാനത്താവളത്തിലെയും ബിഗ് ടിക്കറ്റ് കൗണ്ടറുകള്‍ വഴിയോ അല്ലെങ്കില്‍ www.bigticket.ae എന്ന വെബ്‍സൈറ്റ് വഴിയോ ടിക്കറ്റുകളെടുക്കാം.
'ലിവ് ഫോര്‍ ഫ്രീ' സമ്മാന പദ്ധതിയുടെ നിബന്ധനകള്‍ ഇങ്ങനെ
സെപ്‍റ്റംബര്‍ 22 ബുധനാഴ്‍ച് (പുലര്‍ച്ചെ 12.01) മുതല്‍ സെപ്‍റ്റംബര്‍ 28 ചൊവ്വാഴ്‍ച (രാത്രി 11.59) വരെയാണ് ഓഫര്‍ കാലാവധി
ഓരോ ടിക്കറ്റിന്റെയും വില 500 ദിര്‍ഹമാണ്. ഓഫര്‍ കാലയളവില്‍ 2+1 ഓഫര്‍ പ്രകാരം രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ പ്രത്യേക ഇലക്ട്രോണിക് നറുക്കെടുപ്പിന് യോഗ്യത നേടും. ഇവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് 500,000 ദിര്‍ഹത്തിന്റെ ഉറപ്പായ സമ്മാനം നല്‍കും.
എല്ലാ ഉപഭോക്താക്കളും ഒക്ടോബര്‍ മൂന്നിന് നടക്കാനിരിക്കുന്ന ബിഗ് 10 മില്യന്‍ സമ്മാനത്തിനും മറ്റ് ഏഴ് ക്യാഷ് പ്രൈസുകള്‍ക്കും യോഗ്യരായിരിക്കും
സെപ്‍റ്റംബര്‍ 29ന് വൈകുന്നേരം അഞ്ച് മണിക്ക് ബിഗ് ടിക്കറ്റ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകള്‍ വഴി വിജയിയെ പ്രഖ്യാപിക്കും.
നറുക്കെടുപ്പില്‍ പങ്കെടുക്കാനായി ടിക്കറ്റ് എടുക്കുമ്പോള്‍ നല്‍കിയ ഫോണ്‍ നമ്പറിലൂടെ വിജയിയെ നേരിട്ട് ബിഗ് ടിക്കറ്റ് അധികൃതര്‍ ബന്ധപ്പെടുകയും ചെയ്യും.
നിബന്ധനകളും വ്യവസ്ഥകളും ബാധകമാണ്.
🇰🇼ബിരുദമില്ലാത്തവര്‍ക്ക് വിസ പുതുക്കുന്നതിന് പ്രായപരിധി; കുവൈത്ത് വിട്ടത് 42,000 വിദേശികള്‍.
✒️കുവൈത്തില്‍ ബിരുദമില്ലാത്തവരുടെ വിസ പുതുക്കുന്നതിന് 60 വയസ്സ് പ്രായപരിധി നിശ്ചയിച്ചതോടെ രാജ്യം വിട്ടത് നാല്‍പതിനായിരത്തിലധികം പ്രവാസികള്‍. 60 വയസ്സിന് മുകളില്‍ പ്രായമുള്ള 42,334 പേര്‍ ഇതിനകം കുവൈത്ത് വിട്ടതായാണ് മാനവശേഷി വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഉന്നതവിദ്യാഭ്യാസമില്ലെങ്കിലും തൊഴില്‍ ശേഷിയും പരിചയസമ്പത്തുമുള്ള നിരവധി പേര്‍ തിരിച്ചുപോയത് തൊഴില്‍വിപണിയെ ബാധിച്ചിട്ടുണ്ട്.
2021 ജനുവരി മുതലാണ് പ്രായപരിധി തീരുമാനം പ്രാബല്യത്തിലായത്. 60ന് മേല്‍ പ്രായമുള്ള, ബിരുദമില്ലാത്തവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കാന്‍ 2000 ദീനാര്‍ ഫീസ് ഈടാക്കാനാണ് മാന്‍പവര്‍ അതോറിറ്റിയുടെ തീരുമാനം. ഉന്നത വിദ്യാഭ്യാസമില്ലാത്തതിനാല്‍ ഇവരില്‍ അധികവും ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്നവരാണ്. റെസ്റ്റാറന്റ്, ഗ്രോസറി തുടങ്ങിയ മേഖലകളിലാണ് പ്രായമേറിയവരില്‍ അധികപേരും തൊഴിലെടുക്കുന്നത്. ശരാശരി 200 ദീനാര്‍ ശമ്പളത്തിന് ജോലി ചെയ്യുന്നവര്‍ക്ക് 2000 ദീനാര്‍ കൊടുത്ത് വര്‍ക്ക് പെര്‍മിറ്റ് പുതുക്കാനാകില്ല. ആരോഗ്യ ഇന്‍ഷുറന്‍സ് തുക ഇതിന് പുറമെ നല്‍കണം. ഇതൊക്കെയാണ് നാല്‍പത്തിനായിരത്തിലേറെ പ്രവാസികളെ കുവൈത്ത് വിടാന്‍ നിര്‍ബന്ധിതരാക്കിയത്.
🇸🇦സൗദി തവക്കല്‍ലാ ആപ് ഒരേസമയം രണ്ടു ഫോണില്‍ പ്രവര്‍ത്തിക്കില്ല.
✒️സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന തവക്കല്‍നാ ആപ് ഒരേ സമയം രണ്ടു ഫോണില്‍ പ്രവര്‍ത്തിക്കില്ല. വി.പി.എന്‍ ഉപയോഗിക്കുന്നവരുടെ ഫോണിലും ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കില്ലെന്ന് ആപ് ഡവലപ്പേഴ്‌സ് വ്യക്തമാക്കി. സൗദിയിലുള്ളവരുടെ വ്യക്തിഗത വിവരങ്ങള്‍ അടങ്ങുന്ന ആപ്പാണ് തവക്കല്‍നാ. അത്യാവശ്യ ഘട്ടങ്ങളില്‍ രണ്ടാമത്തെ ഫോണില്‍ തവക്കല്‍നാ ഉപയോഗിക്കാം. ഇതിനായി രജിസ്റ്റര്‍ ചെയ്ത ഫോണില്‍ വരുന്ന ഒ.ടി.പി ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. ഇതിന് മുന്നോടിയായി ആദ്യത്തെ ഫോണില്‍ നിന്നും സൈന്‍ ഔട്ട് ചെയ്യണം. ഫോണ്‍ നമ്പറില്ലാതെ ഫോണിലും ഇത്തരത്തില്‍ തവക്കല്‍നാ ഉപയോഗിക്കാം. എന്നാല്‍ ഏതെങ്കിലും കാരണത്താല്‍ തവക്കല്‍നാ തുറക്കാനാകാതെ വന്നാല്‍ വീണ്ടും ഒ.ടി.പി ലഭിക്കാന്‍ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പര്‍ തന്നെ വേണം. ഇതോടൊപ്പം, വി.പി.എന്‍ ഉപയോഗിക്കുന്ന ഫോണുകളിലും ആപ് പ്രവര്‍ത്തനം നിര്‍ത്തും. ആപിലെ ഡാറ്റ ദുരുപയോഗം ചെയ്യാതിരിക്കാനാണ് വി.പി.എന്‍ ഉപയോഗിക്കുന്ന സമയത്ത് തവക്കല്‍നാ പ്രവര്‍ത്തിക്കാത്തത്. സൗദിയില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ വി.പി.എന്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. അസ്വാഭാവികവും നിയമ വിരുദ്ധവുമായി വി.പി.എന്‍ ഉപയോഗിക്കുന്നവരില്‍ നിന്നും മൊബൈല്‍ സേവനദാതാക്കള്‍ വിവരങ്ങളെടുക്കാറുണ്ട്. നിയമവിരുദ്ധ നടപടി പൊലീസിലേക്ക് കൈമാറുകയും ചെയ്യും.

0 Comments