Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ ലൈവ് ന്യൂസ്‌ ഗൾഫ് വാർത്തകൾ

🇸🇦സൗദി അറേബ്യയിൽ ഇന്ന് 103 പേർക്ക് കൊവിഡ്, ആറ് മരണം.

🇸🇦20 വർഷമായി നാട്ടിൽ പോകാത്ത പ്രവാസി നാടുകടത്തൽ കേന്ദ്രത്തിൽ മരിച്ചു.

🇴🇲ഒമാനില്‍ 12 വയസിന് മുകളിലുള്ള വിദ്യാര്‍ത്ഥികളില്‍ 90 ശതമാനത്തിനും വാക്സിന്‍ നല്‍കി.

🛫സൗദി അറേബ്യയിലേക്ക് 11 മുതല്‍ സര്‍വീസ് തുടങ്ങുമെന്ന് എമിറേറ്റ്സ്.

🇦🇪യുഎഇയില്‍ 772 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് നാല് മരണം.

🇴🇲ഒമാനില്‍ 57 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണം.

🇴🇲മസ്‌കറ്റ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വന്‍തുകയും കാറും സമ്മാനം നേടി പ്രവാസി മലയാളികള്‍.

🇰🇼തടവുശിക്ഷ ഇനി സ്വന്തം വീട്ടില്‍ അനുഭവിക്കാം; പദ്ധതിയുമായി കുവൈത്ത്.

🇶🇦കൊവിഡ് നിയമലംഘനം; ഖത്തറില്‍ 200 പേര്‍ക്കെതിരെ കൂടി നടപടി.

🇴🇲ഒമാനിലെ COVID-19 സാഹചര്യം ഏറെ മെച്ചപ്പെട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി.

🇸🇦സൗദി: പ്രതിദിനം 70000 തീർത്ഥാടകർക്ക് ഉംറ അനുഷ്ഠിക്കുന്നതിന് അനുമതി.

🇰🇼ഇന്ത്യയിലെ ഏഴ് നഗരങ്ങളിലേക്ക് വിമാനസർവീസുകൾ ആരംഭിച്ചതായി കുവൈറ്റ് എയർവേസ്‌.

🇧🇭ബഹ്‌റൈൻ: വിദ്യാലയങ്ങളിൽ 81 ശതമാനം ഹാജർ രേഖപ്പെടുത്തിയതായി വിദ്യാഭ്യാസ മന്ത്രാലയം.

🇴🇲ഒമാൻ: ഇന്ത്യൻ സ്കൂളുകളിൽ പ്രവേശനം ലഭിക്കുന്നതിന് വിദ്യാർത്ഥികൾക്ക് റസിഡന്റ് കാർഡ് നിർബന്ധമാക്കി.

🇶🇦ഖത്തറില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 143 പേര്‍ക്ക്; 189 രോഗമുക്തി.

🇰🇼കുവൈത്തിലേക്ക് വരുന്നവര്‍ ശ്ലോനിക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യല്‍ നിര്‍ബന്ധം.

🛫ഇത്തിഹാദ് എയര്‍വേസ് സൗദി സര്‍വീസ് സപ്തംബര്‍ 11 മുതല്‍; സൗദി എയര്‍ലൈന്‍സ് ദുബയിലേക്ക് ബുക്കിങ് തുടങ്ങി.

🇰🇼കുവൈത്തിലെ സ്റ്റേഡിയങ്ങളില്‍ കാണികളെ അനുവദിക്കാന്‍ തീരുമാനം.


വാർത്തകൾ വിശദമായി

🇸🇦സൗദി അറേബ്യയിൽ ഇന്ന് 103 പേർക്ക് കൊവിഡ്, ആറ് മരണം.

✒️സൗദി അറേബ്യയിൽ ഇന്ന് 103 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ രോഗബാധിതരായി നിരീക്ഷണത്തിലുള്ളവരിൽ 195 പേർ സുഖം പ്രാപിച്ചതായും കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ആറുപേർ കൂടി മരിച്ചതായും സൗദി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. 

രാജ്യത്ത് ഇന്ന് 49,965 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,45,727 ആയി. ഇതിൽ 5,34,834 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,604 ആയി ഉയർന്നു. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. 

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 34, മക്ക 18, കിഴക്കൻ പ്രവിശ്യ 9, അൽഖസീം 7, ജീസാൻ 6, അസീർ 6, മദീന 5, അൽജൗഫ് 5, നജ്റാൻ 4, തബൂക്ക് 3, വടക്കൻ അതിർത്തി മേഖല 3, ഹായിൽ 2, അൽബാഹ 1. രാജ്യത്താകെ പ്രതിരോധ കുത്തിവെപ്പ് 38,736,360 ഡോസ് ആയി.

🇸🇦20 വർഷമായി നാട്ടിൽ പോകാത്ത പ്രവാസി നാടുകടത്തൽ കേന്ദ്രത്തിൽ മരിച്ചു.

✒️20 വർഷത്തിലേറെയായി നാട്ടിൽ പോകാത്ത കർണാടക സ്വദേശി സൗദി അറേബ്യയിലെ നാടുകടത്തൽ കേന്ദ്രത്തിൽ മരിച്ചു. ദമ്മാമിലെ നാടുകടത്തൽ കേന്ദ്രത്തിലാണ് ബംഗളുരു സ്വദേശി മുഹമ്മദ് സൈഫുദ്ദീൻ മരിച്ചത്. നിയമ ലംഘകർക്ക് വേണ്ടിയുള്ള തിരച്ചിലിനിടയിൽ സുരക്ഷാ സേനയുടെ പിടിയിലായി നാടുകടത്തൽ കേന്ദ്രത്തിലെത്തിയ ഇദ്ദേഹം ഒരുമാസമായി അവിടെ സെല്ലിൽ കഴിയുകയായിരുന്നു. 

കഴിഞ്ഞ ബുധനാഴ്ച രാത്രിയിൽ പക്ഷാഘാതം വന്ന് തളർന്നുവീണതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയിൽ വെച്ച് അന്ത്യം സംഭവിച്ചു. മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കിയാൽ മതിയെന്ന് കുടുംബം അറിയിച്ചതിനെ തുടർന്ന് അതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയാണ്. 20 വർഷം മുമ്പ് ഗൾഫിൽ എത്തിയതിനുശേഷം ഇദ്ദേഹം നാട്ടിലേക്ക് വന്നിട്ടില്ലെന്നാണ് കുടുംബക്കാർ പറയുന്നത്. 

അൽഖോബാറിലെ ഒരു പരസ്യ കമ്പനിയിൽ ഗ്രാഫിക് ഡിസൈനറായാണ് ഇദ്ദേഹം എത്തിയതെന്ന് പഴയ രേഖകൾ സൂചിപ്പിക്കുന്നു. ഇഖാമയുടെ കാലാവധി കഴിഞ്ഞിട്ട് വർഷങ്ങൾ ഏറെയായി. സ്‍പോൺസറുമായി പിണങ്ങി പുറത്ത് ജോലിചെയ്യുകയായിരുന്നുവെന്നാണ് കരുതുന്നത്. നാട്ടിലുള്ള കുടുംബാംഗങ്ങളുമായി ഫോണിൽ ബന്ധം പുലർത്തിയിരുന്നതായി പറയുന്നു. വിവാഹം കഴിക്കാത്തതും ഇതിനിടയിൽ മാതാപിതാക്കൾ മരണപ്പെട്ടതും കാരണം നാട്ടിലേക്ക് വരണമെന്ന് നിർബന്ധിക്കാൻ ആരുമുണ്ടായിരുന്നില്ല. 

പരേതരായ കുത്തബ്ദീന്റെയും സുഹ്റാബീയുടേയും മൂത്തമകനാണ്. ഒരു സഹോദരനും രണ്ട് സഹോദരിമാരും നാട്ടിലുണ്ട്. ജയിലിൽ മരിച്ചതിനാൽ സർക്കാർ ചെലവിൽ മൃതദേഹം നാട്ടിലെത്തിക്കാമെന്ന് അറിയിച്ചിട്ടും കൊവിഡ് കാലമായതിനാൽ അതുവേണ്ട, സൗദിയിൽ തന്നെ ഖബറടക്കിയാൽ മതിയെന്നായിരുന്നു ബന്ധുക്കളുടെ മറുപടി. സാമൂഹിക പ്രവർത്തകനായ നാസ് വക്കമാണ് ഇദ്ദേഹത്തിന്റെ മൃതദേഹം ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

🇴🇲ഒമാനില്‍ 12 വയസിന് മുകളിലുള്ള വിദ്യാര്‍ത്ഥികളില്‍ 90 ശതമാനത്തിനും വാക്സിന്‍ നല്‍കി.

✒️ഒമാനില്‍ 12 മുതല്‍ 17 വയസ് വരെ പ്രായമുള്ള സ്‍കൂളില്‍ വിദ്യാര്‍ത്ഥികളില്‍ 90 ശതമാനം പേര്‍ക്കും വാക്സിന്‍ നല്‍കിയതായി ഔദ്യോഗിക കണക്കുകള്‍. എല്ലാ ഗവര്‍ണറേറ്റുകളിലുമായി ആകെ 3,05,530 വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതുവരെ വാക്സിന്‍ നല്‍കിയത്.

വിദ്യാര്‍ത്ഥികളില്‍ 2,77,381 പേര്‍ക്കും ആദ്യ ഡോസ് വാക്സിനാണ് നല്‍കിയത്. 28,149 പേര്‍ക്ക് ഇതിനോടകം തന്നെ രണ്ടാം ഡോസും നല്‍കിക്കഴിഞ്ഞു. അതേസമയം ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 57 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരു കൊവിഡ് മരണമാണ് രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 97 പേര്‍ കൂടി രോഗമുക്തി നേടി.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 3,02,924  പേര്‍ക്കാണ്. ഇവരില്‍ 2,93,007 പേരും ഇതിനോടകം രോഗമുക്തരായി. 4,084 പേര്‍ക്കാണ് കൊവിഡ് കാരണം ഒമാനില്‍ ജീവന്‍ നഷ്ടമായത്. 96.7 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10 കൊവിഡ് രോഗികളെ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്. ഇവര്‍ ഉള്‍പ്പെടെ 82 പേര്‍ ഇപ്പോള്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 26 പേരാണ് തീവ്രപരിചരണ വിഭാഗങ്ങളിലുള്ളത്.

🛫സൗദി അറേബ്യയിലേക്ക് 11 മുതല്‍ സര്‍വീസ് തുടങ്ങുമെന്ന് എമിറേറ്റ്സ്.

✒️യുഎഇയില്‍ നിന്നുള്ള യാത്രാ വിലക്ക് സൗദി അറേബ്യ പിന്‍വലിച്ചതിന് പിന്നാലെ വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കാനൊരുങ്ങി എമിറേറ്റ്സ്. സെപ്‍റ്റംബര്‍ 11 മുതല്‍ സൗദി സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് എമിറേറ്റ്സ് പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കുന്നത്. ആഴ്‍ചയില്‍ 24 സര്‍വീസുകളാണ് യുഎഇയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് നടത്തുക.

സൗദി തലസ്ഥാനമായ റിയാദിലേക്കും ജിദ്ദയിലേക്കും എല്ലാ ദിവസവും യുഎഇയില്‍ നിന്ന് എമിറേറ്റ്സിന്റെ വിമാന സര്‍വീസുണ്ടാവും. ദമ്മാമിലേക്കുള്ള പ്രതിദിന സര്‍വീസുകള്‍ക്ക് പുറമെ മദീനയിലേക്ക് ആഴ്‍ചയില്‍ മൂന്ന് സര്‍വീസുകളുമാണ് പദ്ധതിയിടുന്നത്. സെപ്‍റ്റംബര്‍ 16 മുതല്‍ റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ ഇരട്ടിയാക്കും. ഈ മാസം അവസാനത്തോടെ മറ്റ് നഗരങ്ങളിലേക്കും കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനാണ് എമിറേറ്റ്സിന്റെ നീക്കം. 

യുഎഇ ഉള്‍പ്പെടെ മൂന്ന് രാജ്യങ്ങളിലേക്കുള്ള യാത്രാ വിലക്ക് സെപ്‍റ്റംബര്‍ എട്ട് മുതലാണ് സൗദി അറേബ്യ പിന്‍വലിച്ചത്. ഈ രാജ്യങ്ങളിലേക്ക് സൗദി സ്വദേശികള്‍ക്ക് യാത്ര ചെയ്യാനും അനുമതി കൊടുത്തു. യുഎഇക്ക് പുറമെ അര്‍ജന്റീന, ദക്ഷിണാഫ്രിക്ക എന്നവയാണ് വിലക്ക് നീക്കിയ മറ്റ് രാജ്യങ്ങള്‍.

🇦🇪യുഎഇയില്‍ 772 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് നാല് മരണം.

✒️യുഎഇയില്‍ 772 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,026 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് നാല് പേര്‍ കൂടി മരിച്ചു.

പുതിയതായി നടത്തിയ 2,86,017 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,26,797 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,17,257 പേര്‍ രോഗമുക്തരാവുകയും 2,057 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 7,483 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

🇴🇲ഒമാനില്‍ 57 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണം.

✒️ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 57 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരു കൊവിഡ് മരണമാണ് രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 97 പേര്‍ കൂടി രോഗമുക്തി നേടി.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 3,02,924  പേര്‍ക്കാണ്. ഇവരില്‍ 2,93,007 പേരും ഇതിനോടകം രോഗമുക്തരായി. 4,084 പേര്‍ക്കാണ് കൊവിഡ് കാരണം ഒമാനില്‍ ജീവന്‍ നഷ്ടമായത്. 96.7 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10 കൊവിഡ് രോഗികളെ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്. ഇവര്‍ ഉള്‍പ്പെടെ 82 പേര്‍ ഇപ്പോള്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 26 പേരാണ് തീവ്രപരിചരണ വിഭാഗങ്ങളിലുള്ളത്.

🇴🇲മസ്‌കറ്റ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വന്‍തുകയും കാറും സമ്മാനം നേടി പ്രവാസി മലയാളികള്‍.

✒️മസ്‌കത്ത് ഡ്യൂട്ടി ഫ്രീ നടത്തിവരുന്ന ക്യാഷ് ആന്റ് കാര്‍ നറുക്കെടുപ്പില്‍ ഇത്തവണ വിജയികളായി പ്രവാസി മലയാളികള്‍. മസ്‌കറ്റ് ഡ്യൂട്ടി ഫ്രീ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വിജയികള്‍ക്ക് അധികൃതര്‍ സമ്മാനങ്ങള്‍ കൈമാറി. മലപ്പുറം തിരൂര്‍ സ്വദേശി മുജീബുറഹ്മാന്‍ 100,000 ഡോളറും കൊല്ലം പാരിപ്പള്ളി സ്വദേശി നന്ദകുമാര്‍ നാരായണ കുറുപ്പ് ലെക്സസ് കാറും സ്വന്തമാക്കി.

കഴിഞ്ഞ ആഴ്ച മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന നറുക്കെടുപ്പിലാണ് വിജയികളെ തെരഞ്ഞെടുത്തത്. മസ്‌കത്ത് നഗരസഭാ അധികൃതരുടെ നിരീക്ഷണത്തിലായിരുന്നു നറുക്കെടുപ്പ്. മുന്‍കാലങ്ങളിലും മസ്‌കറ്റ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍  മലയാളികള്‍ വിജയികളായിട്ടുണ്ട്. ഡ്യൂട്ടി ഫ്രീ ഉപഭോക്താക്കളില്‍ 60 ശതമാനം കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യുന്നവരാണെന്നും അധികൃതര്‍ പറഞ്ഞു.

നറുക്കെടുപ്പില്‍ ലഭിച്ച സമ്മാന തുകയില്‍ നിന്ന് 50 ശതമാനം വൃദ്ധസദനത്തിനായി നീക്കിവെക്കുമെന്ന് മലപ്പുറം സ്വദേശി മുജീബ് പറഞ്ഞു. ഇടുക്കിയില്‍ ഒരു വൃദ്ധസദനം ആരംഭിക്കുവാനാണ്  ആലോചിക്കുന്നതെന്നും മുജീബ് റഹ്മാന്‍ പറഞ്ഞു. സമ്മാന തുക ഇത്തരം പ്രവൃത്തികള്‍ക്കായി നീക്കിവെക്കുന്നത് സന്തോഷകരമാണെന്നും അതിന്  മനസ്സ് കാട്ടിയ  മുജീബിനെ  മസ്‌കത്ത് ഡ്യൂട്ടി ഫ്രീ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ റോബ് മാരിയറ്റ് അഭിനന്ദിച്ചു.

🇰🇼തടവുശിക്ഷ ഇനി സ്വന്തം വീട്ടില്‍ അനുഭവിക്കാം; പദ്ധതിയുമായി കുവൈത്ത്.

✒️മൂന്നുവര്‍ഷത്തില്‍ കുറവ് തടവുശിക്ഷയ്ക്ക് വിധിച്ചവര്‍ക്ക് സ്വന്തം വീട്ടില്‍ ശിക്ഷ അനുഭവിക്കാന്‍ അവസരമൊരുക്കുന്ന പദ്ധതിയുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. വീടുകളിലെത്തുന്നവരെ മുഴുവന്‍ സമയം നിരീക്ഷിക്കുന്നതിനായി ട്രാക്കിങ് ബ്രേസ്ലെറ്റുകള്‍ ധരിപ്പിക്കും. 

ആശുപത്രിയില്‍ പോകാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷന്‍ റൂമില്‍ വിളിച്ച് അനുമതി തേടണം. ട്രാക്കിങ് ബ്രേസ്ലെറ്റ് ഊരിമാറ്റാനോ നശിപ്പിക്കാനോ ശ്രമിക്കരുത്. ഇങ്ങനെ ചെയ്താല്‍ വേറെ കേസ് ചുമത്തി വീണ്ടും ജയിലിലേക്ക് മാറ്റും. തടവുകാരന്‍ താമസസ്ഥലത്തിന്റെ പരിധി വിട്ട് പുറത്ത് കടക്കരുത്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യരുത്. താമസസ്ഥലത്തും അതിന് പരിസരത്തും ട്രാക്കിങ് ബ്രേസ്ലെറ്റിന്റെ പ്രവര്‍ത്തനത്തിന് തടസ്സമാകുന്ന ജാമറുകള്‍ ഉണ്ടാകാന്‍ പാടില്ല. ആര്‍ക്കുവേണമെങ്കിലും തടവുകാരെ വീട്ടില്‍ സന്ദര്‍ശിക്കാനാകും. മാനുഷിക പരിഗണന വെച്ചും തടവുകാരെ നല്ല ജീവിതത്തിലേക്ക് മടങ്ങിവരാന്‍ പ്രേരിപ്പിക്കുന്നതിനും വേണ്ടിയാണ് പുതിയ പദ്ധതി. ഇതിനായി തടവുകാര്‍ ജയില്‍ അധികാരികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. ഇതിനൊപ്പം വീട്ടുകാരുടെ അനുമതിയും വേണം.

🇶🇦കൊവിഡ് നിയമലംഘനം; ഖത്തറില്‍ 200 പേര്‍ക്കെതിരെ കൂടി നടപടി.

✒️ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കി. നിയമം ലംഘിച്ച  200 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 186 പേരും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിനാണ് നടപടി നേരിട്ടത്. 

സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് എട്ടു പേരെയും മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് രണ്ടു പേരെയും ക്വാറന്റീന്‍ നിയമം പാലിക്കാതിരുന്ന നാലുപേരെയും പിടികൂടി. എല്ലാവരെയും തുടര്‍നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

രാജ്യത്ത് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരൊഴികെ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക.

🇴🇲ഒമാനിലെ COVID-19 സാഹചര്യം ഏറെ മെച്ചപ്പെട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി.

✒️രാജ്യത്തെ COVID-19 രോഗവ്യാപനം നിയന്ത്രിക്കാൻ സാധിച്ചതായും, പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ വളരെയധികം കുറവ് രേഖപ്പെടുത്തുന്നതായും ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹ്‌മദ്‌ മുഹമ്മദ് അൽ സൈദി അറിയിച്ചു. ഒമാനിലെ ഡിപ്ലോമാറ്റിക് ക്ലബ്ബിൽ നടന്ന ഒരു യോഗത്തിൽ അംബാസഡർമാർ, വിവിധ നയതന്ത്ര കാര്യാലയങ്ങളിലെ തലവന്മാർ, അന്താരാഷ്ട്ര ഏജൻസികളുടെ തലവന്മാർ തുടങ്ങിയവരുമായി നടത്തിയ ഒരു ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ COVID-19 സാഹചര്യം നേരിടുന്നതിൽ ഒമാൻ നടപ്പിലാക്കിയിട്ടുള്ള മുൻകരുതൽ നടപടികൾ സംബന്ധിച്ച് ഈ യോഗത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വ്യക്തമാക്കി.

ഒമാനിലേക്ക് യാത്ര ചെയ്യുന്നവർക്ക് രാജ്യത്തേക്കുള്ള വിവിധ പ്രവേശന കവാടങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള മുൻകരുതൽ നടപടികൾ സംബന്ധിച്ചും അദ്ദേഹം വ്യക്തത നൽകി. ഈ മുൻകരുതൽ നടപടികൾ വിശകലനം ചെയ്ത ശേഷം വിവിധ രാജ്യങ്ങൾ യാത്രാ വിലക്കുകൾ ഏർപ്പെടുത്തിയിട്ടുള്ള പട്ടികകളിൽ നിന്ന് ഒമാനെ ഒഴിവാക്കാൻ അദ്ദേഹം അംബാസഡർമാരോട് അഭ്യർത്ഥിച്ചു.

രാജ്യത്തെ COVID-19 സാഹചര്യം വളരെയധികം മെച്ചപ്പെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതാണ്ട് 25 ശതമാനത്തോളം ഉണ്ടായിരുന്ന രോഗസ്ഥിരീകരണ നിരക്ക് നിലവിൽ കേവലം ഒരു ശതമാനം മാത്രമാണെന്നും ഇത് രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള മുൻകരുതൽ നടപടികളുടെ സഫലത വ്യക്തമാക്കുന്നതായും അദ്ദേഹം അറിയിച്ചു. മുൻകരുതൽ നിർദ്ദേശങ്ങളും, സുരക്ഷാ മാനദണ്ഡങ്ങളും കർശനമായി തുടരാൻ അദ്ദേഹം പൊതു ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

🇸🇦സൗദി: പ്രതിദിനം 70000 തീർത്ഥാടകർക്ക് ഉംറ അനുഷ്ഠിക്കുന്നതിന് അനുമതി.

✒️പ്രതിദിനം ഉംറ അനുഷ്ഠിക്കുന്നതിന് അനുമതി നൽകിയിരിക്കുന്ന തീർത്ഥാടകരുടെ എണ്ണം എഴുപതിനായിരമാക്കി ഉയർത്താൻ തീരുമാനിച്ചതായി സൗദി ഹജ്ജ് ആൻഡ് ഉംറ മന്ത്രാലയം അറിയിച്ചു. ഈ തീരുമാനം സെപ്റ്റംബർ 9, വ്യാഴാഴ്ച്ച മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

സെപ്റ്റംബർ 8-ന് വൈകീട്ടാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. Etamarna, Tawakkalna എന്നീ ആപ്പുകളിലൂടെയാണ് ഉംറ പെർമിറ്റുകൾ അനുവദിക്കുന്നത്. COVID-19 വാക്സിനെടുത്തവർക്ക് മാത്രമാണ് ഇത്തരം പെർമിറ്റുകൾ അനുവദിക്കുന്നത്.

COVID-19 വാക്സിന്റെ 2 ഡോസുകൾ സ്വീകരിച്ചവർ, ഒന്നാം ഡോസ് സ്വീകരിച്ച് 14 ദിവസം പൂർത്തിയാക്കിയവർ, COVID-19 രോഗമുക്തി നേടിയവർ എന്നീ വിഭാഗങ്ങൾക്കാണ് സൗദിയിൽ നിന്ന് ഉംറ പെർമിറ്റുകൾക്ക് അപേക്ഷിക്കാനാകുന്നത്. വിദേശത്ത് നിന്നെത്തുന്നവർ സൗദി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിൻ സ്വീകരിച്ചതിന്റെ ഔദ്യോഗിക രേഖകൾ അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്.

തീർത്ഥാടനത്തിൽ പ്രതിദിനം പങ്കെടുക്കുന്നവരുടെ പരിധി ഉയർത്തിയതോടെ മാസം തോറും ഏതാണ്ട് 2.1 ദശലക്ഷം തീർത്ഥാടകർക്ക് ഉംറ അനുഷ്ഠിക്കുന്നതിന് അവസരം ലഭിക്കുന്നതാണ്. ഹജ്ജ് തീർത്ഥാടനത്തിന് ശേഷം 2021 ഓഗസ്റ്റ് 9 മുതൽ വിദേശത്ത് നിന്നുള്ള ഉംറ തീർത്ഥാടകർക്ക് സൗദി പ്രവേശനം അനുവദിച്ചിരുന്നു.

🇰🇼ഇന്ത്യയിലെ ഏഴ് നഗരങ്ങളിലേക്ക് വിമാനസർവീസുകൾ ആരംഭിച്ചതായി കുവൈറ്റ് എയർവേസ്‌.

✒️ഇന്ത്യയിലെ ഏഴ് നഗരങ്ങളിലേക്കും, തിരികെയും തങ്ങളുടെ യാത്രാ വിമാനസർവീസുകൾ പുനരാരംഭിച്ചതായി കുവൈറ്റ് എയർവേസ്‌ അറിയിച്ചു. സെപ്റ്റംബർ 8-നാണ് കുവൈറ്റ് എയർവേസ്‌ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം ഏഴ് ഇന്ത്യൻ നഗരങ്ങളുൾപ്പടെ 11 ഏഷ്യൻ നഗരങ്ങളിലേക്കുള്ള യാത്രാ വിമാനസർവീസുകൾ സെപ്റ്റംബർ 7 മുതൽ പുനരാരംഭിച്ചതായി കുവൈറ്റ് എയർവേസ്‌ വ്യക്തമാക്കിയിട്ടുണ്ട്. ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന ഇന്ത്യൻ നഗരങ്ങളിലേക്കാണ് കുവൈറ്റ് എയർവേസ്‌ സർവീസ് നടത്തുന്നത്:

മുംബൈ.
തിരുവനന്തപുരം.
ചെന്നൈ.
അഹമ്മദാബാദ്.
കൊച്ചി.
ബാംഗ്ലൂർ.
ഡൽഹി.
ഇതിൽ മുംബൈ, ഡൽഹി, കൊച്ചി, ചെന്നൈ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ആഴ്ച്ചയിൽ 2 സർവീസുകൾ വീതവും, ബാംഗ്ലൂർ, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് ഓരോ സർവീസുകളുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ഇതിന് പുറമെ, താഴെ പറയുന്ന ഏഷ്യൻ നഗരങ്ങളിലേക്കും കുവൈറ്റ് എയർവേസ്‌ സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്:

പാകിസ്ഥാൻ – ലാഹോർ (ആഴ്ച്ചയിൽ 1 സർവീസ്), ഇസ്ലാമാബാദ് (ആഴ്ച്ചയിൽ 2 സർവീസ്).
ബംഗ്ലാദേശ് – ധാക്ക (ആഴ്ച്ചയിൽ 5 സർവീസ്).
ശ്രീലങ്ക – കൊളോമ്പോ (ആഴ്ച്ചയിൽ 1 സർവീസ്).

രാജ്യത്ത് നിന്ന് ഇന്ത്യയിലേക്കും, തിരികെയുമുള്ള നേരിട്ടുള്ള യാത്രാ വിമാനസർവീസുകൾ 2021 സെപ്റ്റംബർ 7, ചൊവ്വാഴ്ച്ച മുതൽ പുനരാരംഭിക്കുന്നതിന് കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അനുമതി നൽകിയിരുന്നു.

🇧🇭ബഹ്‌റൈൻ: വിദ്യാലയങ്ങളിൽ 81 ശതമാനം ഹാജർ രേഖപ്പെടുത്തിയതായി വിദ്യാഭ്യാസ മന്ത്രാലയം.

✒️2021-2022 അധ്യയന വർഷത്തെ ആദ്യ പ്രവർത്തി ദിനത്തിൽ രാജ്യത്തെ വിദ്യാലയങ്ങളിൽ 81 ശതമാനം വിദ്യാർത്ഥികൾ നേരിട്ട് ഹാജരായതായി ബഹ്‌റൈൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. മജീദ് ബിൻ അൽ നുഐമി വ്യക്തമാക്കി. പുതിയ അധ്യയന വർഷത്തിൽ സുരക്ഷിതമായ അധ്യയനം ഉറപ്പാക്കുന്നതിനായി മന്ത്രാലയം മുന്നോട്ട് വെച്ചിട്ടുള്ള ട്രാഫിക് ലൈറ്റ് അധിഷ്ഠിത മുൻകരുതൽ നടപടികൾ വിലയിരുത്തുന്നതിന്റെ ഭാഗമായി അദ്ദേഹം രാജ്യത്തെ ഏതാനം വിദ്യാലയങ്ങളിൽ നേരിട്ടെത്തി അവ വിശകലനം ചെയ്തു.

ഓൺലൈൻ പഠനം തിരഞ്ഞെടുത്തിട്ടുള്ള വിദ്യാത്ഥികൾക്ക് അവ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡോ. മജീദ് ബിൻ അൽ നുഐമി ആദ്യ അധ്യയന ദിനത്തിൽ ഏതാനം വിദ്യാലയങ്ങൾ സന്ദർശിക്കുകയും, വിദ്യാർത്ഥികളോടും, അധ്യാപകരോടും സംവദിക്കുകയും ചെയ്തു.

പരമാവധി വിദ്യാർത്ഥികളെ വിദ്യാലയങ്ങളിൽ നേരിട്ടെത്തിക്കുന്നതിനായുള്ള എല്ലാ നടപടികളും മന്ത്രാലയം പൂർത്തിയാക്കിയതായും, നേരിട്ടുള്ള പഠനവും, വിദൂര പഠന രീതിയും ഏറ്റവും മികച്ച രീതിയിൽ സംയോജിപ്പിച്ച് നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

🇴🇲ഒമാൻ: ഇന്ത്യൻ സ്കൂളുകളിൽ പ്രവേശനം ലഭിക്കുന്നതിന് വിദ്യാർത്ഥികൾക്ക് റസിഡന്റ് കാർഡ് നിർബന്ധമാക്കി.

✒️ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ പ്രവേശനം ലഭിക്കുന്നതിനുള്ള വ്യവസ്ഥകൾ പ്രകാരം വിദ്യാർത്ഥികൾക്ക് രാജ്യത്തെ റസിഡന്റ് കാർഡ് നിർബന്ധമാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുതുതായി ചേരുന്ന വിദ്യാർത്ഥികൾക്ക് സാധുതയുള്ള ഒമാൻ റസിഡന്റ് കാർഡ് ഉണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനുള്ള നിർദ്ദേശം വിദ്യാഭ്യാസ മന്ത്രാലയം എല്ലാ ഇന്ത്യൻ സ്കൂളുകൾക്കും നൽകിയതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

എല്ലാ ഇന്ത്യൻ സ്‌കൂളുകളിലും വിദ്യാർത്ഥികളുടെ അഡ്മിഷനുമായി ബന്ധപ്പെട്ട് റസിഡന്റ് കാർഡിന്റെ കോപ്പി നൽകണമെന്ന വ്യവസ്ഥ ഏർപ്പെടുത്തിയതായും, പ്രത്യേക സാഹചര്യങ്ങളിൽ ഇവ സമർപ്പിക്കുന്നതിനായി രക്ഷിതാക്കൾക്ക് പരമാവധി ഒരു മാസത്തെ അധിക സമയം നൽകാൻ വിദ്യാലയങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് വിദ്യാലയങ്ങൾ പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. എല്ലാ വിദ്യാർത്ഥികളുടെയും റസിഡന്റ് കാർഡുകൾ സെപ്റ്റംബർ 9-നകം വിദ്യാലയങ്ങളിൽ സമർപ്പിക്കാൻ സ്‌കൂളുകൾ രക്ഷിതാക്കളോട് നിർദ്ദേശിച്ചിട്ടുണ്ട്.

രാജ്യത്തെ എല്ലാ വിദേശികൾക്കും റസിഡന്റ് കാർഡ് നിർബന്ധമാക്കിയ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി.

🇶🇦ഖത്തറില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 143 പേര്‍ക്ക്; 189 രോഗമുക്തി.

✒️ഖത്തറില്‍ ഇന്ന് 143 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 55 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. 88 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 24 മണിക്കൂറിനിടെ 189 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 2,31,538 ആയി. രാജ്യത്ത് ഇന്ന് കോവിഡ് മരണമില്ല. ആകെ കോവിഡ് മരണം 604.

2,094 പേരാണ് ഖത്തറില്‍ നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. 22 പേര്‍ ഐസിയുവില്‍ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി ആരെയും ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടില്ല. പുതുതായി 8 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 71 പേര്‍ നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 10,827 ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് വാകസിനേഷന്‍ കാംപയിന്‍ ആരംഭിച്ചതിനു ശേഷം 45,61,509 ഡോസ് വാക്‌സിനുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. രാജ്യത്തെ മൊത്തം ജനങ്ങളില്‍ 82.9 ശതമാനം പേര്‍ ചുരുങ്ങിയത് ഒരു ഡോസ് വാക്സിനെടുത്തു.

🇰🇼കുവൈത്തിലേക്ക് വരുന്നവര്‍ ശ്ലോനിക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യല്‍ നിര്‍ബന്ധം.

✒️കുവൈത്തിലേക്ക് വരുന്നവര്‍ ശ്ലോനിക് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യല്‍ നിര്‍ബന്ധമാണെന്ന് വ്യോമയാന വകുപ്പ്. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ക്യുആര്‍ കോഡ് നിര്‍ബന്ധമാണ്.

ക്യുആര്‍ കോഡ് റീഡ് ചെയ്യുന്നില്ലെങ്കില്‍ https://vaxcert.moh.gov.kw/SPCMS/PH/CVD_19_Vaccine_External_Registration.aspx എന്ന ആരോഗ്യ മന്ത്രാലയത്തിന്റെ വെബ് ലിങ്കില്‍ സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്ത് അംഗീകാരം നേടണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കുവൈത്തില്‍നിന്ന് വാക്‌സിന്‍ സ്വീകരിച്ചവര്‍ ഇമ്യൂണ്‍ ആപ്പിലോ മൊബൈല്‍ ഐഡി ആപ്പിലോ ഡൗണ്‍ലോഡ് ചെയ്ത് ഗ്രീന്‍ സിഗ്‌നല്‍ കാണിച്ചിരിക്കണം.

🛫ഇത്തിഹാദ് എയര്‍വേസ് സൗദി സര്‍വീസ് സപ്തംബര്‍ 11 മുതല്‍; സൗദി എയര്‍ലൈന്‍സ് ദുബയിലേക്ക് ബുക്കിങ് തുടങ്ങി.

✒️അബൂദബിക്കും സൗദിക്കുമിടയില്‍ സപ്തംബര്‍ 11 മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് ഇത്തിഹാദ് എയര്‍വേസ്. അബൂദബിയില്‍ നിന്ന് റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് ഉണ്ടാവുക.

സൗദി പൗരന്മര്‍, അവരുടെ അടുത്ത ബന്ധുക്കള്‍, വീട്ടുജോലിക്കാര്‍, സൗദി റെസിഡന്റ് വിസയുള്ളവര്‍, യുഎഇ പൗരന്മാര്‍ എന്നിവര്‍ക്കാണ് സൗദിയിലേക്ക് പ്രവേശനം. അബൂദബി സൗദിയുടെ ഗ്രീന്‍ ലിസ്റ്റിലാണെന്നതിനാല്‍ ഇവിടെ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് ക്വാറന്റീന്‍ വേണ്ട.

അതേ സമയം, റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്ന് ദുബൈയിലേക്ക് പ്രതിദിന സര്‍വീസ് പുനരാരംഭിച്ചുവെന്നും യാത്രക്കാര്‍ക്ക് വെബ്സൈറ്റ് വഴി ബുക്കിംഗ് തുടങ്ങാമെന്നും സൗദി എയര്‍ലൈന്‍സ് അറിയിച്ചു.

കഴിഞ്ഞ ജൂലൈയില്‍ നിര്‍ത്തിവെച്ചതിന് ശേഷം ഇതാദ്യമായാണ് ദുബൈയിലേക്ക് സൗദി എയര്‍ലൈന്‍സ് സര്‍വീസ് തുടങ്ങുന്നത്. യുഎഇ, അര്‍ജന്റീന, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള പ്രവേശനവിലക്കും സൗദിയില്‍ നിന്ന് സൗദി പൗരന്മാര്‍ക്ക് ഈ രാജ്യങ്ങളിലേക്കുള്ള യാത്രാവിലക്കും കഴിഞ്ഞ ദിവസം സൗദി ആഭ്യന്തരമന്ത്രാലയം പിന്‍വലിച്ചിരുന്നു.

ഇതനുസരിച്ച് ഈ മൂന്ന് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ സൗദി അംഗീകരിച്ച വാക്സിനേഷന്‍ പൂര്‍ത്തിയാക്കി പിസിആര്‍ ടെസ്റ്റെടുത്ത് മുഖീമില്‍ രജിസ്റ്റര്‍ ചെയ്ത് സൗദിയിലേക്ക് വരാവുന്നതാണ്. ഇവിടെയെത്തിയാല്‍ ക്വാറന്റീന്‍ ആവശ്യമില്ല. എന്നാല്‍, ഇന്ത്യയടക്കം ഇപ്പോഴും പ്രവേശനവിലക്കുള്ള രാജ്യങ്ങളില്‍ 14 ദിവസത്തിനിടെ യാത്ര ചെയ്തവര്‍ക്ക് ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷമേ ഈ രാജ്യങ്ങളിലൂടെ സൗദിയിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.

🇰🇼കുവൈത്തിലെ സ്റ്റേഡിയങ്ങളില്‍ കാണികളെ അനുവദിക്കാന്‍ തീരുമാനം.

✒️കുവൈത്തിലെ ഫുട്ബോൾ സ്റ്റേഡിയങ്ങളിൽ വെള്ളിയാഴ്ച മുതൽ കാണികളെ അനുവദിച്ചു തുടങ്ങും . സ്റ്റേഡിയത്തിന്‍റെ ശേഷിയുടെ 30 ശതമാനം ആളുകളെ മാത്രമാണ് ആദ്യഘട്ടത്തിൽ പ്രവേശിപ്പിക്കുക. കോവിഡ് വാക്സിൻ എടുത്തവർക്ക് മാത്രമാകും പ്രവേശനം.

കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗമാണ് രാജ്യത്തെ മുഴുവൻ സ്റ്റേഡിയങ്ങളിലും കാണികളെ പ്രവേശിപ്പിക്കാൻ അനുമതി നൽകിയത്. മത്സരത്തിലും പരിശീലനത്തിലും ആരോഗ്യ മന്ത്രാലയത്തിൻറെ നിർദേശങ്ങൾ പാലിക്കണം. വെള്ളിയാഴ്ച ആരംഭിക്കുന്ന കുവൈത്തിലെ പ്രമുഖ ആഭ്യന്തര ഫുട്ബാൾ ടൂർണമെൻറായ അമീർ കപ്പ് ആണ് കോവിഡ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷം ഇത്തരത്തിൽ ആദ്യമായി കാണികൾക്ക് പ്രവേശനം അനുവദിച്ച് നടത്തുന്നത്.ജഹ്റയും അൽ ഷബാബ് എഫ്.സിയും തമ്മിലാണ് ആദ്യ മത്സരം. കഴിഞ്ഞ വർഷം കാണികൾ ഇല്ലാതെയാണ് അമീർ കപ്പ് നടന്നത്. കോവിഡ് വ്യാപനം കുറഞ്ഞതും വാക്സിനേഷൻ ദൗത്യം പുരോഗമിക്കുന്നതും വിലയിരുത്തിയായാണ് കായിക മത്സരങ്ങൾക്ക് കാണികളെ അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്

Post a Comment

0 Comments