Ticker

6/recent/ticker-posts

Header Ads Widget

നിപയിൽ ആശ്വാസം; രണ്ട് പേര്‍ക്ക് കൂടി നെഗറ്റീവ്; ചാത്തമംഗലം പഞ്ചായത്ത് പൂർണമായി അടച്ചിടും

കോഴിക്കോട് ചാത്തമംഗലത്ത് നിപ ബാധിച്ച് മരിച്ച 12 കാരനുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ രണ്ട് പേര്‍ക്ക് കൂടി ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

ഇതോടെ സമ്പര്‍ക്ക പട്ടികയിലുള്ള 10 പേരുടെ പരിശോധന ഫലം നെഗറ്റീവായി. കുട്ടിയുടെ മാതാപിതാക്കള്‍ അടക്കമുളളവര്‍ക്കാണ് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്. ഫലങ്ങള്‍ ആശ്വാസം നല്‍കുന്നതെന്നും എന്നാല്‍ ജാഗ്രതിയില്‍ തെല്ലും വിട്ടുവീഴ്ചയില്ലെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് പറ‍‍‍ഞ്ഞു. അതേസമയം, പ്രതിരോധത്തിന്‍റെ ഭാഗമായി ചാത്തമംഗലം പഞ്ചായത്ത് പൂർണമായി അടച്ചിടുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു. അവശ്യ സേവനങ്ങൾക്ക് മാത്രമായിരിക്കും അനുമതി.

ചാത്തമംഗലം മുന്നൂരില്‍ നിപ ബാധിച്ച് മരിച്ച 12കാരനുമായി അടുത്ത ബന്ധം പുലര്‍ത്തിയ പലര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടതോടെ പരിശോധന ഫലങ്ങള്‍ എന്താകുമെന്ന ആശങ്കയിലായിരുന്നു ഏവരും. എന്നാല്‍ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിച്ച എട്ട് സാംപിളുകളിലും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഇന്നലെ പ്രവര്‍ത്തനം തുടങ്ങിയ ലാബില്‍ പരിശോധിച്ച രണ്ട് സാംപിളുകളിലും നിപ വൈറസ് സാന്നിധ്യമില്ലെന്ന റിപ്പോര്‍ട്ട് പുലര്‍ച്ചെ എത്തി. രാവിലെ എട്ട് മണിയോടെ മാധ്യമങ്ങളെ കണ്ട ആരോഗ്യ മന്ത്രി ആശ്വാസ വാര്‍ത്ത പുറത്തുവിട്ടു.

11 പേരുടെ പരിശോധന ഫലങ്ങള്‍ കൂടി ഇനി വരാനുണ്ട്. മെഡിക്കൽ കോളേജിൽ നിലവിൽ 48 പേരാണ് നിരീക്ഷണത്തിലുളളത്. ഇവരുടെ സ്രവ സാംപിളുകള്‍ ഇന്ന് മെഡിക്കൽ കോളജിലെ ലാബിൽ പരിശോധിക്കും. ഫലം പോസിറ്റീവാണെങ്കില്‍ പൂണെ ലാബില്‍ വീണ്ടും പരിശോധന നടത്തിയ ശേഷമാകും സ്ഥിരീകരണം. അതിനിടെ, ആരോഗ്യ വകുപ്പിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ രംഗത്തെത്തി. കുട്ടിയെ മെഡിക്കല്‍ കോളജില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത് എന്തിനെന്ന് ആരോഗ്യ വകുപ്പ് വിശദീകരിക്കണം. കുട്ടിയുടെ മരണത്തിന് ഉത്തരാവാദി ആരോഗ്യ വകുപ്പെന്നും മുരളി ആരോപിച്ചു.  

അതേസമയം, കോഴിക്കോട് നിപ്പാ റിപ്പോർട്ട് ചെയ്ത ചാത്തമംഗലം പഞ്ചായത്തിൽ കര്‍ശന നിരീക്ഷണം തുടരുകയാണ്. ആരോഗ്യപ്രവർത്തകർ ഓരോ വീടും കയറിയിറങ്ങിയാണ് വിവരശേഖരണം നടത്തുന്നത്. പ്രതിരോധ നടപടികളുടെ ഭാഗമായി പഞ്ചായത്ത് പൂർണമായി അടച്ചു. അതിനിടെ, കണ്ണൂര്‍ റീജ്യണല്‍ ലാബില്‍ നിന്നുളള സംഘം ചാത്തമംഗലത്തെത്തി.

പ്രാഥമിക സമ്പർക്ക പട്ടികയിലെ ആദ്യ ഫലങ്ങൾ നെഗറ്റീവ് ആയെങ്കിലും അതീവ ജാഗ്രതയിലാണ് ചാത്തമംഗലം പഞ്ചായത്ത്. പഞ്ചായത്തിലേക്കുള്ള എല്ലാ ഇട റോഡുകളും അടച്ചു. അവശ്യ സർവീസ്, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ എന്നിവക്ക് മാത്രം ഇളവ്. കൂടുതൽ പോലീസിനെയും വുന്യസിച്ചിട്ടുണ്ട്. പനിയോ മറ്റു ലക്ഷണങ്ങളോ ഉള്ളവർ ഉണ്ടെങ്കിൽ കണ്ടെത്താനുള്ള നടപടികൾ തുടങ്ങി. ആരോഗ്യ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും അടങ്ങുന്ന 25 ചെറുസംഘങ്ങൾ ഓരോ വീടും കയറിയിറങ്ങി വിവര ശേഖരണം തുടങ്ങി.

നിപ സ്ഥിരീകരിച്ച ചാത്തമംഗലത്ത് വിദഗ്ധ സംഘം പരിശോധന നടത്തുന്നു. മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ ഉള്‍പ്പെടെയാണ് പരിശോധന നടത്തുന്നത്. 25 വീടുകള്‍ക്ക് ഒരു സംഘം എന്ന നിലയില്‍ വിവര ശേഖരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

ചാത്തമംഗലം സ്വദേശിയായ പന്ത്രണ്ടുകാരന് നിപ ബാധിച്ചത് എവിടെ നിന്നാണ് എന്ന് കണ്ടെത്തുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദ പരിശോധന നടക്കുന്നത്. കുട്ടിയുടെ വീട്ടിലുണ്ടായിരുന്ന ആടിന് അസുഖ ബാധയുണ്ടായിരുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിസര പ്രദേശത്തുള്ള ആടുകളില്‍ നിന്നും സാമ്പിള്‍ ശേഖരിക്കുന്നുണ്ട്. പ്രദേശത്ത് വവ്വാലിന്റെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. വവ്വാലിന്റെ സാമ്പിള്‍ ശേഖരിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

­

Post a Comment

0 Comments