Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ ലൈവ് ന്യൂസ്‌ ഗൾഫ് വാർത്തകൾ

🇸🇦സൗദിയിൽ ഇന്ന് രോഗമുക്തി 74 ആയി കുറഞ്ഞു. പുതിയ രോഗികൾ 102.

🇸🇦തിരിച്ചെത്താനാകാത്ത പ്രവാസികളുടെ ഇഖാമ നവംബര്‍ 30 വരെ ദീര്‍ഘിപ്പിക്കും.

🇦🇪യുഎഇയില്‍ ഇന്ന് 744 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; മൂന്ന് മരണം.

🇸🇦ഇന്ത്യന്‍ കോൺസുലേറ്റ് സംഘം സൗദി അറേബ്യയിലെ ജയിലുകൾ സന്ദർശിച്ചു.

🇦🇪യു എ ഇ: WHO അംഗീകൃത വാക്സിനെടുത്ത റെസിഡൻസി വിസക്കാർക്ക് ഇന്ത്യ ഉൾപ്പടെ 15 രാജ്യങ്ങളിൽ നിന്ന് പ്രവേശിക്കാൻ അനുമതി നൽകും.

🇶🇦ഖത്തർ: രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർ മയക്കുമരുന്നുകൾ അടങ്ങിയ ഔഷധങ്ങൾ കൈവശം സൂക്ഷിക്കരുതെന്ന് മുന്നറിയിപ്പ്.

🇸🇦സൗദി: സന്ദർശക വിസകളിലുള്ളവർക്കും, ടൂറിസ്റ്റ് വിസകളിലുള്ളവർക്കും ഉംറ അനുഷ്ഠിക്കുന്നതിന് അനുമതി.

🇦🇪യാത്രാ വിലക്കുണ്ടായിരുന്ന രാജ്യങ്ങളില്‍ നിന്ന് വാക്സിനെടുത്തവര്‍ക്ക് ഞായറാഴ്‍ച മുതല്‍ യുഎഇയില്‍ പ്രവേശനാനുമതി.

🇦🇪യു എ ഇ: സൗദിയിലേക്കുള്ള ഇത്തിഹാദ്, എമിറേറ്റ്സ് സർവീസുകൾ സെപ്റ്റംബർ 11 മുതൽ പുനരാരംഭിക്കും.


🇦🇪ദുബായ്: എക്സ്പോ 2020 സന്ദർശകർക്ക് സ്മരണികയായി പ്രത്യേക പാസ്‌പോർട്ട്.

🇴🇲ഒമാൻ: അറ്റകുറ്റപ്പണികൾക്കായി റോഡുകൾ താത്‌കാലികമായി അടച്ചിടുന്നതുമായി ബന്ധപ്പെട്ട് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിപ്പ് നൽകി.

🇧🇭ബഹ്‌റൈൻ: വിദേശത്ത് നിന്നെത്തുന്നവർക്ക് അഞ്ചാം ദിനത്തിലും, പത്താം ദിനത്തിലും PCR ടെസ്റ്റ് നിർബന്ധമാണെന്ന് ആരോഗ്യ മന്ത്രാലയം.

🇶🇦ഖത്തറില്‍ കോവിഡ് കേസുകള്‍ തുടര്‍ച്ചയായി താഴോട്ട്; പുതിയ കേസുകള്‍ 126 മാത്രം.

🇰🇼കുവൈത്ത് വിമാനത്താവളത്തില്‍ മണ്ണിടിച്ചിലില്‍ കാണാതായ തൊഴിലാളികള്‍ മരിച്ചു.

🇰🇼കുവൈത്തിലേക്ക് വരുന്നവര്‍ ശ്ലോനിക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യല്‍ നിര്‍ബന്ധം.


വാർത്തകൾ വിശദമായി

🇸🇦സൗദിയിൽ ഇന്ന് രോഗമുക്തി 74 ആയി കുറഞ്ഞു. പുതിയ രോഗികൾ 102.

✒️സൗദിയിൽ ഇന്ന് കോവിഡ് രോഗമുക്തരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഇന്ന് 74 പേർ മാത്രമാണ് രോഗമുക്തി നേടിയത്. പുതുതായി 102 പേർക്ക് കൂടി രോഗം ബാധിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 545,829 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 534,908 ഉം ആയി. ആറ് പേർ ഇന്ന് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 8,610 ആയി. നിലവിൽ ചികിത്സയിലുള്ളത് 2,311 രോഗികൾ മാത്രമാണ്. ഇവരിൽ 542 പേരുടെ നില ഗുരുതരമാണ്. ഇതുവരെ രാജ്യത്തെ രോഗ മുക്തിനിരക്ക്൯ 97.99 ശതമാനവും മരണനിരക്ക് 1.57 ശതമാനവുമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 38, മക്ക 19, കിഴക്കൻ പ്രവിശ്യ 7, ജീസാൻ 7, മദീന 7, അൽ ഖസീം 5, അസീർ 4, നജ്‌റാൻ 4, തബൂക്ക് 3, അൽ ജൗഫ് 2, വടക്കൻ അതിർത്തി മേഖല 2, ഹായിൽ 1, അൽ ബാഹ 2. ഇതുവരെ രാജ്യത്ത് 3,90,54,479 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

🇸🇦തിരിച്ചെത്താനാകാത്ത പ്രവാസികളുടെ ഇഖാമ നവംബര്‍ 30 വരെ ദീര്‍ഘിപ്പിക്കും.

✒️കൊവിഡ് പ്രതിസന്ധി കാരണം സൗദി അറേബ്യയിലേക്ക് തിരിച്ചെത്താന്‍ കഴിയാത്ത പ്രവാസികളുടെ ഇഖാമയും റീഎന്‍ട്രിയും ഈ വര്‍ഷം നവംബര്‍ 30 വരെ നീട്ടും. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശ പ്രകാരമാണ് സൗജന്യമായി ഇവയുടെ കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കുന്നത്.

ഇന്ത്യ ഉള്‍പ്പെടെ സൗദി അറേബ്യയിലേക്ക് നിലവില്‍ പ്രവേശന വിലക്കുള്ള രാജ്യങ്ങളിലുള്ള പ്രവാസികള്‍ക്കായാണ് ഇത്തരമൊരു ഇളവ് അനുവദിച്ചിരിക്കുന്നത്. സൗദിയിലേക്ക് വരാനായി നല്‍കിയിട്ടുള്ള സന്ദര്‍ശക വിസകളുടെ കാലാവധിയും നവംബര്‍ 30 വരെ നീട്ടും. രേഖകളുടെ കാലാവധി സ്വമേധയാ നീട്ടി നല്‍കുമെന്നും ഇതിനായി പ്രത്യേക അപേക്ഷകളൊന്നും നല്‍കേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു.

🇦🇪യുഎഇയില്‍ ഇന്ന് 744 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; മൂന്ന് മരണം.

✒️യുഎഇയില്‍ 744 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 961 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് മൂന്ന് പേര്‍ കൂടി മരിച്ചു.

പുതിയതായി നടത്തിയ 2,86,878 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,27,541 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,18,218 പേര്‍ രോഗമുക്തരാവുകയും 2,060 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 7,263 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

🇸🇦ഇന്ത്യന്‍ കോൺസുലേറ്റ് സംഘം സൗദി അറേബ്യയിലെ ജയിലുകൾ സന്ദർശിച്ചു.

✒️രണ്ടു ദിവസത്തെ സന്ദർശനാർത്ഥം അബഹയിലെത്തിയ, ജിദ്ദ ഇന്ത്യൻ കൗൺസുലേറ്റ് സംഘം അസീർ മേഖലയിലെ ജയിലുകളിൽ ഔദ്യോഗിക സന്ദർശനം നടത്തി. ജയിലുകളിൽ കഴിയുന്ന ഇന്ത്യാക്കാരെ നേരിട്ടു കണ്ടു അവരുടെ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചു. ശിക്ഷാകാലാവധി കഴിഞ്ഞവരേയും, മാപ്പ് നല്‍കട്ടവരേയും ഇന്ത്യയിലേക്കു മടക്കി അയക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്നും ഉറപ്പു നൽകി.  

അബഹ,  ഖമ്മീസ്, മൊഹായില്‍, നമാസ്, റിജാൽ അൽമ ജയിലുകളിലായി ആകെ 59 ഇന്ത്യക്കാരാണ് അസീർമേഖലയിൽ ഇന്ത്യൻ തടവുകാരായിട്ടുള്ളത്. മയക്കുമരുന്ന് കേസുകളായ ഗാത്ത് കടത്തൽ, മദ്യനിര്‍മാണം, മദ്യ ഉപയോഗം, മദ്യ വിപണനം, ഹാഷിഷിന്റെ ഉപയോഗവും വിപണനവും, തുടങ്ങിയ കേസുകളിൽ പെട്ട 38 പേർ, സ്ത്രീകളുമായി അനാശാസ്യത്തിലേർപ്പട്ട 6 പേർ, ഹവാല കേസിൽ ഇടപെട്ട 4 പേർ, സാമ്പത്തിക തട്ടിപ്പിൽ ഉൾപ്പെട്ടവർ, മോഷണകുറ്റം ചുമത്തപ്പെട്ടവർ, കൊലപാതക കേസിൽ പ്രതിയായി 12 വർഷത്തേക്കു ശിക്ഷിക്കപ്പെട്ട ഉത്തർ പ്രദേശ് സ്വദേശിയും, അഞ്ചു വർഷത്തേക്ക് ശിക്ഷിക്കപ്പെട്ട് തമിഴ്‍നാട് സ്വദേശി തുടങ്ങിയവരുള്‍പ്പെടെയുള്ളവരാണ് ജയിലുകളില്‍ കഴിയുന്നത്.

ആകെ നാല് മലയാളികളാണ് ഈ മേഖലയിലെ ജയിലുകളിലുള്ളച്.  ഇന്ത്യയിലേക്കുള്ള വിമാന സർവ്വീസ് ഇല്ലാത്തതിനാൽ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയിലേക്ക് മടങ്ങിപ്പോകാൻ കഴിയാത്തവരും ഇതിൽ ഉള്‍പ്പെടുന്നു. കൗൺസുലേറ്റ് സംഘം ആവശ്യപ്പെട്ടതിനെ തുടർന്നു ഉത്തരവാദിത്വപ്പെട്ട വകുപ്പുകളുമായി ബന്ധപ്പെട്ട് ശിക്ഷകാലാവധി കഴിഞ്ഞവരെ എത്രയും വേഗം നാട്ടിലയക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്നു ജയിൽ മേധാവി കേണൽ സുൽത്താൻ മസ്തൂർ അൽ ഷഹറാനി ഉറപ്പു നൽകി. 

അബഹ നാടുകടത്തൽ കേന്ദ്രം സന്ദർശിച്ച സംഘം, ബീഷാ, ദഹറാൻ ജുനൂബ് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് അബഹ നാടുകടത്തൽ കേന്ദ്രത്തിൽ എത്തിയ മുപ്പത് ഇന്ത്യാക്കാരുടെ പരാതികൾ കേൾക്കുകയും, നാടുകടത്തു കേന്ദ്രത്തിൽ യാത്രാരേഖകൾ ഇല്ലാത്തിതിനാൽ നാല് മാസത്തോളമായി നാട്ടിൽ പോകാൻ കഴിയാത്ത 12 പേർക്ക് എമർജൻസി പാസ്പാർട്ട് ഉടനെ എത്തിച്ചു കൊടുക്കാൻ വേണ്ട പ്രാരംഭ നടപടികൾ സ്വീകരിച്ചുക്കുകയും ചെയ്‍തു. നാടുകടത്തൽ കേന്ദ്രം മേധാവി കേണൽ മുഹമ്മദ് മാന അൽ ഖഹ്‍താനിയുമായും, നാടു കടത്തൽ കേന്ദ്രം ജയിൽ മേധാവി കേണൽ മുഹമ്മദ് യഹിയ അൽ ഖാസിയുമായും ചർച്ച നടത്തി. ഇന്ത്യക്കാരെ എത്രയും വേഗം നാട്ടിൽ എത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് മേധാവികൾ ഉറപ്പു നൽകി. 

കോൺസുലേറ്റ് സംഘത്തിൽ ജീവകാരുണ്യ വിഭാഗം വൈസ് കൗൺസുൽ നമോ നാരായൺ മീണയും, കോൺസുലേറ്റ് ഉദ്യോഗസ്ഥൻ മുഹമ്മദ്  ഫൈസലും കോൺസുലേറ്റ് ജീവകാരുണ്യവിഭാഗം അംഗങ്ങളായ അഷ്റഫ് കുറ്റിച്ചലും ബിജു കെ നായരും ഉണ്ടായിരുന്നു.

🇦🇪യു എ ഇ: WHO അംഗീകൃത വാക്സിനെടുത്ത റെസിഡൻസി വിസക്കാർക്ക് ഇന്ത്യ ഉൾപ്പടെ 15 രാജ്യങ്ങളിൽ നിന്ന് പ്രവേശിക്കാൻ അനുമതി നൽകും.

✒️WHO അംഗീകൃത വാക്സിനുകൾ ഉപയോഗിച്ച് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള, സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവർക്ക് 2021 സെപ്റ്റംബർ 12 മുതൽ ഇന്ത്യ ഉൾപ്പടെ 15 രാജ്യങ്ങളിൽ നിന്ന് തിരികെ പ്രവേശിക്കാൻ അനുമതി നൽകുമെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു. സെപ്റ്റംബർ 10-നാണ് NCEMA ഇക്കാര്യം അറിയിച്ചത്.

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പുമായി (ICA) ചേർന്ന് സംയുക്തമായാണ് NCEMA ഇക്കാര്യം അറിയിച്ചത്. ഈ തീരുമാന പ്രകാരം, ലോകാരോഗ്യ സംഘടന (WHO) അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകൾ ഉപയോഗിച്ച് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് യു എ ഇയിലേക്ക് പ്രവേശിക്കാവുന്നതാണ്.

സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവർക്ക് – ആറ് മാസത്തിലധികം യു എ ഇയ്ക്ക് പുറത്ത് താമസിച്ചവർ ഉൾപ്പടെ – തിരികെ എത്തുന്നതിനുള്ള അനുമതി ഈ അറിയിപ്പിലൂടെ NCEMA നൽകിയിട്ടുണ്ട്.

ഈ തീരുമാനം താഴെ പറയുന്ന രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ബാധകമാണ്:

India
Pakistan
Bangladesh
Nepal
Sri Lanka
Vietnam
Namibia
Zambia
Democratic Republic of Congo
Uganda
Sierra Leone
Liberia
South Africa
Nigeria
Afghanistan
താഴെ പറയുന്ന മാനദണ്ഡങ്ങൾ പ്രകാരമാണ് ഈ രാജ്യങ്ങളിൽ നിന്ന് ഇവർക്ക് പ്രവേശനം അനുവദിക്കുന്നത്:
ഇത്തരം യാത്രികർ ICA-യുടെ വെബ്സൈറ്റിലൂടെ പ്രവേശനത്തിന് അനുമതി ലഭിക്കുന്നതിന് അപേക്ഷിക്കേണ്ടതാണ്.
ഇതോടൊപ്പം വാക്സിനേഷൻ സംബന്ധമായ അപേക്ഷ, ഔദ്യോഗിക അംഗീകാരമുള്ള COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവ കൂടി ICA-യുടെ വെബ്സൈറ്റിലൂടെ നൽകേണ്ടതാണ്.
യാത്ര പുറപ്പെടുന്നതിന് മുൻപ്, 48 മണിക്കൂറിനിടയിൽ ലഭിച്ച PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്. ഇത്തരം റിസൾട്ടുകളുടെ സാധുത തെളിയിക്കുന്നതിനായി QR കോഡ് നിർബന്ധമാണ്.
യാത്ര പുറപ്പെടുന്നതിന് മുൻപ്, വിമാനത്താവളത്തിൽ നിന്ന് ഒരു റാപിഡ് PCR ടെസ്റ്റ് നടത്തേണ്ടതാണ്.
യു എ ഇയിലെത്തിയ ശേഷം നാല്, എട്ട് ദിനങ്ങളിൽ PCR ടെസ്റ്റ് നടത്തേണ്ടതാണ്.
16 വയസിന് താഴെ പ്രായമുള്ളവർക്ക് ഈ നടപടികളിൽ ഇളവ് നൽകിയിട്ടുണ്ട്.
WHO അംഗീകൃത വാക്സിനെടുത്ത റെസിഡൻസി വിസക്കാർക്ക്, ഇവർ മേൽപ്പറഞ്ഞ രാജ്യങ്ങളിൽ ആറ് മാസത്തിലധികമായി (അതാത് രാജ്യങ്ങൾക്ക് യു എ ഇ യാത്ര വിലക്ക് ഏർപ്പെടുത്തിയ തീയതി മുതൽ 6 മാസം) തുടരുന്ന സാഹചര്യത്തിൽ, അവർക്ക് പുതിയ എൻട്രി പെർമിറ്റുകളിൽ തിരികെ മടങ്ങാമെന്നും, യു എ ഇയിലെത്തിയ ശേഷം വിസ സ്റ്റാറ്റസ് മാറ്റാമെന്നും ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

🇶🇦ഖത്തർ: രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർ മയക്കുമരുന്നുകൾ അടങ്ങിയ ഔഷധങ്ങൾ കൈവശം സൂക്ഷിക്കരുതെന്ന് മുന്നറിയിപ്പ്.

✒️വിദേശത്ത് നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർ മയക്കുമരുന്നുകൾ, ലഹരിപദാർത്ഥങ്ങൾ എന്നിവ അടങ്ങിയ ഔഷധങ്ങൾ തങ്ങളുടെ കൈവശം സൂക്ഷിക്കരുതെന്ന് ഖത്തർ അധികൃതർ മുന്നറിയിപ്പ് നൽകി. ഖത്തറിൽ നിന്ന് വിദേശത്ത് യാത്ര ചെയ്യുന്നവർക്കും ഈ നിബന്ധന ബാധകമാണ്.

ചില പ്രത്യേക സാഹചര്യങ്ങളിൽ അധികൃതരിൽ നിന്നുള്ള മുൻ‌കൂർ അനുമതികൾ കൂടാതെ ഇത്തരം ഔഷധങ്ങൾ ഖത്തറിലേക്ക് പ്രവേശിക്കുന്നവർക്കും, വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്കും കൈവശം കരുതുന്നതിന് അനുമതിയില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സെപ്റ്റംബർ 9-ന് നടന്ന ഒരു വെബ്ബിനാറിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റാണ് ഇക്കാര്യം അറിയിച്ചത്.

മരുന്നുകൾ കൈവശം കരുതുന്നവർ രോഗവിവരങ്ങൾ അടങ്ങിയ, ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തിയിട്ടുള്ള ഒരു മെഡിക്കൽ റിപ്പോർട്ട് കൈവശം കരുതണമെന്നും അധികൃതർ അറിയിച്ചു. രോഗിയെ ചികിത്സിച്ച ആശുപത്രിയിൽ നിന്ന് ആറ് മാസത്തിനിടയിൽ ലഭിച്ച റിപ്പോർട്ടുകൾക്കാണ് ഇത്തരത്തിൽ സാധുതയുള്ളത്.

ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർ മറ്റു വ്യക്തികൾ നൽകുന്ന ലഗേജുകൾ, അവയിലടങ്ങിയിട്ടുള്ള വസ്തുക്കൾ സംബന്ധിച്ച് ഉറപ്പ് വരുത്താതെ, തങ്ങളുടെ കൈവശം കരുതരുതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഇത്തരം ലഗേജുകളിൽ ഖത്തറിലേക്ക് കൊണ്ടുവരുന്നതിന് വിലക്കുകളുള്ള വസ്തുക്കൾ കണ്ടെത്തുന്ന സാഹചര്യത്തിൽ അതിന്റെ പൂർണ്ണ നിയമപരമായ ഉത്തരവാദിത്വം അവ കൈവശം സൂക്ഷിച്ചവർക്കായിരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

🇸🇦സൗദി: സന്ദർശക വിസകളിലുള്ളവർക്കും, ടൂറിസ്റ്റ് വിസകളിലുള്ളവർക്കും ഉംറ അനുഷ്ഠിക്കുന്നതിന് അനുമതി.

✒️സന്ദർശക വിസകളിലും, ടൂറിസ്റ്റ് വിസകളിലും രാജ്യത്തേക്ക് പ്രവേശിച്ചിട്ടുള്ളവർക്ക് ഏതാനം നടപടിക്രമങ്ങൾ പൂർത്തിയാക്കിക്കൊണ്ട് ഉംറ തീർത്ഥാടനം അനുഷ്ഠിക്കുന്നതിന് അനുമതി നൽകുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്‌തു. ഇത്തരം വിസകളിൽ സൗദിയിലെത്തുന്ന ഇസ്ലാം മതവിശ്വാസികൾക്ക് ‘Eatmarna’, ‘Tawakkalna’ എന്നീ ആപ്പുകളിലൂടെ ഉംറ പെർമിറ്റുകൾക്ക് അപേക്ഷിക്കാമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചതായാണ് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇത്തരം വിസകളിലുള്ളവർക്ക് തങ്ങളുടെ വാക്സിനേഷൻ സ്റ്റാറ്റസ്, ആരോഗ്യ സ്ഥിതി എന്നിവ Tawakkalna ആപ്പിൽ നൽകാവുന്നതും, തുടർന്ന് Eatmarna ആപ്പിലെ രജിസ്‌ട്രേഷൻ പൂർത്തിയാക്കിക്കൊണ്ട് ഉംറ പെർമിറ്റിന് അപേക്ഷിക്കാവുന്നതുമാണ്. COVID-19 വാക്സിനെടുത്തവർക്ക് മാത്രമാണ് ഇത്തരം പെർമിറ്റുകൾ അനുവദിക്കുന്നത്.

COVID-19 വാക്സിന്റെ 2 ഡോസുകൾ സ്വീകരിച്ചവർ, ഒന്നാം ഡോസ് സ്വീകരിച്ച് 14 ദിവസം പൂർത്തിയാക്കിയവർ, COVID-19 രോഗമുക്തി നേടിയവർ എന്നീ വിഭാഗങ്ങൾക്കാണ് സൗദിയിൽ നിന്ന് ഉംറ പെർമിറ്റുകൾക്ക് അപേക്ഷിക്കാനാകുന്നത്.

🇦🇪യാത്രാ വിലക്കുണ്ടായിരുന്ന രാജ്യങ്ങളില്‍ നിന്ന് വാക്സിനെടുത്തവര്‍ക്ക് ഞായറാഴ്‍ച മുതല്‍ യുഎഇയില്‍ പ്രവേശനാനുമതി.

✒️ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിനെടുകളെടുത്തവര്‍ക്ക് യുഎഇയിലേക്ക് പ്രവേശന അനുമതി. നേരത്തെ യാത്രാ വിലക്കുണ്ടായിരുന്ന രാജ്യങ്ങളില്‍ നിന്നുള്ളവര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിവരാണെങ്കില്‍ യുഎഇയിലേക്ക് പ്രവേശിക്കാമെന്നാണ് പുതിയ അറിയിപ്പ്. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്‍മെന്റ് അതോരിറ്റിയും ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പുമാണ് (ഐ.സി.എ) ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

സെപ്‍റ്റംബര്‍ 12 മുതല്‍ പുതിയ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, വിയറ്റ്‍നാം, നമീബിയ, സാംബിയ, കോംഗോ, ഉഗാണ്ട, സിയറ ലിയോണ്‍, ലൈബീരിയ, ദക്ഷിണാഫ്രിക്ക, നൈജീരിയ, അഫ്‍ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനാനുമതി ലഭിക്കും. ആറ് മാസത്തിലധികം വിദേശത്ത് താമസിച്ചവര്‍ ഉള്‍പ്പെടെ സാധുതയുള്ള താമസ വിസയുള്ളവര്‍ക്കെല്ലാം 12-ാം തീയ്യതി മുതല്‍ യുഎഇയിലേക്ക് പ്രവേശിക്കാം.

യാത്ര ചെയ്യാനുദ്ദേശിക്കുന്നവര്‍ ഐ.സി.എ വെബ്‍സൈറ്റില്‍ രജിസ്റ്റര്‍ ചെയ്‍ത് വാക്സിനേഷന്‍ വിവരങ്ങള്‍ നല്‍കിയാല്‍ യാത്രാ അനുമതി ലഭിക്കും. യാത്രാ പുറപ്പെടുന്നതിന് മുമ്പ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കും. ഇതിന് പുറമെ 48 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പരിശോധനയുടെ ഫലം ഹാജരാക്കണം. അംഗീകൃത ലാബുകളില്‍ നിന്നുള്ള, ക്യൂ.ആര്‍ കോഡ് ഉള്‍പ്പെടെയുള്ള പരിശോധനാ ഫലമാണ് വേണ്ടത്. 

വിമാനത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് റാപ്പിഡ് പി.സി.ആര്‍ പരിശോധന നടത്തണം. എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിക്കുകയും യുഎഇയിലെത്തി നാലാം ദിവസവും എട്ടാം ദിവസവും കൊവിഡ് പരിശോധന ആവര്‍ത്തിക്കുകയും വേണം. 16 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഈ നിബന്ധനകള്‍ ബാധകമാവില്ലെന്നും അറിയിച്ചിട്ടുണ്ട്.

🇦🇪യു എ ഇ: സൗദിയിലേക്കുള്ള ഇത്തിഹാദ്, എമിറേറ്റ്സ് സർവീസുകൾ സെപ്റ്റംബർ 11 മുതൽ പുനരാരംഭിക്കും.

✒️അബുദാബിയിൽ നിന്ന് സൗദി അറേബ്യയിലേക്കുള്ള തങ്ങളുടെ യാത്രാ വിമാനസർവീസുകൾ 2021 സെപ്റ്റംബർ 11 മുതൽ പുനരാരംഭിക്കുമെന്ന് ഇത്തിഹാദ് എയർവേസ്‌ അറിയിച്ചു. സെപ്റ്റംബർ 11 മുതൽ ദുബായിൽ നിന്ന് വിവിധ സൗദി നഗരങ്ങളിലേക്കുള്ള യാത്രാ വിമാനസർവീസുകൾ പുനരാരംഭിക്കുമെന്ന് എമിറേറ്റ്സ് എയർലൈനും അറിയിച്ചിട്ടുണ്ട്.
രാജ്യത്ത് നിന്ന് യു എ ഇയിലേക്കും തിരികെയുമുള്ള യാത്രാ വിമാന സർവീസുകൾ 2021 സെപ്റ്റംബർ 8, ബുധനാഴ്ച്ച മുതൽ പുനരാരംഭിക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം അനുവദിച്ച പശ്ചാത്തലത്തിലാണ് യു എ ഇയിൽ നിന്നുള്ള സർവീസുകൾ ആരംഭിക്കുന്നത് സംബന്ധിച്ച് വിമാനകമ്പനികൾ അറിയിപ്പ് നൽകിയത്.

അബുദാബിയിൽ നിന്ന് ദമ്മാം, ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്ക് വിമാന സർവീസുകൾ ഉണ്ടാകുമെന്ന് ഇത്തിഹാദ് എയർവേസ്‌ അറിയിച്ചിട്ടുണ്ട്. സൗദി പൗരന്മാർ, അവരുടെ കുടുംബാംഗങ്ങൾ, അവരുടെ ഗാർഹിക ജീവനക്കാർ, സൗദി റെസിഡൻസി വിസകളിലുള്ളവർ, യു എ ഇ പൗരന്മാർ എന്നീ വിഭാഗങ്ങൾക്ക് യാത്രാനുമതിയുണ്ടെന്നാണ് ഇത്തിഹാദ് അറിയിച്ചിരിക്കുന്നത്. സൗദിയിൽ നിന്ന് അബുദാബിയിലേക്കെത്തുന്നവർക്ക് ക്വാറന്റീൻ ആവശ്യമില്ല.

സെപ്റ്റംബർ 11 മുതൽ ദുബായിൽ നിന്ന് സൗദിയിലേക്ക് പ്രതിവാരം 24 സർവീസുകൾ നടത്തുമെന്നാണ് എമിറേറ്റ്സ് അറിയിച്ചിരിക്കുന്നത്. റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്ക് ദുബായിൽ നിന്ന് പ്രതിദിന വിമാനസർവീസുകളും, മക്കയിലേക്ക് ആഴ്ച്ചയിൽ മൂന്ന് സർവീസുകളുമാണ് എമിറേറ്റ്സ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ 16 മുതൽ റിയാദിലേക്കുള്ള പ്രതിദിന സർവീസുകളുടെ എണ്ണം ഉയർത്തുമെന്നും അധികൃതർ സൂചിപ്പിച്ചിട്ടുണ്ട്.

🇦🇪ദുബായ്: എക്സ്പോ 2020 സന്ദർശകർക്ക് സ്മരണികയായി പ്രത്യേക പാസ്‌പോർട്ട്.

✒️എക്സ്പോ 2020 ദുബായിൽ പങ്കെടുക്കുന്ന ദുബായ് നിവാസികൾക്കും അന്താരാഷ്ട്ര സന്ദർശകർക്കും സ്മരണികയായി ഒരു പ്രത്യേക പാസ്‌പോർട്ട് ലഭിക്കുന്നതാണ്. എക്സ്പോ 2020-ലെ 200-ലധികം പവലിയനുകൾ സന്ദർശിച്ചതിന്റെ ഓർമ്മകൾ എക്കാലവും സൂക്ഷിക്കുന്നതിന് സന്ദർശകർക്ക് ഈ പാസ്പോർട്ട് മുതൽക്കൂട്ടാവുന്നതാണ്.

182 ദിവസം നീണ്ട് നിൽക്കുന്ന എക്സ്പോയിൽ സന്ദർശകർക്ക് പരമാവധി പവലിയനുകൾ സന്ദർശിക്കുന്നതിന് ഈ പാസ്പോർട്ട് പ്രോത്സാഹനമാകുന്നതാണ്. എക്സ്പോ അവസാനിച്ചതിന് ശേഷവും എക്സ്പോയിൽ നിന്നുള്ള അനുഭവങ്ങളുടെ ഓർമ്മകൾ പുനർവിചിന്തനം ചെയ്യാൻ ഈ പാസ്പോർട്ട് ഒരു കാരണമാകുമെന്ന് എക്സ്പോ 2020 ദുബായ് സെപ്റ്റംബർ 9, വ്യാഴാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

1967-ൽ മോൺ‌ട്രിയലിൽ നടന്ന ലോക എക്‌സ്‌പോയിലാണ് ഇത്തരം പാസ്പോർട്ട് ആദ്യമായി അവതരിപ്പിച്ചത്. മേളയിൽ തങ്ങൾ സന്ദർശിക്കുന്ന വ്യത്യസ്ത അന്താരാഷ്ട്ര പവലിയനുകളുടെ ഓർമ്മകൾ സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന സന്ദർശകർക്കിടയിൽ ഏറ്റവും പ്രചാരമുള്ള എക്സ്പോ സ്മരണികയാണ് ഇത്തരം പാസ്‌പോർട്ടുകൾ.

ഒരു ഔദ്യോഗിക പാസ്പോർട്ട് പോലെ രൂപപ്പെടുത്തിയ 50 പേജുള്ള ബുക്ക്‌ലെറ്റിൽ മൂന്ന് തീമാറ്റിക് പവലിയനുകളുടെ ഡിസൈനുകളും ചിത്രങ്ങളും അടങ്ങിയിരിക്കുന്നു. ഭൂതകാലത്തെ വർത്തമാനകാലവുമായി ബന്ധപ്പെടുത്തി യുഎഇയുടെ പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് എക്സ്പോ 2020 പതിപ്പ് സംഘടിപ്പിക്കുന്നത്.

മഞ്ഞ നിറത്തിലുള്ള ഈ പാസ്പോർട്ടിൽ അതിന്റേതായ മെച്ചപ്പെടുത്തിയ സുരക്ഷാ സവിശേഷതകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ പാസ്പോർട്ടിനും ഒരു തിരിച്ചറിയൽ നമ്പർ, പാസ്‌പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോ ഉൾപ്പെടുത്താനുള്ള ഇടം, വ്യക്തിഗത വിശദാംശങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സൗകര്യം എന്നിവയ്‌ക്കൊപ്പം ഓരോ പേജിലും മറഞ്ഞിരിക്കുന്ന വാട്ടർമാർക്ക് ചെയ്ത ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

യു എ ഇ നിലവിൽ അതിന്റെ സുവർണ്ണ ജൂബിലി വർഷം ആഘോഷിക്കുന്നതിനാൽ, ഈ പാസ്‌പോർട്ടിൽ രാജ്യത്തിന്റെ സ്ഥാപക പിതാവായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനെ ആദരിക്കുന്നതിനായി ഗോൾഡ് ഫോയിലിൽ തീർത്ത ഒരു പ്രത്യേക പേജ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനൊപ്പം 1971-ലെ ഒരു രേഖാചിത്രവും ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഡിസംബർ 2 ന്, എക്സ്പോ സന്ദർശിക്കുന്നവർക്ക് യു എ ഇയുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് ഒരു പ്രത്യേക സ്റ്റാമ്പ് ലഭിക്കുന്നതാണ്.

എക്സ്പോ 2020 ദുബായ് പാസ്പോർട്ടിന് 20 ദിർഹമാണ് വിലയിട്ടിരിക്കുന്നത്. എക്സ്പോ സൈറ്റിലുടനീളം സ്ഥിതിചെയ്യുന്ന എല്ലാ ഔദ്യോഗിക എക്സ്പോ 2020 ദുബായ് സ്റ്റോറുകളിലും, ദുബായ് എയർപോർട്ട്സ് ടെർമിനൽ 3 ൽ സ്ഥിതിചെയ്യുന്ന എക്സ്പോ 2020 ദുബായ് സ്റ്റോറിലും, https://www.expo2020dubai.com/onlinestore എന്ന വിലാസത്തിലും ഈ പാസ്പോർട്ട് ലഭ്യമാണ്.

2021 ഒക്ടോബർ 1 മുതൽ 2022 മാർച്ച് 31 വരെ നടക്കുന്ന എക്സ്പോ 2020 191 രാജ്യങ്ങളും ബിസിനസ്സുകളും ബഹുരാഷ്ട്ര സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉൾപ്പെടെ 200-ൽ അധികം പങ്കാളികളെ ഒരു കുട കീഴിൽ അണിചേർക്കുന്നു.

🇴🇲ഒമാൻ: അറ്റകുറ്റപ്പണികൾക്കായി റോഡുകൾ താത്‌കാലികമായി അടച്ചിടുന്നതുമായി ബന്ധപ്പെട്ട് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിപ്പ് നൽകി.

✒️അറ്റകുറ്റപ്പണികൾക്കായി രണ്ടിടങ്ങളിൽ റോഡുകൾ താത്‌കാലികമായി അടച്ചിടുന്നതുമായി ബന്ധപ്പെട്ട് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിപ്പ് നൽകിയിട്ടുണ്ട്. 2021 സെപ്റ്റംബർ 9 മുതൽ സെപ്റ്റംബർ 12, ഞായറാഴ്ച്ച വരെ റുവി റൗണ്ട് എബൗട്ടിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മുൻസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

സെപ്റ്റംബർ 9 മുതൽ സെപ്റ്റംബർ 12 വരെ ദിനവും രാത്രി 9 മണിമുതൽ പുലർച്ചെ 4 മണിവരെയാണ് റുവി റൗണ്ട് എബൗട്ടിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ പ്രദേശത്തെ നിരത്തുകളിലെ അറ്റകുറ്റപണികളുമായി ബന്ധപ്പെട്ടാണ് ഈ നിയന്ത്രണം.

ഇതിന് പുറമെ, സീബിലെ അൽ ഹൈൽ സ്ട്രീറ്റിലും ഭാഗിക ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഡ്രൈവർമാരോട് ഗതാഗതനിയന്ത്രണം സംബന്ധിച്ച് ശ്രദ്ധ ചെലുത്തുന്നതിന് മുൻസിപ്പാലിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്.

🇧🇭ബഹ്‌റൈൻ: വിദേശത്ത് നിന്നെത്തുന്നവർക്ക് അഞ്ചാം ദിനത്തിലും, പത്താം ദിനത്തിലും PCR ടെസ്റ്റ് നിർബന്ധമാണെന്ന് ആരോഗ്യ മന്ത്രാലയം.

✒️വിദേശത്ത് നിന്നെത്തുന്ന എല്ലാ യാത്രികർക്കും, രാജ്യത്ത് പ്രവേശിച്ച ശേഷം അഞ്ചാം ദിനത്തിലും, പത്താം ദിനത്തിലും COVID-19 PCR ടെസ്റ്റ് നിർബന്ധമാണെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി. ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും ഈ നിബന്ധന ബാധകമാണെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.

സെപ്റ്റംബർ 9-ന് വൈകീട്ടാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ആറ് വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് മാത്രമാണ് PCR പരിശോധനയിൽ ഇളവ് നൽകിയിട്ടുള്ളതെന്നും മന്ത്രാലയം വ്യക്തമാക്കി.

ഓഗസ്റ്റ് 29 മുതൽ ബഹ്‌റൈനിലെത്തുന്ന മുഴുവൻ പേർക്കും രാജ്യത്ത് പ്രവേശിച്ച ഉടൻ ബഹ്‌റൈനിലെ വിമാനത്താവളത്തിൽ വെച്ചും, അഞ്ചാം ദിനത്തിലും, പത്താം ദിനത്തിലും മൂന്ന് തവണയായി PCR പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. ഈ മൂന്ന് PCR പരിശോധനകൾക്കായി ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിലൂടെ വിദേശത്ത് നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്നവരിൽ നിന്ന് 36 ദിനാർ മുൻകൂറായി ഈടാക്കുന്നുണ്ട്.

ഈ പരിശോധനകൾക്കായുള്ള മുൻ‌കൂർ ബുക്കിംഗ് ‘BeAware Bahrain’ ആപ്പിലൂടെ പൂർത്തിയാക്കാവുന്നതാണ്.

PCR ടെസ്റ്റ് നടത്തുന്നതിനായി ‘BeAware Bahrain’ ആപ്പിലൂടെ ബുക്ക് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ:

‘BeAware Bahrain’ ആപ്പിലേക്ക് ലോഗിൻ ചെയ്യുക.
e-services എന്ന ഐക്കൺ ക്ലിക്ക് ചെയ്യുക.
തുടർന്ന് ‘Corona Virus Test Appointment’ എന്ന സേവനം തിരഞ്ഞെടുക്കുക.
ടെസ്റ്റ് ചെയ്യുന്നതിനുള്ള സ്ഥലം തിരഞ്ഞെടുക്കുക.
അഞ്ചാം ദിനത്തിലും, പത്താം ദിനത്തിലും PCR ടെസ്റ്റ് നടത്തുന്നതിന് അപേക്ഷിക്കുക.
ബുക്കിംഗ് സ്ഥിരീകരിക്കുക.

🇶🇦ഖത്തറില്‍ കോവിഡ് കേസുകള്‍ തുടര്‍ച്ചയായി താഴോട്ട്; പുതിയ കേസുകള്‍ 126 മാത്രം.

✒️ഖത്തറില്‍ ഇന്ന് 126 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 38 വിദേശത്ത് നിന്ന് എത്തിയവരാണ്. 88 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 24 മണിക്കൂറിനിടെ 187 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 2,31,725 ആയി. രാജ്യത്ത് ഇന്ന് കോവിഡ് മരണമില്ല. ആകെ കോവിഡ് മരണം 604.

2,033 പേരാണ് ഖത്തറില്‍ നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. 20 പേര്‍ ഐസിയുവില്‍ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരാളെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. പുതുതായി 5 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 67 പേര്‍ നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 14,665 ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് വാകസിനേഷന്‍ കാംപയിന്‍ ആരംഭിച്ചതിനു ശേഷം 45,76,174 ഡോസ് വാക്‌സിനുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. രാജ്യത്തെ മൊത്തം ജനങ്ങളില്‍ 83 ശതമാനം പേര്‍ ചുരുങ്ങിയത് ഒരു ഡോസ് വാക്സിനെടുത്തു.

🇰🇼കുവൈത്ത് വിമാനത്താവളത്തില്‍ മണ്ണിടിച്ചിലില്‍ കാണാതായ തൊഴിലാളികള്‍ മരിച്ചു.

✒️കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ രണ്ടാം ടെര്‍മിനല്‍ നിര്‍മാണ സ്ഥലത്ത് മണ്ണിടിച്ചിലില്‍ കാണാതായ രണ്ട് തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി. നേപ്പാള്‍ സ്വദേശികളാണ് മരിച്ചത്. പരിക്കേറ്റ ഒരാളെ ഫര്‍വാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച വൈകുന്നേരമാണ് അപകടം. നാലുമണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് ഒരാളെ രക്ഷിക്കാനായതും രണ്ടുപേരുടെ മൃതദേഹം പുറത്തെടുത്തതും. വിമാനത്താവളത്തിന്റെ ചുമതലയുള്ള പൊതുമരാമത്ത് മന്ത്രി ഡോ. റന അല്‍ ഫാരിസ് അടക്കമുള്ളവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

ജോലിക്കിടെ ആഴത്തിലെടുത്ത കുഴിയിലേക്ക് മണ്ണിടിയുകയും തൊഴിലാളികള്‍ അകത്തു പെടുകയുമായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി അറിയിച്ചു.

🇰🇼കുവൈത്തിലേക്ക് വരുന്നവര്‍ ശ്ലോനിക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യല്‍ നിര്‍ബന്ധം.

✒️കുവൈത്തിലേക്ക് വരുന്നവര്‍ ശ്ലോനിക് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യല്‍ നിര്‍ബന്ധമാണെന്ന് വ്യോമയാന വകുപ്പ്. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ക്യുആര്‍ കോഡ് നിര്‍ബന്ധമാണ്.

ക്യുആര്‍ കോഡ് റീഡ് ചെയ്യുന്നില്ലെങ്കില്‍ https://vaxcert.moh.gov.kw/SPCMS/PH/CVD_19_Vaccine_External_Registration.aspx എന്ന ആരോഗ്യ മന്ത്രാലയത്തിന്റെ വെബ് ലിങ്കില്‍ സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്ത് അംഗീകാരം നേടണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കുവൈത്തില്‍നിന്ന് വാക്‌സിന്‍ സ്വീകരിച്ചവര്‍ ഇമ്യൂണ്‍ ആപ്പിലോ മൊബൈല്‍ ഐഡി ആപ്പിലോ ഡൗണ്‍ലോഡ് ചെയ്ത് ഗ്രീന്‍ സിഗ്‌നല്‍ കാണിച്ചിരിക്കണം.

Post a Comment

0 Comments