🇸🇦സൗദി അറേബ്യയിൽ ഇന്ന് 50 പേർക്ക് കൊവിഡ്; 53 പേർക്ക് രോഗമുക്തി, അഞ്ച് മരണം
വാർത്തകൾ വിശദമായി
🇸🇦സൗദി അറേബ്യയിൽ ഇന്ന് 50 പേർക്ക് കൊവിഡ്; 53 പേർക്ക് രോഗമുക്തി, അഞ്ച് മരണം.
✒️സൗദി അറേബ്യയിൽ (Saudi Arabia) ഇന്ന് 50 പേർക്ക് പുതിയതായി കൊവിഡ് (Covid - 19) ബാധ സ്ഥിരീകരിച്ചതായും 53 സുഖം പ്രാപിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി അഞ്ചുപേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
48,516 കൊവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് നടന്നത്. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ ആകെ എണ്ണം 5,47,035 ഉം രോഗമുക്തരുടെ എണ്ണം 5,36,079 ഉം ആയി. 8,709 ആണ് ആകെ മരണസംഖ്യ. കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരിൽ 227 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി ഭേദമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനമാണ്. മരണനിരക്ക് 1.6 ശതമാനമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്‍ത് രോഗികളുടെ എണ്ണം: ജിദ്ദ 8, റിയാദ് 6, ബുറൈദ 2, ത്വാഇഫ് 2, ഖൈബർ 2, മറ്റ് 30 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. രാജ്യത്ത് കൊവിഡ് വാക്സിനേഷൻ 41,830,422 ഡോസ് കവിഞ്ഞു.
🇶🇦ലുലു ഗ്രൂപ്പിന്റെ 215-ാമത് ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ചു.
✒️ലുലു ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഹൈപ്പർമാർക്കറ്റ് ഖത്തറിൽ പ്രവർത്തനമാരംഭിച്ചു. ദോഹ അബു സിദ്രയിലെ അബു സിദ്ര മാളിലാണ് ഗ്രൂപ്പിന്റെ 215-മത്തേതും ഖത്തറിലെ പതിനഞ്ചാമത്തേതുമായ ലുലു ഹൈപ്പർമാർക്കറ്റ്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ വ്യവസായ പ്രമുഖൻ ശൈഖ് ജാസിം മുഹമ്മത് അൽ താനി, ഹുസൈൻ ഇബ്രാഹിം അൽ അൻസാരി, ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി ദീപക് മിത്തൽ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു.
രണ്ട് ലക്ഷത്തി അമ്പതിനായിരത്തിലധികം ചതുരശ്രയടി വിസ്‍തീർണ്ണത്തിൽ പണിത അതിവിശാലമായ ഹൈപ്പർ മാർക്കറ്റിൽ ആധുനിക രൂപകല്പനയിലുള്ള ന്യൂട്രൽ കളർ ഫിക്സ്ചറുകൾ, സമകാലികമായ ശൈലി, ഏറ്റവും മികച്ച വെളിച്ച സംവിധാനം തുടങ്ങിയവ സംയോജിപ്പിച്ചാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്.
ഉപഭോക്താക്കൾക്കായി അതിവിശാലവും വിപുലവുമായ ഷോപ്പിംഗ് അനുഭവം നൽകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് എം.എ. യൂസഫലി പറഞ്ഞു. ഗൾഫ് രാജ്യങ്ങൾ കൊവിഡിന്റെ വെല്ലുവിളികൾ അതിജീവിച്ച് വ്യാപാര-വാണിജ്യ രംഗങ്ങളടക്കം എല്ലാ മേഖലകളിലും പുത്തനുണർവിന്റെ പാതയിലാണ്. ഇത് ഗൾഫ് ഭരണാധികാരികളുടെ ഭരണനേതൃത്വത്തിന്റെ വിശാലമായ കാഴ്ചപ്പാടിന്റെ ഫലമായാണെന്നും യൂസഫലി പറഞ്ഞു.
ഏറെ പ്രത്യേകതകളുള്ള ഹൈപ്പർമാർക്കറ്റ്
ഭക്ഷ്യവസ്തുക്കൾ ഒട്ടും തന്നെ പാഴാക്കാതെയുള്ള സീറോ വേസ്റ്റ് റീ ഫിൽ സ്റ്റേഷൻ, പ്രശസ്‍തരായ പാചക വിദഗ്ധർ നേരിട്ട് ക്ലാസ്സുകൾ എടുക്കുന്ന ലുലു കുക്കിംഗ് സ്കൂൾ, സവിശേഷമായ തേനുകൾ ലഭ്യമാകുന്ന ഹണി സ്റ്റേഷൻ, മാംസ ഗുണത്തിന് തുല്യമായ സസ്യോൽപ്പന്നങ്ങളിലൂടെ മാംസ രഹിത ഭക്ഷണത്തിന് പ്രത്യേക പ്രാധാന്യം നൽകിയുള്ള വെഗൻ ബുച്ചറി സ്റ്റേഷൻ - Planet Y എന്നിവ അബു സിദ്ര ലുലു ഹൈപ്പർമാർക്കറ്റിലെ പ്രത്യേകതകളാണ്. വെഗാൻ ബുച്ചറി സ്റ്റേഷൻ ആരംഭിക്കുന്ന ആദ്യത്തെ ഹൈപ്പർ മാർക്കറ്റ് കൂടിയാണിത്. ഇത് കൂടാതെ രണ്ടായിരത്തിലധികം വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യമുള്ള അതിവിശാലമായ ഹൈപ്പർ മാർക്കറ്റ് എന്ന പ്രത്യേകതയും അബു സിദ്രയിലെ ലുലു ഹൈപ്പർ മാർക്കറ്റിനുണ്ട്.
ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ.അഷ്റഫ് അലി, ലുലു ഗ്രൂപ്പ് ഡയറക്ടർ മുഹമ്മദ് അൽത്താഫ്, ലുലു എക്സ്ചേഞ്ച് സി.ഇ.ഒ. അദീബ് അഹമ്മദ്. ലുലു ഖത്തർ റീജിയണൽ ഡയറക്ടർ എം.ഒ. ഷൈജൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
🇴🇲ഒക്ടോബർ രണ്ടിന് കൊച്ചിയില്‍ നിന്ന് മസ്‍കത്തിലേക്ക് ചാര്‍ട്ടേഡ് വിമാന സര്‍വീസ്.
✒️ഒക്ടോബർ രണ്ടിന് കൊച്ചിയിൽ നിന്ന് മസ്‍കത്തിലേക്ക് കുറഞ്ഞ നിരക്കിൽ ചാർട്ടേർഡ് വിമാന സർവീസുമായി സ്വകാര്യ ട്രാവൽ ഏജൻസി. ഒക്ടോബർ രണ്ട് ശനിയാഴ്ച വൈകുന്നേരം ഇന്ത്യൻ സമയം ഏഴ് മണിക്ക് പുറപ്പെടുന്ന വിമാനം ഒമാൻ സമയം 9.00 മണിയോടെ മസ്‍കത്തിലെത്തും. മസ്‌കറ്റിലെ റോയൽ കിങ് ട്രാവൽസാണ് വിമാനം ചാര്‍ട്ട് ചെയ്യുന്നത്.
എല്ലാ നികുതികളുമടക്കം 28,950 രൂപയാണ് നിരക്കെന്ന് റോയൽ കിങ് ട്രാവൽസ് മാനേജർ അനിൽ നായർ പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള നിബന്ധനകൾ പാലിക്കണം. ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍, ഒമാൻ: 00968 - 99775540/91719189, കേരളം 0091 - 7561832071/8086358819. ഇ-മെയിൽ : booking@rktmc.com
🇦🇪യുഎഇയില്‍ കൊവിഡ് മരണങ്ങളില്ലാത്ത ദിനം; ഇന്ന് രോഗം സ്ഥിരീകരിച്ചത് 277 പേര്‍ക്ക്.
✒️യുഎഇയില്‍ (United Arab Emirates)പുതിയതായി 277 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് (Covid - 19) ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം ( Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 329 പേരാണ് ഇന്ന് രോഗമുക്തരായത്.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പുതിയതായി നടത്തിയ 3,30,693 പരിശോധനകളില്‍ നിന്നാണ് പുതിയ കൊവിഡ് രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,35,457 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,27,845 പേര്‍ രോഗമുക്തരായി. 2,094 പേരാണ് രാജ്യത്ത് ആകെമരണപ്പെട്ടത്. നിലവില്‍ 5,518 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്.
🇸🇦ഒക്ടോബര്‍ 1 മുതല്‍ ഇന്ത്യയില്‍ നിന്ന് വാക്‌സിനെടുത്തവര്‍ക്ക് സൗദിയിലേക്ക് നേരിട്ട് പറക്കാമോ?.
✒️ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് സൗദിയിലേയ്ക്ക് നേരിട്ട് പ്രവേശിക്കുന്നതിനുള്ള വിലക്ക് ഒക്ടോബര്‍ ഒന്നു മുതല്‍ പൂര്‍ണമായും പിന്‍വലിക്കുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത നുണയെന്ന് അധികൃതര്‍. ഇന്ത്യക്കാര്‍ക്ക് സ്വന്തം രാജ്യത്തുനിന്ന് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചാല്‍ നേരിട്ട് സൗദിയില്‍ ഇറങ്ങാമെന്ന തരത്തിലാണ് വ്യാജവാര്‍ത്ത. സൗദിയില്‍ പ്രസിദ്ധീകരിക്കുന്ന പ്രമുഖ ഇംഗ്ലീഷ് പത്രത്തിന്റെ ട്വിറ്റര്‍ സ്‌ക്രീന്‍ ഷോട്ട് രൂപത്തിലാണ് ഇത് പ്രചരിക്കുന്നത്.
ഒക്ടോബര്‍ ഒന്ന് വെള്ളിയാഴ്ച രാവിലെ 11 മുതല്‍ ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിലക്കുകള്‍ പൂര്‍ണമായും നീക്കി എന്നതാണ് സന്ദേശത്തില്‍ ഉള്ളത്. എന്നാല്‍, അഭ്യന്തര മന്ത്രാലയത്തിന്റേയോ പ്രസ്തുത പത്രത്തിന്റെയോ സാമൂഹ്യ അക്കൗണ്ടുകളില്‍ ഈ വാര്‍ത്തയില്ല. യാത്രാ വിലക്ക് പിന്‍വലിക്കുന്നത് സംബന്ധിച്ച് ഔദ്യോഗികമായി സ്ഥിരീകരണവും വന്നിട്ടില്ല.
അതേസമയം, നിലനില്‍ക്കുന്ന യാത്രാ വിലക്കുകള്‍ നീക്കുന്നതിന് ഉന്നതതല ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇന്ത്യ-സൗദി വിദേശകാര്യ മന്ത്രിമാര്‍ ഇക്കാര്യത്തില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍, തീരുമാനം വന്നിട്ടില്ല. സൗദിയില്‍ നിന്ന് രണ്ട് ഡോസ് എടുത്തവര്‍ക്ക് മാത്രമാണ് നേരിട്ട് ഇങ്ങോട്ട് പ്രവേശിക്കാന്‍ നിലവില്‍ അനുമതിയുള്ളൂ. രാജ്യത്തിന് പുറത്ത് നിന്ന് വാക്സിനേഷന്‍ സ്വീകരിച്ചവര്‍ ഉള്‍പ്പെടെയുള്ളവര്‍ ഏതെങ്കിലും വിലക്കില്ലാത്ത രാജ്യത്ത് 14 ദിവസം തങ്ങണം. ഇത്തരക്കാര്‍ ഇവിടെ എത്തിയാലും അഞ്ചുദിവസത്തെ ക്വാറന്റീന്‍ ആവശ്യമാണ്.
🇶🇦ഖത്തറില്‍ ഇന്ന് 94 പേര്‍ക്ക് കോവിഡ്; 120 രോഗമുക്തി.
✒️ഖത്തറില്‍ ഇന്ന് 94 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 44 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. 50 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 24 മണിക്കൂറിനിടെ 120 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 2,34,545 ആയി. രാജ്യത്ത് ഇന്ന് കോവിഡ് മരണമില്ല. ആകെ കോവിഡ് മരണം 605.
1,332 പേരാണ് ഖത്തറില്‍ നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. 16 പേര്‍ ഐസിയുവില്‍ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആരെയും ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടില്ല. പുതുതായി 9 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 53 പേര്‍ നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 5,764 ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് വാകസിനേഷന്‍ കാംപയിന്‍ ആരംഭിച്ചതിനു ശേഷം 47,02,517 ഡോസ് വാക്‌സിനുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. രാജ്യത്തെ മൊത്തം ജനങ്ങളില്‍ 81.5 ശതമാനം പേര്‍ പൂര്‍ണമായും വാക്സിനെടുത്തു.
🇴🇲ഒമാൻ: വാക്സിൻ നൽകുന്നതിന് മുൻഗണന നിശ്ചയിച്ചിട്ടുള്ള വിഭാഗങ്ങളിൽ 58 ശതമാനം പേർക്കും രണ്ട് ഡോസ് കുത്തിവെപ്പ് നൽകി.
✒️രാജ്യത്ത് COVID-19 വാക്സിൻ നൽകുന്നതിന് മുൻഗണന നിശ്ചയിച്ചിട്ടുള്ള വിഭാഗങ്ങളിൽപ്പെടുന്ന 58 ശതമാനം പേർക്കും രണ്ട് ഡോസ് കുത്തിവെപ്പ് നൽകിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇത്തരത്തിൽ 2050716 പേർക്കാണ് ഒമാനിൽ രണ്ട് ഡോസ് വാക്സിൻ കുത്തിവെപ്പ് നൽകിയിരിക്കുന്നത്.
2021 സെപ്റ്റംബർ 27-നാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് COVID-19 വാക്സിൻ നൽകുന്നതിന് മുൻഗണന നിശ്ചയിച്ചിട്ടുള്ള വിഭാഗങ്ങളിൽപ്പെടുന്ന 82 ശതമാനം പേർക്കും ഒരു ഡോസ് വാക്സിൻ കുത്തിവെപ്പെങ്കിലും നൽകിയതായും മന്ത്രാലയം കൂട്ടിച്ചേർത്തു.
ഇതുവരെ ഒമാനിൽ ആകെ 4946987 ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പുകളാണ് നൽകിയിട്ടുള്ളത്.
🇦🇪എക്സ്പോ 2020 ദുബായ് സന്ദർശിക്കുന്നതിനായി സർക്കാർ ജീവനക്കാർക്ക് ആറ് ദിവസത്തെ പ്രത്യേക അവധി അനുവദിക്കാൻ തീരുമാനം.
✒️എക്സ്പോ 2020 ദുബായ് സന്ദർശിക്കുന്നതിനായി ദുബായിലെ സർക്കാർ ജീവനക്കാർക്ക് ആറ് ദിവസത്തെ പ്രത്യേക അവധി അനുവദിച്ച് കൊണ്ട് ദുബായ് കിരീടാവകാശിയും, ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിറക്കി. സെപ്റ്റംബർ 27-ന് വൈകീട്ടാണ് അദ്ദേഹം ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
ഈ ഉത്തരവ് പ്രകാരം, ദുബായ് സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയുള്ള ആറ് ദിവസത്തെ പ്രത്യേക അവധിയാണ് അനുവദിച്ചിരിക്കുന്നത്. ജീവനക്കാർക്ക് ഈ അവധി 2021 ഒക്ടോബർ 1 മുതൽ 2022 മാർച്ച് 31 വരെയുള്ള എക്സ്പോ 2020 നടക്കുന്ന കാലയളവിൽ ഉപയോഗിക്കാവുന്നതാണ്.
ദുബായ് സർക്കാർ ജീവനക്കാർക്ക് എക്സ്പോ വേദി സന്ദർശിക്കുന്നതിനായി, ലോക എക്സ്പോ നടക്കുന്ന കാലയളവിൽ ആകെ ആറ് ദിവസം ഇത്തരത്തിൽ അവധിയായി തിരഞ്ഞെടുക്കാവുന്നതാണ്. കുടുംബാംഗങ്ങളുമായി എക്സ്പോ 2020 വേദി സന്ദർശിക്കുന്നതിനും, ലോക എക്സ്പോയിൽ ഉൾപ്പെടുത്തിയിട്ടുള്ള ആഗോള തലത്തിലുള്ള നൂതന സാങ്കേതികവിദ്യകളും, നവീന ആശയങ്ങളും അറിയുന്നതിനും ജീവനക്കാർക്ക് അവസരം നൽകുന്നതിനായാണ് ഈ തീരുമാനം.
“ലോകമെമ്പാടുമുള്ള വിവിധ സംസ്കാരങ്ങളെ സമന്വയിപ്പിക്കുന്നതിനും, ലോകത്തെ ഒരുമിപ്പിക്കുന്നതിനും, ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള അറിവുകൾ, നൂതന ആശയങ്ങൾ, നിര്‍മ്മാണാത്മകമായ ദർശനങ്ങൾ എന്നിവയെ ഒരു കുടക്കീഴിൽ അനുഭവിക്കുന്നതിനും എക്സ്പോ 2020 ദുബായ് എന്ന ചരിത്രപ്രാധാന്യമുള്ള ഈ പ്രദർശനം വേദിയാകുന്നതാണ്. മനസുകളെ ഒരുമിപ്പിക്കുന്നതിനും, അതിലൂടെ ജ്വലിക്കുന്ന ഒരു പുത്തൻ ഭാവി നിർമ്മിച്ചെടുക്കുന്നതിനും എക്സ്പോ 2020-യിലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നു.”, H.H. ഷെയ്ഖ് ഹംദാൻ അറിയിച്ചു.
🇸🇦പുതിയ അപ്ഡേഷനുമായി തവക്കൽന ആപ്.
✒️പുതിയ അപ്ഡേഷനുമായി തവക്കൽന ആപ്. ഇമ്യൂൺ സ്റ്റാറ്റസിന്മേലുള്ള തട്ടിപ്പുകൾക്ക് തടയിടുന്നതിനാണ് പുതിയ അപ്ഡേഷൻ. സൗദി പൗരന്മാർക്കും രാജ്യത്തെ വിദേശികൾക്കും കോവിഡ് സാഹചര്യത്തിൽ ഗവൺമെൻറുമായി ബന്ധപ്പെട്ട വ്യക്തിഗത സേവനങ്ങൾക്കുള്ള മൊബൈൽ ആപ്പാണിത്. ഇനി മുതൽ ഇമ്യൂൺ സ്റ്റാറ്റസ് സ്ക്രീൻ ഷോട്ട് എടുക്കാൻ സാധിക്കാത്ത രൂപത്തിലാണ് പുതിയ സെക്യൂരിറ്റി അപ്ഡേഷൻ വന്നത്.
ഇമ്യൂൺ സ്റ്റാറ്റസ് സ്ക്രീൻ ഷോട്ട് എടുക്കാൻ ശ്രമിച്ചാൽ സെക്യൂരിറ്റി പോളിസി കാരണം സ്ക്രീൻ ഷോട്ട് എടുക്കാൻ സാധിക്കില്ലെന്ന മെസേജാവും ആൻഡ്രോയിഡ് ഫോണുകളിൽ ലഭിക്കുക. ആപ്പിൾ ഫോണുകളിൽ വെള്ള നിറത്തിലുള്ള സ്ക്രീനും. ഇമ്യൂൺ സ്റ്റാറ്റസ് സ്ക്രീൻ ഷോട്ട് എടുക്കുന്നതിന് മാത്രമേ വിലക്കുള്ളൂ. ഹെൽത്ത് പാസ്പോർട്ട് തുടങ്ങി മറ്റു കാര്യങ്ങളുടെ സ്ക്രീൻ ഷോട്ട് എടുക്കുന്നതിന് ഇപ്പോഴും സാധിക്കും. സ്ക്രീൻ ഷോട്ട് കാണിച്ച് തട്ടിപ്പ് നടത്തുന്നത് പിടിക്കാൻ ആഴ്ചകൾക്ക് മുമ്പ് തവക്കൽന സ്റ്റാറ്റസിെൻറ ചുറ്റും മൂവിങ് ഫ്രെയിം കൊടുത്ത് അപ്പിൽ അപ്ഡേഷൻ നടത്തിയിരുന്നു. അതിന് പുറമെയാണിപ്പോൾ കൂടുതൽ സുരക്ഷിതത്വം ലക്ഷ്യമിട്ട് പുതിയ അപ്ഡേഷൻ.
വാക്സിൻ എടുക്കേണ്ട ആവശ്യമില്ലാത്ത വിഭാഗങ്ങൾക്കായി പ്രത്യേക സ്റ്റാറ്റസ് ഉൾപ്പെടുത്തിയും താവക്കൽന അടുത്തിടെ അപ്ഡേഷൻ നടത്തിയിരുന്നു. നാട്ടിൽ നിന്ന് തവക്കൽന ആപ്പിൽ പുതുതായി രജിസ്റ്റർ ചെയ്യാൻ സാധിക്കില്ലെന്ന് തവക്കൽന വീണ്ടും ഓർമപ്പെടുത്തി. എന്നാൽ സൗദിയിൽ നിന്ന് നേരത്തെ രജിസ്റ്റർ ചെയ്തവർക്ക് ഫോൺ നമ്പർ ആക്റ്റീവ് ആണെങ്കിൽ നാട്ടിൽ നിന്ന് തവക്കൽന ആപ്പിൽ പ്രാവേശിക്കാൻ സാധിക്കും.
0 Comments