വള്ളികുന്നം: യുവതിയെ ഭര്‍ത്തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ക്കണ്ട സംഭവം ആത്മഹത്യയെന്നാണു പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമികനിഗമനമെന്നു പോലീസ്. തെക്കേമുറി ആക്കനാട്ട് തെക്കതില്‍ എസ്. സതീഷിന്റെ ഭാര്യ സവിത(പാറു-24)യാണു മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചേ ഒരുമണിയോടെയായിരുന്നു സംഭവം.
സംഭവസമയത്ത് അവിടെയുണ്ടായിരുന്ന യുവാവിനെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കി. സവിതയ്‌ക്കൊപ്പം മണപ്പള്ളിയിലെ ഒരു സ്വകാര്യ സൂപ്പര്‍മാര്‍ക്കറ്റില്‍ മുന്‍പു ജോലിചെയ്തിരുന്ന ഇയാള്‍ ഒളിവിലാണ്. ഇയാളെ പിടികൂടി ചോദ്യംചെയ്താലേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍കഴിയൂ.
കാമുകനെ വിളിച്ചവരുത്തിയശേഷം ആത്മഹത്യചെയ്തതാണെന്നുള്ള പ്രചാരണം അടിസ്ഥാനരഹിതമെന്നും മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും അച്ഛന്‍ സജു ആവശ്യപ്പെട്ടു.
വിവാഹത്തിന് മകള്‍ക്കു നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ മുഴുവനും ഭര്‍ത്തൃവീട്ടുകാര്‍ കൈക്കലാക്കിയശേഷം മകളെ കൊന്നതാണെന്ന് അമ്മ ഉഷ ആരോപിച്ചു. ദിവസങ്ങളായി പനി ബാധിച്ച് ചികിത്സയില്‍ക്കഴിഞ്ഞ മകളെ കോവിഡ് ടെസ്റ്റ് ചെയ്യണമെന്നും ചികിത്സ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടും ഭര്‍ത്തൃവീട്ടുകാര്‍ തയ്യാറായില്ലെന്നും മാതാപിതാക്കളും ബന്ധുക്കളും ആരോപിച്ചു.
മരണശേഷം സവിതയുടെ ആര്‍.ടി.പി.സി.ആര്‍. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. ഭാര്യ മരിച്ച വിവരമറിഞ്ഞ് ദുബായില്‍ ജോലിസ്ഥലത്തായിരുന്ന സതീഷ് വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തിയിട്ടുണ്ട്. രണ്ടരവര്‍ഷം മുന്‍പാണ് എരുവ പടിഞ്ഞാറ്് സ്വദേശിയായ സവിതയെ സതീഷ് വിവാഹം കഴിച്ചത്. സതീഷിന്റെ അമ്മ ചന്ദ്രികയും സഹോദരിയുടെ മകളും മാത്രമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് പോലീസ് വിട്ടുകൊടുത്തു.

0 Comments