Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ ലൈവ് ന്യൂസ്‌ ഗൾഫ് വാർത്തകൾ

🇸🇦സൗദി അറേബ്യയിലെത്തുന്നവര്‍ക്ക് ക്വാറന്‍റീന്‍ കാലയളവില്‍ ഇളവ്.

🇦🇪യു എ ഇ: സൗദിയിലേക്കുള്ള വിമാന സർവീസുകൾ സെപ്റ്റംബർ 14 മുതൽ പുനരാരംഭിക്കുമെന്ന് എയർ അറേബ്യ.

🇸🇦സൗദിയില്‍ ഇന്ന് 75 പേര്‍ക്ക് കൊവിഡ്, 66 പേര്‍ക്ക് രോഗമുക്തി.

🇦🇪യുഎഇയില്‍ 632 പേര്‍ക്ക് കൂടി കൊവിഡ്, രണ്ട് മരണം.

🇶🇦കൊവിഡ് നിയമലംഘനം; ഖത്തറില്‍ 130 പേര്‍ക്കെതിരെ കൂടി നടപടി.

🇴🇲ഒമാനില്‍ കൊവിഡ് മരണങ്ങളില്ലാത്ത ദിനം; രോഗം സ്ഥിരീകരിച്ചത് 58 പേര്‍ക്ക് മാത്രം.

🇦🇪അബുദാബിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കാല്‍ ശതമാനത്തിലും താഴെ; ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് അധികൃതര്‍.

🇰🇼കുവൈറ്റിലേക്ക് പ്രവേശിക്കുന്ന വാക്സിനെടുക്കാത്ത 18 വയസിന് താഴെയുള്ള കുട്ടികൾക്ക് ഒരാഴ്ച്ചത്തെ ക്വാറന്റീൻ നിർബന്ധം.

🇸🇦സൗദി: ഒരു മാസത്തിനിടയിൽ 6000 വിദേശ തീർത്ഥാടകർക്ക് ഉംറ വിസകൾ അനുവദിച്ചതായി ഹജ്ജ് മന്ത്രാലയം.

🇶🇦ഖത്തർ: Ehteraz ആപ്പിൽ മാറ്റം വരുത്തി; മൂന്നാം ഡോസ് വാക്സിൻ വിവരങ്ങൾ ഉൾപ്പെടുത്തി.

🇶🇦ദോഹയില്‍ നിന്നും ഇന്ത്യയിലേക്ക് പുതിയ സര്‍വീസ് തുടങ്ങാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ്.

🇶🇦ഖത്തറില്‍ ഇന്ന് 131 പേര്‍ക്ക് കോവിഡ്; 167 പേര്‍ രോഗമുക്തരായി.

🇸🇦സഊദിയിൽ കാലാവധി കഴിയുന്ന സന്ദർശന വിസക്കാർ രാജ്യം വിടണം, പുതുക്കൽ നിർത്തിവെച്ചു.


വാർത്തകൾ വിശദമായി

🇸🇦സൗദി അറേബ്യയിലെത്തുന്നവര്‍ക്ക് ക്വാറന്‍റീന്‍ കാലയളവില്‍ ഇളവ്.

✒️സൗദി അറേബ്യയിലെത്തുന്ന പ്രവാസികളുടെയും സന്ദര്‍ശകരുടെയും ക്വാറന്‍റീന്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തിയതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍. വാക്‌സിന്‍ സ്വീകരിക്കാത്തവരോ സൗദി അംഗീകാരമുള്ള കൊവിഡ് വാക്സിൻ ഒരു ഡോസ് മാത്രം എടുത്തവരോ രാജ്യത്തേക്ക് മടങ്ങിയെത്തുകയാണെങ്കില്‍ ഇവര്‍ യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം കരുതണം. 

സൗദിയിലെത്തിയാല്‍ അഞ്ച് ദിവസം മാത്രം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീനില്‍ കഴിഞ്ഞാല്‍ മതിയാകും. ഇവര്‍ രണ്ട് പിസിആര്‍ പരിശോധനകള്‍ക്ക് വിധേയരാകണം. ആദ്യത്തേത് സൗദിയിലെത്തി 24 മണിക്കൂറിനുള്ളിലും രണ്ടാമത്തെ പരിശോധന ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീന്റെ അഞ്ചാം ദിവസവും നടത്തണം. അഞ്ചാം ദിവസം നടത്തുന്ന പരിശോധനയില്‍ നെഗറ്റീവ് ആകുന്നവര്‍ക്ക് ക്വാറന്‍റീന്‍ അവസാനിപ്പിക്കാം. നേരത്തെ ഏഴു ദിവസമായിരുന്നു സൗദിയില്‍ നിര്‍ബന്ധിത ക്വാറന്‍റീന്‍. സെപ്തംബര്‍ 23 ഉച്ചയ്ക്ക് 12 മണി മുതല്‍ പുതിയ വ്യവസ്ഥ നിലവില്‍ വരും.

🇦🇪യു എ ഇ: സൗദിയിലേക്കുള്ള വിമാന സർവീസുകൾ സെപ്റ്റംബർ 14 മുതൽ പുനരാരംഭിക്കുമെന്ന് എയർ അറേബ്യ.

✒️ഷാർജയിൽ നിന്ന് സൗദി അറേബ്യയിലേക്ക് നേരിട്ടുള്ള തങ്ങളുടെ യാത്രാ വിമാനസർവീസുകൾ 2021 സെപ്റ്റംബർ 14 മുതൽ പുനരാരംഭിക്കുമെന്ന് എയർ അറേബ്യ അറിയിച്ചു. സെപ്റ്റംബർ 14 മുതൽ ഷാർജയിൽ നിന്ന് റിയാദ്, ജിദ്ദ, ദമാം എന്നീ സൗദി നഗരങ്ങളിലേക്കുള്ള യാത്രാ വിമാനസർവീസുകൾ പുനരാരംഭിക്കുമെന്നാണ് എയർ അറേബ്യ അറിയിച്ചിട്ടുള്ളത്.

മുഴുവൻ യാത്രികരും, യാത്രയ്ക്ക് മുൻപായി Tawakkalna ആപ്പ് ഡൌൺലോഡ് ചെയ്യേണ്ടതും, വാക്സിനേഷൻ സ്റ്റാറ്റസ് അപ്‌ലോഡ് ചെയ്യേണ്ടതുമാണ്. എയർ അറേബ്യ വെബ്‌സൈറ്റിലൂടെ വിമാനസർവീസുകളുടെ സമയക്രമം ഉറപ്പ് വരുത്താനും യാത്രക്കാരോട് നിർദ്ദേശിച്ചിട്ടുണ്ട്.

തങ്ങളുടെ യാത്രികർക്ക് സൗജന്യ COVID-19 ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഈ പരിരക്ഷ ഓരോ എയർ ടിക്കറ്റ് ബുക്കിങ്ങിന്റെയും ഭാഗമാണെന്നും, ഇതിനായി യാത്രികർ പ്രത്യേക രേഖകളൊന്നും ഹാജരാക്കേണ്ടതില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ഇത്തിഹാദ്, എമിറേറ്റ്സ് എന്നീ കമ്പനികൾ യു എ ഇയിൽ നിന്ന് സൗദി അറേബ്യയിലേക്കുള്ള യാത്രാ വിമാനസർവീസുകൾ 2021 സെപ്റ്റംബർ 11 മുതൽ പുനരാരംഭിച്ചിട്ടുണ്ട്.

രാജ്യത്ത് നിന്ന് യു എ ഇയിലേക്കും തിരികെയുമുള്ള യാത്രാ വിമാന സർവീസുകൾ 2021 സെപ്റ്റംബർ 8, ബുധനാഴ്ച്ച മുതൽ പുനരാരംഭിക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം അനുവദിച്ചിരുന്നു.

🇸🇦സൗദിയില്‍ ഇന്ന് 75 പേര്‍ക്ക് കൊവിഡ്, 66 പേര്‍ക്ക് രോഗമുക്തി.

✒️സൗദി അറേബ്യയില്‍ ഇന്ന് 75 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ച് നിരീക്ഷണത്തിലുള്ളവരില്‍ 66 പേര്‍ സുഖം പ്രാപിച്ചെന്നും കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി അഞ്ചുപേര്‍ കൂടി മരിച്ചെന്നും സൗദി ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാജ്യത്ത് ഇന്ന് 38,410 ആര്‍.ടി പി.സി.ആര്‍ പരിശോധനകള്‍ നടന്നു.

ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,46,067 ആയി. ഇതില്‍ 5,35,144 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,628 ആയി ഉയര്‍ന്നു. കൊവിഡ് ബാധിച്ച് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2,295 ആയി. ഇതില്‍ 481 പേരുടെ സ്ഥിതി മാത്രമാണ് ഗുരുതരം. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 35, മക്ക 10, കിഴക്കന്‍ പ്രവിശ്യ 5, മദീന 5, ജീസാന്‍ 3, അസീര്‍ 3, അല്‍ഖസീം 3, നജ്‌റാന്‍ 3, അല്‍ജൗഫ് 3, ഹായില്‍ 2, തബൂക്ക് 1, അല്‍ബാഹ 1, വടക്കന്‍ അതിര്‍ത്തി മേഖല. രാജ്യത്താകെ പ്രതിരോധ കുത്തിവെപ്പ് 39,610,332 ഡോസ് ആയി.

🇦🇪യുഎഇയില്‍ 632 പേര്‍ക്ക് കൂടി കൊവിഡ്, രണ്ട് മരണം.

✒️യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ക്രമാനുഗതമായ കുറവ്. പുതിയതായി 632 പേര്‍ക്ക് മാത്രമാണ് രാജ്യത്ത് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്ന് 705 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് രണ്ടുപേരാണ് മരിച്ചത്. 

പുതിയതായി നടത്തിയ 314,018 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,29,518  പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍  7,20,653 പേര്‍ രോഗമുക്തരാവുകയും 2,064 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 6,801 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

🇶🇦കൊവിഡ് നിയമലംഘനം; ഖത്തറില്‍ 130 പേര്‍ക്കെതിരെ കൂടി നടപടി.

✒️ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കി. നിയമം ലംഘിച്ച  130 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 119 പേരും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിനാണ് നടപടി നേരിട്ടത്. 

സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് ഏഴുപേരെയും ക്വാറന്റീന്‍ നിയമം പാലിക്കാതിരുന്നതിന് നാലുപേരെയും പിടികൂടി. എല്ലാവരെയും തുടര്‍നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

രാജ്യത്ത് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരൊഴികെ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക.

🇴🇲ഒമാനില്‍ കൊവിഡ് മരണങ്ങളില്ലാത്ത ദിനം; രോഗം സ്ഥിരീകരിച്ചത് 58 പേര്‍ക്ക് മാത്രം.

✒️ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ആരും മരണപ്പെട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 58 പേര്‍ക്ക് മാത്രമാണ് പുതിയതായി രാജ്യത്ത് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,03,163 ആയി.

ആകെ രോഗികളില്‍ 2,93,343 പേരും രോഗമുക്തരായി. 96.8 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. ആകെ 4089 പേര്‍ക്ക് ഒമാനില്‍ കൊവിഡ് കാരണം ജീവന്‍ നഷ്‍ടമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ 14 കൊവിഡ് രോഗികളെ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്. ഇവരുള്‍പ്പെടെ ആകെ 66 പേരാണ് ഒമാനിലെ ആശുപത്രികളില്‍ കഴിയുന്നത്.  ഇവരില്‍ 28 പേരുടെ നില ഗുരുതരമാണ്.

🇦🇪അബുദാബിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കാല്‍ ശതമാനത്തിലും താഴെ; ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് അധികൃതര്‍.

✒️യുഎഇ തലസ്ഥാനമായ അബുദാബിയില്‍ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 0.2 ശതമാനം മാത്രമെന്ന് അധികൃതര്‍ അറിയിച്ചു. കൊവിഡ് പ്രതിരോധം ലക്ഷ്യമിട്ട് എമിറേറ്റില്‍ കൊണ്ടുവന്ന കര്‍ശന പ്രതിരോധ മാര്‍ഗങ്ങളുടെ ഫലമായാണ് ഇത്തരമൊരു നേട്ടം കൈവരിക്കാനായത്.

കൊവിഡ് പ്രതിരോധം ലക്ഷ്യമിട്ട് ശക്തമായ നടപടികളാണ് അബുദാബിയില്‍ സ്വീകരിച്ചത്. സമൂഹത്തിലെ എല്ലാവര്‍ക്കും വാക്സിനെത്തിക്കാനുള്ള ഊര്‍ജിത ശ്രമങ്ങളായിരുന്നു ഇതില്‍ പ്രധാനം. രോഗം ഗുരുതരമാവാന്‍ സാധ്യതയുള്ളവരെ പ്രത്യേകമായി ലക്ഷ്യംവെച്ചുകൊണ്ട് പ്രവര്‍ത്തിക്കാനും ശ്രദ്ധിച്ചു. നിരന്തര പരിശോധനകളും പോസിറ്റീവാകുന്നവരുടെ സമ്പര്‍ക്കങ്ങള്‍ ശാസ്‍ത്രീയമായി കണ്ടെത്തി രോഗവ്യാപനം തടയാനും അതീവ ജാഗ്രത പുലര്‍ത്തി. 

പൊതുസ്ഥലങ്ങളിലെ പ്രവേശനത്തിന് ഗ്രീന്‍ പാസ് ഏര്‍പ്പെടുത്തുക വഴി രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാനും സാധിച്ചു. പൊതുസ്ഥലങ്ങളിലെ ആളുകളുടെ എണ്ണം സംബന്ധിച്ച നിരീക്ഷണം നടത്തി ആവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവന്നു. രോഗബാധിതരെ കണ്ടെത്താന്‍ ഇ.ഡി.ഇ സ്‍കാനറുകള്‍ പോലുള്ള അത്യാധുനിക സംവിധാനങ്ങള്‍ വ്യാപകമാക്കുകയും നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുകയും ചെയ്‍തതോടെയാണ് വൈറസ് വ്യാപനത്തില്‍ കാര്യമായ കുറവുണ്ടായിരിക്കുന്നത്.

നിര്‍ദേശങ്ങള്‍ പാലിക്കുകയും എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുകയും ചെയ്‍ത ജനങ്ങളോട് അധികൃതര്‍ നന്ദി അറിയിച്ചു. കൊവിഡില്‍ നിന്ന് പൂര്‍ണമായ മോചനം സാധ്യമാകുന്നതുവരെ പരിപരിപൂര്‍ണ സഹകരണം തുടരണമെന്നും ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

🇰🇼കുവൈറ്റിലേക്ക് പ്രവേശിക്കുന്ന വാക്സിനെടുക്കാത്ത 18 വയസിന് താഴെയുള്ള കുട്ടികൾക്ക് ഒരാഴ്ച്ചത്തെ ക്വാറന്റീൻ നിർബന്ധം.

✒️വിദേശത്ത് നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്ന വാക്സിനെടുക്കാത്ത 18 വയസിന് താഴെയുള്ള കുട്ടികൾക്ക് കുവൈറ്റിലെത്തിയ ശേഷം ഒരാഴ്ച്ചത്തെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സർക്കാർ വകുപ്പുകളിലെ സ്രോതസുകളെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇത്തരത്തിൽ ക്വാറന്റീനിൽ തുടരുന്ന കുട്ടികളുടെ സുരക്ഷയ്ക്കായി, മാതാപിതാക്കളിൽ ഒരാൾക്ക് ഇവരോടൊപ്പം താമസിക്കുന്നതിന് അനുമതി നൽകുമെന്നും സ്രോതസുകൾ സൂചിപ്പിച്ചിട്ടുണ്ട്. അടുത്ത രണ്ടാഴ്ച്ചയ്ക്കുള്ളിൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം നൂറു ശതമാനം ശേഷിയിലേക്ക് ഉയർത്തുന്നതിന് അനുമതി നൽകുന്നത് സംബന്ധിച്ച് കുവൈറ്റ് സർക്കാർ ആലോചിച്ച് വരുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

നിലവിൽ രാജ്യത്തെ പ്രതിദിന COVID-19 രോഗബാധിതരുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിലൂടെയാണ് കുവൈറ്റ് കടന്ന്പോകുന്നത്.

🇸🇦സൗദി: ഒരു മാസത്തിനിടയിൽ 6000 വിദേശ തീർത്ഥാടകർക്ക് ഉംറ വിസകൾ അനുവദിച്ചതായി ഹജ്ജ് മന്ത്രാലയം.

✒️ഹിജ്‌റ പുതുവർഷത്തിന് ശേഷം ഒരു മാസത്തിനിടയിൽ വിദേശ തീർത്ഥാടകർക്ക് 6000 ഉംറ വിസകൾ അനുവദിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കർശനമായ സുരക്ഷാ മുൻകരുതലുകളോടെ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർ ഉംറ അനുഷ്ഠിക്കുന്നതിനായി സൗദിയിലെത്തിയതായി ഹജ്ജ്, ഉംറ വകുപ്പ് അസിസ്റ്റന്റ് ഡെപ്യൂട്ടി മിനിസ്റ്റർ എൻജിനീയർ ഹിഷാം സയീദ് അറിയിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ ആരോഗ്യ അധികൃതർ മുന്നോട്ട് വെച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം തയ്യാറാക്കിയിട്ടുള്ള ഒരു സുരക്ഷിത ഉംറ പദ്ധതി അടിസ്ഥാനമാക്കിയാണ് മന്ത്രാലയം തീർത്ഥാടനം നടപ്പിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

സൗദി ഉംറ കമ്പനികൾ തീർത്ഥാടകർക്കായി ഏറ്റവും മികച്ച സേവനങ്ങളാണ് നൽകുന്നതെന്ന് ഉറപ്പ് വരുത്തുന്നതിൽ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം അറിയിച്ചു. തീർത്ഥാടകർക്കുള്ള താമസ സേവനങ്ങൾ, യാത്രാ സൗകര്യങ്ങൾ, സമയബന്ധിതമായി തീർത്ഥാടനം നിർവഹിക്കുന്നതിനുള്ള പിന്തുണ മുതലായവ സുരക്ഷാ മുൻകരുതലുകളോടെ ലഭിക്കുന്നുണ്ടെന്ന് മന്ത്രാലയം ഉറപ്പ് വരുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദേശത്ത് നിന്നെത്തുന്ന ഉംറ തീർത്ഥാടകർ, സൗദിയിലേക്ക് പ്രവേശിക്കുന്നതിന് 72 മണിക്കൂറിനു മുൻപെങ്കിലും, തങ്ങളുടെ COVID-19 വാക്സിനേഷൻ സ്റ്റാറ്റസ് മുഖീം (Muqeem) പോർട്ടലിലൂടെ പൂർത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

സന്ദർശക വിസകളിലും, ടൂറിസ്റ്റ് വിസകളിലും രാജ്യത്തേക്ക് പ്രവേശിച്ചിട്ടുള്ളവർക്ക് ഏതാനം നടപടിക്രമങ്ങൾ പൂർത്തിയാക്കിക്കൊണ്ട് ഉംറ തീർത്ഥാടനം അനുഷ്ഠിക്കുന്നതിന് അനുമതി നൽകുമെന്ന് മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇത്തരം വിസകളിൽ സൗദിയിലെത്തുന്ന ഇസ്ലാം മതവിശ്വാസികൾക്ക് ‘Eatmarna’, ‘Tawakkalna’ എന്നീ ആപ്പുകളിലൂടെ ഉംറ പെർമിറ്റുകൾക്ക് അപേക്ഷിക്കാമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

പ്രതിദിനം ഉംറ അനുഷ്ഠിക്കുന്നതിന് അനുമതി നൽകിയിരിക്കുന്ന തീർത്ഥാടകരുടെ എണ്ണം സെപ്റ്റംബർ 9, വ്യാഴാഴ്ച്ച മുതൽ എഴുപതിനായിരമാക്കി ഉയർത്തിയതായി സൗദി ഹജ്ജ് ആൻഡ് ഉംറ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

🇶🇦ഖത്തർ: Ehteraz ആപ്പിൽ മാറ്റം വരുത്തി; മൂന്നാം ഡോസ് വാക്സിൻ വിവരങ്ങൾ ഉൾപ്പെടുത്തി.

✒️ഓരോ വ്യക്തിയുടെയും മൂന്നാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് സംബന്ധമായ വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഖത്തറിലെ Ehteraz ആപ്പിൽ മാറ്റം വരുത്തി. പുതുക്കിയ ഈ ആപ്പിന്റെ വാക്സിൻ പേജിൽ മൂന്നാം ഡോസ് വാക്സിൻ കുത്തിവെപ്പിന്റെ തീയതി പുതിയതായി ഉൾപ്പെടുത്തിയിട്ടുണ്ട്.

ആദ്യ രണ്ട് ഡോസുകൾ സ്വീകരിച്ച തീയതികൾ, വാക്സിനെടുത്തതായുള്ള സ്റ്റാറ്റസ് എന്നിവയ്‌ക്കൊപ്പമാണ് മൂന്നാം ഡോസ് വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ ഉയർന്ന രോഗസാധ്യതയുള്ള വിഭാഗങ്ങൾക്ക് COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകുന്ന നടപടികൾ 2021 സെപ്റ്റംബർ 15, ബുധനാഴ്ച്ച മുതൽ ആരംഭിക്കുമെന്നുള്ള ഖത്തർ ആരോഗ്യ മന്ത്രാലയത്തിന്റെ കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ആപ്പിൽ ഈ മാറ്റങ്ങൾ വരുത്തിയത്.

ഫൈസർ ബയോഎൻടെക്, മോഡർന എന്നീ വാക്സിൻ കുത്തിവെപ്പുകളെടുത്തിട്ടുള്ള ഉയർന്ന രോഗസാധ്യതയുള്ള വിഭാഗങ്ങൾക്ക് രണ്ടാം ഡോസ് എടുത്ത് എട്ട് മാസം പൂർത്തിയാക്കുന്നതോടെയാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്.

🇶🇦ദോഹയില്‍ നിന്നും ഇന്ത്യയിലേക്ക് പുതിയ സര്‍വീസ് തുടങ്ങാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ്.

✒️ഇന്ത്യന്‍ വിമാനക്കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ദോഹയില്‍ നിന്നും ഇന്ത്യയിലേക്ക് പുതിയ സര്‍വീസ് തുടങ്ങുന്നു. ദോഹ-പുനെ പ്രതിദിന സര്‍വീസാണ് ഒക്ടോബര്‍ 1 മുതല്‍ ആരംഭിക്കുന്നത്. ഇന്ത്യയുടെ ബജറ്റ് വിമാനസര്‍വീസ് കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സാണ് പുനെയില്‍ നിന്ന് ദോഹയിലേക്കും തിരിച്ചും സര്‍വീസ് ആരംഭിക്കുന്നത്. ഒക്ടോബര്‍ ഒന്ന് മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് മാനേജ്മെന്‍റ് അറിയിച്ചു. ഖത്തര്‍ സമയം അര്‍ദ്ധരാത്രി 1.55 ന് ദോഹയില്‍ നിന്ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം രാവിലെ 7.45 ന് പുനെയിലെത്തും. തുടര്‍ന്ന് പുനെയില്‍ നിന്നും ഇന്ത്യന്‍ സമയം രാത്രി 9.45 ന് പുറപ്പെട്ട് ഖത്തര്‍ സമയം രാത്രി 11.20 ന് ദോഹയിലെത്തും.

എ 320 എയര്‍ ക്രാഫ്റ്റായിരിക്കും സര്‍വീസ് നടത്തുകയെന്നും വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതായും ഇന്‍ഡിഗോ അറിയിച്ചു. ദോഹയില്‍ നിന്നും പുനെയിലേക്കുള്ള വണ്‍വേ ടിക്കറ്റിന് നിലവില്‍ 1066 ഖത്തര്‍ റിയാലാണ് നിരക്ക്. തിരുച്ചിറപ്പള്ളിയിലേക്കും ഈയടുത്ത് ഇന്‍ഡിഗോ പുതിയ പ്രതിവാര സര്‍വീസ് തുടങ്ങിയിരുന്നു. ദോഹയില്‍ നിന്നും തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ എന്നീ കേരള സര്‍വീസുകള്‍ക്ക് പുറമെ ഡല്‍ഹി, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, ലക്നൌ എന്നിവിടങ്ങളിലേക്ക് നിലവില്‍ ഇന്‍ഡിഗോ സര്‍വീസ് നടത്തുന്നുണ്ട്.

🇶🇦ഖത്തറില്‍ ഇന്ന് 131 പേര്‍ക്ക് കോവിഡ്; 167 പേര്‍ രോഗമുക്തരായി.

✒️ഖത്തറില്‍ ഇന്ന് 131 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 29 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. 102 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 24 മണിക്കൂറിനിടെ 164 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 2,32,269 ആയി. രാജ്യത്ത് ഇന്ന് കോവിഡ് മരണമില്ല. ആകെ കോവിഡ് മരണം 604.

1,900 പേരാണ് ഖത്തറില്‍ നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. 20 പേര്‍ ഐസിയുവില്‍ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി ആരെയും ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടില്ല. പുതുതായി 7 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 62 പേര്‍ നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 18,523 ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് വാകസിനേഷന്‍ കാംപയിന്‍ ആരംഭിച്ചതിനു ശേഷം 46,05,920 ഡോസ് വാക്‌സിനുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. രാജ്യത്തെ മൊത്തം ജനങ്ങളില്‍ 79.1 ശതമാനം പേര്‍ പൂര്‍ണമായും വാക്സിനെടുത്തു.

🇸🇦സഊദിയിൽ കാലാവധി കഴിയുന്ന സന്ദർശന വിസക്കാർ രാജ്യം വിടണം, പുതുക്കൽ നിർത്തിവെച്ചു...

✒️സഊദിയിൽ ഫാമിലി സന്ദർശന വിസയിൽ ഉള്ളവരുടെ കാലാവധി കഴിഞ്ഞ സന്ദർശന വിസകൾ പുതുക്കി നൽകുന്നത് നിർത്തി വെച്ചു. നിലവിൽ വിസിറ്റ് വിസ പുതുക്കുമ്പോൾ രണ്ടാഴ്ചക്കകം നാടുവിടണമെന്ന സന്ദേശമാണ് ലഭിക്കുന്നത്. മലയാളി കുടുംബങ്ങൾ അടക്കം നിരവധി പേർക്ക് ഇതേ സന്ദേശം ലഭിച്ചിട്ടുണ്ട്. വിസ കാലാവധി അവസാനിക്കുന്നതിന് മുമ്പ് നാടുവിടേണ്ടതുണ്ടെന്നും ഇല്ലെങ്കിൽ മറ്റു നിയമനടപടികൾ നേരിടേണ്ടിവരുമെന്നും ജവാസാത്ത് ട്വീറ്റ് ന് മറുപടി നൽകുകയും ചെയ്തു.

കൊവിഡിനെ തുടർന്ന് ഓരോ കാലാവധി സമയം കഴിയുമ്പോഴും ഇൻഷൂറൻസ് അടച്ച് അടുത്ത മൂന്നു മാസത്തേക്ക് പുതുക്കാൻ സാധിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ഇതിന് ശ്രമിച്ച പലർക്കും രണ്ടാഴ്ചത്തേക്ക് മാത്രമാണ് പുതുക്കിക്കിട്ടിയത്. സഊദിയിൽ നിന്ന് പോകാനുള്ള തയാറെടുപ്പ് നടത്താനാണ് രണ്ടാഴ്ച സമയം അനുവദിക്കുന്നത്. അറിയിപ്പോടൊപ്പം രണ്ടാഴ്ച കാലത്തേക്ക് മാത്രമാണ് പുതുക്കുന്നത്.

Post a Comment

0 Comments