Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ ലൈവ് ന്യൂസ്‌ ഗൾഫ് വാർത്തകൾ

വാർത്തകൾ വിശദമായി

🇸🇦കൊവിഡ്: സൗദിയില്‍ 63 പുതിയ രോഗികള്‍, 71 പേര്‍ സുഖം പ്രാപിച്ചു.

✒️സൗദി അറേബ്യയില്‍ ഇന്ന് പുതുതായി 63 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരില്‍ 71 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ആറുപേരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതെന്ന് സൗദി ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാജ്യത്ത് ഇന്ന് 45,291 ആര്‍.ടി പി.സി.ആര്‍ പരിശോധനകള്‍ നടന്നു.

5,46,612 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആകെ 5,35,602 പേര്‍ രോഗമുക്തരായി. 8,667 ആണ് രാജ്യത്തെ ആകെ മരണസംഖ്യ. 2,343 പേര്‍ രോഗബാധിതരായി ചികിത്സയിലുണ്ട്. 339 പേര്‍ ഗുരുതരാവസ്ഥയിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനം. 1.6 ശതമാനമാണ് മരണനിരക്ക്. രാജ്യത്തെ വിവിധ മേഖലകളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗികളുടെ എണ്ണം: മക്ക 15, റിയാദ് 13, കിഴക്കന്‍ പ്രവിശ്യ 7, മദീന 5, അല്‍ഖസീം 5, നജ്‌റാന്‍ 5, അസീര്‍ 3, ജീസാന്‍ 3, ഹായില്‍ 3, തബൂക്ക് 1, അല്‍ജൗഫ് 1, അല്‍ബാഹ 1, വടക്കന്‍ അതിര്‍ത്തി മേഖല 1. രാജ്യത്ത് ഇതുവരെ കൊവിഡ് വാക്‌സിനേഷന്‍ 40,885,431 ഡോസ് കവിഞ്ഞു.

🇦🇪ഷാര്‍ജയില്‍ കൊവിഡ് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പുതുക്കി.

✒️ഷാര്‍ജയില്‍ വിവാഹങ്ങള്‍, ഒത്തുചേരലുകള്‍ എന്നിവയില്‍ പാലിക്കേണ്ട കൊവിഡ് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പുതുക്കി. വീടുകളില്‍ സംഘടിപ്പിക്കുന്ന ചടങ്ങുകളില്‍ 50 പേരില്‍ കൂടുതല്‍ പങ്കെടുക്കരുതെന്ന് ഷാര്‍ജ ദുരന്ത നിവാരണ സമിതി അറിയിച്ചു. ഹാളുകളില്‍ 100 പേര്‍ക്ക് വരെ പ്രവേശിക്കാം.

വിവാഹങ്ങള്‍ക്കുള്ള ടെന്റുകളില്‍ പരമാവധി 200 പേര്‍ക്ക് പ്രവേശനം അനുവദിക്കും. ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ വാക്‌സിന്‍ സ്വീകരിച്ചവരായിരിക്കണം. ഇവരുടെ അല്‍ ഹൊസന്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഉണ്ടാകുകയും വേണം. നാല് മണിക്കൂറിലധികം ആഘോഷങ്ങള്‍ നീളരുത്. പ്രായമായവര്‍, ഗുരുതര രോഗങ്ങളുള്ളവര്‍, രോഗലക്ഷണങ്ങളുള്ളവര്‍ എന്നിവര്‍ ഇത്തരം പരിപാടികളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. കൊവിഡ് സുരക്ഷാ മാര്‍ഗ നിര്‍ദ്ദേശങ്ങളെല്ലാം കര്‍ശനമായി പാലിക്കണം.

🛫നോര്‍ക്ക എറണാകുളം സെന്‍ററില്‍ 22ന് അറ്റസ്‌റ്റേഷന്‍ ഇല്ല.

✒️നോര്‍ക്ക എറണാകുളം സെന്‍ററില്‍ സെപ്തംബര്‍ 22ന് അറ്റസ്‌റ്റേഷന്‍ ഇല്ല. സാങ്കേതിക കാരണങ്ങളാല്‍ നോര്‍ക്ക റൂട്ട്‌സ് എറണാകുളം ഓഫീസില്‍ സെപ്തംബര്‍ 22ന് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് എറണാകുളം സെന്റര്‍ മാനേജര്‍ അറിയിച്ചു.

🇦🇪യുഎഇയില്‍ ഇന്ന് 313 പുതിയ കൊവിഡ് കേസുകള്‍, രണ്ടു മരണം.

✒️യുഎഇയില്‍ പുതിയതായി 313 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 409 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് രണ്ട് പേരാണ് മരിച്ചത്.

പുതിയതായി നടത്തിയ 277,935 പരിശോധനകളില്‍ നിന്നാണ് പുതിയ കൊവിഡ് രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ  7,33,003 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,24,855 പേര്‍ രോഗമുക്തരാവുകയും 2,077 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 6,071 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

🇴🇲ഒമാനില്‍ മൂന്ന് ദിവസമായി കൊവിഡ് മരണങ്ങളില്ല; ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മൂന്ന് പേരെ മാത്രം.

✒️ഒമാനില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ 36 പേര്‍ക്ക് മാത്രമാണ് രാജ്യത്ത് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ മൂന്ന് പേരെ മാത്രമേ ആശുപത്രിയില്‍ പ്രവേശിച്ചിട്ടുള്ളൂ. 113 പേര്‍ ഇന്ന് കൊവിഡ് മുക്തരാവുകയും ചെയ്‍തു. 

ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഒമാനില്‍ ഇതുവരെ 3,03,459 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 2,93,957 പേരും രോഗമുക്തരായി. 96.9 ശതമാനമാണ് ഒമാനിലെ ഇപ്പോഴത്തെ കൊവിഡ് രോഗമുക്തി നിരക്ക്. ആകെ 4093 പേര്‍ക്ക് ഒമാനില്‍ കൊവിഡ് കാരണം ജീവന്‍ നഷ്‍ടമായിട്ടുണ്ട്. നിലവില്‍ 51 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 19 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

🇧🇭ബഹ്റൈനിലേക്ക് കടത്താന്‍ ശ്രമിച്ച രണ്ട് ലക്ഷത്തിലധികം ലഹരി ഗുളികകള്‍ പിടിച്ചെടുത്തു.

✒️ബഹ്റൈനിലേക്ക് കടത്താന്‍ ശ്രമിച്ച രണ്ട് ലക്ഷത്തിലധികം ലഹരി ഗുളികകള്‍ പിടിച്ചെടുത്തു. കസ്റ്റംസും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 2,05,429 ക്യാപ്റ്റഗണ്‍ ഗുളികകള്‍ കണ്ടെടുത്തത്.

കാര്‍ഗോ വിഭാഗത്തില്‍ എത്തിയ തടി കൊണ്ട് നിര്‍മിച്ച ഒരു പെട്ടിയിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ വിശദമായ പരിശോധന നടത്തുകയായിരുന്നു. പിടിച്ചെടുത്ത സാധനങ്ങള്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് എവിഡന്‍സിലെ നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്റില്‍ അയച്ചുകൊടുത്ത് പരിശോധിക്കുകയായിരുന്നു. ബഹ്റൈനില്‍ നിന്ന്  മറ്റൊരു ഗള്‍ഫ് രാജ്യത്തേക്ക് ഇവ കൊണ്ടുപോകാനായിരുന്നു പദ്ധതിയെന്ന് മനസിലാക്കിയ അധികൃതര്‍ വിവരം ആ രാജ്യത്തിലെ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറുകയും ചെയ്‍തു. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ അവിടെ അറസ്റ്റിലായിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

🇦🇪അബുദാബിയില്‍ ബൂസ്റ്റര്‍ ഡോസെടുക്കേണ്ട അവസാന തീയ്യതി ഇന്ന്; വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക്.

✒️അബുദാബിയില്‍ കൊവിഡ് വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ അനുവദിച്ചിരുന്ന സമയപരിധി ഇന്ന് അവസാനിക്കും. സിനോഫാം വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം കഴിഞ്ഞവര്‍ക്കാണ് നിലവില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കേണ്ട ആവശ്യമുള്ളത്. ഇതിനായി ആനുവദിച്ചിരുന്ന 30 ദിവസത്തെ ഗ്രേസ് പീരിഡാണ് സെപ്‍റ്റംബര്‍ 20ന് അവസാനിക്കുന്നത്.

ആറ് മാസത്തിന് മുമ്പ് വാക്സിനെടുത്തവര്‍ക്ക് അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷനില്‍ ഗ്രീന്‍ സ്റ്റാറ്റസ് നിലനിര്‍ത്തുന്നതിന് ബൂസ്റ്റര്‍ ഡോസ് ആവശ്യമാണ്. സമയപരിധി ഇന്ന് അവസാനിക്കുന്നതോടെ ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവരുടെ സ്റ്റാറ്റസ് അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷനില്‍ ഗ്രേ ആയി മാറും. ഇതോടെ വിവിധ പൊതുസ്ഥലങ്ങളില്‍ ഇവര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെടും. സമയ പരിധി അവസാനിക്കുന്നതിന് മുമ്പ് വാക്സിനെടുക്കാനായി വാക്സിനേഷന്‍ കേന്ദ്രങ്ങളിലെല്ലം നിരവധിപ്പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. സിനോഫാം ഒഴികെയുള്ള മറ്റ് വാക്സിനുകള്‍ എടുത്തവര്‍ക്ക് ഇതുവരെ ബൂസ്റ്റര്‍ ഡോസിന്റെ ആവശ്യമില്ലെന്നും അബുദാബി മീഡിയാ ഓഫീസ് നേരത്തെ പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു.

⚫കരച്ചില്‍ നിര്‍ത്താത്തതിന് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ റിമോട്ട് കൊണ്ട് അടിച്ചുകൊന്നു.

✒️കരച്ചില്‍ നിര്‍ത്താത്തതിന് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ റിമോട്ട് കൊണ്ട് അടിച്ചു കൊന്ന സംഭവത്തില്‍‌ അമ്മയുടെ മാനസിക നില പരിശോധിക്കണമെന്ന് കോടതി. ഈജിപ്‍തിലാണ് സംഭവം. ശര്‍ഖിയയിലെ ക്രിമിനല്‍ കോടതിയുടെ പരിഗണനയ്‍ക്ക് കേസ് വന്നപ്പോഴാണ് അമ്മയെ 45 ദിവസം നിരീക്ഷിക്കാന്‍ നിര്‍ദേശിച്ചത്.

ആശുപത്രിയില്‍ 45 ദിവസം അമ്മയെ പാര്‍പ്പിച്ച ശേഷം അവരുടെ മാനസിക നില പരിശോധിക്കാനും ബോധപൂര്‍വം കുഞ്ഞിനെ കൊന്നതാണോ എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്താനുമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ആശുപത്രിയില്‍ നിന്ന് മാനസിക പരിശോധാന റിപ്പോര്‍ട്ട് കിട്ടിയ ശേഷം നവംബറില്‍ കേസിന്റെ വിചാരണ തുടങ്ങും.

മരിച്ച നിലയിലാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നത്. തലയിലേറ്റ മാരകമായ പരിക്കാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്ന് കണ്ടെത്തുകയായിരുന്നു. 24കാരിയായ തന്റെ ഭാര്യ കുഞ്ഞിനെ ടി.വിയുടെ റിമോട്ട് കൊണ്ട് അടിച്ച് കൊന്ന ശേഷം വീട്ടില്‍ നിന്ന് രക്ഷപ്പെട്ടുവെന്ന് അച്ഛന്‍ പൊലീസിന് മൊഴി നല്‍കി. മൂന്ന് ദിവസത്തിന് ശേഷം അമ്മയെ പൊലീസ് അറസ്റ്റ് ചെയ്‍തു.

അടുക്കളയിലെ ജോലിക്കിടയില്‍ കുഞ്ഞ് തന്റെ കൈയില്‍ നിന്ന് അബദ്ധത്തില്‍ താഴെ വീണുവെന്നും അതിന് ശേഷം നിര്‍ത്താതെ കരഞ്ഞപ്പോള്‍ ദേഷ്യം സഹിക്കാനാവാതെ റിമോട്ട് കൊണ്ട് അടിക്കുകയായിരുന്നുവെന്നും യുവതി സമ്മതിച്ചു.

🛫പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; കേരളത്തിലേക്ക് 300 ദിര്‍ഹത്തിന് ടിക്കറ്റുകള്‍ പ്രഖ്യാപിച്ച് വിമാനക്കമ്പനി.

✒️കേരളത്തിലേക്ക് 300 ദിര്‍ഹം മുതലുള്ള ടിക്കറ്റുകള്‍ പ്രഖ്യാപിച്ച് ഷാര്‍ജ ആസ്ഥാനമായുള്ള വിമാനക്കമ്പനിയായ എയര്‍ അറേബ്യ. കൊച്ചി ഉള്‍പ്പെടെ 11 ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് 300 ദിര്‍ഹത്തില്‍ ആരംഭിക്കുന്ന ടിക്കറ്റുകള്‍ ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്.

ദില്ലി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും 300 ദിര്‍ഹത്തിന്റെ വണ്‍ വേ ടിക്കറ്റുകള്‍ ലഭ്യമാണ്. കോഴിക്കോടേക്കും ചെന്നൈയിലേക്കും 310 ദിര്‍ഹത്തിനും ടിക്കറ്റുകളുണ്ട്. 320 ദിര്‍ഹമാണ് തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റുകളുടെ നിരക്ക്. അഹമ്മദാബാദിലേക്ക് 350 ദിര്‍ഹത്തിനും കോയമ്പത്തൂരേരക്ക് 398 ദിര്‍ഹത്തിനും ബംഗളുരുവിലേക്ക് 450 ദിര്‍ഹത്തിനും ഗോവയിലേക്ക് 600 ദിര്‍ഹത്തിനുമാണ് ടിക്കറ്റുകള്‍ ലഭ്യമാക്കിയിരിക്കുന്നത്.

🇰🇼നാട്ടിലേക്ക് മടങ്ങുന്ന മുതിര്‍ന്ന പ്രവാസികള്‍ക്ക് അംബാസഡറെ സന്ദര്‍ശിക്കാന്‍ ക്ഷണം.

✒️കുവൈത്തില്‍ നിന്ന് പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്നവര്‍ക്ക് ഇന്ത്യന്‍ അംബാഡസറെ സന്ദര്‍ശിക്കാന്‍ ക്ഷണം. ദീര്‍ഘകാലം കുവൈത്തില്‍ താമസിച്ച് ജോലി ചെയ്‍ത ശേഷം നാട്ടിലേക്ക് പോകുന്നവരെയാണ് അംബാസഡര്‍ സിബി ജോര്‍ജ് തന്നെ സന്ദര്‍ശിക്കാനായി ക്ഷണിച്ചിരിക്കുന്നത്. കുവൈത്തിലെ ഇന്ത്യന്‍ എംബസി ഇത് സംബന്ധിച്ച വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി.

60 വയസോ അതിന് മുകളിലോ പ്രായമുള്ള, നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്കാണ് കുടുംബത്തോടൊപ്പം പ്രത്യേകമായി അംബാസഡറെ കാണാന്‍ അവസരം. പ്രവാസികളുടെ അനുഭവങ്ങള്‍ കേള്‍ക്കാനും കുവൈത്തിലെ പ്രവാസി ക്ഷേമം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ സ്വീകരിക്കാനും ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ പ്രവാസികളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ കേള്‍ക്കാനുമാണ് ഇത്തരമൊരു സംഗമം. എല്ലാത്തരം ജോലികള്‍ ചെയ്‍തിരുന്ന മുതിര്‍ന്ന പ്രവാസികള്‍ക്കും ക്ഷണമുണ്ട്. കുവൈത്തില്‍ നിന്ന് അവസാനമായി മടങ്ങുന്നതിന് മുമ്പ് അംബാസഡറെ കാണാന്‍ താത്പര്യമുള്ളവര്‍ തങ്ങളുടെ വിവരങ്ങളും യാത്ര തിരിക്കുന്ന തീയ്യതിയും ഉള്‍പ്പെടെ socsec.kuwait@mea.gov.in എന്ന വിലാസത്തില്‍ പരമാവധി നേരത്തെ ഇ-മെയില്‍ അയക്കണം. ഇതനുസരിച്ച് എംബസിയില്‍ നിന്ന് അപ്പോയിന്റ്മെന്റ് ലഭിക്കും.

🇰🇼ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിന് പിടിയിലായ പ്രവാസിയെ നാടുകടത്തും.

✒️ഡ്രൈവിങ് ലൈസന്‍സില്ലാതെ കുവൈത്തില്‍ വാഹനം ഓടിച്ചതിന് പിടിയിലായ പ്രവാസിയെ നാടുകടകത്തും. ഗതാഗത നിയമലംഘനത്തിന് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് ഗതാഗത നിയമ ലംഘനങ്ങള്‍ അന്വേഷിക്കുന്ന വിഭാഗത്തിന് കൈമാറി. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി അടുത്തയാഴ്‍ച ഇയാളെ കുവൈത്തില്‍ നിന്ന് നാടുകടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഗതാഗത നിയമലംഘനങ്ങള്‍ക്ക് കര്‍ശന നടപടി സ്വീകരിക്കുമെന്ന് കുവൈത്ത് അധികൃതര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.

🇶🇦ഇന്ത്യക്കാര്‍ക്കുള്ള ക്വാറന്റീന്‍ നിബന്ധനകളില്‍ ഖത്തര്‍ മാറ്റം വരുത്താനൊരുങ്ങുന്നതായി സൂചന.

✒️ഖത്തറിലേക്ക് വരുന്ന ഇന്ത്യക്കാര്‍ക്കുള്ള ക്വാറന്റീന്‍ നിബന്ധനകളില്‍ ആരോഗ്യ മന്ത്രാലയം മാറ്റം വരുത്താനൊരുങ്ങുന്നതായി സൂചന. ഇനി മുതല്‍ ഇന്ത്യയില്‍ നിന്ന് ഖത്തര്‍ അംഗീകൃത വാക്‌സിനെടുത്ത് വരുന്നവര്‍ക്ക് ഉപാധികളോട് കൂടി രണ്ട് ദിവസത്തെ ക്വാറന്റീന്‍ മതിയാവുമെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ട്. നിലവില്‍ ഖത്തറില്‍ നിന്ന് വാക്‌സിനെടുത്തവര്‍ക്ക് രണ്ട് ദിവസവും ഇന്ത്യയില്‍ നിന്ന് വാക്‌സിനെടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും 10 ദിവസവുമാണ് ക്വാറന്റീന്‍. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമോ എന്ന് മുതലാണ് നടപ്പാവുകയെന്നോ സംബന്ധിച്ചുള്ള വിവരം ലഭ്യമായിട്ടില്ല.

ഇന്ത്യയില്‍ നിന്ന് വാക്‌സിനെടുത്ത് വരുന്നവര്‍ക്ക് ഹോട്ടല്‍ ക്വാറന്റീനില്‍ രണ്ടാം ദിവസം റാപിഡ് ആന്റിബോഡി ടെസ്റ്റ് നടത്തും. ഇമ്യൂണിറ്റി പോസിറ്റീവ് ആണെങ്കില്‍ തുടര്‍ന്ന് പിസിആര്‍ ടെസ്റ്റ് നടത്തുകയും അതില്‍ നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റീന്‍ അവസാനിപ്പിക്കുകയും ചെയ്യാമെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം.

അതേസമയം, തുടര്‍ന്നും നാട്ടില്‍ നിന്ന് വാക്‌സിനെടുത്ത് വരുന്നവര്‍ ഡിസ്‌കവര്‍ ഖത്തര്‍ വഴി 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍ ബുക്ക് ചെയ്യണം. രണ്ട് ദിവസം കഴിഞ്ഞ് ക്വാറന്റീന്‍ അവസാനിക്കുകയാണെങ്കില്‍ ബാക്കി തുക മടക്കി നല്‍കും.

ഈ വിഷയത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലാത്തതിനാല്‍ യാത്രക്കാര്‍ ഖത്തര്‍ ആരോഗ്യ മന്ത്രാലയം വെബ്‌സൈറ്റില്‍ വരുന്ന പ്രഖ്യാപനം ശ്രദ്ധിക്കേണ്ടതാണ്.

🇶🇦ഖത്തറില്‍ പുതിയ കോവിഡ് കേസുകള്‍ 100ല്‍ താഴെ; രോഗമുക്തി ഇരട്ടിയോളം.

✒️ഖത്തറില്‍ പുതിയ കോവിഡ് കേസുകള്‍ 100ല്‍ താഴെ എത്തി. ഇന്ന് 82 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 30 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. 52 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 24 മണിക്കൂറിനിടെ 164 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 233,116 ആയി. രാജ്യത്ത് ഇന്ന് കോവിഡ് മരണമില്ല. ആകെ കോവിഡ് മരണം 604.

1,666 പേരാണ് ഖത്തറില്‍ നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. 18 പേര്‍ ഐസിയുവില്‍ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി ആരെയും ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടില്ല. പുതുതായി 7 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 64 പേര്‍ നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 5,605 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് വാകസിനേഷന്‍ കാംപയിന്‍ ആരംഭിച്ചതിനു ശേഷം 46,53,019 ഡോസ് വാക്സിനുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. രാജ്യത്തെ മൊത്തം ജനങ്ങളില്‍ 80 ശതമാനം പേര്‍ പൂര്‍ണമായും വാക്‌സിനെടുത്തു.

🇰🇼കുവൈത്തില്‍ 5 മാസത്തിനിടെ പിരിച്ചുവിട്ടത് 2089 പ്രവാസികളെ.

✒️കുവൈത്തിലെ സര്‍ക്കാര്‍ മേഖലയില്‍ നിന്ന് 5 മാസത്തിനിടെ 2089 വിദേശികളെ പിരിച്ചുവിട്ടതായി കണക്ക്. ഇതേ കാലയളവില്‍ 10,780 സ്വദേശികളെ ജോലിയില്‍ നിയമിക്കുകയും ചെയ്തു.

കുവൈത്തില്‍ സ്വദേശിവല്‍ക്കരണം ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി. സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ എണ്ണം ആഗസ്ത് 17ലെ കണക്കു പ്രകാരം 69,511 ആയി കുറഞ്ഞു. മാര്‍ച്ച് 24ന് ഇത് 71,600 ആയിരുന്നു. അതേ സമയം, സ്വദേശികളുടെ എണ്ണം 3,08,409ല്‍ നിന്ന് 3,19,189 ആയി വര്‍ധിക്കുകയും ചെയ്തു.

🇸🇦സൗദിയില്‍ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ കൂടുന്നു; ഫ്‌ളക്‌സിബിള്‍ വര്‍ക്ക് പ്ലാറ്റ് ഫോം വഴി തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം 10,000 കടന്നു.

✒️സൗദിയില്‍ ഫ്‌ളക്‌സിബിള്‍ വര്‍ക്ക് പ്ലാറ്റ് ഫോം വഴി തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം പതിനായിരം കടന്നു. അടുത്ത വര്‍ഷത്തോടെ പദ്ധതി വഴിയുള്ള കരാറുകള്‍ അരലക്ഷത്തിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നതായി മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. സ്വദേശി തൊഴിലന്വേഷകര്‍ക്ക് പാര്‍ട്ട് ടൈം ജോലിയെടുക്കുന്നതിനും ഫ്രീലാന്‍സിംഗ് ജോലി നോക്കുന്നതിനും മന്ത്രാലയം ഏര്‍പ്പെടുത്തിയ പദ്ധതിയാണ് ഫ്‌ളക്‌സിബിള്‍ വര്‍ക്ക് പ്ലാറ്റ് ഫോം. സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് പദ്ധതി പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷമാണ് തുടക്കം കുറിച്ചത്. മണിക്കൂറിന് വേതനം നിശ്ചയിച്ചാണ് നിയമനം. തൊഴിലാളിയും തൊഴിലുടമയും തമ്മിലുണ്ടാക്കുന്ന ധാരണ മന്ത്രാലയത്തിന്‍റെ മര്‍ന് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതോടെ തൊഴില്‍ കരാര്‍ നിലവില്‍ വരും. വേതനത്തിന് പുറമേ എന്‍ഡ് ഓഫ് സര്‍വീസ് ഉള്‍പ്പെടെ മറ്റ് ആനുകൂല്യങ്ങള്‍ ഒന്നും തൊഴിലാളിക്ക് ലഭിക്കില്ല. പദ്ധതി വഴിയുള്ള തൊഴില്‍ കരാറുകള്‍ വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനും മന്ത്രാലയം ബോധവല്‍ക്കരണം സംഘടിപ്പിക്കും. അടുത്ത വര്‍ഷത്തോടെ കരാര്‍ തൊഴിലാളികളുടെ എണ്ണം അന്‍പത്തിയേഴായിരത്തിലേക്ക് ഉയര്‍ത്തുവാനും മന്ത്രാലയം പദ്ധതിയിടുന്നു.

🇦🇪റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിന് അത്യാധുനിക ട്രാഫിക് റഡാറുകള്‍ സ്ഥാപിക്കാനൊരുങ്ങി അബുദാബി.

✒️റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനായുള്ള പൊലീസിന്റെ ശ്രമങ്ങളുടെ ഭാഗമായി അബുദാബിയിലെ റോഡുകളില്‍ 700ലേറെ ട്രാഫിക് റഡാറുകള്‍ സ്ഥാപിക്കും. ഒരേസമയം ഒന്നിലധികം ട്രാഫിക് ലേനുകള്‍ നിരീക്ഷിക്കാന്‍ ശേഷിയുള്ള സൂക്ഷ്മതയുള്ള ക്യാമറകളാണ് ഈ റഡാറിലുള്ളത്.

കാലാവസ്ഥാ നിരീക്ഷണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും മെറ്റാഫ്യൂഷന്‍ എന്ന് വിളിക്കുന്ന ഈ അത്യാധുനിക ഉപകരണം വാഗ്ദാനം ചെയ്യുന്നു. അബുദാബിയുട റോഡ് സുരക്ഷാ പദ്ധതിയുടെ ഭാഗമായാണ് ഇത്തരത്തില്‍ ട്രാഫിക് റഡാറുകള്‍ സ്ഥാപിക്കുന്നത്. ഇതുവഴി റോഡപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും കുറയ്ക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. റോഡ് സുരക്ഷ, ഡ്രൈവര്‍മാരുടെയും കാല്‍നടയാത്രക്കാരുടെയും സുരക്ഷ എന്നിവ ഉറപ്പാക്കാനുള്ള അബുദാബി പൊലീസിന്റെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ പദ്ധതിയെന്നും ലോകത്തെ ഏറ്റവും മികച്ച രാജ്യമാക്കി യുഎഇയെ മാറ്റാനുള്ള വികസന പ്രവര്‍ത്തനങ്ങളോട് യോജിച്ച് പോകുന്നതാണെന്നും അബുദാബി പൊലീസിലെ സെക്യൂരിറ്റി സിസ്റ്റംസ് വിഭാഗത്തിലെ ട്രാഫിക് ടെക്‌നിക്കല്‍ സിസ്റ്റംസ് സെക്ഷന്‍ മേധാവി മേജര്‍ മുഹമ്മദ് അബ്ദുള്ള അല്‍ സാബി പറഞ്ഞു.

🇸🇦സൗദി വിദേശകാര്യ മന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

✒️സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ദില്ലിയില്‍ എത്തിയതാണ് സൗദി വിദേശകാര്യ മന്ത്രി.

ഇരുരാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള സുദൃഢമായ ബന്ധം ഇവരും ചര്‍ച്ച ചെയ്തു. ഇന്ത്യന്‍ ഗവണ്‍മെന്റിനും ജനങ്ങള്‍ക്കും സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശിയുടെയും അഭിവാദ്യങ്ങളും അഭിനന്ദനങ്ങളും പ്രധാനമന്ത്രിയെ സൗദി വിദേശകാര്യ മന്ത്രി അറിയിച്ചതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പരിസ്ഥിതി സംരക്ഷിക്കാന്‍ സൗദി നടത്തുന്ന ശ്രമങ്ങളെ നരേന്ദ്ര മോദി പ്രശംസിച്ചു.

Post a Comment

0 Comments