Ticker

6/recent/ticker-posts

Header Ads Widget

സ്ഥിരമായി ആടുകളെ മോഷ്ടിച്ച്‌ വില്പന നടത്തിവന്ന മൂന്നംഗ സംഘം പോലീസ് പിടിയിൽ

കല്ലമ്ബലം: പള്ളിക്കലില്‍ സ്ഥിരമായി ആടുകളെ മോഷ്ടിച്ച്‌ വില്പന നടത്തിവന്ന മൂന്നംഗ സംഘം അറസ്റ്റില്‍. കന്യാകുമാരി രാമവര്‍മ്മന്‍ചിറ മേപ്പാലം നിരപ്പുകാല പുത്തന്‍വീട്ടില്‍ അശ്വിന്‍ (23), പരവന്‍കുന്ന് പാലമങ്കുഴി ചാലില്‍ വീട്ടില്‍ അമല്‍ (21), പള്ളിപ്പുറം പാച്ചിറ മായപ്പുറത്ത് വീട് ഷഫീഖ് മന്‍സിലില്‍ ഷമീര്‍ (21) എന്നിവരാണ് പിടിയിലായത്.

ചാങ്ങയില്‍ക്കോണം ഹബീബ മന്‍സിലില്‍ സജീനയുടെ ആടുകള്‍ കഴിഞ്ഞ ആഗസ്റ്റ് 31ന് മോഷണം പോയിരുന്നു. ഇവരുടെ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. സി.സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ ഇവരെത്തിയ വാഹനങ്ങള്‍ മനസിലാക്കിയ ശേഷം നടത്തിയ പരിശോധനയില്‍ പാച്ചിറയിലെ വീട്ടില്‍ നിന്ന് ഇവര്‍ പള്ളിക്കല്‍ പൊലീസിന്റെ പിടിയിലാകുകയായിരുന്നു. മോഷ്ടിച്ച ആടിനെ വീടിനു പരിസരത്ത് നിന്നും കണ്ടെത്തി. മോഷണത്തിന് ഉപയോഗിച്ച വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായ പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ മറ്റു മോഷണങ്ങളും പുറത്തുവന്നിട്ടുണ്ട്.

16ഓളം സ്റ്റേഷനുകളിലായി പിടിച്ചുപറി, മാലപൊട്ടിക്കല്‍, കവര്‍ച്ചാകേസുകളില്‍ ഇവര്‍ പ്രതികളാണ്. പകല്‍ സമയങ്ങളില്‍ കറങ്ങിനടന്ന് ആടുകളുള്ള വീടുകള്‍ കണ്ടെത്തി വയ്ക്കുകയും രാത്രി വാഹനങ്ങളിലെത്തി മോഷണം നടത്തുകയുമാണ് പതിവ്.

ആട് നിലവിളിക്കാതിരിക്കാന്‍ മുഖത്ത് ഉപ്പ് തേയ്ക്കുകയും ഇത് നക്കിത്തുടയ്ക്കുന്ന സമയംകൊണ്ട് ആടിനെ വണ്ടിക്കുള്ളിലാക്കുകയും ചെയ്യുന്നതാണ് രീതി. ഷമീറിന്റെ കൈയില്‍ നിന്ന് പൊട്ടിയ സ്വര്‍ണമാലയും ലോക്കറ്റും കണ്ടെത്തിയിട്ടുണ്ട്. പള്ളിക്കല്‍ സി.ഐ പി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ എസ്.ഐ സഹില്‍. എം, എ.എസ്.ഐമാരായ മനു, അനില്‍കുമാര്‍, എസ്.സി.പി.ഒ രാജീവ്, സി.പി.ഒമാരായ ദിലീപ്ഖാന്‍, ഷിജു, ജയപ്രകാശ്, വിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. റിമാന്‍ഡ് ചെയ്ത പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് സി.ഐ അറിയിച്ചു.

Post a Comment

0 Comments