മലപ്പുറം: ദുബായില്‍നിന്ന് കോഴിക്കോട് വിമാനത്താവളംവഴി നാട്ടിലെത്തി വീട്ടിലേക്കു മടങ്ങുന്നതിനിടെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയ കാളികാവ് സ്വദേശി തിരിച്ചെത്തി.ബുധനാഴ്ച ആറുമണിയോടെ മഞ്ചേരി പട്ടര്‍കുളത്തുന്നിന്ന് തട്ടിക്കൊണ്ടുപോയ ചോക്കാട് പുലത്ത് വീട്ടില്‍ റാഷിദ് (27) വ്യാഴാഴ്ച ഉച്ചയോടെ മഞ്ചേരി പോലീസ്സ്റ്റേഷനില്‍ ഹാജരായി.
തട്ടിക്കൊണ്ടുപോയവര്‍ ദേഹോപദ്രവമേല്‍പ്പിക്കാതെ മഞ്ചേരിയില്‍ ഇറക്കിവിട്ടുവെന്ന് ഇയാള്‍ മൊഴിനല്‍കി. കൂടുതല്‍ വിവരങ്ങളറിയാന്‍ ഇയാളെ പോലീസ് ചോദ്യംചെയ്യുന്നുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തെതുടര്‍ന്ന് വള്ളുവമ്പ്രം കേന്ദ്രമായ സംഘമാണ് റാഷിദിനെ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസിനു ലഭിച്ച വിവരം.ഇവര്‍ക്കായി കൊണ്ടുവന്ന സ്വര്‍ണം കോഴിക്കോട്ടെ സംഘത്തിനു റാഷിദ് മറിച്ചുനല്‍കിയതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമെന്നും സൂചനയുണ്ട്.
ദുബായില്‍നിന്ന് പുറപ്പെട്ട റാഷിദ് തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചരയ്ക്കാണ് കരിപ്പൂരില്‍ വിമാനമിറങ്ങിയത്. വീട്ടുകാര്‍പോലും അറിയാതെയായിരുന്നു വരവ്. വള്ളുവമ്പ്രത്തെ സംഘം ചൊവ്വാഴ്ച ചോക്കാട്ടെ വീട്ടിലെത്തി റാഷിദിനെ തിരക്കിയതായും കൊണ്ടുവന്ന സാധനം എവിടെയാണ് ഒളിപ്പിച്ചതെന്നുചോദിച്ച് വീട്ടുകാരോട് കയര്‍ക്കുകയും ഭാര്യയുടെ ഫോണ്‍ പിടിച്ചുവാങ്ങുകയും ചെയ്തതായി പോലീസ് പറയുന്നു.
ഈസമയം റാഷിദ് കോഴിക്കോട്ടെ സംഘത്തോടൊപ്പം കല്‍പ്പറ്റയിലെ ഒരു റിസോര്‍ട്ടിലെത്തിയതായി സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് പോലീസിനു വ്യക്തമായിട്ടുണ്ട്. ഇയാള്‍ സ്വര്‍ണം കൈമാറാനാണോ ഇവിടെയെത്തിയതെന്നു പോലീസ് അന്വേഷിച്ചുവരികയാണ്.
വയനാട്ടില്‍നിന്ന് കോഴിക്കോട്ടെത്തി ടാക്സിയില്‍ കാളികാവിലേക്കു വരുമ്പോഴാണ് മഞ്ചേരി പട്ടര്‍കുളത്തുവെച്ചു നാലംഗസംഘം റാഷിദിനെ തട്ടിക്കൊണ്ടുപോയത്. ഇവരില്‍ ഒരാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റുള്ളവര്‍ക്കായി അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് കരിപ്പൂര്‍ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
0 Comments