Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ ലൈവ് ന്യൂസ്‌ ഗൾഫ് വാർത്തകൾ

🇸🇦സൗദി അറേബ്യയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 75 പേർക്ക്; ചികിത്സയിലുള്ളത് 2,387 പേര്‍ മാത്രം.

🇦🇪യുഎഇയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 521 പേര്‍ക്ക്; രണ്ട് മരണം.

🇸🇦സൗദിയിലേക്ക് അതിർത്തികൾ വഴി നുഴഞ്ഞുകടക്കുന്നവർക്ക് ജോലി നൽകിയാൽ ജയിലും പിഴയും ശിക്ഷ.

🇴🇲ഒമാനിൽ മെഡിക്കൽ പ്രവേശന പരീക്ഷ തുടങ്ങി.

🇸🇦സൗദിയിൽ ബിനാമി ബിസിനസ്: മലയാളികളുടേതുൾപ്പടെ നിരവധി സ്ഥാപനങ്ങൾക്കെതിരെ നടപടി.

🇴🇲ഒമാൻ: പ്രവാസികൾക്ക് മസ്കറ്റിൽ വീട് സ്വന്തമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പ്രഖ്യാപിച്ചു.

🇰🇼കുവൈറ്റ്: COVID-19 PCR പരിശോധനകൾ ആറ് ആരോഗ്യപരിചരണ കേന്ദ്രങ്ങളിൽ നിന്ന് കൂടി ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം.

🇦🇪തങ്ങളുടെ മൊബൈൽ ആപ്പ്, രോഗികൾക്കുള്ള പോർട്ടൽ എന്നിവ യു എ ഇ പാസ്സുമായി സംയോജിപ്പിച്ചതായി SEHA.

🇶🇦ഖത്തറിൽ ഇന്ന് 117 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 79 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ.

🇶🇦ഫേസ് മാസ്ക് ധരിച്ചില്ല; 113 പേരെ പിടികൂടിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം.

🇰🇼പെട്രോളിയം മേഖലയിൽ നിരവധി തൊഴിലവസരങ്ങളുമായി കുവൈത്ത്.

🇸🇦സൗദിയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ അവസാനിപ്പിക്കുന്നു.

🇰🇼ഇഖാമ നിയമലംഘകരെ കണ്ടെത്താന്‍ വ്യാപക പരിശോധന; 248 പ്രവാസികള്‍ അറസ്റ്റില്‍.


വാർത്തകൾ വിശദമായി

🇸🇦സൗദി അറേബ്യയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 75 പേർക്ക്; ചികിത്സയിലുള്ളത് 2,387 പേര്‍ മാത്രം.

✒️സൗദി അറേബ്യയിൽ ഇന്ന് പുതിയതായി 75 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരിൽ 64 പേർ കൊവിഡ് മുക്തരായി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ആറുപേർ കൂടി മരിച്ചതായും സൗദി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. രാജ്യത്ത് ഇന്ന് 53,730 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. 

5,46,411 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആകെ 5,35,373 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,651 ആയി. കൊവിഡ് ബാധിച്ച് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2,387 ആണ്. ഇതിൽ 378 പേരുടെ സ്ഥിതി മാത്രമാണ് ഗുരുതരം. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണ നിരക്ക് 1.6 ശതമാനവുമാണ്.

രാജ്യത്തെ വിവിധ മേഖലകളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട രോഗികളുടെ എണ്ണം: മക്ക 18, റിയാദ് 15, മദീന 7, കിഴക്കൻ പ്രവിശ്യ 7, ജീസാൻ 6, അൽഖസീം 5, തബൂക്ക് 5, നജ്റാൻ 3, ഹായിൽ 3, അസീർ 2, വടക്കൻ അതിർത്തി മേഖല 2, അൽജൗഫ് 1, അൽബാഹ 1. രാജ്യത്ത് ഇതുവരെ കോവിഡ് വാക്സിനേഷൻ 40,480,449 ഡോസ് കവിഞ്ഞു.

🇦🇪യുഎഇയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 521 പേര്‍ക്ക്; രണ്ട് മരണം.

✒️യുഎഇയില്‍ പുതിയതായി 521 പേര്‍ക്ക് കൂടി  കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 614 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് രണ്ട് പേരാണ് മരിച്ചത്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,31,828 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,22,337 പേര്‍ രോഗമുക്തരാവുകയും 2,071 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 6,420 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

🇸🇦സൗദിയിലേക്ക് അതിർത്തികൾ വഴി നുഴഞ്ഞുകടക്കുന്നവർക്ക് ജോലി നൽകിയാൽ ജയിലും പിഴയും ശിക്ഷ.

✒️അതിർത്തികൾ വഴി സൗദി അറേബ്യയിലേക്ക് നുഴഞ്ഞു കടക്കുന്ന വിദേശ നിയമലംഘകർക്ക് ജോലികൊടുക്കുന്നവർക്ക് വൻതുക പിഴയും ദീർഘകാലത്തെ ജയിൽ ശിക്ഷയും. അഞ്ചു മുതൽ 15 വർഷം വരെയാണ് തടവ് ശിക്ഷ. 10 ലക്ഷം റിയാൽ വരെ പിഴയും ഉണ്ടാവും. 

അതിർത്തികൾ വഴി സൗദിയിലേക്ക് നുഴഞ്ഞുകയറാൻ വിദേശികളെ സഹായിക്കുന്നവർക്കും രാജ്യത്തിനകത്ത് നുഴഞ്ഞുകയറ്റക്കാർക്ക് യാത്രാ സൗകര്യവും താമസവും നൽകുന്നവർക്കും മറ്റു സേവനങ്ങളും സഹായങ്ങളും ചെയ്തുകൊടുക്കുന്നവർക്കും മേൽപറഞ്ഞ ശിക്ഷ നൽകാൻ അനുശാസിക്കുന്ന രാജകൽപന അടുത്ത കാലത്ത് പുറപ്പെടുവിച്ചിരുന്നു. നുഴഞ്ഞുകയറ്റക്കാരെ ജോലിക്കു വെക്കുന്നവർക്കും ഇതേ ശിക്ഷകൾ ബാധകമാക്കാനാണ് പുതിയ തീരുമാനം. ആഭ്യന്തര മന്ത്രി സമർപ്പിച്ച നിർദേശത്തിന്റെ ഭാഗമായാണ് ഇക്കാര്യത്തിൽ തീരുമാനമായത്. 

നുഴഞ്ഞുകയറ്റക്കാർക്ക് യാത്രാ സൗകര്യം നൽകാൻ ഉപയോഗിക്കുന്ന വാഹനങ്ങളും ഇവർക്ക് താമസ സൗകര്യം നൽകാൻ ഉപയോഗിക്കുന്ന പാർപ്പിടങ്ങളും കണ്ടുകെട്ടാനും നേരത്തെ തന്നെ തീരുമാനമുണ്ട്. ഈ വാഹനങ്ങളും പാർപ്പിടങ്ങളും മറ്റുള്ളവരുടെ ഉടമസ്ഥതയിലുള്ളതാണെങ്കിൽ ഇവ കണ്ടുകെട്ടുന്നതിനു പകരം നുഴഞ്ഞുകയറ്റക്കാർക്ക് സഹായ സൗകര്യങ്ങൾ നൽകുന്നവർക്ക് പത്തു ലക്ഷം റിയാൽ വരെ പിഴ ചുമത്തും.

കുറ്റക്കാരുടെ പേരുവിവരങ്ങളും ഇവർ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും നിയമ ലംഘകരുടെ ചെലവിൽ ഒന്നോ അതിലധികമോ പത്രങ്ങളിൽ പരസ്യം ചെയ്യാനും ഇതുമായി ബന്ധപ്പെട്ട് ഏഴു മാസം മുമ്പ് പുറപ്പെടുവിച്ച രാജകൽപന അനുശാസിക്കുന്നുണ്ട്. നുഴഞ്ഞുകയറ്റക്കാർക്ക് യാത്രാ സൗകര്യം നൽകുന്നവർ സദുദ്ദേശ്യത്തോടെയാണ് അങ്ങനെ ചെയ്യുന്നതെങ്കിലും അശ്രദ്ധയാണ് നിയമ ലംഘനം നടത്താൻ ഇടയാക്കിയതെന്ന് കോടതിക്ക് ബോധ്യപ്പെട്ടാൽ ശിക്ഷകളിൽ ഇളവുണ്ടാകും. സാഹചര്യങ്ങൾക്കനുസൃതമായി നിയമ ലംഘകർക്ക് അഞ്ചു ലക്ഷം റിയാൽ വരെയാണ് ഇത്തരം സന്ദർഭങ്ങളിൽ പിഴ ചുമത്തുക.

🇴🇲ഒമാനിൽ മെഡിക്കൽ പ്രവേശന പരീക്ഷ തുടങ്ങി.

✒️ഒമാനിൽ മെഡിക്കൽ സ്‍പെഷ്യാലിറ്റികളിൽ ഉപരി പഠനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഒമാൻ മെഡിക്കൽ സ്‍പെഷ്യാലിറ്റി കൗൺസിൽ പ്രവേശന പരീക്ഷ നടത്തുന്നു. 2022 - 2023 അധ്യയന വർഷത്തിൽ മെഡിക്കൽ സ്‍പെഷ്യാലിറ്റികളിൽ ചേരാൻ ആഗ്രഹിക്കുന്നവർക്കായാണ് പരീക്ഷ നടത്തുന്നത്.

സുൽത്താനേറ്റിലെ വിവിധ ഗവർണറേറ്റുകളിൽ നിന്നുമായി  612 ഡോക്ടർമാർ ദ്വിദിന പ്രവേശന പരീക്ഷക്ക് രജിസ്റ്റർ ചെയ്‍തിട്ടുണ്ടെന്ന് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. സുൽത്താൻ ഖാബൂസ് യൂണിവേഴ്‍സിറ്റിയിൽ  വെച്ചാണ് ഒമാനി കൗൺസിൽ ഫോർ മെഡിക്കൽ സ്പെഷ്യാലിറ്റികൾ പ്രവേശന പരീക്ഷ നടത്തുന്നത്.

🇸🇦സൗദിയിൽ ബിനാമി ബിസിനസ്: മലയാളികളുടേതുൾപ്പടെ നിരവധി സ്ഥാപനങ്ങൾക്കെതിരെ നടപടി.

✒️സൗദി പൗരന്റെ പേരിൽ വിദേശികൾ നടത്തുന്ന ബിനാമി ബിസിനസുകൾക്കെതിരെ സൗദിയിൽ ശക്തമായ നടപടി. ഇത്തരം സ്ഥാപനങ്ങൾ കണ്ടെത്താനുള്ള വാണിജ്യ മന്ത്രാലയത്തിന്റെ പരിശോധനയിൽ ഈ വർഷം ഇതുവരെ കുടുങ്ങിയത് അറുന്നൂറോളം സ്ഥാപനങ്ങളാണ്. ഈ സ്ഥാപനങ്ങൾക്കെതിരെ കടുത്ത ശിക്ഷാ നടപടി സ്വീകരിച്ചതായി മന്ത്രാലയം അറിയിച്ചു. 

മലയാളികൾ നടത്തുന്ന സ്ഥാപനങ്ങൾ വരെ ഇങ്ങനെ ശിക്ഷാനടപടി നേരിട്ടവയിൽ ഉൾപ്പെടും. നിക്ഷേപക ലൈസൻസ് നേടി മാത്രമേ വിദേശികൾക്ക് രാജ്യത്ത് നിയമാനുസൃതമായി ബിസിനസ് നടത്താൻ അനുവാദമുള്ളൂ. എന്നാൽ പലരും സൗദി പൗരന്മാരുടെ പേരിൽ ലൈസൻസ് നേടി അതിന്റെ മറവിൽ ബിസിനസ് നടത്തുകയാണ് പതിവ്. ഇതിനാണ് സൗദിയധികൃതർ മൂക്കുകയറിടുന്നത്. 

തൊഴിൽ വിസയിൽ സൗദിയിലെത്തി സ്‍പോൺസർമാരുടെ പേരിൽ വിദേശികൾ നടത്തുന്ന സ്ഥാപനങ്ങളെല്ലാം ബിനാമി ഗണത്തിൽ വരുന്നതാണ്. ഇങ്ങനെയുള്ള ബിനാമി സ്ഥാപനങ്ങൾക്ക് നിയമലംഘനം ഒഴിവാക്കി നിയമാനുസൃതമായി മാറാൻ അടുത്ത വർഷ ഫെബ്രുവരി വരെ സമയം നീട്ടി നൽകിയിട്ടുണ്ട്. ഇതിനുള്ളിൽ സ്‍പോൺസർമാരുടെ പേരിൽ സ്ഥാപനം നടത്തുന്നവർ നിക്ഷേപ ലൈസൻസ് നേടി സ്വന്തം പേരിലേക്ക് മാറ്റണം. അല്ലെങ്കിൽ സ്ഥാപനം സ്‍പോൺസർക്ക് തന്നെ കൈമാറി നിയമാനുസൃതമാക്കണം.

🇴🇲ഒമാൻ: പ്രവാസികൾക്ക് മസ്കറ്റിൽ വീട് സ്വന്തമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പ്രഖ്യാപിച്ചു.

✒️രാജ്യത്തെ 23 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് വീട് വാങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച് ഒമാൻ മിനിസ്ട്രി ഓഫ് ഹൗസിങ്ങ് ആൻഡ് അർബൻ പ്ലാനിങ്ങ് അറിയിപ്പ് നൽകി. കൈവശപ്പണയാടിസ്ഥാനത്തിൽ മസ്‌കറ്റിലെ ബഹുനില പാർപ്പിടകെട്ടിടങ്ങളിലും, വാണിജ്യ കെട്ടിടങ്ങളിലും പാർപ്പിടാവശ്യത്തിനുള്ള ഇടങ്ങൾ 99 വർഷത്തേക്ക് വാങ്ങുന്നതിനുള്ള നടപടിക്രമങ്ങളാണ് മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്.

ഇത്തരത്തിൽ അപേക്ഷിക്കുന്ന പ്രവാസികൾ, അപേക്ഷ നൽകുന്ന അവസരത്തിൽ ചുരുങ്ങിയത് രണ്ട് വർഷമെങ്കിലും ഒമാനിൽ റെസിഡൻസി പെർമിറ്റിൽ താമസിച്ചിരിക്കണം എന്നത് നിർബന്ധമാണ്. മസ്കറ്റ് ഗവർണറേറ്റിലെ ഏതാനം നിശ്ചിത ഇടങ്ങളിലാണ് പ്രവാസികൾക്ക് ഇത്തരം പാർപ്പിടങ്ങൾ സ്വന്തമാക്കുന്നതിന് അനുവദിച്ചിരിക്കുന്നത്.

മന്ത്രലയം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം, ഇത്തരത്തിൽ വാങ്ങുന്ന പാർപ്പിടങ്ങൾ ചുരുങ്ങിയത് 45000 റിയാൽ മൂല്യമുള്ളതായിരിക്കണമെന്ന് നിശ്ചയിച്ചിട്ടുണ്ട്. തനിച്ചോ, അടുത്ത കുടംബാംഗത്തോടൊപ്പം പാർട്ണർഷിപ്പ് വ്യവസ്ഥയിലോ പ്രവാസികൾക്ക് ഇത്തരം പാർപ്പിടങ്ങൾ വാങ്ങുന്നതിന് അനുവദിച്ചിട്ടുണ്ട്. ഇത്തരത്തിൽ സ്വന്തമാക്കാൻ ഉദ്ദേശിക്കുന്ന പാർപ്പിടത്തിനുമേൽ ലോൺ നേടുന്നതിനുള്ള അനുമതിയും നൽകിയിട്ടുണ്ട്.

വസ്തു വാങ്ങി നാല് വർഷത്തിന് ശേഷം മാത്രമാണ് അവ വിൽക്കാൻ അനുവാദം ലഭിക്കുക. വസ്തു വാങ്ങിയ ഉടമ മരണപ്പെടുന്ന സാഹചര്യത്തിൽ അവരുടെ അനന്തരാവകാശിക്ക് വസ്തു കൈമാറ്റം ചെയ്യാവുന്നതാണ്. ചുരുങ്ങിയത് നാല് നിലകളുള്ള കെട്ടിടങ്ങളിലാണ് ഈ നിയമപ്രകാരം പ്രവാസികൾക്ക് വസ്തു വാങ്ങാൻ സാധിക്കുക.

ഇത്തരം ഓരോ യൂണിറ്റും ചുരുങ്ങിയത് രണ്ട് മുറികളും, അടുക്കള, ശുചിമുറി എന്നിവയോട് കൂടിയതും ആയിരിക്കണം. മന്ത്രാലയം അനുവദിച്ചിട്ടുള്ള മേഖലകളിൽ ഓരോ ബഹുനില വാണിജ്യ, പാർപ്പിട കെട്ടിടസമുച്ചയങ്ങളിലെയും പരമാവധി 40 ശതമാനം യൂണിറ്റുകളാണ് പ്രവാസികൾക്ക് വിൽക്കാൻ അനുവാദം നൽകുന്നത്. ഒരേ രാജ്യത്ത് നിന്നുള്ളവർക്ക് പരമാവധി 20 ശതമാനം യൂണിറ്റുകളെ വിൽക്കാൻ അനുവദിക്കൂ.

നിലവിൽ മസ്കറ്റിൽ മാത്രമാണ് ഈ രീതിയിൽ പ്രവാസികൾക്ക് പാർപ്പിടങ്ങൾ സ്വന്തമാക്കുന്നതിന് അനുമതി നൽകുന്നത്. മസ്‌കറ്റിൽ ബൗഷർ, അമീററ്റ്, അൽ സീബ് എന്നീ വിലായത്തുകളിലാണ് നിലവിൽ ഈ തീരുമാനം നടപ്പിലാക്കുന്നത്.

🇰🇼കുവൈറ്റ്: COVID-19 PCR പരിശോധനകൾ ആറ് ആരോഗ്യപരിചരണ കേന്ദ്രങ്ങളിൽ നിന്ന് കൂടി ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം.

✒️അടുത്ത രണ്ടാഴ്ച്ചയ്ക്കുള്ളിൽ, രാജ്യത്തെ ആറ് ആരോഗ്യപരിചരണ കേന്ദ്രങ്ങളിൽ നിന്ന് കൂടി COVID-19 PCR പരിശോധനാ സേവനങ്ങൾ ലഭ്യമാക്കുമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കുവൈറ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

സെപ്റ്റംബർ 16-ന് രാത്രിയാണ് കുവൈറ്റ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. താഴെ പറയുന്ന ആരോഗ്യപരിചരണ കേന്ദ്രങ്ങളിലാണ് PCR പരിശോധനാ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത്:

Hamad Al-Humaidhi and Sheikha Al-Sedairawi Health Centre, Shuwaikh.
Zahraa Medical Centre, Hawalli.
M. Al-Shallahi Clinic, Farwaniya.
Sabah Al-Ahmed Health Centre A, Sabah Al-Ahmed Health Centre Qurain, Ahmadi.
Saad Al-Abdullah Clinic, Jahra.

🇦🇪തങ്ങളുടെ മൊബൈൽ ആപ്പ്, രോഗികൾക്കുള്ള പോർട്ടൽ എന്നിവ യു എ ഇ പാസ്സുമായി സംയോജിപ്പിച്ചതായി SEHA.

✒️തങ്ങളുടെ മൊബൈൽ ആപ്പ്, രോഗികൾക്കുള്ള ഓൺലൈൻ പോർട്ടൽ എന്നിവ യു എ ഇ പാസ് സംവിധാനവുമായി സംയോജിപ്പിച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു. സെപ്റ്റംബർ 16-നാണ് SEHA ഇക്കാര്യം അറിയിച്ചത്.

SEHA-യുടെ എല്ലാ സേവനങ്ങളും, സംവിധാനങ്ങളും കൂടുതൽ എളുപ്പത്തിലും, തടസങ്ങളില്ലാതെയും ഉപഭോക്താക്കളിലേക്കെത്തിക്കുന്നതിനായാണ് ഈ നടപടി. SEHA സംവിധാനങ്ങളെ യു എ ഇ പാസ്സുമായി സംയോജിപ്പിച്ചതോടെ ഉപഭോക്താക്കൾക്ക് മൊബൈൽ ആപ്പ്, ഓൺലൈൻ പോർട്ടൽ എന്നിവയിൽ യു എ ഇ പാസ് യൂസർ നെയിം, പാസ്സ്‌വേർഡ് എന്നിവ ഉപയോഗിച്ച് നേരിട്ട് ലോഗിൻ ചെയ്യാവുന്നതാണ്.

ഇതിനായി SEHA സംവിധാനങ്ങളിൽ പ്രത്യേക അക്കൗണ്ട് നിർമ്മിക്കുന്നത് ഒഴിവാകുന്നതാണ്. SEHA-യുടെ ഇലക്ട്രോണിക് മെഡിക്കൽ രേഖകളിൽ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള രോഗികൾ, മുൻപ് SEHA ആരോഗ്യ പരിചരണ കേന്ദ്രങ്ങൾ സന്ദർശിച്ചിട്ടുള്ളർ തുടങ്ങിയ വിഭാഗങ്ങൾക്ക് സാധുതയുള്ള യു എ ഇ പാസ് അക്കൗണ്ട് ഉണ്ടെങ്കിൽ ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.

🇶🇦ഖത്തറിൽ ഇന്ന് 117 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 79 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ.

✒️ഖത്തറിൽ ഇന്ന് 117 പേർക്ക് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 79 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. രോഗം സ്ഥിരീകരിച്ചവരില്‍ 38 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 135 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 232,952 ആയി. നിലവില്‍ 18 പേര്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നു. രാജ്യത്തെ ആകെ കൊവിഡ് മരണ നിരക്ക് 604 ആണ്. രാജ്യത്ത് 1,748 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

🇶🇦ഫേസ് മാസ്ക് ധരിച്ചില്ല; 113 പേരെ പിടികൂടിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം.

✒️ഖത്തറില്‍ ഫേസ് മാസ്‌ക് ധരിക്കാത്തതിന് 113 പേരെ ഇന്നലെ പിടികൂടിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫേസ് മാസ്ക് ധരിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് 2 ലക്ഷം രൂപവരെയാണ് പിഴ ലഭിക്കുക. പിടികൂടിയവരെയെല്ലാം പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

🇰🇼പെട്രോളിയം മേഖലയിൽ നിരവധി തൊഴിലവസരങ്ങളുമായി കുവൈത്ത്.

✒️പെട്രോളിയം മേഖലയിൽ നിരവധി തൊഴിലവസരങ്ങളുമായി കുവൈത്ത്. കുവൈത്ത് ഓയിൽ കമ്പനി (KOC), കുവൈത്ത്
നാഷണൽ പെട്രോളിയം കമ്പനി (KNPC) എന്നിവയിലാണ് നിരവധി തൊഴിലവസരങ്ങൾ കാത്തിരിക്കുന്നത്. ചില തൊഴിലാളികള്‍ മറ്റ് കമ്പനികളിലേക്ക് മാറിയതും പ്രവാസി തൊഴിലാളികളില്‍ കുറച്ച് പേരെ പിരിച്ചു വിട്ടതുമാണ് ഒഴിവുകളുടെ എണ്ണം വര്‍ധിക്കാന്‍ കാരണം. കുവൈത്ത് ഓയില്‍ കമ്പനിയില്‍ മാത്രം 443 ടെക്നിക്കല്‍ തൊഴില്‍ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നാഷണല്‍ പെട്രോളിയം കമ്പനിയില്‍ ഇത് 736 ആണ്. കുവൈത്തി ഓയില്‍ ടാങ്കേഴ്സില്‍ 57 ഒഴിവുകളാണ് ഉള്ളത്.

🇸🇦സൗദിയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ അവസാനിപ്പിക്കുന്നു.

✒️സൗദിയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ അവസാനിപ്പിക്കുന്നു. സൗദി അറേബ്യ അയല്‍ രാജ്യങ്ങളിലേക്കുള്ള യാത്രാ വിലക്ക് നീക്കിയതോടെ കൂടുതല്‍ കണക്ഷന്‍ സര്‍വീസുകള്‍ക്ക് തുടക്കമായി. ഇത് ചാര്‍ട്ടേഡ് വിമാനങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് വരാന്‍ ഇടയാക്കിയതാണ് കാരണം.

നാട്ടിലേക്ക് മടങ്ങുന്നതിന് വന്ദേഭാരത് ഉള്‍പ്പെടെയുള്ള ചാര്‍ട്ടേഡ് സര്‍വീസുകളായിരുന്നു സൗദിയിലെ പ്രവാസികള്‍ക്ക് ഏക ആശ്രയം. ഉയര്‍ന്ന നിരക്ക് ഈടാക്കിയാണ് ചര്‍ട്ടേഡ് വിമാനങ്ങള്‍ സര്‍വീസ് നടത്തി വന്നിരുന്നത്. ഇതിനിടെ നിയന്ത്രണങ്ങള്‍ നീങ്ങി അയല്‍ രാജ്യങ്ങളിലേക്ക് സര്‍വീസുകള്‍ ആരംഭിച്ചു.

ഇതോടെ കണക്ഷന്‍ സര്‍വീസുകളെ ആശ്രയിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചു. ഇതാണ് ചാര്ട്ടേഡ് സര് വീസുകളെ പ്രതിസന്ധിയിലാക്കിയത്. നിരക്കിളവും കൂടുതല്‍ ലഗേജ് അനുവദിക്കുന്നതുമാണ് യാത്രക്കാരെ കണക്ഷന് സര്‍വീസുകള്‍ ആകര്‍ഷിക്കാന്‍ ഇടയാക്കിയത്. ഒപ്പം യാത്രക്കാര്‍ കുറയുമ്പോള്‍ മുന്നറിയിപ്പില്ലാതെ സര്‍വീസുകള്‍ റദ്ദാക്കുന്നതും ചാര്‍ട്ടേഡ് സര്‍വീസുകള്ക്ക് വിനയായി. യു.എ.ഇ. ഖത്തര്‍, ബഹറൈന്‍, ഒമാന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ വഴിയാണ് ഇപ്പോള്‍ കണക്ഷന്‍ സര്‍വീസുകള്‍ ലഭിക്കുന്നത്. ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, എയര്‍ ഇന്ത്യ കമ്പനികളാണ് സൗദിയില്‍ നിന്നും നാട്ടിലേക്ക് ചാര്‍ട്ടേഡ് സര്‍വീസുകള്‍ നടത്തി വന്നിരുന്നത്.

🇰🇼ഇഖാമ നിയമലംഘകരെ കണ്ടെത്താന്‍ വ്യാപക പരിശോധന; 248 പ്രവാസികള്‍ അറസ്റ്റില്‍.

✒️താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്ന പ്രവാസികളെ കണ്ടെത്താനായി കുവൈത്തില്‍ വ്യാപക പരിശോധന. അഹ്‍മദി, മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റുകളില്‍ നിന്നുമാത്രം 248 പ്രവാസികളെ അറസ്റ്റ് ചെയ്‍തു. ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് സെക്യൂരിറ്റി അഫയേഴ്‍സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ഫറാജ് അല്‍ സൌബിയുടെ മേല്‍നോട്ടത്തിലായിരുന്നു പരിശോധന നടത്തിയത്.

അഹ്‍മദി ഗവര്‍ണറേറ്റില്‍ നടന്ന പരിശോധനയില്‍ ഫഹാഹീല്‍ ഇന്‍ഡസ്‍ട്രിയല്‍ ഏരിയയില്‍ നിന്ന് 74 പ്രവാസികളെ അറസ്റ്റ് ചെയ്‍തു. ഇവരില്‍ പലരും സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവരും നിയമ നടപടികള്‍ നേരിടുന്നവരുമായിരുന്നു. മുബാറക് അല്‍ കബീറില്‍ അല്‍ ഖുറൈനിലെ കടകളില്‍ ജോലി ചെയ്‍തിരുന്ന 174 പ്രവാസികളാണ് പിടിയിലായത്. നിയമ ലംഘകരെ കണ്ടെത്താന്‍ എല്ലാ ഗവര്‍ണറേറ്റുകളിലും വ്യാപക പരിശോധനയാണ് നടത്തിവരുന്നത്. പിടിയിലാവുന്നവരെ നാടുകടത്താനും അതിനുള്ള ചെലവ് അവരവരില്‍ നിന്ന് തന്നെ ഈടാക്കാനുമാണ് തീരുമാനം.

Post a Comment

0 Comments