🇦🇪പ്രവാസികള്‍ക്കായി ഗ്രീന്‍ വിസയും ഫ്രീലാന്‍സ് വിസയും പ്രഖ്യാപിച്ച് യുഎഇ; വിസ നിയമങ്ങളില്‍ നിരവധി മാറ്റങ്ങള്‍.
🇸🇦പ്രതിരോധ ശേഷി കുറഞ്ഞവർക്കും അവയവം മാറ്റിവെച്ചവർക്കും സൗദി അറേബ്യയിൽ മൂന്നാം ഡോസ് കൊവിഡ് വാക്‌സിൻ നൽകും.
🇸🇦സൗദിയിൽ കൊവിഡ് വ്യാപനം താഴേക്ക്; ഇന്ന് രോഗം സ്ഥിരീകരിച്ചത് 120 പേര്‍ക്ക്.
🇦🇪41-ാമത് മഹ്‍സൂസ് നറുക്കെടുപ്പില്‍ 1,000,000 ദിര്‍ഹം പങ്കിട്ടെടുത്ത് ഏഴ് ഭാഗ്യവാന്മാര്‍.
🇦🇪യുഎഇയില്‍ ഇപ്പോഴുള്ളത് 8696 കൊവിഡ് രോഗികള്‍ മാത്രം; ഇന്ന് ഒരു കൊവിഡ് മരണം.
🇴🇲ഒമാനില്‍ കൊവിഡ് കുറയുന്നു; മൂന്ന് ദിവസത്തിനിടെ 202 പുതിയ കേസുകള്‍.
🇦🇪അബുദാബിയില്‍ പുതിയ ക്വാറന്റീന്‍ നിബന്ധനകള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍.
🇰🇼കുവൈത്തിലേക്ക് എയര്‍ ഇന്ത്യ ടിക്കറ്റ് ബുക്കിങ് തുടങ്ങിയെന്ന് പ്രചാരണം; പ്രതികരിച്ച് അധികൃതര്‍.
🇶🇦കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു;ഖത്തറില്‍ 2,000ത്തിലേറെ പേര്‍ക്കെതിരെ കൂടി നടപടി.
🇰🇼കുവൈറ്റ്: പുതിയ സന്ദർശക വിസകൾ അനുവദിക്കുന്ന സേവനം താമസിയാതെ പുനരാരംഭിക്കുമെന്ന് സൂചന.
🇰🇼കുവൈറ്റ്: ഈജിപ്തിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ സെപ്റ്റംബർ 5 മുതൽ പുനരാരംഭിക്കും; ഇന്ത്യയിലേക്ക് ഉടൻ ആരംഭിക്കുമെന്ന് DGCA.
🇸🇦സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനേഴായിരത്തോളം പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം.
🇧🇭ബഹ്‌റൈൻ: സ്പുട്നിക് V COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകുന്നതിന് ഔദ്യോഗിക അനുമതി.
🇴🇲ഒമാൻ: റെസിഡൻസി നിയമങ്ങളിൽ മാറ്റം വരുത്തി; കാലാവധി തീരുന്നതിന് 15 ദിവസം മുൻപ് വിസ പുതുക്കുന്നതിനുള്ള അപേക്ഷ നൽകണം.
🇦🇪യു എ ഇ: റാഷിദ് ചന്ദ്രയാത്ര പേടകത്തിന്റെ ലാൻഡിംഗ് സൈറ്റ് പ്രഖ്യാപിച്ചു.
🇦🇪ഉയർന്ന താപനില: വാഹനങ്ങൾക്കുള്ളിൽ കുട്ടികളെ തനിച്ചാക്കി ഇരുത്തുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ദുബായ് പോലീസ് രക്ഷിതാക്കളെ ഓർമ്മപ്പെടുത്തി.
🇧🇭ജി.സി.സി രാജ്യങ്ങളിൽനിന്ന് വാക്സിൻ സ്വീകരിച്ചവർക്ക് ബഹ്റൈനിൽ ക്വാറന്റൈൻ ഇല്ല.

വാർത്തകൾ വിശദമായി
🇦🇪പ്രവാസികള്‍ക്കായി ഗ്രീന്‍ വിസയും ഫ്രീലാന്‍സ് വിസയും പ്രഖ്യാപിച്ച് യുഎഇ; വിസ നിയമങ്ങളില്‍ നിരവധി മാറ്റങ്ങള്‍.
✒️യുഎഇയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രണ്ട് പുതിയ തരം വിസാ സേവനങ്ങള്‍ പ്രഖ്യാപിച്ചു. കമ്പനികളുടെ വര്‍ക്ക് പെര്‍മിറ്റില്ലാതെ തന്നെ യുഎഇയില്‍ താമസിക്കാന്‍ കഴിയുന്ന ഗ്രീന്‍ വിസ, പ്രത്യേക കഴിവുകളുള്ളവരെയും മികവ് തെളിയിച്ചവരെയും രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനായുള്ള ഫ്രീലാന്‍സ് വിസ എന്നിവയാണ് ഞായറാഴ്‍ച പ്രഖ്യാപിച്ചത്.
യുഎഇ വിദേശ വാണിജ്യ സഹമന്ത്രി ഡോ. ഥാനി അല്‍ സിയൂഹിയാണ് പുതിയ വിസകളുടെ പ്രഖ്യാപനം നടത്തിയത്. വിദ്യാര്‍ത്ഥികള്‍, നിക്ഷേപകര്‍, ബിസിനസുകാര്‍, പ്രത്യേക വൈദഗ്ധ്യമുള്ളവര്‍ എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ നേട്ടങ്ങള്‍ കൈവരിച്ചവര്‍ക്ക് ഗ്രീന്‍ വിസ ലഭിക്കും. ഇവര്‍ക്ക് ജോലി ചെയ്യുന്നതിനുള്ള പ്രത്യേക വര്‍ക്ക് പെര്‍മിറ്റില്ലാതെ തന്നെ വിസ ലഭിക്കും. രക്ഷിതാക്കളെയും 25 വയസുവരെയുള്ള മക്കളെയും സ്‍പോണ്‍സര്‍ ചെയ്യാനുമാവും. ഗ്രീന്‍ വിസയിലുള്ളവര്‍ക്ക് കമ്പനികളെയടക്കം ആരെയും ആശ്രയിക്കാതെ രാജ്യത്ത് കഴിയാമെന്നതാണ് പ്രധാന സവിശേഷത.
പ്രത്യേക കഴിവുകളുള്ളവരെ രാജ്യത്തേക്ക് ആകര്‍ഷിക്കാനായാണ് ഫ്രീലാന്‍സ് വിസകള്‍ കൊണ്ടുവരുന്നതെന്ന് അല്‍ സിയൂഹി പറഞ്ഞു. സ്വതന്ത്ര ബിസിനസുകാര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും ഫ്രീലാന്‍സ് വിസകള്‍ ലഭിക്കും. വിവിധ രംഗങ്ങളിലെ വിദഗ്ധരെയും വിരമിച്ചവരെയും കഴിവ് തെളിയിച്ച പ്രഗത്ഭരെയും രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനാണ് ഫ്രീലാന്‍സ് വിസകളെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വിസകളുടെയും യോഗ്യതകളും മറ്റ് മാനദണ്ഡങ്ങളും സംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നും ഞായറാഴ്‍ച പുറത്തുവന്ന അറിയിപ്പുകളിലില്ല.
15 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കും ഭര്‍ത്താവിനെ നഷ്‍ടപ്പെട്ട സ്‍ത്രീകള്‍ക്കും ജോലി ചെയ്യാന്‍ അനുവാദം നല്‍കുന്ന തരത്തിലുള്ള പുതിയ നിയമങ്ങളും ഇന്ന് പ്രഖ്യാപിച്ചു. 15 വയസിന് മുകളില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ചില മേഖലകളില്‍ പ്രവൃത്തി പരിചയം സമ്പാദിക്കുന്നതിന് ജോലി ചെയ്യാന്‍ അനുമതി നല്‍കും. ഇതിനായി അവര്‍ക്ക് വിസ ലഭിക്കും. വിവാഹ മോചിതകളോ ഭര്‍ത്താവ് മരണപ്പെടുകയോ ചെയ്ത സ്ത്രീകള്‍ക്ക് രാജ്യത്ത് തുടരാനുള്ള സമയപരിധി 30 ദിവസത്തില്‍ നിന്ന് ഒരു വര്‍ഷമാക്കി വര്‍ദ്ധിപ്പിച്ചു. പ്രവാസികള്‍ക്ക് വിസാ കാലാവധി കഴിഞ്ഞാലും രാജ്യത്ത് തുടരാവുന്ന ഗ്രേസ് പീരിഡ് 90 മുതല്‍ 180 ദിവസം വരെയാക്കിയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. നിലവില്‍ 30 ദിവസമാണ് ഗ്രേസ് പീരിഡ്.
🇸🇦പ്രതിരോധ ശേഷി കുറഞ്ഞവർക്കും അവയവം മാറ്റിവെച്ചവർക്കും സൗദി അറേബ്യയിൽ മൂന്നാം ഡോസ് കൊവിഡ് വാക്‌സിൻ നൽകും.
✒️രോഗ പ്രതിരോധ ശേഷി കുറഞ്ഞവർക്കും അവയവം മാറ്റിവെച്ചവർക്കും സൗദി അറേബ്യയിൽ കൊവിഡ് വാക്‌സിൻ മൂന്നാം ഡോസ് നൽകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്നാം ഡോസ് ബൂസ്റ്റർ വാക്‌സിൻ ആയി നൽകുമെന്ന് സൗദി ആരോഗ്യമന്ത്രലായം വക്താവ് ഡോ. മുഹമ്മദ് അൽ അബ്‍ദുൽ ആലി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അവയവമാറ്റ ശസ്‍ത്രക്രിയക്ക് വിധേയരായവർ, ഡയാലിസിസ് ചെയ്യുന്നവർ എന്നിവർക്കും രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്കുമാണ് മൂന്നാം ഡോസായ ബൂസ്റ്റർ ഡോസ് നൽകേണ്ടതെന്നാണ് പഠന റിപ്പോർട്ടുകളിലുള്ളത്. രാജ്യത്തിന്റെ വാക്‌സിനേഷൻ പ്രൊട്ടോകോളുകളിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മറ്റു വിഭാഗങ്ങൾക്ക് ബൂസ്റ്റർ ഡോസ് നൽകണമോയെന്ന കാര്യത്തിൽ പഠനം തുടരുകയാണ്. അദ്ദേഹം പറഞ്ഞു.
🇸🇦സൗദിയിൽ കൊവിഡ് വ്യാപനം താഴേക്ക്; ഇന്ന് രോഗം സ്ഥിരീകരിച്ചത് 120 പേര്‍ക്ക്.
✒️സൗദി അറേബ്യയിൽ കൊവിഡ് വ്യാപനം കുത്തനെ കുറയുന്നു. പുതിയതായി വെറും 120 പേർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് സൗദി ആരോഗ്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. നിലവിൽ രോഗബാധിതരായി നിരീക്ഷണത്തിലുള്ളവരിൽ 219 പേർ സുഖം പ്രാപിക്കുകയും ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴുപേർ കൂടി മരിച്ചു. രാജ്യത്ത് ഇന്ന് 47,732 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,45,243 ആയി. ഇതിൽ 5,34,062 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,579 ആയി ഉയർന്നു. കൊവിഡ് ബാധിച്ച് രാജ്യത്ത് വിവിധ ഭാഗങ്ങളിലായി നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 2,602 ആയി കുറഞ്ഞു. ഇതിൽ 723 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.9 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 35, മക്ക 22, കിഴക്കൻ പ്രവിശ്യ 14, ജീസാൻ 9, മദീന 8, അൽഖസീം 8, അസീർ 7, നജ്റാൻ 6, ഹായിൽ 4, തബൂക്ക് 3, വടക്കൻ അതിർത്തി മേഖല 2, അൽജൗഫ് 1, അൽബാഹ 1. രാജ്യത്താകെ പ്രതിരോധ കുത്തിവെപ്പ് 37,834,007 ഡോസ് ആയി.
🇦🇪41-ാമത് മഹ്‍സൂസ് നറുക്കെടുപ്പില്‍ 1,000,000 ദിര്‍ഹം പങ്കിട്ടെടുത്ത് ഏഴ് ഭാഗ്യവാന്മാര്‍.
✒️യുഎഇയിലെ മഹ്‌സൂസ് സ്റ്റുഡിയോയില്‍ വെച്ച് ശനിയാഴ്ച രാത്രി നടന്ന 41-ാമത് പ്രതിവാര തത്സമയ നറുക്കെടുപ്പില്‍ ഏഴ് ഭാഗ്യവാന്മാര്‍ 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ടെടുത്തതായി മഹ്‌സൂസ് മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്‌സ് എല്‍എല്‍സി അറിയിച്ചു. നറുക്കെടുത്ത ആറ് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ചു വന്ന ഇവര്‍ ഓരോരുത്തരും 142,857 ദിര്‍ഹമാണ് നേടിയത്. ഇതിനുപുറമെ, 244 വിജയികള്‍ 1,000 ദിര്‍ഹം വീതവും 3,165 പേര്‍ 35 ദിര്‍ഹം വീതവും സമ്മാനം നേടി. ആകെ 1,354,775 ദിര്‍ഹമാണ് കഴിഞ്ഞ നറുക്കെടുപ്പില്‍ വിജയികള്‍ക്ക് ലഭിച്ചത്. 1, 7, 17, 25, 35, 43 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍.
50 മില്യന്‍ ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം ഇപ്പോഴും വിജയികളെ കാത്തിരിക്കുകയാണ്. 2021 സെപ്‍റ്റംബര്‍ 11 ശനിയാഴ്ച യുഎഇ സമയം രാത്രി ഒമ്പത് മണിക്ക് നടക്കാനിരിക്കുന്ന അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇത് സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുക.
ഈ ആഴ്ചയിലെ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് www.mahzooz.ae എന്ന വെബ്‍സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്യുന്നതിലൂടെ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കും. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും നറുക്കെടുപ്പിലേക്കുള്ള ഒരു എന്‍ട്രി വീതം ലഭിക്കുന്നു. മാത്രമല്ല ബോട്ടില്‍ഡ് വാട്ടര്‍ സംഭാവന നല്‍കുമ്പോള്‍ അത് മഹ്‍സൂസിന്റെ കമ്മ്യൂണിറ്റി പാര്‍ട്ണര്‍മാര്‍ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. യോഗ്യരായ എല്ലാവര്‍ക്കും മഹ്‌സൂസ് നറുക്കെടുപ്പില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയും.
🇦🇪യുഎഇയില്‍ ഇപ്പോഴുള്ളത് 8696 കൊവിഡ് രോഗികള്‍ മാത്രം; ഇന്ന് ഒരു കൊവിഡ് മരണം.
✒️യുഎഇയില്‍ 971 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,387 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു.
പുതിയതായി നടത്തിയ 3,02,164 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,23,262 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,12,521 പേര്‍ രോഗമുക്തരാവുകയും 2,046 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 8,696 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
🇴🇲ഒമാനില്‍ കൊവിഡ് കുറയുന്നു; മൂന്ന് ദിവസത്തിനിടെ 202 പുതിയ കേസുകള്‍.
✒️ഒമാനില്‍ കഴിഞ്ഞ 3 ദിവസത്തിനിടെ 202 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അഞ്ച് കൊവിഡ് മരണങ്ങളാണ് രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 392 പേര്‍ കൂടി രോഗമുക്തി നേടി.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 3,02,668 പേര്‍ക്കാണ്. ഇവരില്‍ 2,92,573 പേരും ഇതിനോടകം രോഗമുക്തരായി. 4,075 പേര്‍ക്കാണ് കൊവിഡ് കാരണം ഒമാനില്‍ ജീവന്‍ നഷ്ടമായത്. 96.7 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6 കൊവിഡ് രോഗികളെ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്. ഇവര്‍ ഉള്‍പ്പെടെ 97 പേര്‍ ഇപ്പോള്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 39 പേരാണ് തീവ്രപരിചരണ വിഭാഗങ്ങളിലുള്ളത്.
🇦🇪അബുദാബിയില്‍ പുതിയ ക്വാറന്റീന്‍ നിബന്ധനകള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍.
✒️കൊവിഡ് വാക്സിന്‍ സ്വീകരിച്ച യാത്രക്കാര്‍ക്ക് അബുദാബിയില്‍ ക്വാറന്റീന്‍ ആവശ്യമില്ലെന്ന ദേശീയ ദുരന്ത നിവാരണ സമിതിയുടെ പുതിയ തീരുമാനം ഇന്ന് മുതല്‍(സെപ്തംബര്‍ 5) പ്രാബല്യത്തില്‍. ഗ്രീന്‍ ലിസ്റ്റ് പട്ടികയില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നെത്തുന്ന വാക്സിന്‍ സ്വീകരിക്കാത്ത യാത്രക്കാര്‍ക്ക് 10 ദിവസം ക്വാറന്റീന്‍ തുടരും. ഇവര്‍ ഒമ്പതാമത്തെ ദിവസം പിസിആര്‍ പരിശോധന നടത്തണം.
വാക്സിന്‍ സ്വീകരിച്ചവരും അല്ലാത്തവരും അബുദാബിയിലേക്ക് യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളില്‍ എടുത്ത പി സി ആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കണം. വാക്സിന്‍ എടുത്തവരുള്‍പ്പെടെ എല്ലാവരും അബുദാബിയില്‍ എത്തിയ ശേഷം പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണം. വാക്സിന്‍ എടുത്തവര്‍ക്ക് ക്വാറന്റീന്‍ ഒഴിവാക്കിയെങ്കിലും ഇവര്‍ അബുദാബിയിലെത്തി നാലാം ദിവസവും എട്ടാം ദിവസവും പിസിആര്‍ പരിശോധന നടത്തുകയും വേണം. റസിഡന്റ് വിസക്കാര്‍ക്കും സന്ദര്‍ശക വിസക്കാര്‍ക്കും പുതിയ നിയമം ബാധകമാണ്. വാക്സിനെടുക്കാത്ത യാത്രക്കാര്‍ ഗ്രീന്‍ ലിസ്റ്റ് രാജ്യങ്ങളില്‍ നിന്ന് വരികയാണെങ്കില്‍ അവര്‍ക്കും ക്വാറന്റീന്‍ ഇല്ല. പകരം അബുദാബിയിലെത്തിയ ഉടനെയും പിന്നീട് ആറാം ദിവസവും ഒന്‍പതാം ദിവസവും പരിശോധന നടത്തണം.
🇰🇼കുവൈത്തിലേക്ക് എയര്‍ ഇന്ത്യ ടിക്കറ്റ് ബുക്കിങ് തുടങ്ങിയെന്ന് പ്രചാരണം; പ്രതികരിച്ച് അധികൃതര്‍.
✒️ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്കുള്ള സര്‍വീസുകളുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടില്ലെന്ന് എയര്‍ ഇന്ത്യ. വ്യാജപ്രചാരണങ്ങളില്‍ യാത്രക്കാര്‍ വഞ്ചിതരാകരുതെന്ന് വിമാന അധികൃതര്‍ അറിയിച്ചു.
ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്കുള്ള സര്‍വീസുകളില്‍ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടില്ല. ബുക്കിങ് ആരംഭിക്കുന്നതിനായി ഇന്ത്യന്‍ വ്യോമയാന മന്ത്രാലയത്തിന്റെയും വ്യോമയാന ഡയറക്ടറേറ്റിന്റെയും അനുമതി കാത്തിരിക്കുകയാണെന്നും ഇതുവരെ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിക്കുകയോ ബുക്കിങ് തുടങ്ങുകയോ ചെയ്തിട്ടില്ലെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. വിമാന ഷെഡ്യൂളുകളും ടിക്കറ്റ് നിരക്കുകളും പ്രഖ്യാപിച്ചെന്ന തരത്തില്‍ പോസ്റ്ററുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
🇶🇦കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു;ഖത്തറില്‍ 2,000ത്തിലേറെ പേര്‍ക്കെതിരെ കൂടി നടപടി.
✒️ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കി. നിയമം ലംഘിച്ച 2,047പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 1,289 പേരും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിനാണ് നടപടി നേരിട്ടത്.
സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 736 പേരെയും മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് 22 പേരെയും പിടികൂടി. എല്ലാവരെയും തുടര്‍നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
രാജ്യത്ത് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരൊഴികെ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക.
🇰🇼കുവൈറ്റ്: പുതിയ സന്ദർശക വിസകൾ അനുവദിക്കുന്ന സേവനം താമസിയാതെ പുനരാരംഭിക്കുമെന്ന് സൂചന.
✒️കുവൈറ്റിലേക്ക് സന്ദർശകരായി പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ വിസിറ്റ് വിസകൾ അനുവദിക്കുന്ന സേവനം ആഭ്യന്തര മന്ത്രാലയം ഉടൻ തന്നെ പുനരാരംഭിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ സൂചന നൽകി. ഇതുമായി ബന്ധപ്പട്ട നടപടികൾ കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പുരോഗമിക്കുന്നതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
COVID-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുതിയ വിസിറ്റ് വിസകൾ അനുവദിക്കുന്ന നടപടികൾ ഏതാണ്ട് ഒന്നര വർഷത്തോളമായി കുവൈറ്റ് നിർത്തിവെച്ചിരിക്കുകയാണ്. ഇപ്പോൾ ലഭിക്കുന്ന സൂചന അനുസരിച്ച് പുതിയ വിസിറ്റ് വിസകൾ അനുവദിക്കുന്നതിന് കുവൈറ്റ് ക്യാബിനറ്റ് ഒക്ടോബറിൽ അംഗീകാരം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാണിജ്യ ആവശ്യത്തിനുള്ളതും, ഫാമിലി, ടൂറിസ്റ്റ് വിഭാഗങ്ങളിലുമുള്ളതുമായ എല്ലാ തരാം വിസിറ്റ് വിസകളും സാധാരണ രീതിയിൽ ഇത്തരത്തിൽ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ മാനുഷിക പരിഗണന ആവശ്യമുള്ള ഏതാനം പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് കുവൈറ്റ് സന്ദർശക വിസകൾ അനുവദിക്കുന്നത്. രാജ്യത്തെ COVID-19 വ്യാപനത്തിൽ കുറവ് രേഖപ്പെടുത്തിയതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനശേഷി ഉയർത്തുന്നതിനും, യാത്രാ വിലക്കുകൾ ഒഴിവാക്കുന്നതിനും കുവൈറ്റ് തീരുമാനിച്ച പശ്ചാത്തലത്തിൽ താമസിയാതെ സന്ദർശകർക്ക് സാധാരണ രീതിയിൽ പ്രവേശനം അനുവദിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ.
🇰🇼കുവൈറ്റ്: ഈജിപ്തിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ സെപ്റ്റംബർ 5 മുതൽ പുനരാരംഭിക്കും; ഇന്ത്യയിലേക്ക് ഉടൻ ആരംഭിക്കുമെന്ന് DGCA.
✒️രാജ്യത്ത് നിന്ന് ഈജിപ്തിലേക്കും, തിരികെയുമുള്ള നേരിട്ടുള്ള യാത്രാ വിമാനസർവീസുകൾ 2021 സെപ്റ്റംബർ 5, ഞായറാഴ്ച്ച മുതൽ പുനരാരംഭിക്കുമെന്ന് കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു. കുവൈറ്റിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് വിലക്കുകൾ നിലനിന്നിരുന്ന ആറ് രാജ്യങ്ങളിലേക്കുള്ള യാത്രാ വിമാനസർവീസുകൾ പുനരാരംഭിക്കാൻ ക്യാബിനറ്റ് അനുമതി നൽകിയ പശ്ചാത്തലത്തിലാണ് DGCA ഈജിപ്തിലേക്കുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്.
ഈ അറിയിപ്പ് പ്രകാരം, ആഴ്ച്ച തോറും ഈജിപ്തിൽ നിന്ന് കുവൈറ്റിലേക്ക് ഒമ്പത് വിമാനസർവീസുകൾക്കാണ് DGCA അനുമതി നൽകിയിരിക്കുന്നത്. കുവൈറ്റ്, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിമാനകമ്പനികളായിരിക്കും ഈ സർവീസുകൾ നടത്തുന്നത്. കുവൈറ്റ് ക്യാബിനറ്റ് പ്രവേശനാനുമതി നൽകിയിട്ടുള്ള ഇന്ത്യ ഉൾപ്പടെയുള്ള മറ്റു അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള യാത്ര വിമാനസർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് വൈകാതെ തീരുമാനം ഉണ്ടാകുമെന്ന് DGCA വൃത്തങ്ങൾ സൂചിപ്പിച്ചു.
ഇന്ത്യയിൽ നിന്ന് കുവൈറ്റിലേക്കുള്ള യാത്ര വിമാനസർവീസുകൾ അടുത്ത ആഴ്ച്ച മുതൽ ആരംഭിക്കുമെന്ന് സൂചന
അതേസമയം, ഇന്ത്യയിൽ നിന്ന് കുവൈറ്റിലേക്ക് നേരിട്ടുള്ള യാത്ര വിമാനസർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ചുള്ള അവസാന ഘട്ട നടപടികൾ പുരോഗമിക്കുന്നതായി DGCA എയർ ട്രാൻസ്‌പോർട്ട് വിഭാഗം ഡയറക്ടർ അബ്ദുല്ല അൽ രജ്‌ഹി വ്യക്തമാക്കിയിട്ടുണ്ട്. പ്രതിദിനം അനുവദിക്കുന്ന സർവീസുകളുമായി ബന്ധപ്പെട്ട് ഇന്ത്യൻ അധികൃതരിൽ നിന്നുള്ള അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും, അടുത്ത ആഴ്ച്ച തന്നെ ഇന്ത്യയിൽ നിന്നുള്ള സർവീസുകൾ പുനരാരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ, ഈജിപ്ത്, നേപ്പാൾ ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളുമായുള്ള നേരിട്ടുള്ള യാത്രാ വിമാനസർവീസുകൾ പുനരാരംഭിക്കുന്നതിന് ക്യാബിനറ്റ് അനുമതി നൽകിയതായും, ഈ രാജ്യങ്ങളിൽ നിന്നുള്ള വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ റെസിഡൻസി വിസകളിലുള്ളവർക്ക് കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് അനുമതി നൽകാൻ തീരുമാനിച്ചതായും കുവൈറ്റ് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് 2021 ഓഗസ്റ്റ് 18-ന് അറിയിച്ചിരുന്നു. എന്നാൽ എന്ന് മുതലാണ് ഈ തീരുമാനം നടപ്പിലാക്കുന്നതെന്ന് കുവൈറ്റ് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസിൽ നിന്നോ, കുവൈറ്റ് DGCA-യിൽ നിന്നോ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിരുന്നില്ല.
🇸🇦സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനേഴായിരത്തോളം പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം.
✒️രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനേഴായിരത്തോളം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി. 2021 ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 1 വരെയുള്ള കാലയളവിൽ രാജ്യത്തെ മുഴുവൻ മേഖലകളിലും നടത്തിയ പ്രത്യേക പരിശോധനകളിലാണ് റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനും, അനധികൃത തൊഴിലാളികളായും, കുടിയേറ്റക്കാരായും രാജ്യത്ത് പ്രവേശിച്ചതിനും, രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനും 16638 പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇതിൽ 5800 പേർ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനാണ് അറസ്റ്റിലായത്. തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1455 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിർത്തി സുരക്ഷ സംബന്ധമായ ലംഘനങ്ങൾക്ക് 9383 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇത്തരം ലംഘനങ്ങളുമായി ബന്ധപ്പെട്ട് ഏതാണ്ട് 9929 പേർക്കെതിരെ നാടുകടത്തൽ നടപടികൾ സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി.
അനധികൃതമായി സൗദി അതിർത്തികളിലൂടെ നുഴഞ്ഞ് കയറാൻ ശ്രമിച്ച 849 പേരെയും ഈ കാലയളവിൽ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 43 ശതമാനം പേർ എത്യോപ്യൻ പൗരന്മാരും, 55 ശതമാനം പേർ യെമൻ പൗരന്മാരും, 2 ശതമാനം പേർ മറ്റു രാജ്യങ്ങളിൽ നിന്നുമുള്ളവരാണ്.
റെസിഡൻസി നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്ന വിദേശികൾ, അനധികൃത തൊഴിലാളികൾ, കുടിയേറ്റക്കാർ തുടങ്ങിയവരുടെ വിവരങ്ങൾ സെക്യൂരിറ്റി വിഭാഗങ്ങളുമായി പങ്ക് വെക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ആവശ്യപ്പെട്ടിരുന്നു. ഇത്തരക്കാരെ കണ്ടെത്തി നടപടികൾ കൈക്കൊള്ളുന്നതിനായി രാജ്യത്തെ വിവിധ സുരക്ഷാ വിഭാഗങ്ങളുമായി ചേർന്ന് ആഭ്യന്തര മന്ത്രാലയം പ്രത്യേക പരിശോധനാ പരിപാടികൾ അതിവിപുലമായി നടത്തിവരികയാണ്.
ഇത്തരം വിവരങ്ങൾ പൊതുജനങ്ങൾക്ക് അധികൃതരുമായി പങ്ക് വെക്കുന്നതിനുള്ള നമ്പറുകളും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മക്ക, റിയാദ് എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, സൗദിയുടെ മറ്റു മേഖലകളിൽ 999 എന്ന നമ്പറിലും ഇത്തരം നിയമലംഘനങ്ങൾ അധികൃതരുമായി പങ്ക് വെക്കാവുന്നതാണ്.
🇧🇭ബഹ്‌റൈൻ: സ്പുട്നിക് V COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകുന്നതിന് ഔദ്യോഗിക അനുമതി.
✒️രാജ്യത്ത് സ്പുട്നിക് V COVID-19 വാക്സിൻ സ്വീകരിച്ചവരിൽ ബൂസ്റ്റർ ഡോസ് കുത്തിവെപ്പിന് ഔദ്യോഗിക അനുമതി നൽകിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 4-ന് വൈകീട്ടാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് സ്പുട്നിക് V COVID-19 വാക്സിൻ സ്വീകരിച്ചിട്ടുള്ള പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവർക്ക്, രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് ആറ് മാസത്തിന് ശേഷം ബൂസ്റ്റർ ഡോസ് നൽകുന്ന രീതിയാണ് മന്ത്രാലയം അംഗീകരിച്ചിട്ടുള്ളത്. ആഗോളതലത്തിൽ ഇതാദ്യമായാണ് സ്പുട്നിക് V COVID-19 വാക്സിന്റെ മൂന്നാമതൊരു ഡോസ് ബൂസ്റ്റർ എന്ന രീതിയിൽ നൽകുന്നതിന് ഔദ്യോഗിക അനുമതി നൽകുന്നതെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഫൈസർ ബയോഎൻടെക് വാക്സിന്റെ ബൂസ്റ്റർ ഡോസിനും ബഹ്‌റൈൻ നേരത്തെ അനുമതി നൽകിയിരുന്നു.
റഷ്യൻ നിർമ്മിത വാക്സിനായ സ്പുട്നിക് V-ന് രാജ്യത്ത് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം 2021 ഫെബ്രുവരി 10-ന് നൽകിയിരുന്നു. റഷ്യയിലെ ഗമലേയ നാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് സ്പുട്നിക് V വാക്സിൻ തയ്യാറാക്കിയത്. ഈ വാക്സിൻ ഉപയോഗിച്ചുള്ള മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ നേരത്തെ യു എ ഇയിൽ നടത്തിയിരുന്നു.
🇴🇲ഒമാൻ: റെസിഡൻസി നിയമങ്ങളിൽ മാറ്റം വരുത്തി; കാലാവധി തീരുന്നതിന് 15 ദിവസം മുൻപ് വിസ പുതുക്കുന്നതിനുള്ള അപേക്ഷ നൽകണം.
✒️രാജ്യത്തെ പ്രവാസികൾക്ക് ബാധകമാക്കിയിട്ടുള്ള റെസിഡൻസി നിയമങ്ങളിൽ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് ഒരു രാജകീയ ഉത്തരവ് പുറത്തിറക്കി. 60/2021 എന്ന ഈ ഉത്തരവ് പ്രകാരം പ്രവാസികളുടെ വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാലയളവിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
ഈ ഉത്തരവ് പ്രകാരം ഒമാനിലെ പ്രവാസികളുടെ റെസിഡൻസി നിയമങ്ങളിൽ താഴെ പറയുന്ന മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നതാണ്:
റെസിഡൻസി കാലാവധി അവസാനിക്കുന്നതിന് പതിനഞ്ച് ദിവസം മുൻപെങ്കിലും പ്രവാസികൾ ഇത് പുതുക്കുന്നതിനുള്ള അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
പ്രത്യേക കാരണങ്ങൾ ഒന്നും ബോധിപ്പിക്കാതെ തന്നെ റെസിഡൻസി അനുവദിക്കുന്നതോ, പുതുക്കുന്നതോ നിഷേധിക്കുന്നതിന് അധികൃതർക്ക് അധികാരം നൽകിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് നിലവിൽ രാജ്യത്ത് നിലനിൽക്കുന്ന പരസ്‌പരവിരുദ്ധമായിരിക്കുന്ന എല്ലാ മുൻ തീരുമാനങ്ങളും റദ്ദ് ചെയ്തതായും ഈ ഉത്തരവിൽ പറയുന്നുണ്ട്.
🇦🇪യു എ ഇ: റാഷിദ് ചന്ദ്രയാത്ര പേടകത്തിന്റെ ലാൻഡിംഗ് സൈറ്റ് പ്രഖ്യാപിച്ചു.
✒️എമിറേറ്റ്സ് ചാന്ദ്രപര്യവേഷണ ദൗത്യത്തിന്റെ ഭാഗമായുള്ള റാഷിദ് റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന പ്രൈമറി ലാൻഡിംഗ് സൈറ്റ് സംബന്ധിച്ച് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (MBRSC) പ്രഖ്യാപനം നടത്തി. സെപ്റ്റംബർ 4, ശനിയാഴ്ച്ചയാണ് MBRSC ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകിയത്.
സ്വപ്നങ്ങളുടെ തടാകം എന്ന പേരിൽ അറിയപ്പെടുന്ന, ഇതുവരെ നിരീക്ഷണപഠനങ്ങൾക്ക് വിധേയമാകാത്ത പ്രദേശമായ ലാക്കസ് സോമ്‌നിയോറം (Lacus Somniorum) എന്ന ഇടമാണ് റാഷിദ് റോവർ ഇറങ്ങുന്നതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഏതെങ്കിലും സാഹചര്യത്തിൽ ഇവിടെ ഇറങ്ങുന്നതിന് സാങ്കേതിക തടസങ്ങൾ ഉണ്ടാകുന്ന അവസരത്തിൽ ലാൻഡ് ചെയ്യുന്നതിനായി ഇതിന് പുറമെ മറ്റു മൂന്ന് ഇടങ്ങളും MBRSC തിരഞ്ഞെടുത്തിട്ടുണ്ട്.
ചന്ദ്രന്റെ വടക്ക്കിഴക്കൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന Lacus Somniorum ലാവാ പ്രവാഹം മൂലം രൂപപ്പെട്ടിട്ടുള്ള പ്രത്യേകതകൾ നിറഞ്ഞ ഇടമാണ്. പര്‍വ്വതാഗ്നി പ്രവാഹം മൂലം ഈ ഇടം അല്പം ചുവന്ന വർണ്ണത്തിലാണ് കാണപ്പെടുന്നത്.
🇦🇪ഉയർന്ന താപനില: വാഹനങ്ങൾക്കുള്ളിൽ കുട്ടികളെ തനിച്ചാക്കി ഇരുത്തുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ദുബായ് പോലീസ് രക്ഷിതാക്കളെ ഓർമ്മപ്പെടുത്തി.
✒️ചൂടുകാലത്ത് കുട്ടികളെ വാഹനത്തിനുള്ളിൽ തനിച്ച് ഇരുത്തുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ദുബായ് പോലീസ് ജനറൽ കമാൻഡ് രക്ഷിതാക്കൾക്കും വാഹനമോടിക്കുന്നവർക്കും മുന്നറിയിപ്പ് നൽകി. ഇത്തരം കാലാവസ്ഥയിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ താപനില 70 ഡിഗ്രി സെൽഷ്യസ് വരെ അനുഭവപ്പെടാമെന്നും, ഇത് മാരകമായ പ്രത്യാഘാതങ്ങൾക്കിടയാക്കാമെന്നും ദുബായ് പോലീസ് ഓർമ്മപ്പെടുത്തി.
ഈ വേനൽക്കാലത്തിന്റെ തുടക്കത്തിൽ, ഇത്തരം നിരുത്തരവാദപരമായ പ്രവൃത്തികളുടെ ഗൗരവം ഊന്നിപ്പറയുന്നതിനായി “ഒരിക്കലും ഒരു കുട്ടിയെയും വാഹനത്തിനുള്ളിൽ ഒറ്റക്കിരുത്തരുത്” എന്ന മുദ്രാവാക്യമുയർത്തി ബോധവൽക്കരണ സന്ദേശം നൽകുന്ന ഒരു പ്രചാരണ പരിപാടിക്ക് ദുബായ് പോലീസ് രൂപം നൽകിയിരുന്നു. വർഷം മുഴുവൻ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും വിശകലനം ചെയ്യാനും കൈകാര്യം ചെയ്യാനും ദുബായ് പോലീസ് അക്ഷീണം പ്രവർത്തിക്കുന്നുവെന്ന് ദുബായ് പോലീസിലെ സുരക്ഷാ ബോധവൽക്കരണ വിഭാഗം ഡയറക്ടർ ബുട്ടി അൽ ഫലസി വ്യക്തമാക്കി.
“രക്ഷിതാക്കളുടെ അശ്രദ്ധ മൂലം ഇത്തരത്തിൽ കുട്ടികളെ കാറുകൾക്കുള്ളിൽ ഒറ്റക്കിരുത്തുന്നത് പലപ്പോഴും ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പലപ്പോഴും രക്ഷിതാക്കൾ ഈ പ്രവർത്തിയുടെ ഗുരുതരമായ അപകട സാധ്യതകളെക്കുറിച്ച് ചിന്തിക്കാതെയാണ് കുട്ടികളെ വാഹനങ്ങളിൽ തനിയെ ഇരുത്തുന്നത്. കഴിഞ്ഞ ഏഴ് മാസത്തിനിടയിൽ, പൂട്ടിയ വാഹനങ്ങളിൽ അകപ്പെട്ടുപോയ 39 കുട്ടികളെ ഞങ്ങൾ രക്ഷിച്ചു.” അൽ ഫലസി കൂട്ടിച്ചേർത്തു.
കുടുത്ത ചൂടിൽ കുട്ടികളെ വാഹനത്തിനുള്ളിൽ തനിയെ ഇരുത്തുന്നത് ഓക്സിജന്റെ അഭാവവും മൂലം ശ്വാസംമുട്ടൽ, ബോധം നഷ്ടപ്പെടൽ തുടങ്ങി മരണം വരെ സംഭവിക്കാനിടയാക്കുന്നതാണ്.
🇧🇭ജി.സി.സി രാജ്യങ്ങളിൽനിന്ന് വാക്സിൻ സ്വീകരിച്ചവർക്ക് ബഹ്റൈനിൽ ക്വാറന്റൈൻ ഇല്ല.
✒️ഇന്ത്യയെ റെഡ്ലിസ്റ്റിൽനിന്ന് മാറ്റിയ സാഹചര്യത്തിൽ ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർക്കുള്ള പുതുക്കിയ നിദേശങ്ങൾ എയർഇന്ത്യ എസ്ക്പ്രസ് പുറപ്പെടുവിച്ചു. സെപ്റ്റംബർ മൂന്നുമുതലാണ് ഇന്ത്യയെ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കാൻ ബഹ്‌റൈൻ തീരുമാനിച്ചത്.
ബഹ്റൈനി പൗരൻമാർ, ബഹ്റൈനിൽ റസിഡൻസ് പെർമിറ്റുള്ളവർ, ബോർഡിങ്ങിന് മുമ്പ് വിസ ലഭിച്ച ഇന്ത്യക്കാർ (വർക്ക് വിസ, വിസിറ്റ് വിസ, ഇ വിസ തുടങ്ങിയവ) എന്നിവർക്ക് ബഹ്റൈനിലേക്ക് വരാം.
ജി.സി.സി രാജ്യങ്ങളിൽനിന്ന് പൂർണ്ണമായി വാക്സിൻ സ്വീകരിച്ചവർക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പുള്ള നെഗറ്റീവ് ആർ.ടി.പി.സി.ആർ ടെസ്റ്റ് ആവശ്യമില്ല. ഇത്തരം യാത്രക്കാർ വാക്സിൻ സ്വീകരിച്ചതിെൻറ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ജി.സി.സി രാജ്യങ്ങളിലെ ഒൗദ്യോഗിക മൊബൈൽ ആപ്പിലെ ഗ്രീൻ ഷീൽഡ് കാണിക്കണം. ബഹ്റൈനിൽ രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവരെയാണ് പൂർണ്ണമായി വാക്സിൻ സ്വീകരിച്ചവരായി കണക്കാക്കുന്നത്.
വാക്സിൻ സ്വീകരിക്കാത്തവരും ഇന്ത്യയിൽനിന്ന് വാക്സിൻ സ്വീകരിച്ചവരുമായ യാത്രക്കാർ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ നടത്തിയ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. സർട്ടിഫിക്കറ്റിൽ സ്കാൻ ചെയ്യാൻ കഴിയുന്ന ക്യൂ.ആർ കോഡ് നിർബന്ധമായും ഉണ്ടായിരിക്കണം. ഒാൺലൈൻ റിേപ്പാർട്ടും കൗണ്ടറിൽ കാണിക്കുന്ന പി.ഡി.എഫ് റിപ്പോർട്ടും ഒരേപോലെയായിരിക്കണം.
ബഹ്റൈനിൽ എത്തിയാൽ വിമാനത്താവളത്തിൽവെച്ചും തുടർന്ന് അഞ്ച്, 10 ദിവസങ്ങളിലും കോവിഡ് പരിശോധന നടത്തണം. വാക്സിൻ സ്വീകരിച്ചവർക്കും സ്വീകരിക്കാത്തവർക്കും ഇത് ബാധകമാണ്. അതേസമയം, ആറ് വയസിൽ താഴെയുള്ള കുട്ടികൾക്ക് ടെസ്റ്റ് ആവശ്യമില്ല.
മൂന്ന് പരിശോധനക്കുമായി 36 ദിനാറാണ് ഫീസ് അടക്കേണ്ടത്. ഇത് മുൻകൂട്ടി അടക്കുകയോ വിമാനത്താവളത്തിലെ കിയോസ്കിൽ അടക്കുകയോ വേണം. ഇതിനാവശ്യമായ തുക യാത്രക്കാർ കരുതണം.
വാക്സിൻ സ്വീകരിക്കാത്തവരും ഇന്ത്യയിൽനിന്ന് വാക്സിൻ സ്വീകരിച്ചവരും 10 ദിവസത്തെ നിർബന്ധിത ക്വാറൻറീനിൽ കഴിയണം. സ്വന്തം പേരിലോ അടുത്ത ബന്ധുവിെൻറ പേരിലോ ഉള്ള താമസ സ്ഥലത്തോ നാഷണൽ ഹെൽത് റഗുലേറ്ററി അതോറിറ്റി (എൻ.എച്ച്.ആർ.എ) അംഗീകൃത ഹോട്ടലിലോ ആയിരിക്കണം ക്വാറൻറീൻ. താമസ സ്ഥലത്തിന്‍റെ രേഖ യാത്ര പുറപ്പെടുന്നതിന് മുമ്പ് ഹാജരാക്കണം.
0 Comments