Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ ലൈവ് ഗൾഫ് വാർത്തകൾ

🇸🇦സൗദി - യു.എ.ഇ വഴി തുറന്നു; സൗദിയിൽ നിന്നും അവധിക്കായി നാട്ടിലേക്ക് പോവുന്നവർ ചാർട്ടേഡ് വിമാനങ്ങളെ കയ്യൊഴിയുന്നു.

🇸🇦കൊവിഡ് പ്രോട്ടോക്കോൾ ആവർത്തിച്ചു ലംഘിച്ചാൽ 19 ലക്ഷം പിഴ.

🇦🇪എമിറേറ്റ്‌സിനൊപ്പം പറക്കാം; ആയിരക്കണക്കിന് ഒഴിവുകള്‍, ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ച് കമ്പനി.

🇦🇪ഷാര്‍ജയില്‍ ഒറ്റ ദിവസം 317 വാഹനാപകടങ്ങള്‍.

🇴🇲ഒമാനില്‍ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 41 പേര്‍ക്ക് മാത്രം.

🇸🇦അന്താരാഷ്ട്ര പുസ്തകമേള ഒക്ടോബര്‍ ആദ്യം.

🇦🇪മമ്മൂട്ടിക്ക് പിന്നാലെ ദുല്‍ഖര്‍ സല്‍മാനും ഗോള്‍ഡന്‍ വിസ സ്വീകരിച്ചു.

🇦🇪എക്സ്പോ സന്ദര്‍ശകര്‍ക്ക് കൊവിഡ് വാക്സിനേഷന്‍ നിര്‍ബന്ധം; അല്ലെങ്കില്‍ പിസിആര്‍ പരിശോധന വേണം.

🇸🇦സൗദി അറേബ്യയില്‍ വിദേശി യുവതിയെ കൊലപ്പെടുത്തിയയാളുടെ വധശിക്ഷ നടപ്പാക്കി.

🇴🇲ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ശ്രീ. അമിത് നാരംഗ് നിയമിതനായി.

🇴🇲ഒമാൻ: ഗർഭിണികൾക്ക് സെപ്റ്റംബർ 18-ന് COVID-19 വാക്സിൻ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം.

🇶🇦ഖത്തർ: ബൂസ്റ്റർ ഡോസ് വാക്സിൻ നൽകുന്ന നടപടികൾ ആരംഭിച്ചു.

🇰🇼കുവൈറ്റ്: ടൂറിസ്റ്റ്, ഫാമിലി വിഭാഗങ്ങളിൽപ്പെടുന്ന പുതിയ സന്ദർശക വിസകൾ അനുവദിച്ച് തുടങ്ങിയതായി ആഭ്യന്തര മന്ത്രാലയം.

🇰🇼കൊവിഡ് പ്രതിസന്ധി: കുവൈത്തിലെ വിദേശി ജനസംഖ്യയില്‍ വന്‍ കുറവെന്ന് റിപ്പോർട്ടുകൾ.

🇸🇦സൗദിയിൽ ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ മക്കയിൽ; 20 പേർ മാത്രം.


വാർത്തകൾ വിശദമായി

🇸🇦സൗദി - യു.എ.ഇ വഴി തുറന്നു; സൗദിയിൽ നിന്നും അവധിക്കായി നാട്ടിലേക്ക് പോവുന്നവർ ചാർട്ടേഡ് വിമാനങ്ങളെ കയ്യൊഴിയുന്നു.

✒️സൗദിയിൽ നിന്നും കേരളത്തിലേക്ക് യു.എ.ഇയിലെ വിവിധ വിമാനത്താവളങ്ങൾ വഴി സർവിസ് ലഭ്യമായതോടെ സൗദി പ്രവാസികൾ ചാർട്ടേഡ് വിമാനങ്ങളെ കയ്യൊഴിയുന്നു. നിലവിൽ ഇന്ത്യ സൗദിയുമായി എയർ ബബിൾ കരാർ ഇല്ലാത്തതിനാൽ സൗദിയിൽ നിന്നും ഇന്ത്യയിലേക്ക് സാധാരണ വിമാനസർവിസുകൾ ലഭ്യമല്ല. നേരത്തെ ലഭ്യമായിരുന്ന വന്ദേഭാരത് വിമാനസർവിസുകളും ഇപ്പോൾ നിലച്ച അവസ്ഥയിലാണ്. അതിനാൽ അവധിക്കായി പോവുന്നവർക്ക് വിവിധ വിമാനക്കമ്പനികളുടെ ചാർട്ടേഡ് വിമാനങ്ങൾ ആയിരുന്നു ഏക ആശ്രയം.

സ്‌പൈസ് ജെറ്റ്, ഇൻഡിഗോ, സൗദി എയർലൈൻസ് തുടങ്ങിയ വിമാനക്കമ്പനികളുടെ ചാർട്ടേഡ് വിമാനങ്ങളിൽ ഉയർന്ന ടിക്കറ്റ് നിരക്ക് നൽകിയായിരുന്നു ഇതുവരെ പ്രവാസികൾ നാടണഞ്ഞിരുന്നത്. ഉയർന്ന ടിക്കറ്റ് നിരക്ക് കൊടുത്താലും മറ്റു മാർഗങ്ങളൊന്നുമില്ലാത്തതിനാൽ ചാർട്ടേഡ് വിമാനങ്ങൾ പ്രവാസികൾക്ക് അനുഗ്രഹമായിരുന്നു. എങ്കിലും ഈ സർവിസുകൾ ഇടക്കിടെ അവസാന നിമിഷം റദ്ദാകുന്നതും ലഗ്ഗേജ് അനുവദിക്കുന്നതിലെ കണിശതയും യാത്രക്കാർക്ക് പ്രയാസമുണ്ടാക്കിയിരുന്നു. എന്നാലിപ്പോൾ ദുബായ് വഴി കേരളത്തിലേക്ക് സർവിസ് നടത്തുന്ന എയർ അറേബ്യ, ഫ്‌ളൈ ദുബായ് തുടങ്ങിയ വിമാന കമ്പനികളെയാണ് അധികപേരും ഉപയോഗിക്കുന്നത്.

വളരെ കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാവുന്നതാണ് യാത്രക്കാരെ ഈ കമ്പനികളിലേക്ക് കൂടുതൽ ആകർഷിക്കുന്നത്. എയർ അറേബ്യക്ക് സൗദിയിൽ നിന്നും കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് 10 കിലോ ഹാൻഡ് ബാഗും 30 കിലോ ലഗേജുമായി 927 റിയാൽ മുതൽ വൺവേ ടിക്കറ്റുകൾ ലഭ്യമാണ്. 40 കിലോ ലഗേജ് അനുവദിച്ചുകൊണ്ട് 1143 റിയാലിനും ടിക്കറ്റ് ലഭ്യമാണ്. ഷാർജയിൽ ഒന്ന് മുതൽ 2.40 മണിക്കൂർ വരെ മാത്രമേ ഈ സർവീസിനിടയിൽ കാത്തു നിൽക്കേണ്ടതുള്ളൂവെന്നതും കൂടുതൽ ആളുകൾ എയർ അറേബ്യ സർവിസ് തിരഞ്ഞെടുക്കാൻ കാരണമായിട്ടുണ്ട്.

ഫ്ലൈ ദുബായ് വിമാനത്തിൽ ദുബായ് വഴി പരമാവധി 30 കിലോ ലഗേജിൽ 947 റിയാൽ മുതലാണ് ടിക്കറ്റ് നിരക്കുകൾ. ഈ വിമാനക്കമ്പനികളുടെ വെബ്സൈറ്റിൽ നിന്നും ബാങ്ക് കാർഡുകൾ ഉപയോഗിച്ച് യാത്രക്കാർക്ക് ടിക്കറ്റുകൾ നേരിട്ട് എടുക്കുമ്പോഴാണ് കുറഞ്ഞ നിരക്കുകൾ ലഭിക്കുക. ഇത്തിഹാദ്, എമിറേറ്റ്സ് എയർലൈൻസുകൾ കൂടി സർവിസ് ആരംഭിക്കുന്നതോടെ സൗദി പ്രവാസികളുടെ യാത്ര കൂടുതൽ എളുപ്പമാവും. മറ്റു ഗൾഫ് രാജ്യങ്ങളിലൂടെയും കേരളത്തിലേക്ക് കണക്ഷൻ വിമാനങ്ങൾ ലഭ്യമാണെങ്കിലും കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമല്ല എന്നതും യാത്രക്ക് എടുക്കുന്ന സമയദൂരവും യാത്രക്കാർ ആ സർവിസുകൾ കാര്യമായി തെരഞ്ഞെടുക്കുന്നില്ല. നാട്ടിൽ നിന്നും സൗദിയിലേക്ക് മടങ്ങുന്നവരും ഇപ്പോൾ യു.എ.ഇ ആണ് ഇടത്താവളമായി തെരഞ്ഞെടുക്കുന്നത്.

🇸🇦കൊവിഡ് പ്രോട്ടോക്കോൾ ആവർത്തിച്ചു ലംഘിച്ചാൽ 19 ലക്ഷം പിഴ.

✒️കൊവിഡ് പ്രോട്ടോകോള്‍ ആവര്‍ത്തിച്ചു ലംഘിച്ചാല്‍ കടുത്ത ശിക്ഷ. രോഗവ്യാപനം തടയാനുള്ള മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ ആവര്‍ത്തിച്ച് ലംഘിക്കുന്നവര്‍ക്ക് ഒരു ലക്ഷം റിയാല്‍ പിഴ(19 ലക്ഷം ഇന്ത്യന്‍ രൂപ) ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

സാമൂഹിക അകലം പാലിക്കാതിരിക്കല്‍, സ്വകാര്യ, സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും പ്രവേശിക്കുമ്പോള്‍ ശരീര ഊഷ്മാവ് പരിശോധിക്കാന്‍ വിസമ്മതിക്കല്‍ എന്നിവ മുന്‍കരുതല്‍, പ്രതിരോധ നടപടികളുടെ ലംഘനമാണ്. ഇത്തരം നിയമ ലംഘനങ്ങള്‍ക്ക് ആദ്യ തവണ ആയിരം റിയാലാണ് പിഴ ചുമത്തുക. നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് ഇരട്ടി തുക പിഴ ചുമത്തും. നിയമ ലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ക്ക് പരമാവധി ഒരു ലക്ഷം റിയാല്‍ വരെയാണ് പിഴ ചുമത്തുകയെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

🇦🇪എമിറേറ്റ്‌സിനൊപ്പം പറക്കാം; ആയിരക്കണക്കിന് ഒഴിവുകള്‍, ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ച് കമ്പനി.

✒️ദുബൈയുടെ വിമാന കമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈനില്‍ നിരവധി ഒഴിവുകള്‍. അടുത്ത ആറു മാസത്തിനുള്ളില്‍ 3,000 ക്യാബിന്‍ ക്രൂവിനെയും 500 എയര്‍പോര്‍ട്ട് സര്‍വീസസ് ജീവനക്കാരെയും റിക്രൂട്ട് ചെയ്യാനാണ് എമിറേറ്റ്‌സിന്റെ തീരുമാനം. ഇതിനായി ലോകമെമ്പാടുമുള്ള ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുകയാണ് വിമാന കമ്പനി.

താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് എമിറേറ്റ്‌സിന്റെ www.emiratesgroupcareers.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാം. ജോലിയുമായി ബന്ധപ്പെട്ട വിശദ വിവരങ്ങളും ആവശ്യമായ യോഗ്യതയും ഈ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. യാത്രാ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചുകൊണ്ട് എമിറേറ്റ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ പുഃനസ്ഥാപിച്ച് വരികയാണ്. കൊവിഡ് മൂലം വിമാന സര്‍വീസുകളില്‍ കുറവ് വരുത്തേണ്ടി വന്നിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി പൈലറ്റുമാര്‍, ക്യാബിന്‍ ക്രൂ, മറ്റ് ജീവനക്കാര്‍ എന്നിവരെ എമിറേറ്റ്‌സ് തിരികെ വിളിക്കുകയാണ്. 120 നഗരങ്ങളിലേക്കാണ് നിലവില്‍ എമിറേറ്റ്‌സ് സര്‍വീസുകള്‍ നടത്തുന്നത്.

🇦🇪ഷാര്‍ജയില്‍ ഒറ്റ ദിവസം 317 വാഹനാപകടങ്ങള്‍.

✒️പുതിയ അധ്യയന വര്‍ഷം തുടങ്ങിയതോടെ ഷാര്‍ജയില്‍ 3,230 ഗുരുതരമല്ലാത്ത വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി റഫീദ് കോള്‍ ആന്‍ഡ് കണ്ട്രോ‍ള്‍ സെന്റര്‍ അറിയിച്ചു. ഓഗസ്റ്റ് 29 മുതല്‍ സെപ്തംബര്‍ ഒമ്പത് വരെയുള്ള കണക്കുകളാണിത്.  

സെപ്തംബര്‍ രണ്ടിനാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 317അപകടങ്ങളാണ് അന്ന് ഷാര്‍ജയില്‍ ഉണ്ടായത്. ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകിട്ട് ആറു മണി വരെയുള്ള സമയത്താണ് ഭൂരിഭാഗം അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. അമിത വേഗത, ഓവര്‍ടേക്കിങ്, പാത മാറി വാഹനം ഓടിക്കല്‍ എിവയെല്ലാം അപകടങ്ങള്‍ക്ക് കാരണമായി. എന്നാല്‍ അപകടങ്ങളില്‍ 60 ശതമാനവും വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിത അകലം പാലിക്കാത്തതിനാല്‍ സംഭവിച്ചതാണെന്ന് റഫീദ് സെന്റര്‍ അറിയിച്ചു.

🇴🇲ഒമാനില്‍ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 41 പേര്‍ക്ക് മാത്രം.

✒️ഒമാനില്‍ 41 പേര്‍ക്ക് മാത്രമാണ് പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് രാജ്യത്ത് 24 മണിക്കൂറിനിടെ രണ്ടുപേര്‍ കൂടി മരിച്ചു. 120 പേര്‍ കൂടി രോഗമുക്തി നേടി.

രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,03,309 ആയി.ആകെ രോഗികളില്‍ 2,93,618 പേരും രോഗമുക്തരായി. 96.8 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. ആകെ 4,092 പേര്‍ക്ക് ഒമാനില്‍ കൊവിഡ് കാരണം ജീവന്‍ നഷ്ടമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ അഞ്ച് കൊവിഡ് രോഗികളെ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്. ഇവരുള്‍പ്പെടെ ആകെ 55 പേരാണ് ഒമാനിലെ ആശുപത്രികളില്‍ കഴിയുന്നത്. ഇവരില്‍ 27 പേരുടെ നില ഗുരുതരമാണ്.

🇸🇦അന്താരാഷ്ട്ര പുസ്തകമേള ഒക്ടോബര്‍ ആദ്യം.

✒️ലോകത്തിന്റെ നാനാഭാഗത്തു നിന്ന് പ്രസാധകര്‍ പങ്കെടുക്കുന്ന പ്രശസ്തമായ  അന്താരാഷ്ട്ര പുസ്തകമേള റിയാദില്‍ ഒക്ടോബര്‍ ഒന്നിന് ആരംഭിക്കും. റിയാദ് എയര്‍പോര്‍ട്ട് റോഡിലെ റിയാദ് ഫ്രണ്ട് മാളിലാണ് ഇത്തവണ മേള. മുന്‍ വര്‍ഷങ്ങളില്‍ റിയാദ് ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററിലായിരുന്നു. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നടന്നില്ല.  

ഇത്തവണ ഒക്ടോബര്‍ ഒന്നു മുതല്‍ 10 വരെ നീളുന്ന മേളയില്‍ ലോകത്തെ പ്രമുഖരായ പുസ്തക പ്രസാധകര്‍ എല്ലാം പങ്കെടുക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രധാന പ്രസാധകര്‍ എത്തുന്ന മേള സൗദി സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള ലിറ്ററേച്ചര്‍, പബ്ലിഷിംഗ് ആന്‍ഡ്  ട്രാന്‍സ്ലേഷന്‍ കമ്മീഷന്‍ ആണ് സംഘടിപ്പിക്കുന്നത്. ഓരോ വര്‍ഷവും ഒരു വിദേശ രാജ്യം വിശിഷ്ടാതിഥി രാജ്യമായി ക്ഷണിക്കപ്പെടാറുണ്ട്. മുമ്പൊരിക്കല്‍ ഇന്ത്യയും വിശിഷ്ടാതിഥി രാജ്യമായിട്ടുണ്ട്. ഈ വര്‍ഷത്തെ വിശിഷ്ടാതിഥി രാജ്യം ഇറാഖ് ആണ്. 

16 സാംസ്‌കാരിക മേഖലകളെ പ്രതിനിധീകരിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്ക് മേള വേദിയാകും. വാടകയില്‍ 50 ശതമാനം ഇളവ്, കൊറിയര്‍ ചെലവ് പൂര്‍ണമായും വഹിക്കല്‍, ബുക്ക്ഫെയറില്‍ എത്താന്‍ സാധിക്കാത്തവര്‍ക്ക് ഇ-സ്റ്റോര്‍, മുഴുവന്‍ പ്രസാധകര്‍ക്കും ഇ-സെയില്‍സ് പോയിന്റുകള്‍ അടക്കം ബുക്ക്ഫെയറില്‍ പങ്കെടുക്കുന്ന പ്രസാധകര്‍ക്ക് നിരവധി ഇളവുകള്‍ ലിറ്ററേച്ചര്‍, പബ്ലിഷിംഗ് ആന്റ് ട്രാന്‍സ്ലേഷന്‍ കമ്മീഷന്‍ നല്‍കുന്നുണ്ട്. ഒക്ടോബര്‍ നാല്, അഞ്ച് തീയതികളില്‍ പ്രസാധകരുടെ സമ്മേളനം സംഘടിപ്പിക്കുമെന്ന് സാംസ്‌കാരിക മന്ത്രിയും ലിറ്ററേച്ചര്‍, പബ്ലിഷിംഗ് ആന്റ് ട്രാന്‍സ്ലേഷന്‍ കമ്മീഷന്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ബദ്ര്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ അറിയിച്ചു. സൗദിയില്‍ സംഘടിപ്പിക്കുന്ന ആദ്യ പ്രസാധക സമ്മേളനമാണിത്. 

പ്രാദേശിക, ആഗോള തലങ്ങളില്‍ പ്രസാധന മേഖല വികസിപ്പിക്കാനും ശക്തിപ്പെടുത്താനുമുള്ള ദിശയിലെ സമാരംഭമായിരിക്കും ഇത്. പകര്‍പ്പവകാശങ്ങളും വിവര്‍ത്തനവും അവയുടെ അവസരങ്ങളും കൈമാറുന്ന പ്രക്രിയയുമായി ബന്ധപ്പെട്ട വിവിധ സെഷനുകള്‍ക്കു പുറമെ, പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട ഡയലോഗ് സെഷനുകളും ശില്‍പശാലകളും പ്രസാധക സമ്മേളനത്തില്‍ ഉള്‍പ്പെടുന്നു. സാഹിത്യ, സാംസ്‌കാരിക സെമിനാറുകളും കവിയരങ്ങുകളും കലാ, വായന, പ്രസാധന, വിവര്‍ത്തന മേഖലകളിലെ വൈവിധ്യമാര്‍ന്ന ശില്‍പശാലകളും മേളയില്‍ ഉണ്ടാവും.

🇦🇪മമ്മൂട്ടിക്ക് പിന്നാലെ ദുല്‍ഖര്‍ സല്‍മാനും ഗോള്‍ഡന്‍ വിസ സ്വീകരിച്ചു.

✒️നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. അബുദാബി സാംസ്‌കാരിക-വിനോദ സഞ്ചാര വകുപ്പാണ് ദുല്‍ഖര്‍ സല്‍മാന് ഗോള്‍ഡന്‍ വിസ നല്‍കിയത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയാണ് ദുല്‍ഖറിന്റെ ഗോള്‍ഡന്‍ വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.

അബുദാബി സാംസ്‌കാരിക-വിനോദസഞ്ചാര വകുപ്പിന്റെ ആസ്ഥാന മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ അബുദാബി കള്‍ചര്‍ ആന്‍ഡ് ടൂറിസം സെക്രട്ടറി സഊദ് അബ്ദുല്‍ അസീസ് അല്‍ ഹൊസനി ദുല്‍ഖറിന് ഗോള്‍ഡന്‍ വിസ സമ്മാനിച്ചു.  മലയാള സിനിമാ മേഖലയില്‍ നിന്ന് മമ്മൂട്ടി, മോഹന്‍ലാല്‍, ടൊവിനോ തോമസ്, പൃഥ്വിരാജ് എന്നിവര്‍ ഇതിനോടകം യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിട്ടുണ്ട്. നടിയും അവതാരകയുമായ നൈല ഉഷ, നടനും അവതാരകനുമായ മിഥുൻ രമേശ് എന്നിവര്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കാണ് യുഎഇ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കുന്നത്.

🇦🇪എക്സ്പോ സന്ദര്‍ശകര്‍ക്ക് കൊവിഡ് വാക്സിനേഷന്‍ നിര്‍ബന്ധം; അല്ലെങ്കില്‍ പിസിആര്‍ പരിശോധന വേണം.

✒️അടുത്തമാസം മുതല്‍ ദുബൈയില്‍ ആരംഭിക്കാനിരിക്കുന്ന എക്സ്പോ 2020ലെ സന്ദര്‍ശകര്‍ക്ക് കൊവിഡ് വാക്സിനേഷന്‍ നിര്‍ബന്ധം. അല്ലെങ്കില്‍ പി.സി.ആര്‍ പരിശോധന നടത്തി കൊവിഡ് ഇല്ലെന്ന് ഉറപ്പാക്കണം. ബുധനാഴ്‍ചയാണ് എക്സ്പോയുടെ കൊവിഡ് സുരക്ഷാ പ്രോട്ടോകോളുകള്‍ അധികൃതര്‍ വെളിപ്പെടുത്തിയത്.

സന്ദര്‍ശകര്‍ അവരവരുടെ രാജ്യത്ത് അംഗീകാരമുള്ള വാക്സിനുകള്‍ എടുത്താല്‍ മതിയാവും. അല്ലെങ്കില്‍ 72 മണിക്കൂറിനിടെയുള്ള പിസിആര്‍ പരിശോധനാ ഫലം ഹാജരാക്കണം. 18 വയസിന് മുകളിലുള്ളവര്‍ക്കാണ് ഈ നിബന്ധനകള്‍ ബാധകം. 

വാക്സിനെടുക്കാത്തവര്‍ക്ക് എക്സ്പോ വേദിക്ക് സമീപത്ത് തന്നെ കൊവിഡ് പി.സി.ആര്‍ പരിശോധന നടത്താനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. ദുബൈയില്‍ വിവിധയിടങ്ങളിലും എക്സ്പോ സന്ദര്‍ശകര്‍ക്കായി പരിശോധനാ കേന്ദ്രങ്ങള്‍ നിജപ്പെടുത്തും. ഈ പരിശോധനാ കേന്ദ്രങ്ങളുടെ വിവരങ്ങള്‍ എക്സ്പോ വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിക്കും. എക്സപോ സന്ദര്‍ശിക്കാനുള്ള ഏതെങ്കിലുമൊരു ടിക്കറ്റുള്ളവര്‍ക്ക് പരിശോധന സൗജന്യമായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

എക്സ്പോയുടെ സംഘാടകരും വളന്റിയര്‍മാരും ഉള്‍പ്പെടയുള്ള എല്ലാ ജീവനക്കാര്‍ക്കും വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതിന് പുറമെ അണുവിമുക്തമാക്കുന്നതിനുള്ള സംവിധാനങ്ങള്‍ സജ്ജീകരിക്കും. എല്ലായിടങ്ങളിലും മാസ്ക് നിര്‍ബന്ധമാണ്. ഒപ്പം രണ്ട് മീറ്റര്‍ സാമൂഹിക അകലം എല്ലാ സ്ഥലങ്ങളിലും പാലിക്കണമെന്നും നിഷ്‍കര്‍ശിച്ചിട്ടുണ്ട്. ഒക്ടോബര്‍ ഒന്നിന് ആരംഭിക്കാനിരിക്കുന്ന എക്സ്പോ 2020 മാര്‍ച്ച് 31നായിരിക്കും സമാപിക്കുക.

🇸🇦സൗദി അറേബ്യയില്‍ വിദേശി യുവതിയെ കൊലപ്പെടുത്തിയയാളുടെ വധശിക്ഷ നടപ്പാക്കി.

✒️സൗദി അറേബ്യയില്‍ കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട വിദേശിയുടെ വധശിക്ഷ നടപ്പാക്കി. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഉസാം  മുഹമ്മദ് ഹിലാല്‍ അലി എന്ന ഈജിപ്‍ഷ്യന്‍ സ്വദേശിയുടെ വധശിക്ഷയാണ് നടപ്പാക്കിയത്.

വിദേശ യുവതി ആയിശ മുസ്‍തഫ മുഹമ്മദ് അല്‍ബര്‍നാവിയെ കൊലപ്പെടുത്തിയ കേസിലാണ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്. പ്രതി യുവതിയെ അടിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നു. ശേഷം തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം കത്തിക്കുകയും ചെയ്‍തു. കൊല്ലപ്പെട്ട യുവതിയും നിയമവിരുദ്ധമായി സൗദി അറേബ്യയില്‍ താമസിച്ച് വരികയായിരുന്നു. മദീന പ്രവിശ്യയിലെ ജയിലില്‍ വെച്ചാണ് കഴിഞ്ഞ ദിവസം വധശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

🇴🇲ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ശ്രീ. അമിത് നാരംഗ് നിയമിതനായി.

✒️ഒമാനിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ശ്രീ. അമിത് നാരംഗ് ചുമതലയേൽക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നിലവിൽ ഒമാനിലെ ഇന്ത്യൻ അംബാസഡറായ H.E. മുനു മഹാവർ മാലിദ്വീപിലെ ഹൈകമ്മീഷണറായി ചുമതലയേൽക്കുമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

സെപ്റ്റംബർ 15-ന് വൈകീട്ടാണ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. 2001 ഇന്ത്യൻ ഫോറിൻ സർവീസ് ബാച്ചിലെ അംഗമായിരുന്ന ശ്രീ. അമിത് നാരംഗ് നിലവിൽ വിദേശകാര്യ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയാണ്.

അടുത്ത് തന്നെ അദ്ദേഹം ഒമാൻ അംബാസഡറായി ചുമതലയേൽക്കുന്നതാണ്.

🇴🇲ഒമാൻ: ഗർഭിണികൾക്ക് സെപ്റ്റംബർ 18-ന് COVID-19 വാക്സിൻ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം.

✒️രാജ്യത്ത് ഗർഭിണികളായിട്ടുള്ള ഒമാൻ പൗരന്മാരും, പ്രവാസികളുമായ സ്ത്രീകൾക്ക്, 2021 സെപ്റ്റംബർ 18, ശനിയാഴ്ച്ച മസ്കറ്റിൽ നിന്ന് COVID-19 വാക്സിൻ ലഭ്യമാക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിനായി മുൻ‌കൂർ ബുക്കിംഗ് ആവശ്യമില്ലെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ (OCEC) നിന്നാണ് ഗർഭിണികൾക്ക് സെപ്റ്റംബർ 18-ന് COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകുന്നത്. രാവിലെ 10 മണിമുതൽ വൈകീട്ട് 4 മണിവരെ OCEC-യിൽ നേരിട്ടെത്തി ഇവർക്ക് വാക്സിൻ സ്വീകരിക്കാവുന്നതാണ്.

🇶🇦ഖത്തർ: ബൂസ്റ്റർ ഡോസ് വാക്സിൻ നൽകുന്ന നടപടികൾ ആരംഭിച്ചു.

✒️ഖത്തറിലെ COVID-19 വാക്സിനേഷന്റെ ഭാഗമായി രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് എട്ട് മാസം പൂർത്തിയാക്കിയവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്ന നടപടികൾ 2021 സെപ്റ്റംബർ 15, ബുധനാഴ്ച്ച മുതൽ ആരംഭിച്ചു. രാജ്യത്തെ ഉയർന്ന രോഗസാധ്യതയുള്ള വിഭാഗങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകുന്നത്.

ഫൈസർ ബയോഎൻടെക്, മോഡർന എന്നീ വാക്സിൻ കുത്തിവെപ്പുകളെടുത്തിട്ടുള്ള ഉയർന്ന രോഗസാധ്യതയുള്ള വിഭാഗങ്ങൾക്ക് രണ്ടാം ഡോസ് എടുത്ത് എട്ട് മാസം പൂർത്തിയാക്കുന്നതോടെയാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. ഇത് സംബന്ധിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 11-ന് പ്രഖ്യാപനം നടത്തിയിരുന്നു.

ഖത്തർ യൂണിവേഴ്സിറ്റിയിലെ മുൻ പ്രസിഡന്റ് ഡോ. അബ്ദുല്ല അൽ ഖുബൈസി സെപ്റ്റംബർ 15-ന് രാജ്യത്തെ ആദ്യ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് സ്വീകരിച്ചു. മദിന ഖലീഫ ഹെൽത്ത് സെന്ററിൽ നിന്നാണ് അദ്ദേഹം ബൂസ്റ്റർ ഡോസ് സ്വീകരിച്ചത്. ഖത്തറിലെ COVID-19 വാക്സിനേഷൻ നടപടികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി 2020 ഡിസംബർ 23-ന് അൽ വജ്‌ബാ ആരോഗ്യ കേന്ദ്രത്തിൽ നിന്ന് അദ്ദേഹം തന്നെയാണ് രാജ്യത്തെ ആദ്യ ഡോസ് കുത്തിവെപ്പ് സ്വീകരിച്ചത്.

ബൂസ്റ്റർ ഡോസ് നൽകുന്നതിന്റെ ആദ്യ ഘട്ടത്തിൽ താഴെ പറയുന്നവർക്കാണ് കുത്തിവെപ്പ് നൽകുന്നത്:
65 വയസിന് മുകളിൽ പ്രായമുള്ളവർ.
വിട്ടുമാറാത്ത അസുഖങ്ങളുള്ളവർ.
COVID-19 പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിരയിലുള്ളവർ.
രോഗപ്രതിരോധ ശേഷി ഉയർത്തുന്നതിൽ ബൂസ്റ്റർ ഡോസുകൾ ഏറെ ഫലപ്രദമാണെന്ന പഠന റിപ്പോർട്ടുകളെത്തുടർന്നാണ് ഈ തീരുമാനം. ബൂസ്റ്റർ ഡോസ് വാക്സിൻ ലഭിക്കുന്നതിന് അർഹതയുള്ളവരെ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷനിൽ (PHCC) നിന്ന് നേരിട്ട് ബന്ധപ്പെടുന്നതാണ്. രണ്ടാം ഡോസ് വാക്സിനെടുത്ത് എട്ട് മാസം പൂർത്തിയാക്കിയവർക്ക് PHCC-യിൽ നിന്ന് ബന്ധപ്പെടുന്നില്ലെങ്കിൽ 4027 7077 എന്ന നമ്പറിൽ ബുക്കിങ്ങിനായി വിളിക്കാവുന്നതാണ്.

🇰🇼കുവൈറ്റ്: ടൂറിസ്റ്റ്, ഫാമിലി വിഭാഗങ്ങളിൽപ്പെടുന്ന പുതിയ സന്ദർശക വിസകൾ അനുവദിച്ച് തുടങ്ങിയതായി ആഭ്യന്തര മന്ത്രാലയം.

✒️രാജ്യത്ത് ടൂറിസ്റ്റ്, ഫാമിലി വിഭാഗങ്ങളിൽപ്പെടുന്ന പുതിയ സന്ദർശക വിസകൾ അനുവദിച്ച് തുടങ്ങിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള റെസിഡൻസി അഫയേഴ്‌സ് വകുപ്പ് അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുവൈറ്റ് മന്ത്രിസഭയുടെ നിർദ്ദേശത്തെ തുടർന്നാണ് ഈ നടപടി.

വാണിജ്യ ആവശ്യത്തിനുള്ളതും, ഫാമിലി, ടൂറിസ്റ്റ് വിഭാഗങ്ങളിലുമുള്ളതുമായ എല്ലാ തരാം വിസിറ്റ് വിസകളും പുനരാരംഭിച്ചിട്ടുണ്ടെന്ന് ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ പ്രവാസികളുടെ അടുത്ത കുടുംബാംഗങ്ങൾക്ക് ആർട്ടിക്കിൾ 22 പ്രകാരമുള്ള ആശ്രിത, അല്ലെങ്കിൽ ഫാമിലി വിസ, ആർട്ടിക്കിൾ 14 പ്രകാരമുള്ള വാണിജ്യ, ടൂറിസ്റ്റ് വിസിറ്റ് വിസ എന്നിവ നൽകുന്ന നടപടികൾ ഏതാനം നിബന്ധനകളോടെയാണ് ആരംഭിച്ചിരിക്കുന്നതെന്നും സ്രോതസ്സുകൾ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ നിർദ്ദേശപ്രകാരം, മെഡിക്കൽ മേഖലയിലും, വിദ്യാഭ്യാസ മേഖലയിലും പ്രവർത്തിക്കുന്ന പ്രവാസികളുടെ അടുത്ത കുടുംബാംഗങ്ങൾക്കാണ് ഇത്തരം വിസകൾ നിലവിൽ അനുവദിക്കുന്നത്.

ഇത്തരത്തിൽ ഏതാനം പുതിയ വിസകൾ അനുവദിച്ചതായും, നിലവിൽ വളരെ പരിമിതമായ അളവിൽ മാത്രമാണ് ഇത്തരം വിസകൾ അനുവദിക്കുന്നതെന്നും സ്രോതസ്സുകൾ അറിയിച്ചിട്ടുണ്ട്.

🇰🇼കൊവിഡ് പ്രതിസന്ധി: കുവൈത്തിലെ വിദേശി ജനസംഖ്യയില്‍ വന്‍ കുറവെന്ന് റിപ്പോർട്ടുകൾ.

✒️കോവിഡ് പ്രതിസന്ധിമൂലം കുവൈത്തിലെ വിദേശി ജനസംഖ്യയില്‍ വന്‍ കുറവ് അനുഭവപ്പെടുന്നതായി റിപ്പോർട്ടുകൾ. കുവൈറ്റ് നാഷണല്‍ ബാങ്ക് ആണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. രണ്ടുലക്ഷത്തിനടുത്ത് വിദേശികളാണ് കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ കുവൈറ്റില്‍ നിന്നും പ്രവാസം മതിയാക്കി മടങ്ങിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ വര്‍ഷം ആദ്യ പകുതിയോടെ രാജ്യത്തിലെ ജനസംഖ്യ വീണ്ടും 0.9 ശതമാനം കുറഞ്ഞ് 46 ലക്ഷമായി. ഇതോടെ കൊവിഡ് പ്രതിസന്ധിക്ക് ശേഷം ജനസംഖ്യയില്‍ 3.1 ശതമാനത്തിന്റെ കുറവുണ്ടായതായും കണക്കുകള്‍ വ്യക്തമാക്കി. ജനസംഖ്യയില്‍ കുറവ് ഉണ്ടാവാനുള്ള കാരണം പ്രവാസികളുടെ തിരിച്ചുപോക്കാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. മൊത്തം വിദേശികളുടെ എണ്ണത്തില്‍ 1.8 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയപ്പോള്‍ സ്വദേശികളുടെ എണ്ണത്തില്‍ 0.9 ശതമാനം വര്‍ധനവുണ്ടായി.

🇸🇦സൗദിയിൽ ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ മക്കയിൽ; 20 പേർ മാത്രം.

✒️സൗദിയിൽ ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ റിപ്പോർട്ട് ചെയ്തത് മക്ക പ്രവിശ്യയിലാണ്. 20 പേരാണ് ഇവിടെ ഇന്ന് റിപ്പോർട്ട് ചെയ്ത പുതിയ രോഗികൾ. രാജ്യത്താകെ 85 പുതിയ കോവിഡ് രോഗികളും 49 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,46,336 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,35,309 ഉം ആയി. അഞ്ച് പേർ ഇന്ന് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 8,645 ആയി. 2,351 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇവരിൽ 405 പേർ ഗുരുതരാവസ്ഥയിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.

ഇതുവരെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.98 ശതമാനവും മരണനിരക്ക് 1.58 ശതമാനവുമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 20, റിയാദ് 19, മദീന 9, കിഴക്കൻ പ്രവിശ്യ 9, അൽ ഖസീം 6, ജീസാൻ 5, നജ്‌റാൻ 4, അസീർ 3, വടക്കൻ അതിർത്തി മേഖല 3, അൽ ജൗഫ് 2, ഹായിൽ 2, തബൂക്ക് 2, അൽ ബാഹ 1. ഇതുവരെ രാജ്യത്ത് 4,02,23,592 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Post a Comment

0 Comments