Ticker

6/recent/ticker-posts

Header Ads Widget

പ്ലസ് വണ്‍ പ്രവേശനത്തിനുളള ആദ്യ അലോട്ട്മെന്റ് ഇന്ന്; പ്രവേശന നടപടികൾ നാളെ ആരംഭിക്കും

സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുളള ആദ്യ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. നാളെ മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തി പ്രവേശനം നേടാം. പ്രവേശന നടപടികളില്‍ കൊറോണ മാനദണ്ഡം കൃത്യമായി പാലിക്കണമെന്നാണ് നിര്‍ദേശം.

ഒരു വിദ്യാര്‍ത്ഥിയുടെ പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി 15 മിനിറ്റാണ് അനുവദിച്ചിട്ടുള്ളത്. ഒന്നാമത്തെ ഓപ്ഷന്‍ ലഭിച്ചവര്‍ ഫീസടച്ച്‌ സ്ഥിര പ്രവേശനം നേടണം. മറ്റ് ഓപ്ഷനുകള്‍ ലഭിക്കുന്നവര്‍ക്ക് താല്‍ക്കാലിക പ്രവേശനമോ സ്ഥിര പ്രവേശനമോ നേടാം.

ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനായി ആകെ ഉണ്ടായിരുന്ന 44,281 ഒഴിവുകളില്‍ ലഭിച്ച 1,09,320 അപേക്ഷകളില്‍ 1,07,915 അപേക്ഷകളാണ് അലോട്ട്മെന്റിനായി പരിഗണിച്ചത്. നാളെ രാവിലെ ഒന്‍പത് മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തി പ്രവേശനം നേടാം.

താല്‍ക്കാലികക്കാര്‍ക്ക് വേണ്ടിവന്നാല്‍ ഉയര്‍ന്ന ഓപ്ഷനുകളില്‍ ചിലത് റദ്ദാക്കാം. അതേസമയം, ആദ്യം അനുവദിക്കപ്പെട്ട പ്രവേശന സമയത്ത് ഹാജരാകാന്‍ സാധിക്കാത്തവര്‍ക്ക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നിര്‍ദേശിക്കുന്ന മറ്റൊരു സമയത്ത് പ്രവേശനം നേടാമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

പ്ലസ് വൺ ഏകജാലക പ്രവേശനം: ഒന്നാം അലോട്ട്മെന്റ് ലിസ്റ്റ് സെപ്റ്റംബർ 22ന്, പ്രവേശനം സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 1 വരെ.

🔰ആദ്യ അലോട്ട്മെന്റ് ഫലം പരിശോധിക്കുന്നതെങ്ങനെ?

സെപ്റ്റംബർ 22 ന് അഡ്മിഷൻ പോർട്ടലിലെ (https://www.hscap.kerala.gov.in) Candidate Login-SWS ൽ പ്രവേശിച്ച്  അലോട്ട്മെന്റ്  ഫലം പരിശോധിക്കാം. ക്യാൻഡിഡേറ്റ് ലോഗിനിൽ യൂസർ നെയിം(അപ്ലിക്കേഷൻ നമ്പർ), പാസ്സ്‌വേർഡ്, ജില്ല എന്നിവ നൽകുമ്പോൾ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാൻ സാധിക്കും. അലോട്ട്മെന്റ് ലെറ്റർ കാണാനും സാധിക്കും. പ്രവേശനത്തിന് ഹാജരാകേണ്ട ദിവസവും സമയവും പ്രവേശനത്തിന് വേണ്ട രേഖകളും കൃത്യമായി മനസ്സിലാക്കണം.

🔰എന്താണ് ആദ്യ അലോട്ട്മെന്റ്?
 
ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് ഏകജാലക അപേക്ഷയിൽ നൽകിയ ഓപ്‌ഷന്റെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ച ആദ്യ റാങ്ക് ലിസ്റ്റാണ് ഇത്. അലോട്ട്മെന്റ് ലഭിച്ചവർക്ക് അലോട്ട്മെന്റ് ലെറ്റെറിൽ പ്രവേശനത്തിന് ഹാജരാകേണ്ട ദിവസവും സമയവും രേഖപ്പെടുത്തിയിട്ടുണ്ട്.  (23/09/2021,25/09/2021,29/09/2021 & 01/10/2021 എന്നീ ദിവസങ്ങളിലാണ് പ്രവേശന ഷെഡ്യൂൾ). ക്രിറ്റിക്കൽ കണ്ടയ്നമെന്റ്, കോവിഡ്  നിരീക്ഷണം എന്നിവയിൽപെട്ടവർക്ക് പ്രവേശനത്തിനായി അനുവദിച്ച അവസാന തീയിതിക്കുള്ളിൽ ഹാജരാകാൻ സാധിക്കുകയില്ലെങ്കിൽ ഓൺലൈനായി പ്രവേശനം നേടാനുള്ള സൗകര്യം ക്യാൻഡിഡേറ്റ് ലോഗിനിൽ ലഭ്യമാക്കിയിട്ടുണ്ട്. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ത്ഥികളെ തുടര്‍ന്നുളള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല. 

🔰താത്കാലിക പ്രവേശനവും, സ്ഥിര പ്രവേശനവും എന്താണ്?

ഏകജാലക അപേക്ഷയിൽ നൽകിയ ഒന്നാം ഓപ്‌ഷൻ തന്നെ അലോട്ട്മെന്റിൽ ലഭിച്ചെങ്കിൽ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം.  ഒന്നാം ഓപ്‌ഷൻ ലഭിക്കാത്തവർക്ക് മറ്റ് ഓപ്‌ഷനുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ താത്കാലിക പ്രവേശനം നേടിക്കൊണ്ട് അടുത്ത അലോട്ട്മെന്റിൽ ഉയർന്ന ഓപ്‌ഷൻ ലഭിക്കുമോ എന്ന് കാത്തിരിക്കാം. ഒന്നാം ഓപ്‌ഷൻ ലഭിക്കാത്തവർക്ക് വേണമെങ്കിൽ ഉയർന്ന ഓപ്‌ഷനുകൾ റദ്ദ് ചെയ്ത് ഇപ്പോൾ ലഭിച്ച ഓപ്‌ഷനിൽ സ്ഥിര പ്രവേശനവും നേടാം. താത്കാലിക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തെരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കുകയും ചെയ്യാം. താത്കാലിക പ്രവേശനത്തിന് ഫീസടക്കേണ്ട.

🔰സ്ഥിര പ്രവേശനം നേടാൻ ഫീസ് അടക്കുന്നത് എങ്ങനെ?

അടക്കേണ്ട ഫീസിനെ സംബന്ധിച്ച വിവരം അലോട്ട്മെന്റ് ലെറ്ററിൽ ലഭ്യമാണ്. ഓൺലൈനായി ഫീസ് അടക്കാൻ കഴിയാത്തവർ പ്രവേശന സമയത്ത് സ്‌കൂളിൽ നേരിട്ട് നൽകിയാൽ മതിയാകും.

🔰പ്രവേശനം നേടാൻ ആവശ്യമായ രേഖകൾ ഏതെല്ലാം?

ക്യാൻഡിഡേറ്റ് ലോഗിൻ നിന്നും ലഭിക്കുന്ന രണ്ട് പേജ് അലോട്ട്മെന്റ് ലെറ്റർ(പ്രിന്റ് എടുക്കാൻ സൗകര്യം ഇല്ലെങ്കിൽ , പ്രവേശനം ലഭിക്കുന്ന സ്ക്കൂളിൽ നിന്നും എടുത്തു നൽകും), യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ് , ബോണസ് & ടൈ ബ്രേക്കിന് ആനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ടെകിൽ അവയുടെ രേഖകൾ എന്നിവ അസൽ ഹാജരാക്കണം. താത്കാലിക പ്രവേശനം നേടുന്നവരുടെയും സർട്ടിഫിക്കറ്റുകൾ സ്‌കൂളിൽ സൂക്ഷിക്കും. കൂടുതൽ വിവരങ്ങൾ സർക്കുലറിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

🔰ഒന്നാം അലോട്ട്മെന്റിൽ ഇഷ്ടപ്പെട്ട ഓപ്ഷൻ  ലഭിച്ചില്ല. അഡ്മിഷൻ എടുക്കണോ?

വേണം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ഥികളെ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല.  അലോട്ട്മെന്റ് ലഭിച്ചാൽ നിർബന്ധമായും പ്രവേശനം നേടണം. ഇഷ്ടപ്പെട്ട ഓപ്ഷൻ ലഭിച്ചില്ല എങ്കിൽ  താത്കാലിക പ്രവേശനം നേടി രണ്ടാം അലോട്ട്മെന്റിലെ പ്രവേശന സാധ്യതക്കായി കാത്തിരിക്കാം.

🔰ആദ്യ അലോട്ട്മെന്റിൽ പ്രവേശനം ലഭിക്കാത്തവർ എന്ത് ചെയ്യണം?

ഏകജാലക പ്രവേശന പ്രക്രീയയിൽ ആദ്യ ഘട്ടത്തിൽ രണ്ട് അലോട്ട്മെന്റ് ഉണ്ട്. ഇപ്പോൾ അലോട്ട്മെന്റ് ലഭിക്കാത്തവർ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നതിനായി കാത്തിരിക്കുക.

Post a Comment

0 Comments