🇦🇪ബിഗ് ടിക്കറ്റിലെ 24 കോടിയും പ്രവാസി മലയാളിക്ക് തന്നെ; അഞ്ച് സുഹൃത്തുക്കള്‍ സമ്മാനത്തുക പങ്കിട്ടെടുക്കും.
🇦🇪യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ.
🇧🇭ബഹ്റൈനില്‍ സ്‍പുട്‍നിക് വാക്സിനെടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസിന് അനുമതി.
🇦🇪യുഎഇയില്‍ 984 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണം.
🇰🇼കുവൈത്തില്‍ നഴ്‌സുമാരുടെ അലവന്‍സ് വര്‍ധിപ്പിക്കും.
🇦🇪മൂന്ന് രാജ്യങ്ങളില്‍ നിന്ന് ദുബൈയിലെത്തുന്നവര്‍ക്ക് വിമാനത്താവളത്തില്‍ കൊവിഡ് പരിശോധന ഒഴിവാക്കി.
🇸🇦വിദേശികള്‍ക്ക് ഉംറ; 3500ലേറെ വിസകള്‍ അനുവദിച്ചു.
🇧🇭പതിനൊന്ന് വയസ്സുകാരനില്‍ നിന്ന് കൊവിഡ് ബാധിച്ചത് ആറുപേര്‍ക്ക്; സ്ഥിരീകരിച്ച് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം.
🇶🇦കൊവിഡ് നിയമലംഘനം; ഖത്തറില്‍ 508 പേര്‍ക്കെതിരെ കൂടി നടപടി.
🇧🇭ബഹ്‌റൈൻ: സെപ്റ്റംബർ 5 മുതൽ മുഴുവൻ സർക്കാർ ജീവനക്കാരും ഓഫീസുകളിൽ തിരികെയെത്തും.
🇴🇲ഒമാൻ: സെപ്റ്റംബർ 5 മുതൽ സലാലയിലെ ഏതാനം സിറ്റി ബസ് സർവീസുകൾ പുനരാരംഭിക്കുമെന്ന് മുവാസലാത്ത്.
🇴🇲ഒമാൻ: Tarassud+ ആപ്പിന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കി.
🇸🇦സൗദി: വാണിജ്യ മേഖലയിൽ കൂടുതൽ സുരക്ഷാ മാനദണ്ഡങ്ങൾ; വാക്സിനെടുക്കാത്തവരെ പ്രവേശിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി.
🇰🇼ഇന്ത്യയുടെ അനുമതി കൂടി ലഭ്യമായാൽ നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുമെന്ന് കുവൈത്ത്.
🇸🇦സൗദിയിൽ ഇന്ന് 138 പുതിയ കോവിഡ് രോഗികൾ മാത്രം; ചികിത്സയിലുള്ളവർ 2,708 ആയി കുറഞ്ഞു.
വാർത്തകൾ വിശദമായി
🇦🇪ബിഗ് ടിക്കറ്റിലെ 24 കോടിയും പ്രവാസി മലയാളിക്ക് തന്നെ; അഞ്ച് സുഹൃത്തുക്കള്‍ സമ്മാനത്തുക പങ്കിട്ടെടുക്കും.
✒️വെള്ളിയാഴ്‍ച നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ ഒന്നാം സമ്മാനം വീണ്ടുമൊരു മലയാളിക്ക്. കാസര്‍കോഡ് ഉപ്പള ബൈദല സ്വദേശി അബു താഹിര്‍ മുഹമ്മദിന്റെ പേരില്‍ അദ്ദേഹത്തൊടൊപ്പം ജോലി ചെയുന്ന നാല് സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് സമ്മാനാര്‍ഹമായ ടിക്കറ്റെടുത്തത്. സമ്മാനത്തുകയായ 1.2 കോടി ദിര്‍ഹം (24 കോടിയിലധികം ഇന്ത്യന്‍ രൂപ) ഇവര്‍ വീതിച്ചെടുക്കും.
ബിഗ് ടിക്കറ്റിന്റെ 231-ാം സീരിസ് ഡ്രീം 12 മില്യന്‍ നറുക്കെടുപ്പാണ് വെള്ളിയാഴ്‍ച രാത്രി നടന്നത്. ഓഗസ്റ്റ് 30ന് എടുത്ത 027700 നമ്പര്‍ ടിക്കറ്റിലൂടെ നാലാം ദിവസം അഞ്ച് സുഹൃത്തുക്കളും കോടീശ്വരന്മാരായി മാറി. ഭാര്യയും അമ്മയും രണ്ട് പെണ്‍മക്കളുമടങ്ങുന്ന കുടുംബത്തോടൊപ്പം റാസല്‍ഖൈമയിലാണ് താന്‍ താമസിക്കുന്നതെന്ന് അബു താഹിര്‍ മുഹമ്മദ് ബിഗ് ടിക്കറ്റ് അധികൃതരോട് പറഞ്ഞു. ഒരു ഷിപ്പിങ് കമ്പനിയില്‍ ഓപ്പറേഷന്‍ കോഓര്‍ഡിനേറ്ററായി ജോലി ചെയ്യുന്ന അദ്ദേഹം ഇതേ സുഹൃത്തുക്കളോടൊപ്പം കഴിഞ്ഞ ഒന്നര വര്‍ഷമായി ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം പരീക്ഷിക്കുകയാണ്.
സമ്മാനത്തുക കൊണ്ട് എന്ത് ചെയ്യുമെന്ന ചോദ്യത്തിന്, ഓരോ തവണയും ടിക്കറ്റെടുക്കുമ്പോള്‍ വിജയിച്ചാല്‍ എന്ത് ചെയ്യുമെന്ന് ആലോചിച്ചിരുന്നില്ലെന്ന് അദ്ദേഹം മറുപടി നല്‍കി. ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് നടക്കുമ്പോള്‍ അബു താഹിര്‍ തത്സമയ സംപ്രേക്ഷണം കാണുന്നുണ്ടായിരുന്നില്ല. എന്നാല്‍ സംഘത്തിലെ സുഹൃത്തുക്കളിലൊരാള്‍ തങ്ങളുടെ ടിക്കറ്റ് ഒന്നാം സമ്മാനം നേടുന്നത് തത്സമയം കണ്ടുകൊണ്ടിരിക്കുകയായിരുന്നു. കരഞ്ഞുകൊണ്ടാണ് അദ്ദേഹം വിളിച്ച് സമ്മാനം കിട്ടിയ വിവരം അറിയിച്ചതെന്ന് അബു താഹിര്‍ പറയുന്നു. 'വിജയത്തിന്റെ ആഘാതത്തിലാണ്' ഇപ്പോഴുമെന്ന് വ്യക്തമാക്കിയ അദ്ദേഹം ഭാവി പരിപാടികളെക്കുറിച്ച് ഒരു തീരുമാനവുമെടുത്തിട്ടില്ലെന്നും പറഞ്ഞു.
നറുക്കെടുപ്പില്‍ ആകെയുണ്ടായിരുന്ന ആറ് സമ്മാനങ്ങളില്‍ അഞ്ചെണ്ണവും ഇന്ത്യക്കാര്‍ തന്നെയാണ് സ്വന്തമാക്കിയത്. ഓണ്‍ലൈന്‍ വഴിയെടുത്ത 007943 നമ്പര്‍ ടിക്കറ്റിലൂടെ നിന മുഹമ്മദ് മുഹമ്മദ് റാഫിഖാണ് രണ്ടാം സമ്മാനം നേടിയത്. 10 ലക്ഷം ദിര്‍ഹമാണ് (രണ്ട് കോടിയിലധികം ഇന്ത്യന്‍ രൂപ) അദ്ദേഹത്തിന് ബിഗ് ടിക്കറ്റിലൂടെ രണ്ടാം സമ്മാനമായി ലഭിക്കുക. മൂന്നാം സമ്മാനം നേടിയ സജിത് കുമാര്‍ പി.വി ഒരു ലക്ഷം ദിര്‍ഹം സ്വന്തമാക്കി. 218228 നമ്പര്‍ ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ ഭാഗ്യം കടാക്ഷിച്ചത്.
ഇന്ത്യക്കാരനായ ഹരന്‍ ജോഷി 80,000 ദിര്‍ഹത്തിന്റെ നാലാം സമ്മാനവും (ടിക്കറ്റ് നമ്പര്‍ 024342) അഫ്‍സല്‍ പാറലത്ത് (ടിക്കറ്റ് നമ്പര്‍ 219099) 40,000 ദിര്‍ഹത്തിന്റെ നാലാം സമ്മാനവും സ്വന്തമാക്കി.
അഞ്ചാം സമ്മാനം നേടിയ ഷോങ്‍ദോങ് ഹുവാഗ് മാത്രമാണ് വിജയികളുടെ പട്ടികയില്‍ ഇന്ത്യക്കാരനല്ലാത്ത ഒരേയൊരാള്‍. ചൈനീസ് പൗരനായ അദ്ദേഹത്തിന് 022396 നമ്പര്‍ ടിക്കറ്റിലൂടെ 60,000 ദിര്‍ഹമാണ് സമ്മാനം ലഭിച്ചത്. ഇന്ന് നടന്ന ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ നറുക്കെടുപ്പില്‍ ഈജിപ്‍ഷ്യന്‍ പൗരനായ അഹ്‍മദ് ഐഷാണ് വിജയിയാത്. 015598 നമ്പര്‍ ടിക്കറ്റിലൂടെ മെഴ്‍സിഡസ് സി200 കാറാണ് അദ്ദേഹത്തിന് ലഭിച്ചത്.
ബിഗ് ടിക്കറ്റിലൂടെ 20 കോടി രൂപ (ഒരു കോടി ദിര്‍ഹം) സമ്മാനം നല്‍കുന്ന നറുക്കെടുപ്പാണ് ഇനി വരാനിരിക്കുന്നത്. 10 ലക്ഷം ദിര്‍ഹമാണ് ഇതിലെ രണ്ടാം സമ്മാനം. മറ്റ് ആറ് വിജയികള്‍ക്ക് കൂടി തങ്ങളുടെ ജീവിതം മാറ്റിമറിക്കുന്ന ക്യാഷ് പ്രൈസുകള്‍ ലഭിക്കും. ഡ്രീം കാര്‍ സീരിസില്‍ റേഞ്ച് റോവര്‍ ഇവോക് കാറാണ് ഒരു ഭാഗ്യവാനെ കാത്തിരിക്കുന്നത്. ബിഗ് ടിക്കറ്റ് നറുക്കെടുപ്പിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ പിന്തുടരണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടു.
🇦🇪യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ.
✒️യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്‍ച ഉച്ചയ്‍ക്ക് ശേഷം സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു. രാജ്യത്തെ ചില പ്രദേശങ്ങളില്‍ മഴയ്‍ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. വിവിധ സ്ഥലങ്ങളിലെ മഴയുടെ ദൃശ്യങ്ങള്‍ സ്വദേശികളും പ്രവാസികളും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെയ്‍ക്കുകയും ചെയ്‍തിട്ടുണ്ട്.
രാജ്യത്തിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാനുള്ള സാധ്യതയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു. ശക്തമായ പൊടിക്കാറ്റ് മൂലം ശനിയാഴ്‍ച ഉച്ചയ്‍ക്ക് ശേഷം 2.30 മുതല്‍ ഏഴ് മണി വരെ ദൂരക്കാഴ്‍ചക്ക് ബുദ്ധിമുട്ട് നേരിടുമെന്നും അറിയിച്ചിരുന്നു. ശനിയാഴ്‍ച ഉച്ചയ്‍ക്ക് ശേഷം അല്‍ ഐനിലെ വിവിധ പ്രദേശങ്ങള്‍, ഖതം അല്‍ ശിഖ്‍ല, ഉമ്മുഗഫ, അല്‍ഫവ, അല്‍ ഹിലി തുടങ്ങിയ പ്രദേശങ്ങളില്‍ മഴ ലഭിച്ചു.
🇧🇭ബഹ്റൈനില്‍ സ്‍പുട്‍നിക് വാക്സിനെടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസിന് അനുമതി.
✒️ബഹ്റൈനില്‍ സ്‍പുട്‍നിക് വാക്സിന്‍ എടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസിന് അനുമതി. രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം പൂര്‍ത്തിയായവര്‍ക്കാണ് മൂന്നാം ഡോസ് നല്‍കുക. ആരോഗ്യ മന്ത്രാലയത്തിലെ വാക്സിനേഷന്‍ കമ്മിറ്റി ഇത് സംബന്ധിച്ച തീരുമാനത്തിന് അംഗീകാരം നല്‍കിയതായി നാഷണല്‍ കൊവിഡ് ടാസ്‍ക് ഫോഴ്‍സാണ് കഴിഞ്ഞ ദിവസം അറിയിച്ചത്.
18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായിരിക്കും ബൂസ്റ്റര്‍ ഡോസ് ലഭിക്കുക. യോഗ്യരായവര്‍ക്ക് മൂന്നാം ഡോസിനായി ഫൈസര്‍ ബയോഎന്‍ടെക് വാക്സിനോ സ്‍പുട്‍നിക് വാക്സിനോ തെരഞ്ഞെടുക്കാം. ലോകത്തുതന്നെ ആദ്യമായാണ് സ്‍പുട്നിക് വാക്സിന്‍ എടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാനുള്ള തീരുമാനം ഒരു രാജ്യം കൈക്കൊള്ളുന്നത്. യോഗ്യരായവര്‍ക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‍സൈറ്റായ healthalert.gov.bh വഴിയോ BeAware മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ ബൂസ്റ്റര്‍ ഡോസിനായി രജിസ്റ്റര്‍ ചെയ്യാം.
🇦🇪യുഎഇയില്‍ 984 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണം.
✒️യുഎഇയില്‍ 984 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,475 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു.
പുതിയതായി നടത്തിയ 3,35,439 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,22,292 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,11,134 പേര്‍ രോഗമുക്തരാവുകയും 2,045 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 9,113 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
🇰🇼കുവൈത്തില്‍ നഴ്‌സുമാരുടെ അലവന്‍സ് വര്‍ധിപ്പിക്കും.
✒️കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ അലവന്‍സ് വര്‍ധിപ്പിക്കും. സീനിയോരിറ്റിക്കും അവരുടെ പദവിക്കും ആനുപാതികമായി 450 ദിനാര്‍ മുതല്‍ 850 ദിനാര്‍ വരെ അലവന്‍സ് വര്‍ധന അനുവദിക്കാന്‍ സിവില്‍ സര്‍വീസ് കമ്മീഷന്‍ തീരുമാനിച്ചു.
അടുത്തിടെ പ്രഖ്യാപിച്ച എക്സലന്‍റ് വര്‍ക്ക് അവാര്‍ഡുകളെ കുറിച്ച് പരാതിയുള്ളവര്‍ https://grievance.moh.gov. kw/bonus/ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി പരാതി നല്‍കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സെപ്തംബര്‍ 16 വരെയാണ് ഇതിനുള്ള സമയപരിധി. 2020ല്‍ എക്‌സലന്റ് റേറ്റിങ് കിട്ടിയവര്‍ക്കും അച്ചടക്ക നടപടികള്‍ക്ക് വിധേയരായിട്ടില്ലാത്തവര്‍ക്കുമാണ് പരാതി നല്‍കാന്‍ അര്‍ഹത. സ്വീകരിക്കപ്പെടുന്ന പരാതികളില്‍ അറിയിപ്പ് 24 മണിക്കൂറിനകം എസ്എംഎസ് ആയി ലഭിക്കുന്നതാണ്.
🇦🇪മൂന്ന് രാജ്യങ്ങളില്‍ നിന്ന് ദുബൈയിലെത്തുന്നവര്‍ക്ക് വിമാനത്താവളത്തില്‍ കൊവിഡ് പരിശോധന ഒഴിവാക്കി.
✒️ഒമാന്‍, ഓസ്ട്രിയ, മാലദ്വീപ് എന്നിവിടങ്ങളില്‍ നിന്ന് ദുബൈയിലെത്തുന്നവര്‍ക്ക് വിമാനത്താവളത്തിലെ കൊവിഡ് പരിശോധന ഒഴിവാക്കിയതായി എമിറേറ്റ്‌സ് എയര്‍ലൈന്‍. ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സെപ്തംബര്‍ നാലു മുതല്‍ ദുബൈ വിമാനത്താവളത്തില്‍ കൊവിഡ് പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകേണ്ടതില്ലെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍ വെബ്‌സൈറ്റില്‍ അറിയിച്ചു.
ദുബൈയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ജിഡിആര്‍എഫ്എ അനുമതി ആവശ്യമില്ലെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ യാത്രയ്ക്ക് 48 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കണം. ഈ സര്‍ട്ടിഫിക്കറ്റില്‍ ക്യൂ ആര്‍ കോഡും നിര്‍ബന്ധമാണ്.
🇸🇦വിദേശികള്‍ക്ക് ഉംറ; 3500ലേറെ വിസകള്‍ അനുവദിച്ചു.
✒️കൊവിഡ് കാലത്തു നിര്‍ത്തിവെച്ച വിദേശ തീര്‍ത്ഥാടകര്‍ക്കുള്ള ഉംറ പുനരാരംഭിച്ചതിന് ശേഷം മൂന്നാഴ്ചക്കിടെ വിദേശ രാജ്യങ്ങളിലേക്ക് 3,500 ലേറെ ഉംറ വിസകള്‍ അനുവദിച്ചതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. വിസ അനുവദിച്ചവരില്‍ 770 പേര്‍ ഇതിനകം പുണ്യഭൂമിയിലെത്തി. കൂടുതല്‍ വിസാ അപേക്ഷകള്‍ മന്ത്രാലയം സ്വീകരിച്ചുവരികയാണ്.
ഉംറ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്ന, ലോകത്തെങ്ങും നിന്നുള്ള മുസ്ലിംകള്‍ക്കു മുന്നില്‍ സൗദി അറേബ്യയുടെ കവാടങ്ങള്‍ തുറന്നിട്ടിരിക്കുകയാണ്. സുതാര്യത ഉറപ്പുവരുത്തുന്നതിന് മത്സരാധിഷ്ഠിതവും സ്ഥിരവുമായ നിരക്കുകള്‍ നല്‍കാന്‍ ഹോട്ടലുകളെ ഹജ്, ഉംറ മന്ത്രാലയം പ്രേരിപ്പിക്കുകയാണ്. ഹോട്ടല്‍ മുറി നിരക്കുകള്‍ നിശ്ചയിക്കുന്നതിലും നിരീക്ഷിക്കുന്നതിലും ഹജ്, ഉംറ മന്ത്രാലയത്തിന് ഉത്തരവാദിത്തമില്ല. എന്നാല്‍ ഹോട്ടല്‍ മുറി നിരക്കുകള്‍ പുനഃപരിശോധിക്കണമെന്ന് ചേംബര്‍ ഓഫ് കൊമേഴ്സുകളോടും നിക്ഷേപകരോടും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
🇧🇭പതിനൊന്ന് വയസ്സുകാരനില്‍ നിന്ന് കൊവിഡ് ബാധിച്ചത് ആറുപേര്‍ക്ക്; സ്ഥിരീകരിച്ച് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം.
✒️ബഹ്റൈനില്‍ കൊവിഡ് പോസിറ്റീവായ 11 വയസ്സുള്ള സ്വദേശി ആണ്‍കുട്ടിയില്‍ നിന്ന് രോഗം ബാധിച്ചത് കുടുംബത്തിലെ ആറുപേര്‍ക്ക്. ഒരേ വീട്ടില്‍ താമസിക്കുന്നവരാണ് ഇവര്‍.
കുട്ടിയുമായി നേരിട്ട് സമ്പര്‍ക്കത്തിലേര്‍പ്പെട്ട മാതാവിനും സഹോദരങ്ങള്‍ക്കുമാണ് കൊവിഡ് ബാധിച്ചത്. കൊവിഡ് രോഗികളുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരെ കണ്ടെത്തുന്നതിന്റെഭാഗമായി ആരോഗ്യ മന്ത്രാലയമാണ് ഓഗസ്റ്റ് 26-സെപ്തംബര്‍ ഒന്ന് വരെയുള്ള കാലയളവിലെ പ്രധാന വിവരങ്ങള്‍ പുറത്തുവിട്ടത്. അതേസമയം കഴിഞ്ഞ ആഴ്ചയില്‍ ശരാശരി പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 100 ആയി ഉയര്‍ന്നു. ഇതിന് മുമ്പത്തെ ആഴ്ച 96 ആയിരുന്നു. ആകെ 702 കേസുകളാണ് കഴിഞ്ഞ ആഴ്ചയില്‍ റിപ്പോര്‍ട്ട്‌ചെയ്തത്. 359 പേര്‍ സ്വദേശികളും ബാക്കിയുള്ളവര്‍ പ്രവാസികളുമാണ്.
🇶🇦കൊവിഡ് നിയമലംഘനം; ഖത്തറില്‍ 508 പേര്‍ക്കെതിരെ കൂടി നടപടി.
✒️ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കി. നിയമം ലംഘിച്ച 508 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 407 പേരും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിനാണ് നടപടി നേരിട്ടത്.
സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 94 പേരെയും മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് ഏഴുപേരെയും പിടികൂടി. എല്ലാവരെയും തുടര്‍നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
രാജ്യത്ത് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരൊഴികെ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക.
🇧🇭ബഹ്‌റൈൻ: സെപ്റ്റംബർ 5 മുതൽ മുഴുവൻ സർക്കാർ ജീവനക്കാരും ഓഫീസുകളിൽ തിരികെയെത്തും.
✒️2021 സെപ്റ്റംബർ 5, ഞായറാഴ്ച്ച മുതൽ രാജ്യത്തെ മുഴുവൻ സർക്കാർ ജീവനക്കാരും ഓഫീസുകളിൽ തിരികെ പ്രവേശിക്കണമെന്ന് ബഹ്‌റൈൻ സിവിൽ സർവീസ് കൗൺസിൽ വ്യക്തമാക്കി. സെപ്റ്റംബർ 3 മുതൽ, ബഹ്‌റൈനിൽ COVID-19 നിയന്ത്രണങ്ങളിൽ ഏറ്റവും കൂടുതൽ ഇളവുകൾ അനുവദിക്കുന്ന ഗ്രീൻ ലെവൽ അലേർട്ട് ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് ഈ തീരുമാനം.
ഇതോടെ ഞായറാഴ്ച്ച മുതൽ രാജ്യത്തെ സർക്കാർ ഓഫീസുകൾ 100 ശതമാനം ഹാജർ നിലയിൽ പ്രവർത്തിക്കുന്നതാണ്. ഇതിനു പുറമെ, സെപ്റ്റംബർ 5 മുതൽ COVID-19 വാക്സിൻ സ്വീകരിക്കാത്ത സന്ദർശകർക്ക് സർക്കാർ ഓഫീസുകളിലേക്ക് പ്രവേശിക്കുന്നതിന് അനുമതിയുണ്ടായിരിക്കുന്നതാണ്.
2021 സെപ്റ്റംബർ 3, വെള്ളിയാഴ്ച്ച മുതൽ രാജ്യത്ത് ഗ്രീൻ ലെവൽ അലേർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ COVID-19 രോഗവ്യാപനം സൂചിപ്പിക്കുന്നതിനായി ജൂലൈ 2 മുതൽ ട്രാഫിക് ലൈറ്റ് സിഗ്നലിന് സമാനമായ ഒരു കളർ കോഡിങ്ങ് സംവിധാനം ഉപയോഗിക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
ഈ കളർ ലെവൽ പ്രകാരമാണ് ബഹ്‌റൈനിലെ വിവിധ മേഖലകളിലെ നിയന്ത്രണങ്ങളും, ഇളവുകളും കണക്കാക്കുന്നത്. ഈ സംവിധാന പ്രകാരം, COVID-19 നിയന്ത്രണങ്ങളിൽ ഏറ്റവും കൂടുതൽ ഇളവുകൾ അനുവദിച്ചിട്ടുള്ളത് ഗ്രീൻ അലേർട്ട് ലെവലിലാണ്.
🇴🇲ഒമാൻ: സെപ്റ്റംബർ 5 മുതൽ സലാലയിലെ ഏതാനം സിറ്റി ബസ് സർവീസുകൾ പുനരാരംഭിക്കുമെന്ന് മുവാസലാത്ത്.
✒️സലാലയിലെ സിറ്റി ബസ് സർവീസുകളുമായി ബന്ധപ്പെട്ട് ഒമാനിലെ പൊതുഗതാഗത സേവന സ്ഥാപനമായ മുവാസലാത്ത് അറിയിപ്പ് പുറത്തിറക്കി. ഈ അറിയിപ്പ് പ്രകാരം, 2021 സെപ്റ്റംബർ 5, ഞായറാഴ്ച്ച മുതൽ സലാലയിലെ ഏതാനം സിറ്റി ബസ് സർവീസുകൾ പുനരാരംഭിക്കുമെന്ന് മുവാസലാത്ത് വ്യക്തമാക്കിയിട്ടുണ്ട്.
2021 സെപ്റ്റംബർ 5 മുതൽ സലാലയിലെ സിറ്റി ബസ് സർവീസുകൾ സംബന്ധിച്ച് താഴെ പറയുന്ന നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതാണ്:
റൂട്ട് 21 പുനരാരംഭിക്കും – സലാല എയർപോർട്ട് – ഇൻഡസ്ട്രിയൽ ഏരിയ, സിറ്റി സെന്റർ.
അൽ സാദാഹ് – സിറ്റി സെന്റർ – സലാല പോർട്ട് സർവീസായ റൂട്ട് 20-ന്റെ ബസ് സ്റ്റോപ്പുകൾ പുനക്രമീകരിക്കും – അൽ സാദാഹിൽ നിന്ന് ആരംഭിച്ച് അൽ സാദാഹ് നോർത്ത്, സലാല ഗ്രാൻഡ് മാൾ എന്നിവിടങ്ങളിലൂടെയായിരിക്കും ഈ സർവീസ്.
🇴🇲ഒമാൻ: Tarassud+ ആപ്പിന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കി.
✒️രാജ്യത്തെ COVID-19 ട്രേസിങ്ങ് ആപ്പ് ആയ Tarassud+ ആപ്പിന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമാനിൽ നിന്ന് വാക്സിനെടുത്തവർക്ക് ഈ ആപ്പിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തുന്ന രീതിയിലാണ് ആപ്പ് പുതുക്കിയിരിക്കുന്നത്.
സെപ്റ്റംബർ 4-ന് രാവിലെയാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ആപ്പിന്റെ പുതുക്കിയ പതിപ്പിൽ താഴെ പറയുന്ന സേവനങ്ങളാണ് അധികമായി ഉൾപ്പെടുത്തിയിരിക്കുന്നത്.
COVID-19 വാക്സിൻ കുത്തിവെപ്പെടുത്തവരുടെ വാക്സിനേഷൻ വിവരങ്ങൾ ആപ്പിന്റെ ഹോം പേജിൽ ലഭ്യമാണ്. വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള QR കോഡ് ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വ്യക്തികളുടെ പാസ്സ്‌പോർട്ട് നമ്പർ ഉൾപ്പെടുത്തുന്നതിനും, ഇതിൽ മാറ്റം വരുത്തുന്നതിനുമുള്ള സേവനം ആപ്പിൽ ലഭ്യമാണ്.
വ്യക്തികൾക്ക് തങ്ങളുടെ മക്കൾ, ജോലിക്കാർ തുടങ്ങിയവരുടെ വിവരങ്ങൾ ഈ ആപ്പിലേക്ക് ബന്ധിപ്പിക്കുന്നതിനും, ആവശ്യമെങ്കിൽ ഒഴിവാക്കുന്നതിനും സാധ്യമാണ്.
🇸🇦സൗദി: വാണിജ്യ മേഖലയിൽ കൂടുതൽ സുരക്ഷാ മാനദണ്ഡങ്ങൾ; വാക്സിനെടുക്കാത്തവരെ പ്രവേശിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി.
✒️രാജ്യത്തെ വാണിജ്യ മേഖലയിൽ കൂടുതൽ COVID-19 സുരക്ഷാ മാനദണ്ഡങ്ങളും, മുൻകരുതൽ നടപടികളും ഏർപ്പെടുത്താൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 3-ന് വൈകീട്ടാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
COVID-19 വ്യാപനം തടയുന്നതിനായാണ് ആഭ്യന്തര മന്ത്രാലയം ഈ പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് പ്രകാരം COVID-19 വാക്സിനെടുക്കാത്തവർക്ക് പ്രവേശനം അനുവദിക്കുന്ന വാണിജ്യ സ്ഥാപനങ്ങൾക്ക് ശിക്ഷാ നടപടികൾ നേരിടേണ്ടിവരുന്നതാണ്.
ഈ അറിയിപ്പ് പ്രകാരം, താഴെ പറയുന്ന സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച്ച വരുത്തുന്ന വാണിജ്യ സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികൾ ഉണ്ടാകുന്നതാണ്:
COVID-19 വാക്സിനെടുക്കാത്തവർക്ക് വാണിജ്യ സ്ഥാപനങ്ങളിലേക്ക് പ്രവേശനം നിഷേധിച്ചിട്ടുള്ള തീരുമാനത്തിൽ വീഴ്ച്ചകൾ വരുത്തുക.
പരമാവധി അനുവദനീയമായതിൽ കൂടുതൽ ആളുകൾ ഒത്ത് ചേരാൻ ഇടയാക്കുന്ന മാളുകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവയ്ക്കെതിരെ നടപടി ഉണ്ടാകുന്നതാണ്. ഇത്തരം കേന്ദ്രങ്ങളിൽ തിരക്ക് നിയന്ത്രിക്കാനും, പരമാവധി അനുവദിച്ചിട്ടുള്ള ശേഷിയിൽ പ്രവർത്തനം നിയന്ത്രിക്കാനുമുള്ള നടപടികൾ ഉറപ്പ് വരുത്തണം.
ഓരോ സ്ഥാപനങ്ങളിലും അനുവദിച്ചതിലധികം വ്യക്തികളെ പ്രവേശിപ്പിക്കുക.
നിലവിലുള്ള COVID-19 മാനദണ്ഡങ്ങളുടെ തുടർച്ചയായാണ് ഈ പുതിയ അറിയിപ്പ്.
🇰🇼ഇന്ത്യയുടെ അനുമതി കൂടി ലഭ്യമായാൽ നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുമെന്ന് കുവൈത്ത്.
✒️ഇന്ത്യയുടെ അനുമതി കൂടി ലഭ്യമായാൽ നേരിട്ടുള്ള വിമാനസർവീസുകൾ ഉടൻ ആരംഭിക്കുമെന്ന് കുവൈത്ത് സിവിൽ ഏവിയേഷൻ അറിയിച്ചു. ഈജിപ്തിൽ നിന്നുള്ള സർവീസുകൾ ഞായറാഴ്ച മുതൽ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
കുവൈത്ത് വിമാനത്താവളത്തിലെ വ്യോമഗതാഗത വിഭാഗം ഡയറക്ടർ അബ്ദുല്ല ഫദ്‌ഗൂസ് അൽ രാജ്‌ഹി ആണ് ഇക്കാര്യം അറിയിച്ചത് . ഇന്ത്യയിൽ നിന്നുള്ള സർവീസുകൾക്ക് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി കാത്തിരിക്കുകയാണെന്നും അടുത്ത ആഴ്ചയോടെ സർവീസുകൾ ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു . . ഈജിപ്തിൽ നിന്നുള്ള സർവീസുകൾക്ക് ഞായറാഴ്ച തുടക്കമാകും.. പ്രതിദിനം ഒമ്പത് വിമാനങ്ങളാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ സർവീസ് നടത്തുക. കുവൈത്ത് എയർ വെയ്‌സ്, ജസീറ എയർ വെയ്‌സ് എന്നീ കുവൈത്തി കാരിയറുകൾക്ക് പുറമെ ഈജിപ്ത് വിമാനക്കമ്പനികളും സർവീസ് നടത്തും. കുവൈറ്റ് വിമാനത്താവളത്തില്‍ എത്തുന്ന പ്രതിദിന യാത്രക്കാരുടെ എണ്ണം പതിനായിരമായി ഉയര്‍ത്താനുള്ള മന്ത്രിസഭ തീരുമാനത്തിന് അനുസൃതമായി വിമാനക്കമ്പനികൾക്ക് സീറ്റുകളുടെ എണ്ണം നിശ്ചയിച്ചു നൽകിയിട്ടുണ്ട്. ആഴ്ചയിൽ 5528 സീറ്റുകൾ ആണ് ഇന്ത്യ കുവൈത്ത് വ്യോമയാന വകുപ്പ് അനുവദിച്ചത് . ഇതിൽ പകുതി കുവൈത്തി വിമാനക്കമ്പനികൾക്കും പകുതി ഇന്ത്യൻ വിമാന കമ്പനികൾക്കും ആണ്. ഇന്ത്യൻ കാരിയറുകൾക്കുള്ള സീറ്റ് വിഭജനം പൂർത്തിയാകാത്തതാണ് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി വൈകാൻ കാരണമെന്നാണ് സൂചന. അതിനിടെ ജസീറ എയർ വേസിന്റെ ചാർട്ടർ വിമാനം ഇന്നലെ കൊച്ചിയിൽ നിന്നു 167 യാത്രക്കാരുമായി കുവൈത്തിലേക്ക് സർവീസ് നടത്തിയിരുന്നു .
🇸🇦സൗദിയിൽ ഇന്ന് 138 പുതിയ കോവിഡ് രോഗികൾ മാത്രം; ചികിത്സയിലുള്ളവർ 2,708 ആയി കുറഞ്ഞു.
✒️സൗദിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 138 പുതിയ കോവിഡ് കേസുകൾ മാത്രം. 211 പേർ രോഗമുക്തിനേടി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,45,123 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,33,843 ഉം ആയി. ഏഴ് പേർ ഇന്ന് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 8,572 ആയി.
നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2,708 ആയി കുറഞ്ഞു. ഇവരിൽ 750 പേർ ഗുരുതരാവസ്ഥയിലാണ്. ഇതുവരെ രാജ്യത്തെ രോഗ മുക്തിനിരക്ക് 97.93 ശതമാനവും മരണനിരക്ക് 1.56 ശതമാനവുമാണ്.
വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 43, മക്ക 25, കിഴക്കൻ പ്രവിശ്യ 14, മദീന 10, ജീസാൻ 10, അസീർ 9, അൽ ഖസീം 7, നജ്റാൻ 5, തബൂക്ക് 4, ഹായിൽ 4, വടക്കൻ അതിർത്തി മേഖല 3, അൽ ജൗഫ് 2, അൽബാഹ 2. ഇതുവരെ രാജ്യത്ത് 3,77,40,661 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
0 Comments